യുദ്ധമില്ലാത്ത ഒരു ലോകം—എപ്പോൾ?
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തഞ്ച് ഒക്ടോബർ 24-നായിരുന്നു ഐക്യരാഷ്ട്രങ്ങളുടെ ചാർട്ടർ പ്രാബല്യത്തിൽ വന്നത്. ലോകസമാധാനത്തിനുവേണ്ടി മനുഷ്യർ രൂപകൽപ്പന ചെയ്തിട്ടുള്ളതിലേക്കും ഏറ്റവും സമഗ്രമായ പദ്ധതിയാണിത്. 51 അംഗരാഷ്ട്രങ്ങളോടെ ആരംഭിച്ച ഐക്യരാഷ്ട്രങ്ങൾ ലോകചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയായിത്തീർന്നു. കൂടാതെ, ആദ്യമായി ഒരു അന്താരാഷ്ട്ര സംഘടന സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കാനും യുദ്ധമില്ലാത്ത ഒരു ലോകം ആനയിക്കാനും സൈന്യത്തെ അയയ്ക്കാൻ കഴിയുന്ന അവസ്ഥ കൈവരിക്കുകയായിരുന്നു.
ഇന്ന്, 185 അംഗരാഷ്ട്രങ്ങളുള്ള ഐക്യരാഷ്ട്രങ്ങൾ എക്കാലത്തെക്കാളും ശക്തമാണ്. അപ്പോൾ, ചരിത്രത്തിലെ ഏറ്റവും ശക്തമായ അന്താരാഷ്ട്ര സംഘടന അതിന്റെ ഉന്നത ലക്ഷ്യങ്ങൾ മുഴുവനായി കൈവരിക്കാൻ പരാജയപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
മതം—ഒരു വലിയ പ്രതിബന്ധം
ലോകകാര്യങ്ങളിൽ മതം വഹിക്കുന്ന പങ്ക് ഒരു വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. ഐക്യരാഷ്ട്രങ്ങൾ സ്ഥാപിതമായതുമുതൽ ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങൾ തങ്ങളുടെ പിന്തുണ ആ സംഘടനയ്ക്കു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതു വാസ്തവമാണ്. അതിന്റെ 50-ാം വാർഷികത്തെ പരാമർശിക്കവേ, ജോൺ പോൾ II-ാമൻ ഐക്യരാഷ്ട്രങ്ങളെക്കുറിച്ചു പറഞ്ഞത് “സമാധാനം സ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അതിവിശിഷ്ടമായ ഉപാധി” ആണ് അത് എന്നാണ്. മതനേതാക്കന്മാരുടെ ആഗോള സമൂഹത്തിനും അതേ വികാരങ്ങൾതന്നെയാണുള്ളത്. എന്നാൽ ഐക്യരാഷ്ട്രങ്ങൾക്കു മതം ഒരു പ്രതിബന്ധവും ശല്യവുമാണെന്ന വസ്തുത മറച്ചുപിടിക്കാൻ മതത്തിനും ഗവൺമെൻറിനും ഇടയിലുള്ള നയപരമായ ഈ ബന്ധത്തിനു സാധിക്കില്ല.
ദേശീയവാദപരമായ പകയെയും യുദ്ധങ്ങളെയും വംശഹത്യയെയും പ്രോത്സാഹിപ്പിക്കുന്നതിലോ പിന്തുണയ്ക്കുന്നതിലോ മതത്തിനു നൂറ്റാണ്ടുകളായി പ്രഥമ സ്ഥാനമാണുള്ളത്. സമീപ വർഷങ്ങളിൽ, മതതീക്ഷ്ണതയുടെ മറവിൽ, അയൽക്കാർ പരസ്പരം കൊന്നൊടുക്കി. ബാൾക്കൻ പ്രദേശങ്ങളിലെ യുദ്ധത്തോടുള്ള ബന്ധത്തിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമുണ്ട്—“വർഗീയ വെടിപ്പാക്കൽ.” എന്നിരുന്നാലും, അവിടെ പരസ്പരം പ്രകടമായിട്ടുള്ള അക്രമാസക്തമായ പക വർഗത്തിലല്ല, മതബന്ധത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. കാരണം അവരിൽ മിക്കവർക്കും ഒരേ വംശീയ വേരുകളാണുള്ളത്. അതേ, മുൻ യൂഗോസ്ലാവിയയിൽ നടന്ന രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്വത്തിൽ ഏറിയപങ്കും മതം പേറിയേ തീരൂ. അതു തടയാൻ ഐക്യരാഷ്ട്രങ്ങൾക്കു കഴിഞ്ഞില്ല.
