സമാധാനവും സുരക്ഷിതത്വവും—പ്രത്യാശ
“ഐക്യരാഷ്ട്ര പൊതുസഭ 1986നെ അന്താരാഷ്ട്രസമാധാനവർഷമായി ഐക്യകണ്ഠ്യേന പ്രഖ്യാപിച്ചു. ഈ വത്സരം ഒക്ടോബർ 24, 1985ൽ ഐക്യരാഷ്ട്രങ്ങളുടെ നാല്പതാം വാർഷികത്തിങ്കൽ വച്ചായിരുന്നു ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടത്.”
ഐക്യരാഷ്ട്രസംഘടനയിൽ നിന്നുള്ള ഈ ഔദ്യോഗിക പ്രസ്താവനയെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു? അത് ഭാവിയെ സംബന്ധിച്ചു നിങ്ങൾക്ക് ഏറിയ ശുഭാപ്തിവിശ്വസം പകർന്നു തരുന്നുണ്ടോ? സമാധാനം കൊണ്ടുവരുന്നതിന് വിദൂര സാദ്ധ്യതയെങ്കിലും ഉള്ള എന്തും പരിശോധനായോഗ്യമാണ് എന്ന് അനേകർ പറഞ്ഞേക്കാം. അതുകൊണ്ട് “അന്താരാഷ്ട്രസമാധാനവർഷം” എന്തുകൊണ്ടായ്ക്കൂടാ?
തീർച്ചയായും അത്തരം “സമാധാനവർഷം” ഐക്യരാഷ്ട്രസംഘടനയുടെ സ്ഥാപകരുടെ ലക്ഷ്യങ്ങൾക്ക് ചേർച്ചയിലുള്ള ഒന്നാണ്. മുമ്പ് 1944ൽ ഐക്യനാടുകളുടെ പ്രസിഡൻറ് ഇങ്ങനെ പ്രഖ്യാപിച്ചു: “ഇനിയും ഒരു ആക്രമണകാരിയോ കീഴടക്കുന്നവനോ തലപൊക്കുകപോലും ഇല്ല എന്ന് ഉറപ്പുവരുത്തത്തക്കവണ്ണം സമാധാനസ്നേഹികളായ രാഷ്ട്രങ്ങളെ അവരുടെ അഭിലാഷ ഐക്യത്തിലൂടെയും ഇച്ഛാശക്തിയുടെ ഒരുമയിലൂടെയും ബലത്തിന്റെ ഐക്യത്തിലൂടെയും സംഘടിപ്പിക്കുന്നതിന് . . . ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടാണ് യുദ്ധത്തിന്റെ പ്രാരംഭം മുതൽക്കുതന്നെ ഞങ്ങളുടെ സൈനീകപദ്ധതികൾക്ക് സമാന്തരമായി സമാധാനവും സുരക്ഷിതത്വവും പരിപാലിക്കാൻ ഒരു പൊതു സംഘടനയ്ക്കു അടിത്തറ പാകാൻ ഞങ്ങൾ തുടങ്ങിയിരിക്കുന്നത്”
ആ ആദർശങ്ങൾ പലരും പങ്കുവച്ചു. “ഐക്യരാഷ്ട്രങ്ങൾ ആസ്തിക്യത്തിൽ വരണമെങ്കിൽ നൻമചെയ്യാനുള്ള മമനുഷ്യന്റെ കഴിവിൽ ആളുകളുടെ ഒരു വലിയ സംഘം വിശ്വസിക്കുകയും അവരുടെ ആശ നീതീകരിക്കത്തക്കതാണ് എന്ന് അവർക്ക് തോന്നുകയും വേണം” എന്ന് ഒരു ആദർശത്തിന്റെ പരാജയം എന്ന ഷെർളി ഹസ്സാർഡിന്റെ പുസ്തകം പറയുന്നു. അവൾ ഐക്യരാഷ്ട്ര സെക്രട്ടറിയേററിൽ ഒരു ദശാബ്ദക്കാലം സേവനം അനുഷ്ടിച്ച വ്യക്തിയാണ്.
