“യാതൊരു മനുഷ്യനും നിങ്ങളിൽനിന്ന് സമ്മാനം കവർന്നു കളയാതിരിക്കട്ടെ”
“ഒരു കപടമായ താഴ്മയിൽ . . . സന്തോഷിക്കുന്ന യാതൊരു മനുഷ്യനും നിങ്ങളിൽനിന്നു സമ്മാനം കവർന്നുകളയാതിരിക്കട്ടെ, ഉചിതമായ കാരണമില്ലാതെ തന്റെ ജഡിക മാനസികനിലയാൽ ചീർത്തു കൊണ്ടുതന്നെ.”—കൊലോസ്യർ 2:18.
1, 2. അനേകർ സഹമനുഷ്യരുടെ നിത്യതാത്പര്യങ്ങൾക്കെതിരായി പ്രവർത്തിച്ചിരിക്കുന്നതെങ്ങനെ, ബൈബിളിൽനിന്ന് ഇതിന്റെ കൂടുതലായ ദൃഷ്ടാന്തങ്ങൾ ഉദ്ധരിക്കാൻ നിങ്ങൾക്കു കഴിയുമോ?
ആദ്യത്തെ മനുഷ്യപാപിനിയായ ഹവ്വാ മരണത്തിലേക്കു നയിക്കപ്പെട്ടത് കുടിലനായ ഒരു മനുഷ്യാതീത ആത്മ ജീവിയാലായിരുന്നു. രണ്ടാമത്തെ പാപിയായ ആദാം അവന്റെ ഭാര്യയാൽ—വെറുമൊരു മനുഷ്യസ്ത്രീയാൽ—ആണ് വശീകരിക്കപ്പെട്ടത്.—1 തിമൊഥെയോസ് 2:14; ഉല്പത്തി 3:17.
2 ചില വ്യക്തിളുടെ ഉപദേശങ്ങൾ അനുസരിച്ചാൽ അത് സമസൃഷ്ടികളുടെ നിത്യതാത്പര്യങ്ങൾക്ക് വിപരീതമായി ഭവിക്കുമായിരുന്നു. അങ്ങനെയുള്ളവരുടെ ഒരു പരമ്പരയിൽ ആദ്യ വ്യക്തിയായിരുന്നു ഹവ്വാ. അങ്ങനെയുള്ളവരുടെ വാക്കുകൾ ബൈബിളിലുടനീളം പ്രതിദ്ധ്വനിക്കുമ്പോൾ ശ്രദ്ധിക്കുക. പോത്തീഫറിന്റെ ഭാര്യ യോസേഫിനോട് “എന്നോടുകൂടെ ശയിക്കുക.” (ഉല്പത്തി 39:7) ഇയ്യോബിന്റെ ഭാര്യ: “ദൈവത്തെ ശപിച്ചിട്ട് മരിക്കുക!” (ഇയ്യോബ് 2:9) യിസ്രായേല്യർ അഹരോനോട്: എഴുന്നേൽക്കൂ, ഞങ്ങൾക്കു മുമ്പായി പോകുന്ന ഒരു ദൈവത്തെ ഞങ്ങൾക്കുവേണ്ടി ഉണ്ടാക്കുക.” (പുറപ്പാട് 32:1) പത്രോസ് യേശുക്രിസ്തുവിനോട്: കർത്താവേ, നിന്നോടുതന്നെ ദയാലുവായിരിക്കുക; നിനക്ക് ഇത് അശേഷം ഭവിക്കരുതേ.”—മത്തായി 16:22.
3. കൊലോസ്യർ 2:18-ൽ പൗലോസ് എന്തു മുന്നറിയിപ്പുനൽകി, തൽഫലമായി ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
3 ഒട്ടുമിക്കപ്പോഴും അങ്ങനെയുള്ള ഉപദേശങ്ങൾ യഹോവയുടെ ദാസൻമാരിലൊരുവന് നാശം വരുത്തിക്കൂട്ടിയിട്ടുണ്ട്. ക്രിസ്ത്യാനികൾക്ക് “ദുഷ്ടാത്മസേനകൾക്കെതിരെ. . .ഒരു പോരാട്ട”മുണ്ടെന്നുള്ളത് സത്യമായിരിക്കെ, സത്വരഭീഷണി കൈവരുത്തിയിരിക്കുന്നത് മിക്കപ്പോഴും സഹമനുഷ്യരാണ്. (എഫേസ്യർ 6:12) അതുകൊണ്ട്, അപ്പോസ്തലനായ പൗലോസ് “യാതൊരു മനുഷ്യനും നിങ്ങളിൽനിന്ന് സമ്മാനം കവർന്നുകളയാതിരിക്കട്ടെ” എന്നു മുന്നറിയിപ്പു നൽകി. (കൊലോസ്യർ 2:18) എന്താണീ സമ്മാനം? അപൂർണ്ണ മനുഷ്യരുടെ സ്വാധീനത്തിനു വഴങ്ങി യഹോവയുടെ ദാസൻമാരിൽ ചിലർ അതു നഷ്ടപ്പെടുത്തിയതെന്തുകൊണ്ട്? ഉത്തരമായി, ഈ മുന്നറിയിപ്പുനൽകാൻ പൗലോസിനെ പ്രേരിപ്പിച്ച കൊലോസ്യയിലെ സാഹചര്യങ്ങളെ നമുക്കു പരിശോധിക്കാം.
