അവർ വാസ്തവത്തിൽ മരിച്ചവരുമായി സംസാരിക്കുന്നുണ്ടോ?
ബ്രസീലിലെ ഫുട്ട്ബോൾ ടീമുകൾ ചിലപ്പോൾ ആത്മമദ്ധ്യവർത്തികളിലൂടെ സഹായം തേടാറുണ്ട്. എന്തുകൊണ്ട്? എതിർകക്ഷി ജയിച്ചേക്കുമോ എന്ന ഭയംനിമിത്തം ഉപദേശം തേടുന്നതിനുവേണ്ടി. ഒരു വർത്തമാനപ്പത്രം പറയുന്നതനുസരിച്ച്, “സകല തരത്തിലുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടിക്കൊണ്ട് മനുഷ്യാതീത ശക്തികളോട് നേരിട്ട് സംസാരിക്കാനുള്ള അവസരം ദശലക്ഷക്കണക്കിനാളുകളുടെമേൽ ശക്തിയേറിയ ഒരു സ്വാധീനം ചെലുത്തുന്നുണ്ട്.” ചില രാജ്യങ്ങളിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന രാഷ്ട്രീയ നേതാക്കൻമാരും കലാകാരൻമാരും വ്യാപാരികളും നിരന്തരം ആത്മ വ്യക്തികളുമായി ആലോചന കഴിക്കുന്നു. ഒരു രോഗം സുഖപ്പെടുന്നതിനൊ ഒരു സാമ്പത്തികപ്രശ്നം പരിഹരിക്കുന്നതിനൊ ചിലർ മരിച്ചവരുമായി ആശയവിനിയമം ചെയ്യാൻ ശ്രമിക്കുന്നു. കാരണം അവർക്ക് കൂടുതൽ ഗ്രാഹ്യമുണ്ടെന്ന് അവർ കരുതുന്നു.
എന്നാൽ മരിച്ചവരുമായി സംസാരിക്കാൻ ശ്രമിക്കുന്നത് ഉചിതമാണോ? അതിൽ എന്തെങ്കിലും അപകടമുണ്ടോ? ബൈബിൾ പറയുന്നതെന്തെന്ന് അറിയുന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം.
ശൗലിന്റെ സംഗതിയിൽ എന്തു സംഭവിച്ചു?
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ യഥാർത്ഥ ജീവിതാനുഭവം പരിചിന്തിക്കുക: ഫെലിസ്ത്യ ശത്രുക്കളെ ഭയന്ന് പുരാതന യിസ്രായേലിലെ ശൗൽ രാജാവ് എൻദോരിലെ ഒരു ആത്മമദ്ധ്യവർത്തിയെ കണ്ടുപിടിച്ച് മരിച്ച ശമുവേൽ പ്രവാചകനുമായി സംസാരിക്കണമെന്ന് അവളോടാവശ്യപ്പെട്ടു. ഒരു അങ്കി ധരിച്ച ഒരു പ്രായമേറിയ പുരുഷനെ സംബന്ധിച്ച അവളുടെ വർണ്ണനകേട്ടപ്പോൾ അത് ശമുവേൽ ആയിരിക്കുമെന്ന് ശൗൽ ധരിച്ചു. ലഭിച്ച സന്ദേശമെന്തായിരുന്നു? യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽ ഏൽപ്പിക്കപ്പെടും. മാത്രമല്ല, ഫെലിസ്ത്യരുമായിട്ടുള്ള പോരാട്ടത്തിൽ ശൗലും അവന്റെ പുത്രൻമാരും മരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് അവർ “ശമുവേലിനോട്” ചേരുമെന്നും അറിയിച്ചു. (1 ശമുവേൽ 28:4-19) അതാണോ സംഭവിച്ചത്?
കൃത്യമായി അല്ല. ഫെലിസ്ത്യരുമായുള്ള പോരാട്ടത്തിൽ ശൗലിന് ഗുരുതരമായി മുറിവേററു. എന്നാൽ അവൻ ആത്മഹത്യചെയ്യുകയാണുണ്ടായത്. (1 ശമുവേൽ 31:1-4) ശൗലിന്റെ എല്ലാ പുത്രൻമാരും അവനോടുകൂടെ മരിക്കുമെന്നുള്ള പ്രവചനത്തിന് വിരുദ്ധമായി അവന്റെ പുത്രനായ ഈശ്ബോശത്ത് അതിജീവിച്ചു.
