യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഒരു ശമര്യ സ്ത്രീയെ പഠിപ്പിക്കുന്നു
യേശുവും അവന്റെ ശിഷ്യൻമാരും യഹൂദ്യദേശം വിട്ട് ഗലീലെക്കു യാത്രചെയ്യുമ്പോൾ ശമര്യയിൽകൂടി കടന്നുപോകുന്നു. യാത്രചെയ്തു ക്ഷീണിച്ച്, ഏതാണ്ട് മദ്ധ്യാഹ്ന വേളയിൽ അവർ സുഖാർ പട്ടണത്തിനടുത്തുള്ള ഒരു കിണററിനരികെ ഇരിക്കുന്നു. നൂററാണ്ടുകൾക്ക് മുമ്പ് യാക്കോബാണ് ഈ കിണർ കുഴിച്ചത്. അത് ഈ കാലം വരെ ഉണ്ടുതാനും. അത് ആധുനിക നബ്ളസ് പട്ടണത്തിനടുത്താണ്.
യേശു ഇവിടെ വിശ്രമിക്കുമ്പോൾ അവന്റെ ശിഷ്യൻമാർ അല്പം ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനായി നഗരത്തിലേയ്ക്ക് പോകുന്നു. അപ്പോൾ ഒരു ശമര്യ സ്ത്രീ വെള്ളം കോരുവാൻ വരുന്നു. യേശു അവളോട് ഇപ്രകാരം അപേക്ഷിക്കുന്നു: “എനിക്ക് അല്പം കുടിപ്പാൻ തരുമോ?”
ആഴമേറിയ മുൻവിധികൾ നിമിത്തം യഹൂദൻമാർക്കും ശമര്യർക്കും തമ്മിൽ സാധാരണ സമ്പർക്കമില്ല. അതുകൊണ്ട് സ്ത്രീ അതിശയം പൂണ്ട് ഇപ്രകാരം ചോദിക്കുന്നു: “നീ ഒരു യഹൂദനായിരിക്കെ ഒരു ശമര്യക്കാരിയായ എന്നോട് കുടിപ്പാൻ ചോദിക്കുന്നതെങ്ങനെ?”
താൻ ആരെന്ന് അവൾ അറിഞ്ഞിരുന്നെങ്കിൽ അവൾ “ജീവജല”ത്തിനുവേണ്ടി അപേക്ഷിക്കുമായിരുന്നുവെന്ന് യേശു ഉത്തരം പറയുന്നു. ഈ ജലം “നിത്യജീവൻ പ്രദാനം ചെയ്യാൻ കുമിഞ്ഞുപൊങ്ങുന്ന ഒരു നീരുറവയായിത്തീരും” എന്ന് അവൻ പറയുന്നു.
“യജമാനനേ, ആ വെള്ളം എനിക്ക് തരേണം” എന്ന് സ്ത്രീ പ്രതിവചിക്കുന്നു.
“പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക” എന്ന് യേശു ആവശ്യപ്പെടുന്നു.
“എനിക്ക് ഭർത്താവില്ല” അവൾ ഉത്തരം പറയുന്നു.
യേശു അവളുടെ പ്രസ്താവന സമർത്ഥിക്കുന്നു: “‘എനിക്ക് ഭർത്താവില്ല’ എന്ന് നീ പറഞ്ഞത് ശരി. നിനക്ക് അഞ്ച് ഭർത്താക്കൻമാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ളവനോ നിന്റെ ഭർത്താവല്ല.”
“യജമാനനേ, നീ ഒരു പ്രവാചകൻ എന്ന് ഞാൻ കാണുന്നു” സ്ത്രീ അതിശയം പൂണ്ട് പറയുന്നു. അവൾ തന്റെ ആത്മീയ താത്പര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട്, ശമര്യക്കാർ ഗരസീം മലയിലും യഹൂദൻമാർ യെരൂശലേമിലും നമസ്ക്കരിച്ചുപോന്നു എന്ന് കുറിക്കൊള്ളുന്നു.
എന്നാൽ ആരാധനയുടെ സ്ഥലമല്ല പ്രധാന സംഗതി എന്ന് യേശു ചൂണ്ടിക്കാണിക്കുന്നു. “ദൈവം ഒരു ആത്മാവാണ് അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം” എന്ന് അവൻ വിശദീകരിക്കുന്നു.
സ്ത്രീയ്ക്ക് ആഴമായ മതിപ്പുളവാകുന്നു. “ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന മശിഹാ വരുന്നു എന്ന് ഞാൻ അറിയുന്നു. അവൻ വരുമ്പോൾ അവൻ സകലതും തെളിവായി അറിയിച്ചുതരും.” എന്ന് അവൾ പറയുന്നു.
“നിന്നോട് സംസാരിക്കുന്ന ഞാനാണ് മശിഹാ” എന്ന് യേശു പ്രസ്താവിക്കുന്നു. അതിനെക്കുറിച്ച് ചിന്തിക്കുക! ഈ സ്ത്രീ മദ്ധ്യാഹ്നത്തിൽ വെള്ളം കോരാൻ വരുന്നത് ഒരുപക്ഷേ തന്റെ ജീവിതരീതി നിമിത്തം തന്നോട് അവജ്ഞ കാട്ടുന്ന മററ് സ്ത്രീകളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനുവേണ്ടിയായിരിക്കണം. എന്നാൽ അത്ഭുതകരമായ ഒരു വിധത്തിൽ യേശു ഇവളോട് ഉദാരമായി പെരുമാറുന്നു. അവൻ മററാരോടും തെളിവായി പറയാത്ത സംഗതി അവളോട് വെട്ടിത്തുറന്ന് പറയുന്നു. പരിണതഫലമെന്തായിരുന്നു? ഞങ്ങളുടെ അടുത്ത ലക്കം അത് വിശദീകരിക്കും. യോഹന്നാൻ 4:3-26.
◆ യേശു ശമര്യ സ്ത്രീയോട് സംസാരിച്ചപ്പോൾ അവൾ അതിശയിച്ചതെന്തുകൊണ്ട്?
◆ ജീവജലത്തെക്കുറിച്ചും എവിടെ ആരാധിക്കണമെന്നതു സംബന്ധിച്ചും യേശു അവളെ പഠിപ്പിക്കുന്നതെന്ത്?
◆ താൻ ആരാണെന്ന് യേശു അവളോട് വെളിപ്പെടുത്തുന്നതെങ്ങനെ, ഈ വിശദീകരണം വളരെ വിസ്മയകരമായിരിക്കുന്നതെന്തുകൊണ്ട്? (w86 1/1)
[9-ാം പേജ് നിറയെയുള്ള ചിത്രം]