ബൈബിൾ—നമ്മുടെ നാളുകൾക്ക് പ്രായോഗികമോ?
ഈ ലോകം കഴിഞ്ഞ ഒരു നൂററാണ്ടിനുള്ളിൽ നാടകീയമായി മാറിയിരിക്കുന്നു. കുതിരവണ്ടികളോടിയിരുന്ന പഴയനാളുകളിൽ നിന്ന് ആധുനിക ശൂന്യാകാശയുഗത്തിലേക്കുള്ള മാററം, സാങ്കേതിക പുസ്തകങ്ങൾ അച്ചടിച്ചിറങ്ങിയ ഉടൻ തന്നെ പലപ്പോഴും അവ കാലഹരണപ്പെട്ടു പോകുമാറ് അത്ര ശീഘ്രഗതിയിൽ മുന്നേറിയിരിക്കുന്നു. ഒന്നാമതായി ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ഒരു ഇരച്ചുകയററം തന്നെ നടന്നിട്ടുണ്ട്. അക്കങ്ങളുടെ സമ്പ്രദായം ആദ്യമായി പ്രയോഗത്തിലായത് ഏകദേശം 150 വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിലും ഈ അടുത്ത കാലത്തു മാത്രമാണ് ഉപഗ്രഹങ്ങളും ശൂന്യാകാശപേടകങ്ങളും വീക്ഷേപിക്കുന്നത് തൊട്ട് കുടുംബ ബജററ് നിയന്ത്രിക്കുന്നതുവരെയുള്ള സകലമാന കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ട് കംപ്യൂട്ടർ സാർവ്വത്രിക ഉപയോഗത്തിലായത്. അത് തീർച്ചയായും അത്ഭുതാവഹമാണ്! ഇതിന്റെയെല്ലാം ഗതിവേഗത്തിനൊത്ത് മുന്നേറാൻ ഒരുത്തർക്കും സാദ്ധ്യമല്ല!
മാററങ്ങളിൽ പലതും പ്രയോജനമുള്ളതാണ്. അവയിൽപ്പെട്ടതാണ് ആശയവിനിമയം, ഗതാഗതം, അദ്ധ്വാനം ലഘൂകരിക്കുന്ന സംവിധാനങ്ങൾ, വൈദ്യ ചികിത്സ എന്നീ മണ്ഡലങ്ങളിലുണ്ടായ മുന്നേററങ്ങൾ. ഉദാഹരണത്തിന് മൈക്രോ സർജറി മുഖാന്തരം, ഒരിക്കൽ ആശങ്കയ്ക്കിടയില്ലാത്തവിധം നഷ്ടമായെന്നു കരുതിയ അററുപോയ കൈയോ വിരലോ തുടർന്നുപയോഗിക്കത്തക്കവണ്ണം പുനഃസ്ഥിതീകരിക്കാൻ കഴിയും. മാസങ്ങൾ നീളുന്ന സഞ്ചാരസമയം ലാഭിച്ചുകൊണ്ട് ഒരു ദിവസത്തിന്റെ ഭാഗങ്ങൾകൊണ്ട് നമുക്ക് ഭൂഗോളത്തിന്റെ മറുഭാഗത്തെത്താൻ കഴിയും. മോട്ടോർ വാഹനങ്ങൾ, റേഡിയോ, ററി. വി. ചലചിത്രങ്ങൾ, റഫ്രിജറേററർ, അലക്കുയന്ത്രം, വിററാമിനുകൾ, ആൻറിബയോട്ടിക് ഔഷധങ്ങൾ, വാക്സിനുകൾ കൂടാതെ ഇന്നുപയോഗിക്കുന്ന നൂറുകണക്കിന് മററു കാര്യങ്ങൾ എന്നിവയൊന്നുമില്ലാതിരുന്ന ഒരു നൂറ് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന സ്ഥിതിയുമായി താരതമ്യം ചെയ്താൽ നാം വാസ്തവമായും ഒരു നവീന യുഗത്തിലാണ് ജീവിക്കുന്നത്.
പക്ഷെ സർവ്വവും നമ്മുടെ ഉത്തമ താത്പര്യങ്ങൾക്കുതകും വിധത്തിൽ ഭവിച്ചിട്ടില്ല. ദൃഷ്ടാന്തത്തിന് ന്യൂക്ലിയർ ഊർജ്ജം കണ്ടുപിടിച്ചുപയോഗിക്കുന്നത്, യുദ്ധങ്ങളിലൂടെയും വികിരണത്തിലൂടെയും മനുഷ്യവർഗ്ഗത്തിന് ഗുരുതരമായ ഒരു ഭീഷണി ഉയർത്തുന്നു. വ്യാവസായിക സാങ്കേതിക വിദ്യയുടെ ഉത്പന്നമായ വിപുല വ്യാപക രാസമലിനീകരണം ആ ഭീഷണി രൂക്ഷമാക്കുന്നു. വ്യാജമരുന്നുകളും ആധുനിക ഔഷധ സമ്പ്രദായങ്ങളും അനേകരുടെ ജീവന് കെടുതി വരുത്തുന്നു.
