യുവാക്കളേ—നിങ്ങൾ ആത്മീയമായി പുരോഗതിയുള്ളവരോ?
“ഈ കാര്യങ്ങൾ വിചിന്തനം ചെയ്യുക; അവയിൽ ലയിച്ചിരിക്കുക, നിന്റെ പുരോഗതി എല്ലാവർക്കും പ്രത്യക്ഷമാകേണ്ടതിനുതന്നെ.”—1 തിമൊഥെയോസ് 4:15.
1, 2. ആത്മീയപുരോഗതിയുണ്ടായിരിക്കുകയെന്നാൽ എന്താണർത്ഥം, എന്തല്ല?
ആത്മീയമായി പുരോഗതിയുണ്ടായിരിക്കുകയെന്നാൽ അർത്ഥമെന്താണ്? അതിന്റെയർത്ഥം യുവാക്കളായിരുന്ന യേശുവിനെയും തിമൊഥെയോസിനെയും പോലെയായിരിക്കുകയെന്നാണ്, അവർ തങ്ങളുടെ ജീവിതത്തിൽ ആത്മീയതാത്പര്യങ്ങളെ ഒന്നാമതു വെച്ചു. നിങ്ങൾ ആത്മീയമായി പുരോഗതിയുള്ളവരാണെങ്കിൽ നിങ്ങളുടെ ജീവിതംകൊണ്ട് എന്തു ചെയ്യണമെന്ന് നിങ്ങൾക്കറിയാമായിരിക്കും. ‘എനിക്കു പ്രായമാകുമ്പോൾ യഹോവയെ സേവിക്കുന്നതിനെക്കുറിച്ച് ഞാൻ സഗൗരവം ചിന്തിച്ചുതുടങ്ങും’ എന്നു നിങ്ങൾ പറയുകയില്ല. ഇല്ല, നിങ്ങൾ ഇപ്പോൾ അവനെ സേവിക്കും!
2 മറിച്ച്, ആത്മീയമായി പുരോഗതിയുണ്ടായിരിക്കുകയെന്നാൽ സന്യാസിതുല്യരായിരിക്കുകയെന്നോ മതപരമായ ഭാവംനടിക്കുകയെന്നോ ഒരു പുസ്തകപ്പുഴു ആയിത്തീരുകയെന്നുപോലുമോ അർത്ഥമില്ല; സങ്കടമോ ഗൗരവമോ പൂണ്ട് ഒരിക്കലും സാമൂഹ്യസഹവാസം പുലർത്താതിരിക്കുകയെന്നും അതിനർത്ഥമില്ല. (യോഹന്നാൻ 2:1-10) യഹോവ ഒരു സന്തുഷ്ട ദൈവമാകുന്നു. അവൻ തന്റെ ഭൗമികമക്കൾ സന്തുഷ്ടരായിരിക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട് സ്പോർട്ട്സിലും മററു വിനോദപ്രവർത്തനങ്ങളിലുമുള്ള മിതമായ പങ്കുപററലിനു ദൈവാംഗീകാരമുണ്ട്.—1 തിമൊഥെയോസ് 1:11; 4:8
തെളിവായി സ്നാനം
3. തിമൊഥെയോസ് എപ്പോൾ സ്നാപനമേററിരിക്കാനിടയുണ്ട്?
3 ഒരു യുവാവിനു ആത്മീയമായി പുരോഗതിയുണ്ടെന്നുള്ളതിന്റെ തെളിവാണ് സ്നാപനത്തിനൊരുങ്ങുന്നതും സ്നാപനമേൽക്കുന്നതും. സൂചിപ്പിക്കപ്പെട്ടിരിക്കുന്നതുപോലെ, തിമൊഥെയോസ് അപ്പോസ്തലനായ പൗലോസിന്റെ ഒരു മിഷനറികൂട്ടാളിയായിത്തീർന്നപ്പോൾ അവൻ അപ്പോഴും യുവാവായിരുന്നുവെങ്കിൽ അവൻ യൗവനാരംഭത്തിൽ അല്ലെങ്കിൽ കൗമാരമദ്ധ്യത്തിൽ സ്നാപനമേററിരിക്കാനിടയുണ്ട്. അവന് ശൈശവംമുതൽ തിരുവെഴുത്തുകളിൽ പ്രബോധനം ലഭിച്ചിരുന്നു, മതിയായ അറിവും വിലമതിപ്പും നേടി സജ്ജനായപ്പോൾ സ്നാപനമേൽക്കുന്നതിനു അവൻ മടിച്ചില്ല.—2 തിമൊഥെയോസ് 3:15.
4. ഫിലിപ്പോസിനോട് എന്തു ചോദ്യം ചോദിക്കപ്പെട്ടു, ചോദ്യകാരൻ ക്രിസ്തുവിനെക്കുറിച്ചു മനസ്സിലാക്കിക്കഴിഞ്ഞതേയുണ്ടായിരുന്നുള്ളുവെങ്കിലും ഫിലിപ്പോസ് അയാളുടെ അപേക്ഷ അനുവദിച്ചതെന്തുകൊണ്ട്?
4 തിരുവെഴുത്തുകളിൽ പ്രബോധനംലഭിച്ചിട്ടുള്ള യുവാക്കളായ നിങ്ങളെ സംബന്ധിച്ചെന്ത്? “സ്നാപനമേൽക്കുന്നതിൽനിന്ന് എന്നെ തടയുന്നതെന്ത്?” എന്ന ചോദ്യം നിങ്ങൾ പരിചിന്തിച്ചിട്ടുണ്ടോ? ഒന്നാം നൂററാണ്ടിൽ നല്ല തിരുവെഴുത്തുപരിജ്ഞാനമുണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു ആ ചോദ്യം ചോദിച്ചത്, എന്നാൽ ക്രിസ്തു ആരെന്ന് അയാൾ അപ്പോൾ മനസ്സിലാക്കിക്കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു ആ മനുഷ്യൻ അറിയേണ്ടതെല്ലാം അറിഞ്ഞിരുന്നില്ലെന്നുള്ളതു സത്യംതന്നെ. എന്നാൽ താൻ മനസ്സിലാക്കിയതിനെക്കുറിച്ചുള്ള വിലമതിപ്പിനാൽ അയാൾ പ്രേരിതനായി! അങ്ങനെ അയാളെ സ്നാപനംകഴിപ്പിക്കാതിരിക്കാൻ ശിഷ്യനായ ഫിലിപ്പോസിനു ന്യായമായ കാരണമില്ലായിരുന്നു.—പ്രവൃത്തികൾ 8:26-39.
