വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ സേവനത്തിന് ഒരു ക്രിസ്ത്യാനി പണമോ മറ്റു പാരിതോഷികമോ കൊടുക്കേണ്ടതുണ്ടോ, കൊടുത്താൽ അതു കൈക്കൂലിയായി വീക്ഷിക്കണമോ?
ഒരു രാജ്യത്തു സ്വീകാര്യവും നിയമപരവും ആയ കാര്യങ്ങൾ മറ്റൊരു രാജ്യത്തു തികച്ചും അസ്വീകാര്യവും നിയമവിരുദ്ധവും ആയിരുന്നേക്കാം. ക്രിസ്ത്യാനികൾ എവിടെ ജീവിക്കുന്നവരായാലും, ഈ സംഗതി മനസ്സിൽപ്പിടിച്ചുകൊണ്ട് പ്രാദേശിക സാഹചര്യങ്ങൾ കൈകാര്യംചെയ്യുന്ന സംഗതിയിൽ ‘പ്രായോഗിക ജ്ഞാനം’ (NW) പ്രകടമാക്കാൻ ശ്രമിക്കുന്നു. (സദൃശവാക്യങ്ങൾ 2:6-9) ‘യഹോവയുടെ കൂടാരത്തിൽ അതിഥി’യായിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും കൈക്കൂലി ഒഴിവാക്കേണ്ടതാണെന്ന് ഒരു ക്രിസ്ത്യാനി തീർച്ചയായും മനസ്സിൽപ്പിടിക്കണം.—സങ്കീർത്തനം 15:1, 5; സദൃശവാക്യങ്ങൾ 17:23.
കൈക്കൂലി കൊടുക്കുക എന്നതിന്റെ അർഥം എന്താണ്? വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ അനുസരിച്ച്, “തനിക്കുവേണ്ടി നിയമം ലംഘിക്കുകയോ, ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന ഒരു അംഗീകൃത അധികാരിക്ക് . . . ഒരുവൻ വിലപ്പെട്ട എന്തെങ്കിലും കൊടുക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യുന്നതിനാണ് കൈക്കൂലി കൊടുക്കൽ എന്നു പറയുന്നത്.” അതുകൊണ്ട്, ഒരുവൻ താമസിക്കുന്നത് എവിടെയായിരുന്നാലും, നിയമം നടപ്പാക്കാതിരിക്കാൻ ന്യായാധിപനോ പോലീസ് ഉദ്യോഗസ്ഥനോ, ഒരു ക്രമക്കേടിനു നേരേ കണ്ണടയ്ക്കാൻ ഒരു പരിശോധകനോ പണമോ പാരിതോഷികമോ കൊടുക്കുന്നതു കൈക്കൂലിയാണ്. പ്രത്യേക പരിഗണന കിട്ടുന്നതിനുവേണ്ടി സമ്മാനം കൊടുക്കുന്നതും കൈക്കൂലിതന്നെയാണ്. ഒരു ലിസ്റ്റിൽ നിങ്ങളുടെ പേർ ആദ്യം വരുത്തുന്നതിനോ ഒരു വരിയിൽ നിൽക്കുന്ന മറ്റുള്ളവരെ പിന്തള്ളുന്നതിനോ വേണ്ടി സമ്മാനം കൊടുക്കുന്നത് ഒരു ഉദാഹരണം. അത്തരം പ്രവൃത്തിയും സ്നേഹരാഹിത്യം വെളിപ്പെടുത്തുന്നു.—മത്തായി 7:12; 22:39.
എന്നാൽ നിയമപരമായ ഒരു സേവനം ലഭിക്കുന്നതിനോ മോശമായ പെരുമാറ്റം ഒഴിവാക്കുന്നതിനോ വേണ്ടി ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനു പാരിതോഷികമോ പണമോ കൊടുക്കുന്നതു കൈക്കൂലിയാണോ? ഉദാഹരണത്തിന് ചില രാജ്യങ്ങളിൽ, പണം കിട്ടാതെ കുട്ടികളെ സ്കൂളിൽ ചേർക്കാനോ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനോ കുടിയേറ്റ രേഖകൾ കൊടുക്കാനോ അധികാരികൾ വിമുഖത കാണിച്ചേക്കാം. അല്ലെങ്കിൽ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകളിന്മേൽ നടപടിയെടുക്കാതെ അവർ വെച്ചുതാമസിപ്പിച്ചേക്കാം.
