വർഷത്തെ വിഫലശ്രമങ്ങൾ
“നമ്മുടെ ജീവിതകാലത്തു മനുഷ്യവർഗത്തിനു രണ്ടുപ്രാവശ്യം കണക്കറ്റ ദുരിതങ്ങൾ വരുത്തിയ യുദ്ധത്തിന്റെ കഠിനയാതനകളിൽനിന്ന് അനന്തര തലമുറകളെ രക്ഷിക്കാനും മനുഷ്യന്റെ മൗലിക അവകാശങ്ങളിലും അന്തസ്സിലും മനുഷ്യവ്യക്തിയുടെ മൂല്യത്തിലും സ്ത്രീപുരുഷന്മാരുടെയും വലിയതും ചെറിയതുമായ രാഷ്ട്രങ്ങളുടെയും തുല്യാവകാശങ്ങളിലും വിശ്വാസമുറപ്പിക്കാനും . . . ഐക്യരാഷ്ട്രങ്ങളിലെ ജനങ്ങളായ ഞങ്ങൾ ദൃഢചിത്തരാണ്.”—ഐക്യരാഷ്ട്ര ചാർട്ടറിന്റെ മുഖവുര.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റഞ്ച് ഒക്ടോബർ 24-ന് ഐക്യരാഷ്ട്രങ്ങളുടെ 50-ാം വാർഷികമാണ്. ഇപ്പോഴുള്ള 185 അംഗരാഷ്ട്രങ്ങളെല്ലാംതന്നെ ചാർട്ടറിൽ പ്രകടിപ്പിച്ചിരിക്കുന്ന, സംഘടനയുടെ മൂലതത്ത്വങ്ങളോടും ഉദ്ദേശ്യലക്ഷ്യങ്ങളോടും പ്രതിജ്ഞാബദ്ധരാണ്: അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും നിലനിർത്തുക; ലോകസമാധാനത്തിനു ഭീഷണിയാകുന്ന അക്രമപ്രവർത്തനങ്ങളെ അടിച്ചമർത്തുക; രാഷ്ട്രങ്ങൾ തമ്മിൽ സൗഹാർദം വളർത്തുക; വർഗം, ലിംഗം, ഭാഷ, മതം എന്നിവയെ അടിസ്ഥാനമാക്കി വിവേചന കാണിക്കാതെ എല്ലാ ജനങ്ങളുടെയും മൗലിക സ്വാതന്ത്ര്യം സംരക്ഷിക്കുക; സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പ്രശ്നങ്ങളുടെ പരിഹാരത്തിന് അന്താരാഷ്ട്ര സഹകരണം തേടുക.
50 വർഷമായി ഐക്യരാഷ്ട്രസംഘടന ലോകസമാധാനവും സുരക്ഷിതത്വവും കൈവരിക്കാൻ ശ്രദ്ധേയമായ ശ്രമങ്ങൾ ചെയ്തിട്ടുണ്ട്. അത് ഒരു മൂന്നാം ലോകമഹായുദ്ധത്തെ ഒഴിവാക്കിയിട്ടുണ്ടാവാമെന്നു ന്യായമായും പറയാവുന്നതാണ്. മാത്രവുമല്ല, ആണവ ബോംബ് ഉപയോഗിച്ചുള്ള മനുഷ്യജീവന്റെ മൊത്തനാശവും ആവർത്തിക്കപ്പെട്ടിട്ടില്ല. ഐക്യരാഷ്ട്രങ്ങൾ കോടാനുകോടി കുട്ടികൾക്കു ഭക്ഷണവും മരുന്നും പ്രദാനം ചെയ്തിട്ടുണ്ട്. മറ്റുപല സംഗതികളോടൊപ്പം ശുദ്ധമായ കുടിവെള്ളവും അപകടകരമായ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധവും പ്രദാനം ചെയ്തുകൊണ്ട്, അത് അനേകം രാജ്യങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യനിലവാരങ്ങൾക്കു സംഭാവന ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് അഭയാർഥികൾക്കു മനുഷ്യത്വപരമായ സഹായം ലഭിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസംഘടനയ്ക്ക് അതിന്റെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി സമാധാനത്തിനുള്ള നോബൽ സമ്മാനം അഞ്ചുപ്രാവശ്യം ലഭിച്ചിട്ടുണ്ട്. എന്നാലും നാമിപ്പോഴും ജീവിക്കുന്നത് യുദ്ധമില്ലാത്ത ഒരു ലോകത്തിലല്ലെന്നതു സങ്കടകരമായ വസ്തുതതന്നെ.
