സമാധാനവും സുരക്ഷിതത്വവും—ദൈവരാജ്യത്തിലൂടെ
“ഐക്യരാഷ്ട്രങ്ങളുടെ ഉദ്ദേശ്യങ്ങൾ പിൻവരുന്നവയാണ്: 1. അന്തർദ്ദേശീയ സമാധാനവും സുരക്ഷിതത്വവും നിലനിർത്തുക.”—ഐക്യരാഷ്ട്രങ്ങളുടെ ചാർട്ടർ.
ചുരുക്കിപ്പറഞ്ഞാൽ ഇത് അനുമോദനാർഹമായ ഒരാദർശമാണ്. എന്നാൽ നാം കുറിക്കൊണ്ടു കഴിഞ്ഞതുപോലെ കഴിഞ്ഞ 40 വർഷത്തെ ഫലങ്ങൾ ‘അന്തർദ്ദേശീയ സുരക്ഷിതത്വവും സമാധാനവും നിലനിർത്തുന്നതിന് ഐക്യരാഷ്ട്രങ്ങൾ വിജയിച്ചിട്ടില്ല എന്ന് പ്രകടമാക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിനെ അത് “അന്താരാഷ്ട്ര സമാധാന വർഷം” ആയി പ്രഖ്യാപിച്ചതും യാതൊരു മാററവും കൈവരുത്തുന്നില്ല.a
നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും ഭൂമിയിൽ കൊണ്ടുവരുന്നതിനും ഒരേയൊരു മാർഗ്ഗം മാത്രമേയുള്ളു—യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യം. യേശു അവന്റെ അനുഗാമികളെ പ്രാർത്ഥിക്കുന്നതിന് പഠിപ്പിച്ച സ്വർഗ്ഗത്തിലെ യഥാർത്ഥമായ ഗവൺമെൻറാണിത്. (മത്തായി 6:9, 10). ഐക്യരാഷ്ട്രങ്ങൾ പരാജയപ്പെട്ടിരിക്കെ അത് എന്തുകൊണ്ട് വിജയിക്കും? ലളിതമായി പറഞ്ഞാൽ: ഐക്യരാഷ്ട്രങ്ങൾ പരാജയപ്പെടാനിടയായ അതേ കാരണങ്ങളാൽ ദൈവരാജ്യം വിജയിക്കും എന്നതാണ് ഉത്തരം.
മാനുഷജ്ഞാനത്തേക്കാൾ അധികം ആവശ്യം
ഞങ്ങളുടെ മുൻലക്കത്തിൽ ഐക്യരാഷ്ട്രങ്ങൾ പാരാജയപ്പെടാനുള്ള ഒരു കാരണം ദൈവം മനുഷ്യന് അവനെത്തന്നെ ഭരിക്കുന്നതിനുള്ള ജ്ഞാനമോ അധികാരമോ നൽകിയിരുന്നില്ല എന്നതാണ്. (യിരെമ്യാവ് 10:23) അതുകൊണ്ട് യാതൊരു മനുഷ്യനിർമ്മിത സംഘടനയ്ക്കും, അത് എത്രതന്നെ സദുദ്ദേശ്യപൂർവ്വകമായിരുന്നാലും, ശാശ്വത സമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്നതിൽ വിജയിക്കാൻ സാദ്ധ്യമല്ല.
ഇതിന് വിപരീതമായി ദൈവരാജ്യത്തിന്റെ നിയമിത രാജാവായ യേശുക്രിസ്തു എല്ലായ്പ്പോഴും മനുഷ്യാതീത ജ്ഞാനം പ്രകടമാക്കിയിട്ടുണ്ട്. (മത്തായി 13:54) അതിന്റെ ഉത്തമ ഉദാഹരണമാണ് അവന്റെ ഗിരി പ്രഭാഷണം (മത്തായി 5 മുതൽ 7 വരെയുള്ള അദ്ധ്യായങ്ങൾ) അതിൽ അവൻ യഥാർത്ഥ സമാധാനം എങ്ങനെ കണ്ടെത്താം, കലഹങ്ങൾ എങ്ങനെ ശമിപ്പിക്കാം, ലൈംഗിക അധാർമ്മികത എങ്ങനെ ഒഴിവാക്കാം, ഒരു സുരക്ഷിത ഭാവി എങ്ങനെ ആസ്വദിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിച്ചു. മനുഷ്യപ്രകൃതിയെപ്പററി അത്രമാത്രം ജ്ഞാനവും ഗ്രാഹ്യവും ഉള്ള ഒരു ഭരണാധികാരിക്ക് സമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്നതെങ്ങനെയെന്നും അറിവുണ്ടായിരിക്കും എന്നത് ന്യായപൂർവ്വകമല്ലേ?