“വർധിച്ചുവരുന്ന മതപോരാട്ടങ്ങളുള്ള ഒരു ശീതസമരാനന്തര ലോകത്തിൽ, സംഗതി അസുഖകരമാണെങ്കിൽക്കൂടി, മതവും വംശഹത്യയും സംബന്ധിച്ചുള്ള ഒരു പഠനം നടത്തണമെന്നതു കൂടുതൽ മുൻഗണന കൊടുക്കേണ്ട സംഗതികളിൽ ഒന്നായിരിക്കാം” എന്നു മതത്തെക്കുറിച്ചു പഠിപ്പിക്കുന്ന ഒരു കോളെജ് പ്രൊഫസർ ഈയിടെ ഉചിതമായി പ്രസ്താവിച്ചു. ലോകസമാധാനത്തിനുള്ള ശ്രമങ്ങൾക്കു മതം എങ്ങനെ പ്രതിബന്ധമായിരിക്കുന്നു എന്നതുസംബന്ധിച്ച് ഒരു പുതു ഉണർവ് ഇന്നു വ്യക്തമാണ്.
“അസഹിഷ്ണുതാ പ്രകടനങ്ങളും ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും കാണപ്പെടുന്ന മതത്തിന്റെയോ വിശ്വാസത്തിന്റെയോ കാര്യങ്ങളിലുള്ള വിവേചനയും നിമിത്തമുള്ള ഉത്കണ്ഠയാൽ അത്തരം അസഹിഷ്ണുതയെ അതിന്റെ എല്ലാ രൂപഭാവങ്ങളിലും പെട്ടെന്നു നിർമാർജനം ചെയ്യാനും മതത്തിലോ വിശ്വാസത്തിലോ അധിഷ്ഠിതമായ വിവേചനയെ തടുത്ത് അതിനെതിരെ പോരാടാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു” എന്ന് 1981-ലെ ഒരു യുഎൻ പ്രഖ്യാപനം പ്രസ്താവിച്ചു.
തങ്ങളുടെ പ്രഖ്യാപനത്തോടുള്ള ചേർച്ചയിൽ, ഐക്യരാഷ്ട്രങ്ങൾ 1995 സഹിഷ്ണുതാ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നിരുന്നാലും, യാഥാർഥ്യബോധത്തോടെ പറയുകയാണെങ്കിൽ, മതത്താൽ ഭിന്നിച്ചിരിക്കുന്ന ഒരു ലോകത്തിൽ സമാധാനവും സുരക്ഷിതത്വവും നേടുക എന്നെങ്കിലും സാധ്യമാകുമോ?
