നിങ്ങൾ ജീവിതത്തിൽ ഒരു പങ്കാളിയെ തിരയുന്നുവോ?
“ഒരു നല്ല വിവാഹത്തേക്കാൾ മനോജ്ഞവും സൗഹാർദ്ദപരവും മോഹനവുമായ ഒരു ബന്ധമോ, സംസർഗ്ഗമോ ചങ്ങാത്തമോ ഇല്ല” എന്നു പറയപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ദശലക്ഷക്കണക്കിന് ഏകാകികൾ ജീവിതത്തിൽ ഒരു പങ്കാളിയുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നതിൽ അത്ഭുതമില്ല.
ചിലർ ഒരു വിവാഹപ്രവർത്തകനായിട്ട് കമ്പ്യൂട്ടറിനെ ആശ്രയിക്കുന്നു. മററുചിലർ നക്ഷത്രങ്ങളെയും. എന്നാൽ വിവാഹത്തിന്റെ കാരണഭൂതനായ നമ്മുടെ സ്രഷ്ടാവിലേക്ക് നോക്കുന്നത് എത്ര മെച്ചമായിരിക്കും! (ഉല്പത്തി 2:18-24) ദൈവത്തിന്റെ സ്നേഹപൂർവ്വകമായ താല്പര്യവും ജ്ഞാനവും, ഒരു വിവാഹപങ്കാളിയിൽ എന്തെല്ലാം നോക്കേണ്ടതുണ്ട് എന്ന് അറിയാൻ നമ്മെ സഹായിക്കുന്ന അവന്റെ ബുദ്ധിയുപദേശങ്ങളേയും തത്വങ്ങളേയും ആശ്രയിക്കുന്നതിന് ഒരു ഉറച്ച അടിസ്ഥാനം പ്രദാനം ചെയ്യുന്നു. (സങ്കീർത്തനം 19:7) അവന്റെ വചനം പിൻവരുന്നപ്രകാരം നമ്മോട് കല്പിക്കുന്നു:
‘കർത്താവിൽ മാത്രം വിവാഹം കഴിക്കുക’
എന്തുകൊണ്ട്? ഇതിന് കാരണം യഹോവയാം ദൈവം നമ്മുടെ നിത്യക്ഷേമത്തിൽ ചിന്തയുള്ളവനാകുന്നു എന്നതാണ്. ‘കർത്താവിൽ മാത്രം വിവാഹം കഴിക്കുക’ എന്ന അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം, തങ്ങളെപ്പോലെ സത്യാരാധകരെ വിവാഹയിണകളായി തെരഞ്ഞെടുത്ത യഹോവയുടെ മുൻകാല ദാസൻമാരുടെ സമ്പ്രദായത്തോട് യോജിക്കുന്നു. (1 കൊരിന്ത്യർ 7:39; ആവർത്തനം 7:3, 4) അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ അനവധിയാണ്. അതുകൊണ്ട് അവ മനസ്സിൽ പിടിക്കേണ്ടതാണ്.
ഉദാഹരണത്തിന്, ഒരു ദൈവിക വിവാഹയിണയ്ക്ക് നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവിനോടുള്ള തുടർച്ചയായ വിശ്വസ്ത ഭക്തിക്ക് സംഭാവന ചെയ്യാൻ കഴിയും. (സഭാപ്രസംഗി 4:9-12 താരതമ്യപ്പെടുത്തുക) ക്രിസ്തീയ ഇണകൾക്ക് പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും അങ്ങനെ ഒത്തൊരുമിച്ച് വിവിധ പരിശോധനകളെ വിജയകരമായി നേരിടാനും കഴിയും. ഒററക്കെട്ടായി നിന്നുകൊണ്ട്, വിവാഹ ബന്ധത്തെ ക്ഷയിപ്പിക്കാവുന്ന സമ്മർദ്ദങ്ങളെ അവർക്കു ചെറുത്തുനിൽക്കാം. ഇരുവരും യഹോവയിങ്കലേക്ക് നോക്കുകയും അവന്റെ അത്ഭുതകരമായ ബുദ്ധിയുപദേശങ്ങൾ ബാധകമാക്കുകയും ചെയ്യുന്നവരായിരിക്കുന്നതിനാൽ, അവർക്ക് അനായാസം ദുർഘടഘട്ടങ്ങളെ തരണം ചെയ്യുന്നതിനും, മത്സരികളായിരിക്കുന്നതിനു പകരം ഒത്തൊരുമിച്ച് ഐക്യത്തോടെ വർത്തിക്കുന്നതിനും സാധിക്കും. യഹോവയെ സേവിക്കുന്നതിനും തങ്ങളുടെ ജീവിതത്തെ അവന്റെ വഴികളോട് അനുരൂപമാക്കുന്നതിനുമുള്ള അവരുടെ ആത്മാർത്ഥശ്രമങ്ങൾ നമ്മുടെ സ്രഷ്ടാവിന് ആദരവ് കൈവരുത്തുന്ന വിജയകരമായ ഒരു വിവാഹത്തിന് സംഭാവന ചെയ്യും.
