“തീവ്രയത്നം നടത്തുക”
“ഇടുക്കുവാതിലിലൂടെ കടക്കാൻ തീവ്രയത്നം നടത്തുക, എന്തുകൊണ്ടെന്നാൽ അനേകർ കടക്കാൻ ശ്രമിക്കും, എന്നാൽ സാധിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കോസ് 13:24.
1. മിക്കവരും എന്താഗ്രഹിക്കുന്നു?
ആറുവയസ്സുകാരൻ റോബിയോട് അവൻ എന്തുകൊണ്ട് രാജ്യഹാളിൽ പോകാനിഷ്ടപ്പെടന്നുവെന്നു ചോദിക്കുക. “ഞാൻ യഹോവയെക്കുറിച്ചും പരദീസയെക്കുറിച്ചും പഠിക്കുന്നു, അവിടെ നല്ല മൃഗങ്ങളോടുകൂടെ വളരെ വളരെ കാലം ജീവിക്കാൻ കഴിയും” എന്ന് അവൻ ഉത്തരം പറയും. അവന്റെ മൂന്നു വയസ്സുകാരൻ മച്ചുനനായ ഡസ്ററിന് “രാജ്യഹാളിൽ പോകണ”മെന്ന് ആക്രോശിക്കേണ്ടത് കൃത്യം എപ്പോഴെന്ന് അറിയത്തക്കവണ്ണം അവന്റെ മാതാപിതാക്കളുടെ ദിനചര്യയെക്കുറിച്ച് വേണ്ടത്ര ബോധമുണ്ട്. റോബി പറയുന്നതും ഡസ്ററിൻ പറയാൻ പഠിക്കുന്നതും മിക്കവർക്കും ആകർഷകമാണ്—ജീവൻ, നിത്യജീവൻ. ആളുകൾ “രക്ഷിക്കപ്പെടാ”നാഗ്രഹിക്കുന്നു. എന്നാൽ എങ്ങനെ മത ശുശ്രൂഷകൾക്ക് ഹാജരാകുന്നതിനാൽ മാത്രമോ?
2. (എ) രക്ഷ സമ്പാദിക്കാൻ കഴിയാത്തതെന്തുകൊണ്ട്? (ബി) ലൂക്കോസ് 13:24 ലെ യേശുവിന്റെ വാക്കുകൾ രക്ഷക്ക് എന്താവശ്യമാണെന്ന് പ്രകടമാക്കുന്നതെങ്ങനെ?
2 യോഗങ്ങൾക്ക് ഹാജരാകുന്നതിനാലോ മറേറതെങ്കിലും വിധത്തിൽ രക്ഷ സമ്പാദിക്കാൻ കഴികയില്ല. അതു സൗജന്യമാണ്, ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്. എന്നിരുന്നാലും, നിത്യജീവൻ എന്ന അവന്റെ ദാനം നമുക്കു ലഭിക്കണമെങ്കിൽ നമ്മുടെ ഭാഗത്തു ശ്രമങ്ങൾ ഉണ്ടായിരിക്കണമെന്ന് യഹോവയാം ദൈവം ആവശ്യപ്പെടുന്നു. (റോമർ 6:23) എന്തൊക്കെ? ഒന്ന്, അവന്റെ സേവനത്തിലെ തീവ്രയത്നം! ഈ പ്രവർത്തനങ്ങൾ യഥാർത്ഥവിലമതിപ്പിനാൽ പ്രേരിതമായിരിക്കണം. ഒരിക്കൽ ഒരു മനുഷ്യൻ ദൈവപുത്രനായ യേശുക്രിസ്തുവിനോട് “കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമാണോ?” എന്ന് അന്വേഷിച്ചു. യേശുവിന്റെ ഉത്തരത്തിൽ ചോദ്യകർത്താവിനെ മാത്രമല്ല, രക്ഷയിൽ തൽപ്പരരായ എല്ലാവരെയും ഉൾപ്പെടുത്തി. അവൻ ഇങ്ങനെയാണ് മറുപടി പറഞ്ഞത്: “ഇടുക്കു വാതിലിലൂടെ കടക്കാൻ തീവ്രയത്നം നടത്തുക, എന്തുകൊണ്ടെന്നാൽ അനേകർ കടക്കാൻ ശ്രമിക്കും, എന്നാൽ സാധിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കോസ് 13:23, 24.
3. (എ) ആ മമനുഷ്യന്റെ ചോദ്യം അസാധാരണമായിരുന്നതെന്തുകൊണ്ട്? (ബി) യേശു തന്റെ ഉത്തരത്തിൽ നമ്മെ ഉൾപ്പെടുത്തുന്നതെങ്ങനെ?
3 പേർ പറഞ്ഞിട്ടില്ലാത്ത ഈ മമനുഷ്യന്റെ ചോദ്യം അസാധാരണമായിരുന്നു. അയാൾ ചോദിച്ചത് “രക്ഷിക്കപ്പെടുന്നവർ ചുരുക്കമാണോ?” എന്നായിരുന്നു, “രക്ഷിക്കപ്പെടുന്ന ചുരുക്കം ചിലരിൽ ഞാൻ ഉൾപ്പെടുമോ” എന്നോ” എനിക്ക് എങ്ങനെ രക്ഷിക്കപ്പെടാൻ കഴിയും?” എന്നോ ആയിരുന്നില്ല. ഒരു പക്ഷേ “രക്ഷക്ക് അർഹതയുള്ളവരുടെ സംഖ്യ പരിമിതമാണ്” എന്ന യഹൂദ തത്വശാസ്ത്രമായിരിക്കാം അയാളുടെ സാങ്കൽപ്പിക ചോദ്യത്തെ പ്രേരിപ്പിച്ചത്.a അയാളുടെ ജിജ്ഞാസയുടെ ഉറവ് എന്തുതന്നെയായിരുന്നാലും യേശു പെട്ടെന്ന് ആ ചോദ്യത്തെ അമൂർത്ത സിദ്ധാന്തത്തിന്റെ മണ്ഡലത്തിൽ നിന്ന് പ്രായോഗികതയുടെ—വ്യക്തിപരമായ പ്രയുക്തതയുടെ—മണ്ഡലത്തിലേക്കു മാററി. രക്ഷക്കുവേണ്ടി ചെയ്യേണ്ടതിനെക്കുറിച്ചു ചിന്തിക്കാൻ അവൻ അന്വേഷകനെ നിർബ്ബന്ധിതനാക്കി. എന്നാൽ അതിൽപരമായി, “തീവ്രയത്നം നടത്തുക” എന്ന യേശുവിന്റെ വാക്കുകൾ ബഹുവചനത്തിലായിരുന്നതുകൊണ്ട്, അവ നമ്മുടെ ആരാധനാരീതിയെക്കുറിച്ച് അഗാധമായി ചിന്തിക്കാൻ നമ്മെയും ഉത്തേജിപ്പിക്കേണ്ടതാണ്.
