സമാധാനവും സുരക്ഷിതത്വവും—ഏതുറവിൽ നിന്ന്?
ഐക്യരാഷ്ട്രങ്ങൾ ചില മണ്ഡലങ്ങളിൽ വിലയേറിയ സേവനങ്ങൾ അനുഷ്ഠിച്ചുവെന്നിരിക്കെ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും രംഗത്ത് അത് ഇന്നുവരെ പരാജയപ്പെടുകയാണുണ്ടായത് എന്ന് വാർത്തകൾ വായിച്ചറിയുന്ന ഏതൊരുവനും സമ്മതിക്കേണ്ടിവരുന്നു. ഈ സംഘടനയുടെ ഏററവും തീക്ഷ്ണരായ വക്താക്കൾ പോലും ഇത് പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
അതിന്റെ ജനനത്തിന് വെറും 8 വർഷങ്ങൾക്കുശേഷം മുമ്പ് 1953ൽ അന്നത്തെ അതിന്റെ സെക്രട്ടറി ജനറലായ ഡാഗ് ഹാമർഷോൾഡ് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: നമ്മുടെ പൂർവ്വികൻമാർ ഒരു പുതിയ സ്വർഗ്ഗം സ്വപ്നം കണ്ടുകഴിഞ്ഞിടത്ത്, നമുക്കുള്ള ഏററവും വലിയ ആശ ഈ പഴയ ഭൂമിയെ രക്ഷിക്കാൻ നമ്മെ അനുവദിക്കേണമെ എന്നു മാത്രമാണ്.” ഇരുപത്താറു വർഷങ്ങൾക്കുശേഷം ഐക്യനാടുകളിലെ അസിസ്ററൻറ് സ്റേറററ് സെക്രട്ടറിയായിരുന്ന സി. വില്യം മേനസ് സമ്മതിച്ചു പറയാൻ നിർബ്ബന്ധിതനായിത്തീർന്നു: “രക്ഷാസമിതിയുടെയും പൊതുസഭയുടെയും മുഖ്യഉദ്ദേശ്യം അന്തർദ്ദേശീയ സമാധാനവും സുരക്ഷിതത്വവും നിലനിർത്തുകയെന്നതായിരുന്നു . . . സംഘടന അതിന്റെ കേന്ദ്ര ഉദ്ദേശ്യത്തിൽ തന്നെ പരാജയപ്പെട്ടു എന്നുള്ളതിനു നിങ്ങൾക്ക് തെളിവുണ്ട്.”
എത്ര പ്രസക്തം?
കഴിഞ്ഞ നാല്പതുവർഷങ്ങളിലുണ്ടായ സമാധാനത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങളിലേറിയ പങ്കും ഐക്യരാഷ്ട്രങ്ങൾക്കു വെളിയിൽ വച്ചാണ് എടുക്കപ്പെട്ടത് എന്നതാണ് പരമാർത്ഥം. സെക്രട്ടറി ജനറൽ ജാവ്യർ പെരെസ് ഡിക്വല്ലർ, 1982ൽ “ഈ വർഷം ഒന്നിനു പിറകെ ഒന്നായി ഈ സംഘടനക്ക് പ്രധാനവും നിർമ്മാണാത്മകവുമായ പങ്കുവഹിക്കാൻ കഴിയുമായിരുന്നതും വഹിക്കേണ്ടിയിരുന്നതുമായ അവസരങ്ങളിൽ അതും ഇതും കാരണങ്ങളെച്ചൊല്ലി ഇതിനെ മാററിനിർത്തുകയോ അല്ലെങ്കിൽ ആട്ടിപ്പായിക്കുകയോ ചെയ്തതായി നാം കണ്ടിരിക്കുന്നു” എന്ന വാക്കുകളിൽ വിലപിച്ചു. ഇതെന്തുകൊണ്ടാണ്?