ഏതാനും വർഷങ്ങൾക്ക് മുൻപ്, ഗ്ലോറിയ എന്ന ഒരു യുവതി, ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുകയും വീക്ഷാഗോപുര അദ്ധ്യയനത്തിന് അഭിപ്രായം പറയുകപോലും ചെയ്തിരുന്ന ഒരു യുവാവുമായി അടുത്ത സഹവാസത്തിലായിരുന്നു. ഈ സ്നാനപ്പെടാത്ത വ്യക്തിയുമായി അടുത്ത് സഹവസിക്കുന്നത് തുടർന്ന് കൊണ്ടുപോകരുതെന്ന് അവൾക്ക് പ്രബോധനം ലഭിച്ചു. പക്ഷെ ആ ബുദ്ധിയുപദേശം അനുസരിക്കാതിരിക്കാൻ തക്കവണ്ണം അവൾ “അത്ര പ്രേമത്തിൽ” ആയിരുന്നു. എന്നിരുന്നാലും, ബുദ്ധിയുപദേശം നല്ലതായിരുന്നെന്ന് അവൾക്കറിയാമായിരുന്നു. അപ്പോൾ ഒരു ദിവസം അവൾ, യഹോവയോട് ഈ കാര്യത്തിൽ അവന്റെ സഹായത്തിനായി യാചിച്ചുകൊണ്ട് മുട്ടിപ്പായി പ്രാർത്ഥിച്ചു. പിന്നീട്, താമസിയാതെ, ആ യുവാവ് അധാർമ്മികനാണെന്ന് കണ്ടെത്തപ്പെടുകയും, ഗ്ലോറിയ അതുനിമിത്തം പെട്ടെന്നു തന്നെ ആ സൗഹൃദം വിച്ഛേദിക്കുകയും ചെയ്തു. അവൾ ഒടുവിൽ ഒരു നല്ല യുവ ക്രിസ്ത്യാനിയെ വിവാഹം കഴിച്ചു. ഇന്ന്, അദ്ദേഹം ഒരു നിയമിത മൂപ്പനാണ്, അവരുടെ രണ്ട് കുട്ടികൾ സത്യത്തിൽ സജീവരുമാണ്. അവൾ ഇന്ന് പിന്തിരിഞ്ഞ് നോക്കുമ്പോൾ, അവൾ പറയുന്നു: “യഹോവയ്ക്ക് നന്ദി, ഞാൻ വളരെയധികം പ്രശ്നങ്ങൾ ഒഴിവാക്കിയിരിക്കുന്നു. അവൻ വഴിനടത്തിയതിനാൽ എനിക്ക് ഏററവും മെച്ചമായ ബുദ്ധിയുപദേശം ലഭിച്ചിരിക്കുന്നു. അതെന്നെ ഒരു സ്നേഹവാനായ ഭർത്താവുമൊന്നിച്ച് ഒരു സന്തുഷ്ടജീവിതം ആസ്വദിക്കാൻ ഇടയാക്കിയിരിക്കുന്നു.”
എന്തുകൊണ്ട് മറെറങ്ങോട്ടെങ്കിലും നോക്കണം?
അപ്പോൾ, എന്തുകൊണ്ട് യഹോവയ്ക്കു സമർപ്പിച്ച ഒരു വ്യക്തി ഒരു വിവാഹഇണയ്ക്കുവേണ്ടി മറെറങ്ങോട്ടെങ്കിലും നോക്കണം? യഹോവ നമുക്ക് ഏററവും നല്ലതെന്തെന്ന് അറിയുകയും അഭിലഷിക്കുകയും ചെയ്യുന്നുവെന്ന് ബോദ്ധ്യമുള്ളവനല്ലെ ക്രിസ്ത്യാനി? (സദൃശവാക്യങ്ങൾ 3:1-7; സങ്കീർത്തനം 145:16) നിങ്ങളെ സംബന്ധിച്ചെന്ത്? യഹോവ “സത്യത്തിന്റെ ദൈവം” ആകുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? അങ്ങനെയെങ്കിൽ, അവൻ എല്ലായ്പ്പോഴും ഉചിതവും പ്രയോജനപ്രദവും ആയിരിക്കുന്ന ആശ്രയയോഗ്യമായ ബുദ്ധിയുപദേശം നൽകുന്നു എന്ന് നിങ്ങൾ നിശ്ചയമായും തിരിച്ചറിയുന്നുണ്ട്. (യെശയ്യാവ് 48:17, 18) വാസ്തവത്തിൽ, നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവ് നമ്മുടെ നിത്യക്ഷേമത്തെ കരുതി ബുദ്ധിയുപദേശം നൽകുന്നു, പക്ഷേ നാം നമ്മുടെ പദ്ധതികൾ ഹ്രസ്വവീക്ഷണത്തോടെ ക്ഷണിക ഭാവിയിലേക്ക് വരെ പരിമിതപ്പെടുത്തിയേക്കാം. എങ്കിലും ഒരു ജീവിതപങ്കാളിക്കുവേണ്ടി നോക്കുമ്പോൾ നാം നമ്മുടെ ക്ഷണികഭാവിക്ക് വേണ്ടതിലധികം ആസൂത്രണം ചെയ്യേണ്ടതല്ലേ?—സങ്കീർത്തനം 37:11, 29.