എന്നാൽ ഒന്നാമതായി, മരിച്ചവരോട് അന്വേഷിച്ചത് ഉചിതമായിരുന്നോ? അല്ലായിരുന്നു. തിരുവെഴുത്തുകൾ നമ്മോടിപ്രകാരം പറയുന്നു: “ശൗൽ തന്റെ അവിശ്വസ്തത നിമിത്തവും . . . ഒരു ആത്മമദ്ധ്യവർത്തിയോട് ആലോചന കഴിച്ചതു നിമിത്തവും മരിച്ചു.” (1 ദിനവൃത്താന്തം 10:13) നമുക്കിതിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ കഴിയുമോ? ഉവ്വ്. മരിച്ചവരോട് ആലോചന ചോദിക്കുന്നതിനുവേണ്ടി ഒരു ആത്മമദ്ധ്യവർത്തിയോട് ആവശ്യപ്പെട്ടതു നിമിത്തം ശൗൽ മരിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഇത് ചെയ്തതു നിമിത്തം ദൈവത്തിന്റെ ഈ വ്യക്തമായ നിയമത്തെ ലംഘിച്ചു: “ആത്മമദ്ധ്യവർത്തിയോട് ആലോചന കഴിക്കുന്നവനും ആഭിചാരകനും മരിച്ചവരോട് ആലോചന കഴിക്കുന്നവനും നിങ്ങളുടെയിടയിൽ ഉണ്ടായിരിക്കരുത്. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവയ്ക്ക് വെറുപ്പാകുന്നു.” (ആവർത്തനം 18:10-12) മരിച്ചവരോട് ആലോചന കഴിക്കുന്നത് ദൈവത്തിന് വെറുപ്പായിരിക്കുന്നത് എന്തുകൊണ്ട്? ഈ ചോദ്യത്തിനുത്തരം നൽകുന്നതിനു മുമ്പ് നാം ഇപ്രകാരം ചോദിച്ചേക്കാം:
ഇത് വാസ്തവത്തിൽ സാദ്ധ്യമാണോ?
ആർക്കെങ്കിലും മരിച്ചവരോട് സംസാരിക്കണമെങ്കിൽ മരിച്ചവർ വാസ്തവത്തിൽ ജീവിച്ചിരിക്കണം. അവർക്ക് അമർത്ത്യ ദേഹിയുണ്ടായിരിക്കണം. എന്നാൽ ബൈബിൾ ഇപ്രകാരം പറയുന്നു: “യഹോവ നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ഒരു ജീവനുള്ള ദേഹിയായിത്തീർന്നു.” (ഉൽപ്പത്തി 2:7) അതുകൊണ്ട് ഒരു വ്യക്തി ഒരു ദേഹിയാണ്. മനുഷ്യന് തന്റെ ശരീരത്തിന്റെ മരണശേഷം ജീവിച്ചിരിക്കുന്ന ഒരു അമർത്ത്യദേഹിയില്ല. വാസ്തവത്തിൽ തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “പാപം ചെയ്യുന്ന ദേഹി—അത് തന്നെ മരിക്കും.” (യെഹെസ്ക്കേൽ 18:4) കൂടുതലായി ദൈവവചനം ഇപ്രകാരം പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്നറിയുന്നു; എന്നാൽ മരിച്ചവരോ ഒന്നും അറിയുന്നില്ല . . . ഷിയോളിൽ [മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴി] വേലയോ സൂത്രമോ അറിവോ ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 10.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുപകരം മരിച്ചവർ അപ്പോൾ അബോധാവസ്ഥയിലായിരിക്കും. അതിനാൽ അവരോട് സംസാരിക്കുന്നത് അസാദ്ധ്യമാണ്. അതുകൊണ്ട് മരിച്ചവരുമായി ആലോചന കഴിക്കുന്നതിനെതിരെയുള്ള ദൈവനിയമത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നത് വഞ്ചിക്കപ്പെടുന്നതിൽനിന്ന് നമ്മെ സംരക്ഷിക്കുന്നു. എന്നാൽ ശൗൽ രാജാവിന്റെ അനുഭവം കാണിക്കുന്നതനുസരിച്ച് ആത്മമണ്ഡലത്തിൽനിന്ന് സന്ദേശങ്ങൾ വരാവുന്നതാണ്.
എന്നാൽ ഉറവെന്താണ്?