4, 5. (എ) കൊലോസ്യയിൽ ഏതു മത സ്വാധീനങ്ങൾ സ്ഥിതിചെയ്തിരുന്നു? (ബി) ദിവ്യജ്ഞാനവാദം എന്തായിരുന്നു, അതിന്റെ സ്വാധീനം എന്ത് അപകടകരമായ ഫലങ്ങൾ ഉളവാക്കിയേനെ?
4 കൊലോസ്യ മതപരമായ ഒരു സംഗമസ്ഥാനമായിരുന്നു. തദ്ദേശീയ ഫ്രുഗ്യക്കാർ ആത്മവിദ്യയിലും വിഗ്രഹാരാധാനാപരമായ അന്ധവിശ്വാസത്തിലും ആഴമായി മുഴുകിയിരുന്ന വികാരാധീനരായ ഒരു ജനമായിരുന്നു. കൂടാതെ, അപ്പോഴും യഹൂദമതവാദത്തിന്റെ ചങ്ങലയിൽ കുടുങ്ങിയിരുന്ന നഗരത്തിലെ യഹൂദ ജനതതിയുമുണ്ടായിരുന്നു. കൊലോസ്യക്ക് ഒരു മുഖ്യ വാണിജ്യ പാതയോടുണ്ടായിരുന്ന സാമീപ്യവും സന്ദർശകരുടെ നിരന്തര പ്രവാഹത്തിൽ കലാശിച്ചു. സാദ്ധ്യതയനുസരിച്ച്, ഈ വിദേശികൾ എന്തെങ്കിലും പുതുമ പറഞ്ഞുകൊണ്ടോ ശ്രദ്ധിച്ചുകൊണ്ടോ ഒഴിവുസമയം ചെലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. (പ്രവൃത്തികൾ 17:21 താരതമ്യപ്പെടുത്തുക) ഇത് പുതിയ തത്വശാസ്ത്രങ്ങൾ പ്രചരിക്കുന്നതിലേക്കു നയിച്ചു. അവയുടെ കൂട്ടത്തിൽ സമാധാനത്തിൻ ദിവ്യജ്ഞാനവാദം (നോസ്ററിക്ക് തത്വവാദം) ഉരുത്തിരിഞ്ഞുവന്നു. ആർ. ഈ. ഒ. വൈററ് എന്ന പണ്ഡിതൻ ഇങ്ങനെ എഴുതുന്നു: “ഇന്ന് പരിണാമവാദത്തെപ്പോലെ വിപുലമായി വ്യാപിച്ചിരുന്ന ഒരു ചിന്താകാലാവസ്ഥയായിരുന്നു ദിവ്യജ്ഞാനവാദം. അത് ഒന്നാം നൂററാണ്ടിലോ നേരത്തെയോ പ്രാമുഖ്യതയിലേക്കു വന്നിട്ട് രണ്ടാം നൂററാണ്ടിൽ പരകോടിയിലെത്തിയിരിക്കാനിടയുണ്ട്. അത് തത്വശാസ്ത്രപരമായ അഭ്യൂഹത്തെയും അന്ധവിശ്വാസത്തെയും അർദ്ധമാന്ത്രികചടങ്ങുകളെയും ചിലപ്പോൾ മതഭ്രാന്തുപിടിപ്പിച്ചതും സഭ്യേതരവുമായ പൂജാവിധികളെയും കൂട്ടിക്കലർത്തി.”
5 അങ്ങനെയുള്ള ഒരു കാലാവസ്ഥയിൽ കൊലോസ്യയിലെ മതം തുടർച്ചയായ ഒരു പരീക്ഷണം—യഹൂദമതവാദത്തിന്റെയും ഗ്രീക്ക് തത്വശാസ്ത്രത്തിന്റെയും വിഗ്രഹാരാധാനാപരമായ ആദ്ധ്യാത്മദർശനത്തിന്റെയും ഒരു സങ്കരം ആയിത്തീർന്നതായി തോന്നുന്നു. ക്രിസ്ത്യാനിത്വവും ഇതേ ഉരുക്കുമൂശയിലേക്കു തള്ളപ്പെടുമോ?
സമ്മാനം കവർന്നുകളയുന്നത് എങ്ങനെ?
6. (എ) പുറജാതിതത്വശാസ്ത്രങ്ങളുടെയും യഹൂദമതവാദത്തിന്റെയും സ്വാധീനത്തെ പൗലോസിന്റെ വാക്കുകൾ എങ്ങനെ ചെറുത്തുനിൽക്കുമായിരുന്നു? (ബി) ക്രിസ്ത്യാനികൾ “കരുതലോടിരി”ക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നതെന്തുകൊണ്ട്?