സമാധാനവും സുരക്ഷിതത്വവും—സഫലീകരിക്കാത്ത ലക്ഷ്യങ്ങൾ
50 വർഷത്തെ ശ്രമങ്ങൾക്കുശേഷവും, സമാധാനവും സുരക്ഷിതത്വവും ഇപ്പോഴും സഫലീകരിക്കാത്ത ലക്ഷ്യങ്ങൾതന്നെ. ഈ അടുത്ത കാലത്ത്, ഐക്യരാഷ്ട്രങ്ങളുടെ പൊതുസഭയിൽ നടത്തിയ ഒരു പ്രസംഗത്തിൽ, “അങ്ങേയറ്റം പ്രത്യാശയും അവസരവും നേട്ടവും നിറഞ്ഞ ഈ നൂറ്റാണ്ട് കടുത്ത നാശത്തിന്റെയും നിരാശയുടെയുംകൂടെ യുഗമായിരിക്കുന്നു”വെന്നു പറഞ്ഞുകൊണ്ട് ഐക്യനാടുകളുടെ പ്രസിഡൻറ് തന്റെ ആശാഭംഗം പ്രകടിപ്പിക്കുകയുണ്ടായി.
1994 സമാപിച്ചപ്പോൾ, ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഏതാണ്ടു 150 യുദ്ധങ്ങൾ അല്ലെങ്കിൽ ചില്ലറ പോരാട്ടങ്ങൾ നടക്കുന്നുണ്ട്. അതിൽ ആയിരക്കണക്കിന് ആളുകൾ—മിക്ക കണക്കുകളും കാണിക്കുന്നതനുസരിച്ച് പട്ടാളക്കാരെക്കാൾ കൂടുതൽ സാധാരണക്കാർ—കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ അഭയാർഥികളായിത്തീരുകയും ചെയ്യുന്നുണ്ട്.” സായുധ പോരാട്ടങ്ങളുടെ ഫലമായി 1945 മുതൽ രണ്ടു കോടിയിലധികം ആളുകൾക്കു ജീവാപായം സംഭവിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ടുമെൻറ് ഓഫ് പബ്ലിക് ഇൻഫർമേഷൻ റിപ്പോർട്ടു ചെയ്തു. “പ്രാദേശിക പോരാട്ടങ്ങൾ ഇപ്പോൾ അനേകവിധങ്ങളിൽ കൂടുതൽ മൃഗീയമായിരിക്കുകയാണ്” എന്ന് ഐക്യരാഷ്ട്രങ്ങളിലെ യു.എസ്. സ്ഥാനപതിയായ മാഡെലിൻ ആൽബ്രൈറ്റ് അഭിപ്രായപ്പെടുകയുണ്ടായി. മനുഷ്യാവകാശധ്വംസനങ്ങളും വിവേചനയും ദിവസേനേ വാർത്തകളിൽ തുള്ളിത്തുളുമ്പുകയാണ്. പരസ്പരം സൗഹൃദം സ്ഥാപിക്കുന്നതിനുപകരം അനേകം രാഷ്ട്രങ്ങളും പരസ്പരം സഹിച്ചുനിൽക്കുകയാണ്.