ഇതിലധികമായി യേശുവിന്റെ സൂക്ഷ്മഗ്രാഹ്യം, മമനുഷ്യന്റെ ഹൃദയങ്ങളിലേക്ക് ചുഴിഞ്ഞു നോക്കി അവന്റെ ആന്തര ചിന്തനങ്ങളും യഥാർത്ഥ പ്രചോദനങ്ങളും അറിയാനുള്ള അവന്റെ അത്ഭുത പ്രാപ്തിയാൽ മികവുററതായിത്തീരുന്നു. (മത്തായി 9:4; മർക്കോസ് 2:8) അതിന്റെ അർത്ഥം എന്ത് എന്ന് പരിചിന്തിക്കുക: സമാധാനത്തിനും സുരക്ഷിതത്വത്തിനും ഉള്ള ഒരു വലിയ തടസ്സം വിശ്വാസമില്ലായ്മയാണ്. അന്യോന്യം ചിന്തകളും ആന്തരങ്ങളും അറിയാതിരിക്കെ മനുഷ്യരും രാഷ്ട്രങ്ങളും മിക്കപ്പോഴും പരസ്പരം അവിശ്വസിക്കുന്നു. ആ വിശ്വാസമില്ലായ്മ സമാധാനത്തിന് ഒരു വിലങ്ങുതടിയായി നിലകൊള്ളുന്നു. എന്നാൽ “മമനുഷ്യന്റെ ചിന്തകളെ വായിക്കാൻ” കഴിയുന്ന ഒരു ഭരണാധികാരിക്ക് അത് യാതൊരു പ്രശ്നവും സൃഷ്ടിക്കുന്നില്ല.—യോഹന്നാൻ 2:25 നോക്സ്.
മനുഷ്യാതീത വൈരികളുടെ നിർമ്മാർജ്ജനം
സമാധാനം കൈവരുത്താനുള്ള ഐക്യരാഷ്ട്രങ്ങളുടെ യത്നങ്ങൾ പരാജയപ്പെടാനുള്ള ഒരു കാരണം “ഈ ലോക ഭരണാധികാരി”യായ പിശാചായ സാത്താന്റെ സ്വാധീനമാണ്. (യോഹന്നാൻ 12:31) തങ്ങളെ നീക്കിക്കളയുന്നതിന് ഇനി അല്പകാലമേ ഉള്ളു എന്നു അവനും അവന്റെ ഭൂത സേനക്കും അറിയാം. “ഭൂമിക്ക് മഹാകഷ്ടം” വരുത്താനുള്ള ദൃഡനിശ്ചയത്തിൽ അവർ മനുഷ്യവർഗ്ഗത്തെ രാഷ്ട്രീയമായും ദേശീയമായും ഭിന്നിപ്പിച്ചുകൊണ്ട് അവർ സമാധാനത്തിന്റെ മാർഗ്ഗത്തിൽ തടസ്സമായി നിലകൊള്ളുന്നു.—വെളിപ്പാട് 12:9-12.
അത്തരം മനുഷ്യാതീത യുദ്ധ പ്രേരകരെ ആർക്കാണ് നീക്കം ചെയ്യാൻ കഴിയുക? സാത്താനെയും അവന്റെ ഭൂതങ്ങളെയും സ്വർഗ്ഗത്തിൽ നിന്ന് നിഷ്ക്കാസനം ചെയ്ത മീഖായേൽ എന്ന് പേർ പറയപ്പെട്ടിരിക്കുന്ന യേശു ക്രിസ്തുവിനും അവന്റെ ദൂതൻമാർക്കും എന്ന് ബൈബിൾ ഉത്തരം നൽകുന്നു. നാം ഇങ്ങനെ വായിക്കുന്നു: “സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ [യേശു] അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയുമായി ഇറങ്ങുന്നത് ഞാൻ കണ്ടു. അവൻ ആദിമ സർപ്പമായ പിശാചായ സാത്താനെ പിടിച്ച് . . . അഗാധത്തിൽ തള്ളി അവന്റെ മീതെ അതടച്ച് മുദ്ര വച്ചു.” (വെളിപ്പാട് 20:1-3) അതുകൊണ്ട് സാത്താൻ മാർഗ്ഗത്തിൽ നിന്ന് നീക്കം ചെയ്യപ്പെടും. അപ്പോൾ മാത്രമേ ജീവിതം യഥാർത്ഥ സമാധാനത്തിലും സുരക്ഷിതത്വത്തിലും ആസ്വദിക്കാൻ കഴിയുകയുള്ളൂ.