6 കൊലോസ്യർക്കുള്ള പൗലോസിന്റെ ശക്തമായ ലേഖനം യഹൂദമതവാദത്തെയും പുറജാതിതത്വശാസ്ത്രത്തെയും ക്രിസ്ത്യാനിത്വത്തോട് ഉരുക്കിച്ചേർക്കാൻ ആഗ്രഹിച്ചിരിക്കാവുന്ന ഏതൊരാളുടെ സ്വാധീനത്തെയും ചെറുത്തുനിൽക്കുമായിരുന്നു. അവൻ ആവർത്തിച്ച് ക്രിസ്തുവിലേക്ക് ശ്രദ്ധ ക്ഷണിച്ചു. പൗലോസ് ഇങ്ങനെ എഴുതി: “ജ്ഞാനത്തിന്റെയും അറിവിന്റെയും സകല നിക്ഷേപങ്ങളും അവനിൽ [ക്രിസ്തുവിൽ, ഏതെങ്കിലും യഹൂദമതവാദിയിലോ, പുറജാതിതത്വചിന്തകനിലോ അല്ല] ശ്രദ്ധാപൂർവ്വം മറച്ചുവെച്ചിരിക്കുന്നു.” “അവനിൽ വേരൂന്നിയും അവനിൽ പണിയപ്പെട്ടും വിശ്വാസത്തിൽ സ്ഥിരപ്പെട്ടും അവനോടുള്ള [ക്രിസ്തു] ഐക്യത്തിൽ തുടർന്നു നടക്കാൻ” കൊലോസ്യർ പ്രോത്സാഹിപ്പിക്കപ്പെട്ടു. അതല്ലെങ്കിൽ അവർ വഴിതെററിക്കപ്പെടുമായിരുന്നു. അതുകൊണ്ട് പൗലോസ് ഇങ്ങനെ മുന്നറിയിപ്പ് കൊടുത്തു: “കരുതലോടിരിക്കുക: പക്ഷെങ്കിൽ, ക്രിസ്തുവിന് അനുസൃതമല്ലാതെ, മനുഷ്യരുടെ പാരമ്പര്യത്തിന് അനുസൃതമായ, ലോകത്തിലെ പ്രാഥമിക കാര്യങ്ങൾക്കനുസൃതമായ, തത്വശാസ്ത്രത്തിലൂടെയും പൊള്ളയായ വഞ്ചനയിലൂടെയും ആരെങ്കിലും ഉണ്ടായിരിക്കാം.”—കൊലോസ്യർ 2:3, 6-8.
7. (എ) പുറജാതിതത്വചിന്തകരുടെയും യഹൂദമതവാദികളുടെയും ഉപദേശങ്ങൾ ചില ക്രിസ്ത്യാനികളെ ആകർഷിച്ചേക്കാമായിരുന്നതെന്തുകൊണ്ട്? (ബി) അവരുടെ ഉപദേശങ്ങൾ യഥാർത്ഥത്തിൽ “പൊള്ളയായ വഞ്ചന” ആയിരുന്നതെന്തുകൊണ്ട്?
7 ഒരുപക്ഷേ യേശുക്രിസ്തുവിന്റെ പുതിയ ചില അനുഗാമികൾ ആദ്ധ്യാത്മദർശനത്തോടുള്ള ആദരവിനെയോ തത്വശാസ്ത്രത്തിന്റെ ഉത്തേജനത്തെയോ തള്ളിക്കളഞ്ഞിരിക്കാം. ചില യഹൂദക്രിസ്ത്യനികൾക്ക് യഹൂദമതത്തിന്റെ ലുപ്തപ്രയോഗമായ പാരമ്പര്യങ്ങളോട് കുറെ പ്രിയം പിന്നെയും തങ്ങിനിൽക്കുന്നുണ്ടായിരുന്നിരിക്കാം. അതുകൊണ്ട് അങ്ങനെയുള്ള വ്യക്തികൾക്ക് പുറജാതിതത്വചിന്തകരുടെയും യഹൂദമതവാദികളുടെയും പഠിപ്പിക്കലുകളോട് കുറെ ആകർഷണം തോന്നിയിരിക്കാം. എന്നിരുന്നാലും, ഈ വ്യാജോപദേഷ്ടാക്കൾ എത്ര ബോദ്ധ്യം വരുത്തുന്നവരും വാചാലരുമെന്നു തോന്നിയാലും അവർ “പൊള്ളയായ വഞ്ചനയല്ലാതെ മറെറാന്നും സമർപ്പിച്ചില്ല. ദൈവത്തിന്റെ നിർമ്മലവചനം വിശദീകരിക്കുന്നതിനുപകരം അവർ “ലോകത്തിലെ പ്രാഥമികകാര്യങ്ങൾ”—നിഷ്പ്രയോജനമായ തത്വശാസ്ത്രങ്ങളും, ഉപദേശങ്ങളും വിശ്വാസങ്ങളും—കേവലം ഏററുപാടുകയായിരുന്നു. ആ തെററായ ആശയങ്ങൾ സ്വീകരിക്കുന്നത് ഒരു ക്രിസ്ത്യാനിക്ക് വിപത്ത് വരുത്തിക്കൂട്ടുമായിരുന്നു. അതുകൊണ്ട്, “യാതൊരു മനുഷ്യനും നിങ്ങളിൽനിന്ന് സമ്മാനം കവർന്നുകളയാതിരിക്കട്ടെ” എന്ന് പൗലോസ് പറഞ്ഞു.—കൊലോസ്യർ 2:18.
8. (എ) “സമ്മാനം” എന്തായിരുന്നു, ഏതു തിരുവെഴുത്തുകൾ നിങ്ങളുടെ ഉത്തരത്തെ പിന്താങ്ങുന്നു? (ബി) അഭിഷിക്ത ക്രിസ്ത്യാനികളിൽനിന്നു “സമ്മാനം” എങ്ങനെ കവർന്നുകളയാൻ കഴിയുമായിരുന്നു?
