നിങ്ങൾ അതിഥിപ്രിയത്തിന്റെ ഗതി പിൻതുടരുന്നുണ്ടോ?
അന്നൊരുഷ്ണ ദിവസമായിരുന്നു. പ്രായമേറിയവരും ഇളംപ്രായക്കാരുമായ യഹോവയുടെ സാക്ഷികളുടെ ഒരു സംഘം ഒരു രാജ്യഹാൾ നവീകരിക്കുന്ന പ്രക്രിയയിൽ ശുചീകരണം, പെയ്ന്റിംഗ് എന്നിവ തുടങ്ങി മറ്റനവധി ജോലികളിൽ കഠിനാദ്ധ്വാനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നട്ടുച്ച ആയപ്പോഴേക്ക് അവർ ഏറെക്കുറെ ക്ഷീണിതരാവുകയും, അവരിൽ ചിലർ അൽപ്പം വിശ്രമത്തിനു വേണ്ടി ഇരിക്കുകയും ചെയ്തു.
ഉടനെതന്നെ, സാക്ഷികളായ അവരുടെ സഹോദരിമാരിൽ മൂന്നുപേർ റൊട്ടിയും കേയ്ക്കും, പലഹാരങ്ങളും കാപ്പിയും ചായയും മറ്റു പാനീയങ്ങളുമായി കടന്നു വന്നു. ആ തളർന്നവശാരായ ദേഹികൾക്കു് എത്ര സന്തോഷാശ്ചര്യം ആയിരിക്കും തോന്നിയിരിക്കുക! ആ മൂന്നു സഹോദരിമാരുടെ ഭാഗത്തുനിന്നുണ്ടായ അതിഥിപ്രിയത്തിന്റെയും സ്നേഹത്തിന്റെയും ആ പെട്ടെന്നുള്ള പ്രകടനം ജോലിക്കാർക്കു് ശാരീരിക നവോൻമേഷം പകർന്നുകൊടുക്കുക മാത്രമല്ല അവിടെ ആ ഉച്ചസമയത്തുണ്ടായിരുന്ന സഹോദരീസഹോദരന്മാരുടെ മുഴു കൂട്ടത്തിനുമിടയിലുള്ള സ്നേഹോഷ്മളമായ ആത്മാവിനു് അതു് വളരെ സംഭാവന ചെയ്യുകയും ചെയ്തു.
സത്യക്രിസ്ത്യാനിത്വത്തിന്റെ അടയാളം
അതിഥിപ്രിയവും സ്നേഹവും ഒരിക്കലും അത്തരം പ്രത്യേക അവസരങ്ങളിലേക്കായി പരിമിതപ്പെടുന്നില്ല. തന്റെ യഥാർഥ അനുഗാമികളെക്കുറിച്ച് സത്യക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തു ഇതു ചൂണ്ടിക്കാട്ടി: “നിങ്ങളുടെ ഇടയിൽ തന്നെ നിങ്ങൾക്കു സ്നേഹമുണ്ടെങ്കിൽ ഇതിനാൽ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകുന്നുവെന്നു് സകലരും അറിയും.” ഇതുപോലെ അപ്പോസ്തലനായ പൗലോസ് തന്റെ സഹക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “അതിഥിപ്രിയത്തിന്റെ ഗതി പിന്തുടരുക.” (യോഹന്നാൻ 13:35; റോമർ 12:13) മറ്റു വാക്കുകളിൽപ്പറഞ്ഞാൽ മറ്റുള്ളവരോടുള്ള നിസ്വാർത്ഥ സ്നേഹത്താൽ പ്രേരിപ്പിക്കപ്പെടുന്ന അതിഥിപ്രിയം സത്യക്രിസ്ത്യാനികൾക്കു് ഒരു ജീവിതമാർഗ്ഗം തന്നെയാണു്.
