മതം ധാർമ്മിക നൻമയ്ക്കുള്ള ഒരു പ്രേരകശക്തിയോ?
ഈ ചോദ്യത്തിനുള്ള ഉത്തരം എന്ന നിലയിൽ ദശലക്ഷക്കണക്കിനാളുകൾ പിൻവരുന്ന പ്രകാരം എഴുതിയ ജോർജ്ജ് ബർണാർഡ്ഷായോട് യോജിക്കും: “മതം ഒരു വമ്പിച്ച ശക്തിയാണ്—ലോകത്തിലെ ഏക യഥാർത്ഥ പ്രേരകശക്തി തന്നെ.” ഇതിനു കടകവിരുദ്ധമായി പത്തൊൻപതാം നൂററാണ്ടിലെ ഇംഗ്ലീഷ് ഗ്രന്ഥകാരനായ ജോൺ റസ്കിൻ, സത്യസന്ധതക്കുള്ള അടിസ്ഥാനത്തെക്കുറിച്ച് എഴുതവെ ആക്ഷേപധ്വനിയോടെ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഒരു അധമ വഞ്ചകന്റെ മതമാണ് എല്ലായ്പ്പോഴും അവനെ സംബന്ധിക്കുന്ന എററവും ജീർണ്ണിച്ച കാര്യം.” ഇതിലേതു വീക്ഷണമാണ് സത്യത്തോട് ഏറെ അടുപ്പമുള്ളതായി നിങ്ങൾ കരുതുന്നത്?
മത്തത്തിനുള്ള ധാർമ്മിക ശക്തിയുടെ തെളിവെന്ന നിലയിൽ ‘തന്റെ ജീവിതം യേശുക്രിസ്തുവിനു സമർപ്പിച്ചപ്പോൾ’ “പുതുമനുഷ്യൻ” ആയിത്തീർന്ന ഒരു വ്യക്തിയിലേക്ക് ഒരുവൻ വിരൽ ചൂണ്ടിയേക്കാം. വാട്ടർഗേററ് വിവാദത്തിൽ ഉൾപ്പെട്ടിരുന്ന ചാൾസ് കോൾസന്റെ “പരിവർത്തനത്തെ” ഒരു അന്തർദ്ദേശീയ മാസിക വർണ്ണിച്ചത് അങ്ങനെയായിരുന്നു. മതം തങ്ങളെ മദ്യപാനത്തിന്റെയോ വ്യഭിചാരത്തിന്റെയോ ജീവിതത്തിൽ നിന്ന് രക്ഷിച്ചു എന്ന് അവകാശവാദം ചെയ്യുന്നവരിലേക്ക് മറെറാരാൾ വിരൽചൂണ്ടിയേക്കാം. ക്രിസ്തീയേതര നാടുകളിൽ, ദശലക്ഷക്കണക്കിനു ബൈബിളുകൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. അത് അനേക ആളുകളെ അവരുടെ ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിച്ചിട്ടുമുണ്ട്. ന്യായമായും അത്തരം ആളുകളുടെ മേൽ മതം ഒരുത്തമ ധാർമ്മിക സ്വാധീനം ചെലുത്തിയിരിക്കുന്നു.
മറുവശം
അതേസമയം ഹിററ്ലറിന്റെ മതം അദ്ദേഹത്തെ തെററിൽ നിന്ന് പിന്തിരിപ്പിച്ചില്ല. ഹിററ്ലറെ മതഭ്രഷ്ടനാക്കാൻ പയസ്സ്12-ാമൻ മാർപാപ്പയോട് നടത്തിയ ഒരു അഭ്യർത്ഥനയ്ക്ക് എന്തുകൊണ്ട് ഉത്തരം നൽകപ്പെടാതെ പോയി എന്ന് ആശ്ചര്യപ്പെടുന്നതിന് ഇത് ആത്മാർത്ഥഹൃദയരായ ആളുകളെ പ്രേരിപ്പിച്ചു. സിൻസിനാററി, ഒഹായോവിലെ കാത്തലിക്ക് ടെലഗ്രാഫ്—രജിസ്ററർ, “കത്തോലിക്കനായി വളർന്നു, പക്ഷെ വിശ്വാസം ത്യജിക്കുന്നു എന്ന് കേബിൾ പോപ്പിനോട് പറയുന്നു” എന്ന ശീർഷകത്തിന് കീഴെയായി ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “റീച്ച് ഫ്യൂറർ (ജർമ്മൻ ഭരണാധികാരി) അഡോൾഫ് ഹിററ്ലറെ മതഭ്രഷ്ടനാക്കുന്നതിന് പയസ്സ്12-ാമനോട് ഒരു അപേക്ഷ ചെയ്യപ്പെട്ടു.” ഈ നടപടി എടുക്കപ്പെട്ടിരുന്നുവെങ്കിൽ അതു യുദ്ധത്തിന്റെ ഗതിയെത്തന്നെ തിരിച്ചുവിടുകയും മനുഷ്യവർഗ്ഗം അനുഭവിക്കേണ്ടിവന്ന കൊടുംയാതനകൾ ഒഴിവാക്കപ്പെടുകയും ചെയ്യുമായിരുന്നില്ലേ? ദുഃഖകരമെന്ന് പറയട്ടെ, പോപ്പ് പ്രതികരിച്ചില്ല.