ഒരു സംഗതി, മരിച്ചവരുമായി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെയിടയിൽ വഞ്ചന സർവസാധാരണമാണ്. ലോക വിജ്ഞാനകോശം നമ്മോടിങ്ങനെ പറയുന്നു: “ആത്മവാദികളുടെ സമ്മേളനങ്ങളിൽ ആത്മാക്കൾക്ക് ജീവിച്ചിരിക്കുന്നവരുമായി സംസാരിക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് ആത്മമദ്ധ്യവർത്തികൾ ആളുകളെ വഞ്ചിക്കുന്നു എന്ന് പ്രകടമാക്കപ്പെട്ടിട്ടുണ്ട്. ആത്മവാദികളുടെ സമ്മേളനങ്ങളിൽ നടക്കുന്നതെന്തെന്ന് ശാസ്ത്രജ്ഞൻമാർ വിശദീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ചില മദ്ധ്യവർത്തികൾ ഗാരുഢ വിദ്യ പ്രയോഗിക്കുന്നവരാണ്. ചിലർ സഹായികളെയും വിവിധ തരത്തിലുള്ള തന്ത്രോപകരണങ്ങളെയും ഉപയോഗിക്കുന്നു. മററു ചിലർ മാസ്മരവിദ്യ (ഹിപ്നോസിസ്) പ്രയോഗിക്കുന്നു. ആത്മവാദികളുടെ സമ്മേളനങ്ങളിൽ പങ്കു പററുന്ന അനേകർക്ക് മരിച്ച പ്രിയപ്പെട്ടവരോട് ബന്ധപ്പെടാൻ അതീവ ആഗ്രഹം തോന്നാറുണ്ട്. ഈ ആഗ്രഹം മദ്ധ്യവർത്തികൾ നൽകുന്ന സന്ദേശം ആത്മമണ്ഡലത്തിൽ നിന്ന് വന്നതാണെന്ന് അവരെ വിശ്വസിപ്പിച്ചേക്കാം.”
നാം ഇതിനെക്കുറിച്ച് ഈ വിധത്തിൽ മാത്രം ചിന്തിച്ചാൽ മതിയോ? പോരാ. മരിച്ചവരോട് സംസാരിക്കുന്നതിനെതിരെയുള്ള ദൈവകൽപ്പന പിൻപററുന്നത് വളരെ മഹത്തരമായ വിധത്തിൽ നമ്മെ സംരക്ഷിക്കുകയും ചെയ്യും. ചിലപ്പോൾ സന്ദേശങ്ങൾ ആത്മമണ്ഡലത്തിൽനിന്ന് വരിക തന്നെ ചെയ്യുന്നു. എന്നാൽ അവയുടെ ഉറവ് മനുഷ്യരെ വഴിതെററിക്കാൻ നോക്കുന്ന ശക്തരായ ജീവികളാണ്. ബൈബിൾ അവരെ “ദുഷ്ടാത്മ സേനകൾ” എന്ന് തിരിച്ചറിയിക്കുന്നു—പിശാചായ സാത്താനും ഭൂതങ്ങൾ എന്ന് അറിയപ്പെടുന്ന അനുസരണം കെട്ട ദൂതൻമാരും. (എഫേസ്യർ 6:12) ശൗൽ രാജാവ് എൻദോരിലെ ആത്മമദ്ധ്യവർത്തിയെ സന്ദർശിച്ചപ്പോൾ മരിച്ച ശമുവേൽ പ്രവാചകനെന്ന നിലയിൽ ഭാവിച്ചത് ഒരു ഭൂതമായിരുന്നു.
ശൗലിന്റെ സംഗതിയിൽ ദൃഷ്ടാന്തീകരിച്ചപ്രകാരം ഭൂതങ്ങൾക്ക് പ്രയോജനപ്രദമായ ഒന്നും തന്നെ അറിയിക്കാനില്ല. അവർ സഹായിക്കുന്നു എന്ന് പറയുന്നത് താൽക്കാലികം മാത്രമാണ്. അവർ തങ്ങളുടെ ഭരണാധിപനായ പിശാചിനെപ്പോലെ ഭോഷ്കാളികളാണ്. (മർക്കോസ് 3:22; യോഹന്നാൻ 8:44) ഇതിനെക്കുറിച്ച് ബ്രിട്ടനിലെ ആത്മ സിദ്ധാന്ത ഗവേഷകനായിരുന്ന സർ ആർതർ കൊനൻ ഡോയ്ൽ ഇപ്രകാരം എഴുതി: “ദുഃഖകരമെന്ന് പറയട്ടെ, നാം വഞ്ചകരൊ ദുഷ്പ്രവർത്തിക്കാരൊ പറയുന്ന പച്ചക്കള്ളങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഈ സംഗതി പരിശോധിച്ചിരിക്കുന്ന എല്ലാവരും മനഃപൂർവ വഞ്ചനയെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അത്തരം മനഃപൂർവ വഞ്ചനയിൽ ചിലപ്പോൾ നല്ലതോ യഥാർത്ഥമോ ആയ ആശയവിനിമയങ്ങൾ ഉൾപ്പെട്ടിരിക്കാം.” (നവീന വെളിപ്പാട് പേജ് 72) നിശ്ചയമായും നിങ്ങൾ വഞ്ചിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല, ഉണ്ടോ?