രാജ്യം സമീപമാണെന്നും പെട്ടെന്നുതന്നെ ഭൂമിയെ ശുദ്ധീകരിക്കാൻ നടപടിയെടുക്കുമെന്നും നിങ്ങൾ വാസ്തവമായി വിശ്വസിക്കുന്നുണ്ടോ? കൂടാതെ, മുൻപറയപ്പെട്ടിരിക്കുന്ന ആഗോള പരദീസയിൽ നിങ്ങളെത്തന്നെ നിങ്ങൾ കാണുന്നുണ്ടോ? അതോ ഈ വ്യവസ്ഥിതിയെ പൂർണ്ണമായും ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങൾക്ക് നല്ല ഒരു ജീവിതശൈലി പ്രദാനം ചെയ്യാൻ കഴിയുന്ന ഒരു പങ്കാളിയേയാണോ നിങ്ങൾ തിരയുന്നത്? അതോ സത്യാരാധന ഒന്നാം സ്ഥാനത്ത് വെക്കുന്ന ഒരു വ്യക്തിയെ ആണോ തേടുന്നത്? (മത്തായി 6:33) യഥാർത്ഥത്തിൽ, നിങ്ങളുടെ ജീവിതത്തിൽ ഏററവും മുഖ്യം എന്താണ്? നമ്മുടെ ഗൂഢമായ ചിന്തകളേയും പ്രേരണകളേയും പരിശോധിക്കുന്നത് ബുദ്ധിപൂർവ്വകമാണ്. എന്നിട്ട്, ആവശ്യമെങ്കിൽ, വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിനും അങ്ങനെ യഹോവയ്ക്ക് അപ്രീതികരമായേക്കാവുന്ന എന്തെങ്കിലും പ്രവർത്തനഗതി ഒഴിവാക്കുന്നതിനും കഴിയും.—സങ്കീർത്തനം 78:40, 41 താരതമ്യപ്പെടുത്തുക.
നമ്മുടെ വഞ്ചനാത്മക ഹൃദയം
“ഹൃദയം മറെറന്തിനേക്കാളും വഞ്ചനാത്മകമാകുന്നു” എന്ന് യിരെമ്യാവ് 17:9 മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് നാം അതിനെ സൂക്ഷിക്കേണ്ടതുണ്ട്. നിശ്വസ്തമായ ബൈബിൾ പ്രബോധനത്തെയും, സഭയിലെ മൂപ്പൻമാരും മററുള്ളവരും സ്നേഹപൂർവ്വം നൽകുന്ന ഓർമ്മിപ്പിക്കലുകളെയും അവഗണിക്കുന്നവർ മിക്കവാറും കണ്ണുനീർ പൊഴിക്കുകയും ഹൃദയവേദന അനുഭവിക്കുകയും ചെയ്യുന്നു എന്ന് ഓർക്കുന്നതും നല്ലതാണ്.
‘അത് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?’ എന്ന് ആരെങ്കിലും ചോദിച്ചേക്കാം. ‘ഒരു സഹവിശ്വാസിയല്ലാതിരുന്നയാളെ വിവാഹം ചെയ്ത ഒരു സഹോദരനെ എനിക്കറിയാം, ഇപ്പോൾ അവർ ഇരുവരും യഹോവയെ സേവിക്കുന്നു.’ അപൂർവ്വം ചില കേസുകളിൽ സംഗതികൾ അങ്ങനെ വന്നുഭവിച്ചു എന്നത് സത്യംതന്നെ. ഇരുവരും ഇപ്പോൾ “സത്യത്തിൽ നടക്കുന്നു” എന്നതിൽ നാം സന്തുഷ്ടരുമാണ്. (3 യോഹന്നാൻ 4) അങ്ങനെയായിരുന്നാലും, ഒരു സ്നാനപ്പെടാത്ത വ്യക്തിയെ വിവാഹം കഴിച്ച സഹോദരൻ അനുസരണക്കേട് കാണിച്ചു. ആ സ്വതന്ത്രാത്മാവ് ഒരിക്കൽകൂടി പൊന്തിവരുമോ? ഇതല്ലാതെ മറെറാരു സാഹചര്യത്തിൽ തനിക്ക് ദൈവത്തേക്കാൾ നന്നായി അറിയാം എന്നു ചിന്തിക്കുകയും അങ്ങനെ ബൈബിൾ ബുദ്ധിയുപദേശത്തെ അവഗണിച്ചുകൊണ്ട് സ്വന്തവിവേകത്തിൽ ഊന്നുകയും ചെയ്യാൻ അയാൾ പ്രേരിതനായേക്കുമോ? ‘നമ്മുടെ മുഴു ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (സദൃശവാക്യങ്ങൾ 3:5). അത് എല്ലാററിലും ദിവ്യേഷ്ടത്തോടു കീഴ്വഴക്കത്തോടെയുള്ള വിധേയത്വം അർത്ഥമാക്കുന്നു. അതുകൊണ്ട് നാം ഒരു