ബൈബിൾ എഴുതിയത് ആര്?
“ബൈബിൾ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്,” സംശയാലുക്കൾ അവകാശപ്പെടുന്നു. “കൂടാതെ അതിൽ മാനുഷ തത്വശാസ്ത്രം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആർക്കെങ്കിലും അതിനെ ആശ്രയയോഗ്യമായ ജീവിത വഴികാട്ടിയായി എങ്ങനെ സ്വീകരിക്കാൻ കഴിയും?”
ബൈബിൾ പിശകുകളുള്ള, മാനുഷ ചിന്ത ഉൾക്കൊള്ളുന്ന ഒരു പുസ്തകമെന്നതിലുപരി ഒന്നുമല്ല എന്നുള്ള സംശയാലുക്കളുടെ വീക്ഷണത്തിൽ നിങ്ങൾ പങ്കുചേരുന്നുണ്ടോ? ചില പുരോഹിതൻമാർ അങ്ങനെ ചെയ്യുന്നു. പരേതനായ സ്വിസ്സ് പ്രോട്ടസ്ററൻറ് ദൈവശാസ്ത്രജ്ഞൻ കാൾ ബാർത്ത് കിർചിലിക്കെ ഡോഗ്മാററക് (സഭാ വിശ്വാസപ്രമാണങ്ങൾ) എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം എഴുതി: “പ്രവാചകൻമാർക്കും അപ്പോസ്തലൻമാർക്കും അവരുടെ സംസാരത്തിലും എഴുത്തിലും തെററുവരുത്താൻ കഴിയുമായിരുന്നു.” ഒന്നിലധികം ബൈബിൾ എഴുത്തുകാർ വിവരിച്ചിട്ടുള്ള ഒരു സംഭവത്തിന്റെ വിവരണങ്ങളിലെ പദപ്രയോഗങ്ങളിൽ ചില വ്യത്യാസങ്ങൾ കണ്ടെത്താൻ കഴിയുമെന്നത് വാസ്തവം തന്നെ. ഒററ നോട്ടത്തിൽ ഒരിടത്ത് കാണുന്ന പ്രസ്താവനകളോട് തികച്ചും ഭിന്നമെന്ന് തോന്നുന്ന പ്രസ്താവനകൾ ബൈബിളിന്റെ മററു ചില ഭാഗങ്ങളിൽ കണ്ടെത്താനും കഴിയും. എന്നാൽ ഇവ വാസ്തവത്തിൽ വൈരുദ്ധ്യങ്ങളാണോ? ബൈബിൾ കേവലം മനുഷ്യരുടെ നിർമ്മിതിയാണോ? വാസ്തവത്തിൽ ബൈബിൾ എഴുതിയതാരാണ്?
ഉത്തരം ലളിതമാണ്: “മനുഷ്യർ ദൈവത്തിൽ നിന്ന് സംസാരിച്ചു.” എന്നാൽ എന്തു സംസാരിക്കണമെന്നും എന്തെഴുതണമെന്നും അവരെങ്ങനെയാണ് അറിഞ്ഞത്? ഇപ്പോൾ നാം ആരുടെ വാക്ക് ഉദ്ധരിച്ചോ ആ മനുഷ്യൻ അപ്പോസ്തലനായ ശീമോൻ പത്രോസ് “അവർ പരിശുദ്ധാത്മാവിനാൽ സംവഹിക്കപ്പെട്ടപ്പോൾ” സംസാരിച്ചു എന്ന് തുടർന്ന് വിശദീകരിക്കുന്നു.—2 പത്രോസ് 1:21.
ബൈബിൾ “ദൈവത്തിന്റെ വചനമാണ്” എന്ന് അത് ആവർത്തിച്ച് ആവർത്തിച്ച് ഊന്നിപ്പറയുന്നു എന്നത് ഒരു വസ്തുതയാണ്. സങ്കീർത്തനം 119-ന്റെ 176 വാക്യങ്ങളിൽ മാത്രം ഈ ആശയം 176 പ്രാവശ്യം പരാമർശിച്ചിരിക്കുന്നു! എഴുത്തുകാർ സാധാരണയായി ഒരു പുസ്തകം തങ്ങൾ എഴുതി എന്ന് മററുള്ളവരെ അറിയിക്കാൻ ആഗ്രഹിക്കുന്നു എന്ന വസ്തുത ഇതിനെ ശ്രദ്ധേയമാക്കുന്നു. എന്നാൽ ബൈബിൾ എഴുതിയ എഴുത്തുകാർ അങ്ങനെയായിരുന്നില്ല. എല്ലാ ബഹുമതിയും ദൈവത്തിനു തന്നെ ചെല്ലേണ്ടിയിരുന്നു. അത് അവരുടേതല്ല അവന്റെ പുസ്തകമായിരുന്നു.—1 തെസ്സലോനിക്യർ 2:13; 2 ശമുവേൽ 23:2.