അത്തരം ഗുണങ്ങൾ പക്ഷേ ഒരുവൻ ഒരു ക്രിസ്ത്യാനി ആയിത്തീരുമ്പോൾ സ്വതവെ കൈവരുകയില്ല. പിന്നെയോ അവ വളർത്തിയെടുക്കാൻ ഒരുവൻ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ടു്. ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെ മിക്ക ആളുകളുടെയും സ്നേഹം തണുത്തുപോയിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ഇതു വിശേഷാൽ അങ്ങനെയാണു്. (മത്തായി 24:12) പക്ഷെ അത്തരം ഗുണങ്ങൾ നിലനിൽക്കുന്നിടത്തു് എത്ര വിപരീതമാണ് സ്ഥിതി! ഉറ്റബന്ധമുള്ള ഒരു കുടുംബത്തിൽ ഒരംഗം മറ്റൊരംഗത്തിന്റെ സാന്നിദ്ധ്യം ആസ്വദിക്കുകയും ഒന്നിച്ചു സമയം ചെലവഴിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. അതുപോലെ ക്രിസ്തീയ സഭാംഗങ്ങൾ യോഗങ്ങളിലും, വയൽ ശുശ്രൂഷയിലും മറ്റവസരങ്ങളിലും ക്രമമായി സഹവസിക്കുമ്പോൾ അവർ വാസ്തവത്തിൽ അന്യോന്യം അടുത്തറിയാൻ ഇടവരുന്നു. അവർ കുടുംബാംഗങ്ങളെക്കാൾ ഉറ്റവരായ യഥാർഥ ചങ്ങാതികൾ ആയിത്തീരുന്നു. (സദൃശവാക്യങ്ങൾ 18:24) യഹോവയുടെ സാക്ഷികൾക്കിടയിലുള്ള ഈ സുഹൃദ്ബന്ധം ലോകത്തിന്റെ അനാരോഗ്യകരമായ സ്വാധീനങ്ങൾക്കെതിരെ ഒരു ശക്തമായ മതിൽ ആയി വർത്തിക്കുന്നു.
ക്രിസ്തീയ സ്ത്രീകളുടെ പങ്ക്
“അതിഥിപ്രിയത്തിന്റെ ഗതി പിന്തുടരാൻ” എല്ലാ ക്രിസ്ത്യാനികളും ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ഈ കാര്യത്തിൽ ക്രിസ്തീയ സ്ത്രീകൾക്ക് ഒരു സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടു്. വാസ്തവത്തിൽ, അതിഥിപ്രിയം കാണിക്കുന്നതിനോടുള്ള ബന്ധത്തിൽ മിക്ക ജോലികളും ചെയ്യുന്നതു് സാധാരണയായി സ്ത്രീകൾ, വിശേഷിച്ച് ഭാര്യമാർ അല്ലേ? ഭർത്താവ് സഭയിലെ ചിലരെ ഒരു ക്രിസ്തീയ കൂട്ടായ്മയ്ക്കുവേണ്ടി ക്ഷണിക്കുമ്പോൾ സാധാരണ വീട് വൃത്തിയാക്കുന്നതും ഭക്ഷണപാനീയങ്ങൾ ഉണ്ടാക്കുന്നതും ഒടുവിലുള്ള ശുചീകരണജോലി ചെയ്യുന്നതും ഭാര്യയല്ലേ? സഹായഹസ്തം നീട്ടാൻ ഭർത്താവിനും കുട്ടികൾക്കും ആകുമെന്നിരുന്നാലും അവർ സന്നദ്ധരായിരുന്നാലും സർവ്വതും ഉത്തമമായി കരുതിക്കാണുന്നതിനുള്ള ഉത്തരവാദിത്തഭാരം പേറുന്നതു് അനിവാര്യമായും ഭാര്യതന്നെ ആയിരിക്കും.
തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരോടു യഥാർഥമായ അതിഥിപ്രിയം കാട്ടുന്നതിനു് ക്രിസ്തീയ ഭാര്യമാരായ അനേകർ മനസ്സൊരുക്കത്തോടെ ആത്മാർപ്പണം ചെയ്യുന്നു. ഉദാഹരണത്തിന് ഹോംഗ്കോങ്ങിലെ മുഴുസമയ പയണിയർ ശുശ്രൂഷകയായ ഡിപ് ഈ എന്ന സഹോദരിയുടെ കാര്യമെടുക്കാം. അവളുടെ ഭർത്താവ് ഒരു പ്രാദേശിക സഭയിലെ ഒരു മൂപ്പനാണു്. അവർ സഹോദരന്മാരെയും സഹോദരിമാരെയും, ചിലപ്പോൾ മുഴു അദ്ധ്യയന കൂട്ടത്തെയും അവരുടെ വീട്ടിലേക്കു ക്ഷണിക്കുമ്പോൾ അവൾക്കു് വളരെ ജോലിയുണ്ടെങ്കിലും അവൾ സന്തോഷപൂർവം ആഥിത്യം കാണിക്കുന്നു. “ഞങ്ങൾ ഊണു വളരെ ലഘുവാക്കുന്നു. എന്നവർ പറയുന്നു. “സഹോദരന്മാർ സഹവാസം അത്യധികം ഇഷ്ടപ്പെടുന്നതും അതിനാൽ പരിപുഷ്ടി പ്രാപിക്കുന്നതും കാണുന്നതു് നല്ലതാണ്.” തീർച്ചയായും തങ്ങളുടെ അതിഥിപ്രിയത്തിലൂടെ സഭയിൽ ഒരു ഊഷ്മളാത്മാവ് വളർത്തക്കൊണ്ടു വരുന്നതിൽ ക്രിസ്തീയ സ്ത്രീകൾ വളരെ വലുതായ ഒരു പങ്കു വഹിക്കുന്നു.
അതിഥിപ്രിയം കാണിക്കുന്നതിലുൾപ്പെട്ടിരിക്കുന്ന കാര്യങ്ങളത്രയും ചിന്തിക്കുമ്പോൾ അതു തീർച്ചയായും ഉത്സാഹവും ആത്മത്യാഗവും ആവശ്യമാക്കിത്തീർക്കുന്നു എന്നു കാണാം. എന്നാൽ അവരുടെ അദ്ധ്വാനം അവരുടെ ഭർത്താക്കന്മാരാലും മറ്റു നന്ദിയുള്ള അനുഭോക്താക്കളാലും വളരെ വിലമതിക്കപ്പെടുന്നു എന്ന ഉറപ്പോടെ അവർക്കു് കൃതാർത്ഥരായിരിക്കാൻ കഴിയും. തീർച്ചയായും ചിലപ്പോൾ ചില ആളുകൾ അവർക്കായി ചെയ്യുന്ന കാര്യങ്ങളോടു് ഉചിതമായ വിലമതിപ്പ് കാട്ടിയെന്നിരിക്കല്ല. പക്ഷേ അതു് നിരുത്സാഹപ്പെടുന്നതിനോ നീരസം കൊള്ളുന്നതിനോ അല്ലെങ്കിൽ അതിഥിപ്രിയമുണ്ടായിരിക്കുന്നതു് നിർത്തിക്കളയുന്നതിനോ ഉള്ള ഒരു കാരണമോ അല്ല. മറ്റുള്ളവരിൽ നിന്നു നന്ദിപ്രകടനങ്ങൾ സ്വീകരിക്കുന്നതും നമ്മുടെ യത്നങ്ങൾ വിലമതിക്കപ്പെട്ടുവെന്നു തിരിച്ചറിയുന്നതും ആത്മസംതൃപ്തി പകരുന്നതാണെന്നിരിക്കെ നാം ആഥിത്യം കാണിക്കേണ്ടതു് പ്രാഥമികമായി അതു് ഒരു ഉചിതവും സ്നേഹപൂർവ്വകവും ആയ നടപടി ആണെന്നുള്ളതുകൊണ്ടായിരിക്കണം. എല്ലാറ്റിലുമുപരിയായി നാമങ്ങനെ ചെയ്യുന്നതു് യഹോവയാം ദൈവത്തെ സന്തുഷ്ടനാക്കുന്നു.