5. നിങ്ങൾ സ്നാപനമേൽക്കുന്നതിനു എന്താണാവശ്യമായിരിക്കുന്നത്?
5 സ്നാപനമേൽക്കുന്നതിൽ നിന്നു നിങ്ങളെ തടയുന്നതെന്താണ്? തീർച്ചയായും യോഗ്യത പ്രാപിക്കുന്നതിനു ഉൾപ്പെട്ടിരിക്കുന്നതെന്തെന്നു നിങ്ങൾ ഗ്രഹിക്കണം. നിങ്ങൾ യഹോവയെ സ്നേഹിക്കുന്നതുകൊണ്ടാണ് സത്യമായി അവനെ സേവിക്കാനാഗ്രഹിക്കേണ്ടത്. നിങ്ങൾ വ്യക്തിപരമായി പ്രാർത്ഥനയിൽ അവനു സമർപ്പണം നടത്തേണ്ട ആവശ്യവുമുണ്ട്. കൂടാതെ നിങ്ങൾ ദൈവത്തിന്റെ ധാർമ്മികവ്യവസ്ഥകളോടു പററിനിൽക്കുകയും നിങ്ങളുടെ വിശ്വാസം മററുള്ളവർക്കു പങ്കുവെക്കുന്നതിൽ വേണ്ടത്ര പരിചയം നേടുകയും വേണം. നിങ്ങൾ ഇങ്ങനെ യോഗ്യരായിത്തീരുമ്പോൾ അടുത്ത നടപടിയായി സ്നാപനമേൽക്കുന്നതു മർമ്മപ്രധാനമാണ്.—മത്തായി 28:19, 20; പ്രവൃത്തികൾ 2:38.
6. സ്നാപനത്തെ എന്തിനോടു താരതമ്യപ്പെടുത്താവുന്നതാണ്, അതേ തുടർന്ന് എന്തു വേണം?
6 സ്നാപനമേൽക്കുന്നതു നിങ്ങൾക്ക് ആത്മീയപുരോഗതിയുണ്ടെന്നുള്ളതിന്റെ തെളിവാണെങ്കിലും സ്നാപനം ഒരു തുടക്കം മാത്രമാണെന്നോർക്കുക. യഹോവക്ക് ഒരു സമർപ്പണം നടത്തുന്നതിനാൽ നിങ്ങൾ സാത്താൻ ഭരിക്കുന്ന ഈ പഴയ ലോകത്തിൽ ഒരു അന്യൻ ആയിത്തീരുന്നു. അതുകൊണ്ട് സമർപ്പണത്തെ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ നിത്യജീവനുവേണ്ടി അപേക്ഷിക്കുന്നതിനോടു താരതമ്യപ്പെടുത്താവുന്നതാണ്. സ്നാപനത്തിന്റെ ഔപചാരികചടങ്ങ് ഫലത്തിൽ ഈ വസ്തുതയെ സ്ഥിരീകരിച്ചുകൊണ്ട് സാക്ഷികളുടെ മുമ്പാകെ നടത്തുന്ന ഒരു പ്രകടനമാണ്. (യോഹന്നാൻ 12:31; എബ്രായർ 11:13) പിന്നീട് ദൈവത്തിന്റെ നിത്യജീവൻ എന്ന ദാനം ലഭിക്കാൻ നിങ്ങൾ വിശ്വസ്തമായി നിങ്ങളുടെ സമർപ്പണത്തിനനുസരണമായി ജീവിക്കേണ്ടതാണ്.—റോമർ 6:23.
നടത്തയാൽ തെളിയുന്നു
7. ലോകത്തിലെ കാര്യങ്ങളോടുള്ള നിങ്ങളുടെ മനോഭാവം നിങ്ങളുടെ ആത്മീയപുരോഗതിയോടു ബന്ധപ്പെടുന്നതെങ്ങനെ?
7 നിങ്ങൾ ആത്മീയമായി പുരോഗതിയുള്ളവനാണോ അല്ലയോ എന്ന് ലോകത്തിലെ കാര്യങ്ങളോടുള്ള നിങ്ങളുടെ മനോഭാവത്താലും തെളിയും. ഏതു കാര്യങ്ങൾ? അവയിൽ ഒരു യഥേഷ്ടജീവിതരീതിയും മയക്കുമരുന്നുകളും ലൈംഗികസ്വാതന്ത്ര്യവും അസാൻമാർഗ്ഗിക ചലച്ചിത്രങ്ങളും ലൈംഗികവിവക്തയുള്ള സംഗീതവും അസഭ്യസംസാരവും കാമാസക്ത ഡാൻസും ദേശീയവും വർഗ്ഗീയവുമായ മുഷ്കും മററും ഉൾപ്പെടുന്നു. (1 യോഹന്നാൻ 2:16; എഫേസ്യർ 5: 3-5) വിശേഷിച്ച് യുവാക്കൾ ജാഗ്രതപുലർത്തേണ്ടതുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ചു നിങ്ങൾ പെരുമാറുന്ന വിധം നിങ്ങളുടെ ആത്മീയാരോഗ്യാവസ്ഥയെ വെളിപ്പെടുത്തുമെന്നോർക്കുക.—സദൃശവാക്യങ്ങൾ 20:11.
8. ചില യുവാക്കൾ സ്നാനപ്പെടാൻ മടിക്കുന്നതെന്തുകൊണ്ട്?