ഈ നവജാത സംഘടനയുടെ ചാർട്ടർ ഇപ്രകാരമാണ് അതിന്റെ ഉപജ്ഞാതാക്കളുടെ ആശകളെ പ്രതിഫലിപ്പിച്ചത്: “ഐക്യരാഷ്ട്രങ്ങളുടെ ഉദ്ദേശ്യങ്ങൾ ഇവയാണ്: 1. അന്താരാഷ്ട്രീയ സമാധാനവും സുരക്ഷിതത്വവും കാത്തുരക്ഷിക്കുക . . . 2. ജനങ്ങളുടെ തുല്യ അവകാശങ്ങൾ, അവരുടെ സ്വയനിർണ്ണയം എന്നീ തത്വങ്ങളിലധിഷ്ഠിതമായി രാഷ്ട്രങ്ങൾക്കിടക്ക് സുഹൃദ്ബന്ധങ്ങൾ വികസിപ്പിക്കുക . . . 3. അന്താരാഷ്ട്രീയപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അന്തർദ്ദേശീയ സഹകരണം കൈവരിക്കുക.” ഈ ആദർശങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടോ?
സമ്മതിച്ചു പറഞ്ഞിട്ടുള്ളപ്രകാരം ഐക്യരാഷ്ട്രങ്ങൾക്ക് ആകർഷകമായ ഒരു തുടക്കം ഉണ്ടായിരുന്നു. ഭാരിച്ച ലോകപ്രശ്നങ്ങൾ ചർച്ചചെയ്യപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തെട്ടിൽ സുപ്രധാനമായ സാർവ്വത്രിക മനുഷ്യാവകാശപ്രഖ്യാപനം അംഗീകരിക്കപ്പെട്ടു. പട്ടിണി, രോഗം, വിശപ്പ്, അഭയാർത്ഥികളുടെ ദു:സ്ഥിതി എന്നിവ ദുരീകരിക്കുന്നതിന് വിലയേറിയ മനുഷ്യകാരുണ്യപ്രവർത്തനങ്ങൾ ഏറെറടുക്കപ്പെട്ടു. കപ്പലുകളുടെയും വിമാനങ്ങളുടെയും സംരക്ഷണത്തിനുള്ള പ്രമാണങ്ങൾ, ചില പ്രത്യേകഭൂവിഭാഗങ്ങളിലേക്കു പുറപ്പെടുന്ന യാത്രക്കാർക്കുള്ള ആരോഗ്യ സർട്ടിഫിക്കേററുകൾ, ഏകീകൃത തപാൽ നിരക്കുകൾ, വാർത്താപ്രക്ഷേപണോദ്ദേശ്യങ്ങൾക്കായുള്ള ബഹിരാകാശത്തിന്റെ പങ്കുവയ്പ്പ് എന്നിത്യാദി അന്തരാഷ്ട്രീയ പ്രമാണങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 1947-49ലുണ്ടായ സംഘട്ടനത്തിൽ സമാധാനം ഉണ്ടാക്കുന്നതിനുള്ള യജ്ഞത്തിൽ ഐക്യരാഷ്ട്രങ്ങൾ അടുത്തുൾപ്പെട്ടിരുന്നു. അതിന്റെ യോദ്ധാക്കൾ അതിന്റെ പതാകയിൻ കീഴെ 1950ൽ കൊറിയയിലേക്കും 1960ൽ കോംഗോയിലേക്കും (ഇന്നത്തെ സയീർ) പോയിരുന്നപ്പോഴെല്ലാം അത് അതിന്റെ സൈന്യബലം പോലും കാണിച്ചു. സൈപ്രസിലും മദ്ധ്യപൂർവ്വദേശത്തും ഐക്യരാഷ്ട്രങ്ങളുടെ സമാധാന സംരക്ഷണസേന ഇന്നുമുണ്ട്. അതെ, കഴിഞ്ഞ 40 വർഷങ്ങളിൽ ഐക്യരാഷ്ട്രസംഘടന അതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ന്യൂയോർക്ക് നഗരിയിലെ പൂർവ്വനദിയുടെ കരയിലുള്ള ഐക്യരാഷ്ട്രങ്ങളുടെ പ്രൗഢമായ ആസ്ഥാനത്തിലേക്ക് പ്രതിനിധികളെ അയച്ചുകൊണ്ട് 150ലധികം രാജ്യങ്ങൾ, തങ്ങൾ അതിനെ അംഗീകരിച്ചിരിക്കുന്നുവെന്നു കാണിച്ചിരിക്കുന്നു.
എന്നാൽ അന്തരാഷ്ട്രസമാധാനവും സുരക്ഷിതത്വവും കാത്തുരക്ഷിക്കുക എന്ന അതിന്റെ അടിസ്ഥാന കർത്തവ്യം അത് എത്രത്തോളം നിറവേററിയിരിക്കുന്നു? അതുപോലെ, പ്രഖ്യാപിതമായ “അന്താരാഷ്ട്രസമാധാനവർഷം” എന്ത് ഫലം കൈവരുത്തും? (w85 10/1)