4. നിത്യജീവൻ പ്രാപിക്കാൻ നാം എന്തു ചെയ്യണം?
4 അതുകൊണ്ട് നിത്യജീവൻ പ്രാപിക്കുകയെന്നത് ചിലർ സങ്കൽപ്പിക്കുന്നതുപോലെ എളുപ്പമല്ല. “ഇടുക്കു വാതിലിലൂടെ കടക്കാ”നുള്ള വഴിയെന്ന നിലയിൽ യേശു കഠിന വേലയെ, നിരന്തരശ്രമത്തെ, ഊന്നിപ്പറഞ്ഞു. ഈ അക്ഷീണമായ തീവ്രയത്നത്തിന് ഊർജ്ജമേകുന്നത് ക്രിസ്തുവിന്റെ ഉപദേശങ്ങളോടുള്ള അനുസരണത്തിൽ പണിയപ്പെട്ട നിലനിൽക്കുന്ന വിശ്വാസമാണ്. അതുകൊണ്ട് രക്ഷ നേടുന്നതിന്, നാം ‘അവന്റെ വചനങ്ങൾ കേൾക്കു’ന്നതിലധികം ചെയ്യേണ്ടതാണ്; നാം ‘അവ ചെയ്യുന്നതിൽ’ സ്ഥിരനിഷ്ഠ പ്രകടമാക്കണം.—ലൂക്കോസ് 6:46-49; യാക്കോബ് 1:22-25.
നിങ്ങൾ ഇപ്പോൾ “പോരാട”ണം
5. (എ) “തീവ്രയത്നം നടത്തുക” എന്ന യേശുവിന്റെ വാക്കുകളാൽ അർത്ഥമാക്കപ്പെടുന്നതെന്ത്? (ബി) ആ വാക്കുകൾ വിശുദ്ധസേവനത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തിന് കൂടുതൽ അർത്ഥം കൊടുക്കുന്നതെങ്ങനെ?
5 “തീവ്രയത്നം നടത്തുക” എന്ന വാചകത്തിന്റെ അർത്ഥമെന്താണ്? മൂലഗ്രീക്കിൽ ഈ വാചകം “പോരാട്ടം നടത്തുന്ന സ്ഥലം” എന്നർത്ഥമുള്ള ഒരു പദത്തിൽനിന്ന് (ആഗോൺ) ഉത്ഭവിച്ച ആഗോണൈസെസ്ത് എന്നാണ്. രാജ്യവരിമദ്ധ്യഭാഷാന്തരം” പോരാടിക്കൊണ്ടിരിക്കുക” എന്നാണ് പ്രസ്താവിക്കുന്നത്. രസാവഹമായി, നമുക്ക് ഇതേ ഗ്രീക്ക് പദത്തിൽ നിന്നാണ് “ആഗണൈസ്” എന്ന ഇംഗ്ലീഷ് പദം കിട്ടുന്നത്. അങ്ങനെ ഒരു പുരാതന സ്റേറഡിയത്തെ വിഭാവന ചെയ്യുകയും കായികാഭ്യാസി സമ്മാനം നേടുന്നതിന് ഇപ്പോൾ വേദനപ്പെടുന്നത് അഥവാ സർവ്വശക്തിയും പ്രയോഗിച്ച് തീവ്രയത്നം നടത്തുന്നത് സങ്കൽപ്പിക്കുകയും ചെയ്യുക. അങ്ങനെ, ഇവിടെ ഉൾപ്പെട്ടിരിക്കുന്ന ഗ്രീക്ക് പദം ഗ്രീക്ക് കായികവിനോദങ്ങളിൽ മത്സരിക്കുന്നതിന്റെ ഒരു സാങ്കേതിക പദമായിരിക്കാമെങ്കിലും മുഴുദേഹിയോടുകൂടിയ പ്രവർത്തനം സ്വീകരിക്കുന്നതിനുള്ള യേശുവിന്റെ ബുദ്ധിയുപദേശത്തതിന് അത് അടിവരയിടുന്നു. കേവലം അർദ്ധ ഹൃദയത്തോടുകൂടിയ ശ്രമം മതിയാകയില്ല.—ലൂക്കോസ് 10:27; 1 കൊരിന്ത്യർ 9:26, 27 താരതമ്യപ്പെടുത്തുക.
6. നാം ഇപ്പോൾ തീവ്രയത്നം നടത്തേണ്ടതെന്തുകൊണ്ട്?