മതത്തിന്റെ ഭാവി
ബൈബിളിലെ വെളിപാട് പുസ്തകത്തിലുള്ള ഒരു പ്രവചനം അതിന് ഉത്തരം നൽകുന്നുണ്ട്. “ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള” “ഒരു രാജ്ഞി” എന്നനിലയിൽ ഇരിക്കുന്ന ഒരു പ്രതീകാത്മക “മഹാവേശ്യ”യെക്കുറിച്ച് അതു പറയുന്നു. “നിർലജ്ജമായ ആഡംബരത്തിൽ” ജീവിക്കുന്ന ഈ വേശ്യ ലോകഗവൺമെന്റുകളുമായി ബന്ധം പുലർത്തുന്നു. “കടുഞ്ചുവപ്പുള്ളോരു മൃഗ”മായിട്ടാണ് ഈ ഗവൺമെന്റുകളെ ചിത്രീകരിച്ചിരിക്കുന്നത്. ഈ മൃഗത്തിന്റെ പുറത്തുകയറി സുഖസവാരി നടത്തുകയാണു പ്രസ്തുത വേശ്യ. (വെളിപ്പാടു 17:1-5, 18; 18:7, NW) “മഹാബാബിലോൻ” എന്ന് അറിയപ്പെടുന്ന ഈ ശക്തയായ, അധാർമിക സ്ത്രീക്ക് ആ പേർ ലഭിച്ചത് വിഗ്രഹാരാധനാപരമായ മതത്തിന്റെ പിള്ളത്തൊട്ടിലായ പുരാതന ബാബിലോനുമായുള്ള ബന്ധത്തിലാണ്. ഗവൺമെന്റുകളുടെ കാര്യങ്ങളിൽ ഇടപഴകിയിരിക്കുന്ന സകല ലോക മതങ്ങളെയും ഇന്ന് ഈ വേശ്യ ഉചിതമായും പ്രതിനിധാനം ചെയ്യുന്നു.
കൃത്യസമയത്ത്, നടപടിയെടുക്കേണ്ടതിനു കാട്ടുമൃഗത്തിന്റെ സൈനികസജ്ജരായ ഘടകങ്ങളുടെ ഹൃദയത്തിൽ ദൈവം തോന്നിപ്പിക്കുമെന്നു വിവരണം തുടർന്നു പറയുന്നു. ഇവർ “വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കുകയും ചെയ്യും.” (വെളിപ്പാടു 17:16)a അങ്ങനെ വ്യാജമതത്തെ നീക്കിക്കളയാനുള്ള ഒരു സൈനികദൗത്യത്തിലേക്കു ശക്തിയുള്ള രാഷ്ട്രങ്ങളെ നയിച്ചുകൊണ്ട് യഹോവയാം ദൈവംതന്നെ മുൻകൈ എടുത്തിരിക്കും. ലോകവ്യാപക മതവ്യവസ്ഥിതി അതിന്റെ ആഡംബരപൂർവകമായ അമ്പലങ്ങളും ദേവാലയങ്ങളും സഹിതം പൂർണമായും നശിപ്പിക്കപ്പെടും. അതോടെ സമാധാനവും സുരക്ഷിതത്വവും സ്ഥാപിക്കുന്നതിനു മതത്താലുള്ള തടസ്സം മാറും. എന്നാൽ അപ്പോൾപ്പോലും, യഥാർഥ സമാധാനവും സുരക്ഷിതത്വവും ഭൂമിയിലുണ്ടായിരിക്കുമോ?
അപൂർണ മനുഷ്യപ്രകൃതി
മതത്തെ നീക്കിക്കളയുന്നതു യുദ്ധമില്ലാത്ത ഒരു ലോകത്തിനു വഴിതെളിക്കുമെന്നതിനു വല്ല ഉറപ്പുമുണ്ടോ? ഇല്ല. വിരോധാഭാസപരമായ സ്ഥിതിവിശേഷം ഐക്യരാഷ്ട്രങ്ങൾ തുടർന്നും അഭിമുഖീകരിക്കും. ഒരുവശത്ത്, ആളുകൾ സമാധാനവും സുരക്ഷിതത്വവും കാംക്ഷിക്കും. എന്നാൽ മറ്റൊരുവശത്ത്, സമാധാനത്തിനും സുരക്ഷിതത്വത്തിനും ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നതും ആളുകൾതന്നെയായിരിക്കും. പക, അഹങ്കാരം, തൻകാര്യതാത്പര്യം, സ്വാർഥത, അറിവില്ലായ്മ എന്നിവയാണ് എല്ലാ പോരാട്ടങ്ങളുടെയും യുദ്ധങ്ങളുടെയും മൂലകാരണമായിരിക്കുന്ന മനുഷ്യസ്വഭാവവിശേഷങ്ങൾ.—യാക്കോബ് 4:1-4.