8 “സമ്മാനം” സ്വർഗ്ഗങ്ങളിലെ അമർത്ത്യജീവനായിരുന്നു. ക്ഷീണിപ്പിക്കുന്ന ഒരു ഓട്ടത്തിനുശേഷം വിജയിക്കുന്ന ഓട്ടക്കാരനു കൊടുക്കുന്ന പ്രതിഫലത്തോട് അതിനെ ഉപമിച്ചിരുന്നു. (1 കൊരിന്ത്യർ 9:24-27; ഫിലിപ്യർ 3:14; 2 തിമൊഥെയോസ് 4:7, 8; വെളിപ്പാട് 2:7) അന്തിമമായി, യേശുക്രിസ്തു മുഖേന യഹോവയാം ദൈവത്തിനു മാത്രമേ ജീവനുവേണ്ടിയുള്ള ഓട്ടത്തിൽനിന്ന് ഒരുവനെ അയോഗ്യനാക്കി മാററാൻ കഴിയുമായിരുന്നുള്ളൂ. (യോഹന്നാൻ 5:22, 23) എന്നിരുന്നാലും, ഒരു വ്യാജോപദേഷ്ടാവ് ഒരു ക്രിസ്ത്യാനിയെ തന്റെ ശിക്ഷണത്തിൻകീഴിൽ വരുത്തിയാൽ അതിന് അയാളിൽനിന്ന് സമ്മാനം കവർന്നുകളയുന്ന ഫലം ഉണ്ടായിരിക്കാൻ കഴിയുമായിരുന്നു. വഞ്ചിതന് സത്യത്തിൽനിന്ന് വളരെ അകന്നുമാറാൻ കഴിയുമായിരുന്നതുകൊണ്ട് ഓട്ടം പൂർത്തിയാക്കുന്നതിൽ അയാൾക്കു പരാജയപ്പെടാൻ കഴിയുമായിരുന്നു!
വ്യാജോപദേഷ്ടാക്കളുടെ വ്യക്തിത്വം
9. ഏതു നാലുകാര്യങ്ങൾ കൊലോസ്യരുടെ ഇടയിലെ വ്യാജോപദേഷ്ടാക്കളുടെ ലക്ഷണമായിരുന്നു.?
9 അപ്പോൾ, ‘ഒരു ക്രിസ്ത്യാനിയുടെ സമ്മാനം കവർന്നുകളയാൻ’ ലക്ഷ്യമിട്ടിരുന്ന ഒരാളെ തിരിച്ചറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടായിരുന്നോ? ഉവ്വ്, എന്തുകൊണ്ടെന്നാൽ പൗലോസ് കൊലോസ്യയിലെ വ്യാജോപദേഷ്ടാക്കളുടെ വ്യക്തിത്വരൂപരേഖ നൽകുകയുണ്ടായി. അങ്ങനെയുള്ള ഒരു മനുഷ്യൻ (1) “കപടമായ ഒരു താഴ്മയിലും ദൂതൻമാരുടെ ആരാധാനാസമ്പ്രദായത്തിലും സന്തോഷിക്കുന്നു;” (2) “താൻ കണ്ടിട്ടുള്ള കാര്യങ്ങളിൽ ‘നിലയുറപ്പിക്കുകയും’ ചെയ്യുന്നു; (3) “ഉചിതമായ കാരണമില്ലാതെ തന്റെ ജഡിക മാനസികനിലയാൽ ചീർത്തിരിക്കുന്നു”; അതേസമയം (4) “അയാൾ തലയെ മുറുകെപ്പിടിക്കുന്നില്ല,” അതായത് യേശുക്രിസ്തുവിനെ.—കൊലോസ്യർ 2:18, 19.
10. വ്യാജോപദേഷ്ടാക്കൾ ‘ഒരു കപടമായ താഴ്മയിൽ സന്തോഷിച്ച’തെങ്ങനെ?
10 എന്തോരു വിദഗ്ദ്ധ കൗശലം! ബാഹ്യപ്രകടനമായ ഉപവാസത്തെ യേശു കുററംവിധിച്ചത് അവഗണിച്ചുകൊണ്ട് വ്യാജോപദേഷ്ടാവ് താഴ്മയുടെ ആകർഷകമായ ഒരു ബാഹ്യഭാവം അവതരിപ്പിച്ചു. (മത്തായി 6:16) തീർച്ചയായും, വ്യാജോപദേഷ്ടാവ് ഉപവാസത്തിന്റെയും മതപരമായ ആത്മപരിത്യാഗത്തിന്റെ മററുരൂപങ്ങളുടെയും ഒരു പ്രകടനത്തിൽ ‘സന്തോഷിച്ചു.’ (കൊലോസ്യർ 2:20-23) അയാളുടെ ദുഃഖ മുഖഭാവം ഒരു കപടഭക്തി വെളിപ്പെടുത്താൻ ശ്രദ്ധാപൂർവ്വം രൂപം കൊടുത്തതായിരുന്നു. തീർച്ചയായും, വ്യാജോപദേഷ്ടാവ് ‘മനുഷ്യരാൽ നിരീക്ഷിക്കപ്പെടേണ്ടതിന് അവരുടെ മുമ്പാകെ നീതി ആചരിക്കുക’യായിരുന്നു. (മത്തായി 6:1) എന്നാൽ ഇതെല്ലാം ഒരു കാപട്യം, “ഒരു കപടമായ താഴ്മ” ആയിരുന്നു. ദി എക്സ്പോസിറേറഴ്സ് ബൈബിൾ പറയുന്ന പ്രകാരം “താൻ താഴ്മയുള്ളവനാണെന്ന് അറിയാവുന്നവനും അതിൽ ആത്മസംതൃപ്തിയടയുന്നവനും തന്നേത്തന്നെ കാണാൻ കഴിയുന്ന ഒരു കണ്ണാടിയുടെ മുമ്പിൽ ദൃഷ്ടി കീഴോട്ടാക്കി കൺകോണുകളിലൂടെ നോക്കുന്നവനും താഴ്മയുള്ളവനേയല്ല.”—ഇററാലിക്സ് ഞങ്ങളുടേത്.