തെക്കെ അമേരിക്കയിലെ ചില കത്തോലിക്കാരാജ്യങ്ങളിൽ വെപ്പാട്ടിസമ്പ്രദായം വളരെ സാധാരണമാണ്. വടക്കെ അമേരിക്കയിലെ ഒരു മോൺസിഞ്ഞോർ ഒരു മുഖപ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “വ്യഭിചാരത്തെ നിയമവിധേയമാക്കുക—പുണ്യമായ പരിഹാരമാണത്.” (ഫിലാഡെൽഫിയാ ഡെയ്ലി ന്യൂസ്) ഭാര്യമാരെ കൈമാററം ചെയ്യുന്നതും വിവാഹത്തിനു മുൻപുള്ള ലൈംഗികതയും വിവാഹം കൂടാതെയുള്ള ലൈംഗികതയും സർവ്വസാധാരണമായിരിക്കുന്ന ചില പ്രോട്ടസ്ററൻറ് രാജ്യങ്ങളിലേക്കും നമുക്കൊന്നു കണ്ണോടിക്കാം. പിൻവരുന്ന വാർത്താശീർഷകത്തിൽ ഇതിനുള്ള ഒരു കാരണം പറഞ്ഞിരിക്കുന്നത് കാണാം: “വിവാഹത്തിനു മുൻപുള്ള ലൈംഗികതയെക്കുറിച്ച് പാസ്ററർമാർ നിശബ്ദർ.” ലേഖനം ഇങ്ങനെ പറഞ്ഞു: “വിവാഹത്തിനു മുൻപുള്ള ലൈംഗികതയെ സംബന്ധിച്ച് പ്രസംഗിക്കുന്ന കാര്യത്തിൽ അമേരിക്കയിലെ പാസ്ററർമാർ പാപപൂർണ്ണമായ മൗനം അവലംബിച്ചിരിക്കുന്നു . . . അവർക്ക് അവരുടെ ഇടവകക്കാരിൽ ചിലരെ നഷ്ടമാകും എന്ന ആശങ്കയുണ്ട്.” (ടെലഗ്രാഫ്, നോർത്ത് പ്ലാറെറ, നെബ്രാസ്കാ) ആ സ്ഥിതിക്ക് എല്ലാ മതങ്ങളും ധാർമ്മിക നൻമക്കുവേണ്ടിയുള്ള പ്രേരകശക്തിയാണോ?
ക്രൈസ്തവലോകത്തിൽ മതത്തിന്റെ ധാർമ്മിക വീര്യമില്ലായ്മ ഏററവും അധികം പ്രകടമാകുന്നത് യുദ്ധകാലത്താണ്. കേമമായി തോന്നുന്ന ഈ അവകാശവാദത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു ആലോചിച്ചുനോക്കൂ. അമേരിക്കയിലുള്ള ക്രിസ്തുസഭകളുടെ ഫെഡറൽ കൗൺസിലിന്റെ ഒരു ഡിപ്പാർട്ട്മെൻറ് സെക്രട്ടറിയായിരുന്ന വാൾട്ടർ ഡബ്ളിയു വാൻകേർക്ക് 1934-ൽ ഇങ്ങനെ എഴുതി: “പ്രസംഗകരും സാമാന്യജനവും യുദ്ധത്തിനെതിരെ ഒരു ഉദാത്തമായ നിലപാട് കൈക്കൊണ്ടിരിക്കുന്നു . . . യുദ്ധം യേശുവിന്റെ പ്രസംഗത്തിനും പ്രവർത്തനശൈലിക്കും തികച്ചും വിരുദ്ധം ആണെന്നുള്ള ബോധ്യത്തിൽ നിന്നാണ് സഭകളുടെ ഈ സമാധാന സമരം ഉടലെടുത്തിരിക്കുന്നത്.” (മതം യുദ്ധം ഉപേക്ഷിക്കുന്നു) പല സഭകളെയും വൈദികരെയും ഉദ്ധരിച്ചുകൊണ്ട് പുസ്തകം ഇങ്ങനെ നിഗമനം ചെയ്തു: “സഭകൾ മുഖ്യസംഗതിയായി, മനുഷ്യരെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്യുന്ന ഏർപ്പാടിൽ തങ്ങളെ മേലാൽ കക്ഷികളായി കണക്കാക്കരുതെന്ന് വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ചു. സുവിശേഷകൻമാർ . . . സഹമനുഷ്യരുടെ രക്തത്തിൽ നിന്ന് കൈ കഴുകിക്കൊണ്ട് കൈസറുമായുള്ള പ്രവർത്തനസഖ്യത്തിൽനിന്ന് പിരിയുന്നു.”