“പരിശുദ്ധാത്മാവിനാൽ സംവഹിക്കപ്പെട്ട്”—എങ്ങനെ?
ഈ മനുഷ്യർ പരിശുദ്ധാത്മാവിനാൽ സംവഹിക്കപ്പെട്ടത് എങ്ങനെയായിരുന്നു? ഒന്നാം നൂററാണ്ടിലെ ഒരു ക്രിസ്ത്യാനിയായിരുന്ന തിമൊഥെയോസിനുള്ള ഒരു ലേഖനം അതിനുള്ള ഉത്തരം നൽകുന്നു: “എല്ലാ തിരുവെഴുത്തും ദൈവ നിശ്വസ്തമാണ്.” മൂല ഗ്രീക്കു പാഠത്തിലെ തെയോന്യൂസ്തോസ് എന്ന വാക്കാണ് “ദൈവനിശ്വസ്തം” എന്ന് തർജ്ജമ ചെയ്തിരിക്കുന്നത്, അക്ഷരാർത്ഥത്തിൽ “ദൈവം നിശ്വസിച്ചത്.” ദൈവം തന്റെ അദൃശ്യ കർമ്മോദ്യുക്ത ശക്തി—അവന്റെ പരിശുദ്ധാത്മാവ്—എഴുത്തുകാരുടെ മനസ്സുകളിലേക്ക് ആശയങ്ങൾ “നിശ്വസിക്കാൻ” ഉപയോഗിച്ചു. അതുകൊണ്ട് യഹോവയാം ദൈവമാണ് ബൈബിളിന്റെ ഉറവും നിർമ്മാതാവും. ഒരു ബിസ്സിനസ്സുകാരൻ തന്റെ സെക്രട്ടറിയെ ഉപയോഗിച്ചുകൊണ്ട് തനിക്കുവേണ്ടി കത്തുകളെഴുതിക്കുന്നതുപോലെ യഹോവയുടെ ചിന്തകൾ എഴുത്തിനെ നയിച്ചു.—2 തിമൊഥെയോസ് 3:16.
“ദൈവ നിശ്വസ്തം” എന്ന ഈ ആശയത്തിന് “പരിശുദ്ധാത്മാവിനാൽ സംവഹിക്കപ്പെട്ട്” എന്ന പദപ്രയോഗത്തിൽ ഒരു സമാനത കണ്ടെത്താൻ കഴിയും. അതെങ്ങനെ? “സംവഹിക്കപ്പെട്ട്” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഒരു കപ്പൽ കാററിനാൽ ഒരു നിശ്ചിത ദിശയിൽ അടിച്ചുകൊണ്ടുപോകപ്പെടുന്നതിനോടുള്ള ബന്ധത്തിൽ ഉപയോഗിക്കപ്പെടുന്നു. (പ്രവൃത്തികൾ 27:15, 17 താരതമ്യപ്പെടുത്തുക.) അപ്രകാരം കാററടിച്ച് ഒരു കപ്പലിനെ നീക്കുന്നതുപോലെ ദൈവസ്വാധീനത്തിൻകീഴിൽ, അവൻ അവരുടെമേൽ “നിശ്വസിച്ചപ്പോൾ” അവന്റെ പരിശുദ്ധാത്മാവിനാൽ സംവഹിക്കപ്പെട്ട് ബൈബിൾ എഴുത്തുകാർ ചിന്തിക്കുകയും സംസാരിക്കുകയും എഴുതുകയും ചെയ്തു.
എഴുതാൻ ദൈവത്താൽ ഉപയോഗിക്കപ്പെട്ട മനുഷ്യർ
ബൈബിളെഴുത്തുകാരെക്കുറിച്ച് ജീവചരിത്രപരമായ വളരെ കുറച്ചു വിശദാംശങ്ങളെ നമുക്കറിയാവു. തങ്ങൾക്ക് എന്തെങ്കിലും പ്രാമുഖ്യതയുണ്ടെന്നു ഗണിക്കാതെ തങ്ങളെത്തന്നെ പിന്നിലേക്ക് മാററിനിറുത്തിക്കൊണ്ട് അവർ എല്ലായ്പ്പോഴും ദൈവത്തിന് ബഹുമതി കൊടുക്കാൻ ശ്രമിച്ചു. എന്നിരുന്നാലും അവരിൽ ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരും ന്യായാധിപൻമാരും പ്രവാചകൻമാരും രാജാക്കൻമാരും ആട്ടിടയൻമാരും കൃഷിക്കാരും മീൻപിടുത്തക്കാരും ആയി—മൊത്തം ഏതാണ്ട് 40 പേർ ഉണ്ടായിരുന്നുവെന്ന് നമുക്കറിയാം. അപ്രകാരം ബൈബിൾ ദൈവത്തിൽനിന്നുള്ള ദൂതാണെങ്കിലും അതിന് ഊഷ്മളതയും വൈവിദ്ധ്യവും മനുഷ്യ സ്പർശനത്തിന്റെ ആകർഷകത്വവും ഉണ്ട്.