6 എപ്പോൾ, എത്രനാൾ നാം “ഇടുക്കുവാതിലിലൂടെ കടക്കാൻ പോരാട”ണം? (ലൂക്കോസ് 13:24, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) ലൂക്കോസ് 13:24 ലെ യേശുവിന്റെ വാക്കുകൾ സൂക്ഷ്മമായി പരിശോധിക്കുക; “തീവ്രയത്നം നടത്തുക” എന്ന വർത്തമാനകാലവും “ശ്രമിക്കും” എന്ന ഭാവിയും തമ്മിൽ അവൻ വ്യത്യാസപ്പെടുത്തുന്നതു കാണുക. അതുകൊണ്ട്, ഇപ്പോൾത്തന്നെയാണ് പോരാടുന്നതിനുള്ള സമയം. പ്രത്യക്ഷത്തിൽ, കടക്കുന്നതിൽനിന്ന് തടയപ്പെടുന്നവർ അവർക്കുമാത്രം സൗകര്യപ്രദമായ ഒരു സമയത്താണ് കടക്കാൻ ശ്രമിക്കുന്നത്. എന്നാൽ അപ്പോഴേക്കും സമയം വളരെ വൈകിപ്പോയിരിക്കും; അവസരത്തിന്റെ വാതിൽ അടച്ചു പൂട്ടുന്നു. വീട്ടുകാരൻ വാതിൽ പൂട്ടികഴിഞ്ഞാൽ ആളുകൾ വാതിലിൽ മുട്ടിക്കൊണ്ട് “‘യജമാനനേ, ഞങ്ങൾക്കു തുറന്നു തരേണമേ‘” എന്ന് അഭ്യർത്ഥിച്ചുതുടങ്ങും. “എന്നാൽ ഉത്തരമായി ‘നിങ്ങൾ എവിടെനിന്നു വരുന്നു എന്ന് ഞാൻ അറിയുന്നില്ല’ എന്ന് അവൻ നിങ്ങളോടു പറയും” എന്ന് ലൂക്കോസ് 13:25 ൽ യേശു തുടർന്നു പറയുന്നു. ഇപ്പോൾ യഹോവയുടെ ആരാധന തങ്ങളുടെ മുഖ്യ ജീവിതലക്ഷ്യമാക്കാത്തവർക്ക് എത്ര പരിതാപകരമായ ഭാവിയാണ് കാത്തിരിക്കുന്നത്!—മത്തായി 6:33.
7. ഫിലിപ്യർ 3:12-14 നിരന്തരമായ തീവ്രയത്നത്തെ സൂചിപ്പിക്കുന്നതെങ്ങനെ, അത് ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
7 നമ്മുടെ പോരാട്ടം തുടർച്ചയായ ഒരു സംഗതിയാണ്. നമ്മിലാരും “ഇടുക്കു വാതിലിലൂടെ” പൂർണ്ണമായി പ്രവേശിച്ചിട്ടില്ല. പൗലോസ് ഇതു തിരിച്ചറിഞ്ഞു. “ഞാൻ ഇതെല്ലാം ഇപ്പോൾത്തന്നെ നേടിയിരിക്കുന്നുവെന്നോ ഇപ്പോൾത്തന്നെ പൂർണ്ണനാക്കപ്പെട്ടുവെന്നോ അല്ല, എന്നാൽ ക്രിസ്തുയേശു ഏതിനായി എന്നെ പിടിച്ചുവോ അതു പിടിക്കുന്നതിന് ഞാൻ മുന്നേറുന്നു. സഹോദരൻമാരേ, ഞാൻ അതു പിടിച്ചിരിക്കുന്നുവെന്ന് പരിഗണിക്കുന്നില്ല. എന്നാൽ ഞാൻ ഒരു കാര്യം ചെയ്യുന്നു. പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിലേക്ക് ആഞ്ഞുംകൊണ്ട് ഞാൻ ലക്ഷ്യത്തിലേക്കു മുന്നേറുകയാണ്, ദൈവം ക്രിസ്തുയേശുവിൽ എന്നെ സ്വർഗ്ഗത്തിലേക്ക് ഏതിനുവേണ്ടി വിളിച്ചിരിക്കുന്നുവോ ആ സമ്മാനം നേടുന്നതിനുതന്നെ.” (ഇററാലിക്സ് ഞങ്ങളുടേത്) എന്ന് അവൻ എഴുതി.—ഫിലിപ്യർ 3:12-14, ന്യൂ ഇൻറർ നാഷനൽ വേർഷൻ.
8. (എ) “അനേകരെ” നിത്യജിവനിൽനിന്ന് തടയുന്നതെന്ത്? (ബി) ഇതു നമുക്ക് എന്തു മുന്നറിയിപ്പു മുഴക്കുന്നു?
8 ഈ “അനേകർ” ആരാണ്? അവർക്ക് കടക്കാൻ കഴിയാത്തതെന്തുകൊണ്ട്? ഈ “അനേകർ” ക്രൈസ്തവലോകത്തിലുള്ളവരാണ്, വിശേഷാൽ അതിലെ വൈദികവർഗ്ഗം. അവർ യേശുവിനെ അടുത്തറിയുന്നതായി, അവന്റെ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതായി നടിക്കുന്നു. അവർ ‘അവനോടുകൂടെ തിന്നുകയും കുടിക്കുകയും ചെയ്തതായി’ അവകാശപ്പെട്ടുകൊണ്ടുതന്നെ. എന്നാൽ അവർ ദൈവത്തിന്റെയല്ല, സ്വന്തം വ്യവസ്ഥകളിൽ രക്ഷ ആഗ്രഹിക്കുന്നതുകൊണ്ട്, യേശു അവരെ അറിയുന്നതായിപോലും ഖണ്ഡിതമായി നിരസിക്കുകയും അവരെ “അനീതി പ്രവർത്തിക്കുന്നവരായി” വീക്ഷിക്കുകയും ചെയ്യുന്നു. (ലൂക്കോസ് 13:26, 27) നിത്യജീവനിൽ പ്രവേശിക്കുന്നതിൽനിന്ന് പുറത്തുനിർത്തപ്പെടുന്നവരിൽ യഹോവയ്ക്കായുള്ള വിശുദ്ധ സേവനത്തിൽ മന്ദീഭവിച്ചവരും സത്യാരാധനസംബന്ധിച്ച് ഇപ്പോൾ ഒരു അലസ സമീപനം നടത്തുന്നവരുപോലും ഉൾപ്പെടാവുന്നതാണ്. രാജ്യതാത്പര്യങ്ങളിലുള്ള അവരുടെ തീക്ഷ്ണത ശീതോഷ്ണമായിത്തീർന്നിരിക്കുന്നു. (വെളിപ്പാട് 3:15, 16) അവർക്ക് ഇപ്പോഴും ‘ദൈവ ഭക്തിയുടെ ഒരു രൂപം’—നാമമാത്ര വയൽസേവനവും യോഗഹാജരും—ഉണ്ടായിരുന്നേക്കാം. എന്നാൽ നിർമ്മലാരാധനയ്ക്കു പിമ്പിലെ യഥാർത്ഥ പ്രേരകശക്തിയായ വിശ്വാസത്തിന്റെ തെളിവ് ഉണ്ടായിരിക്കുന്നില്ല. (2 തിമൊഥെയോസ് 3:5 താരതമ്യപ്പെടുത്തുക.) ‘ഇടുക്കു വാതിലിലൂടെ കടക്കാൻ’ മാത്രമുള്ള ശ്രമം പോരെന്ന് തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെടുന്നു. കടക്കുന്നതിന് ഒരുവൻ പോരാട്ടം കഴിക്കേണ്ടതാണ്.