അംഗസംഖ്യയിൽ സംഘടനക്കുണ്ടായ ഭീമമായ വളർച്ചയാണ് ഒരു കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്. പ്രാരംഭകാലത്തെ 51 അംഗങ്ങളിൽ നിന്ന് അതു 150ലധികമായി വർദ്ധിച്ചു, പൊതുസഭയിൽ ഒരോന്നിനും തുല്യ വോട്ടവകാശവും. ഇവയിൽ ചിലത് പക്ഷെ തീരെ ചെറുതാണുതാനും. ഇപ്രകാരം 157-ാമത്തെ രാഷ്ട്രമായി ഈ സംഘടനയിൽ ചേർന്ന സെയിൻറ് ക്രിസ്ററഫർ നെവിസ് എന്ന രാഷ്ട്രത്തിന് 50,000ൽ കുറഞ്ഞ ജനസംഖ്യ മാത്രമേയുള്ളു. പക്ഷെ 100 കോടി ജനസംഖ്യയുള്ള ചൈനയുടെതിനോട് തുല്യമായ വോട്ടവകാശം ഇതിനുണ്ട്. ഈ ഏർപ്പാട് ചെറിയ രാജ്യങ്ങൾക്കും ശ്രദ്ധിക്കപ്പെടുന്നതിനുള്ള അവസരം നൽകുന്നു; പക്ഷെ ഇത് സംഘടനയുടെ തീരുമാനങ്ങളെ ഗൗരവമായി എടുക്കുന്നതിൽനിന്നും വൻശക്തികളെ നിരുത്സാഹപ്പെടുത്തുന്നു.
രണ്ടാമത്തെ പ്രശ്നം സ്പർശിച്ചുകൊണ്ട് ഷേർളി ഹസ്സാർഡ് പറഞ്ഞതിപ്രകാരമാണ്: “ഐക്യരാഷ്ട്രസംഘടനയിൽ നിർബ്ബന്ധിക്കുന്നതിനുള്ള ശക്തി നിക്ഷിപ്തമല്ല. ഒരുപക്ഷെ ആരെ നിർബ്ബന്ധിക്കേണ്ടതുണ്ടോ ആ അംഗങ്ങളിൽ അതിനുള്ള ശക്തി കുടികൊള്ളുന്നുണ്ടായിരിക്കാം എന്നതൊഴികെ.” മററുവാക്കുകളിൽ സംഘടനക്ക് തീരുമാനങ്ങളെടുക്കാനാവുമെങ്കിലും അതിലേറിയ പങ്കും അതിന് അംഗങ്ങളെക്കൊണ്ട് അനുവർത്തിപ്പിക്കാൻ കഴിയില്ല. ഭാരിച്ച ലോകപ്രശ്നങ്ങൾ സുദീർഘമായി നിരന്തരം ചർച്ചചെയ്യപ്പെടുന്നു. തീരുമാനങ്ങൾ മംഗളമായി പാസ്സാക്കപ്പെടുന്നു—അനന്തരം മറന്നും കളയുന്നു. യു. എൻ. സെക്രട്ടറി ജനറൽ, 1982ൽ “തീരുമാനങ്ങളോട് അവ ആരുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുന്നുവോ അവർക്കുള്ള അനാദരവിനെ”യോർത്ത് കുണ്ഠിതപ്പെടുവാൻ പ്രേരിതനായി.
ഇതെല്ലാം സംഘടനാപരമായ പ്രശ്നങ്ങളാണ്—കൂടാതെ വിശകലനവിദഗ്ദരാൽ പരാമർശിക്കപ്പെടുന്ന മററു പ്രശ്നങ്ങളുമുണ്ട്. എന്നാൽ ഐക്യരാഷ്ട്രസംഘടന പരാജയപ്പെട്ടുവെന്നതിന് ഇതിനേക്കാൾ ആഴമേറിയ കൂടുതൽ ഗുരുതരമായ കാരണങ്ങളുണ്ട്.