അനുസരണമുള്ള ഹൃദയം, ചെറിയ കാര്യങ്ങളിൽ പോലും അനുസരണത്തിന്റെ പരീക്ഷയെ നേരിടുന്ന ഒന്ന് വളർത്തിയെടുക്കേണ്ടതുണ്ട്. (ലൂക്കോസ് 16:10) നാം ദൈവത്തെ അനുസരിക്കുന്നില്ലെങ്കിൽ ഏതു തരം ശൈലിയാണ് നാം വളർത്തിയെടുക്കുന്നത്? കർത്താവിൽ വിവാഹം കഴിക്കാഞ്ഞ ആ സഹോദരൻ സ്വന്ത ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്തതിന്റെ തെററ് ഇപ്പോൾ തിരിച്ചറികയും യഹോവയോട് ക്ഷമക്കായി യാചിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ വിവാഹത്തിന് തുടക്കമിടാൻ ആഗ്രഹിക്കുന്നത് ഇങ്ങനെയാണോ?
‘പക്ഷെ എന്റെ ബോയ്ഫ്രണ്ട് ബൈബിൾ പഠിക്കുന്നതിനും യോഗങ്ങൾക്ക് പങ്കുപററുന്നതിനും തുടങ്ങിയിരിക്കുന്നു,’ എന്ന് മററ് ചിലർ പറഞ്ഞേക്കാം. ശരിയാണ്, പക്ഷെ എന്തിനാണ് അയാൾ പഠിക്കുന്നത്? ഒരു വിവാഹപങ്കാളിയെ നേടുന്നതിനോ, അതോ യഹോവയാം ദൈവത്തെക്കുറിച്ച് പഠിച്ച് അവനെ സേവിക്കുന്നതിനോ? വിവാഹാഭ്യർത്ഥനയുടെ ആ അടുപ്പത്തിൽ ഉടനീളം ആ വ്യക്തിയുടെ ആന്തരം സംശയാസ്പദമായിരിക്കും. വിവാഹദിനത്തിനുശേഷം നിങ്ങൾ എന്തു കണ്ടെത്തും? നിശ്ചയമായും, നിങ്ങൾ നിങ്ങളുടെ ബോയ്ഫ്രണ്ട് സ്നാനപ്പെടുന്നത് വരെ കാത്തിരിക്കുകയും അത് കഴിഞ്ഞാലുടനെ വിവാഹത്തീയതി നിശ്ചയിക്കുകയും ചെയ്തേക്കാം. കർശനമായി പറഞ്ഞാൽ, നിങ്ങൾ കർത്താവിൽ വിവാഹം കഴിക്കുക’ ആണ്. എന്നാൽ നിങ്ങൾ ആ ബുദ്ധിയുപദേശത്തിന്റെ അർത്ഥത്തോട് ചേർച്ചയിലാണോ പ്രവർത്തിക്കുന്നത്?
ഒരു സഹോദരനെ ചില സേവന പദവികൾക്കായി ശുപാർശ ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? സ്നാനപ്പെട്ടാൽ മാത്രം മതിയായിരിക്കുന്നോ? ഇല്ല, പ്രത്യുത, ആ സഹോദരൻ “യോഗ്യത സംബന്ധിച്ച് ആദ്യം പരീക്ഷിക്കപ്പെടണം.” (1 തിമൊഥെയോസ് 3:10) അതിൽ നിന്ന് നമുക്ക് ഒരു പാഠം പഠിക്കാൻ കഴിയുമോ? ഉവ്വ്. നിന്ന്, നോക്കി, ശ്രദ്ധിക്കുക. വിവാഹത്തിന്റെ ഗൗരവത്തെക്കുറിച്ച് നിന്ന് ചിന്തിക്കുക. ആ വ്യക്തിയെ നോക്കുക, അനുരാഗത്തിന്റെ മങ്ങിയ കണ്ണുകൾ കൊണ്ടല്ല, പ്രത്യുത വസ്തുനിഷ്ഠമായി. എന്നിട്ട് ശ്രദ്ധിക്കുകയും ചെയ്യുക. അവൻ (അല്ലെങ്കിൽ അവൾ) ദൈവസ്തുതിയുടെ സ്നേഹപ്രകടനങ്ങൾ കൊണ്ട് ഹൃദയത്തിൽ നിന്നാണോ സംസാരിക്കുന്നത്? കുറച്ചധികം കാലമായി അയാൾ ക്രിസ്തീയ വളർച്ചയുടെ തെളിവ് പ്രകടമാക്കിയിട്ടുണ്ടോ? അയാൾ തന്റെ വിശ്വസ്തതയും, ആത്മീയ യോഗ്യതകളും പ്രകടമാക്കിക്കഴിഞ്ഞാൽ അവനെ (അല്ലെങ്കിൽ അവളെ) ജീവിതത്തിലെ ഒരു ഭാവി പങ്കാളിയായി പരിഗണിക്കുന്നതിന് അത് ഉടനെ തന്നെ മതിയാകുന്നതാണ്. ഒരു സരസനായ കവിയെ ഉദ്ധരിച്ചാൽ:
“കന്യകമാരേ! ഞാൻ ചൊല്ലും കഥ
വഹിക്കുന്നുണ്ടീ പാഠം—
നല്ലിണമാത്രമല്ല വരണത്തി
നുചിതസമയവും വേണം.
