വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◼ “എനിക്കു മുമ്പേ ഒരു ദൈവവുമുണ്ടായിട്ടില്ല, എന്റെ ശേഷവും ആരും ഉണ്ടായിരിക്കയില്ല” എന്ന് യെശയ്യാവ് 43:10-ൽ യഹോവ പറഞ്ഞിരിക്കെ യേശു യഹോവയാൽ സൃഷ്ടിക്കപ്പെട്ട “ഒരു ദൈവം” ആയിരിക്കാൻ കഴിയുന്നതെങ്ങനെ?
യേശു ദൈവത്താൽ സൃഷ്ടിക്കപ്പെട്ട പുത്രനാണെന്നും അവന്റെ പിതാവിനു കീഴ്പ്പെട്ടവനാണെന്നും യഹോവയുടെ സാക്ഷികൾ ബൈബിളിൽനിന്നു പഠിപ്പിക്കുന്നു എന്നത് നന്നായി അറിയപ്പെടുന്നു. (യോഹന്നാൻ 14:28; 1 കൊരിന്ത്യർ 11:3) എന്നാൽ ശക്തനായ ഒരുവൻ എന്നനിലയിൽ, ദൈവത്തിന്റെ വക്താവ് അല്ലെങ്കിൽ ലോഗോസ് ആയി സേവിക്കുന്നവൻ എന്നനിലയിൽ അവനെ നന്നായി “ഒരു ദൈവം” എന്നു വിളിക്കാം. പല ബൈബിൾ ഭാഷാന്തരങ്ങളും ലോഗോസ് “ഒരു ദൈവം” ആയിരുന്നു എന്നു പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ദൃഷ്ടാന്തത്തിന് ജർഗൻ ബക്കറിനാലുള്ള ദാസ് ഇവാഞ്ചലിയം നാക്ക് ജോഹന്നസ് (1979) ഇപ്രകാരം വായിക്കപ്പെടുന്നു: “അൻസ് ഡെർ ലോഗോസ് വാർബി ഡെം ഗോട്ട്, അൻഡ് ഈൻ ഗോട്ട് വാർ ഡെർ ലോഗോസ്.” (“ . . ലോഗോസ് ദൈവത്തോടുകൂടെയായിരുന്നു, ലോഗോസ് ഒരു ദൈവമായിരുന്നു.”)a
എന്നിരുന്നാലും, ചോദ്യകർത്താവ് സൂചിപ്പിക്കുന്നതുപോലെ ഇതു യെശയ്യാവ് 43:10, 11-മായി വൈരുദ്ധ്യം ഉള്ളതായി തോന്നിയേക്കാം. അവിടെ ഇപ്രകാരം പറയുന്നു: ‘നിങ്ങൾ എന്റെ സാക്ഷികൾ’ ആകുന്നു എന്നു യഹോവ അരുളിചെയ്യുന്നു, നിങ്ങൾ എന്നെ അറിയുകയും എന്നിൽ വിശ്വാസം ഉണ്ടായിരിക്കയും ഞാൻ തന്നെയാകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിനു ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു. എനിക്കു മുമ്പേ ഒരു ദൈവവുമുണ്ടായിട്ടില്ല. എന്റെ ശേഷവും ആരും ഉണ്ടായിരിക്കയില്ല. ഞാൻ—ഞാൻ യഹോവ ആകുന്നു, ഞാൻ അല്ലാതെ ഒരു രക്ഷിതാവുമില്ല.‘”
ആത്മാർത്ഥതയുള്ള ഒരു ബൈബിൾ വിദ്യാർത്ഥിക്ക് ആ വാക്കുകളുടെ സന്ദർഭം പരിഗണിക്കുന്നതിനാൽ സഹായം ലഭിക്കും. സർവ്വശക്തനായ യഹോവയാം ദൈവം യിസ്രായേലിനു ചുററുമുണ്ടായിരുന്ന രാഷ്ട്രങ്ങളിലെ മനുഷ്യനിർമ്മിത വിഗ്രഹങ്ങളോട് തന്നേത്തന്നെ വിപരീത താരതമ്യം ചെയ്യുകയായിരുന്നു. യഹോവ ഇപ്രകാരം ചോദിക്കുന്നു: “ജനങ്ങളായ നിങ്ങൾക്കു ദൈവത്തെ ആരോടു താരതമ്യപ്പെടുത്താം, അവന്റെ വശത്തു നിങ്ങൾക്കു തുല്യമായ എന്തു വെക്കാൻ കഴിയും?” തീർച്ചയായും ഒരു ലോഹപ്പണിക്കാരനാൽ നിർമ്മിക്കപ്പെട്ടതോ മരത്തിൽ നിന്നു കൊത്തിയെടുത്തതോ ആയ പ്രതിമയ്ക്കു സാദ്ധ്യമല്ല. (യെശയ്യാവ് 40:18-20; 41:7) അത്തരം ദൈവങ്ങൾക്ക് യഹോവ ചെയ്തതുപോലെ, ‘സ്വർഗ്ഗങ്ങളെ ഒരു തിരശ്ശീല പോലെ നിവർത്തുന്നതിനു’ സാദ്ധ്യമല്ല. (യെശയ്യാവ് 40:21-26) കൂടാതെ രാഷ്ട്രങ്ങളിലെ വിഗ്രഹങ്ങൾക്ക് ‘അവ ദൈവങ്ങളാണെന്നു നാം അറിയേണ്ടതിനു ഭാവിയിൽ വരാൻ പോകുന്ന കാര്യങ്ങൾ പറയാൻ കഴിവില്ല.’ (യെശയ്യാവ് 41:23) യെശയ്യാവ് 43:9-ൽ യഹോവ ഇപ്രകാരം പ്രസ്താവിച്ചുകൊണ്ട് ഈ ആശയം ആവർത്തിക്കുന്നു: “ദേശീയ കൂട്ടങ്ങൾ ഒന്നിച്ചു കൂടട്ടെ, അവരിൽ ആർക്കിതു പറയാൻ കഴിയും? അഥവാ ആരംഭകാര്യങ്ങൾ തന്നെ അവർക്കു നമ്മെ കേൾപ്പിക്കാൻ കഴിയുമോ? അവർ തങ്ങളുടെ സാക്ഷികളെ കൊണ്ടുവരട്ടെ.” ശരിയായും സർവ്വശക്തൻ പറയുന്നു: “ഞാൻ യഹോവ ആകുന്നു. അതാണ് എന്റെ നാമം; ഞാൻ എന്റെ സ്വന്തം മഹത്വം മറെറാരുത്തനും, എന്റെ സ്തുതി കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.”—യെശയ്യാവ് 42:8.
അതുകൊണ്ട് സന്ദർഭം, സർവ്വശക്തൻ രാഷ്ട്രങ്ങളുടെ ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവരോട് ഒരു വെല്ലുവിളി നടത്തുകയാണെന്നു സ്ഥാപിക്കുന്നു. ദിവ്യശക്തിയില്ലാത്ത വെറും വിഗ്രഹങ്ങൾ ആകയാൽ അവ നിശ്ചയമായും ആരാധിക്കപ്പെടെണ്ട ദൈവങ്ങളല്ല; അവ യഥാർത്ഥത്തിൽ ഒന്നുമില്ല. യഹോവ ഇപ്രകാരം തുടരുന്നു: “ഞാൻ ഒഴികെ ഒരു ദൈവം സ്ഥിതിചെയ്യുന്നുവോ? ഇല്ല, ഒരു പാറയുമില്ല. ഞാൻ യാതൊന്നിനെയും തിരിച്ചറിയുന്നില്ല. കൊത്തിയുണ്ടാക്കിയ പ്രതിമയുടെ നിർമ്മാതാക്കളെല്ലാം അയഥാർത്ഥമാകുന്നു, അവരുടെ പ്രിയപ്പെട്ടവ [ലോഹം കൊണ്ടു അടിച്ചു തീർത്തതോ മരത്തിൽ കൊത്തിയെടുത്തതോ] ഒരു പ്രയോജനവും ചെയ്കയില്ല.” (യെശയ്യാവ് 44:8-17) ആ നുഷങ്ഗികമായി, യെശയ്യാവ് 43:10-ന്റെ സന്ദർഭം യേശുവിനെ, പരിഗണനയിലുള്ള രാഷ്ട്രങ്ങളുടെ ശൂന്യമായ വിഗ്രഹങ്ങളായ “ദൈവങ്ങൾ” ആയി കണക്കാക്കുകയല്ല എന്നു വ്യക്തമാക്കുന്നു.