ആഴമേറിയ പ്രശ്നങ്ങൾ
“അന്ന് ഈ ചാർട്ടറിന്റെ ചട്ടങ്ങൾക്കു വിധേയമായി അന്തർദ്ദേശീയ സുരക്ഷിതത്വവും സമാധാനവും നിലനിർത്തുന്നതിനുള്ള ഒരു സംവിധാനത്തിന് പ്രാഥമിക പരിഗണന നൽകി അത് സ്ഥാപിക്കുക എന്നത് സാദ്ധ്യമായി തോന്നി” എന്ന് ഈ സംഘടനയുടെ സ്ഥാപകരുടെ ആദർശബോധത്തെ സ്മരിച്ചുകൊണ്ട് ജാവ്യർ പെരെസ് ഡിക്വല്ലർ പറഞ്ഞു. ആ ഉദാത്തമായ ദാർശനികതക്ക് എന്തു ഭവിച്ചു? അത് അതിവേഗം വൻശക്തികളുടെ ഭിന്നതകളിൽ ഇരുളടഞ്ഞുപോയി . . . കൂടാതെ ലോകം മുൻപ് പ്രതീക്ഷിച്ചിരുന്നതിലുമധികം സങ്കീർണ്ണവും ക്രമരഹിതവുമായ സ്ഥലമായി മാറി.”
വാസ്തവത്തിൽ ഐക്യരാഷ്ട്രങ്ങൾ സമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്നതിനുള്ള യാതൊരു സാദ്ധ്യതയും ഉണ്ടായിരുന്നില്ല. ആ ദൗത്യം അത്രമേൽ ദുഷ്ക്കരമായിരുന്നു. സെക്രട്ടറി ജനറലിന്റെ അഭിപ്രായം നമ്മെ പ്രവാചകനായ യിരമ്യാവിന്റെ വാക്കുകൾ അനുസ്മരിപ്പിക്കുന്നു: “തന്റെ കാലടികളെ നിയന്ത്രിക്കുക എന്നതുപോലും നടക്കുന്ന മനുഷ്യനാലാവുന്നതല്ല.” (യിരെമ്യാവ് 10:23) മനുഷ്യർക്ക് അവരുടെ പരിമിതമായ ജ്ഞാനവും പ്രാപ്തികളും മുഖേന സകലർക്കും സമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്നതിലുള്ള പ്രശ്നം പരിഹരിക്കാൻ ഒരിക്കലും കഴിയുകയില്ല.
ഐക്യരാഷ്ട്രങ്ങളുടെ സ്ഥാപകർ പ്രതീക്ഷച്ചതിലും സങ്കീർണ്ണമായി ലോകത്തെ അവർ കാണുവാൻ ഇടയായി എന്നാണ് സെക്രട്ടറി ജനറൽ പറഞ്ഞത്. ഈ സ്ഥിതിവിശേഷത്തിന് ഒരു അടിസ്ഥാനകാരണം ഉണ്ട്, അത് അവർക്ക് അറിയില്ലായിരുന്നു എന്ന് ഒററ നോട്ടത്തിൽ തോന്നുന്നു. അപ്പോസ്തലനായ യോഹന്നാൻ അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “മുഴുലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ദുഷ്ടനായ സാത്താൻ ഇന്ന് “മഹാക്രോധത്തോടെ” “ഭൂമിക്ക് കഷ്ടം വരുത്തുന്നുവെന്ന് ബൈബിൾ നമ്മോട് പറയുന്നു. (വെളിപ്പാട് 12:12) സാത്താന്റെയും അവന്റെ സ്വാധീനത്തിന്റെയും കടുത്ത യാഥാർത്ഥ്യം സമാധാനം കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രങ്ങളുടെ യത്നങ്ങളിൻമേൽ അത് പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ വിനാശത്തിന്റെ വിത്തു വിതച്ചു.