11. (എ) ദൂതൻമാരുടെ ആരാധന എന്തായിരുന്നു? (ബി) കൊലോസ്യയിൽ ദൂതൻമാരുടെ ആരാധന നിലനിന്നിരുന്നുവെന്നതിന് എന്തു തെളിവുണ്ട്?
11 എന്നിരുന്നാലും, ഈ കപടതാഴ്മ ഒരു അബദ്ധാചാരമായ “ദൂതൻമാരുടെ ആരാധന”യ്ക്കു ഒരു വിശ്വാസ്യഭാവം പകർന്നു. ഈ ആരാധന കൃത്യമായി എങ്ങനെ നടത്തപ്പെട്ടുവെന്ന് പൗലോസ് വിശദീകരിക്കുന്നില്ല. എന്നുവരികിലും, ഇത് കൊലോസ്യ പ്രദേശത്ത് നൂററാണ്ടുകളിൽ നിലനിന്നിരുന്ന ഒരു വ്യാജാരാധനാ സമ്പ്രദായമായിരുന്നുവെന്നാണ് തെളിവ്. ലവോദിക്യക്കു സമീപം നടന്ന നാലാം നൂററാണ്ടിലെ ഒരു കൗൺസിൽ ഇങ്ങനെ പ്രഖ്യാപിക്കേണ്ടതാവശ്യമാണെന്നും കണ്ടെത്തി: “ക്രിസ്ത്യാനികൾ ദൈവത്തിന്റെ സഭയെ ഉപേക്ഷിച്ച്. . .ദൂതൻമാരുടെ പേരുകൾ വിളിച്ചപേക്ഷിക്കേണ്ടതില്ല. . . .അതുകൊണ്ട് ആരെങ്കിലും ഈ സ്വകാര്യ വിഗ്രഹാരാധനയിൽ പങ്കെടുക്കുന്നതായി കണ്ടെത്തപ്പെടുന്നുവെങ്കിൽ അവൻ ശപിക്കപ്പെട്ടവൻ.” എന്നിരുന്നാലും, ദൂതാരാധനയുടെ ഈ “ദുരാചാരം” തന്റെ നാളിലും സ്ഥിതിചെയ്തിരുന്നുവെന്ന് അഞ്ചാം നൂററാണ്ടിലെ ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായ തിയോഡറററ് സൂചിപ്പിക്കുന്നു. ഇന്നോളം കത്തോലിക്കാ സഭ “ കാവൽ മാലാഖമാരുടെ ബഹുമാനാർത്ഥം തിരുവത്താഴ ശുശ്രൂഷകളും ദിവ്യ ശുശ്രൂഷകളും” പ്രോത്സാഹിപ്പിച്ചുകൊണ്ട് “ദൂതൻമാരെ സ്നേഹിക്കാനും ബഹുമാനിക്കാനും അഭയം പ്രാപിക്കാനും” ഉത്സാഹിപ്പിക്കുന്നു.”—ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയാ, വാല്യം 1, പേജ് 515.
12. ദൂതൻമാരുടെ ആരാധന സ്വീകാര്യമാണെന്ന് വ്യാജോപദേഷ്ടാക്കൾ എങ്ങനെ കണക്കു കൂട്ടിയിരിക്കാം?
12 കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻമാരുടെ ന്യായവാദത്തോടു സമാനമായ ഒരു അടിസ്ഥാന ന്യായവാദം ഉപയോഗിച്ചുകൊണ്ട് വ്യാജോപദേഷ്ടാവ് ഇങ്ങനെ പറഞ്ഞിരിക്കാം: ‘ദൂതൻമാർക്ക് എന്തോരുത്ഭുതകരമായ പദവിയാണുള്ളത്! മോശൈകനിയമം അവരിലൂടെയല്ലേ സംപ്രേഷണം ചെയ്തത്? അവർ സ്വർഗ്ഗത്തിൽ ദൈവത്തോട് അടുത്തു നിൽക്കുന്നില്ലേ? തീർച്ചയായും നാം ഈ ശക്തൻമാർക്ക് അവർ അർഹിക്കുന്ന ബഹുമതി കൊടുക്കണം! അതു നമ്മുടെ ഭാഗത്ത് യഥാർത്ഥ താഴ്മ പ്രകടമാക്കുകയില്ലേ? ഏതായാലും ദൈവം വളരെ ഉയർന്നവനാണ്, മനുഷ്യരായ നാം വളരെ താഴ്ന്നവരാണ്! അതുകൊണ്ട് ദൂതൻമാർക്ക് ദൈവത്തെ സമീപിക്കുന്നതിൽ നമ്മുടെ മദ്ധ്യസ്ഥരായി സേവിക്കാൻ കഴിയും.’
13. (എ) ദൂതാരാധന സ്വീകാര്യമാണോ? (ബി) വ്യാജോപദേഷ്ടാവ് ‘താൻ കണ്ടിരുന്ന കാര്യങ്ങളിൽ “നിലയുറപ്പിച്ചത്”’ എങ്ങനെ?
