ആത്മവിദ്യ—ദൈവം എങ്ങനെ വീക്ഷിക്കുന്നു?
“ഒരേ സംഗതികളോട് പ്രീതിയും അപ്രീതിയും ഒരുപോലെ കാണിക്കുക; ഇതാണ് സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള ഒരു മാർഗ്ഗം” എന്ന് റോമൻ ചരിത്രകാരനായ സാലസ്ററ് പറഞ്ഞു. വാസ്തവത്തിൽ ഒരു സ്നേഹിതൻ എന്നു വച്ചാൽ നിങ്ങൾക്കാശ്രയിക്കാൻ കൊള്ളാവുന്നവനും നിങ്ങളുമായി ഏററവും അധികം കാര്യങ്ങളിൽ പൊരുത്തം ഉള്ളവനും ആണ്. ഇതുപോലെ, ദൈവം സ്നേഹിതരെന്നപോലെ നമ്മെ നോക്കുകയും നമ്മൾ, അവൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളെ ഇഷ്ടപ്പെടുകയും അവൻ വെറുക്കുന്നവയെ വെറുക്കുകയും ചെയ്യുന്നുവെങ്കിൽ അവനോട് അടുത്തു ചെല്ലാൻ അവൻ നമ്മെ അനുവദിക്കുകയും ചെയ്യുന്നു. ഇതിന്റെ അർത്ഥം സ്നേഹം, സമാധാനം, ദയ, നൻമ എന്നിങ്ങനെയുള്ള ദൈവത്തിന്റെ ഗുണങ്ങളിൽ നാം ആകൃഷ്ടരായിരിക്കുന്നുവെന്നും നമ്മുടെ സ്വന്ത ജീവിതത്തിൽ ഈ സ്വഭാവഗുണങ്ങൾ അനുകരിക്കാൻ നാം ആത്മാർത്ഥമായി ശ്രമം ചെയ്യുന്നുവെന്നുമാണ്.—ഗലാത്യർ 5:22, 23.
ആത്മവിദ്യയെ ദൈവം അംഗീകരിക്കുന്നുവോ എന്നറിയുന്നതിനുവേണ്ടി നമുക്ക് അതിന്റെ ഫലത്തെക്കുറിച്ച് ആദ്യം പരിശോധിക്കാം. (മത്തായി 7:17, 18) അത് ആകർഷകങ്ങളായ ദിവ്യഗുണങ്ങൾ വികസിപ്പിക്കാൻ നമ്മെ സഹായിക്കുന്നുവോ? കണ്ടുപിടിക്കുന്നതിന് നമുക്ക് രണ്ട് യഥാർത്ഥ ജീവിത ദൃഷ്ടാന്തങ്ങളിലേക്ക് നോക്കാം.
ഭാവികഥനവും ഭീഷണിയും മരണവും
സുറിനാമിലെ ഒരു മദ്ധ്യവയസ്ക്കയായ അസാമജാ അമേലിയ ആദ്യമായി ഭൂതവിദ്യയുടെ വകഭേദമായ ഭാവികഥനകലയിൽ ഏർപ്പെട്ടപ്പോൾ അവൾക്ക് 17 വയസ്സ് പ്രായമായിരുന്നു. അവളുടെ പ്രവചനങ്ങൾ സത്യമായി ഭവിച്ചതുകൊണ്ടും അന്വേഷകർക്ക് അവളുടെ ബുദ്ധിയുപദേശം കൊണ്ട് പ്രയോജനം ലഭിച്ചതുകൊണ്ടും അവൾ തന്റെ സമുദായത്തിൽ ഉന്നതമായി മതിക്കപ്പെട്ടു. (പ്രവൃത്തികൾ 16:16) പക്ഷെ ഒരു കാര്യം അവളെ വിഷമിപ്പിച്ചു.