ഐക്യരാഷ്ട്രസംഘടന ഈ ലോകത്തിന്റെ ശിശു ആണെന്നും അതുകൊണ്ട് അതിന്റെ സ്വഭാവ ലക്ഷണങ്ങൾ അതിനുണ്ടായിരിക്കും എന്നുകൂടി ഓർക്കുക. ഓരോ അംഗരാഷ്ട്രത്തിന്റെയും തനതായ ബലഹീനതകളും തിൻമകളും അഴിമതികളും ഐക്യരാഷ്ട്രങ്ങളിലും സ്ഥിതിചെയ്യുന്നുണ്ട്. അലക്സാണ്ടർ സോൾഷെനിററ്സിൻ 1972ൽ ഇങ്ങനെ പറയുന്നതായി ഉദ്ദരിക്കപ്പെട്ടു: “ഒരു കാൽ നൂററാണ്ടുകാലം മുമ്പ് മനുഷ്യവർഗ്ഗത്തിന്റെ വലിയ ആശകളോടെ ഐക്യരാഷ്ട്രങ്ങൾ ഉദയം കൊണ്ടു. എന്തുപറയേണ്ടൂ, അധാർമ്മികമായ ഒരു ലോകത്ത് അതും അധാർമ്മികമായി വളർന്നു പോന്നു”. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നു: “‘ദുഷ്ടൻമാർക്ക് സമാധാനം ഇല്ല’ എന്നു യഹോവ പറയുന്നു.” (യെശയ്യാ 48:22) ഒരു “അധാർമ്മിക” ലോകത്തിന് ഒരിക്കലും സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ സാദ്ധ്യമല്ല.
സമാധാനവും സുരക്ഷിതത്വവും സംബന്ധിച്ചെന്ത്?
അതുകൊണ്ട് 1986നെ “അന്തർദേശീയ സമാധാനവർഷ”മായി പ്രഖ്യാപിക്കുന്നത് എന്തെങ്കിലും വ്യത്യാസം വരുത്തുമോ? അത് അങ്ങേയററം അസംഭവ്യമാണ്, കാരണം മേൽപ്പറഞ്ഞ പ്രശ്നങ്ങളത്രയും മനുഷ്യരെക്കൊണ്ട് പരിഹരിക്കാൻ ആവാത്തതാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി ഒൻപതിൽ “അന്തരാഷ്ട്ര ശിശുവർഷം” ശിശുക്കളുടെ അന്തർദേശീയമായ അവസ്ഥ മെച്ചപ്പെടുത്താത്തതുപോലെയും 1975ൽ “അന്താരാഷ്ട്രവനിതാവർഷം” ലോകത്തെ, സ്ത്രീകൾക്ക് ഒരു ശ്രേഷ്ഠമായ സ്ഥലമാക്കിത്തീർക്കുകയോ ചെയ്യാത്തതുപോലെയും “അന്താരാഷ്ട്ര സമാധാനവർഷം” മനുഷ്യവർഗ്ഗത്തെ സമാധാനത്തോടും സുരക്ഷിതത്വത്തോടും അടുത്തെങ്ങും എത്തിക്കുകയില്ല.
എന്നിരുന്നാലും മനുഷ്യവർഗ്ഗം അതിജീവിക്കണമെങ്കിൽ ആരെങ്കിലും സമാധാനവും സുരക്ഷിതത്വവും സംബന്ധിച്ച് എന്തെങ്കിലും ചെയ്തേ മതിയാകൂ. ഇന്ന് ന്യൂക്ലിയർ യുദ്ധായുധസജ്ജരായ രാഷ്ട്രങ്ങൾ ഭൂമുഖത്തുള്ള ജീവനത്രയും നശിപ്പാൻ കഴിയുന്ന നിലയിലാണ്. അത്യാധുനികമായ യുദ്ധായുധങ്ങൾ ഒരോ വർഷവും ഭയങ്കരമായ ജീവനാശത്തിന് ഇടയാക്കുന്നു. യഥാർത്ഥസമാധാനം മുമ്പെക്കാലത്തിലും അധികം വിദൂരത്തിലാണ്. ഐക്യരാഷ്ട്രങ്ങൾ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പരാജയപ്പെട്ടെങ്കിൽ ആർക്ക് അതിന് കഴിയും?