നമ്മുടെ നാളുകളിലെ ആളുകൾ “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി”രിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു.—2 തിമൊഥെയൊസ് 3:1-4.
“അനേകം സമൂഹങ്ങളിലും കനത്ത തോതിൽ അനുഭവപ്പെടുന്ന സാമൂഹികവും ധാർമികവുമായ പ്രതിസന്ധിയാൽ ലോകം കഷ്ടപ്പെടുകയാണ്” എന്നു സെക്രട്ടറി ജനറൽ ബുട്രോസ് ബുട്രോസ്-ഖാലി സമ്മതിക്കുകയുണ്ടായി. അപൂർണ മനുഷ്യപ്രകൃതിയുടെ ദോഷകരമായ സ്വഭാവവിശേഷങ്ങളെ നിർവീര്യമാക്കാൻ എത്രകണ്ട് നയതന്ത്രപ്രവർത്തനങ്ങൾ ഉണ്ടായിരുന്നാലും സാധ്യമല്ല.—ഉല്പത്തി 8:21-ഉം യിരെമ്യാവു 17:9-ഉം താരതമ്യം ചെയ്യുക.
യേശുക്രിസ്തു—സമാധാനപ്രഭു
വ്യക്തമായും, ഐക്യരാഷ്ട്രങ്ങൾക്കു ലോകസമാധാനം കൈവരുത്താനുള്ള പ്രാപ്തിയില്ല. ഉന്നതമായ ലക്ഷ്യങ്ങളുണ്ടെങ്കിലും, അതിന്റെ അംഗങ്ങളും അതിനെ പിന്തുണയ്ക്കുന്നവരുമെല്ലാം അപൂർണരായ മനുഷ്യരാണ്. “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല” എന്നു ബൈബിൾ പറയുന്നു. (യിരെമ്യാവു 10:23) മാത്രവുമല്ല, ദൈവം ഈ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു: “രാജാക്കന്മാരിൽ, സഹായിക്കാൻ കഴിവില്ലാത്ത മനുഷ്യപുത്രനിൽ, ആശ്രയംവയ്ക്കരുത്.”—സങ്കീർത്തനം 146:3, പി.ഒ.സി. ബൈബിൾ
“സമാധാനപ്രഭു”വായ തന്റെ പുത്രനിലൂടെ യഹോവ എന്തു നിവർത്തിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറയുന്നു. യെശയ്യാവു 9:6, 7 ഇങ്ങനെ പ്രസ്താവിക്കുന്നു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.”
50 വർഷത്തെ വിഫല ശ്രമങ്ങളാൽ ലോകരാഷ്ട്രങ്ങൾ തളർന്നിരിക്കുന്നു. വളരെ പെട്ടെന്നുതന്നെ അവർ വേശ്യാതുല്യ മതസ്ഥാപനങ്ങളെ നശിപ്പിക്കും. പിന്നെ “രാജാധിരാജാവും കർത്താധികർത്താവു”മായ യേശുക്രിസ്തുവും അവന്റെ സ്വർഗീയ യോദ്ധാക്കളുടെ സൈന്യവും എല്ലാ മാനുഷഗവൺമെന്റുകളെയും നശിപ്പിക്കുകയും ദൈവത്തിന്റെ പരമാധികാരത്തെ തള്ളുന്നവരെ നിഗ്രഹിക്കുകയും ചെയ്യും. (വെളിപ്പാടു 19:11-21; ദാനീയേൽ 2:44 താരതമ്യം ചെയ്യുക.) ഇതിലൂടെ യഹോവയാം ദൈവം യുദ്ധമില്ലാത്ത ഒരു ലോകം ആനയിക്കും.
