വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼ ഒരു ക്രിസ്ത്യാനിക്ക് ബൈബിളിൽ കുററവിധിച്ചിരിക്കുന്ന “കൈക്കൂലി”യും ഒരു സേവനത്തിനുവേണ്ടി നൽകുന്ന “കൈമടക്കും” അല്ലെങ്കിൽ “പാരിതോഷികവും” തമ്മിൽ വിവേചിച്ചറിയാൻ കഴിയുന്നതെങ്ങനെ?
ഓരോ പ്രദേശത്തെയും നടപടിക്രമങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. ചില ദേശങ്ങളിൽ സ്വീകാര്യമായിരിക്കുന്ന ചില രീതികൾ മററ് നാടുകളിൽ അനുചിതമോ കുററകരമോ ആയിരിക്കാം. ഉദാഹരണത്തിന്, ഒരു ദേശത്തെ ആളുകൾ ഒരുദ്യോഗസ്ഥന്റെ മുമ്പാകെ ശിരസ്സുകുനിച്ചേക്കാം, എന്നാൽ മറെറാരു ദേശത്ത് അത് വിഗ്രഹാരാധനയായി വീക്ഷിച്ചേക്കാം.a സമാനമായി ഒരു ദേശത്ത് അംഗീകരിച്ചിരിക്കുന്ന “കൈമടക്ക്” സമ്പ്രദായം മറെറാരു ദേശത്ത് നിയമ വിരുദ്ധമോ ഹീനമോ ആയിരിക്കാം. ഇത്തരം വ്യത്യാസങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട്, എല്ലാ ക്രിസ്ത്യാനികളും കൈക്കൂലിക്കെതിരെയുള്ള ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കണം.
കൈക്കൂലി എന്നു പറഞ്ഞാൽ എന്താണ്? അത് സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു? സർവ്വലോകവിജ്ഞാനകോശം ഇപ്രകാരം വിവരിക്കുന്നു: “കൈക്കൂലി എന്നത് ഉത്തരവാദിത്വ സ്ഥാനത്ത് സേവിക്കുന്ന ഒരു വ്യക്തിക്ക് മൂല്യവത്തായ എന്തെങ്കിലും നൽകുന്നതും അയാൾ പ്രത്യുപകാരമായി ദാതാവിന്റെ പ്രയോജനത്തിനുവേണ്ടി നിയമം അല്ലെങ്കിൽ തന്റെ കൃത്യനിർവ്വഹണം ലംഘിക്കുന്നതുമാണ്.” അതുകൊണ്ട് ഒരു ന്യായാധിപന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതിനും ന്യായം മാററിമറിക്കുന്നതിനും വേണ്ടി അയാൾക്ക് പണം (അല്ലെങ്കിൽ ഒരു പാരിതോഷികം) നൽകുന്നത് കൈക്കൂലി കൊടുക്കലാണ്. അതുപോലെതന്നെ നിയമത്തെ മറികടക്കുന്നതിനുവേണ്ടി—ഉദാഹരണത്തിന് കെട്ടിടത്തിന്റെയോ വാഹനത്തിന്റെയോ ഇൻസ്പെക്ടർ നമ്മുടെ പക്ഷത്തെ ഏതെങ്കിലും ഒരു നിയമലംഘനം കണ്ണടച്ചുകളയുന്നതിനുവേണ്ടി—നാം പണം നൽകുന്നതും കൈക്കൂലികൊടുക്കലാണ്.
ദൈവം യിസ്രായേലിലെ ന്യായാധിപൻമാരോട് ഇപ്രകാരം പറഞ്ഞുകൊണ്ട് കൈക്കൂലി വാങ്ങുന്നതിനെ കുററംവിധിക്കുന്നു: “നിങ്ങൾ ന്യായം മറിച്ചുകളയരുത്. നിങ്ങൾ മുഖം നോക്കരുത്. കൈക്കൂലി വാങ്ങരുത്, എന്തുകൊണ്ടെന്നാൽ കൈക്കൂലി ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാൻമാരുടെ വാക്കുകൾ ദുർവ്യാഖ്യാനത്തിനിടയാക്കുകയും ചെയ്യുന്നു.” (ആവർത്തനം 16:19; സദൃശവാക്യം 17:23; യെശയ്യാവ് 1:23; 5:23; 1 ശമുവേൽ 8:3-5 താരതമ്യം ചെയ്യുക.) യഹോവതന്നെ നല്ല നിലവാരം വെക്കുന്നു, കാരണം അവന്റെ പക്കൽ “യാതൊരനീതിയും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ല.” (2 ദിനവൃത്താന്തം 19:7; ആവർത്തനം 10:17) ദൈവാംഗീകാരം ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾ കൈക്കൂലിയിൽ ആശ്രയിക്കുന്നില്ല.—പ്രവൃത്തികൾ 24:26 താരതമ്യപ്പെടുത്തുക.