ഇപ്പോൾ ഇത് പരിചിന്തിക്കുക. അടിമക്കച്ചവടത്തെക്കുറിച്ചും അതിനോടനുബന്ധിച്ച കഷ്ടതകളെ കുറിച്ചും ചരിത്രം നമ്മോട് പറയുന്നു. ആരെങ്കിലും അത്തരം കഷ്ടതയും അപമാനവും മനസ്സോടെ സ്വീകരിക്കുമോ? ഒരിക്കലുമില്ല. അങ്ങനെയെങ്കിൽ നാം ദുഷ്ടാത്മാക്കളുടെ അടിമകളാകാൻ നമ്മെത്തന്നെ എന്തുകൊണ്ടനുവദിക്കണം? അവർ ഭോഷ്കു പറയുക മാത്രമല്ല ആളുകളുടെ സ്വാതന്ത്ര്യം കവർന്നുകളയുകയും ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിക്കുകയും പോലും ചെയ്തേക്കാം. ഉദാഹരണത്തിന് ബ്രസീലിലെ പെർനാംബുക്കോയിലുള്ള 29 വയസ്സുകാരനായ ജോസ് ഇപ്രകാരം പറഞ്ഞു: “ഒരു ഭൂതം തന്നിൽ കടന്ന് ഒരു വർഷം പ്രായമുള്ള തന്റെ മകളെ കൊല്ലാൻ തന്നെ നിർബന്ധിച്ചു.” അതെ, ദുഷ്ടാത്മാക്കളുമായുള്ള ഇടപാടുകൾ അത്തരം അടിമത്തത്തിലേക്ക് നയിച്ചേക്കാം. അങ്ങനെയെങ്കിൽ, പണ്ട് കഷ്ടതയനുഭവിച്ചിരുന്ന അടിമകൾ സ്വാതന്ത്ര്യം ആഗ്രഹിച്ചതുപോലെ ഇന്ന് ഭൂതങ്ങളുടെ അടിമകളും സ്വാതന്ത്ര്യം ആഗ്രഹിക്കണം. ഈ സ്വാതന്ത്ര്യം നേടാനുള്ള ഒരു മാർഗ്ഗം ആത്മമദ്ധ്യവർത്തികളോട് ആലോചന കഴിക്കുന്നതിൽനിന്നും മരിച്ചവരുമായി സംസാരിക്കാൻ ശ്രമിക്കുന്നതിൽനിന്നും ഒഴിഞ്ഞിരിക്കുക എന്നതാണ്. അതിനുവേണ്ടി. . .
മരിച്ചവരുമായി സംസാരിക്കേണ്ട ആവശ്യമുണ്ടോ?
ഇല്ല, എന്തുകൊണ്ടെന്നാൽ നാം സഹായം ലഭിക്കാത്തവരല്ല. കുട്ടികൾ തങ്ങളുടെ പിതാവിനെ ആശ്രയിക്കുന്നതുപോലെ നമുക്ക് നമ്മുടെ സ്വർഗ്ഗീയ പിതാവിനോട് സ്വതന്ത്രമായി സഹായം ചോദിക്കാൻ കഴിയും. അവൻ പരമാർത്ഥഹൃദയരെ സഹായിക്കാൻ സന്തോഷമുള്ളവനാണ്. (ലൂക്കോസ് 11:9-13) ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ് ഇപ്രകാരമെഴുതി: “‘ആത്മമദ്ധ്യവർത്തികളോട് അഭിപ്രായം ചോദിക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോട് അരുളപ്പാട് ചോദിപ്പിൻ’ എന്ന് അവർ നിങ്ങളോട് പറയുന്നുവെങ്കിൽ, ജനം തങ്ങളുടെ ദൈവത്തോടല്ലയൊ ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്? നിയമത്തിലേക്കും സാക്ഷ്യപ്പെടുത്തലിലേക്കും തിരിയുവിൻ!”—യെശയ്യാവ് 8:19, 20.