[അടിക്കുറിപ്പ്]
a മഹാബാബിലോനെക്കുറിച്ചുള്ള വെളിപാട് പ്രവചനം സംബന്ധിച്ച് ആഴമായ ഒരു പഠനത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി 1988-ൽ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 33-37 അധ്യായങ്ങൾ കാണുക.
[7-ാം പേജിലെ ചതുരം]
ഐക്യരാഷ്ട്രങ്ങളെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണം
ബൈബിൾ പ്രവചനത്തിൽ, മാനുഷഗവൺമെന്റുകളെ കാട്ടുമൃഗങ്ങളായിട്ടാണു പലപ്പോഴും പ്രതീകപ്പെടുത്തിയിരിക്കുന്നത്. (ദാനീയേൽ 7:6, 12, 23; 8:20-22) അതുകൊണ്ട്, പല പതിറ്റാണ്ടുകളായി വീക്ഷാഗോപുരം മാസിക വെളിപ്പാടു 13, 17 എന്നീ അധ്യായങ്ങളിലെ കാട്ടുമൃഗങ്ങളെ ഇന്നത്തെ ലൗകിക ഗവൺമെന്റുകളായി തിരിച്ചറിയിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്രങ്ങളും ഇതിലുൾപ്പെടുന്നുണ്ട്. ഏഴു തലയും പത്തു കൊമ്പുകളുമുള്ള കടുഞ്ചുവപ്പുള്ളോരു മൃഗമായാണ് അതിനെ വെളിപ്പാടു 17-ാം അധ്യായത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
എന്നിരുന്നാലും, ഗവൺമെന്റുകളോടോ അവയിലെ അധികാരികളോടോ ഏതെങ്കിലും തരത്തിലുള്ള അനാദരവു കാട്ടുന്നത് ഈ തിരുവെഴുത്തു നിലപാടു ന്യായീകരിക്കുന്നില്ല. ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.”—റോമർ 13:1, 2.
അതുകൊണ്ട്, കർശനമായ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കുന്ന യഹോവയുടെ സാക്ഷികൾ മാനുഷഗവൺമെന്റുകളുടെ കാര്യങ്ങളിൽ കൈകടത്തുന്നില്ല. അവർ ഒരിക്കലും വിപ്ലവം ഊട്ടിവളർത്തുകയോ ആഭ്യന്തര നിയമലംഘനപ്രവൃത്തികളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ല. പകരം, മനുഷ്യസമൂഹത്തിൽ നിയമവും ക്രമസമാധാനവും നടപ്പിലാക്കാൻ ഏതെങ്കിലും രൂപത്തിലുള്ള ഗവൺമെൻറ് അത്യാവശ്യമാണെന്ന് അവർ അംഗീകരിക്കുന്നു.—റോമർ 13:1-7; തീത്തൊസ് 3:1.
ലോകത്തിലെ മറ്റു ഗവൺമെൻറ് സ്ഥാപനങ്ങളെ വീക്ഷിക്കുന്നതുപോലെതന്നെയാണു യഹോവയുടെ സാക്ഷികൾ ഐക്യരാഷ്ട്രങ്ങളെ വീക്ഷിക്കുന്നതും. ദൈവം അനുവദിക്കുന്നതിനാലാണ് ഐക്യരാഷ്ട്രങ്ങൾ ഇപ്പോഴും സ്ഥിതിചെയ്യുന്നത് എന്ന് അവർ അംഗീകരിക്കുന്നു. ബൈബിളിനോടുള്ള യോജിപ്പിൽ, യഹോവയുടെ സാക്ഷികൾ എല്ലാ ഗവൺമെന്റുകൾക്കും അർഹിക്കുന്ന ആദരവു കൊടുക്കുകയും തങ്ങളെക്കൊണ്ടു ദൈവത്തിനെതിരെ പാപം ചെയ്യിക്കാത്തിടത്തോളം അവയെ അനുസരിക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 5:29.