ദൈവത്തിന്റെ ഒരു “ശിശു”
ഞങ്ങളുടെ മുൻ ലേഖനം ഐക്യരാഷട്രങ്ങൾക്ക് സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാൻ ഒരിക്കലും കഴിയാതിരുന്നതിന്റെ മൂന്നാമതൊരു കാരണം കുറിക്കൊള്ളുകയുണ്ടായി. അത് ഈ ലോകത്തിന്റെ ഒരു ശിശുവാണ്, അതങ്ങനെയായിരിക്കെ, അതിന്റെ അംഗ രാജ്യങ്ങളുടെ സ്വഭാവ ലക്ഷണങ്ങളായ ബലഹീനതകളും തിൻമകളും അഴിമതിയും പൈതൃകമായി അതിനും ലഭിച്ചിട്ടുണ്ട്.
ഉൻമേഷദായകമാം വിധം, ഇതിനു വിപരീതമായി സമാധാനവും സുരക്ഷിതത്വവും കൈവരുത്താനിരിക്കുന്ന രാജ്യത്തെ വെളിപ്പാട് 12:5 ചിത്രീകരിച്ചിരിക്കുന്നത് ദൈവത്തിന്റെ “ശിശു” എന്നാണ്. അതിന്റെ ഭരണാധികാരി ദൈവത്തിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നു. അതിന്റെ ഭരണാധികാരിയായ യേശുക്രിസ്തു പ്രകടമാക്കിയ ചില പ്രിയമുളവാക്കുന്ന ഗുണങ്ങൾ ശ്രദ്ധിക്കുക: ആത്മത്യാഗപരമായ സ്നേഹം (യോഹന്നാൻ 15:12, 13); ഊഷ്മളത്വവും വികാരാനുഭൂതിയും (മത്തായി 9:10-13; ലൂക്കോസ് 7:36-48); എളിമ (യോഹന്നാൻ 13:3-5, 12-17); സ്നേഹവായ്പ് (മർക്കോസ് 6:30-34); അനുകമ്പ (എബ്രായർ 2:17, 18, 4:15); നീതിക്കുവേണ്ടിയുള്ള നിഷ്കർഷ (യെശയ്യാവ് 11:4, 5). അത്തരം ഒരു ഭരണാധിപന് കീഴ്പ്പെടുന്നതിൽ നിങ്ങൾ ആനന്ദം കൊള്ളുകയില്ലേ?
“പുതിയ ഭൂമി”യുമായി രംഗത്തേക്ക്
ഐക്യരാഷ്ട്രങ്ങൾക്ക് എന്തുകൊണ്ട് ഒരിക്കലും സമാധാനം കൈവരുത്താൻ കഴിഞ്ഞില്ല എന്നതിന്റെ ഒടുവിലത്തെ കാരണം അതിന്റെ മുൻ സെക്രട്ടറി ജനറലായ ഡാഗ് ഹാമ്മർ ഷോൾഡ്, താൻ മുമ്പ് 1953-ൽ പ്രസ്താവിച്ച വാക്കുകളിലൂടെ സൂചിപ്പിച്ചു: “നമ്മുടെ ഏററവും വലിയ ആശ ഈ പഴയ ഭൂമി എങ്കിലും രക്ഷിക്കാൻ നമ്മെ അനുവദിക്കേണമെ” എന്നതാണ്. ഈ ലോകവ്യാപക വ്യവസ്ഥിതിയെ പരിരക്ഷിക്കുന്ന കാര്യമായിരന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെങ്കിൽ, “പഴയ ഭൂമി”യെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയത്തിന് വിധിക്കപ്പെട്ടിരിക്കുകയാണ്. എന്തുകൊണ്ട്?
