യഥാർത്ഥമായി മൂല്യമുള്ളതെന്ത്?
“അവരിൽ ഒട്ടുവളരെപ്പേർ പൊള്ളയായ ജീവിതം നയിക്കുന്നു. അവർക്ക് ഒരു സ്ഥിരജോലി ചെയ്യാൻ നിർവ്വാഹമില്ല, നിലനിൽക്കുന്ന ബന്ധങ്ങളില്ല. ഒരു ഒററപ്പെട്ട പന്ഥാവിൽ ലക്ഷ്യബോധമില്ലാതെ നാടുകൾ തോറും അലഞ്ഞു തിരിയുന്നു—ആരും അവരെ ഗണ്യമാക്കുന്നില്ല. കാരണമോ: അവർ അങ്ങേയററം സമ്പന്നരാണ്.”—ദ ന്യൂയോർക്ക് റൈറംസ്, മെയ് 5, 1984
ആഹാരം, വസ്ത്രം, പാർപ്പിടം, യാത്ര, വൈദ്യസഹായം, മററ് ജീവിതാവശ്യങ്ങൾ എന്നിവയ്ക്കായി പണം ആവശ്യമാണ് എന്ന് നിങ്ങൾക്ക് നന്നായി അറിയാം. വാസ്തവത്തിൽ പണമില്ലാതെ ആധുനിക സമൂഹത്തിൽ ജീവിക്കുക പ്രയാസകരമാണ് എന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടായിരിക്കും, കാരണം, ബൈബിൾ പറയുംപോലെ: “പണം എല്ലാററിനും ഉതകുന്ന ഒന്നാണ്.”—സഭാപ്രസംഗി 10:19.
പക്ഷേ, മേലുദ്ധരിച്ച പത്രലേഖനം സമ്പന്നരുടെ വൈകാരിക പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. പണവും ധനവും സമ്പാദിച്ചു കൂട്ടുന്നതിൽ ജീവിതം കേന്ദ്രീകരിച്ചാൽ അതിൽ ഒരു അപകടം ഉണ്ട്. എങ്കിലും ഒട്ടേറെ ആളുകൾ അങ്ങനെ ചെയ്യുന്നു. ചിലപ്പോൾ അത്യാഗ്രഹപൂർവ്വകമായ അഭ്യുദയേച്ഛ മാരകമായിരിക്കും. കഠിനാദ്ധ്വാനികളായ ആളുകൾ അവരുടെ 30-കളിലും 40-കളിലും ഹൃദയസ്തംഭനം മൂലം മരിക്കുന്നത് നാം കേൾക്കുന്നു. ഇവരിൽ ചിലർ അവരുടെ പണസംബന്ധമായ ഉന്നമനേച്ഛ നിറവേററുന്നതിനുവേണ്ടി അവരുടെ ആരോഗ്യവും ജീവനും പോലും അപകടപ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പിൻവരുന്ന വാക്കുകൾ അവർ ഹൃദയാ കൈക്കൊണ്ടിരുന്നുവെങ്കിൽ ഭേദമായിരിക്കുമായിരുന്നു എന്നതിനോട് യോജിക്കാൻ നാം മതഭക്തിയിൽ അത്ര ആണ്ടവർ ആയിരിക്കണം എന്നില്ല: “മുഴുലോകവും നേടിയാലും ഒരുവൻ തന്റെ ദേഹിയെ നഷ്ടപ്പെടുത്തുന്നുവെങ്കിൽ പ്രയോജനമെന്ത്? അല്ലെങ്കിൽ ഒരു മനുഷ്യൻ തന്റെ ദേഹിക്ക് പകരമായി എന്തുകൊടുക്കും?”—മത്തായി 16:26.
യഥാർത്ഥമൂല്യമുള്ളതെന്ത്?