“1980-കൾവരെ ഐക്യരാഷ്ട്രങ്ങൾ സദുദ്ദേശ്യപരമായ ഒരു പരാജയത്തോട് ഏറെക്കുറെ അടുത്തായിരുന്നു,” ഐക്യരാഷ്ട്രങ്ങളിലെ ബ്രിട്ടന്റെ സ്ഥാനപതിയായ സർ ഡേവിഡ് ഹന്നെയ് സമ്മതിച്ചുപറഞ്ഞു. സമാധാനപാലന ദൗത്യങ്ങളുടെ കാര്യത്തിൽ, അംഗരാഷ്ട്രങ്ങൾക്കിടയിൽ വിപ്രതിപത്തിയും വലച്ചലും കൂടിക്കൂടിവരികയാണെന്ന് ഐക്യരാഷ്ട്രങ്ങളുടെ സെക്രട്ടറി ജനറൽ ബുട്രോസ് ബുട്രോസ്-ഖാലി വിലപിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അംഗങ്ങളിൽ അനേകരും “ഐക്യരാഷ്ട്രങ്ങൾക്കു മുൻഗണന കൊടുക്കുന്നില്ല.”
മാധ്യമങ്ങളുടെ സ്വാധീനം
ഐക്യരാഷ്ട്രങ്ങൾക്ക് എത്ര ശക്തിയുണ്ടെന്നു തോന്നിയാലും, പലപ്പോഴും രാഷ്ട്രീയവും മാധ്യമങ്ങളും അതിന്റെ ശ്രമങ്ങൾക്കു മാർഗതടസ്സം സൃഷ്ടിക്കാറുണ്ട്. അംഗങ്ങളുടെ പിന്തുണയില്ലെങ്കിൽ ഐക്യരാഷ്ട്രങ്ങൾക്കു യാതൊരു ശക്തിയുമില്ല. എന്നാൽ പൊതുജനാംഗീകാരമില്ലാതെ, യുഎൻ അംഗങ്ങൾ പലരും ഐക്യരാഷ്ട്രങ്ങളെ പിന്തുണയ്ക്കില്ല. ഉദാഹരണത്തിന്, ദ വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നതനുസരിച്ച്, “സൊമാലിയയിലും ബോസ്നിയയിലും നേരിട്ട വൻ പരാജയം നിമിത്തം അനേകം അമേരിക്കക്കാർക്കും തോന്നുന്നത് ഈ സംഘടന കേവലം അനാവശ്യമാണെന്നു മാത്രമല്ല, വാസ്തവത്തിൽ അപകടകരമാണെന്നുമാണ്.” പൊതുജനത്തിന്റെ ഈ മനോഭാവംനിമിത്തം ഐക്യരാഷ്ട്രങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ വെട്ടിക്കുറയ്ക്കുന്ന കാര്യം ശുപാർശചെയ്യാൻ ചില അമേരിക്കൻ രാഷ്ട്രീയക്കാർ പ്രേരിതരായിരിക്കുകയാണ്.
ഐക്യരാഷ്ട്രങ്ങളെ നിശിതമായി വിമർശിക്കുന്ന കാര്യത്തിൽ വാർത്താമാധ്യമങ്ങൾക്ക് ഒരു മടിയുമില്ല. യുഎൻ പ്രവർത്തനങ്ങളുടെ വ്യത്യസ്ത വശങ്ങളെ വർണിക്കേണ്ടിവരുമ്പോൾ നിർലോഭം പ്രയോഗിക്കുന്ന ചില പദങ്ങളുണ്ട്. “തികഞ്ഞ കഴിവുകേട്,” “ശല്യപ്രദം,” “കാര്യക്ഷമതയില്ലാത്ത,” “തളർവാതംപിടിപെട്ട” എന്നിവയാണവ. “യഥാർഥ ലോകവുമായി ഇണങ്ങിപ്പോകാൻ പാടുപെടുന്ന ഒരു മെല്ലെപ്പോക്ക് ഉദ്യോഗസ്ഥാധിപത്യമായി നിലകൊള്ളുകയാണ് ഐക്യരാഷ്ട്രങ്ങൾ” എന്നായിരുന്നു ദ വാഷിങ്ടൺ പോസ്റ്റ് നാഷണൽ വീക്ക്ലി എഡിഷൻ ഈയിടെ പ്രസ്താവിച്ചത്.
