സകല മനുഷ്യവർഗ്ഗത്തിനും വേണ്ടി ഒരു പുസ്തകം നിങ്ങൾ എങ്ങനെ തിരഞ്ഞെടുക്കും?
ദൈനംദിനം ചെയ്തുതീർക്കേണ്ടതായ ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിരുന്നിട്ടും ഒരാഴ്ചയിൽ ഏതുവിധേനയും ഒരു പുസ്തകം വീതമെങ്കിലും വായിക്കാൻ നിങ്ങൾക്ക് സാധിച്ചാൽ നിങ്ങളുടെ ആയുഷ്ക്കാലത്ത് 3000-ലധികം വാല്യങ്ങൾ വായിച്ചു തീർക്കാൻ കഴിഞ്ഞേക്കും. അത് ഒരു മഹാകാര്യമായി നിങ്ങൾക്ക് തോന്നുമെന്നിരിക്കെ, ഓരോ വർഷവും ഐക്യനാടുകളിൽ മാത്രം ഇതിന്റെ പത്തിരട്ടിയായി അനവധി പുസ്തകങ്ങൾ അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് നിങ്ങൾ ഗൗനിക്കുമ്പോൾ ഇത് ഒരു തൊട്ടിയുടെ അടിത്തട്ടിലെ ചെറുതുള്ളിയേക്കാൾ ഒട്ടും അധികമല്ല എന്നു കാണാം. അഭ്യസ്തവിദ്യനായ ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ടതായി കരുതപ്പെടുന്ന ആയിരക്കണക്കിന് പ്രാമാണിക ഇതിഹാസഗ്രന്ഥങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുപോലും ഇല്ല.
വ്യക്തമായും, പുസ്തകങ്ങളുടെ കാര്യത്തിൽ ഏതാണ്ട് 3000 വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു നിരീക്ഷണം ഇന്ന് എന്നത്തേതിലും അധികം യോജിക്കുന്നു: “പുസ്തകങ്ങൾ നിരവധി ഉണ്ടാക്കുന്നതിന് അവസാനമില്ല. അവയിൽ അധികം മുഴുകുന്നത്, ജഡത്തിന് ക്ഷീണവും തന്നെ.”—സഭാപ്രസംഗി 12:12.
പുസ്തകങ്ങളുടെ ഈ പെരുപ്പത്തിനിടയിൽ എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം എന്ന നിലയിൽ മറെറല്ലാററിനും മീതെ ഉയർന്നു നിൽക്കുമാറ് അത്ര പ്രാധാന്യവും മൂല്യവും ഉള്ള ഒരു ഗ്രന്ഥം ഉണ്ടോ? രാഷ്ട്രീയ, സംസ്ക്കാരിക, ഭാഷാ വേലിക്കെട്ടുകളെ എല്ലാം മറികടന്ന് സകല മനുഷ്യവർഗ്ഗത്തിനും ഉള്ള ഒരു പുസ്തകം എന്നു പേർ വിളിക്കാൻ തക്ക യോഗ്യതയിലെത്തിയ ഒന്നുണ്ടോ? നാം എന്തുവായിക്കണം എന്ന പ്രശ്നത്തിന് വെറും വിദ്യാഭ്യാസപരമായ താത്പര്യത്തെക്കാൾ കവിഞ്ഞ ശ്രദ്ധ അർഹിക്കുന്നു. കാരണം, അത് ആത്യന്തികമായി നമ്മുടെ ചിന്താഗതിയെയും മൂല്യങ്ങളെയും നമ്മുടെ ന്യായബോധത്തെയും സ്വാധീനിക്കുന്നു. അത്—മുമ്പും ഇന്നും ഉള്ള—വിദ്യാഭ്യാസ വിചക്ഷണൻമാർ, മാതാപിതാക്കൾ, മററുള്ളവർ എന്നിവരുടെ ശ്രദ്ധാവിഷയം ആയിത്തീർന്നിട്ടുണ്ട്. വായന അത്യാവശ്യമായിരിക്കുന്ന സാഹിത്യം ഏതെല്ലാം എന്നതിനെപ്രതി അസംഖ്യം സർവ്വേകൾ നടത്തപ്പെട്ടിട്ടുണ്ട്, അവയുടെ ഫലങ്ങൾ അത്യന്തം വെളിച്ചം പകരുന്നു.
ഒരു വിദഗ്ദ്ധന്റെ തിരഞ്ഞെടുപ്പ്
ഒരു പുസ്തക പ്രസാധകൻ 1890-ൽ അക്കാലത്ത് ജീവിച്ചിരുന്ന പ്രമുഖരായ പല സാഹിത്യകാരൻമാരുടെ മുമ്പാകെയും ഈ വിഷയം അവതരിപ്പിച്ചു. ഏററവും പ്രധാനമെന്ന് അവർക്ക് തോന്നിയ പുസ്തകങ്ങളുടെ പേർ പറയുന്നതിന് അയാൾ അവരോട് ആവശ്യപ്പെട്ടു. ഫലമോ? “പത്തൊമ്പതാം നൂററാണ്ടിലെ സാഹിത്യ പ്രതിഭാധനൻമാർക്ക് പ്രിയപ്പെട്ടവ, ബൈബിൾ, ഷെയ്ക്ക്സ്ഫീയർ, ഹോമർ എന്നിവയായിരുന്നു” എന്ന് ഒരു റഫറൻസ് ഗ്രന്ഥം പറയുന്നു. കൂടാതെ, “ആ ബഹുമതി പട്ടിക കാതലായ മാററമൊന്നും ഇല്ലാതെ ഇന്നും നിലനിൽക്കും,” എന്ന് അത് കൂട്ടിച്ചേർക്കുന്നു.