8 ലോകത്തിന്റെ അസാൻമാർഗ്ഗിക രീതികൾ വളരെ ആകർഷകമായി കാണപ്പെടുന്നതിൽ സാത്താൻ ശ്രദ്ധിക്കുന്നു. യഥാർത്ഥത്തിൽ ഒരു 15 വയസ്സുകാരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ററി.വി.യിൽ എത്രയധികം ലൈംഗികതയും മയക്കുമരുന്നുകളും കാണുന്നുവോ അത്രയധികം അതു സമുദായത്തിൽ സാധാരണമാണെന്നു തോന്നുന്നു.” ലോകത്തിന്റെ വഴികളിൽ പങ്കുപററാത്ത യുവാക്കൾ തങ്ങൾ വിചിത്ര ജീവികളാണെന്നും തങ്ങൾക്കു വിനോദം നഷ്ടപ്പെടുന്നുവെന്നും വിചാരിക്കാനിടയാക്കപ്പെടുന്നു. നിങ്ങൾ എന്നെങ്കിലും അങ്ങനെ വിചാരിക്കുന്നുണ്ടോ? സഭയോടു സഹവസിക്കുന്ന ചിലർ അങ്ങനെ വിചാരിക്കുന്നു. അവർ അനിശ്ചിതരാണ്. സ്നാനമേൽക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഒരു യുവാവ് ഇങ്ങനെ പറഞ്ഞു: ‘പുറത്താക്കപ്പെടാൻ ഞാൻ എന്തെങ്കിലും ചെയ്തേക്കാമെന്നുള്ളതുകൊണ്ടു ഇപ്പോൾ ഞാൻ സ്നാനപ്പെടാനാഗ്രഹിക്കുന്നില്ല.’ എന്നിരുന്നാലും നിങ്ങൾക്കു വേലിയിലിരിക്കുന്നതിനോ രണ്ടു വ്യത്യസ്താഭിപ്രായങ്ങൾ പുലർത്തുന്നതിനോ സാദ്ധ്യമല്ല. ഒരിക്കൽ ദൈവത്തിന്റെ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “യഹോവയാണു സത്യദൈവമെങ്കിൽ അവനെ സേവിക്കുക; എന്നാൽ ബാലാണെങ്കിൽ അവനെ സേവിക്കുക.”—1 രാജാക്കൻമാർ 18:21.
9. ആത്മീയപുരോഗതിയുള്ളവരായിരിക്കുന്നതിനാൽ ഏതു സംരക്ഷണം ലഭിക്കുന്നു?
9 യഥാർത്ഥത്തിൽ ലോകത്തിന്റെ അധാർമ്മിക വഴികൾ ഒഴിവാക്കുന്നതിനാൽ ഒട്ടേറെ കുഴപ്പം മാത്രമേ നിങ്ങൾ ഒഴിവാക്കുന്നുള്ളു. ഒരു സ്ത്രീ ഇങ്ങനെ ഏററുപറഞ്ഞു: “ഞാൻ നയിച്ചുകൊണ്ടിരുന്ന ജീവിതത്തിൽ വളരെയേറെ മടുപ്പും പശ്ചാത്താപവും എന്നെ ആകുലപ്പെടുത്തി. ഞാൻ എന്നേത്തന്നെയും ഞാൻ ഗർഭംധരിച്ചിരുന്ന ശിശുവിനെയും വിലയിടിക്കുകയും വഞ്ചിക്കുകയും ചെയ്തിരുന്നു.” അതെ, പിശാചിന്റെ ലോകത്തിലെ പ്രത്യക്ഷമായ പകിട്ടും തിളക്കവും ഒരു മരീചിക, ഒരു വഞ്ചന, മാത്രമാണ്. വിലയുള്ള യാതൊന്നും അതു വെച്ചുനീട്ടുന്നില്ല. ലോകനടപടികൾ പിന്തുടരുന്നതു വിവാഹത്തിനു പുറത്തെ ഗർഭധാരണത്തിലേക്കും തകർന്ന കുടുംബങ്ങളിലേക്കും ലൈംഗികമായി പകരുന്ന രോഗങ്ങളിലേക്കും അവർണ്ണനീയമായ മടുപ്പിലേക്കും ദുരിതത്തിലേക്കും നയിക്കുന്നു. അതുകൊണ്ടു ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ആത്മീയമായി പുരോഗതി നേടുക. “ദോഷം വിട്ടകലുകയും നൻമ ചെയ്യുകയുംചെയ്യുക.”—1 പത്രോസ് 3:11
10. ആത്മീയപുരോഗതിയുള്ള ഒരു യുവാവ് ഏതു ബുദ്ധിയുപദേശവും ആരുടെ ദൃഷ്ടാന്തവും അനുസരിക്കും?
10 ആത്മീയമായി പുരോഗതിയുള്ള ഒരു യുവാവ് അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കും: “ചീത്തത്വം സം ബന്ധിച്ച് ശിശുക്കളായിരിക്കുക; എന്നിരുന്നാലും ഗ്രഹണശക്തികളിൽ പൂർണ്ണവളർച്ചയുള്ളവരായിത്തീരുക.” (1 കൊരിന്ത്യർ 14:20) യുവാവായിരുന്ന തിമൊഥെയോസ് തീർച്ചയായും ഈ ബുദ്ധിയുപദേശം ബാധകമാക്കി. അവൻ തന്റെ നാളിലെ കാമാർത്തരായ ലോകയുവാക്കളുടെ ചങ്ങാത്തം തേടുന്നതിനെക്കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? അശേഷമില്ല! അവന്റെ കൂട്ടുകാർ സഹ ദൈവദാസൻമാരായിരുന്നു. (സദൃശവാക്യങ്ങൾ 13:20) അവന്റെ ദൃഷ്ടാന്തം അനുകരിക്കുക. ചോദ്യംചെയ്യത്തക്ക ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടാൻ ഒരുമ്പെടുമ്പോൾ തിമൊഥെയോസോ യേശുവോ ഇതു ചെയ്യുമോയെന്നു നിങ്ങളോടുതന്നെ ചോദിക്കുക.
ബൈബിൾപഠനത്താൽ തെളിയുന്നു
11. ലോകത്തിലെ യുവാക്കൾക്ക് ഏതു ദർശനമില്ല, അതു നേടുന്നതും നിലനിർത്തുന്നതും എങ്ങനെ?