നല്ല ബുദ്ധിയുപദേശത്തെയും ശരിയായ ന്യായബോധത്തെയും തള്ളിക്കളയാൻ നമ്മുടെ ഹൃദയം നമ്മെ ഇടയാക്കുന്നുവെങ്കിൽ എന്തു സംഭവിക്കാം? അതിന്റെ പരിണിതഫലങ്ങൾ വിപല്ക്കരമായിരിക്കാൻ കഴിയും. ഓർക്കുക, ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു:
‘നിങ്ങൾ വിതയ്ക്കുന്നത് കൊയ്യും’
ജാക്വിലിന് സംഭവിച്ചതെന്തെന്ന് പരിഗണിക്കുക. ക്രിസ്തീയ സഭയ്ക്കു പുറത്തുള്ള ഒരു യുവാവുമായി അവൾ തുടങ്ങിയിരുന്ന സൗഹൃദം സംബന്ധിച്ച് ഒരു മൂപ്പൻ അവളെ ബുദ്ധിയുപദേശിച്ചു. പക്ഷെ, സഹോദരൻമാർ അധികമായി നിഷ്കർഷ കാണിക്കുന്നു എന്നവൾക്കു തോന്നിയതിനാൽ, ബൈബിൾ—അധിഷ്ഠിത ഉപദേശങ്ങൾക്ക് അവൾ ചെവി നൽകിയില്ല. അവൾ തന്റെ തന്നെ മനോഭാവത്തെക്കുറിച്ച് പിന്നീട് ഇങ്ങനെ സമ്മതിച്ച് പറഞ്ഞു: “ഒരുവൻ താൻ കാണുവാൻ ഇച്ഛിക്കുന്നത് കാണുന്നു, യഹോവ കാണുകയും പ്രസ്താവിക്കുകയും ചെയ്യുന്നത് കാണുന്നില്ല.” ആ യുവാവ് ബൈബിൾ പഠിക്കാൻ ആരംഭിക്കുകയും കാലക്രമത്തിൽ സ്നാനപ്പെടുകയും ചെയ്തു. മൂന്നു മാസത്തിനകം അവർ വിവാഹിതരാകുകയും ചെയ്തു.
പ്രശ്നങ്ങൾ വളരെ പെട്ടെന്ന് ഉയർന്നു വന്നു. സത്യത്തിൽ, അവ മധുവിധുവിനു തന്നെ തുടങ്ങി! ജാക്വിലിൻ മുൻപ് ശ്രദ്ധിച്ചിട്ടില്ലാത്ത അല്ലെങ്കിൽ സൗകര്യപൂർവ്വം കണ്ണടച്ചു കളഞ്ഞിരുന്ന അനഭിലഷണീയമായ സ്വഭാവങ്ങൾ പ്രത്യക്ഷമായി. അവൾ സന്തുഷ്ടവും ഒരുമയുള്ളതുമായ ഒരു വിവാഹത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു. പക്ഷെ ഖേദകരമെന്നു പറയട്ടെ അതിന് നേരെ വിപരീതമായത് സംഭവിച്ചു. അവളുടെ ഭർത്താവ് പുറത്താക്കപ്പെടുകയും അവളെയും തന്റെ രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോകുകയും ചെയ്തു. ഇനിയവൾക്ക് ഈ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയുടെ സാമ്പത്തിക സമ്മർദ്ദങ്ങളെ മാത്രമല്ല രണ്ടു കൊച്ചു കുട്ടികളെ, അവരുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്ക് ശ്രദ്ധ നൽകിക്കൊണ്ട് പോററിവളർത്തുന്നതിന്റെ വെല്ലുവിളിയേയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. ഈ കയ്പേറിയ അനുഭവത്തിൽ നിന്ന് ജാക്വിലിൻ എന്തു പഠിച്ചിരിക്കുന്നു? “അനുസരണം,” അവൾ പറയുന്നു. “ബുദ്ധിയുപദേശം പരുക്കനെന്നു തോന്നുകയോ അഥവാ നിങ്ങൾക്ക് പററിയതാണെന്ന് തോന്നാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ തന്നെയും, അത് യഹോവയിൽ നിന്ന് വരുന്നതായി പരിഗണിക്കുകയും പരിപൂർണ്ണമായി അത് അനുസരിക്കുകയും ചെയ്യുക.”—ഗലാത്യർ 6:7; സങ്കീർത്തനം 86:11.