പക്ഷെ ഖേദകരമെന്ന് പറയട്ടെ, ആശക്കു വക നൽകിയ ആ പ്രവചനങ്ങൾ സത്യമായി ഭവിച്ചില്ല. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ക്രൈസ്തവലോകത്തിലെ പ്രമുഖ മതങ്ങളിലൊന്നുപോലും ‘യുദ്ധം ഉപേക്ഷിക്കുന്നതിന്’ ഒരു ദൃഢമായ നില കൈക്കൊണ്ടില്ല. നിങ്ങളുടെ പ്രദേശത്തുള്ള സഭ അങ്ങനെ ചെയ്തോ?
തകർന്ന ധാർമ്മിക വേലികൾ
ഇരു വശങ്ങളിലെയും കുറെ തെളിവുകൾ പരിഗണിച്ചു കഴിഞ്ഞിരിക്കെ ഒട്ടുമിക്ക കേസുകളിലും ലോകത്തിലെ പ്രചരിത മതങ്ങൾ ധാർമ്മിക നൻമയ്ക്കു പ്രേരിപ്പിക്കുന്ന ഒരു ശക്തമായ സ്വാധീനം അല്ല എന്ന കാര്യത്തോട് നിങ്ങൾ യോജിക്കുകയില്ലേ? ലുക്ക് മാസിക ഇങ്ങനെ പ്രഖ്യാപിച്ചു: “സഭകൾ . . . ധാർമ്മിക നേതൃത്വം പ്രദാനം ചെയ്യുന്ന കാര്യത്തിൽ പരാജയപ്പെട്ടിരിക്കുന്നു, അവരുടെ ഉത്തരവാദിത്തം അതീവ ഗൗരവാവഹമായതുകൊണ്ട് അവരുടെ പരാജയം അതീവ ഹീനമാണ്.” ആസ്ത്രേലിയയിലെ ബ്രസ്ബെയ്നിൽ നിന്നുള്ള ദ കോറിയർ മെയ്ൽ, ലൈംഗിക ദുർമാർഗ്ഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിലുള്ള ക്രൈസ്തവലോക മതങ്ങളുടെ പരാജയത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബിഷപ്പുമാരുടെയും കാനോനുകളുടെയും സംഗതി വരുമ്പോൾ . . . വിവാഹത്തിനു വെളിയിലുള്ള സംഭോഗം ഒരു സ്നേഹചെയ്തിയാണെന്നും അത് ‘ദൈവത്തിന്റെ മഹത്വം ഘോഷിക്കുന്നുവെന്നും,’. . . പരസംഗം അതിൽത്തന്നെ മോശമല്ലെന്നോ വ്യഭിചാരം അവശ്യം തെററല്ലെന്നോ എഴുതുമ്പോൾ സാധാരണക്കാരായ സ്ത്രീപുരുഷൻമാരും, കൗമാരപ്രായക്കാരായ ബാലികാബാലകൻമാർ പ്രത്യേകിച്ചും, തെറെറന്തെന്നും ശരിയെന്തെന്നും ഉള്ളത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാകുന്നു. ഒരു പുത്തൻ സദാചാരത്തിനുവേണ്ടി നടത്തുന്ന ഈ പ്രചരണത്തിന്റെയെല്ലാം ഫലം ധാർമ്മിക വേലിക്കെട്ടുകളുടെ തകർച്ചയായി ഭവിച്ചിരിക്കുന്നു.”
അല്ല, മുഖ്യമായും ലോകത്തിലെ മതങ്ങൾ ധാർമ്മിക നൻമക്കുള്ള ഒരു യഥാർത്ഥ പ്രേരകശക്തി അല്ല. നേരെ മറിച്ച് ഇന്നത്തെ ശോചനീയമായ ധാർമ്മിക ദുഃസ്ഥിതിക്ക് അവർ കുറെ ഉത്തരവാദിത്തം വഹിക്കേണ്ടത്തുണ്ട്. പക്ഷെ മതം എന്നതിന്റെ അർത്ഥം “സേവനവും ദൈവം അഥവാ പ്രകൃത്യാതീതൻ ആയവന്റെ ആരാധനയും” എന്നായതുകൊണ്ട് അത് നിലവിലുള്ള രാജ്യങ്ങളിലെല്ലാം നൻമക്കുവേണ്ടിയുള്ള ഒരു പ്രേരകശക്തി ആയിരിക്കേണ്ടതല്ലേ? എന്തിന്റെ കുറവാണുള്ളത്? നിങ്ങളുടെ മതത്തിന് അത്തരം ശക്തി ചെലുത്താൻ ഇന്നെങ്ങനെ കഴിയും? (w87 10/15)