ഒരു സംഗതി ഈ “പഴയഭൂമി” മനുഷ്യനിർമ്മിത ഗവൺമെൻറുകൾ ചേർന്നുണ്ടായിട്ടുള്ളതാണ് എന്നതാണ്. ഓരോ പ്രത്യേക ഗവൺമെൻറ് ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നു, അത് മനുഷ്യനെ ഭിന്നിപ്പിക്കുന്നു; ദേശീയത്വം ഒരു രാഷ്ട്രത്തിന്റെ താത്പര്യങ്ങൾക്ക് ഊന്നൽ നൽകുന്നു, അത് സകല രാഷ്ട്രങ്ങളുടെയും ആകമാന ക്ഷേമം അന്വേഷിക്കുന്നില്ല. ഈ സ്വാർത്ഥ താത്പര്യം സമാധാനം കൈവരുത്താനുള്ള ഐക്യരാഷ്ട്രങ്ങളുടെ ഏതു പരിശ്രമത്തെയും തകിടം മറിക്കുന്നു. ദ ഗാർഡിയൻ എന്ന ബ്രിട്ടീഷ് ദിനപത്രത്തിന്റെ മുഖപ്രസംഗം കുറിക്കൊണ്ടതുപോലെ: “യാതൊരു അംഗരാഷ്ട്രവും കൂട്ടായ നൻമയെക്കരുതി അവരവരുടെ താത്പര്യങ്ങൾ ബലികഴിക്കാൻ സന്നദ്ധരല്ലാത്തതുകൊണ്ട് പരിഷ്ക്കരണത്തിനുള്ള സാദ്ധ്യത ലോലമാണ്. [ഐക്യരാഷ്ട്ര പൊതു] സഭയുടെ വാസ്തവത്തിലുള്ള ഏക ധർമ്മം ആഗോള അഭിപ്രായ നിലയുടെ ഒരുതരം സൂചികയായി വർത്തിക്കുക എന്നതാണ്. അതിന്റെ കാര്യപരിപാടി വർഷങ്ങളോളം ചർച്ചചെയ്തിട്ടും പരിഹാരത്തിലേക്ക് ഒട്ടും പുരോഗമിക്കാത്ത പ്രശ്നങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.”
“പഴയ ഭൂമിയെ” രക്ഷിക്കാനുള്ള യത്നങ്ങൾ എന്തുകൊണ്ട് നിഷ്ഫലമായിരിക്കുന്നു എന്നതിന് ഇതിലേറെ അനിവാര്യമായ മറെറാരു കാരണം ഉണ്ട്: അതു ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധമാണ്. അതെങ്ങനെ? ദൈവത്തിന്റെ ദൃഷ്ടിയിൽ “പഴയ ഭൂമിയെ” പരിഷ്ക്കരിക്കുക സാദ്ധ്യമല്ല. ദൈവത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യം നിറവേറാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു. അപ്പോസ്തലനായ യോഹന്നാൻ വർണ്ണിച്ചതുപോലെ: “ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. എന്തെന്നാൽ മുമ്പത്തെ ആകാശവും മുമ്പത്തെ ഭൂമിയും നീങ്ങിപ്പോയി.” (വെളിപ്പാട് 21:1) മനുഷ്യനിർമ്മിത ഗവൺമെൻറുകളെ നീക്കം ചെയ്യുന്നതോടെ ദൈവത്തിന്റെ രാജ്യം വിഭാഗീയ ദേശീയത്വത്തെയും ഇല്ലായ്മ ചെയ്യും. അതിന്റെ സ്ഥാനത്ത് ഒരു “പുതിയ ഭൂമി,” ഒരു നീതിയെ സ്നേഹിക്കുന്ന മനുഷ്യസമുദായം ദൈവരാജ്യം എന്ന ഏക സ്വർഗ്ഗീയ ഗവൺമെൻറിന്റെ കീഴിൽ വൃദ്ധിപ്രാപിക്കും അതുകൊണ്ട്, അപ്പോൾ മാത്രമേ മനുഷ്യവർഗ്ഗത്തിന് ലോകവ്യാപകമായി യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ആസ്വദിക്കാൻ കഴിയുകയുള്ളു.