ലോകമെമ്പാടും കൈക്കൂലിക്കെതിരെ നിയമമുണ്ടായിരിക്കയും കൈക്കൂലി വാങ്ങുന്നതിനെ എല്ലായിടത്തുമുള്ള മനുഷ്യർ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മുകളിൽ കാണുന്ന ചോദ്യത്തിൽ കൊടുത്തിരിക്കുന്ന പ്രശ്നം അനേകരും അഭിമുഖീകരിക്കുന്നു. തങ്ങളുടെ നാട്ടിൽ താഴ്ന്ന ഉദ്യോഗസ്ഥൻമാർ തങ്ങളുടെ ജോലി ചെയ്യുന്നതിനോ അത് കാര്യക്ഷമമായി നിർവ്വഹിക്കുന്നതിനോ അവർക്കൊരു “കൈമടക്കോ” അല്ലെങ്കിൽ ഒരു “പാരിതോഷികമോ” കൊടുക്കേണ്ടതാവശ്യമാണെന്ന് അവർക്കറിയാം. ഉദാഹരണത്തിന്, പണപ്പെരുപ്പമുള്ള ഒരു ദേശത്തെക്കുറിച്ച് വോൾസ്ട്രീററ ജേണൽ ഇങ്ങനെ പറഞ്ഞു: “സുഗമമായ ജീവിതത്തിനുവേണ്ടി ശമ്പളത്തിനു പുറമേ അല്പസ്വല്പം സമ്പാദിക്കാൻ ഗവൺമെൻറ് ജോലിക്കാർ ചില്ലറ കൈക്കൂലിയിൽ ആശ്രയിക്കുന്നു. ‘ഏതു തരത്തിലുള്ള ഫോമും നിങ്ങൾക്ക് കിട്ടാൻ നിങ്ങൾ അവർക്ക് എന്തെങ്കിലും കൊടുക്കണം’ എന്ന് ഒരു സംസ്ഥാന സ്ഥാപനത്തിന്റെ തലവൻ പറയുന്നു. അതുപോലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻമാർ അന്തർദ്ദേശീയ വിമാനത്താവളത്തിൽ സംഭ്രാന്തരായ വിദേശ ടൂറിസ്ററുകളിൽ നിന്ന് തങ്ങളുടെ പാസ്പോർട്ടിൽ മുദ്ര പതിപ്പിക്കുന്നതിന് 20 ഡോളർ ആവശ്യപ്പെടുന്നു. അങ്ങനെയാണെങ്കിൽ സഞ്ചാരികൾക്ക് തങ്ങളുടെ വിമാനം കിട്ടാതെ പോവുകയില്ല.”