“എന്നിലൂടെ സംസാരിച്ച ആത്മാക്കൾ അവരുടെ സഹായം തേടിയെത്തിയവരോട് ദയാലുക്കൾ ആയിരുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ തുടരുന്നു, “പക്ഷെ അതേസമയം തന്നെ അവർ എന്റെ ജീവിതം ദുസ്സഹമാക്കിത്തീർത്തു. ഒരോ സമയത്തെയും ഇരിപ്പിനുശേഷം എനിക്ക് യാതനയനുഭവപ്പെട്ടു, എനിക്ക് ചലിക്കാൻ പോലും കഴിയുമായിരുന്നില്ല. രാത്രിയാകുമ്പോഴേക്ക് ഞാൻ അല്പ വിശ്രമത്തിനുവേണ്ടി ആശിച്ചുപോകും, പക്ഷെ ആത്മാക്കൾ എന്നെ വെറുതെ വിടുകയില്ല. അവർ എന്നോട് സംസാരിച്ചും എന്നെ ഉണർത്തിയും എന്നെ ശല്യം ചെയ്തിരുന്നു. അവർ പറഞ്ഞ കാര്യങ്ങളാണെങ്കിലോ!” അവൾ തന്റെ തല അറപ്പോടെ കുലുക്കിക്കൊണ്ട് നെടുവീർപ്പിട്ട് കീഴോട്ട് നോക്കുന്നു. “അവർ എന്നോട് ലൈംഗികകാര്യങ്ങൾ സംസാരിക്കാനിഷ്ടപ്പെട്ടിരുന്നു, ഞാനുമായി ബന്ധപ്പെടാൻ നിർബ്ബന്ധം ചെലുത്തുകയും ചെയ്തിരുന്നു. അത് ഞെട്ടിക്കുന്നതായിരുന്നു. ഞാൻ വിവാഹിതയാണ്. എനിക്ക് അവിശ്വസ്ത ആയിത്തീരാൻ ആഗ്രഹമില്ല എന്ന് അവരോട് പറഞ്ഞു. അതു ഫലിച്ചില്ല. ഒരിക്കൽ ഒരു അദൃശ്യശക്തി എന്നെ കടന്നു പിടിച്ച് എന്റെ ശരീരം ഞെരിക്കുകയും എന്നെ കടിക്കുകയും പോലും ചെയ്തു. എനിക്ക് സ്വയം അറപ്പു തോന്നി.”
‘ആത്മാക്കൾ ലൈംഗിക അധർമ്മത്തിന് പ്രോത്സാഹിപ്പിക്കുകയോ? അങ്ങനെ കേട്ടിട്ടേയില്ലല്ലൊ!’ എന്ന് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ഈ ആത്മാക്കൾ അത്രമാത്രം അധഃപതിച്ചവരാണോ?
“അത് അതിലേറെ വഷളാണ്!” മേൽ പരാമർശിക്കപ്പെട്ട ഐസക്ക് പറയുന്നതങ്ങനെയാണ്: “ഒരു ആത്മാവിന്റെ ദ്രോഹം അനുഭവിക്കേണ്ടി വന്ന ഒരു രോഗിയായ സ്ത്രീയെ സഹായിക്കാൻ ഞങ്ങളെ വിളിച്ചു. സംഘത്തിന്റെ തലവൻ—ശക്തിയേറിയ ഒരു ആത്മാവിന്റെ മദ്ധ്യവർത്തി—ആ ആത്മാവിനെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു. ഒരു മുഴു ദിവസക്കാലം അവന്റെ ആത്മാവിന്റെ സഹായത്തിനുവേണ്ടി ഞങ്ങൾ യാചിച്ചുകൊണ്ടിരുന്നു. ഞങ്ങൾ നൃത്തം വക്കുകയും ചെണ്ട കൊട്ടുകയും ചെയ്തു. ക്രമേണ സ്ത്രീയുടെ നില മെച്ചപ്പെട്ടു. അവൻ അവളുടെ ആത്മാവിനോട് പുറത്തുപോകാൻ ആജ്ഞാപിച്ചു, അത് ഫലിക്കുകയും ചെയ്തു. ‘ഞങ്ങൾ വിജയം കൈവരിച്ചു’ എന്ന് സംഘത്തലവൻ പറഞ്ഞു. “അതിനുശേഷം ഞങ്ങളിരുന്നു വിശ്രമിച്ചു.”
