യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യോഹന്നാൻ വഴിയൊരുക്കുന്നു
യേശുവിന് 12 വയസ്സുണ്ടായിരുന്നപ്പോൾ അവൻ ആലയത്തിൽ വച്ച് ഉപദേഷ്ടാക്കളെ ചോദ്യം ചെയ്തു കഴിഞ്ഞ് പതിനേഴ് വർഷം പിന്നിട്ടിരിക്കുന്നു. ഇത് പൊ. യു. 29 എന്ന വർഷത്തിലെ വസന്തകാലമാണ്. എല്ലാവരും യേശുവിന്റെ മച്ചുനനായ യോഹന്നാനെക്കുറിച്ച് സംസാരിക്കുന്നതായി തോന്നുന്നു. അവൻ യോർദ്ദാൻ നദിയുടെ സമീപപ്രദേശങ്ങളിലെല്ലാം പ്രസംഗിക്കുകയാണ്.
യോഹന്നാൻ കാഴ്ചയിലും പ്രസംഗത്തിലും വാസ്തവത്തിൽ മതിപ്പുതോന്നുന്ന ഒരു വ്യക്തിയാണ്. അവന്റെ വസ്ത്രം ഒട്ടകരോമം കൊണ്ടുള്ളതാണ്. അവൻ അരയ്ക്ക് ഒരു തോൽവാറും ധരിച്ചിട്ടുണ്ട്. അവന്റെ ആഹാരം വെട്ടുക്കിളിയും കാട്ടുതേനും. അവന്റെ ദൂതോ? “അനുതപിക്കുവിൻ, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.”
ഈ ദൂത് അവന്റെ ശ്രോതാക്കളെ ഉണർത്തുന്നുണ്ട്. അനേകരും തങ്ങൾ അനുതപിക്കേണ്ടതിന്റെ, അതായത് തങ്ങളുടെ മനോഭാവം മാററുകയും കാമ്യമല്ലാത്ത തങ്ങളുടെ പഴയ ജീവിതഗതി ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് യോർദ്ദാന്റെ സമീപപ്രദേശങ്ങളിൽനിന്നും യരൂശലേമിൽനിന്നുപോലും വളരെയധികമാളുകൾ യോഹന്നാന്റെയടുത്ത് വരുന്നു. അവൻ അവരെ യോർദ്ദാനിലെ വെള്ളത്തിൽ നിമജ്ജനം ചെയ്തുകൊണ്ട് സ്നാനപ്പെടുത്തുന്നു. എന്തുകൊണ്ട്?
ദൈവത്തിന്റെ ന്യായപ്രമാണ നിയമത്തിനെതിരെയുള്ള പാപങ്ങളുടെ ഹൃദയംഗമമായ അനുതാപത്തിന്റെ അടയാളമായി അല്ലെങ്കിൽ സൂചനയായിട്ടാണ് യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തുന്നത്. അതുകൊണ്ട് ചില മതപരീശൻമാരും സദൂക്യരും യോർദ്ദാനിലേക്ക് വരുമ്പോൾ യോഹന്നാൻ അവരെ കുററംവിധിക്കുന്നു. “അണലി സന്തതികളേ . . . അനുതാപത്തിന് യോജിച്ചഫലം ഉല്പാദിപ്പിക്കുക” എന്ന് അവൻ പറയുന്നു.
മുഴു ശ്രദ്ധയും യോഹന്നാന് ലഭിക്കുന്നതിനാൽ പരീശർ പുരോഹിതൻമാരെയും ലേവ്യരെയും അവന്റെയടുക്കൽ അയയ്ക്കുന്നു. അവർ ചോദിക്കുന്നു: “നീ ആരാണ്? ഞങ്ങളെ അയച്ചവർക്ക് ഞങ്ങൾ ഒരുത്തരം കൊടുക്കട്ടെ. നീ നിന്നെക്കുറിച്ച് എന്തു പറയുന്നു?”
യോഹന്നാൻ വിവരിക്കുന്നു: “പ്രവാചകനായ യെശയ്യാവ് പറഞ്ഞതുപോലെ, ‘യഹോവയുടെ പാത നേരെയാക്കുവിൻ’ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്ന ഒരുവന്റെ ശബ്ദമാണു ഞാൻ.” രാജാവായിത്തീരുന്ന മശിഹായെ സ്വീകരിക്കാൻ തക്കവണ്ണം ആളുകളെ ഒരു ശരിയായ ഹൃദയ നിലയിൽ എത്തിച്ചുകൊണ്ടാണ് യോഹന്നാൻ വഴിയൊരുക്കുന്നത്. അവനെക്കുറിച്ച് യോഹന്നാൻ പറയുന്നു: “എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ബലവാനാകുന്നു. അവന്റെ ചെരുപ്പ് അഴിക്കാൻ ഞാൻ യോഗ്യനല്ല.”
അങ്ങനെ “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന യോഹന്നാന്റെ ദൂത്, യഹോവയുടെ നിയമിത രാജാവായ യേശുക്രിസ്തുവിന്റെ ശുശ്രൂഷ ആരംഭിക്കാൻ പോകയാണെന്നുള്ളതിന്റെ പരസ്യമായ ഒരറിയിപ്പായി ഉതകുന്നു. യോഹന്നാൻ 1:6-8, 15-28; മത്തായി 3:1-12; ലൂക്കോസ് 3:1-18; പ്രവൃത്തികൾ 19:4.
◆ യോഹന്നാൻ ഏതു തരത്തിലുള്ള മനുഷ്യനാണ്?
◆ യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തുന്നതെന്തുകൊണ്ട്?
◆ രാജ്യം സമീപിച്ചിരിക്കുന്നുവെന്ന് യോഹന്നാന് പറയാൻ കഴിഞ്ഞതെന്തുകൊണ്ട്? (w85 9/1)
[8-ാം പേജ് നിറയെയുള്ള ചിത്രം]