നേടിയെടുക്കാൻ നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാവുന്ന വസ്തുക്കൾക്ക് അറുതിയില്ലെന്ന് നിങ്ങൾക്ക് തീർച്ചയായും അറിയാം. ഒരു വീഡിയോ ടേപ്റെക്കോർഡർ, ഒരു സ്വകാര്യ ഭവനം, വിലപിടിപ്പുള്ള വിനോദസജ്ജീകരണങ്ങൾ—ചിലദേശങ്ങളിൽ ഇവയൊക്കെയാണ് സ്വന്തമാക്കാൻ കൊതിക്കുന്ന ഇനങ്ങൾ. മററിടങ്ങളിൽ ഇതിലും കുറഞ്ഞ മൂല്യമുള്ളവയായിരിക്കും ലാക്ക്. ഒരു ദേശത്ത് മേൻമയേറിയ വസ്ത്രങ്ങൾക്ക് വേണ്ടി ഒരു യുവതി സ്വയം വ്യഭിചാര വിധേയപോലും ആക്കി.
ജീവിതത്തോടുള്ള വെറും ഭൗതികത്വ സമീപനത്തിൽ അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന് നാം മനസ്സിലാക്കിയേക്കാമെങ്കിലും നമുക്കെങ്ങനെ സ്വയം സംരക്ഷിക്കാനാവും? സമൂഹത്തിനുനേരെ പുറംതിരിഞ്ഞു നിന്നുകൊണ്ട് ചിലർ ചെയ്യുന്നതുപോലെ ഏകാന്തവാസികളോ സന്യാസികളോ ആയിത്തീരേണ്ടതുണ്ടോ? മാത്രമല്ല യഥാർത്ഥ മൂല്യമുള്ളതെന്ത് എന്ന് പരിഗണിക്കുമ്പോൾ എനിക്ക് ദീർഘകാലാടിസ്ഥാനത്തിൽ സന്തുഷ്ടിയും സംതൃപ്തിയും കൈവരുത്തുന്നതെന്തായിരിക്കും എന്നു നാം ചോദിക്കേണ്ടതുമുണ്ട്.
ഇത് ഗ്രഹിക്കാനുള്ള ഒരു സഹായം എന്നനിലയിൽ നൂററാണ്ടുകളോളം ഒരു മാതൃകാപുരുഷനായി ആദരിക്കപ്പെട്ടിരിക്കുന്ന ഒരു മമനുഷ്യന്റെ ഉദാഹരണം പരിഗണിക്കാം. അദ്ദേഹം ഒരു നിയമജ്ഞനായ യഹൂദ റബ്ബിയും “പണസ്നേഹികൾ” എന്നനിലയിൽ പേരുകേട്ട ഒന്നാം നൂററാണ്ടിലെ ഒരു യഹൂദ വിഭാഗത്തിന്റെ അംഗവുമായിരുന്നു. (ലൂക്കോസ് 16:14) അദ്ദേഹത്തിന്റെ പേർ പൗലോസ് എന്നായിരുന്നു. ധനം സമാഹരിക്കാനും, സമൂഹത്തിൽ ഉയർന്ന സ്ഥാനമഹിമ നേടിയെടുക്കാനും വേണ്ട വിദ്യാഭ്യാസവും പ്രേരണാശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.
എങ്കിലും ഞെട്ടലുളവാക്കുന്ന ഒരനുഭവത്തിലൂടെ തികച്ചും ഭിന്നമായ ഒരു കാര്യമാണ് യഥാർത്ഥത്തിൽ ഏററവുമധികം വിലയുള്ളത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നിങ്ങൾ അതേ മനസ്സുള്ളവരായിരുന്നാലും അല്ലെങ്കിലും പൗലോസ് നിഗമനം ചെയ്തതെന്തോ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിങ്ങൾക്കും ഉത്തമമായിരിക്കും.
