അപ്പോക്കാലിപ്സിലെ മൃഗങ്ങൾ—അവയെക്കുറിച്ച് വായിക്കേണ്ടതെന്തുകൊണ്ട്?
അപ്പോക്കാലിപ്സ്! ബൈബിളിന്റെ അവസാന പുസ്തകത്തിന് നൽകപ്പെട്ടിട്ടുള്ള വിശിഷ്ട നാമങ്ങളിൽ ഒന്നാണത്. അതിനെ വെളിപ്പാട് പുസ്തകം എന്നും വിളിക്കുന്നു. ഈ പുസ്തകം വർണ്ണോജ്വലങ്ങളായ വാങ്മയ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവയിൽ ഒരു സർപ്പത്തെക്കുറിച്ചുള്ളതും മൂന്നു വന്യമൃഗങ്ങളെക്കുറിച്ചുള്ളതുമായ ചിത്രങ്ങൾ വിശേഷതയേറിയവയാണ്. ചിലർക്ക് ഈ മൃഗങ്ങൾ ഭയം ജനിപ്പിക്കുന്നവയായി തോന്നുന്നു. മററുള്ളവർ അവയെ ഒരു കിഴവന്റെ സങ്കൽപ്പങ്ങളായി പിൻതള്ളുന്നു. ആ സ്ഥിതിക്ക് അപ്പോക്കാലിപ്സിലെ മൃഗങ്ങളെക്കുറിച്ച് നിങ്ങൾ എന്തുകൊണ്ട് വായിക്കണം? എന്തുകൊണ്ടെന്നാൽ നിങ്ങളുടെ സന്തുഷ്ടി ഇതിൽ അന്തർഭവിച്ചിരിക്കുന്നു.
ഏകദേശം 1900, വർഷങ്ങൾക്ക് മുമ്പ് അപ്പോസ്തലനായ യോഹന്നാൻ വെളിപ്പാട് പുസ്തകം എഴുതിയപ്പോൾ അവൻ ഒരു വൃദ്ധനായിരുന്നു എന്നത് ശരിതന്നെ. അതു വിവരിക്കുന്ന മൃഗങ്ങൾ അതുകൊണ്ട് വാർദ്ധക്യം ബാധിച്ച ഒരു മനസ്സിലെ വിഭ്രാന്തിയുടെ പ്രതിഫലനങ്ങളാണെന്നു വരുമോ? ഇല്ല. കാരണം അത്തരം ദർശനങ്ങൾ ലഭിച്ച ആദ്യമനുഷ്യൻ യോഹന്നാൻ ആയിരുന്നില്ല. ദാനിയേൽ എന്ന് പേരുണ്ടായിരുന്ന ഒരു മനുഷ്യനും തന്റെ പ്രായാധിക്യത്തിൽ മൃഗങ്ങളെപ്പററിയുള്ള ദർശനങ്ങൾ കണ്ടിരുന്നു. മാനുഷ ഭരണകൂടങ്ങൾക്ക് സംഭവിക്കാനിരുന്ന മാററങ്ങളുടെ കൃത്യതയേറിയ പ്രവചനങ്ങളായി ആ ദർശനങ്ങൾ തെളിയുകയും ചെയ്തു. (ദാനിയേൽ 7ഉം 8ഉം അദ്ധ്യായങ്ങൾ) കൂടാതെ, യേശുക്രിസ്തുതന്നെ ദാനിയേലിനെ ഒരു പ്രവാചകനെന്നു വിളിക്കുകയും അവന്റെ എഴുത്തുകൾ ഉദ്ധരിക്കുകയും ചെയ്തുകൊണ്ട് അവനെ ദൈവനിശ്വസ്തനായി വീക്ഷിച്ചു.—മത്തായി 24:15.
തന്റെ മരണശേഷം തന്റെ അപ്പോസ്തലൻമാർക്ക് കൂടുതലായി ദിവ്യ പ്രബോധനം ലഭിക്കുമെന്ന് യേശു സൂചിപ്പിച്ചു. (യോഹന്നാൻ 16:12, 13) വെളിപ്പാട് പുസ്തകത്തിന്റെ അനേക പ്രവചന ഭാഗങ്ങളും ശ്രദ്ധേയമായ വിധങ്ങളിൽ നിറവേറിയിരിക്കുന്നതിനാൽ വെളിപ്പാടു പുസ്തകത്തിലെ മൃഗങ്ങളെപ്പററിയുള്ള അപ്പോസ്തലനായ യോഹന്നാന്റെ ദർശനങ്ങളും ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ടവയായിരുന്നുവെന്നു നമുക്കുറപ്പാക്കാം.—2 തിമൊഥെയോസ് 3:16.
വെളിപ്പാട് പുസ്തകത്തിന്റെ മുഖവുര ഇങ്ങനെ പറയുന്നു: “ദൈവം തനിക്ക് നൽകിയതായി യേശുക്രിസ്തുവിന്റെ ഒരു വെളിപ്പാട് . . . അവൻ തന്റെ ദൂതനെ അയക്കുകയും അടയാളങ്ങളിലൂടെ അവൻ മുഖാന്തരം തന്റെ ദാസനായ യോഹന്നാന് വെളിപ്പെടുത്തുകയും ചെയ്തു.” (വെളിപ്പാട് 1:1) അതുകൊണ്ട് വെളിപ്പാട് പുസ്തകത്തിലെ മൃഗങ്ങളുൾപ്പെടെയുള്ള പ്രതിരൂപങ്ങൾ പ്രതീകാത്മകങ്ങളാണ്, അക്ഷരീയമല്ല. അവയെക്കുറിച്ച് വായിക്കുന്നതിന് ഭയപ്പെടാനൊന്നുമില്ല. ദൈവവുമായുള്ള തങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കാൻ തങ്ങളെ പ്രാപ്തരാക്കിക്കൊണ്ട് ക്രിസ്ത്യാനികൾക്ക് ഈ പ്രതീകാത്മക മൃഗങ്ങൾ ജീവൽപ്രധാനമായ ജ്ഞാനം നൽകിത്തരുന്നു. അതുകൊണ്ട് അപ്പോസ്തലനായ യോഹന്നാന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അവ ശ്രദ്ധിക്കുന്നവരും അതിലെഴുതിയിരിക്കുന്ന കാര്യങ്ങൾ പാലിക്കുന്നവരും സന്തുഷ്ടർ; എന്തെന്നാൽ നിയമിത കാലം സമീപമായിരിക്കുന്നു.” അതെ, നിങ്ങൾ ഈ പ്രതീകങ്ങൾ ഗ്രഹിക്കുന്നത് നിങ്ങൾക്ക് ഇപ്പോഴും ഭാവിയിലും സന്തുഷ്ടി കൈവരുത്തും.—വെളിപ്പാട് 1:3. (w86 2/1)