ഒരു സമനിലയുള്ള വീക്ഷണം ഉണ്ടായിരിക്കുക
വിലകൾ കുതിച്ചുയരുന്ന ഈ കാലത്തു തങ്ങൾക്കു താങ്ങാനാവില്ല എന്ന കാരണം ചൊല്ലി ചിലർ അതിഥിപ്രിയം കാട്ടുന്നതിൽ വിമുഖത കാണിച്ചേക്കാം. ഇവിടെയാണു് നമുക്കു ഒരു സമനിലയുള്ള വീക്ഷണം ഉണ്ടായിരിക്കേണ്ടതു് പ്രധാനമായിരിക്കുന്നുതു്. ഭക്ഷണമോ പാനീയമോ എന്ന നിലയിൽ വിശേഷമായിട്ടെന്തെങ്കിലും ഉണ്ടായിരിക്കുന്നതു അവസരത്തിന്റെ മാധുര്യത്തിനു മാറ്റു കൂട്ടുമെങ്കിലും ഏറ്റവും പ്രധാനമായ സംഗതി അതല്ല. ദൈവവചനം അതു ചൂണ്ടിക്കാണിക്കുന്നതിങ്ങനെയാണു്: “തൊഴുത്തിൽ കൊഴുപ്പിച്ച കാളയോടൊപ്പം വിദ്വേഷത്തേക്കാൾ സ്നേഹമുള്ളടത്തെ ഒരു പാത്രം സസ്യഭോജനം നല്ലതു്.” (സദൃശവാക്യങ്ങൾ 15:17) നമുക്കെന്തുണ്ടെന്നോ നാം എന്തു വിളമ്പുമെന്നോ ഉള്ളതല്ല പ്രധാന സംഗതി പരസ്പരം പരിപുഷ്ടിപ്പെടുത്തുന്ന സഹവാസവും നാം കാട്ടുന്ന സ്നേഹത്തിന്റെ ആത്മാവും ആണു്.
ഒരു എതിരാളിയായ ഭർത്താവുള്ള 40 കാരിയായ ഫുംഗ് ഹിംഗ് എന്ന സഹോദരിയുടെ സംഗതി എടുക്കുക. ഹോംകോംഗിലെ ഭീമാകാരമായ പൊതു ഭവന എസ്റ്റേറ്റുകളിലൊന്നിലെ ഒറ്റമുറിമാത്രമുള്ള ഒരു നന്നെ ചെറിയ പാർപ്പിടത്തിൽ അവൾ താമസിക്കുന്നു. അവളുടെ ജീവിതം സുഭിക്ഷമോ ആയിരുന്നില്ല. അവളുടെ കുടുംബ വരുമാനത്തിന്റെ കുറവ് നികത്താൻ അവൾക്കു് അംശകാല ജോലിയും ചെയ്യേണ്ടതുണ്ടായിരുന്നു. എന്നിട്ടും, അവൾക്കുള്ളതുകൊണ്ടു് അവൾ ഔദാര്യമുള്ളവളായിരുന്നു. സാക്ഷികൾ അവളുടെ അയൽ പ്രദേശത്തു വീടുതോറുമുള്ള പ്രസംഗം ചെയ്യുന്നതിനു വരുമ്പോൾ ഒരു ചെറിയ സത്ക്കാരത്തിനു് വേണ്ടി അവരെ മിക്കപ്പോഴും തന്റെ വീട്ടിലേക്ക് അവൾ ക്ഷണിക്കുന്നു. അത്തരം സ്നേഹവായ്പ്പോടു കൂടിയ നടപടി അവളുടെ സഹക്രിസ്ത്യാനികളാൽ വിലമതിക്കപ്പെടുന്നുവെന്നു മാത്രമല്ല യഥാർത്ഥ അതിഥിപ്രിയം കാട്ടുന്നതിനു് ഒരാൾ സമ്പന്നനായിരിക്കേണ്ടതില്ല എന്നു് കാണിക്കാൻ അതു സാഹിക്കകൂടി ചെയ്യുന്നു.