“ഇടുക്കു വാതിലിലൂടെ” എന്തുകൊണ്ട്?
9. ഇടുക്കുവാതിലിലൂടെ കടക്കുന്നതിന് തീവ്രയത്നം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
9 രക്ഷയിലേക്കുള്ള ഇടുക്കുവാതിൽ എല്ലാവർക്കും തുറന്നു കിടക്കുകയാണ്. എന്നാൽ “അനേകർ” കടക്കാൻ പോരാട്ടം കഴിക്കുന്നതിനിഷ്ടപ്പെടുന്നില്ല. ഇടുക്കു വാതിലിലൂടെ പ്രവേശിക്കുന്നതു സംബന്ധിച്ച് തീവ്രയത്നം ആവശ്യമാക്കിത്തീർക്കുന്ന ചില ഘടകങ്ങളെന്തൊക്കൊയാണ്? ഒരു വ്യക്തി ഒന്നാമതായി ബൈബിൾ സത്യം സംബന്ധിച്ച് സൂക്ഷ്മപരിജ്ഞാനം നേടേണ്ടതുണ്ട്, യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ച് അറിയേണ്ടതുമുണ്ട്. (യോഹന്നാൻ 17:3) ഇതിന്റെ അർത്ഥം ക്രൈസ്തവലോകം ഉൾപ്പെടെയുള്ള ലൗകികമതങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും തള്ളിക്കളയുകയെന്നാണ്. യേശു ഇവിടെ ഭൂമിയിലായിരുന്നപ്പോൾ ചെയ്തതുപോലെ ദൈവേഷ്ടം ചെയ്യേണ്ടതും ആവശ്യമാണ്. (1 പത്രോസ് 2:21) സമർപ്പിതനും സ്നാനമേററവനുമായ ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ഒരുവൻ ലോകത്തിലെ ഭൗതികത്വത്തെയും ദുർമ്മാർഗ്ഗത്തെയും അശുദ്ധിയെയും ഒഴിവാക്കേണ്ടതുമാണ്. (1 യോഹന്നാൻ 2:15-17; എഫേസ്യർ 5:3-5) ഇവ ഉരിഞ്ഞുകളഞ്ഞശേഷം പകരം ക്രിസ്തുതുല്യമായ ഗുണങ്ങൾ സ്വീകരിക്കേണ്ടതാണ്.—കൊലോസ്യർ 3:9, 10, 12.
10. നാം നിത്യജീവൻ പ്രാപിക്കുന്നതിനോട് ആത്മനിയന്ത്രണത്തിന് എന്തു ബന്ധമുണ്ട്?
10 “ചുരുക്കം” ചിലർക്ക് ശുശ്രൂഷയിലെ തീക്ഷ്ണുതയുടെയും അതോടൊപ്പം ആത്മനിയന്ത്രണം ഉൾപ്പെടെയുള്ള ആത്മാവിന്റെ ഫലം പ്രകടമാക്കേണ്ടതിന്റെയും മൂല്യം അറിയാം. (ഗലാത്യർ 5:23) യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവർ തങ്ങളുടെ ശരീരത്തിൻമേൽ നിയന്ത്രണം നേടുന്നതിനും അതിനെ നിത്യജീവന്റെ ലാക്കിലേക്കു തിരിച്ചു വിടുന്നതിനും പോരാട്ടം നടത്തുന്നു.—1 കൊരിന്ത്യർ 9:24-27.
യേശുവിന്റെ വാക്കുകൾ നിങ്ങൾക്ക് എന്തർത്ഥമാക്കുന്നു?
11. (എ) ജീവിതത്തിലെ ഏതു മണ്ഡലങ്ങളിൽ ചിലർ തീവ്രയത്നം നടത്തേണ്ടതുണ്ടായിരിക്കാം, എന്തുകൊണ്ട്? (ബി) ഏതു പ്രവർത്തനത്തിൽ എല്ലാവർക്കും തീവ്രയത്നം നടത്താൻ കഴിയും?