ഒരു ചരിത്രാവലോകനം ഒരു ആശാവഹമായ ഉത്തരം കാഴ്ചവക്കുന്നു. ഏതാണ്ട് 3000 വർഷങ്ങൾക്കു മുമ്പ് മദ്ധ്യപൂർവ്വദേശത്തെ ഒരു യോദ്ധാവും രാജാവുമായിരുന്ന ദാവീദ് അന്താരാഷ്ട്രസമാധാനം കൈവരുത്തുന്നതിൽ വിജയിക്കുന്ന ഒരു ഭാവി ഭരണാധികാരിയെക്കുറിച്ച് എഴുതി. ഈ ഭരണാധികാരിക്ക് വേണ്ടിയുള്ള ഒരു പ്രാർത്ഥനയിൽ ദാവീദ് ഇങ്ങനെ പറഞ്ഞു: “പർവ്വതങ്ങളും കുന്നുകളും നീതിയിലൂടെ ജനത്തിന് സമാധാനം എത്തിക്കട്ടെ അവന്റെ നാളുകളിൽ നീതിമാൻ തഴക്കും, ചന്ദ്രനുള്ളടത്തോളം സമാധാനവും.”—സങ്കീർത്തനങ്ങൾ 72:3,7.
അത്തരം നിലനിൽക്കുന്ന സമാധനം ഏതു ഭരണാധികാരിക്കാണ് കൊണ്ടുവരാൻ കഴിയുക? ഇത് ഏത് അധികാരത്താലാണോ സംഭവിക്കുന്നത് അതിന്റെ ഉറവിടമായി ദാവീദ് ചൂണ്ടിയത് ഏതെങ്കിലും മാനുഷ സംഘടനയിലേക്കല്ല പിന്നെയോ തന്റെ ദൈവമായ യഹോവയിലേക്കണ്. അത് വെറും മോഹം കൊണ്ടുള്ള തോന്നൽ ആയിരുന്നുവോ അല്ല. ദാവീദിന്റെ പുത്രനായിരുന്ന ശലോമോൻ ഇതേ ദൈവത്തെത്തന്നെ ആശ്രയിച്ചു. അവന്റെ വാഴ്ചക്കാലത്ത് ഭൂമിയിലെ ഏററവും യുദ്ധപ്രഹരിതമായ പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന ശലോമോന്റെ രാജ്യത്ത് സമാധാനം വരുത്തിക്കൊണ്ട് യഹോവ അവന്റെ ശക്തി മാതൃകാപരമായ വിധത്തിൽ പ്രകടിപ്പിച്ചു. ശലോമോൻ പോരാളിയായ രാജാവായിരുന്നില്ല; എങ്കിലും അവന്റെ വാഴ്ചയിങ്കൽ “യഹൂദയും യിസ്രായേലും സുരക്ഷിതത്വത്തിൽ വസിച്ചു. ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയിൻങ്കീഴെയും താന്താന്റെ അത്തിവൃക്ഷച്ചുവട്ടിലും (വടക്കു) ദാൻ മുതൽ (തെക്ക്) ബേർശേബവരെ ശലോമോന്റെ നാൾ ഒക്കെയും വസിച്ചു.”—1 രാജാക്കൻമാർ 4:25.