നമ്മുടെ സത്ക്കാരത്തിൽ നാം എത്രതന്നെ മിതത്വം പാലിച്ചാലും അതിഥിപ്രിയം കാണിക്കുന്നതിനു് പിന്നെയും കുറെ കാര്യങ്ങൾ ത്യജിക്കേണ്ടതു് അത്യാവശ്യമായി വരുന്നു. അതിനു തക്ക വിലയതിനുണ്ടോ? നമ്മെ പ്രേരിപ്പിക്കുന്നതു സത്യക്രിസ്തീയ സ്നേഹം ആണെങ്കിൽ തീർച്ചയായും ഉണ്ടു്. കാരണം ത്യാഗമില്ലാത്ത സ്നേഹം ഏതുണ്ടു്? യഹോവയും യേശുക്രിസ്തുവും മനുഷ്യരോടുള്ള സ്നേഹം വലിയ ത്യാഗങ്ങൾ സഹിച്ചുകൊണ്ടാണു് കാട്ടിയിരിക്കുന്നതു്. യഹോവ തന്റെ പുത്രനെയും യേശു തന്റെ സ്വന്ത പൂർണ്ണ മാനുഷജീവനെയും അർപ്പിച്ചുകൊണ്ടു തന്നെ.—യോഹന്നാൻ 3:16; 15:13.
ആദിമ ക്രിസ്ത്യാനികളും ഒരു സ്നേഹപൂർവകമായ ഗതി പിന്തുടർന്നു. മാസിഡോണിയായിലെ സഹോദരങ്ങളെ കുറിച്ചു പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “യാതനയിൻ കീഴെ ഒരു വലിയ പരിശോധനയിങ്കലെ അവരുടെ സന്തോഷ സമൃദ്ധിയും അവരുടെ മഹാദാരിദ്ര്യവും അവരുടെ ഔദാര്യത്തിന്റെ പുഷ്ടി വർദ്ധിക്കുവാൻ ഇടയാക്കി. എന്തെന്നാൽ ഇതു് അവരുടെ യഥാർത്ഥ പ്രാപ്തിക്കൊത്തവണ്ണം. അതെ, അവരുടെ പ്രാപ്തിക്കതീതമായിട്ടായിരുന്നു എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു, ദയാദാനം ചെയ്യുന്നതിനുള്ള പദവിക്കുവേണ്ടി അവർ സ്വമേധയാ ഞങ്ങളോടു് വളരെ അപേക്ഷകളാൽ യാചിച്ചുകൊണ്ടുതന്നെ.” (2 കൊരിന്ത്യർ 8:2-4) അവരുടെ “കടുത്ത ദാരിദ്ര്യവും” അവർ “തങ്ങളുടെ യഥാർത്ഥ പ്രാപ്തിക്കതീത”മായി ചെയ്തു എന്നതും അത്രയേറെ അവരുടെ ഉദാരതയെ വാസ്തവികവും ഹൃദയസ്പർശിയും ആക്കിത്തീർക്കുന്നു.
ഒരുവൻ ദരിദ്രനോ സാമാന്യം ഭേദപ്പെട്ടവനോ ആയിക്കൊള്ളട്ടെ, പക്ഷേ, ഇന്നത്തെ ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടായാലും അതിഥി പ്രിയം കാണിക്കുന്നതിനു് സമയവും ഊർജ്ജവും വിഭവങ്ങളും ആവശ്യമായിവരുന്നു. അപ്പോൾ അടിസ്ഥാന ചോദ്യം ഇതാണു്: മറ്റുള്ളവർ ക്രിസ്തീയ സഹവാസം ആസ്വദിക്കത്തക്കവണ്ണം നാം നമ്മെത്തന്നെ ആത്മാർപ്പണം ചെയ്യുന്നതിനു് ഒരുക്കമുള്ളവരാണോ? “ഉദാരനായവൻ ദേഹപുഷ്ടി പ്രാപിക്കും” എന്നും “മറ്റുള്ളവരെ നിർലോഭമായി തണുപ്പിക്കുന്നവൻ താൻ നിർലോഭമായി തണുപ്പിക്കപ്പെടും എന്നും ഒരു ബൈബിൾ സദൃശവാക്യം പറയുന്നതോർക്കുക. യഹോവയുടെ പ്രഖ്യാപിത ആജ്ഞയുടെ അനുസരണം എന്ന നിലക്കും അവന്റെ മഹത്തായ മാതൃകയുടെ അനുകരണം എന്ന നിലക്കും നാം അതിഥിപ്രിയം കാണിക്കുമ്പോൾ നാം ഫലത്തിൽ “യഹോവക്കു് വായ്പ കൊടുക്കുകയാണു്” എന്ന ഉൾബോദ്ധ്യത്തിൽ നമുക്കു് ആശ്വസിക്കാം.—സദൃശവാക്യങ്ങൾ 11:25; 19:17.