അതെ, നാം ദൈവേഷ്ടം ചെയ്യുകയും ദുഷ്ടാത്മാക്കളോട് സമ്പർക്കപ്പെടാതിരിക്കയും ചെയ്യുന്നുവെങ്കിൽ നമുക്ക് യഹോവയാം ദൈവത്തിലുള്ള വിശ്വാസത്തിന് ഉറച്ച ഒരടിസ്ഥാനമുണ്ട്. ക്രിസ്തീയ ശിഷ്യനായ യാക്കോബ് ഇപ്രകാരം എഴുതി: “ആകയാൽ നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ, പിശാചിനോട് എതിർത്തുനിൽപ്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.” (യാക്കോബ് 4:7) 28 വർഷം ആത്മവിദ്യ പ്രയോഗിച്ച ഒരു മനുഷ്യൻ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചശേഷം ഇപ്രകാരം പറഞ്ഞു: “ആത്മവിദ്യാചാരങ്ങൾ ഉപേക്ഷിക്കുന്നവരോട് പിശാച് എന്തു ചെയ്തേക്കുമെന്ന് ഒരിക്കലും ഭയപ്പെടരുത്; മറിച്ച് യഹോവയാം ദൈവത്തിൽ ആശ്രയിക്കുക.”
ദൈവ വചനത്തിലെ സത്യത്താൽ നമ്മുടെ മനസ്സ് നിറക്കുന്നതും അതിനനുസരിച്ച് പ്രവർത്തിക്കുന്നതും “പിശാചിന്റെ തന്ത്രങ്ങൾക്കെതിരെ ഉറച്ചു നിൽക്കേണ്ടതിന് ദൈവത്തിൽ നിന്നുള്ള (ആത്മീയ) സർവായുധവർഗ്ഗം ധരിക്കുന്നതിന് നമ്മെ പ്രാപ്തരാക്കും. (എഫേസ്യർ 6:11) കൂടാതെ, യഹോവയോട് നിരന്തരം പ്രാർത്ഥിക്കുന്നത് ഭൂതാക്രമണത്തിനെതിരെ ബലമുള്ള ഒരു സംരക്ഷണമാണ്.—സദൃശവാക്യങ്ങൾ 18:10.
മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച സത്യം അറിയുന്നത് എത്രയോ ആശ്വാസദായകമാണ്! മരണം ഗാഢമായ ഒരു നിദ്രപോലെയാണ്. (യോഹന്നാൻ 11:11) മരിച്ചവരുടെ ഒരു പുനരുത്ഥാനമുണ്ടാകുമെന്ന് യേശുക്രിസ്തു ഉറപ്പു നൽകിയിട്ടുമുണ്ട്.—യോഹന്നാൻ 5:28, 29.
ആത്മവിദ്യയിലേർപ്പിട്ടിരുന്ന ഒരു മനുഷ്യനും തന്റെ ഭാര്യയും മക്കളും മരിച്ചവരോടൊ അവരുടെ പ്രതിനിധികളോടൊ സംസാരിക്കാൻ ശ്രമിക്കേണ്ടതില്ലെന്ന് തിരുവെഴുത്തുകളിൽ നിന്ന് മനസ്സിലാക്കി. ഈ കുടുംബത്തേയും ലോകത്തിലുള്ള മററനേകരെയും പോലെ നിങ്ങൾക്കും ആത്മീയ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയും. (യോഹന്നാൻ 8:32) മരിച്ചവരെക്കുറിച്ചുള്ള സത്യവും മനുഷ്യവർഗ്ഗത്തെക്കുറിച്ചുള്ള ദൈവോദ്ദേശ്യവും മനസ്സിലാക്കുക. അപ്പോൾ നിങ്ങൾക്ക് യഹോവയുടെ പുതിയ വ്യവസ്ഥിതിയിലേക്ക് പ്രത്യാശയോടെ നോക്കാൻ കഴിയും. അവിടെ നിങ്ങൾക്ക് പുനരുത്ഥാനം പ്രാപിച്ച പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതിനും സമാധാന പൂർണ്ണമായ അവസ്ഥയിൽ നിത്യജീവൻ ആസ്വദിക്കുന്നതിനും കഴിയും.—യെശയ്യാവ് 25:8. (w88 1/15)
[4-ാം പേജിലെ ചിത്രം]
ശൗൽ രാജാവ് മരിച്ച ശമുവേൽ പ്രവാചകനിൽ നിന്ന് ഒരു സന്ദേശം ആവശ്യപ്പെട്ടപ്പോൾ വാസ്തവത്തിൽ ആരാണ് സംസാരിച്ചത്?