11 നാം ഈയിടെ സ്നാനമേററവരായിരിക്കാം, അല്ലെങ്കിൽ ദശാബ്ദങ്ങളായി യഹോവയുടെ സ്ഥാപനത്തോടൊത്ത് പ്രവർത്തിക്കുന്നവരായിരിക്കാം. എങ്ങനെയായാലും അവനെ ഫ്രസാദിപ്പിക്കാനുള്ള നമ്മുടെ ശ്രമത്തിൽ മന്ദീഭാവം ഉണ്ടായിരിക്കാവുന്നതല്ല. യേശുവിന്റെ വാക്കുകൾ വ്യക്തമായി സൂചിപ്പിക്കുന്നതുപോലെ, നാം യഹോവയോടുള്ള ഭക്തിയിൽ മുഴുദേഹിയോടെ പ്രവർത്തിക്കുന്നവരായിരിക്കണം, എന്തു ചെലവു വന്നാലും ഇടുക്കുവാതിലിലൂടെ പ്രവേശിക്കാൻ സന്നദ്ധരുമായിരിക്കണം. യേശു നമ്മുടെ ദൈവസേവനത്തിലെ അഭിവൃദ്ധികളെയും വർദ്ധനവുകളെയും കുറിച്ചു സംസാരിക്കുകയല്ലായിരുന്നെങ്കിലും, നമ്മിൽ ചിലർക്ക് നമ്മുടെ നടത്ത മെച്ചപ്പെടുത്തുന്നതിനോ ‘യാതൊരുവിധത്തിലും ഇടർച്ചക്ക് യാതൊരു കാരണവും ഉണ്ടാക്കാതിരിക്ക’ത്തക്കവണ്ണം നമ്മുടെ ദുഃശ്ശീലങ്ങളെ നീക്കം ചെയ്യുന്നതിനോ തീവ്രയത്നം ആവശ്യമായിരിക്കാം. (2 കൊരിന്ത്യർ 6:1-4) നമ്മിൽ മററുചിലർക്ക് നമ്മുടെ ‘സ്നേഹം സൂക്ഷ്മപരിജ്ഞാനത്താലും പൂർണ്ണവിവേചനയാലും പെരുകേണ്ടതിന്’ വ്യക്തിപരമായ പഠനത്തിന്റെ ഒരു സമ്പൂർണ്ണപട്ടികക്ക് നിരന്തരശ്രദ്ധ കൊടുക്കേണ്ടയാവശ്യമുണ്ട്. (ഫിലിപ്യർ 1:9-11) ഇനിയും ചിലർ സഭാപുസ്തകാദ്ധ്യയനം ഉൾപ്പെടെയുള്ള സഭാമീററിംഗുകൾക്ക് ക്രമമായി ഹാജരാകാനും പങ്കുപററാനും കൂടുതൽ ശ്രമം ചെലുത്തേണ്ടതുണ്ട്. (എബ്രായർ 10:23-25) എന്നാൽ “ഒരു സുവിശേഷകന്റെ വേല” ചെയ്യുന്നതിൽ നാം യഥാർത്ഥത്തിൽ തീവ്രയത്നം നടത്തുന്നുണ്ടോയെന്നു കാണാൻ നമുക്കെല്ലാം നമ്മുടെ വ്യക്തിപരമായ വയൽ ശുശ്രൂഷയെ പരിശോധിക്കാൻ കഴിയും.—2 തിമൊഥെയോസ് 4:5.
12. നമ്മുടെ ആത്മീയ യത്നത്തിന്റെ അളവു പരിശോധിക്കുന്നതിന് നമുക്ക് ഏതു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
12 നിരവധിപേരുടെ കാര്യത്തിൽ, യഹോവയെ പ്രസാദിപ്പിക്കുന്നതിന് തീവ്രയത്നം നടത്തുന്നതിലുള്ള പുരോഗതി സഹായപയനിയറിംഗോ നിരന്തരപയനിയറിംഗോ ബഥേൽ സേവനമോ നടത്താൻ അവരെ യോഗ്യരാക്കിയിരിക്കുന്നു. എന്നാൽ നിങ്ങളേ സംബന്ധിച്ചെന്ത്? നിങ്ങൾ ഒരു രാജ്യപ്രസാധകനാണെങ്കിൽ നിങ്ങൾക്ക് വർഷത്തിൽ പല പ്രാവശ്യം സഹായ പയനിയർ സേവനത്തിൽ ഏർപ്പെടാൻ കഴിയുമോ? അല്ലെങ്കിൽ ഒരു നിരന്തര പയനിയർ ആയിത്തീരാൻപോലും കഴിയുമോ? നിങ്ങൾ ഇപ്പോൾത്തന്നെ ഒരു സഹായപയനിയർ ആണെങ്കിൽ നിങ്ങൾ നിരന്തര പയനിയർ സേവനം എത്തിപ്പിടിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, അതു ചെയ്യുന്നതിനെക്കുറിച്ച് എന്തുകൊണ്ടു പരിഗണിച്ചുകൂടാ? ഈ വിധത്തിൽ, യഹോവയാം ദൈവത്തോടും യേശുക്രിസ്തുവിനോടും കുറേകൂടെ അടുത്ത ബന്ധം നട്ടുവളർത്തുന്നതിൽ അനുഗ്രഹീതനാകാൻ നിങ്ങൾക്കു കഴിയും.—സങ്കീർത്തനം 25:14.
പയനിറിംഗ് നടത്തുന്നതിന് നിങ്ങൾക്ക് തീവ്രയത്നം ചെയ്യാൻ കഴിയുമോ?
13. (എ) നിങ്ങൾ ഒരു പയനിയറായിരിക്കാനാഗ്രഹിക്കുന്നുവെങ്കിൽ ഏതു രണ്ടു കാര്യങ്ങൾ ജീവൽ പ്രധാനമാണ്? (ബി) പയനിയറിംഗ് നടത്തുന്നതിന് ഏതു ജീവിത മണ്ഡലങ്ങളിൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടായിരിക്കാം?