ആരെ ക്ഷണിക്കണം?
“നിങ്ങൾ ഒരു വിരുന്നോ അത്താഴമോ ഒരുക്കുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളെയോ നിങ്ങളുടെ സഹോദരങ്ങളെയോ നിങ്ങളുടെ സമ്പന്നരായ ബന്ധുക്കളെയോ വിളിക്കരുത്.” എന്തുകൊണ്ടരുതു്? “ഒരു പക്ഷേ ഒരു സമയത്തു് അവർ പകരമായി നിങ്ങളെ അങ്ങോട്ടും ക്ഷണിക്കയും അതു് ഒരു പ്രത്യുപകാരമായിത്തീരുകയും ചെയ്യും.” (ലൂക്കൊസ് 14:12) യേശു ഇവിടെ വ്യക്തമാക്കിയ സംഗതി നാം ഒരു ഊണിനു് നമ്മുടെ സഹോദരങ്ങളെയോ ബന്ധുക്കളെയോ വിളിച്ചുകൂടാ എന്നുള്ളതല്ല. മറിയയുടെയും മാർത്തയുടെയും ഭവനത്തിൽ വച്ച് അവൻ തന്റെ സ്നേഹിതരോടൊത്തു് വിരുന്നു് ആസ്വദിക്കുക തന്നെ ചെയ്തിട്ടുണ്ടു്. നമ്മുടെ അതിഥിപ്രിയം എന്തെങ്കിലും തിരികെ ലഭിക്കുന്നതിനുള്ള ചിന്തയുടെ പ്രേരണ കൊണ്ടായിരിക്കരുതു് എന്നതാണു് ആശയം.
യേശു തന്റെ വിശദീകരണത്തിൽ തുടർന്നു് കാണിച്ചപ്രകാരം ക്ഷണം നൽകുന്നതിനു് നാം പ്രഥമപരിഗണന നൽകുന്നതു് സഹവാസത്തിൽ നിന്നു് പരമാവധി പ്രയോജനം അനുഭവിക്കാനിടയുള്ളവർക്കു് ആണു്. (ലൂക്കോസ് 14:13) അവരിൽ പ്രോത്സാഹനം ആവശ്യമായിട്ടുള്ളവരും സത്യത്തിൽ പുതിയവരും പരിഭ്രമമുള്ളവർ അല്ലെങ്കിൽ ഉൾവലിയുന്ന പ്രവണതയുള്ളവരും വാർദ്ധ്യക്യത്തിലുള്ളവരും ഉൾപ്പെടുന്നു. അത്തരം സഹവാസത്തിന്റെ പരിപുഷ്ടിദായകമായ ഫലത്തെ സംബന്ധിച്ച് അനാരോഗ്യം അനുഭവിക്കുന്നവളെങ്കിലും അത്യുത്സാഹശീലയായ ഓയ് യുക്കു് എന്ന വൃദ്ധസഹോദരിയുടെ പിൻവരുന്ന അഭിപ്രായ പ്രകടനത്തിൽ നിന്നും കാണാം: “സഹോദരന്മാർ എന്നെ കൂടിവരവുകളിൽ മിക്കപ്പോഴും ക്ഷണിക്കാറുണ്ടു്. ഒരു വലിയ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതു് എന്നെ അതീവ സന്തുഷ്ടയാക്കുന്നു!”