11 വേൾഡ് പ്രസ്സ് റിവ്യൂയിൽ പ്രസിദ്ധീകരിച്ച ഇററലിയിൽനിന്നുള്ള ഒരു ലേഖനം ഇങ്ങനെ പറഞ്ഞു: “യുവാക്കളുടെ വ്യാമോഹവും നിരാശയും അനുദിനം വർദ്ധിക്കുകയാണ്, അവർക്കു ഒരു പ്രോത്സാഹകമായ ഭാവി നൽകാൻ ആർക്കും കഴികയില്ല.” സാത്താന്റെ ലോകത്തിലുള്ളവരുടെ കുരുടാക്കപ്പെട്ട കണ്ണുകൾക്ക് ദൈവത്തിന്റെ വാഗ്ദത്തംചെയ്യപ്പെട്ട പുതിയ ലോകത്തിന്റെയും അവിടത്തെ ജീവനു യോഗ്യരാകുന്നവർക്കു ലഭിക്കാനിരിക്കുന്ന മഹത്തായ ഭാവിയുടെയും ദർശനമില്ല. (2 കൊരിന്ത്യർ 4:4; സദൃശവാക്യങ്ങൾ 29:18; 2 പത്രോസ് 3:13) എന്നാൽ ആത്മീയ പുരോഗതിയുള്ള യുവാക്കൾക്ക് ക്രമമായ ബൈബിൾപഠനത്തിലൂടെ ശോഭനവും വ്യക്തവുമായി നിലനിർത്തപ്പെടുന്ന അങ്ങനെയുള്ള ഒരു ദർശനമുണ്ട്.
12. (എ) നാം ദൈവപരിജ്ഞാനം എങ്ങനെ നേടേണ്ടിയിരിക്കുന്നു? (ബി) ഈ അറിവ് ശ്രമത്തിനു തക്ക വിലയുള്ളതായിരിക്കുന്നതെങ്ങനെ?
12 ദൈവത്തിന്റെ പുതിയ ലോകം നിങ്ങൾക്ക് യഥാർത്ഥമാണോ? ആയിരിക്കാൻകഴിയും, അതു പ്രാപിക്കുന്നതിനു നിങ്ങളുടെ ഭാഗത്തു യഥാർത്ഥ ശ്രമമാവശ്യമാണ്. ബൈബിൾഗ്രാഹ്യത്തിനുവേണ്ടി നിങ്ങൾ നല്ല വിശപ്പു വളർത്തിയെടുക്കേണ്ടതുണ്ട്. അപ്പോൾ “നിങ്ങൾ വെള്ളിക്കുവേണ്ടിയെന്നപോലെ അതിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുകയും മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾക്കുവേണ്ടിയെന്നപോലെ അതിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും.” (സദൃശവാക്യങ്ങൾ 2:1-6) നിക്ഷേപം അന്വേഷിക്കുന്ന ഒരാൾ ചിലപ്പോൾ വർഷങ്ങളോളം അന്വേഷിക്കുകയും ഖനനംചെയ്യുകയും ചെയ്യാനിടയാക്കുന്നതെന്താണ്? അയാൾ നിക്ഷേപം തനിക്കു നേടിത്തരുന്ന ധനത്തെ ആവേശപൂർവം ആഗ്രഹിക്കുന്നു. എന്നിരുന്നാലും അറിവ് ഭൗതികനിക്ഷേപത്തെക്കാൾ വളരെയധികം വിലപ്പെട്ടതാണ്. “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവനാകുന്നു”വെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:3) യേശു അവിടെ പറഞ്ഞതു നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവെങ്കിൽ ബൈബിൾപഠനം ആകാംക്ഷാപൂർവകമായ ഒരു കർത്തവ്യമായിത്തീരും, അതു നിങ്ങൾക്ക് വിലതീരാത്ത രത്നങ്ങളെക്കാൾ വിലയേറിയതു പ്രതിഫലമായി നൽകും.—സദൃശവാക്യങ്ങൾ 3:13-18.
13. ആത്മീയപുരോഗതിയുള്ള യുവാക്കൾ പഠനംസംബന്ധിച്ച ഏതു നിർദ്ദേശങ്ങൾ അനുസരിക്കും?
13 നിങ്ങൾ എത്രയധികം പഠിക്കുന്നുവോ അത്ര വലുതായിരിക്കും ആത്മീയാഹാരത്തിനുവേണ്ടിയുള്ള നിങ്ങളുടെ വിശപ്പെന്നു നിങ്ങൾ കണ്ടെത്തും. നല്ല പഠന രീതികൾ മനസ്സിലാക്കുക. കേവലം ഉത്തരങ്ങൾക്കടിയിൽ വരയിടുകമാത്രംചെയ്യാതെ സൂചിപ്പിച്ചിരിക്കുന്ന ബൈബിൾവാക്യങ്ങൾ എടുത്തുനോക്കുകയും അനന്തരം ബന്ധപ്പെട്ട വാക്യങ്ങളുടെ ബൈബിൾ ഒത്തുവാക്യങ്ങൾ നോക്കുകയുംചെയ്യുക. വാച്ച് ടവർ പബ്ലിക്കേഷൻസ് ഇൻഡക്സ് 1930-1985 പോലെയുള്ള സൂചികകളുപയോഗിച്ച് നിങ്ങൾക്ക് കൂടുതലായ ഗവേഷണവും നടത്താം. വിവരം എങ്ങനെ ബാധകമാകുന്നുവെന്നും അതെങ്ങനെ ഉപയോഗിക്കാമെന്നും വിശകലനം ചെയ്യുക. നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു മററുള്ളവരോടു സംസാരിക്കുക. ഇതു നിങ്ങളുടെ മനസ്സിൽ ആശയങ്ങൾ പതിപ്പിക്കുകയും ഗവേഷണംചെയ്യാൻ മററുള്ളവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. യഥാർത്ഥത്തിൽ നിങ്ങളെത്തന്നെ ദത്തശ്രദ്ധനാക്കുന്നതിനാൽ യുവാവായിരുന്ന തിമൊഥെയോസിനു കൊടുക്കപ്പെട്ട ബുദ്ധിയുപദേശം നിങ്ങൾ അനുസരിക്കുന്നതായിരിക്കും: “ഈ കാര്യങ്ങൾ വിചിന്തനം ചെയ്യുക; അവയിൽ ലയിച്ചിരിക്കുക, നിന്റെ പുരോഗതി എല്ലാവർക്കും പ്രത്യക്ഷമാകേണ്ടതിനുതന്നെ.”—1 തിമൊഥെയോസ് 4:15; 2 തിമൊഥെയോസ് 2:15.