ലോകവ്യാപകമായി സാധാരണമായിരിക്കുന്ന ഉദ്യോഗസ്ഥൻമാരുടെ പക്ഷത്തെ കാലതാമസവും അതിന്റെ ഫലമായുണ്ടാകുന്ന കൈക്കൂലിയും സംബന്ധിച്ച് അടുത്തകാലത്ത് യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന് അത് ഇപ്രകാരം പറഞ്ഞു: “ഒരു ഇന്ത്യാക്കാരൻ തന്റെ കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിനും ആശുപത്രിയിൽ കിടക്ക ലഭിക്കുന്നതിനും ട്രെയിനിൽ റിസർവേഷൻ ലഭിക്കുന്നതിനുപോലും ഇക്കാലത്ത് ഉദ്യോഗസ്ഥന് പണം കൊടുക്കണം.” ഇത്തരത്തിലുള്ള മററ് ദൃഷ്ടാന്തങ്ങളും ഉൾപ്പെടുന്നു:
—ഒരു വ്യാപാരി വ്യാപാരം തുടങ്ങുന്നതിനുമുമ്പ് ഒരു പെർമിററ് എടുക്കണം. അയാൾ ഗവൺമെൻറ് ഓഫീസിൽ അടയ്ക്കേണ്ട നിയമപരമായ ഫീസ് അടയ്ക്കുന്നു. എന്നിരുന്നാലും, ഒരു “പാരിതോഷികം” കൊടുത്തില്ലെങ്കിൽ അയാളുടെ കടലാസുകൾ ഫയലുകൾക്കടിയിലായിരിക്കുമെന്ന് എല്ലാവർക്കുമറിയാം. മററുള്ളവരുടേതിലും മുമ്പ് തന്റെ കടലാസ് വെക്കണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിൽപോലും, അയാൾ സാധാരണ “കൈമടക്ക്” കൊടുത്താലേ അയാളുടെ കടലാസ് ഉചിതമായി നീക്കപ്പെടുകയുള്ളു.
—ഒരു പ്രത്യേക ദേശത്ത് ട്രാഫിക്ക് ഉദ്യോഗസ്ഥൻമാർക്ക് താഴ്ന്ന ശബളം ലഭിക്കുന്നുവെന്നും അതുകൊണ്ട് അവർ മററുള്ളവരിൽനിന്ന് “കാപ്പി കുടിക്കാനുള്ള കാശ്” പ്രതീക്ഷിക്കുന്നുവെന്നും ആളുകൾക്കറിയാം. ഒരു ട്രാഫിക്ക് ഉദ്യോഗസ്ഥൻ വണ്ടി നിർത്തിച്ചിട്ട് അയാൾ നിയമം ലംഘിച്ചിരിക്കുന്നുവെന്ന് ഡ്രൈവറോട് പറയുന്നു. അപ്പോൾ ഡ്രൈവർ ഒരു പിഴയടയ്ക്കണം. എന്നാൽ താൻ യാതൊരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ഡ്രൈവർ പറഞ്ഞാൽ, ‘ഈ സംഗതി കോടതിയിൽ പോയാൽ ഒരു ഓഫീസറെ കൈയേററം ചെയ്തുവെന്ന കുററവും താൻ ആരോപിക്കുമെന്ന്’ ഉദ്യോഗസ്ഥൻ മുന്നറിയിപ്പു നൽകുന്നു. അതുകൊണ്ട് അനേകരും അത് അനൗദ്വോഗികമായ നികുതി ചുമത്തലാണെന്ന് കരുതിക്കൊണ്ട് “പിഴ”യടയ്ക്കുന്നു. മററുള്ളവർ പരിണതഫലങ്ങൾ അഭിമുഖീകരിക്കാൻ മനസ്സുള്ളവരായി പിഴയടയ്ക്കാൻ വിസമ്മതിക്കുന്നു.
—ഒരു മുനിസിപ്പാലിററി ചപ്പുചവറുകൾ ഇടുന്നതിനുള്ള ചവിററുകുട്ട പ്രദാനം ചെയ്യേണ്ടതാണ്. എന്നാൽ ചപ്പുചവറുകൾ വാരാൻ വരുന്ന ജോലിക്കാർക്ക് ഓരോ വീട്ടുകാരും ഒരു “പാരിതോഷികം” കൊടുക്കുന്നത് സാധാരണ സംഗതിയാണ്. ആരെങ്കിലും അത് കൊടുത്തില്ലെങ്കിൽ അവരുടെ ചപ്പുചവറ് “ഉപേക്ഷിച്ചു കളയും.” തൽഫലമായി ശുചീകരണ വ്യവസ്ഥകൾ പാലിക്കാത്തതിന്റെ പേരിൽ ആ വീട്ടുകാരന്റെ മേൽ പിഴയിടാവുന്നതാണ്.