13 ഏതു രൂപത്തിലായാലും ദൂതൻമാരെ ആരാധിക്കുന്നതു തെററാണ്. (1 തിമൊഥെയോസ് 2:5; വെളിപ്പാട് 19:10; 22:8, 9) എന്നാൽ വ്യാജോപദേഷ്ടാവ് ‘താൻ കണ്ടിരുന്ന കാര്യങ്ങളിൽ “നിലയുറപ്പി”ച്ചുകൊണ്ട്’ ഈ തടസ്സവാദത്തെ നിരസിക്കാൻ ശ്രമിക്കും. ഗ്രീക്ക് നിയമ പദസംഹിതയനുസരിച്ച് “ഗൂഢാർത്ഥ മതങ്ങളിൽ സ്ഥാനാർത്ഥി ദൈവവുമായി പങ്കുവെക്കാനിരുന്ന പുതുജീവിതത്തിലേക്കുള്ള കവാടത്തിൽ ‘കാലുകുത്തുന്ന’, ചടങ്ങിന്റെ പരകോടിയെ സൂചിപ്പിക്കുന്നതിന്” ഈ പദപ്രയോഗം ഉപയോഗിച്ചിരുന്നു. വ്യാജോപദേഷ്ടാവ് പ്രത്യേകം ഉൾക്കാഴ്ച ലഭിക്കുന്നതിൽ—ഒരുപക്ഷേ പ്രകൃതാതീത ദർശനങ്ങൾ കിട്ടിയതായി അവകാശപ്പെടുന്നതിൽ പോലും—സ്വയം അഹങ്കരിക്കുന്നതിനെ പൗലോസ് പുറജാതീയ പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ഹാസ്യമാക്കി.
14. വ്യാജോപദേഷ്ടാക്കൾ ‘ഒരു ജഡികമാനസികനിലയാൽ ചീർത്തീരുന്നത്’ എങ്ങനെ?
14 എന്നിരുന്നാലും, ആത്മീയനെന്ന് അവകാശപ്പെട്ടുവെങ്കിലും വ്യാജോപദേഷ്ടാവ് യഥാർത്ഥത്തിൽ ഉചിതമായ കാരണമില്ലാതെ തന്റെ ജഡിക മാനസികനിലയാൽ ചീർത്തിരുന്നു. പാപ പൂർണ്ണമായ ജഡം അയാളുടെ വീക്ഷണത്തെയും ആന്തരങ്ങളെയും കളങ്കപ്പെടുത്തി. അഹങ്കാരത്താലും ഔദ്ധത്യത്താലും ചീർത്തിരുന്നതിനാൽ അയാളുടെ മനസ്സ് “ദുഷ്ടപ്രവൃത്തികളിൽ” പതിഞ്ഞിരുന്നു. (കൊലോസ്യർ 1:21) എല്ലാററിലും ഹീനമായി, അയാൾ ക്രിസ്തു എന്ന തലയെ മുറുകെപ്പിടിക്കുന്നില്ലായിരുന്നു, എന്തുകൊണ്ടെന്നാൽ അയാൾ യേശുവിന്റെ ഉപദേശങ്ങളെക്കാളുപരി ലൗകികരുടെ അഭ്യൂഹങ്ങൾക്ക് ഘനം കൊടുത്തിരുന്നു.
ഇപ്പോഴും ഒരു അപകടമോ?
15. (എ) ഇന്ന് ചില ക്രിസ്ത്യാനികളുടെ ഇടയിൽ ഏതു മനോഭാവങ്ങൾ കാണുന്നു? (ബി) അങ്ങനെയുള്ള മനോഭാവങ്ങൾ എവിടെ ഉത്ഭവിക്കുന്നു, അവ ബൈബിളിലെ ബുദ്ധിയുപദേശത്തോട് എങ്ങനെ താരതമ്യപ്പെടുത്താം?
15 സ്വർഗ്ഗത്തിലോ പരദീസാഭൂമിയിലോ ആയാലും നിത്യജീവനാകുന്ന സമ്മാനം ഇപ്പോഴും യഹോവയുടെ ദാസൻമാർക്ക് വെച്ചുനീട്ടപ്പെട്ടിരിക്കുന്നു. ദിവ്യജ്ഞാനവാദികളും യഹൂദമതവാദികളും പണ്ടേ പൊയ്പോയിരിക്കുന്നുവെന്നതു സത്യംതന്നെ. എന്നിരുന്നാലും ഒരു ക്രിസ്ത്യാനി ഈ സമ്മാനം നേടുന്നതിൽനിന്ന് ഇപ്പോൾ തടസ്സമുണ്ടാക്കിയേക്കാവുന്ന വ്യക്തികളുണ്ട്. അവർ മനഃപൂർവ്വം അങ്ങനെ ചെയ്യുന്നില്ലായിരിക്കാം. എന്നിരുന്നാലും, ഈ വ്യവസ്ഥിതിയിലെ “തത്വശാസ്ത്രത്താലും പൊള്ളയായ വഞ്ചനയാലും” അനുചിതമായി ബാധിക്കപ്പെടാൻ തങ്ങളേത്തന്നെ അവർ അനുവദിച്ചിരിക്കുന്നതുകൊണ്ട് അവർ ഇങ്ങനെ പ്രസ്താവിച്ചേക്കാം:
‘ഞാൻ സത്യസന്ധനായിരിക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ ഒരു ബിസിനസ് നടത്തുമ്പോൾ അതു പ്രയാസമാണ്. പരസ്പരം കടിച്ചുകീറുന്ന ഒരു ലോകമാണിത്, ചിലപ്പോൾ നിങ്ങൾ വിട്ടുവീഴ്ച്ച ചെയ്യേണ്ടതുണ്ട്.’ (ഈ വീക്ഷണത്തെ സദൃശവാക്യങ്ങൾ 11:1; എബ്രായർ 13:18 എന്നിവയുമായി താരതമ്യപ്പെടുത്തുക.)