യോഗങ്ങളിലും സേവനത്തിലും പ്രകടമാക്കപ്പെടുന്നു
14. ക്രിസ്തീയമീററിംഗുകളെ ഏറെ ഉല്ലാസകരമാക്കുന്നതിന് എന്തു സഹായിക്കുന്നു, ഹാജരാകുമ്പോൾ ഏതു വിധങ്ങളിൽ നിങ്ങൾക്കു മററുള്ളവരെ പ്രോത്സാഹിപ്പിക്കാൻകഴിയും?
14 നിങ്ങൾ ബൈബിൾപഠനം ആസ്വദിക്കുകയും നന്നായി തയ്യാറാകുകയുംചെയ്യുമ്പോൾ ക്രിസ്തീയയോഗങ്ങൾ ഏറെ ഉല്ലാസപ്രദമായിത്തീരുന്നു. (സങ്കീർത്തനം 122:1; എബ്രായർ 2:12) നിങ്ങൾ അപ്പോൾ സദസ്യപങ്കുപററൽ ഭാഗങ്ങളിൽ പങ്കെടുക്കുന്നതിനും ദിവ്യാധിപത്യശുശ്രൂഷാസ്കൂളിൽ പ്രസംഗങ്ങൾ ചെയ്യുന്നതിനും പൂർവാധികം നോക്കിപ്പാർത്തിരിക്കുന്നു. എന്നാൽ യോഗങ്ങൾക്കു ഹാജരാകുമ്പോൾ ‘അന്യോന്യം പ്രോത്സാഹിപ്പിക്കാനും’ “സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദിപ്പിക്കാനും” ഉള്ള ഉദ്ബോധനം നിറവേററുന്നതിനു മററു മാർഗ്ഗങ്ങളുണ്ട്. (എബ്രായർ 10:24,25) ഉദാഹരണത്തിന്, നിങ്ങൾ മററുള്ളവരോടു സംസാരിക്കുന്നതിനു മുൻകൈ എടുക്കുന്നുവോ? വിശേഷാൽ ഒരു യുവാവിൽനിന്നായിരിക്കുമ്പോൾ സൗഹാർദ്ദപരമായ “ഹലോ, കണ്ടതിൽ സന്തോഷമുണ്ട്!” എന്ന ഒരു പ്രസ്താവനയോ “എങ്ങനെയുണ്ട്?” എന്ന ഒരു ആത്മാർത്ഥമായ അന്വേഷണമോ വളരെ പ്രോത്സാഹജനകമായിരിക്കാൻ കഴിയും.
15. അവശ്യസേവനങ്ങൾ നിർവഹിക്കുന്നതിന് നിങ്ങൾക്കു നിങ്ങളെത്തന്നെ എങ്ങനെ ലഭ്യമാക്കാൻ കഴിയും, ക്രിസ്തുവിന്റെ ദൃഷ്ടാന്തം മനസ്സിൽ പിടിച്ചുകൊള്ളുന്നത് നല്ലതായിരിക്കുന്നതെന്തുകൊണ്ട്?
15 ഒരു സഭയുടെ പ്രവർത്തനത്തിൽ ധാരാളം വേല ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾക്കു പങ്കുപററാൻ കഴിയുമോ? യുവാവായിരുന്ന തിമൊഥെയോസ് പൗലോസിനുവേണ്ടി സഹായകമായ അനേകം സേവനങ്ങൾ അനുഷ്ഠിച്ചിരിക്കാനിടയുണ്ട്—കയ്യാളായി പ്രവർത്തിക്കുക, സാധനങ്ങൾ വാങ്ങുക, സന്ദേശങ്ങൾ എത്തിക്കുക, മുതലായവ. നിങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ സഹായിക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെക്കുറിച്ച് മൂപ്പൻമാരോടു എന്തുകൊണ്ടു പറഞ്ഞുകൂടാ? ഒരുപക്ഷേ മീററിംഗ് നിയമനങ്ങൾ ഏൽപ്പിക്കാനോ ഹാൾ വൃത്തിയാക്കാനോ ആവശ്യമുള്ള മറെറന്തെങ്കിലും സേവനം അനുഷ്ഠിക്കാനോ നിങ്ങളോടു ആവശ്യപ്പെട്ടേക്കാം. ക്രിസ്തു തന്റെ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയെന്നോർക്കുക, അതുകൊണ്ട് ആത്മീയപുരോഗതിയുള്ള ഒരുവന് യാതൊരു വേലയും മാന്യതക്കു ചേരാത്തതല്ല.—യോഹന്നാൻ 13:4,5.
16. ഏതു പ്രവർത്തനം ഒരു ക്രിസ്തീയ ഉത്തരവാദിത്തമാണെന്ന് ഒരു കത്തോലിക്കാ ആനുകാലികം അംഗീകരിച്ചു?