ഐസക്ക് അർത്ഥഗർഭമായി ഒന്നു നിർത്തിയപ്പോൾ അദ്ദേഹത്തിന്റെ ആംഗ്യം കാട്ടിക്കൊണ്ടിരുന്ന കയ്യോരവും നിശ്ചലമായി. അനന്തരം അദ്ദേഹം തുടരുന്നു: “കുറെ നേരത്തേക്ക് എല്ലാം ഭംഗിയായി തോന്നി, പക്ഷേ ഉടനെ കേട്ട ഒരു നിലവിളി നിശ്ശബ്ദത ഭഞ്ജിച്ചു. ആ ശബ്ദം കേട്ട വീട്ടിലേക്ക് ഞങ്ങൾ ഓടിച്ചെന്നു സംഘത്തലവന്റെ ഭാര്യയെക്കണ്ടു. അവർ പൊട്ടിക്കരയുകയായിരുന്നു. വീട്ടിനുള്ളിൽ, ഞങ്ങൾ അവളുടെ കൊച്ചുമകളെക്കണ്ടു. അവളുടെ തല പുറകോട്ട് തിരിഞ്ഞിരിക്കുന്നു! ഏതോ ശക്തി അവളുടെ കഴുത്ത് ഞെരിച്ചൊടിച്ച് അവളെ കൊന്നു—കണ്ടിടത്തോളം ആട്ടിപ്പായിക്കപ്പെട്ട ആത്മാവിന്റെ പ്രതികാരദാഹം ആയിരുന്നു അത്. ഘോരം! ആ ആത്മാക്കൾ പീഡകരായ കൊലപാതകികൾ ആയിരുന്നു.”
ആത്മവിദ്യയും “ജഡത്തിന്റെ പ്രവൃത്തികളും”
അശുദ്ധി, ലൈംഗിക അധാർമ്മികത, കൊലപാതകം എന്നിവ—ആത്മവിദ്യയുമായുള്ള സമ്പർക്കത്തിൽ നിന്നുണ്ടായ ഈ രണ്ടനുഭവങ്ങളിൽ കണ്ടപ്രകാരം—ദൈവത്തിന്റെ വ്യക്തിത്വത്തോട് കടകവിരുദ്ധമാണ്. അത് ആ ആത്മാക്കൾ വാസ്തവത്തിൽ ആരാണ് എന്ന് തിരിച്ചറിയാൻ സഹായിക്കുന്നുമുണ്ട്. അവർ ദൈവത്തിന്റെ സന്ദേശവാഹകൻമാർ ആയി ചമഞ്ഞേക്കാം, പക്ഷെ അവരുടെ അസൻമാർഗ്ഗികവും കൊലപാതകപൂർവ്വകവുമായ പ്രവൃത്തികൾ അവരെ ദൈവശത്രുവിന്റെ അഥവാ ചരിത്രത്തിലെ ആദ്യ കൊലപാതകിയായി പിശാചായ സാത്താന്റെ അനുകാരികളായി വിളിച്ചറിയിക്കുന്നു. (യോഹന്നാൻ 8:44) അവനാണ് അവരുടെ നായകൻ. മററുള്ളവർ അവന്റെ സഹായികളും—ദുഷ്ട ദൂതൻമാർ അഥവാ ഭൂതങ്ങൾ—ലൂക്കോസ് 11:15-20.