യേശുവിന്റെ ഒരു ശിഷ്യനെന്നനിലയിൽ ദൈവമുമ്പാകെ ഒരു അംഗീകൃത നിലയുണ്ടായിരിക്കുന്നതാണ് പ്രഥമമായ കാര്യം എന്ന് അവൻ നിശ്ചയിച്ചു. പൗലോസ് യേശുവിന്റെ ഒരു അപ്പോസ്തലൻ എന്ന നിലയിൽ കഷ്ടതകളും പീഡനങ്ങളും സഹിക്കാൻ പ്രാപ്തനായിത്തീരത്തക്കവണ്ണം ഇത് അവന് അത്ര പ്രധാനമായിരുന്നു. അവൻ “ക്രിസ്തുവിന്റെ നിന്ദ ഈജിപ്ററിലെ ധനത്തെക്കാളും വിലയേറിയതെന്ന് മതിച്ച” മോശെയെന്ന പുരാതന മനുഷ്യനെപ്പോലെ ആയിരുന്നു.”—എബ്രായർ 11:26; 2 കൊരിന്ത്യർ 11:23-27.
ഒരു ക്രിസ്തീയ അപ്പോസ്തലനായിത്തീർന്നത് യഹൂദ സമൂഹത്തിലെ തന്റെ പ്രാമുഖ്യം നഷ്ടപ്പെടാൻ ഇടയാക്കിയെന്നതോർത്ത് പൗലോസ് ഒരിക്കലും വിലപിച്ചിരുന്നില്ല എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഒരു ഭക്തനായ ക്രിസ്ത്യാനിയായി 25 വർഷക്കാലം ജീവിതം ആസ്വദിച്ചശേഷം അവൻ ഇങ്ങനെ പറഞ്ഞു: “ക്രിസ്തുനിമിത്തം എനിക്ക് ലാഭമായുള്ളതൊക്കെയും ഞാൻ ചേതം എന്ന് എണ്ണിയിരിക്കുന്നു. എന്തിന്, എന്റെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ അതിശ്രേഷ്ഠമൂല്യം നിമിത്തം ഞാൻ പിന്നെയും സകലവും ചേതം എന്ന് എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനും അവനുമായി ഏകീഭവിക്കേണ്ടതിനും തക്കവണ്ണം അവന്റെ നിമിത്തം ഞാൻ എല്ലാം ഉപേക്ഷിച്ച് ചവറ് എന്നെണ്ണുന്നു.”—ഫിലിപ്യർ 3:7-9.
പൗലോസ് ചെയ്ത തെരഞ്ഞെടുപ്പ് മേലാൽ അവന് യാതൊരു വകയും ഇല്ലാതാക്കി എന്ന് അതിനർത്ഥമില്ല. അവന്റെ പിൻവരുന്ന വാക്കുകൾ പരിചിന്തിക്കുക: “എല്ലാററിലും എല്ലാ സാഹചര്യങ്ങളിലും നിറവോടിരിക്കേണ്ടതെങ്ങനെയെന്നും വിശന്നിരിക്കേണ്ടതെങ്ങനെയെന്നും സമൃദ്ധിയോടിരിക്കേണ്ടതെങ്ങനെയെന്നും ഇല്ലായ്മ അനുഭവിക്കേണ്ടതെങ്ങനെയെന്നും ഞാൻ പഠിച്ചിട്ടുണ്ട്.”—ഫിലിപ്യർ 4:12.