അധികാരസ്ഥാനങ്ങളിലിരിക്കുന്ന അനേകരും തങ്ങളുടെ അധികാരസ്ഥാനം അന്യായമായ വരുമാനമുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നുവെന്ന് അത്തരം പ്രശ്നങ്ങൾ കാണിക്കുന്നു. (സഭാപ്രസംഗി 8:9) ക്രിസ്ത്യാനികൾ ദൈവത്തിന്റെ നീതിയുള്ള പുതിയ വ്യവസ്ഥിതിക്കായി കാത്തിരിക്കുന്നു. എന്നാൽ അതുവരെ അവർ ഇന്നത്തെ വ്യവസ്ഥിതിയിൽ ജീവിച്ചുപോകണം. (2 പത്രോസ് 3:13) ഇത് ഗവൺമെൻറുദ്യോഗസ്ഥൻമാർ തങ്ങളുടെ കൃത്യനിർവ്വഹണത്തിനുവേണ്ടി പാരിതോഷികം പ്രതീക്ഷിക്കുന്ന സ്ഥലപരമായ സാഹചര്യങ്ങൾ തിരിച്ചറിയുന്നത് അർത്ഥമാക്കിയേക്കാം. അത്തരം കാര്യങ്ങൾ സാധാരണമായിരിക്കുന്ന നാടുകളിൽപോലും ഇൻസ്പെക്ടർമാരോടും കസ്ററംസ് അധികാരികളോടും ഇടപെടുന്ന യഹോവയുടെ സാക്ഷികളിൽ പലരും നിയമം അനുശാസിക്കുന്നത് സമ്പാദിക്കുന്നതിനുവേണ്ടി “കൈമടക്ക്” നൽകാതിരുന്നിട്ടുണ്ട്. സാക്ഷികളുടെ ഈ നിലപാട് സംബന്ധിച്ച് മററുള്ളവർക്ക് അറിയാവുന്നതിനാൽ, മിക്കവരും പണം കൊടുത്ത് സാധിക്കുന്ന കാര്യങ്ങൾ ഇവർ പണം കൊടുക്കാതെ സാധിക്കുന്നു. (സദൃശവാക്യങ്ങൾ 10:9) എന്നിരുന്നാലും, ഓരോ ക്രിസ്ത്യാനിയും തദ്ദേശ സാഹചര്യങ്ങൾക്കനുസൃതമായി തങ്ങളുടെ ബൈബിൾ പരിശീലിത മനഃസാക്ഷിയാൽ നയിക്കപ്പെടണം.
അയൽസ്നേഹം പരിഗണിക്കേണ്ട ഒരു ഘടകമാണ്. (മത്തായി 22:39) മുൻഗണന—ഒരു ലൈനിൽ കാത്തുനിൽക്കുന്നവരെ മറികടന്ന് അതിന്റെ മുമ്പിൽ എത്തുന്നതുപോലുള്ള സംഗതികൾ—ലഭിക്കുന്നതിനുവേണ്ടി ഒരു “പാരിതോഷികം” ഉപയോഗിക്കുന്നത് സ്നേഹമില്ലായ്മയായിരിക്കും. മററുള്ളവർ നമ്മോട് ചെയ്യാൻ നാം ആഗ്രഹിക്കുന്നതുപോലെ നാം അവർക്ക് ചെയ്യാൻ യേശു നമ്മെ ബുദ്ധിയുപദേശിച്ചു. (മത്തായി 7:12) ലൈനിലെ തന്റെ ഊഴം വരുമ്പോൾ ഉദ്യോഗസ്ഥന്റെ കൃത്യനിർവ്വഹണത്തിനുവേണ്ടി ഒരു “പാരിതോഷികം” നൽകുന്ന ദേശത്തെ രീതിക്കനുസരിച്ച് പ്രവർത്തിക്കാമെന്ന് ചില ക്രിസ്ത്യാനികൾ വിചാരിച്ചേക്കാം. നിശ്ചയമായും അത്തരം “പാരിതോഷികങ്ങൾ” സാധാരണമല്ലാത്ത ദേശങ്ങളിൽ അല്ലെങ്കിൽ പൊതുജനങ്ങൾക്ക് ആഘാതമേൽപ്പിക്കുന്ന ദേശങ്ങളിൽ സ്നേഹമുള്ള ഒരു ക്രിസ്ത്യാനി മററുള്ളവരെ ഇടറിക്കാത്ത വിധത്തിൽ പ്രവർത്തിക്കും.—1 കൊരിന്ത്യർ 10:31-33.