മറെറാരു ദൃഷ്ടാന്തം പരിചിന്തിക്കുക. മാരിററ്സ് തന്റെ ഭാവിഭർത്താവിനെ ജോലിസ്ഥലത്ത് കണ്ടെത്തി. അവൾ അറിഞ്ഞിട്ടില്ലാത്ത ലോക കാര്യങ്ങൾ അയാൾ അവൾക്ക് കാണിച്ചു കൊടുത്തു—അവയൊന്നും അത്രമോശമായി അവൾക്കു തോന്നിയില്ല. അയാൾ വിദ്യാസമ്പന്നനായിരുന്നു, മാന്യനായിരുന്നു, വിവിധ വിഷയങ്ങളിൽ ജ്ഞാനപൂർവ്വം സംസാരിക്കുവാൻ പ്രാപ്തനുമായിരുന്നു. അവൾക്ക് അനവധി തിരുവെഴുത്തുപരമായ മുന്നറിയിപ്പുകൾ നൽകപ്പെട്ടെങ്കിലും അവയൊന്നും ഏശിയില്ല. അവൾ അത്രയധികം “പ്രേമത്തിൽ” ആയിരുന്നു.
പെട്ടെന്ന് തന്നെ ക്രിസ്തീയയോഗങ്ങൾ മാരിററ്സയ്ക്കു വിരസമായിത്തുടങ്ങി. അവയ്ക്കു അവളുടെ കൂട്ടാളിയുമൊത്തുള്ള ഉല്ലാസകരമായ സായാഹ്നങ്ങളുടെ പകിട്ട് ഉണ്ടായിരുന്നില്ല. അവരുടെ വിവാഹത്തിന് മുൻപ്, അവളുടെ ക്രിസ്തീയയോഗങ്ങളുടെ കാര്യത്തിൽ താൻ ഇടപെടുകയില്ലയെന്ന് അയാൾ വാഗ്ദാനം ചെയ്തു, അത് അങ്ങനെ ആയിരുന്നുതാനും. എന്നിരുന്നാലും, അല്പാല്പം താൻ മററു കാര്യങ്ങളിൽ വളരെയധികം മുഴുകിയിരിക്കുന്നതായി അവൾ സ്വയം കണ്ടെത്തി. അത് നിമിത്തം അവളുടെ ആത്മീയ പ്രവർത്തനങ്ങൾ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അവൾ നിഷ്ക്രിയയായിത്തീരുകയും ചെയ്തു.
ആ ഉല്ലാസകരമായ സംഭാഷണങ്ങൾ സംബന്ധിച്ചോ? അവ ക്രമേണ ഇല്ലാതാകുകയും ഒടുവിൽ അവളുടെ ഭർത്താവ് അവളെ വിവാഹമോചനം ചെയ്യുകയും നാലു മുതൽ ഒൻപതുവരെ വയസ്സു പ്രായമുള്ള നാല് കുട്ടികളെ അവളോടൊത്തു ഉപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ ആഘാതം മാരിററ്സയെ നിർവീര്യയാക്കി. മൂന്നു വർഷങ്ങൾക്ക് ശേഷം മാത്രമേ, എന്തുസംഭവിച്ചുവെന്നും തന്റെ ജീവിതം സംബന്ധിച്ച് ഇനി എന്തു ചെയ്യണം എന്നും വിശകലനം ചെയ്യുന്നതിന് തക്ക ആശ്വാസം അവൾക്ക് ഉണ്ടായുള്ളു. അവൾ തന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു: “ജീവിക്കുക എന്നു വെച്ചാൽ കഷ്ടപ്പെടുക.” പക്ഷെ അതവൾക്ക് സംതൃപ്തി നൽകിയില്ല. എന്തുകൊണ്ടെന്നാൽ അവൾക്ക് താൻ സന്തോഷവതിയായിരുന്ന, മററുള്ളവർക്ക് ദൈവരാജ്യത്തിന്റെ സുവാർത്ത പങ്കുവെക്കുന്നതിനായി വയൽശുശ്രൂഷയിലായിരിക്കുമ്പോൾ മുഖത്ത് വീശുന്ന തണുത്ത ചെറുകാററിനെപ്പോലും ആസ്വദിച്ചിരുന്ന കാലങ്ങളെക്കുറിച്ച് അപ്പോഴും ഓർമ്മിക്കാൻ കഴിയുമായിരുന്നു.