16 നാം മററു മതങ്ങളെ നോക്കുമ്പോൾ സർവ്വപ്രധാനമായ പ്രസംഗവേലക്കു യോഗങ്ങളിൽ നമുക്കു കിട്ടുന്ന പരിശീലനത്തിനു നമുക്കു തീർച്ചയായും നന്ദിയുള്ളവരായിരിക്കാൻ കഴിയും. കഴിഞ്ഞ സെപ്ററംബറിൽ യു. എസ്. കാത്തലിക്കിൽ എഴുതവേ കെന്നത്ത് ഗുണ്ടർട്ട് ഇങ്ങനെ പറഞ്ഞു: “ചിന്തയുള്ള ക്രിസ്ത്യാനികൾ ആളുകളെ പരിവർത്തനം ചെയ്യിക്കാൻ വാതിലുകളിൽ മുട്ടിനടക്കണമെന്നുള്ളതുപോലെ വിചിത്രമായ ആശയങ്ങൾ കിട്ടുമെന്നുള്ളതുകൊണ്ട് കത്തോലിക്കർ ബൈബിൾ വായിക്കരുതെന്നു വിചാരിക്കപ്പെട്ടിരുന്ന നാളുകളിലാണ് ഞാൻ വളർന്നത്. അപ്പോഴാണ് വത്തിക്കാൻ ll നടന്നത്, ഞാൻ ബൈബിൾ വായിക്കാനും തുടങ്ങി. തീർച്ചതന്നെ; ആളുകളെ പരിവർത്തനംചെയ്യിക്കാൻ ശ്രമിച്ചുകൊണ്ട് ക്രിസ്ത്യാനികൾ വാതിലുകളിൽ മുട്ടി നടക്കേണ്ടതാണെന്ന് ഇപ്പോൾ ഞാൻ വിചാരിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു: “ഈ ആശയംസംബന്ധിച്ച് ഞാൻ ഭയങ്കരസുഖമനുഭവിക്കുന്നുവെന്നല്ല, എന്നാൽ നിങ്ങൾ പുതിയ നിയമം വായിക്കുമ്പോൾ ഈ നിഗമനത്തെ ഒഴിവാക്കുക മിക്കവാറും അസാദ്ധ്യമാണ്.”—മത്തായി 10:11-13; ലൂക്കോസ് 10:1-6; പ്രവൃത്തികൾ 20:20,21.
17. ശുശ്രൂഷ നിങ്ങൾക്കു എങ്ങനെ കൂടുതൽ ഉല്ലാസപ്രദമായിത്തീരാൻ കഴിയും?
17 അതെ, ആദിമക്രിസ്ത്യാനികൾ വീടുതോറുമുള്ള പ്രസംഗത്തിൽ സജീവരായിരുന്നു, തെളിവനുസരിച്ച് തിമൊഥെയോസിനെപ്പോലുള്ള ചെറുപ്പക്കാർ പ്രായമുള്ളവരോടുകൂടെ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു. എന്നിരുന്നാലും ചിലർക്ക് ഇന്ന് ഇത് ഏററവും ആസ്വാദ്യമായ വേലയല്ല എന്നു സമ്മതിക്കുന്നു. എന്തുകൊണ്ടല്ല? വൈദഗ്ദ്ധ്യം ഒരു ഘടകമാണ്. ദൃഷ്ടാന്തമായി, നിങ്ങൾ ഒരു കളിയിൽ അഥവാ സ്പോർട്ട്സിൽ നല്ല സാമർത്ഥ്യംകാണിക്കുമ്പോൾ നിങ്ങൾ അതു കൂടുതൽ ആസ്വദിക്കുന്നില്ലേ? ശുശ്രൂഷയെസംബന്ധിച്ചും അധികമായി അങ്ങനെതന്നെയാണ്. നിങ്ങൾ ബൈബിൾ ഉപയോഗിക്കുന്നതിലും ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യുന്നതിലും കൂടുതൽ വൈദഗ്ദ്ധ്യം നേടുമ്പോൾ ശുശ്രൂഷ ഉല്ലാസത്തിന്റെ ഒരു ഉറവായിത്തീരും, വിശേഷാൽ നിങ്ങൾക്ക് ജീവദായകമായ അറിവ് പങ്കു വെക്കാൻ കഴിയുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടെത്തുമ്പോൾ. അതുകൊണ്ട് ആത്മീയമായി പുരോഗതി നേടുക! നിങ്ങളുടെ വാതിൽതോറുമുള്ള പ്രസംഗം പരിശീലിക്കുക. മററുള്ളവരിൽനിന്നു നിർദ്ദേശങ്ങൾ സ്വീകരിക്കുക. യഹോവയുടെ സഹായം അപേക്ഷിക്കുക.—ലൂക്കോസ് 11:13.
പ്രായക്കൂടുതലുള്ളവരോടുള്ള ബന്ധത്തിൽ
18. യേശുവിനും തിമൊഥെയോസിനും പ്രായമുള്ളവരോട് ഏതുതരം ബന്ധമുണ്ടായിരുന്നു?
18 യേശു വെറും 12 വയസ്സുള്ള ഒരു യുവാവായിരുന്നപ്പോൾ ആത്മീയകാര്യങ്ങൾ ചർച്ചചെയ്തുകൊണ്ട് പ്രായക്കൂടുതലുള്ളവരോടുകൂടെ സമയം ചെലവഴിക്കുന്നത് അവന് ഇഷ്ടമായിരുന്നു. ഒരിക്കൽ അവന്റെ മാതാപിതാക്കൾ “അവൻ ഉപദേഷ്ടാക്കളുടെ മദ്ധ്യേ അവരെ ശ്രദ്ധിച്ചുകൊണ്ടും അവരെ ചോദ്യംചെയ്തുകൊണ്ടും ആലയത്തിലിരിക്കുന്നതായി കണ്ടെത്തി.” (ലൂക്കോസ് 2:46) തിമൊഥെയോസിനെസംബന്ധിച്ചും അങ്ങനെതന്നെയായിരുന്നു. അപ്പോസ്തലനായ പൗലോസും അവന്റെ സഹപ്രവർത്തകരും ലുസ്ത്ര സന്ദർശിച്ചപ്പോൾ തിമൊഥെയോസ് അവരുടെ സഹവാസം ആസ്വദിക്കുകയും അവരുടെ ഉപദേശങ്ങൾക്ക് ആത്മാർത്ഥമായ ശ്രദ്ധ കൊടുക്കുകയും ചെയ്തുവെന്നു സ്പഷ്ടമാണ്. അവന് സ്ഥലത്തെ സഹോദരൻമാരോട് ഒരു വൈകാരികബന്ധമുണ്ടായിരുന്നു, അവർ അവനു നല്ല സാക്ഷ്യം കൊടുത്തു.—പ്രവൃത്തികൾ16:1-3.
19. പൗലോസ് തിമൊഥെയോസിനെ ഒരു സഞ്ചാരകൂട്ടാളിയായി തെരഞ്ഞെടുത്തത് വിശേഷിച്ച് എന്തുകൊണ്ട്, തിമൊഥെയോസ് എങ്ങനെ സഹായിച്ചു?