‘നിങ്ങൾ ഇപ്പോഴും ഒരു വീട്ടമ്മയാണെന്നോ? കാലം മാറിയിരിക്കുന്നു! ഒരു ജോലി സ്വീകരിക്കുകയും ജീവിതത്തിൽ എന്തെങ്കിലും കാര്യമായി ചെയ്യുകയും ചെയ്യരുതോ!’ (സദൃശവാക്യങ്ങൾ 31:10-31 താരതമ്യപ്പെടുത്തുക.)
‘എന്റെ ജോലി യോഗങ്ങളെയും വയൽ ശുശ്രൂഷയേയും അല്പം ബാധിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഞങ്ങളുടെ ജീവിതരീതിക്ക് ധാരാളം പണം ആവശ്യമാണ്. കുറെ നല്ല വസ്തുക്കൾ ഉള്ളതിൽ എന്താണ് തെററ്?’ (ഈ ന്യായവാദത്തെ ലൂക്കോസ് 21:34, 35; 1 തിമൊഥെയോസ് 6:6-8 എന്നിവയോടു താരതമ്യപ്പെടുത്തുക.)
‘മൂപ്പൻമാർ എല്ലായ്പ്പോഴും വയൽ സേവനത്തെക്കുറിച്ച് പ്രസംഗിക്കുന്നതു കേട്ടു ഞാൻ മടുത്തു! ഞാൻ വാരം മുഴുവൻ ജോലിചെയ്യുന്നു, വാരാന്ത്യത്തിൽ വിശ്രമിക്കാൻ എനിക്ക് അർഹതയുണ്ട്.’ (ലൂക്കോസ് 13:24; മർക്കോസ് 12:30 ഇവ താരതമ്യപ്പെടുത്തുക.)
‘പയനിയറിംഗ് എല്ലാവർക്കുമുള്ളതല്ല. മാത്രവുമല്ല, ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ നിങ്ങൾക്ക് വിജയിക്കണമെങ്കിൽ യൂണിവേഴ്സിററി വിദ്യാഭ്യാസം ആവശ്യമാണ്. (മത്തായി 6:33; 1 കൊരിന്ത്യർ 1:19, 20; 1 തിമൊഥെയോസ് 6:9-11 എന്നിവയോട് ഇതിനെ താരതമ്യപ്പെടുത്തുക.)
ഭൗതികാസക്തവും ജഡികവുമായ ന്യായവാദം “ലോകത്തിലെ പ്രാഥമിക കാര്യങ്ങളുടെ”—ലൗകികരുടെ അടിസ്ഥാനഉപദേശങ്ങളുടെയും വിശ്വാസങ്ങളുടെയും—അവിഭാജ്യഭാഗമാണ്! അതിന് വഴിപ്പെടുന്നത് അപരിഹാര്യമായ ആത്മീയ നാശം വരുത്തിയേക്കാം.
16. ഇന്ന് ചിലർ കപടഭാവക്കാരായ ന്യായാധിപൻമാരായിത്തീരാവുന്നതെങ്ങനെ?
16 സ്വനിയമിത ന്യായാധിപൻമാരും ഉപദേഷ്ടാക്കളും മറെറാരു അപകടമാണ്. കൊലോസ്യയിലുണ്ടായിരുന്നവരെപ്പോലെ തികച്ചും വ്യക്തിപരമായ കാര്യങ്ങളെ അവർ വിവാദപ്രശ്നങ്ങളാക്കിയേക്കാം. “കപടമായ താഴ്മ” മിക്കപ്പോഴും അവരുടെ ലക്ഷണമാണ്. (കൊലോസ്യർ 2:16-18) നിന്നെക്കാൾ പരിശുദ്ധൻ എന്ന അവരുടെ മനോഭാവം ഒരു തെററായ ആന്തരത്തെ—മററുള്ളവർക്കുമീതെ തങ്ങളേത്തന്നെ ഉയർത്താനുള്ള ഒരു ആഗ്രഹത്തെ—വെളിപ്പെടുത്തുന്നു. അവർ മിക്കപ്പോഴും “അതിനീതിമാൻമാരായി”ത്തീരുന്നു, പെട്ടെന്നുതന്നെ ‘വിശ്വസ്ത അടിമ’ പറഞ്ഞിരിക്കുന്നതിന് അല്ലെങ്കിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതിന് അപ്പുറം പോകുകയും ചെയ്യുന്നു. അങ്ങനെ അവർ വിനോദം, ആരോഗ്യപരിപാലനം, വസ്ത്രധാരണരീതി, ചമയം അല്ലെങ്കിൽ ലഹരിപാനീയങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ച് വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കാം. (സഭാപ്രസംഗി 7:16; മത്തായി 24:45-47) അങ്ങനെ ശ്രദ്ധ ആത്മീയകാര്യങ്ങളിൽനിന്ന് വ്യതിചലിച്ച് ജഡികമോഹങ്ങളിൽ കേന്ദ്രീകരിക്കപ്പെടുന്നു.—1 തിമൊഥെയോസ് 6:3-5 താരതമ്യപ്പെടുത്തുക.