പക്ഷെ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘ആത്മവിദ്യയിൽ ഈ പൈശാചിക ലക്ഷണങ്ങൾ വിരളമായി മാത്രമല്ലെ കാണപ്പെടുന്നത്? ആത്മവിദ്യ പൊതുവെ ദൈവവുമായി എന്നെ അടുപ്പിക്കുന്ന നല്ല ആത്മാക്കളുമായി സമ്പർക്കത്തിൽ വരാൻ എന്നെ സഹായിക്കുകയില്ലേ?’ ഇല്ല, “ആത്മവിദ്യയുടെ ആചരണത്തെ ക്രിസ്തീയ ഗുണങ്ങൾക്ക് വിരുദ്ധമായ “ജഡത്തിന്റെ പ്രവൃത്തികളിൽ” ബൈബിൾ പട്ടികപ്പെടുത്തുന്നു.—ഗലാത്യർ 5:19-21.
വെളിപ്പാട് 21:8-ൽ “ആത്മവിദ്യ ആചരിക്കുന്നവരെ (ഭൂതങ്ങളോട് സംഭാഷിക്കുന്നവർ” ദ ലിവിംഗ് ബൈബിൾ) “വിശ്വാസമില്ലാത്തവരുടെയും തങ്ങളുടെ വഷളത്വത്തിൽ മ്ലേച്ഛത പ്രവർത്തിക്കുന്നവരുടെയും, കൊലപാതകികൾ, പരസംഗികൾ, വിഗ്രഹാരാധികൾ എന്നിവരുടെയും സകല ഭോഷ്ക്കാളികളുടെയും” പട്ടികയിൽ പെടുത്തിയിരിക്കുന്നു. മനഃപൂർവ്വ ഭോഷ്ക്കാളികളെയും, പരസംഗികളെയും, കൊലപാതകരെയും ആത്മവിദ്യ ആചരിക്കുന്നവരെയും ദൈവം എങ്ങനെ പരിഗണിക്കും? അവൻ അവരുടെ ചെയ്തികളെ വെറുക്കുന്നു!—സദൃശവാക്യങ്ങൾ 6:16-19.
ആത്മവിദ്യയുടെ സാദ്ധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നത്, ആ സ്ഥിതിക്ക്, യഹോവയാം ദൈവം വെറുക്കുന്നതിനെ സ്നേഹിക്കുന്നതിന് തുല്യമാണ്. സാത്താന്റെ പാളയത്തിൽ നിലയുറപ്പിച്ചുകൊണ്ട് യഹോവയെ വെറുക്കുകയും യഹോവയുടെ മുഖ്യശത്രുവിന്റെയും അവന്റെ സഹായികളുടെയും പക്ഷം ചേരുകയും ചെയ്യുന്നതിന് സമം ആണത്. ഇപ്പോൾ ഇതു ചിന്തിക്കുക: നിങ്ങളുടെ ശത്രുക്കളുടെ പക്ഷം പിടിക്കുന്ന ഒരു വ്യക്തിയോട് അടുക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? തീർച്ചയായും ഇല്ല. മറിച്ച് നിങ്ങൾ ആ വ്യക്തിയിൽ നിന്ന് അകന്നു നിൽക്കുകയേ ഉള്ളു. സ്പഷ്ടമായി അതുകൊണ്ട് നമുക്ക് യഹോവയിൽനിന്നും അതേ പ്രതികരണം തന്നെ പ്രതീക്ഷിക്കാം. സദൃശവാക്യങ്ങൾ 15:29 ഇങ്ങനെ പറയുന്നു: “യഹോവ ദുഷ്ടൻമാരിൽനിന്ന് ദൂരെ അകന്നു നിൽക്കുന്നു.”—സങ്കീർത്തനം 5:4.