ആ സമാധാനം നിലനിന്നില്ല എന്നത് സത്യമാണ്. യിസ്രായേല്യർ ലോകത്തിന്റെ അധാർമ്മികപ്രവൃത്തികളിൽ വീഴുകയും അവരുടെ ദൈവദത്തമായ സുരക്ഷിതത്വം അവർക്ക് നഷ്ടമാകുകയും ചെയ്തു. എന്നിരുന്നാലും മൂന്നു നൂററാണ്ടുകൾക്ക് ശേഷം ക്രൂരൻമാരായ അസ്സീറിയക്കാർ പീഡനത്തിലൂടെയുള്ള സ്വസ്ഥത എന്ന തങ്ങളുടെ ആക്രമണപരിപാടിയിൽ ഏർപ്പെട്ടിരിക്കെ ശലോമോൻ മുൻനിലാക്കിയ രാജാവിന്റെ ആഗമനത്തെ പ്രവാചകനായ യെഹസ്ക്കേൽ മുൻകൂട്ടിപ്പറഞ്ഞു. അവൻ എഴുതി: “അവന്റെ പേർ അത്ഭുതമന്ത്രി, എന്നും . . . സമാധാനപ്രഭു എന്നും വിളിക്കപ്പെടും. അവന്റെ രാജാധിപത്യത്തിന്റെ വർദ്ധനക്കും സമാധാനത്തിനും അവസാനം ഉണ്ടാകയില്ല.”—യെശയ്യാ 9:6,7.
ആ സമാധാന പ്രഭു ആരാണ്? യെശയ്യാവിന് ഏതാണ്ട് 700 വർഷങ്ങൾക്ക് ശേഷം റോമൻ ലോകശക്തി അതിന്റെ ഭാവനപ്രകാരമുള്ള അന്തർദ്ദേശീയ സമാധാനവും സുരക്ഷിതത്വവും പ്രാവർത്തികമാക്കാൻ തുനിയവേ ആ രാജാവ് യേശുക്രിസ്തു എന്ന വ്യക്തിയുടെ രൂപത്തിൽ ദാവീദിന്റെ രാജ്യമായ യഹൂദയിൽ പ്രത്യക്ഷനായി. അവൻ തന്റെ നാട്ടുകാരോട് താൻ രാജാവിയിരിക്കാൻ പോകുന്ന ദൈവരാജ്യത്തെക്കുറിച്ച് പറഞ്ഞു. അത് ഒരു സ്വർഗ്ഗീയ രാജ്യം ആയിരിക്കുന്നതുകൊണ്ട് ഇതിന് സാത്താന്റെ സ്വാധീനം തന്നെത്തന്നെ ഭരിക്കുന്നതിലുള്ള മമനുഷ്യന്റെ സഹജമായ അപ്രാപ്തി എന്നീ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് കഴിയും. യേശുവിന്റെ നാട്ടുകാർ പക്ഷെ റോമൻ ഭരണം പ്രിയപ്പെടുകയും യേശുവിനെ നിയമം മുഖേന കൊല്ലുകയും ചെയ്തു. എന്നിരുന്നാലും, ചരിത്രം വ്യക്തമായ സാക്ഷ്യം നൽകുന്ന പ്രകാരം അവൻ മരിച്ചവരിൽ നിന്ന് പുനരുത്ഥാനം ചെയ്യപ്പെടുകയും സ്വർഗ്ഗാരോഹണം ചെയ്ത് അവൻ ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ ഭരിക്കുന്നതിനുള്ള ദൈവത്തിന്റെ യുക്ത സമയത്തിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു.
വാസ്തവത്തിൽ പ്രവചനനിവൃത്തി ആ മഹാസംഭവത്തിന്റെ സമയമായി നമ്മുടെ ഇന്നത്തെ നാളുകളെ അടയാളപ്പെടുത്തുന്നു. ദൈവരാജ്യത്തിന്റെ സ്വർഗ്ഗത്തിലെ ജനനവും സാത്താന്റെ ഭൂമിയിലേക്കുള്ള എറിയപ്പെടലും ആണ് സാത്താന്റെ “മഹാക്രോധ”ത്തിനും അവൻ “ഭൂമിക്കു മഹാകഷ്ടം” വരുത്തിവയ്ക്കുന്നതിനും ഇടയാക്കിയിട്ടുള്ളത്. (വെളിപ്പാട് 12:7-12) ഫലമോ? യേശു സ്വയം പ്രവചിച്ചിരുന്നതുപോലുള്ള യുദ്ധങ്ങളും ഇതര മാനുഷയാതനകളും തന്നെ. ഭൂമി “പോംവഴി അറിയാത്ത രാഷ്ട്രങ്ങളുടെ അതിവേദന”യുടെ രംഗമായിത്തീർന്നിരിക്കുകയാണ്.—ലൂക്കോസ് 21:25, 26; മത്തായി 24:3-13
മനുഷ്യന്റെ വഴിയോ ദൈവത്തിന്റെ വഴിയോ?