‘വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കൽ’
ഐക്യരാഷ്ട്രങ്ങൾക്കഭിമുഖമായി നിൽക്കുന്ന മതിലിൻമേൽ കൊത്തിവച്ചിരിക്കുന്ന ഒരു ബൈബിൾ പ്രവചനത്തിന്റെ വാക്കുകളാൽ ഇത് വാസ്തവികമായ ഒരു പ്രത്യാശയാണെന്ന് ഉറപ്പുനൽകപ്പെട്ടിരിക്കുന്നു. അവിടെ അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചു തീർക്കും. രാഷ്ട്രം രാഷ്ട്രത്തിനു നേരേ വാൾ ഓങ്ങുകയില്ല. അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.”—യെശയ്യാ 2:4-ൽനിന്നും ഉദ്ധരിക്കപ്പെട്ടത്.
ഇല്ല, അന്യോന്യം ‘വാൾ ഓങ്ങുന്നതിൽ’ നിന്ന് രാഷ്ട്രങ്ങളെ തടയുന്ന കാര്യത്തിൽ ഐക്യരാഷ്ട്രങ്ങൾ വിജയിച്ചിട്ടില്ല;. എന്നിരുന്നാലും തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു എന്നതിന് ജീവിക്കുന്ന തെളിവുകൾ നൽകുന്ന ഒരു ജനം ഉണ്ട്. ദേശീയവും രാഷ്ട്രീയവുമായ വേലിക്കെട്ടുകൾക്കതീതമായ ഒരു ഐക്യം അവർ പ്രകടമാക്കിയിരിക്കുന്നു. തങ്ങളുടെ സഹമനുഷ്യർക്കെതിരെ “വാളുയർത്താൻ” ഈ ക്രിസ്തീയ നിക്ഷ്പക്ഷരെ യാതൊരു സമ്മർദ്ദവും മൂലം പ്രേരിപ്പിക്കാനാവില്ല. അവർ ആരാണ്? യഹോവയുടെ സാക്ഷികൾ.
രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ പങ്കെടുക്കാനുള്ള സമ്മർദ്ദത്തിന് വിധേയരാകുമ്പോഴുള്ള അവരുടെ പ്രതികരണത്തിന്റെ ഉത്തമ ഉദാഹരണമാണ്, രാഷ്ട്രീയ ഭീകരപ്രവർത്തനം തേർവാഴ്ച നടത്തുന്ന ഒരു ആഫ്രിക്കൻ രാജ്യത്ത് ഒരു സാക്ഷിക്ക് ഉണ്ടായ അനുഭവം.
ഒരു ഗറില്ലാ സേനയിലേക്കു പുതിയ റിക്രൂട്ടുകളെ ചേർക്കാനുള്ള ശ്രമത്തിൽ ആ രാജ്യത്തെ ഒരു ഭീകരപ്രവർത്തകരുടെ സംഘം ആളുകളെ തട്ടിക്കൊണ്ടുപോയി അവരുടെ മുമ്പാകെ ഒരു തെരഞ്ഞെടുപ്പുവെക്കും. ഒന്നുകിൽ ഭീകരസേനയിൽ ചേരുക അല്ലെങ്കിൽ വെടികൊണ്ട് മരിക്കുക. ഒരു ദിവസം അവർ യഹോവയുടെ സാക്ഷികളിൽ ഒരാളെ തട്ടിക്കൊണ്ടുപോയി. മദ്യപാനം ചെയ്തുകൊണ്ടിരുന്ന നേതാക്കൻമാർ അയാളുടെ മുമ്പാകെ തെരഞ്ഞെടുപ്പ് വച്ചു. അയാളുടെ മുമ്പിൽ രണ്ട് കുപ്പി ബീയർ വച്ചിട്ട് അതിലൊന്ന് ഗവൺമെൻറിനെയും മറേറത് അവരുടെ ഭീകരസംഘത്തെയും പ്രതിനിധീകരിക്കുന്നു എന്നു പറഞ്ഞു. എന്നിട്ടവർ ‘നീ ഏതിനു വേണ്ടി നിൽക്കും?’ എന്നു ചോദിച്ചു. സാക്ഷി ഒരു നിമിഷം ആലോചിച്ചിട്ട് അടുത്തിരിക്കുന്ന മററു ബീയർ കുപ്പികളിൽ ഒന്നെടുത്ത് രണ്ടിന്റെയും നടുവിൽ നിർത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എന്റെ നില ഇതിനോടൊപ്പമാണ്.” അയാൾ കൂട്ടിച്ചേർത്തു: “ഞാൻ നിക്ഷ്പക്ഷനാണ്, കാരണം ഞാൻ ദൈവരാജ്യത്തിനുവേണ്ടി നിൽക്കുന്നു.” ഇതേത്തുടർന്നു അദ്ദേഹത്തെ നിരവധിപ്രാവശ്യം അടിച്ചു. തുടർന്നു അവർ തന്നെ വെടിവച്ച് കൊല്ലുമോ ഇല്ലയോ എന്നറിയാൻ നിർവ്വാഹമില്ലാതെ ഗറില്ലാ പാളയത്തിൽ അടിമ വേല ചെയ്യാൻ നിർബ്ബന്ധിതനായി. എട്ടു മാസങ്ങൾക്ക് ശേഷം ഗവൺമെൻറ് സേന പാളയത്തെ ആക്രമിച്ചപ്പോൾ അദ്ദേഹം രക്ഷപ്പെട്ടു.
യഹോവയുടെ സാക്ഷികൾ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ പങ്കെടുക്കുന്നതിനേക്കാളേറെ തടവുശിക്ഷയോ മരണം പോലുമോ വരിക്കുന്നു. അങ്ങനെ നാസിജർമ്മനിയിൽ അവരിൽ അനേകായിരങ്ങൾ തടങ്കൽ പാളയങ്ങളിൽ അടക്കപ്പെട്ടു, കാരണം അവർ നാസികളുടെ ഭീകര വാഴ്ചയെ പിന്താങ്ങുമായിരുന്നില്ല. ക്യാമ്പുകളിൽ ശതക്കണക്കിനു സാക്ഷികൾ വധിക്കപ്പെടുകയോ മരിക്കുകയോ ചെയ്തു. എന്നാൽ ആ ദുഷ്ട നാസി ഗവൺമെൻറ് പണ്ടേ പൊയ്പ്പോയെങ്കിലും ഇന്ന് യഹോവയുടെ സാക്ഷികൾ ജർമ്മനിയിലും ഭൂഗോളത്തെമ്പാടും വർദ്ധിച്ചു വരുന്നു.
എന്നാൽ എന്തുകൊണ്ടാണ് ‘അവർക്ക് വാളുകളെ കൊഴുക്കളായി അടിച്ചു തീർക്കാൻ കഴിയുന്നുത്? യുനെസ്ക്കോയുടെ ചാർട്ടറിന്റെ ആമുഖത്തിൽ അതിന്റെ സൂചന കണ്ടെത്താൻ കഴിയും. അത് ഇങ്ങനെ പറയുന്നു: “യുദ്ധങ്ങൾ ആളുകളുടെ മനസ്സുകളിൽ ആരംഭിക്കുന്നതുകൊണ്ട്, മനുഷ്യരുടെ മനസ്സുകളിലാണ് സമാധാന സംരക്ഷണോപാധികൾ പടുത്തുയർത്തേണ്ടത്.”
ഇതിനോട് ചേർച്ചയിൽ, “വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുന്നവരെക്കുറിച്ച് അവർ ഇനിമേൽ യുദ്ധം അഭ്യസിക്കുകയുമില്ല” എന്ന് യെശയ്യാവിന്റെ പ്രവചനം പറയുന്നു. മറിച്ച് തിരുവെഴുത്തുകളുടെ പഠനത്തിലൂടെയും ബാധകമാക്കലിലൂടെയും അവർ ‘ദൈവത്തിന്റെ വഴികൾ അഭ്യസിച്ച് അവന്റെ പാതകളിൽ നടക്കുന്നു.’ (യെശയ്യാവ് 2:3, 4) അവന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവരുടെ ‘മനസ്സു പുതുക്കി’, അവർ സമാധാനപ്രിയരായിത്തീർന്നിരിക്കുന്നു.—റോമർ 12:2, 18.