13 നിങ്ങൾക്ക് ഒരു നിരന്തര പയനിയർ ആയിരിക്കാൻ കഴിയുമെന്നിരിക്കെ, അങ്ങനെയല്ലെങ്കിൽ, പയനിയറിംഗ് നടത്തത്തക്കവണ്ണം ക്രമീകരണങ്ങൾ ചെയ്യാൻ നിങ്ങൾക്ക് “പോരാട്ടം നടത്താൻ” കഴിയുമോ? രണ്ടു കാര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഒന്നാമത്, നിങ്ങൾക്ക് ആഗ്രഹം ഉണ്ടായിരിക്കണം. രണ്ടാമത്, നിങ്ങൾക്ക് ശരിയായ സാഹചര്യങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾക്ക് ആഗ്രഹത്തിന്റെ അഭാവമുണ്ടെങ്കിൽ അതിനുവേണ്ടി പ്രാർത്ഥിക്കുക. പയനിയർമാരോടു സംസാരിക്കുക. ഒരു സഭാപ്രസാധകനായുള്ള നിങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനം വർദ്ധിപ്പിക്കുക. സാദ്ധ്യമാകുമ്പോഴെല്ലാം സഹായപയനിയർ സേവനത്തിൽ പങ്കെടുക്കുക. നിങ്ങളുടെ സാഹചര്യങ്ങൾ ഇപ്പോൾ അങ്ങനെയുള്ള സേവനത്തിന് അനുവദിക്കുന്നില്ലെങ്കിൽ ഒരു ക്രമീകരണം ചെയ്യാൻ കഴിയുമോയെന്നു നോക്കുക. ഒരു ജോലിക്കാരിയായ ഭാര്യക്ക് ജോലി ചെയ്യേണ്ടതില്ലായിരിക്കാം. റിട്ടയർമെൻറ് പ്രായം കഴിഞ്ഞ ഒരാൾ തുടർന്നു ജോലി ചെയ്യേണ്ടതില്ലായിരിക്കാം. ഒരു ഉയർന്ന ജീവിത നിലവാരവും ചെലവേറിയ അവധിക്കാലങ്ങളും ഏററവും ആധുനികമായ കാറുകളും മററും ജീവിതത്തിന് അത്യന്താപേക്ഷിതമല്ല.—ലൂക്കോസ് 12:15; 1 യോഹന്നാൻ 2:15-17.
14. (എ) ഒരു ദമ്പതികൾ സഭാപ്രസാധകരായി തുടരുന്നതിൽ സംതൃപ്തരല്ലാഞ്ഞതെന്തുകൊണ്ട്? (ബി) അവർ തങ്ങളുടെ മക്കളുടെ മുമ്പാകെ ഏതു ലക്ഷ്യം വെച്ചിരിക്കുന്നു?
14 മൂന്നു പുത്രൻമാരുള്ള ഒരു പിതാവ് ആറു വർഷം മുൻപ് പയനിയറിംഗ് തുടങ്ങി. പുത്രൻമാരിൽ രണ്ടു പേർക്ക് ബാല്യപ്രായമായിരുന്നു. “ഞാൻ കൂടുതൽ പ്രവർത്തിക്കാനാഗ്രഹിച്ചു”വെന്നാണ് അയാൾ കാരണം പറഞ്ഞത്. “എനിക്ക് ഒരു നിരന്തര പയനിയറായിരിക്കാൻ കഴിവുണ്ടായിട്ട്, ആകുന്നില്ലെങ്കിൽ ഞാൻ എന്റെ സമർപ്പണത്തിന് അനുസൃതമായി ജീവിക്കുകയല്ലായിരിക്കും.” അയാളുടെ ഭാര്യയും നിരന്തര പയനിയറിംഗ് തുടങ്ങി. എന്തുകൊണ്ട്? “നാലു വർഷമായി ഞാൻ സഹായപയനിയറിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അത് എളുപ്പമായിത്തീർന്നതായി ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു. ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഈ വേലയിൽ തികവേറിയ ഒരു പങ്കു ലഭിക്കാൻ ഞാൻ ആഗ്രഹിച്ചു, ഞങ്ങളുടെ പുത്രൻമാർക്ക് ശരിയായ ദൃഷ്ടാന്തം വെക്കാനും” എന്ന് അവർ പറയുന്നു. സർവ്വകലാശാല പരിശീലനത്തിനു ശേഷമാണ് ഭർത്താവും ഭാര്യയും സത്യം പഠിച്ചത്. “ഞങ്ങൾ നാലു വർഷം കോളജിൽ പോകണമെന്ന് ഞങ്ങളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു” വെന്ന് പിതാവു പറയുന്നു. അതുകൊണ്ട്, അവർ തങ്ങളുടെ പുത്രൻമാർക്കുവേണ്ടി എന്തു ലക്ഷ്യങ്ങൾ വെച്ചു? “ഞങ്ങളുടെ പുത്രൻമാർ പയനിയറിംഗ് നടത്താനും കുറഞ്ഞപക്ഷം നാലു വർഷമെങ്കിലും ബഥേലിൽ ചെലവഴിക്കാനും ഞങ്ങളാഗ്രഹിക്കുന്നുവെന്ന് ഞാൻ അവരെ അറിയിച്ചു.”
15. (എ) ചിലർ ഏതു കാരണത്താൽ നിരന്തര പയനിയർമാരായി സേവിക്കുന്നതിന് തീവ്രയത്നം നടത്തിയിരിക്കുന്നു? (ബി) നിങ്ങൾ ഏതു കാരണത്താൽ മുഴുസമയസേവനത്തിലായിരിക്കാൻ ആഗ്രഹിക്കും?
15 മററു ചിലർ നിരന്തര പയനിയർമാർ ആയിത്തീരാനാഗ്രഹിച്ചതിന്റെ കാരണങ്ങൾ ചുവടെ ചേർക്കുന്നവയാണ്.
“ഞാൻ ആത്മീയമായി എങ്ങും എത്തിയിരുന്നില്ല, അത് എന്നെ അലട്ടി.” (റോബർട്ട് എച്ച്.)
“ഒരു നിരന്തര പ്രസാധകനെന്ന നിലയിൽ ഞാൻ തൃപ്തനായിരുന്നില്ല.” (റീയാ എച്ച്.)
“പയനിയറിംഗ് എന്റെ ജീവിതത്തിന് മാർഗ്ഗദർശനവും ഉദ്ദേശ്യവും നൽകുന്നു.” (ഹാൻസ് കെ.)