സ്പഷ്ടമായും ആ കൂടിവരവുകളുടെ ഉദ്ദേശ്യം വെറും സാമൂഹ്യസഹവാസത്തെക്കാൾ കവിഞ്ഞതാണു്. അതു് അന്യോന്യം കെട്ടുപണിചെയ്യുകയും യഹോവയുടെ സഹാരാധകരുടെ ഇടയിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുകയും ചെയ്യുക എന്നതാണു്. അതുകൊണ്ടു് ഭക്ഷണപാനീയങ്ങളുടെ പുഷ്ഠിയിലല്ല പിന്നെയോ പരിപുഷ്ഠിദായകമായ ഒരു പ്രോത്സാഹനം പകരുന്ന അന്തരീക്ഷം നിലനിർത്തുന്നതിലാണു് ഊന്നൽ നൽകേണ്ടതു്. അതുപോലെ, അത്തരം അവസരങ്ങളിലെ പ്രവൃത്തികൾക്കും സംഭാഷണത്തിനും ചിന്ത നൽകേണ്ടതുണ്ടു്. എല്ലാ നടപടികളും ബൈബിളിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതോ എല്ലാ സംഭാഷണവും ബൈബിൾ വിഷയങ്ങളോ ആയിരിക്കേണ്ട ആവശ്യം ഇല്ലെങ്കിലും അവ എപ്പോഴും കെട്ടുപണി ചെയ്യുന്നതും പ്രോത്സാഹനപ്രദവും ആയി കാക്കുന്നതു് വിവേകപൂർവ്വകവും സ്നേഹപൂർവ്വകവും ആയ ഒരു നടപടി ആയിരിക്കും. മത്സരക്കളികൾ, വ്യർത്ഥമായ കുശുകുശുപ്പ്, വിലയിടിക്കുന്ന അഭിപ്രായങ്ങൾ എന്നിവ നിശ്ചയമായും ഒഴിവാക്കണം.—എഫേസ്യർ 4:29, 31.
അതിഥിപ്രിയർക്കായി സമൃദ്ധമായ പ്രതിഫലം കാത്തിരിക്കുന്നു
എന്തെങ്കിലും പകരം ലഭിക്കുന്നതിനുള്ള ആന്തരത്തോടെ ഒരുവൻ അതിഥിപ്രിയം കാണിക്കാൻ തുനിയരുതെങ്കിലും അതിഥി പ്രിയനായ വ്യക്തിക്കു് യാതൊരു പ്രതിഫലവും ലഭിക്കുകയില്ല എന്നു് ഇതിനു് അർത്ഥം ഇല്ല. മറിച്ച്, തേടിയതല്ലെങ്കിലും യഥാർത്ഥ അതിഥിപ്രിയം നിരവധി പ്രതിഫലം കൈവരുത്തുന്നു. അതു് പുതിയ സ്നേഹിതരെ ഉളവാക്കാൻ ഒരുവനെ സഹായിക്കുന്നു. അതു് പഴയ ബന്ധങ്ങളെ ശക്തീകരിക്കുന്നു. ഔദാര്യത്തിന്റെയും അതിഥിപ്രിയത്തിന്റെയും ആത്മാവ് നട്ടുവളർത്താൻ അതു മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു. (ലൂക്കൊസ് 6:38; സദൃശവാക്യങ്ങൾ 11:25) എല്ലാറ്റിലുമുപരിയായി, അഖിലാണ്ഡത്തിലെ ഏറ്റവും അതിഥിപ്രിയനായ വ്യക്തി ആയ യഹോവയാം ദൈവം എന്ന നമ്മുടെ സ്നേഹവാനായ സൃഷ്ടാവ് യഥാർത്ഥ അതിഥിപ്രിയരായവർക്കു് യാതൊരു കാര്യമായ മുട്ടും ഉണ്ടാകാതിരിക്കാൻ കരുതുന്നു. കാരണം അവൻ ചെയ്യുന്നതുപോലെ അതിഥിപ്രിയത്തിന്റെ ഗതി പിന്തുടരുന്നവരെ അവൻ വിലമതിക്കുന്നു