ജനജീവിതത്തിന് വരുന്ന മാററമാണ് ഏററവും ശ്രദ്ധേയമായത്. വ്യവസായവത്ക്കരണവും ഗ്രാമജീവിതത്തിൽനിന്ന് പട്ടണ ജീവിതത്തിലേക്കുള്ള മാററവും കുടുംബങ്ങളെ ശിഥിലമാക്കിയിരിക്കുന്നു. എക്കാലത്തേതിലും അധികമായി ആളുകൾക്ക്—സ്ത്രീകളിലും കുട്ടികളിലും വിശേഷിച്ച്—അവർ കൂടുതൽ വിമുക്തരും സ്വതന്ത്രരും ആണെന്ന് തോന്നുന്നു. മുൻകാലങ്ങളിൽ നിലനിർത്തിപ്പോന്നിരുന്ന ധാർമ്മിക നിഷ്ഠയുടെ നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനം ആയിരങ്ങളോളം വർഷങ്ങളായി ലോകം അറിഞ്ഞിട്ടുള്ളതിൽ നിന്ന് വളരെ ഭിന്നമായ പുതിയ ജീവിത ശൈലികളിലും മാറിയ സാമൂഹ്യമൂല്യങ്ങളിലും കലാശിച്ചിരിക്കുന്നു.
ബൈബിളിന് മാറ്റം ഇല്ല
മാർഗ്ഗദർശനത്തിനുവേണ്ടി ഒരുവൻ എങ്ങോട്ട് തിരിയും? എന്തു ബുദ്ധിയുപദേശമാണ് ഇന്ന് പ്രായോഗികമായിട്ടുള്ളത്? മാറുന്ന ലോകത്തിന്റെ ഗതിവേഗത്തിനൊപ്പം പോകുന്നതിന് ആധുനിക വിദ്യാഭ്യാസ വിദഗ്ദ്ധർ അവരുടെ പാഠപുസ്തകങ്ങളും സമ്പ്രദായങ്ങളും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രീതിയുള്ളതെന്തോ, അല്ലെങ്കിൽ പൊതുവെ അംഗീകരിക്കപ്പെടുന്നതെന്തോ അതിന് അനുസരണമായി പുരോഹിതൻമാരും മററുള്ളവരും തങ്ങളുടെ ഉപദേശം ഭേദഗതി ചെയ്യുന്നു.
ബൈബിൾ, പക്ഷെ, ആയിരക്കണക്കിന് വർഷങ്ങളോളം മാറാതെ നിലനിൽക്കുന്നു. അതിൽ എഴുതപ്പെട്ടിരിക്കുന്നതിനോട് കൂട്ടിച്ചേർക്കാനോ അവയിൽ നിന്ന് നീക്കം ചെയ്യാനോ യാതൊന്നുമില്ലാത്തവിധം ദൃഢമായ മുന്നറിയിപ്പുകളാണ് അതിലടങ്ങിയിരിക്കുന്നത്. (സദൃശവാക്യങ്ങൾ 30:5, 6; വെളിപ്പാട് 22:18, 19) നമ്മുടെ ആധുനിക നാളിലേക്കുള്ള ഒരു പ്രായോഗിക വഴികാട്ടി എന്ന നിലയിൽ ബൈബിൾ അംഗീകാരയോഗ്യം ആണോ?
ചിലർ അല്ല എന്നു പറയുന്നു. “ഒരു ആധുനിക രസതന്ത്ര ക്ലാസ്സിലേക്ക് ഒരുത്തരും രസതന്ത്ര പാഠപുസ്തകത്തിന്റെ 1924-ലെ പ്രതി ശുപാർശ ചെയ്യുകയില്ല—ആ നാളുകൾക്ക് ശേഷം രസതന്ത്രം സംബന്ധിച്ച് വളരെയധികം പഠിക്കപ്പെട്ടിട്ടുണ്ട്” എന്ന് മതം നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമായിരിക്കാം എന്ന തന്റെ പുസ്തകത്തിൽ ഡോ. ഏലി എസ് ചെസെൻ എഴുതുന്നു. അദ്ദേഹം ഇങ്ങനെ തുടരുന്നു: “അതേവിധം തന്നെ സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം, മനശ്ശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം കഴിഞ്ഞ അനേക സഹസ്രാബ്ദങ്ങളായി വളരെയധികം ഗ്രഹിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നിട്ടും (ഈ വിഷയങ്ങളെക്കുറിച്ച് വളരെ പറയാനുള്ളത്) ബൈബിളാണ് ഒരു ആധികാരിക ഗ്രന്ഥമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത്, അതു പരിഷ്ക്കരിച്ചിട്ടുമില്ല.”
അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ബൈബിൾ എത്രമാത്രം കാലാതീതം ആണെന്നും അതു എഴുതപ്പെട്ട നാളിലെന്നപോലെ ഇന്നും അത് എത്ര അർത്ഥവത്താണെന്നുമുള്ള ആശ്ചര്യസംഗതിയെക്കുറിച്ച് ചില ആളുകൾ ചർച്ചചെയ്യുന്നത് കേൾക്കുമ്പോൾ ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അത് ജോതിഷത്തിന്റെ “കൃത്യത”യെ പ്രതിയുള്ള ഒരുവന്റെ ആശ്ചര്യം പോലെയാണ്. ബൈബിൾ ആർക്കും പരിഷ്ക്കരിക്കാനോ ഉപേക്ഷിക്കാനോ ചിന്തിക്കാൻ നിർവ്വാഹമില്ലാത്തവിധം അത് അത്രമാത്രം ശക്തമായ അധികാരമാണ് കയ്യാളുന്നത്.”
എന്നിരുന്നാലും, ബൈബിൾ നമ്മുടെ ആധുനിക യുഗത്തിൽ വാസ്തവമായി കാലഹരണപ്പെട്ടതാണോ? അതോ അതു നൽകുന്ന ബുദ്ധിയുപദേശം നമ്മുടെ നാളിലേക്ക് പ്രായോഗികവും അർത്ഥവത്തും ആണോ? (w86 5/1)