“ഞാൻ യഹോവയെ പൂർണ്ണമായി സേവിക്കാനാഗ്രഹിച്ചു, അതു ചെയ്യുന്നതിനുള്ള എന്റെ വഴി പയനിയറിംഗ് ആയിരുന്നു.” (ചരൻജിററ് കെ.)
“ഈ മഹത്തായ വേലയിൽ പങ്കെടുക്കുന്നതിന് എന്റെ ഊർജ്ജവും ശക്തിയും യുവത്വവും ഉപയോഗിക്കുന്നില്ലെങ്കിൽ ഞാൻ ഖേദിക്കേണ്ടിവരും.” (ഗ്രിഗറി ററി.)
“യഹോവ ശ്രമത്തെ മാത്രമേ അനുഗ്രഹിക്കുന്നുള്ളു. അവന് അനുഗ്രഹിക്കാൻ എന്തെങ്കിലും നൽകാൻ ഞാൻ ആഗ്രഹിച്ചു.” (ഗ്രേസൻ ററി.)
“പയനിയറിംഗ് ഞാൻ യഹോവയെക്കുറിച്ച് എങ്ങനെ വിചാരിക്കുന്നുവെന്നു വെളിപ്പെടുത്താൻ എന്നെ സഹായിക്കുന്നു.” മാർക്കൊ പി.)
“മുഴു സമയവും ലൗകിക ജോലി ചെയ്യുന്നത് പയനിയർമാരുടെ ഇടയിൽ ഞാൻ നിരീക്ഷിച്ച സന്തുഷ്ടി എനിക്ക് കൈവരുത്തിയില്ല.” (നാൻസി പി.)
നിങ്ങൾക്ക് ഈ ലിസ്ററിനോട് എന്തു കൂട്ടിച്ചേർക്കാൻ കഴിയും?
നിങ്ങൾക്കു കഴിയുന്നതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ?
16. പയനിയർമാർ മാത്രമാണോ തീവ്രയത്നം നടത്തുന്നത്? വിശദീകരിക്കുക.
16 നിരവധി യഹോവയുടെ സാക്ഷികൾ സത്യസന്ധമായും പ്രാർത്ഥനാപൂർവ്വവും തങ്ങളുടെ വ്യക്തിപരമായ സാഹചര്യത്തെ പരിശോധിക്കുകയും തങ്ങളുടെ ഇപ്പോഴെത്തെ സാഹചര്യത്തിൽ കഴിയുന്നതെല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഒരു പക്ഷേ, നിങ്ങൾ അവരിലൊരാളായിരിക്കാം. എങ്കിൽ ധൈര്യപ്പെടുക. യഹോവയും അവന്റെ പുത്രനും നിങ്ങളെക്കുറിച്ചു കരുതുന്നു. നിങ്ങളുടെ മുഴു ഹൃദയത്തോടുകൂടിയ സേവനത്തെ യഥാർത്ഥമായി വിലമതിക്കുകയും ചെയ്യുന്നു. (ലൂക്കോസ് 21:1-4 താരതമ്യപ്പെടുത്തുക.) ദൃഷ്ടാന്തമായി, രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രതികൂലാവസ്ഥകൾ നിമിത്തം ചില രാജ്യങ്ങളിൽ ജീവിതാവശ്യങ്ങൾ സാധിക്കുന്നതിന് വാരത്തിൽ അഞ്ചോ ആറോ ദിവസം ദിവസേന ഒൻപതു മണിക്കൂർ നമ്മുടെ സഹോദരൻമാർ ജോലി ചെയ്യേണ്ടിയിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ വേല കർശനമായി നിരോധിച്ചിരിക്കുന്ന ഒരു രാജ്യത്ത് പയനിയറിംഗ് നടത്തുന്നവർ സാധാരണയായി റിട്ടയർ ചെയ്തവരും രാത്രിജോലികളുള്ള യുവാക്കളും സംസ്ഥാനം ലൗകികജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള (കുട്ടികളോടു കൂടിയ) മാതാക്കളുമാണ്—ഈ രാജ്യങ്ങളിൽ പയനിയർമാരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്.
17. എപ്പഫ്രൊദിത്തൊസിന്റെ സംഗതി യഹോവ നമ്മുടെ യത്നത്തിന്റെ അളവിനെ നാം അവന്റെ സേവനത്തിൽ ചെയ്യുന്നതിന്റെ അളവുകൊണ്ട് അളക്കുന്നില്ലെന്ന് പ്രകടമാക്കുന്നതെങ്ങനെ?
17 എന്നിരുന്നാലും, ‘എനിക്ക് കൂടുതൽ ശാരീരിക ബലമുണ്ടായിരുന്നെങ്കിൽ. ഞാൻ വീണ്ടും യുവാവായിരുന്നെങ്കിൽ!’ എന്നു നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ നിരുത്സാഹപ്പെടരുത്. നമ്മുടെ തീവ്രയത്നം നാം നമ്മുടെ ദൈവത്തിന്റെ വിശുദ്ധ സേവനത്തിൽ ചെയ്യുന്ന വേലയുടെ അളവിനാലല്ല കർശനമായി അളക്കപ്പെടുന്നത്. എപ്പഫ്രൊദിത്തോസിനെ ഓർക്കുക. അവൻ രോഗിയായിരുന്നപ്പോൾ “കർത്താവിന്റെ വേല”യിൽ അവനു സാദ്ധ്യമായിരുന്ന തീവ്രപ്രവർത്തനത്തിന്റെ അളവ് അവനു സുഖമുണ്ടായിരുന്നപ്പോൾ ചെയ്തതിനോട് ഒപ്പമായിരുന്നില്ല. എന്നിരുന്നാലും, അവന്റെ തീവ്രയത്നം പൗലോസ് ശ്ലാഘിച്ചു. യഥാർത്ഥത്തിൽ, പൗലോസ് സൂചിപ്പിച്ചപ്രകാരം ‘നാം അത്തരം സ്ത്രീപുരുഷൻമാരെ വിലപ്പെട്ടവരായി കരുതേണ്ടതാണ്.’—ഫിലിപ്യർ 2:25-30.