നാല്പതുവർഷങ്ങൾക്ക് മുമ്പ് ഐക്യരാഷ്ട്രങ്ങളുടെ ജനനത്തിങ്കൽ നടത്തപ്പെട്ട ശുഭപ്രതീക്ഷയോടുകൂടിയ പ്രസ്താവനകളെക്കാൾ ഏതാണ്ട് 2,000 ലധികം വർഷങ്ങൾക്ക് മുമ്പുള്ള വരുന്ന യേശുവിന്റെ പ്രവചനങ്ങൾ ലോകാവസ്ഥകൾ സംബന്ധിച്ച് ഏറെ കൃത്യമായ വർണ്ണന പ്രദാനം ചെയ്യുന്നു. “പോംവഴി” കണ്ടെത്തുന്നതിലുള്ള ഐക്യരാഷ്ട്രങ്ങളുടെ പരാജയം ബൈബിൾ പ്രവചനങ്ങളുടെ കൃത്യതയെ പ്രദീപ്തമാക്കുന്നതിനാണ് ഉതകിയിട്ടുള്ളത്. സത്യമായി യെശയ്യാവിന്റെ വാക്കുകളിൽ ‘സമാധാനത്തിന്റെ ദൂതൻമാർ തന്നെ’ തങ്ങളുടെ ഇച്ഛാഭംഗം ഹേതുവായി ‘പൊട്ടിക്കരയും’—യെശയ്യാ 33:7.
ഭൂമിയിൽ സമാധാനം കൊണ്ടുവരാൻ ഐക്യരാഷ്ട്രങ്ങൾക്ക് എന്തുകൊണ്ട് ഒരിക്കലും കഴിയുകയില്ല. എന്നതിന്റെ അന്തിമ കാരണത്തെ ഇത് ഉയർത്തിക്കാട്ടുന്നു. അത് ദൈവത്തിന്റെ മാർഗ്ഗത്തോട് തികച്ചും വിരുദ്ധമായ ഒരു മാർഗ്ഗത്തിലൂടെയാണ് ചരിക്കുന്നത്. യഹോവയുടെ പ്രഖ്യാപിത ഉദ്ദേശ്യം അനുസരിച്ച് സമാധാനം വരും, പക്ഷെ അത് ഈ ലോക രാഷ്ട്രങ്ങൾ ഐകമത്യപ്പെടുന്നതിനാലല്ല പിന്നെയോ ഇവയെ നീക്കിക്കൊണ്ട് ഇവയ്ക്കെല്ലാം പകരമായി ദൈവരാജ്യം വരുന്നതിലൂടെ ആയിരിക്കും. (ദാനിയേൽ 2:44) ഡാഗ് ഹാമർഷോൾഡ് പറഞ്ഞത് അദ്ദേഹം ഈ പഴയഭൂമിയെ രക്ഷിക്കാൻ” യത്നിക്കുകയാണ് എന്നാണ്. ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് സ്വതന്ത്രമായ ഭിന്ന രാഷ്ട്രങ്ങൾ ചേർന്നുള്ള ഇന്നത്തെ ലോകവ്യവസ്ഥിതിയെ ആണെങ്കിൽ അദ്ദേഹത്തിന്റെ ആശകൾ തുടക്കം മുതലേ പരാജയത്തിന്റെ നിഴലിലാണ്. “പഴയ ഭൂമി” പുതിയ വ്യവസ്ഥിതിക്ക് വഴിമാറിക്കൊടുക്കേണ്ടതാണ്. “ലോകം നീങ്ങിപ്പോകുന്നു.” (1 യോഹന്നാൻ 2:17) ഒന്നിനും അതിനെ രക്ഷിക്കാൻ കഴിയുകയില്ല, ഐക്യരാഷ്ട്രസംഘടനക്കു പോലും.