17, 18. (എ) ചിലർ വ്യക്തിപരമായ വീക്ഷണങ്ങളിൽ ‘നിലയുറപ്പിച്ചിരിക്കുന്നത്’ എങ്ങനെ, ഇത് അപകടകരമായിരിക്കുന്നതെങ്ങനെ? (ബി) നമ്മുടെ അടുത്ത ലക്കം എന്തു ചർച്ച ചെയ്യും?
17 ഇന്ന്, ചിലർ തിരുവെഴുത്തുകൾ സംബന്ധിച്ച വ്യക്തിപരമായ വീക്ഷണങ്ങളിൽ ‘നിലകൊള്ളത്തക്ക’ അളവോളം പോകുന്നു. അല്ലെങ്കിൽ തങ്ങൾക്ക് പ്രത്യേക ഉൾക്കാഴ്ച ഉള്ളതായി അവർ അവകാശപ്പെട്ടേക്കാം. സ്നാനപ്പെട്ടിട്ട് ഒരു വർഷം മാത്രമായ ഒരു സ്ത്രീ അഭിഷിക്തരിൽപെട്ടവളാണെന്ന് അവകാശപ്പെടുകയും അത് അവളുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ ഘനം കൊടുക്കുന്നുവെന്ന് വിചാരിക്കുകയും ചെയ്തു. അങ്ങനെ, ഏതെങ്കിലും ഔദ്യോഗിക സ്ഥാനത്ത് “മററുള്ളവരെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും” അവൾ ശക്തമായ ആഗ്രഹം പ്രകടമാക്കുകയും ചെയ്തു. എന്നാൽ (1 തിമൊഥെയോസ് 2:12 കാണുക) യഹോവ “സ്വപുകഴ്ത്തലിനെയും അഹങ്കാരത്തെയും “വെറുക്കുന്നതുകൊണ്ട് ക്രിസ്ത്യാനികൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ സംബന്ധിച്ച് എളിയ ഒരു വീക്ഷണമാണുണ്ടായിരിക്കേണ്ടത്. (സദൃശവാക്യങ്ങൾ 8:3) അവർ “ഉചിതമായ കാരണമില്ലാതെ [തങ്ങളുടെ] ജഡിക മാനസികനിലയാൽ ചീർക്കു”ന്നതിന്റെ കെണി ഒഴിവാക്കുന്നു. (കൊലോസ്യർ 2:18) തങ്ങളുടെ വ്യക്തിപരമായ ആശയങ്ങളെ മുന്നോട്ടുവെക്കുകയും ക്രിസ്തുവിന്റെ നിയമിത ‘വിശ്വസ്ത അടിമ’യെ മോശമായ കാഴ്ചപ്പാടിൽ നിർത്തുകയും ചെയ്യുന്ന ഏവനും തലയെ മുറുകെപ്പിടിക്കുകയല്ല. അപ്പോൾ, തീർച്ചയായും ജീവന്റെ സമ്മാനത്തെ തങ്ങളിൽനിന്ന് അപഹരിക്കാൻ കഴിയുന്ന ഭക്തികെട്ട സ്വാധീനത്തിനെതിരെ യഹോവയുടെ വിശ്വസ്ത സാക്ഷികൾ സൂക്ഷിക്കണം.
18 ജീവൻ നേടുന്നതിൽനിന്ന് സഹമനുഷ്യരെ തടയാൻ സാത്താൻ ഇപ്പോഴും മനുഷ്യരെ ഉപയോഗിക്കുന്നു. പിശാച് ഈ തന്ത്രം പ്രയോഗിക്കുന്ന മററു ചില വഴികൾ ഏവ? യഹോവയുടെ ഒരു സാക്ഷിക്ക് സമ്മാനത്തെ എങ്ങനെ മുറുകെപ്പിടിക്കാൻ കഴിയും? (w 85 7/15)
നിങ്ങൾ ഓർമിക്കുന്നുവോ?
◻ പുരാതന കൊലോസ്യയിലെ ക്രിസ്ത്യാനികളെ ഏതു മത സ്വാധീനങ്ങൾ ഭീഷണിപ്പെടുത്തി?
◻ ക്രിസ്ത്യാനികളിൽ നിന്ന് സമ്മാനം കവർന്നുകളയുന്നവരെ തിരിച്ചറിയിക്കുന്ന ലക്ഷണങ്ങൾ ഏതൊക്കെയായിരുന്നു?
◻ ഇന്നു ചില ക്രിസ്ത്യാനികൾ “ലോകത്തിലെ പ്രാഥമികകാര്യങ്ങളാൽ” സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രകടമാക്കുന്നതെങ്ങനെ?
◻ വ്യാജോപദേഷ്ടാക്കൾ ക്രിസ്ത്യാനികളെ ഒരു തെററായ മാർഗ്ഗത്തിലേക്ക് തിരിച്ചുവിട്ടേക്കാവുന്നതെങ്ങനെ?
[21-ാം പേജിലെ ചിത്രം]
‘ദൂതൻമാരുടെ ആരാധന’ കൊലോസ്യയിലെ ക്രിസ്തീയ സഭയെ ഭീഷണിപ്പെടുത്തി. ഇന്ന് ക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്നവരുടെ ഇടയിൽ സമാനമായ വിഗ്രഹാരാധന നിലനിൽക്കുന്നു
[23-ാം പേജിലെ ചിത്രം]
ലോകചിന്തയാൽ നിങ്ങളെ സ്വാധീനിക്കുന്നവരെ സൂക്ഷിക്കുക!