ബൈബിളെഴുത്തുകാരിൽ പലരും പരസ്പരം അറിഞ്ഞിരുന്നില്ല. അവർ പലരും ജീവിച്ചിരുന്ന കാലഘട്ടങ്ങൾ തമ്മിൽ നൂററാണ്ടുകളുടെ അകലമുണ്ട്, അവർ സ്വഭാവത്തിലും അനുഭവത്തിലും കൂടാതെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങളിലും വളരെ വ്യത്യസ്തരായിരുന്നു. എന്നിരുന്നാലും അവർ ചെറുപ്പക്കാരോ പ്രായമുള്ളവരോ ആയിരുന്നിട്ടും അവരുടെ എഴുത്തുകൾ സമ്പൂർണ്ണമായ യോജിപ്പ് പ്രകടമാക്കുന്നു. പുസ്തകം അന്തിമമായി പൂർത്തിയാകുന്നതുവരെ 1,600-ഓളം വർഷങ്ങളിലൂടെ അവർ എഴുതി. ഒരു സൂക്ഷ്മ പരിശോധനക്കുശേഷം ബൈബിളിന്റെ പ്രസ്താവനകൾക്ക് ശ്രദ്ധേയമായ ഒരു യോജിപ്പുണ്ടെന്ന് നിങ്ങൾ കണ്ടെത്തും. അപ്രകാരം പല എഴുത്തുകാർ ഉപയോഗിക്കപ്പെട്ടെങ്കിലും ബൈബിൾ ഒററ എഴുത്തുകാരന്റെ മനസ്സാണ് പ്രതിദ്ധ്വനിപ്പിക്കുന്നത്.
ഇത് ഒരു അസാധാരണ പുസ്തകമായ ബൈബിളിന് സാധാരണയിൽകവിഞ്ഞ ശ്രദ്ധ കൊടുക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? ഇപ്രകാരം എഴുതിയ പത്രോസിന്റെ അതേ നിഗമനത്തിലെത്തിച്ചേരാൻ നമുക്കും കഴിയേണ്ടതല്ലേ? “ഇതൊക്കെയും പ്രവാചകൻമാരുടെ ദൂതിനെ നമുക്ക് സ്ഥിരീകരിക്കമാത്രമേ ചെയ്യുന്നുള്ളു, അതിന് ശ്രദ്ധ കൊടുത്തുകൊണ്ടാൽ നന്ന്, എന്തുകൊണ്ടെന്നാൽ അത് ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെയാണ്.”—എബ്രായർ 2:1; 2 പത്രോസ് 1:19, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
എന്നാലിപ്പോൾ ബൈബിൾ പൂർവാപര വിരുദ്ധമാണ് എന്ന അവകാശവാദം സംബന്ധിച്ചെന്ത്? അതങ്ങനെയാണോ? നിങ്ങളുടെ ഉത്തരമെന്താണ്? (w88 2/1)
[4-ാം പേജിലെ ചതുരം]
“എത്ര മഹത്തായ ഒരു പുസ്തകം! എന്നെ സംബന്ധിച്ചടത്തോളം അതിന്റെ ഉള്ളടക്കത്തേക്കാൾ വിചിത്രമായിരിക്കുന്നത് അതിന്റെ പ്രതിപാദ്യരീതിയാണ്. അതിൽ ഒരു വാക്ക് ഒരു വൃക്ഷം പോലെയോ ഒരു പുഷ്പം, സമുദ്രം, നക്ഷത്രങ്ങൾ എന്നിവപോലെയോ മനുഷ്യനെപ്പോലെതന്നെയോ പ്രകൃതിയുടെ ഒരു ഉൽപ്പന്നമായിത്തീരുന്നു. അത് തളിരിടുന്നു, ഒഴുകുന്നു, തിളങ്ങുന്നു, ചിരിക്കുന്നു, എങ്ങനെയെന്ന് ഒരുവനറിഞ്ഞുകൂടാ, എന്തുകൊണ്ടെന്നും. എല്ലാം തികച്ചും സ്വാഭാവികമായി ഒരുവൻ കണ്ടെത്തുന്നു. മനുഷ്യ ജ്ഞാനത്തിന് മാത്രം സാക്ഷ്യം വഹിക്കുന്ന മററ് പുസ്തകങ്ങളിൽനിന്ന് വ്യത്യസ്തമായി അത് വാസ്തവത്തിൽ ദൈവത്തിന്റെ വചനമാണ്.”—പത്തൊൻപതാം നൂററാണ്ടിലെ ജർമ്മൻ കവിയും എഴുത്തുകാരനുമായിരുന്ന ഹെൻറിച്ച് ഹീനിന്റെ ബൈബിളിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ.
[4-ാം പേജിലെ ചിത്രം]
കാററ് പായ്ക്കപ്പലുകളെ മുന്നോട്ട് തള്ളുന്നതുപോലെ ബൈബിളെഴുത്തുകാർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ സംവഹിക്കപ്പെട്ടു