യഹോവയുടെ സാക്ഷികൾ തങ്ങളുടെ “വാളുകളെ കൊഴുക്കളായി അടിച്ചു തീർത്തിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവ് സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കുക സാദ്ധ്യമാണ് എന്നു തെളിയിക്കുന്നു. അവരുടെ ഇന്നത്തെ ജീവിതരീതി ക്രിസ്തുമൂലമുള്ള ദൈവരാജ്യം ഭൂവ്യാപകമായി സമീപഭാവിയിൽ നടപ്പാക്കാൻ ഇരിക്കുന്ന കാര്യങ്ങളെ ഒരു ചെറിയ തോതിൽ പ്രതിഫലിപ്പിക്കുന്നു.
അത്തരമൊരു പ്രത്യാശ നിങ്ങൾക്ക് കാമ്യമായി തോന്നുന്നുണ്ടോ? ദൈവരാജ്യം വേഗത്തിൽ ശാശ്വത സമാധാനവും സുരക്ഷിതത്വവും കൈവരുത്തും എന്നതിന്റെ തെളിവ് യഹോവയുടെ സാക്ഷികൾ നിങ്ങളോടൊത്ത് സസന്തോഷം പങ്കിടും. എന്തുകൊണ്ട് നിങ്ങൾക്ക് പ്രാദേശികമായി അവരുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്തുകൂടാ? യുദ്ധമെങ്ങുമില്ലാത്ത ഒരു ഭൂമിയിൽ വേഗം ജീവിതം ആസ്വദിക്കാനുള്ള പ്രതീക്ഷയിൽ ഇപ്പോൾതന്നെ “വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക.(w85 10/15)
[അടിക്കുറിപ്പുകൾ]
a എക്യരാഷ്ട്രങ്ങൾ എന്തുകൊണ്ട് വിജയിച്ചില്ല എന്നുള്ളതിന്റെ കൂറേക്കൂടി തികഞ്ഞ ചർച്ചക്ക് 1986 ജൂലൈ 1-ലെ വീക്ഷാഗോപുരം ദയവായി കാണുക.
[5-ാം പേജിലെ ചതുരം]
ഐക്യരാഷട്രങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു:
□ മാനുഷിക ജ്ഞാനം തുലോം പരിമിതം (യിരെമ്യാവ് 10:23)
□ സാത്താന്റെ സ്വാധീനം അതിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നു. (വെളിപ്പാട് 12:12)
□ അത് ഈ ലോകത്തിന്റെ ശിശുവായതിനാൽ അതിന്റെ ബലഹീനതകളെ വഹിക്കുന്നു. (1 യോഹന്നാൻ 5:19)
□ അത് ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധമായ “പഴയ ഭൂമിയെ” രക്ഷിക്കാൻ ശ്രമിക്കുന്നു. (1 യോഹന്നാൻ 2:17)
ദൈവരാജ്യം എന്തുകൊണ്ട് വിജയിക്കും:
□ അതിന്റെ ഭരണാധിപന് മനുഷ്യാതീതജ്ഞാനമുണ്ട്, അവന് മനുഷ്യരുടെ ഹൃദയങ്ങളെ വായിക്കാൻ കഴിയും. (യോഹന്നാൻ 2:25)
□ അത് യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ഭൂതങ്ങളെ നീക്കം ചെയ്യും (വെളിപ്പാട് 20:1-3)
□ അത് ദൈവത്തിന്റെ “ശിശു”വാണ്, അതിന്റെ ഭരണാധിപൻ ദൈവത്തിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നു. (വെളിപ്പാട് 12:5)
□ അത് ഒരു ഏക സ്വർഗ്ഗീയ ഗവൺമെൻറിൻ കീഴിൽ ഒരു നീതിയുള്ള “പുതിയ ഭൂമി” സ്ഥാപിക്കും. (വെളിപ്പാട് 21:1)
[7-ാം പേജിലെ ചിത്രം]
ദൈവരാജ്യം ഒരു “പുതിയ ഭൂമിയെ”, ഒരു നീതിയുള്ള മനുഷ്യസമുദായത്തെ സ്ഥാപിക്കും, അത് ഒരു ഏക സ്വർഗ്ഗീയ ഗവൺമെൻറിൻ കീഴിൽ വൃദ്ധിപ്രാപിക്കും.