റുവാണ്ടയിലെ കൂട്ടക്കുരുതിയെക്കുറിച്ചുള്ള തന്റെ നിരാശ പ്രകടിപ്പിച്ചുകൊണ്ട് സെക്രട്ടറി ജനറൽ ബുട്രോസ് ബുട്രോസ്-ഖാലി പറഞ്ഞ വാക്കുകൾ മറ്റൊരു പത്രത്തിൽ വന്നിരുന്നു. അദ്ദേഹം പറഞ്ഞു: “അത് ഒരു പരാജയമാണ്; ഐക്യരാഷ്ട്രങ്ങൾക്കുമാത്രമല്ല; അന്താരാഷ്ട്ര സമൂഹത്തിനുതന്നെ അത് ഒരു പരാജയമാണ്. ഈ പരാജയത്തിനു നാമെല്ലാം ഉത്തരവാദികളാണ്.” ഐക്യരാഷ്ട്രങ്ങൾ “സമാധാനത്തിനുള്ള ഏറ്റവും വലിയ ഭീഷണിയായ ആണവായുധങ്ങളുടെ വ്യാപനത്തെ തടയാൻ പരാജയപ്പെട്ടിരിക്കുന്നു” എന്നാണ് ജനപ്രീതിയാർജിച്ച ഒരു പ്രത്യേക ടിവി വാർത്താപരിപാടി 1993-ൽ പ്രസ്താവിച്ചത്. “പതിറ്റാണ്ടുകളോളം സംഭവിച്ചതു മിക്കവാറും സംസാരംമാത്രം” എന്നായിരുന്നു ടിവി പരിപാടി ഐക്യരാഷ്ട്രങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്.
വ്യാപകമായി തോന്നുന്ന ഈ നിരാശ ഐക്യരാഷ്ട്ര ഉദ്യോഗസ്ഥർക്കു മനോവിഷമമുണ്ടാക്കുകയും അവരുടെ നിരാശയ്ക്ക് ആക്കംകൂട്ടുകയും ചെയ്യുന്നുണ്ട്. നിരാശനിറഞ്ഞ സാഹചര്യമാണെങ്കിലും, ഐക്യരാഷ്ട്രങ്ങളുടെ 50-ാം വാർഷികത്തിൽ അനേരുടെയും ശുഭാപ്തിവിശ്വാസത്തിന് ഒരു പുത്തനുണർവ് ലഭിച്ചിട്ടുണ്ടെന്നും അവർ ഒരു പുതിയ തുടക്കം പ്രതീക്ഷിക്കുന്നുണ്ടെന്നും തോന്നുന്നു. ഐക്യരാഷ്ട്രങ്ങളുടെ പോരായ്മകൾ സമ്മതിക്കവേതന്നെ, സ്ഥാനപതിയായ അൽബ്രൈറ്റ് പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ അവർ അനേകരുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കുകയായിരുന്നു: “നാം എവിടെയായിരുന്നു എന്നതിനെക്കുറിച്ചുള്ള സംസാരം നിർത്തണം, എന്നിട്ടു നാം ഇനി എങ്ങോട്ടാണു പോകുന്നത് എന്നതിനെക്കുറിച്ചാണു സംസാരിക്കേണ്ടത്.”