മറെറാരു ഘടകം നിയമത്തോടുള്ള അനുസരണമാണ്. യേശു ഇപ്രകാരം ആവശ്യപ്പെട്ടു: “കൈസർക്കുള്ളവ കൈസർക്ക് മടക്കിക്കൊടുക്കുക, എന്നാൽ ദൈവത്തിനുള്ളവ ദൈവത്തിന്.”b (മർക്കോസ് 12:17; മത്തായി 17:24-27 കൂടെ കാണുക.) നിയമം ലംഘിക്കാത്ത ഒരു ക്രിസ്ത്യാനി ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥനോ മറെറാരുദ്യോഗസ്ഥനോ “കൈമടക്ക് നൽകുന്നത് ഒരു സംഗതിയാണ്. എന്നാൽ ഒരു ക്രിസ്ത്യാനിയാണ് നിയമം ലംഘിച്ചതെങ്കിലെന്ത്? ആ സംഗതിയിൽ, തന്റെ നിയമലംഘനം അവഗണിക്കുന്നതിനുവേണ്ടി ഒരുദ്യോഗസ്ഥനെ പ്രലോഭിപ്പിക്കുന്ന കൈക്കൂലി അയാൾക്ക് ഒരു ശുദ്ധമനഃസാക്ഷിയോടെ വാഗ്ദാനം ചെയ്യാൻ കഴിയുന്നതെങ്ങനെ? നാം ശ്രേഷ്ഠാധികാരികളെ ഭയപ്പെടണമെന്ന് അപ്പോസ്തലനായ പൗലോസ് എഴുതി, എന്തുകൊണ്ടെന്നാൽ അവർക്ക് “ദോഷം പ്രവർത്തിക്കുന്നവന്റെമേൽ പ്രതികാരം നടത്താൻ” അധികാരം നൽകിയിരിക്കുന്നു. (റോമർ 13:3, 4) പൗലോസിന്റെ സ്വന്തം നിലപാട് ഇതായിരുന്നു: അവൻ തെററുചെയ്തിട്ടുണ്ടെങ്കിൽ, അവൻ വേണ്ട ശിക്ഷ സ്വീകരിക്കും. (പ്രവൃത്തികൾ 25:10, 11) അപ്രകാരം ഒരു ഗതാഗത നിയമം ലംഘിച്ച ഒരു ക്രിസ്ത്യാനി ഒരു ന്യായാധിപനോ ഒരു ഓഫീസറോ നിർദ്ദേശിക്കുന്നതനുസരിച്ച് ഒരു പിഴയോ ഒരു ഫീസോ ഒടുക്കേണ്ടതാണ്.
ഗവൺമെൻറുകൾ ‘നിങ്ങളുടെ നൻമക്കായുള്ള ശുശ്രൂഷകരാ’ണെന്നും പൗലോസ് പറഞ്ഞു. ചില ഉദ്യോഗസ്ഥൻമാരുടെ ദ്രവ്യാഗ്രഹം ഗണ്യമാക്കാതെ, ഗവൺമെൻറുകൾ പൊതുജനനൻമക്കായി ഏർപ്പാടുകൾ ചെയ്യുന്നു. ഉദാഹരണത്തിന് വാഹനങ്ങൾ സഞ്ചാരയോഗ്യമാണോ എന്ന് തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥൻമാർ വാഹനങ്ങൾ പരിശോധിക്കുന്നു. കെട്ടിടങ്ങൾ അഗ്നി നിരുദ്ധമാണോയെന്ന് അവർ പരിശോധിക്കുന്നു. അതിനാൽ ഒരു ക്രിസ്ത്യാനിക്ക് നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ഒരു “സേവന പ്രതിഫലം” പ്രതീക്ഷിക്കുന്ന ഒരുദ്യോഗസ്ഥന് “കൈമടക്ക്” കൊടുക്കാൻ കഴിയുമെന്ന് ഒരു ക്രിസ്ത്യാനി കരുതുന്നെങ്കിൽ, ഇത് നിയമലംഘനങ്ങൾ കണ്ണടയ്ക്കാൻ ഒരു ഇൻസ്പെക്ടർക്ക് കൈക്കൂലി കൊടുക്കുന്നതിൽനിന്നും തികച്ചും വ്യത്യസ്തമാണെന്ന് സ്പഷ്ടമാണ്.