“ദൈവം” എന്ന പദം സാധാരണയായി ആദരിക്കപ്പെടുന്ന ഒരു മനുഷ്യാതീത വസ്തുവിനെ സംബന്ധിച്ച് പറയാൻ ഉപയോഗിക്കുന്നു. അതുകൊണ്ട് അനേകം ആളുകളുടെയും മനസ്സിൽ “ദൈവം” എന്നതിന്റെ അർത്ഥം ഒന്നുകിൽ (1) പരമോന്നത വ്യക്തി, സർവ്വശക്തൻ അല്ലെങ്കിൽ (2) ഒരു വിഗ്രഹംപോലെയുള്ള ഒരു വ്യാജ ദൈവം എന്നു അർത്ഥമാക്കുന്നു. എന്നിരുന്നാലും ബൈബിൾ മററുപയോഗങ്ങളും അനുവദിക്കുന്നു. നമുക്ക് ഇതു സങ്കീർത്തനം 82:1, 2-ൽ നിന്നു കാണാൻ കഴിയും. അവിടെ ദിവ്യനായ ഒരുവനെ (യഹോവയാം ദൈവം) സങ്കീർത്തനക്കാരൻ “ദൈവങ്ങൾ” എന്നു വിളിച്ചിരിക്കുന്ന മാനുഷ ന്യായാധിപൻമാരിൽ നിന്നു വേർതിരിക്കുന്നു. പിന്നീട് യേശുതന്നെ ഈ വാക്യം പരാമർശിച്ചു. എന്തുകൊണ്ടെന്നാൽ യഹോവയാം ദൈവത്തെ തന്റെ പിതാവെന്നനിലയിൽ പറഞ്ഞതിനാൽ ചില യഹൂദൻമാർ അവനെ കല്ലെറിയാൻ ശ്രമിച്ചു. അവൻ ‘തന്നെത്താൻ ഒരു ദൈവം ആക്കുന്നു’ എന്നു അവരുടെ കുററാരോപണത്തിനു യേശു ഇപ്രകാരം മറുപടി പറഞ്ഞു: “‘നിങ്ങൾ ദൈവങ്ങൾ ആകുന്നു’ എന്നു ഞാൻ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടില്ലേ? [ആ മാനുഷ ന്യായാധിപൻമാരെ] അവർ ‘ദൈവങ്ങൾ’ എന്നു വിളിച്ചെങ്കിൽ . . . ഞാൻ ദൈവത്തിന്റെ പുത്രനാകുന്നു എന്നു പറഞ്ഞതുകൊണ്ട്, ‘നീ ദൈവദൂഷണം പറയുന്നു’ എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?”—യോഹന്നാൻ 10:31-36.
അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ സർവ്വശക്തനായ ഒരു ദൈവം മാത്രമേ ഉള്ളു എന്നതു ചോദ്യം ചെയ്യപ്പെടാവുന്നതല്ല: “എന്തുകൊണ്ടെന്നാൽ പല ‘ദൈവങ്ങളും’ പല ‘കർത്താക്കൻമാരും’ ഉള്ളതുപോലെതന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ ‘ദൈവങ്ങൾ’ എന്നു വിളിക്കപ്പെടുന്നവർ ഉണ്ടെന്നു വരികിലും, യഥാർത്ഥത്തിൽ പിതാവായ ഏകദൈവമേ നമുക്കുള്ളു, എല്ലാം അവനിൽ നിന്നാകുന്നു, . . . യേശുക്രിസ്തു എന്ന ഏക കർത്താവും ഉണ്ട്, അവൻ മുഖാന്തരം എല്ലാ കാര്യങ്ങളും, അവൻ മുഖാന്തരം നാമും ആകുന്നു.” (1 കൊരിന്ത്യർ 8:5, 6) കർത്താവായ യേശുക്രിസ്തു വ്യാജദൈവമോ ഭൂത ദൈവമോ വെറും വിഗ്രമോ അല്ല. അവൻ ‘യഹോവയാം ദൈവത്തിന്റെ മഹത്വത്തിന്റെ പ്രതിച്ഛായയാണ്.’ (എബ്രായർ 1:3) അതുകൊണ്ട് യോഹന്നാൻ 1:1-ൽ യേശുവിനെ “ഒരു ദൈവം” അഥവാ “ദൈവത്തെപ്പോലുള്ളവൻ” (ജോഹന്നിസ് ഷ്നിഡർ) എന്നു സംബോധന ചെയ്യുന്നതു ഉചിതമാണ്. (w86 7/1)
[അടിക്കുറിപ്പുകൾ]
a “ഹോ തിയോസ് [ദൈവം] എന്ന പദവി നാമം ഇപ്പോൾ പിതാവിനെ ഒരു വ്യക്തി എന്ന നിലയിലുള്ള യാഥാർത്ഥ്യമായി ചൂണ്ടിക്കാണിക്കുന്നു, പുതിയ നിയമത്തിൽ യേശുവിന് തന്നെ ബാധകമാക്കുന്നില്ല; യേശു ദൈവത്തിന്റെ (ഹോ തിയോസിന്റെ) പുത്രനാണ്. . . . യോഹന്നാൻ 1:1 കർശനമായും ‘വചനം ദൈവ [പിതാവ്] ത്തോടുകൂടെ ആയിരുന്നു, വചനം ഒരു ദിവ്യ വ്യക്തിയായിരുന്നു‘” എന്നു ഭാഷാന്തരം ചെയ്യണം.—ജോൺ എൽ. മക്കൻസി എസ്സ്. ജെ. യാലുള്ള ഡിക്ഷണറി ഓഫ് ദി ബൈബിൾ (1965).