പണം കൊടുക്കുന്ന രീതിയും അതിനോടുള്ള മനോഭാവവും പല രാജ്യങ്ങളിലും വ്യത്യസ്തമാണ്. അത്തരം കൊടുക്കലുകൾ ഒരു സമ്പ്രദായമായി മാറിയിട്ടുള്ള ഇടങ്ങളിൽ, തന്റെ ചുമതല നിർവഹിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനു പണം കൊടുക്കുമ്പോൾ അതു നിയമവിരുദ്ധമല്ലാതിരിക്കുന്നിടത്തോളം, തങ്ങൾ ദൈവനിയമം ലംഘിക്കുന്നില്ലെന്ന് ചില ക്രിസ്ത്യാനികൾക്കു തോന്നിയേക്കാം. ചില രാജ്യങ്ങളിൽ, വരുമാനം കുറഞ്ഞ ഗവൺമെന്റ് ഉദ്യോഗസ്ഥർക്കുള്ള ഒരു ഉപഹാരമായി അത്തരം കൊടുക്കൽ വീക്ഷിക്കപ്പെടുന്നു. എന്നാൽ നിയമപരമായ ഒരു സേവനത്തിനുവേണ്ടി സമ്മാനം കൊടുക്കുന്നതും നിയമവിരുദ്ധമായ ഒരു ഉപകാരത്തിനുവേണ്ടി കൈക്കൂലി കൊടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം മനസ്സിൽപ്പിടിക്കേണ്ടതാണ്.
നേരേമറിച്ച്, നിയമപരമായ ആവശ്യങ്ങൾ സാധിച്ചുകിട്ടുന്നതിനുവേണ്ടി ഇൻസ്പെക്ടർമാർ, കസ്റ്റംസ് ഉദ്യോഗസ്ഥർ, മറ്റ് അധികാരികൾ എന്നിവർക്കു പണം കൊടുക്കുന്ന സമ്പ്രദായമുള്ള ഇടങ്ങളിൽപ്പോലും യഹോവയുടെ സാക്ഷികളിൽ ചിലർ വിസമ്മതിച്ചിട്ടുണ്ട്, അങ്ങനെയൊരു സമ്പ്രദായമുള്ള ഇടങ്ങളിൽപ്പോലും. യഹോവയുടെ സാക്ഷികൾ പ്രാദേശികമായി ഇത്തരം മനസ്സാക്ഷിപരമായ നിലപാടുകൾക്കും സത്യസന്ധതയ്ക്കും പേരുകേട്ടവരായതിനാൽ, മിക്ക ആളുകൾക്കും പണംകൊടുത്താൽമാത്രം ലഭിക്കുന്ന സേവനങ്ങൾ സാക്ഷികൾക്ക് ചിലപ്പോൾ അല്ലാതെതന്നെ ലഭിക്കാറുണ്ട്.—സദൃശവാക്യങ്ങൾ 10:9; മത്തായി 5:16.
അർഹതയുള്ള സേവനം ലഭിക്കുന്നതിനോ മോശമായ പെരുമാറ്റം ഒഴിവാക്കുന്നതിനോ വേണ്ടി പണം കൊടുക്കേണ്ടതുണ്ടോയെന്ന് യഹോവയുടെ ഓരോ ദാസനും വ്യക്തിപരമായി തീരുമാനിക്കണം. അടിസ്ഥാനപരമായി, യഹോവയുടെ നാമത്തിനു നിന്ദ വരുത്തുകയോ മറ്റുള്ളവരെ ഇടറിക്കുകയോ ചെയ്യാത്ത, മനസ്സാക്ഷിപൂർവകമായ ഒരു തീരുമാനമായിരിക്കണം അയാൾ കൈക്കൊള്ളേണ്ടത്.—മത്തായി 6:9; 1 കൊരിന്ത്യർ 10:31-33; 2 കൊരിന്ത്യർ 6:3; 1 തിമൊഥെയൊസ് 1:5.