അതേ, ലോകം എങ്ങോട്ടാണു പൊയ്ക്കൊണ്ടിരിക്കുന്നത്? യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടായിരിക്കുമോ? അങ്ങനെയെങ്കിൽ, അതിൽ ഐക്യരാഷ്ട്രങ്ങൾ വഹിക്കുന്ന പങ്ക് എന്തായിരിക്കും? അതിലുപരി, നിങ്ങൾ ദൈവഭയമുള്ള ഒരുവനാണെങ്കിൽ, ‘അതിൽ ദൈവം എന്തു പങ്കു വഹിക്കും?’ എന്നു നിങ്ങൾ ചോദിക്കണം.
[4-ാം പേജിലെ ചതുരം]
വിഫലശ്രമങ്ങൾ
യുദ്ധവും ദാരിദ്ര്യവും കുറ്റകൃത്യവും അഴിമതിയും നിലനിൽക്കുന്നിടത്തോളംകാലം സമാധാനവും സുരക്ഷിതത്വവും ഉണ്ടാകാൻ പോകുന്നില്ല. ഐക്യരാഷ്ട്രങ്ങൾ ഈയിടെ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകളാണു താഴെ കാണുന്നത്.
യുദ്ധങ്ങൾ: “1989-നും 1992-നും ഇടയിൽ നടന്ന 82 സായുധപോരാട്ടങ്ങളിൽ 79 എണ്ണവും ആഭ്യന്തര പോരാട്ടങ്ങളായിരുന്നു, അവയിൽ അനേകവും വംശീയമായിരുന്നു; അതിലെ 90 ശതമാനം ദുരന്തവും ഏൽക്കേണ്ടിവന്നതു സാധാരണക്കാർക്കായിരുന്നു.”—യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ടുമെൻറ് ഓഫ് പബ്ലിക് ഇൻഫർമേഷൻ (യുഎൻഡിപിഐ).
ആയുധങ്ങൾ: “48 രാജ്യങ്ങളിലെ 95 നിർമാതാക്കൾ സൈനികർക്കെതിരെ ഉപയോഗിക്കാവുന്ന മൈനുകൾ പ്രതിവർഷം 50 ലക്ഷത്തിനും 1 കോടിക്കും ഇടയിൽ നിർമിക്കുന്നുണ്ടെന്ന് ഐസിആർസി [ഇൻറർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ് ക്രോസ്] കണക്കാക്കുന്നു.”—യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്സിആർ)
“ആഫ്രിക്കയിൽ, 18-ലധികം രാജ്യങ്ങളിലായി ഏതാണ്ട് മൂന്നു കോടിയിലധികം മൈനുകൾ വിതറിയിട്ടുണ്ട്.”—യുഎൻഎച്ച്സിആർ
ദാരിദ്ര്യം: “ലോകവ്യാപകമായി, അഞ്ചു പേരിൽ ഒരാൾ വീതം—മൊത്തം ഒരു ശതകോടിയിലധികമാളുകൾ—ദാരിദ്ര്യരേഖയ്ക്കു താഴെയാണു ജീവിക്കുന്നത്. 1 കോടി 30 ലക്ഷംമുതൽ 1 കോടി 80 ലക്ഷംവരെ ആളുകൾ ദാരിദ്ര്യവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.”—യുഎൻഡിപിഐ
കുറ്റകൃത്യം: “റിപ്പോർട്ടുചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ ലോകവ്യാപക ശരാശരിയിൽ പ്രതിവർഷം 5 ശതമാനം വർധനവ് 1980-കൾ മുതൽ കാണുന്നുണ്ട്; ഐക്യനാടുകളിൽ മാത്രം പ്രതിവർഷം മൂന്നര കോടി കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്.”—യുഎൻഡിപിഐ
അഴിമതി: “പൊതു അഴിമതി സർവസാധാരണമായിത്തീരുകയാണ്. ചില രാജ്യങ്ങളിൽ, സാമ്പത്തിക വെട്ടിപ്പുകൾ രാജ്യത്തിന്റെ മൊത്ത വാർഷിക ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനത്തിനു തുല്യമായതിന്റെ വില വരുന്നതായി കണക്കാക്കപ്പെടുന്നു.”—യുഎൻഡിപിഐ