“ഓ, ഞാൻ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ എത്രമാത്രം വേദനയും അലച്ചിലും എനിക്ക് ഒഴിവാക്കാമായിരുന്നു!” മാരിററ്സ് നെടുവീർപ്പിട്ടു. തന്റെ കുട്ടികളുടെ സ്കൂൾ സഹപാഠികൾ വഴി അവൾ ഒരിക്കൽ കൂടി യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നു. അവളുടെ സത്യത്തിലുള്ള താല്പര്യവും യഹോവയോടുള്ള സ്നേഹവും പുനരുജ്ജീവിപ്പിക്കപ്പെട്ടു. ഇപ്പോൾ അവളും അവളുടെ കുട്ടികളും അവന്റെ സേവനത്തിൽ സജീവരാണ്. മാരിററ്സ് മുഴുഹൃദയത്തോടെ ഇപ്പോൾ പറയുന്നു: “യഹോവ നല്കുന്ന വഴിനടത്തിപ്പിന് കീഴ്പെടാൻ പഠിക്കുക, നാം തീരെ വിചാരിക്കാത്ത വ്യക്തികളെ തന്റെ ഇഷ്ടം അറിയിക്കുന്നതിന് യഹോവ ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുക.” യേശുക്രിസ്തു പ്രസ്താവിച്ചതുപോലെ: “നിങ്ങൾ എങ്ങനെ ശ്രദ്ധിക്കുന്നുവെന്ന് സൂക്ഷിച്ചു കൊൾവിൻ.” (ലൂക്കോസ് 8:18) അതെ, നിന്ന്, നോക്കി, ശ്രദ്ധിക്കുക.
രാജ്യഹാളിൽ അടുത്ത മീററിംഗ് സമയത്ത് ചുററും ഒന്നു നോക്കുക. നിങ്ങൾ നിസ്സംശയമായും നിരവധി സന്തുഷ്ടരായ ക്രിസ്തീയ വിവാഹ ദമ്പതികളെ കാണും, ഒത്തൊരുമിച്ച് സമയവും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതിലുള്ള അവരുടെ ആനന്ദം നിങ്ങൾ വീക്ഷിക്കുകയും ചെയ്യും. എന്നാൽ, അവിശ്വാസികളായ ഇണകൾ ഉണ്ടായിരിക്കുന്നതു നിമിത്തം ഏകരായി ഇരിക്കുന്നവരെയും നിങ്ങൾ കണ്ടേക്കാം. ഓ, തങ്ങളുടെ ഭർത്താക്കൻമാർ അല്ലെങ്കിൽ ഭാര്യമാർ തങ്ങളോടൊത്ത് ഉണ്ടായിരുന്നെങ്കിൽ എന്നവർ എത്ര ആശിക്കും! മിക്കപ്പോഴും മീററിംഗ് കഴിഞ്ഞ് ഉടനെതന്നെ തിരക്കിട്ട് അവർക്ക് വീട്ടിലേക്ക് പോകേണ്ടിവരുകയും സഹവിശ്വാസികളുമൊത്തുള്ള പരിപുഷ്ഠിപ്പെടുത്തുന്ന സംഭാഷണവും സഹവാസവും നഷ്ടപ്പെടുത്തേണ്ടിവരുകയും ചെയ്യുന്നു. ‘കർത്താവിൽ മാത്രം വിവാഹം ചെയ്യുക’ എന്ന പ്രബോധനം അവഗണിക്കുന്നത് നിമിത്തം അത്തരം സാഹചര്യത്തിൽ സ്വയം കണ്ടെത്താൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? പകരം, യഹോവയുടെ നിർദ്ദേശങ്ങൾ പിൻപററുകയും അതുവഴി ദുഃഖകരമായ പരിണിതഫലങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് എത്ര ജ്ഞാനപൂർവ്വമാണ്!—സങ്കീർത്തനം 119:9; സദൃശവാക്യങ്ങൾ 28:26.
യഹോവയ്ക്കായി കാത്തുനിൽക്കുക
‘പക്തെ, സഭയിൽ എനിയ്ക്കൊരാളെ കണ്ടെത്താൻ കഴിയുന്നില്ല. എന്റെ പ്രായത്തിൽ വളരെ കുറച്ചു പേരെ ഉള്ളു.’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. അതു സത്യമായിരിക്കാം. എന്നാൽ നിങ്ങൾ സന്തുഷ്ടനായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്നു ബോദ്ധ്യമുള്ളവനാണോ നിങ്ങൾ? “അവൻ നിങ്ങൾക്കുവേണ്ടി കരുതുന്നു.” (1 പത്രോസ് 5:6, 7) “വിവേകമുള്ള ഭാര്യ യഹോവയിൽ നിന്നുള്ളതാകുന്നു” എന്നു പറയുന്ന സദൃശവാക്യം നിങ്ങൾ ഓർക്കുന്നുണ്ടോ? (സദൃശവാക്യം 19:14) അപ്പോൾ, എന്തുകൊണ്ട് വിവാഹവിഷയം പ്രാർത്ഥനയിൽ പരിഗണിച്ചുകൂടാ?—ഫിലിപ്യർ 4:6, 7.