തങ്ങൾ ഏത് ദേശത്തായിരുന്നാലും, തദ്ദേശ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ക്രിസ്ത്യാനികൾ പ്രായോഗിക ജ്ഞാനം ഉപയോഗിക്കണം. ‘ദൈവത്തിന്റെ കൂടാരത്തിൽ അതിഥികളായിരിക്കുകയും അവന്റെ വിശുദ്ധപർവ്വതത്തിൽ പാർക്കുകയും’ ചെയ്യുന്നവർക്ക് കൈക്കൂലിക്ക് അടിമപ്പെടാവുന്നതല്ലെന്ന് ദൈവദാസൻമാർ മനസ്സിൽ പിടിക്കണം. (സങ്കീർത്തനങ്ങൾ 15:1, 5) നിയമാനുസൃതമായ സേവനങ്ങൾ ലഭിക്കുന്നതിനോ ഉദ്യോഗസ്ഥൻമാരുടെ നീതിയില്ലാത്ത പ്രവർത്തനം ഒഴിവാക്കുന്നതിനോ “കൈമടക്ക്” കൊടുക്കുന്നതു സംബന്ധിച്ച് തന്റെ മനഃസാക്ഷി അനുവദിക്കുന്നത് ക്രിസ്ത്യാനി സ്വയം തീരുമാനിക്കുകയും അതിന്റെ ഫലമായുണ്ടാകുന്ന ഏത് പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം സ്വയം വഹിക്കുകയും വേണം. ഒരു ക്രിസ്ത്യാനി വ്യക്തിപരമായി ശുദ്ധമായ ഒരു മനഃസാക്ഷി നിലനിർത്താൻ കഴിയുന്ന ഒരു പ്രവർത്തനഗതി പിൻതുടരും. അത് നിരീക്ഷകരെ ഇടറിക്കുകയോ ക്രിസ്ത്യാനിത്വത്തിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്തുകയോ ചെയ്യുകയില്ല.—2 കൊരിന്ത്യർ 6:3. (w86 10/1)
[അടിക്കുറിപ്പുകൾ]
a 1968 ജൂൺ 1, വാച്ച്ടവറിലെ “വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ.”
b മോഷണം, കൊലപാതകം, അധാർമ്മികത തുടങ്ങിയ ദിവ്യനിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ക്രിസ്തീയ സഭയിലെ മൂപ്പൻമാർക്കുണ്ട്. എന്നാൽ കൈസറിന്റെ നിയമങ്ങളോ ചട്ടങ്ങളോ നടപ്പിലാക്കാൻ ദൈവം സഭാമൂപ്പൻമാരോട് ആവശ്യപ്പെടുന്നില്ല. അതുകൊണ്ട് റോമൻ നിയമപ്രകാരം അഭയാർത്ഥിയായിരുന്ന ഒനേസീമോസിനെ റോമൻ അധികാരികൾക്ക് ഏൽപ്പിച്ചുകൊടുക്കാൻ പൗലോസ് നിർബ്ബന്ധിതനായില്ല. (ഫിലേമോൻ 10, 15) നിശ്ചയമായും, ഒരു ലംഘകൻ പരസ്യമായി ലൗകിക നിയമം ലംഘിക്കുകയും ഒരു നിയമലംഘകൻ എന്ന പേര് സമ്പാദിക്കുകയും ചെയ്താൽ അയാൾ നല്ല ഒരു മാതൃകയായിരിക്കയില്ല; അയാൾ പുറത്താക്കപ്പെടുകപോലും ചെയ്തേക്കാം. (1 തിമൊഥെയോസ് 3:2, 7, 10) മറെറാരാളിന്റെ മരണത്തിലോ രക്തപാതകത്തിലോ നിയമലംഘനം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് സഭാ അന്വേഷണം ആവശ്യമാക്കിത്തീർത്തേക്കാം.