ക്രിസ്ത്യാനിത്വം സംബന്ധിച്ച നിങ്ങളുടെ അവസ്ഥ എന്തായിരുന്നാലും പൗലോസിനുണ്ടായ അനന്തരഫലം എത്ര നല്ലതായിരുന്നുവെന്ന് നിങ്ങൾ കണ്ടിരിക്കാൻ സാദ്ധ്യതയുണ്ട്. ഏററവും വിലയേറിയതെന്തെന്ന് മനസ്സിലാക്കിക്കൊണ്ട് അവൻ ചെയ്ത തെരഞ്ഞെടുപ്പ് ലോകത്തിലെ ഏററവും സമ്പന്നരായ ആളുകൾക്കുപോലും കൈവരിക്കാനാകാത്ത സംതൃപ്തി അവന് നേടിക്കൊടുത്തു. ജീൻ പോൾ ജെട്ടി എന്ന ലക്ഷപ്രഭുവായ എണ്ണയുടമ ഇങ്ങനെ ഏററുപറഞ്ഞു: “പണത്തിന് സന്തുഷ്ടിയുമായി യാതൊരു ബന്ധവും അവശ്യം ഉണ്ടായിരിക്കുന്നില്ല. അസന്തുഷ്ടിയുമായി പക്ഷെ ബന്ധമുണ്ടായിരിക്കാം.”
പക്ഷേ, ഒരു വ്യക്തി താനൊരു ക്രിസ്ത്യാനിയാണ് എന്ന് അവകാശപ്പെടുന്നതിനും അതേസമയംതന്നെ ഏററവും മൂല്യമേറിയതെന്ത് എന്ന് തിരിച്ചറിയാൻ പരാജയപ്പെടുന്നതിനും ഇടയുണ്ട്. അത് ഒന്നാം നൂററാണ്ടിലും സത്യം ആയിരുന്നു, കാരണം തന്റെ ഒരു സഹകാരിയെ സംബന്ധിച്ച് പൗലോസ് ഇങ്ങനെ പറഞ്ഞിരുന്നു: “ഈ വ്യവസ്ഥിതിയെ സ്നേഹിക്കയാൽ ദേമാസ് എന്നെ ഉപേക്ഷിച്ചു.” (2 തിമൊഥെയോസ് 4:10) തടവിലായ അപ്പോസ്തലനെ തനിക്ക് സഹായിക്കാൻ കഴിയുമായിരുന്ന ഒരു ഘട്ടത്തിൽ ഈ വ്യവസ്ഥിതിയുടെ വാഗ്ദാനങ്ങൾ പ്രിയപ്പെട്ടുകൊണ്ട് അവൻ വിട്ടുപോയി.
ഭൗതികത്വ വീക്ഷണം ഒരു വ്യക്തിയെ അകപ്പെടുത്തിയേക്കാവുന്ന ഗുരുതരമായ അപകടത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പൗലോസ് പ്രസ്താവിച്ചു: “സമ്പന്നരാകാൻ ദൃഢനിശ്ചയം ചെയ്യുന്നവർ പ്രലോഭനത്തിലും ഒരു കെണിയിലും മനുഷ്യരെ സംഹാരനാശങ്ങളിൽ ആഴ്ത്തുന്ന മൗഢ്യവും ഹാനികരവുമായ മോഹങ്ങളിലും അകപ്പെടുന്നു. എന്തെന്നാൽ പണസ്നേഹം സകലവിധ ദ്രോഹങ്ങൾക്കും കാരണമത്രെ, ഈ സ്നേഹത്തിനുവേണ്ടി അദ്ധ്വാനിക്കെ ചിലർ . . . തങ്ങളെത്തന്നെ ആസകലം കുത്തിമുറിവേൽപ്പിച്ചിരിക്കുന്നു.”—1 തിമൊഥെയോസ് 6:9, 10.
എന്റെ ജീവിതത്തിൽ പണമോ വസ്തുവകകളോ എന്തു സ്വാധീനമാണ് ചെലുത്തേണ്ടത് എന്ന് നിങ്ങൾക്ക് നന്നായി ചോദിക്കാവുന്നതാണ്. യഥാർത്ഥത്തിൽ വിലയേറിയതെന്തോ അത് എങ്ങനെ കൈവശമാക്കാം എന്ന് കാണുന്നതിന് നമുക്ക് വീണ്ടും പരിശോധിക്കാം. (w86 6/15)