രാഷ്ട്രങ്ങളുടെ ദേശീയതയിൽ നിന്നുയരുന്ന സ്വർത്ഥതയുടെ പശ്ചാത്തലത്തിൽ സമാധാനവും സുരക്ഷിതത്വവും ആനയിക്കാൻ യഥാർത്ഥമായ ഒരേയൊരു സമീപനമെ ഉള്ളു. മനുഷ്യൻ ഏദൻ തോട്ടത്തിൽ നിന്ന് ബഹിഷ്ക്കരിക്കപ്പെട്ടതുമുതൽ ആശിച്ചുപോന്നതരം സമാധാനം കൈവരുത്താൻ ദൈവരാജ്യത്തിന് മാത്രമേ കഴിയു. ആ രാജ്യത്തിന്റെ പ്രവർത്തനങ്ങൾ വഴിയായി ഉണ്ടാകുന്ന സുരക്ഷിതത്വത്തെ സംബന്ധിച്ചുള്ള ഒരു വർണ്ണന ഇതാ: “[ദൈവം] അവരുടെ കണ്ണുകളിൽ നിന്ന് എല്ലാ കണ്ണീരും തുടച്ചുകളയും, ഇനിമേൽ വിലാപമോ മുറവിളിയോ വേദനയോ ഉണ്ടായിരിക്കുകയില്ല. മുൻപുണ്ടായിരുന്നതെല്ലാം നീങ്ങിപ്പോയി.” വെളിപ്പാട് 21:4.
ആ വാഗ്ദത്തം അയഥാർത്ഥമായി തോന്നുന്നുണ്ടോ? സത്യത്തിൽ നമുക്കുള്ള ഏക പ്രത്യാശ അത് മാത്രമാണ്. ഇതെന്തുകൊണ്ട് അങ്ങനെയായിരിക്കുന്നുവെന്ന് വീക്ഷാഗോപുരത്തിന്റെ അടുത്ത ലക്കം ആഴത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും. അതിനിടക്ക് സുപ്രധാനമായ ഒരു യാഥാർത്ഥ്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഐക്യ രാഷ്ട്രങ്ങളുടെ ചരിത്രം അവസാനിച്ചിട്ടില്ല. സംഘടനക്ക് ഭാവിസംഭവങ്ങളിലും ഒരു പ്രധാനപങ്കു വഹിക്കുന്നതിനുണ്ട്. ബൈബിൾ പ്രവചനത്തിന്റെ വെളിച്ചത്തിൽ ഐക്യരാഷ്ട്രസംഘടനയുടെ ഭാവിയേക്കുറിച്ച് ചർച്ച ചെയ്തിരിക്കുന്ന 1986 ഏപ്രിൽ വീക്ഷാഗോപുരം 13-24 പേജുകൾ വായിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. (w85 10/1)
[5-ാം പേജിലെ ചിത്രം]
സമാധാനം കൈവരുത്തുക എന്നത് ഐക്യരാഷ്ട്രങ്ങൾക്ക് അത്യന്തം ദുഷ്ക്കരമാണ്.
[കടപ്പാട്]
U.S. Army photo
[6-ാം പേജിലെ ചിത്രം]
‘മുഴുലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.’ ഇതിൽ ഐക്യരാഷ്ട്രങ്ങളും ഉൾപ്പെടുന്നു.
[7-ാം പേജിലെ ചിത്രം]
ഐക്യരാഷ്ട്രങ്ങൾക്ക് അതിന്റെ അംഗരാഷ്ട്രങ്ങളുടെതിനേക്കാൾ ധാർമ്മികമായിരിക്കാൻ ഒരിക്കലും കഴിയുകയില്ല.