ആത്മവിദ്യ മരണത്തിലേക്ക് നയിക്കുന്നു
ആത്മവിദ്യകൊണ്ടുള്ള കളി ജീവന് ഭീഷണിയുയർത്തുന്നു. പുരാതന യിസ്രായേലിലെ തന്റെ ജനത്തിന്റെ ഇടയിൽ അതിനെ വധശിക്ഷ അർഹിക്കുന്ന കുററമായി യഹോവ വീക്ഷിച്ചു. (ലേവ്യപുസ്തകം 20:27; ആവർത്തനം 18:9-12) “ആത്മവിദ്യ ആചരിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന കാര്യം, അതുകൊണ്ട്, ആശ്ചര്യമല്ല. (ഗലാത്യർ 5:20, 21) മറിച്ച്, “അവർക്കുള്ള ഓഹരി തീ കത്തുന്ന പൊയ്ക” ആയിരിക്കും, അതു “രണ്ടാം മരണ”ത്തെ അഥവാ നിത്യനാശത്തെ സൂചിപ്പിക്കുന്നു. (വെളിപ്പാട് 21:8) ഇന്ന് ക്രൈസ്തവലോകത്തിലെ ചില മതങ്ങൾ ആത്മവിദ്യയെ വച്ചുപൊറുപ്പിച്ചേക്കാം, പക്ഷെ ബൈബിളിന്റെ വീക്ഷണഗതിക്ക് മാററമില്ല.
ആത്മവിദ്യയിലേക്കുള്ള ആദ്യ ചില കാൽവയ്പ്പുകൾ നിങ്ങൾ ഇതിനോടകം നടത്തിപ്പോയെങ്കിലെന്ത്? എങ്കിൽ നിങ്ങൾ ഉടനടി അത് നിർത്തി തിരിഞ്ഞുവരുന്നതായിരിക്കും ഉത്തമം. ദൈവത്തിന്റെ പ്രവാചകനായിരുന്ന യെശയ്യാവ് പഴയകാലത്തെ യിസ്രായേല്യർക്ക് നൽകിയ ദിവ്യനിശ്വസ്തമായ ബുദ്ധിയുപദേശം പിന്തുടരുക. അവരുടെ അവസ്ഥ ഈ കാലത്ത് അശുദ്ധമായ ആചാരങ്ങളിൽ ഏർപ്പെടുകയും അതേസമയംതന്നെ തങ്ങൾ ദൈവത്തെ ആരാധിക്കുന്നുവെന്ന് ചിന്തിക്കുകയും ചെയ്യുന്ന ആളുകളുടേതിന് സദൃശമാണ്. അതുകൊണ്ട് അവരുടെ അനുഭവത്തിൽ ജീവൽപ്രധാനമായ പാഠങ്ങളുണ്ട്. എന്തു പാഠങ്ങൾ?
യെശയ്യാവിന്റെ മുന്നറിയിപ്പ് ചെവിക്കൊള്ളുക
യെശയ്യാവിന്റെ ഒന്നാം അദ്ധ്യായത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ യിസ്രായേൽ “യഹോവയെ വിട്ട്” അവരുടെ “പുറം തിരിച്ചുകളഞ്ഞു” എന്ന് എഴുതിയിരിക്കുന്നത് കാണാം. (4-ാം വാക്യം) അവർ വഴിപിഴച്ചുപോയെങ്കിലും യാഗം അർപ്പിക്കുന്നതും മതചടങ്ങുകൾ നിറവേററുന്നതും പ്രാർത്ഥന നടത്തുന്നതും തുടർന്ന് പോന്നു. പക്ഷെ യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല! തങ്ങളുടെ സ്രഷ്ടാവായ യഹോവയെ പ്രസാദിപ്പിക്കാനുള്ള ഒരു ഉൾപ്രേരണ അവർക്കില്ലാതിരുന്നതു നിമിത്തം യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളിൽ നിന്ന് എന്റെ കണ്ണു മറയ്ക്കുന്നു. നിങ്ങൾ അനവധി പ്രാർത്ഥിച്ചാലും ഞാൻ ശ്രദ്ധിക്കുന്നില്ല.” ‘തങ്ങളുടെ കൈകൾ രക്തപാതകം കൊണ്ടു നിറക്കുവോളം’ അശുദ്ധമായ ആചാരങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അവർ യഹോവയ്ക്ക് എതിരെ മത്സരിച്ചു.—11-15 വാക്യങ്ങൾ.