കുറെകൂടി അടുത്ത നാളുകളിൽ നടത്തിയ സർവ്വേകൾ ഇതിനോട് യോജിക്കുന്നു. ഉദാഹരണത്തിന്, 1982 സെപ്ററംബറിൽ, “അഭ്യസ്തവിദ്യനായ ഒരോ വ്യക്തിയും ഏത് അഞ്ചുപുസ്തകങ്ങളാണ് അവശ്യം വായിച്ചിരിക്കേണ്ടത്?” എന്ന ചോദ്യത്തിന് പ്രമുഖരായ പ്രൊഫസർമാരും ചരിത്രകാരൻമാരും ലൈബ്രേറിയൻമാരും അടങ്ങുന്ന 8 പേർ നൽകിയ മറുപടി റൈറ മാസിക പ്രസിദ്ധീകരിച്ചു. വിദഗ്ദ്ധൻമാർക്കിടയിൽ സമ്പൂർണ്ണ ഐക്യം ഉണ്ടായിരുന്നില്ലെങ്കിലും എട്ടിൽ അഞ്ചുപേർ—ഒരു വ്യക്തമായ ഭൂരിപക്ഷം—തങ്ങളുടെ ശുപാർശകളിൽ ബൈബിളിനെ ഉൾപ്പെടുത്തി. അതുപോലെയുള്ള മറെറാരു സർവ്വേയെക്കുറിച്ച് സൈക്കോളജി ററഡേ റിപ്പോർട്ട് ചെയ്യുന്നപ്രകാരം “സൂചിപ്പിക്കപ്പെട്ട 165 പുസ്തകങ്ങളിൽ ഏററവും കൂടുതൽ വോട്ടുകൾ: 15 എണ്ണം ബൈബിളിന് ലഭിച്ചു. അതിന് തൊട്ടടുത്ത് മറെറാരു പുസ്തകവും വന്നില്ല.”
രാജ്യത്തെ അക്രിസ്തീയ ജനത ക്രിസ്ത്യൻ സഭകളെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് നിശ്ചയിക്കുന്നതിന് ദ കൊറിയൻ റൈറസ് നടത്തിയ സർവ്വേയുടെ കണ്ടെത്തലുകൾ വിശേഷ താത്പര്യം ജനിപ്പിക്കുന്നു. “ക്രിസ്ത്യാനികൾ അക്രിസ്തീയരേക്കാൾ നിഗളികളും പണാപഹാരികളും ആത്മാർത്ഥത കുറഞ്ഞവരും ആണ്,” എന്ന് പത്രം പറയുന്നു. പക്ഷേ റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “അവരുടെ അവിശ്വാസം ഉണ്ടായിരുന്നിട്ടും പോൾ ചെയ്യപ്പെട്ടവരിൽ 70 ശതമാനം പേർ ബൈബിളിന്റെ മഹത്വത്തെ വളരെ ഉന്നതമായി വിലമതിക്കുന്നു.”
ആത്യന്തികമായ തിരഞ്ഞെടുപ്പ്
മറെറല്ലാററിനും മീതെയായി ഉയർന്നു നിൽക്കുന്ന പുസ്തകം എന്ന നിലയിൽ ബൈബിൾ കാലാകാലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന് ഇതുപോലുള്ള പല അഭിപ്രായവോട്ടെടുപ്പുകളും സർവ്വേകളും മുഖേന ചൂണ്ടിക്കാണിക്കാൻ കഴിയും. അനേക കാരണങ്ങൾ കൊണ്ട്, കിഴക്കും പടിഞ്ഞാറും ഉള്ളവയും പണ്ടും ഇന്നുമുള്ളവയുമായ എല്ലാ പുസ്തകങ്ങളിലും വച്ച് ആത്യന്തികമായ തെരഞ്ഞെടുപ്പിന് യോഗ്യമായത് അതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ വ്യക്തിപരമായ വീക്ഷണം എന്താണ്? നിങ്ങൾ ഒരു പാശ്ചാത്യ രാജ്യത്താണ് ജീവിക്കുന്നതെങ്കിൽ ഈ ആധുനിക ശാസ്ത്രീയ ലോകത്ത് ബൈബിൾ മേലാൽ കാലത്തിനു ചേരുന്നതല്ല എന്നും ഇന്നത്തെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അതിന് കുറഞ്ഞ വിലയെ ഉള്ളുവെന്നും നിങ്ങൾ ഒരുപക്ഷേ വിചാരിക്കുന്നുണ്ടാവുമോ? നിങ്ങൾ ഒരു പൗരസ്ത്യദേശത്ത് ജീവിക്കുന്നുവെങ്കിൽ ബൈബിൾ ഒരു പാശ്ചാത്യഗ്രന്ഥം ആണെന്നും അതുകൊണ്ട് നിങ്ങൾക്ക് വാസ്തവമായി അത് പ്രധാനമല്ല എന്നും നിങ്ങൾ കരുതുന്നുവോ? അതോ ഇന്നെല്ലാ ആളുകളും കേൾക്കേണ്ടതായ ഒരു സന്ദേശം അതിനുണ്ടോ? ആളുകൾ എല്ലായിടത്തും നേരിടുന്ന പ്രശ്നങ്ങൾ അതു കൈകാര്യം ചെയ്യുന്നുണ്ടോ? അത് യഥാർത്ഥത്തിൽ സകല മനുഷ്യവർഗ്ഗത്തിനും വേണ്ടിയുള്ള ഒരു പുസ്തകം ആണോ? (w86 4/15)