18. (എ) പരിമിത സാഹചര്യങ്ങളോടുകൂടിയവർക്ക് സഭയിൽ മുഴുസമയസേവനത്തെ എങ്ങനെ പുരോഗമിപ്പിക്കാൻ കഴിയും? (ബി) സഭയിലെ പയനിയർ ആത്മാവിനെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
18 എന്നിരുന്നാലും, സഭയിൽ മുഴുസമയസേവനത്തെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കു ചെയ്യാവുന്ന ചിലതുണ്ട്. അതെന്താണ്? പയനിയർ ആത്മാവ് പ്രകടമാക്കുന്നതിന് തീവ്രയത്നം ചെയ്യുക. ദൃഷ്ടാന്തമായി, കുടുംബകടപ്പാടുകൾ നിമിത്തം നിങ്ങൾക്ക് ഇപ്പോൾ ഒരു പയനിയറാകാൻ കഴികയില്ലെങ്കിൽ, നിങ്ങളുടെ കുടുംബത്തിലെ മററുള്ളവരെ—നിങ്ങളുടെ ഭാര്യയേയോ മക്കളെയോ സഹോദരനെയോ സഹോദരിയേയോ—പയനിയറിംഗ് നടത്താൻ സ്വതന്ത്രരാക്കാൻ കഴിയുമോ? നല്ല ആരോഗ്യമില്ലാത്തവരോ മററു പ്രകാരത്തിൽ വൈകല്യമുള്ളവരോ ആയവർക്ക് പയനിയറിംഗ് നടത്താൻ പ്രാപ്തരായവരോടൊത്ത് സാഹചര്യമനുവദിക്കുന്നതനുസരിച്ച് വയൽസേവനത്തിലേർപ്പെടുന്നതിനാൽ അവരിൽ യഥാർത്ഥ താത്പര്യം പ്രകടമാക്കാൻ കഴിയും. (1 കൊരിന്ത്യർ 12:19-26 താരതമ്യപ്പെടുത്തുക.) സഭയിലുള്ള എല്ലാവർക്കും ഈ വിധത്തിൽ മുഴുസമയസേവനത്തിന് ഊന്നൽ കൊടുക്കുന്നതിന് തീവ്രയത്നം നടത്താൻ കഴിയും. ഫലം എല്ലാവർക്കും വളരെ പ്രോത്സാഹനജനകമായിരിക്കാൻ കഴിയും!
19. നമ്മുടെ തീരുമാനം എന്തായിരിക്കണം?1
19 തീവ്രയത്നം ചെയ്യുന്നത് നിങ്ങളെ സംബന്ധിച്ച് എന്തർത്ഥമാക്കുന്നു? സ്നാനത്തിലേക്കു മുന്നേറുകയെന്ന് അതിനർത്ഥമുണ്ടോ? എന്തെങ്കിലും ദുഃശീലത്തെ തരണം ചെയ്യുകയെന്ന് അതർത്ഥമാക്കുന്നുവോ? ഏതെങ്കിലും വിധത്തിൽ യഹോവയുമായുള്ള ബന്ധത്തെ ബലിഷ്ഠമാക്കുകയെന്നാണോ? അതിന് സഹായ പയനിയറിംഗ് നടത്തുക എന്നർത്ഥമുണ്ടായിരിക്കാമോ? നിരന്തരപയനിയറിംഗോ? ബഥേൽ സേവനമോ? ആത്മീയ പുരോഗതിവരുത്തുന്നതിന് അത് നിങ്ങളിൽ നിന്ന് എന്തുതന്നെ ആവശ്യപ്പെട്ടാലും, അത് ഇപ്പോൾ തീവ്രയത്നം നടത്താൻ തക്കവണ്ണം മൂല്യവത്താണ്. അതുകൊണ്ട്, നമുക്കെല്ലാം നിത്യജീവനിലേക്കു നയിക്കുന്ന ഇടുക്കുവാതിലിലൂടെ കടക്കാനുള്ള പോരാട്ടം തുടരാം! (w86 1/15)
[അടിക്കുറിപ്പുകൾ]
a രക്ഷിക്കപ്പെടുന്നവരുടെ എണ്ണം റബ്ബിമാരുടെ ഇടയിൽ വളരെയധികം വാദപ്രതിവാദം നടന്ന ഒരു ദൈവശാസ്ത്ര പ്രശ്നമായിരുന്നു. ഒരു ബൈബിൾ സംശോധകകൃതി ഇങ്ങനെ പ്രസ്താവിക്കുന്നു: “റബ്ബിമാരുടെ വിചിത്ര ഗൂഢാർത്ഥ ഭാവനകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒന്ന് ഏതെങ്കിലും വാക്യത്തിന്റെ സംഖ്യാ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രക്ഷിക്കപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമമായിരുന്നു.
പരിചിന്തിക്കാനുള്ള ആശയങ്ങൾ
◻ “തീവ്രയത്നം നടത്തുക” എന്ന് ബുദ്ധിയുപദേശിച്ചപ്പോൾ യേശു എന്തർത്ഥമാക്കി?
◻ യേശുവിന്റെ വാക്കുകൾ എപ്പോൾ, എങ്ങനെ നിങ്ങൾക്കു ബാധകമാകുന്നു?
◻ “അനേകർ” ഇടുക്കുവാതിലിലൂടെ കടക്കാൻ പ്രാപ്തരാകാത്തതെന്തുകൊണ്ട്?
◻ പരിമിതപ്പെടുത്തുന്ന സാഹചര്യങ്ങളിലുള്ളവർക്ക് തീവ്രയത്നം നടത്താൻ എങ്ങനെ കഴിയും?
◻ ഇടുക്കുവാതിലിലൂടെ കടക്കാൻ നാം എത്രനാൾ പോരാട്ടം നടത്തണം?