19 തിമൊഥെയോസ് മററുള്ളവർക്കുവേണ്ടി മനസ്സോടെ ശാരീരികസേവനങ്ങളർപ്പിച്ചുവെങ്കിലും വിശേഷാൽ ആളുകളുടെ ആത്മീയാവശ്യങ്ങൾക്കു ശുശ്രൂഷിക്കുന്നതിനുള്ള അവന്റെ പ്രാപ്തി നിമിത്തമാണ് പൗലോസ് അവനെ ഒരു സഞ്ചാരകൂട്ടാളിയായി തെരഞ്ഞെടുത്തത്. അതിന്റെ വീക്ഷണത്തിൽ, തെസ്സലോനീക്യ വിട്ടുപോകാൻ ഒരു ജനക്കൂട്ടം പൗലോസിനെ നിർബന്ധിച്ചപ്പോൾ പുതിയശിഷ്യൻമാരെ ആശ്വസിപ്പിക്കാനും ബലപ്പെടുത്താനും അവൻ യുവാവായ തിമൊഥെയോസിനെ അയച്ചു. അങ്ങനെ തിമൊഥെയോസ് പ്രായക്കൂടുതലുള്ളവരിൽനിന്നു പഠിക്കാനും അവരുടെ സഹവാസം ആസ്വദിക്കാനും ആകാംക്ഷയുള്ളവനായിരുന്നുവെന്നു മാത്രമല്ല, അവൻ അവർക്ക് യഥാർത്ഥ ആത്മീയ സഹായവും ചെയ്തു.—പ്രവൃത്തികൾ 17:1-10; 1 തെസ്സലോനീക്യർ 3:1-3.
20. നിങ്ങൾ എന്തു ചെയ്യുന്നതു ജ്ഞാനമായിരിക്കും, പ്രായമുള്ളവർക്കുവേണ്ടി നിങ്ങൾക്കു എന്തു സേവനങ്ങളനുഷ്ഠിക്കാൻ കഴിയും?
20 നിങ്ങൾ യേശുവിനെയും തിമൊഥെയോസിനെയും അനുകരിക്കുകയും പ്രായമേറിയവരുടെ അനുഭവത്തിൽനിന്നും അറിവിൽനിന്നും പ്രയോജനം നേടാൻ ആകാംക്ഷ കാണിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ ജ്ഞാനിയായിരിക്കും. അവരുടെ സഖിത്വം തേടുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക. എന്നാൽ അവർക്കു സഹായം ചെയ്തുകൊണ്ട് നിങ്ങളുടെ ആത്മീയ പുരോഗതി പ്രകടമാക്കുകയും ചെയ്യുക. നിങ്ങൾ കുറേ ഷോപ്പിംഗോ മററു അവശ്യ സേവനങ്ങളോ ചെയ്തുകൊടുക്കുന്നതു വിലമതിക്കുന്ന വൃദ്ധരോ ദുർബ്ബലരോ ഉണ്ടോ? ഒരുപക്ഷേ നിങ്ങൾക്ക് അവരെ കേവലം സന്ദർശിക്കാനും അവരെ വായിച്ചുകേൾപ്പിക്കാനും ശുശ്രൂഷയിലുണ്ടായ അനുഭവങ്ങൾ പങ്കുവെക്കാനും കഴിയും.
മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും ധർമ്മം
21. മാതാപിതാക്കളുടെ ധർമ്മം എത്ര പ്രധാനമാണ്, എന്ത് എത്ര ഊന്നിപ്പറഞ്ഞാലും അധികമാകുകയില്ല?
21 യുവാക്കളുടെ ആത്മീയാരോഗ്യം ഏറെയും ആശ്രയിച്ചിരിക്കുന്നത് അവരുടെ മാതാപിതാക്കൾ പ്രദാനംചെയ്യുന്ന പ്രബോധനത്തെയും ദൃഷ്ടാന്തത്തെയുമാണ്. (സദൃശവാക്യങ്ങൾ 22:6) തീർച്ചയായും ദൈവഭയമുണ്ടായിരുന്ന തന്റെ ഭൗമിക മാതാപിതാക്കൾ കൊടുത്ത മാർഗ്ഗനിർദ്ദേശത്തിൽനിന്നു യേശു പ്രയോജനമനുഭവിച്ചു. (ലൂക്കോസ് 2:51, 52) ഏററവും തീർച്ചയായി തന്റെ അമ്മയും വല്യമ്മയും കൊടുത്ത പരിശീലനമില്ലായിരുന്നെങ്കിൽ തിമൊഥെയോസ് ആത്മീയപുരോഗതിയുണ്ടായിരുന്ന ബാലനായിരിക്കുമായിരുന്നില്ല. (2 തിമൊഥെയോസ് 1:5; 3:15) നിരന്തര ബൈബിൾപ്രബോധനത്തിന്റെ പ്രാധാന്യത്തെ എത്ര ഊന്നിപ്പറഞ്ഞാലും അധികമാകുകയില്ല! മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾ ഇതു പ്രദാനം ചെയ്യുന്നുണ്ടോ? അതോ അതിനെ അവഗണിക്കുകയാണോ?
22. മാതാപിതാക്കൾ കുടുംബ ബൈബിളദ്ധ്യയനത്തെ മർമ്മപ്രധാനമെന്നു കരുതുമ്പോൾ കുട്ടികൾ എങ്ങനെ ബാധിക്കപ്പെടുന്നു? (ബി) മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് എന്തു മാർഗ്ഗനിർദ്ദേശം കൊടുക്കണം?