ഹന്നായേയും തനിക്ക് ഒരു മകനെ വേണമെന്നുള്ള അവളുടെ അഭിലാഷത്തെയും കുറിച്ച് നിങ്ങൾ ഓർക്കുന്നുണ്ടോ? അവൾ എന്താണ് ചെയ്തത്? അവൾ യഹോവയെ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് അവനോടുള്ള അപേക്ഷയിൽ തന്റെ ഹൃദയം ചൊരിഞ്ഞു. എന്നിട്ട് അവൾ സംഗതികൾ യഹോവയുടെ കരങ്ങളിൽ ഭരമേൽപ്പിച്ചു. കാലമായപ്പോൾ തന്റെ പ്രാർത്ഥനയ്ക്ക് ഒരു അത്ഭുതകരമായ ഉത്തരം അവൾക്ക് ലഭിച്ചു—ഒരു മകന്റെ ജനനം.—1 ശമുവേൽ 1:9-11, 18-20. സങ്കീർത്തനം 62:8.
നിങ്ങളുടെ പ്രായക്കാർ പ്രാദേശിക സഭയിൽ ചുരുക്കമായിരിക്കാമെങ്കിലും, സർക്കിട്ട് സമ്മേളനങ്ങളും ഡിസ്ട്രിക്ട് കൺവെൻഷനുകളും സംബന്ധിച്ചെന്ത്? അത്തരം കൂടിവരവുകളിൽ നാം സംബന്ധിക്കുന്നത് ആത്മീയ കാരണങ്ങൾക്കാണ്. എന്നാൽ ആ സന്ദർഭങ്ങളിൽ സ്വമേധയാ സേവനം ചെയ്യുന്നവർക്ക് മററുള്ളവരെ സേവിക്കുന്നതിലും മുഴു ദേഹിയോടെ യഹോവയെ സേവിക്കുന്ന സഹോദരീസഹോദരൻമാരെ കണ്ടുമുട്ടുന്നതിലും ഉള്ള സംതൃപ്തി ഉണ്ട്. അത്തരം സന്ദർഭങ്ങളിൽ, നിങ്ങളുടെ ഭാവി ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന് സാദ്ധ്യതയുണ്ട്.
എന്നാൽ ഇപ്പോൾ നിങ്ങൾക്ക് അനുയോജ്യമായ ഒരു ക്രിസ്തീയ ഇണയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽപോലും, ഒരു ഏകാകിയായി നിർമ്മലമായി ഒരു ജീവിതം പിൻതുടരാൻ സഹായിക്കുന്നതിന് പ്രാർത്ഥനാപൂർവ്വം യഹോവയിൽ ആശ്രയിക്കുക. അവിവാഹിതനായി നിലകൊള്ളുമ്പോൾ തന്നെ, ഒരു നല്ല ഭർത്താവും പിതാവും അല്ലെങ്കിൽ ഒരു നല്ല ഭാര്യയും മാതാവും ആയിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഗുണങ്ങളും പ്രാപ്തികളും വളർത്തിയെടുക്കുക. പയനിയർമാർ എന്നനിലയിൽ മുഴുസമയശുശ്രൂഷ ഏറെറടുത്തുകൊണ്ട് അങ്ങനെ തന്നെ ചെയ്യാൻ അനേകർക്ക് സഹായം ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ സമയവും ഊർജ്ജവും വിനിയോഗിക്കുവാൻ എത്ര നല്ല മാർഗ്ഗം!
നിങ്ങൾ ജീവിതത്തിൽ ഒരു പങ്കാളിക്ക് വേണ്ടി തിരയുന്നുവെങ്കിൽ, നിങ്ങൾ എവിടെ ആരംഭിക്കും? അത് നിങ്ങളുടെ ജീവിതലക്ഷ്യങ്ങളിൽ പങ്കാളികളായിരിക്കുകയും യഹോവയെ നിത്യമായി സേവിക്കാൻ യഥാർത്ഥ അഭിലാഷമുള്ളവരുമായ അവന്റെ സജീവരായ സഹാരാധകരുടെയിടയിൽ ആയിരിക്കട്ടെ. (2 തിമൊഥെയോസ് 2:22) ഒരു ദൈവഭയമുള്ള പങ്കാളിയേക്കൊണ്ട് യഹോവ നിങ്ങളെ അനുഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വിവാഹം നമ്മുടെ സ്നേഹവാനായ ദൈവത്തിന് മഹത്വം കൈവരുത്തുന്ന ഒന്നായിരിക്കട്ടെ. (w86 11/15)
[30-ാം പേജിലെ ആകർഷകവാക്യം]
“ഓ, ഞാൻ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ എത്രമാത്രം വേദനയും അലച്ചിലും എനിക്ക് ഒഴിവാക്കാമായിരുന്നു!”