യഹോവ അവരെ ഏത് അവസ്ഥയിൽ മാത്രമേ തിരികെ സ്വീകരിക്കുമായിരുന്നുള്ളു? യെശയ്യാവ് 1:16-ൽ അരുളിച്ചെയ്തിരിക്കുന്ന വ്യവസ്ഥകൾ ശ്രദ്ധിക്കുക. അവൻ പറയുന്നു: “നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരിപ്പിൻ.” നാം ആ ബുദ്ധിയുപദേശം ഗൗരവപൂർവ്വം കൈക്കൊണ്ടാൽ നാം “ജഡത്തിന്റെ പ്രവൃത്തികളിൽ” ഒന്നായ ആത്മവിദ്യ ഉൾപ്പെടെയുള്ള അശുദ്ധ അനുഷ്ഠാനങ്ങൾ ഉപേക്ഷിക്കുകയോ അവയിൽ നിന്ന് അകന്നു നിൽക്കുകയോ ചെയ്യും. ആത്മവിദ്യയുടെ പിന്നിലെ ദുർബുദ്ധി പിശാചായ സാത്താന്റേതാണ് എന്ന് നാം അറിയുന്നതുകൊണ്ട് നമ്മൾ അതിനോടുള്ള വെറുപ്പ് വികസിപ്പിക്കും.
തുടർന്ന്, ആത്മവിദ്യയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും നാം നീക്കിക്കളയണം. ഐസക് അങ്ങനെ ചെയ്തു. അദ്ദേഹം പറയുന്നു: “ഒരു ദിവസം ആത്മവിദ്യയുമായി ബന്ധമുണ്ടായിരുന്ന എന്റെ എല്ലാ വസ്തുവകകളും ഞാൻ എന്റെ വീടിനുമുമ്പിൽ ശേഖരിച്ച്, ഒരു മഴുകൊണ്ട് അവയെ തുണ്ടംതുണ്ടമായി വെട്ടിക്കീറി. ഞാൻ ചെയ്തതിനെച്ചൊല്ലി ഞാൻ പശ്ചാത്തപിക്കേണ്ടിവരും എന്ന് എന്റെ അയൽക്കാരി നിലവിളിച്ചുകൊണ്ട് പറഞ്ഞു. അവൾ നിലവിളിച്ചുകൊണ്ടിരിക്കെതന്നെ ഞാൻ ആ തുണ്ടങ്ങൾക്കുമേൽ മണ്ണെണ്ണ ഒഴിച്ചു ഒരു തരിമ്പും ശേഷിപ്പിക്കാതെ സർവ്വത്ര കത്തിച്ചുകളഞ്ഞു.”
അത് 28 വർഷങ്ങൾക്കു മുമ്പാണ് നടന്നത്. ഐസക്കിന് പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടോ? പരമാർത്ഥം നേരെ മറിച്ചാണ്. യഹോവയുടെ സാക്ഷികളുടെ സഭകളിലൊന്നിൽ ഒരു ക്രിസ്തീയ ശുശ്രൂഷകനെന്ന നിലയിൽ ഇന്ന് അദ്ദേഹം സന്തുഷ്ടനായി യഹോവയെ സേവിക്കുന്നു.
യെശയ്യാവ് 1:17 കൂടുതലായ ഈ മുന്നറിയിപ്പ് നൽകുന്നു: “നൻമ ചെയ്യാൻ പഠിക്കുക.” “നല്ലതും സ്വീകാര്യവും പൂർണ്ണവും ആയ ദൈവേഷ്ടം” എന്തെന്ന് കണ്ടെത്തുന്നതിന് യഹോവയുടെ വചനം ആയ ബൈബിൾ പഠിക്കുക അത് ആവശ്യമാക്കിത്തീർക്കുന്നു. (റോമർ 12:2) പുതുതായി കൈവന്ന ആ ജ്ഞാനം ബാധകമാക്കി ജീവിക്കുന്നത് നവോൻമേഷപ്രദമായ അനുഗ്രഹങ്ങളിലേക്ക് നയിക്കും. അതാണ് അസാമജാ കണ്ടെത്തിയത്.
ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നും ശക്തമായ എതിർപ്പുണ്ടായിരുന്നിട്ടും അസാമജാ ധൈര്യപൂർവ്വം യഹോവയുടെ സാക്ഷികളോടൊത്ത് ദൈവവചനം പഠിക്കുകയും അതിനുശേഷം ഉടനെ ആത്മവിദ്യയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. തുടർന്ന് അവൾ തന്റെ ജീവിതം യഹോവയ്ക്ക് സമർപ്പിക്കുകയും ഒരു സമ്മേളനത്തിൽ വച്ച് സ്നാനം ഏൽക്കുകയും ചെയ്തു. ഇന്ന്, 12 വർഷങ്ങൾക്കുശേഷം അവൾ നന്ദിപൂർവ്വം പറയുന്നു: “എന്റെ സ്നാനത്തെത്തുടർന്ന് ഇന്നുവരെ ഒരിക്കലും എനിക്ക് ഭൂതങ്ങളിൽ നിന്ന് ഉപദ്രവം ഉണ്ടായിട്ടില്ല.” ഒരു പുഞ്ചിരിയോടെ അവൾ ഇങ്ങനെ സ്മരിക്കുന്നു: “എന്റെ സ്നാനത്തെത്തുടർന്നുള്ള രാത്രിയിൽ എന്റെ നിദ്ര ഗാഢവും സ്വസ്ഥവും ആയിരുന്നു. പിറെറ പ്രഭാതത്തിലെ സമ്മേളനപരിപാടിക്ക് ഞാൻ വൈകിപ്പോകാൻ വരെ അതു കാരണമായി.”
ശാശ്വതമായ അനുഗ്രഹങ്ങൾ
ഇന്ന്, സങ്കീർത്തനക്കാരനായ ആസാഫിനോടൊപ്പം ഐസക്കിനും അസാമജായ്ക്കും ഹൃദയപൂർവ്വകമായി ഇങ്ങനെ പറയാൻ കഴിയും: “ദൈവത്തോടടുക്കുന്നത് എനിക്ക് നന്ന്.” (സങ്കീർത്തനം 73:28) തീർച്ചയായും യഹോവയോട് അടുക്കുന്നത് അവർക്ക് ഭൗതികവും വൈകാരികവുമായ അനുഗ്രഹങ്ങൾക്കിടവരുത്തി.
പക്തെ, എല്ലാററിനും ഉപരിയായി, അത് അവൾക്ക് ആന്തരിക സമാധാനവും യഹോവയുമായുള്ള അടുത്ത ബന്ധവും പ്രദാനം ചെയ്തു.
അത്തരം അനുഗ്രഹങ്ങൾ, ആത്മവിദ്യയുടെ നുകം ചുമലിൽനിന്ന് കുടഞ്ഞുകളയുന്നതിന് വേണ്ടിവരുന്ന വേദനയേക്കാളും അദ്ധ്വാനത്തെക്കാളും വളരെ കവിഞ്ഞതാണ്. ബന്ധവിച്ഛേദം പക്ഷെ, ഒരു അഗ്നിപരീക്ഷയ്ക്കു സമമാണ്. ലിൻറിനാ വാൻ ഗീനൻ എന്ന സുറിനാം നിവാസിയായ ഒരു സ്ത്രീക്ക് ആ അനുഭവം ഉണ്ടായി. അടുത്തതായി, നമുക്ക് അവൾ എങ്ങനെ വർഷങ്ങളോളം മല്ലടിച്ചുവെന്നും ഒടുവിൽ എങ്ങനെ വിജയിച്ചുവെന്നും കാണാം. (w87 9/1)
[5-ാം പേജിലെ ചിത്രം]
അസാമജാ അമേലിയ ഇപ്രകാരം വർണ്ണിക്കുന്നു: “ആത്മാക്കൾ . . . എന്റെ ജീവിതം ദുസ്സഹമാക്കിത്തീർത്തു. . . . അവർ പറഞ്ഞ കാര്യങ്ങളാണെങ്കിലോ!”