22 വളർച്ചയുടെ വർഷങ്ങളിലുടനീളം തങ്ങളുടെ കുടുംബജീവിതത്തിലെ ഒരു മാററമില്ലാഞ്ഞ വശം വാരംതോറും കുട്ടികളോടൊത്തുള്ള ബൈബിളദ്ധ്യയനമായിരുന്നുവെന്ന് യഹോവയുടെ സാക്ഷികളുടെ ലോക ഹെഡ്ക്വാർട്ടേഴ്സിലെ ഒരു യുവാവ് വിശദീകരിക്കുന്നു. “ചില സമയങ്ങളിൽ ഡാഡിക്ക് ഉണർന്നിരിക്കാൻ കഴിയാത്ത വിധം വളരെ ക്ഷീണിച്ചായിരിക്കും ജോലികഴിഞ്ഞു വരുന്നത്, എന്നിരുന്നാലും അദ്ധ്യയനം നടത്തുമായിരുന്നു. ഇത് അതിന്റെ ഗൗരവം മനസ്സിലാക്കാൻ ഞങ്ങളെ സഹായിച്ചു.” മാതാപിതാക്കളേ, നിങ്ങൾ ആത്മീയകാര്യങ്ങളെ അതിയായി വിലമതിക്കാത്തത പക്ഷം നിങ്ങളുടെ കുട്ടികൾ അതു ചെയ്യാനിടയില്ല. അതുകൊണ്ട്, പയനിയറിംഗിന്റെയും മിഷനറി, ബെഥേൽ സേവനങ്ങളുടെയും ലാക്കുകൾ മുമ്പിൽ പിടിക്കുക. ശുശ്രൂഷ ഒരു ഭാവിയോടുകൂടിയ ഒരു ജീവിതവൃത്തിയാണെന്നും ലോകജീവിതവൃത്തികളിൽ യഥാർത്ഥഭാവിയില്ലെന്നും മനസ്സിലാക്കാൻ അവരെ സഹായിക്കുക.—1 ശമുവേൽ 1:26-28 താരതമ്യപ്പെടുത്തുക.
23. സഭയിലെ മററുള്ളവർക്ക് ആത്മീയമായി പുരോഗതിപ്രാപിക്കാൻ യുവാക്കളെ എങ്ങനെ സഹായിക്കാൻ കഴിയും?
23 ആത്മീയമായി പുരോഗമിക്കാൻ യുവാക്കളെ സഹായിക്കാൻ മററുള്ളവർക്കും കഴിയും. യോഗങ്ങളിൽവച്ച് അവരോടു സംഭാഷിക്കാൻ നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്. കൂടാതെ, നിങ്ങളുടെ ചില പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്താൻ ശ്രമിക്കുക. മാതാപിതാക്കളുടെ അനുവാദത്തോടെ ഒരു മൂപ്പന് ഒരു യുവാവിനെ ഒരു പ്രസംഗത്തിനു കൂട്ടിക്കൊണ്ടുപോകാവുന്നതാണ്, അല്ലെങ്കിൽ അവനെ ഒരു വിനോദയാത്രയിലുൾപ്പെടുത്താവുന്നതാണ്. (ഇയ്യോബ് 31:16-18) ഒരു ചെറിയ സംഗതിയെന്നു തോന്നുന്നതിനു വളരെയധികം അർത്ഥമാക്കാൻ കഴിയും. തന്റെ പ്രസംഗം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു കുട്ടിക്ക് ബൈബിളില്ലെന്നു കണ്ടുകൊണ്ട് ഒരു സഞ്ചാരമേൽവിചാരകൻ പിന്നീട് ഒരു ബൈബിൾ അവനു സമ്മാനംകൊടുത്തു. സമ്മാനത്തിൽമാത്രമല്ല, തന്നിൽ കാണിച്ച താത്പര്യത്തിലും കുട്ടിക്കു മതിപ്പുണ്ടായി. 30 വർഷംകഴിഞ്ഞ് ഒരു മൂപ്പനായിത്തീർന്ന ആ കുട്ടി ഇപ്പോഴും ആ സഹോദരന്റെ സ്നേഹപൂർവകമായ ഔദാര്യത്തെ പ്രിയംകരമായി ഓർക്കുന്നു.
24. എന്തു തിരിച്ചറിയുന്നത് പുളകപ്രദമാണ്, നമ്മുടെ തീരുമാനം എന്തായിരിക്കണം?
24 നവോൻമേഷപ്രദമായ രാജ്യസന്ദേശം പ്രസിദ്ധപ്പെടുത്തുന്ന ശതസഹസ്രക്കണക്കിനു “മഞ്ഞുതുള്ളികൾപോലെയുള്ള യുവാക്കൻമാർ” ഉണ്ടെന്നും ‘സുവാർത്ത അറിയിക്കുന്ന ഒരു വലിയ സൈന്യമായിരിക്കുന്ന’ യുവതികളുടെ ഒരു തുല്യ സംഖ്യയെങ്കിലുമുണ്ടെന്നും തിരിച്ചറിയുന്നത് പുളകപ്രദമല്ലയോ? അവരെല്ലാം ആത്മീയമായ പുരോഗതിയുള്ളവരായിരിക്കാൻ ശ്രദ്ധാലുക്കളായിരിക്കട്ടെ, ആ ലക്ഷ്യത്തിൽ നമുക്കെല്ലാം അവരെ സഹായിക്കാം.—സങ്കീർത്തനം 110:3; 68:11. (w87 8/15)
പുനരവലോകന ചോദ്യങ്ങൾ
◻ എപ്പോൾ സ്നാപനമേൽക്കണമെന്നു തീരുമാനിക്കാൻ ഒരു യുവാവിനെ എന്തിനു സഹായിക്കാൻ കഴിയും?
◻ ഒരു യുവാവിന്റെ നടത്ത അവന്റെ ആത്മീയപുരോഗതിയുടെ ഒരു അളവായിരിക്കുന്നതെങ്ങനെ?
◻ യോഗങ്ങളും വയൽസേവനവും ആസ്വദിക്കുന്നതിനു യുവാക്കളെ എന്തിനു സഹായിക്കാൻ കഴിയും?
◻ യുവാക്കൾ പ്രായമുള്ളവരോട് എന്തു ബന്ധം വികസിപ്പിച്ചെടുക്കണം?
◻ മാതാപിതാക്കൾക്കും പ്രായമേറിയവർക്കും യുവാക്കളെ എങ്ങനെ സഹായിക്കാൻ കഴിയും?
[11-ാം പേജിലെ ചിത്രം]
സ്നാപനമേൽക്കുന്നതിൽനിന്നു നിങ്ങളെ തടയുന്നതെന്ത്?