ബൈബിൾ ഒരു അതുല്യ ഗ്രന്ഥം
ലോകത്തിലെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള പുസ്തകം എന്ന് അതിനെ യഥോചിതം വിളിച്ചിരിക്കുന്നു. ബൈബിൾ മറ്റേതൊരു പുസ്തകത്തെക്കാളും അധികമായി വായിക്കപ്പെടുകയും പ്രിയങ്കരമായി കരുതപ്പെടുകയും ചെയ്തിരിക്കുന്നു. 2,000-ത്തിലധികം ഭാഷകളിലായി അതിന്റെ (മുഴുവനായോ ഭാഗികമായോ ഉള്ള) 400 കോടി പ്രതികൾ ഇന്നോളം വിതരണം ചെയ്തിട്ടുണ്ടെന്നു കണക്കാക്കിയിരിക്കുന്നു.
എന്നാൽ ബൈബിളിന്റെ വിതരണത്തെക്കാൾ വളരെയേറെ താത്പര്യമുണർത്തുന്നത് ദിവ്യഗ്രന്ഥകർത്തൃത്വം സംബന്ധിച്ച അതിന്റെ അവകാശവാദമാണ്. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാ”ണെന്നു ക്രിസ്തീയ അപ്പോസ്തലനായ പൗലൊസ് എഴുതി. (2 തിമൊഥെയൊസ് 3:16) അതിന്റെ അർഥമെന്താണ്? “ദൈവശ്വാസീയം” (ഗ്രീക്ക്, തിയോന്യൂസ്റ്റോസ്) എന്ന പദപ്രയോഗത്തിന്റെ അക്ഷരീയ അർഥം “ദൈവം നിശ്വസിച്ചത്” എന്നാണ്. ബന്ധപ്പെട്ട ഒരു ഗ്രീക്കുപദമായ ന്യൂമായുടെ അർഥം “ആത്മാവ്” എന്നാണ്. അതുകൊണ്ട്, അന്തിമഫലത്തെ മനുഷ്യന്റെയല്ല ദൈവത്തിന്റെ വചനം എന്ന് സത്യസന്ധമായി വിളിക്കത്തക്കവണ്ണം, ദൈവത്തിന്റെ പരിശുദ്ധാത്മാവ് മാനുഷ എഴുത്തുകാരെ നയിച്ചു, പ്രതീകാത്മകമായി പറഞ്ഞാൽ അവരുടെമേൽ ആത്മാവിനെ നിശ്വസിച്ചു. തീർച്ചയായും, ബൈബിൾ പഠിച്ചിട്ടുള്ള അനേകർ അതിന്റെ ആകമാന യോജിപ്പിലും ശാസ്ത്രീയ കൃത്യതയിലും എഴുത്തുകാരുടെ സത്യസന്ധതയിലും നിഷ്കപടതയിലും സർവപ്രധാനമായി നിവൃത്തിയേറിയ അതിന്റെ പ്രവചനങ്ങളിലും അത്ഭുതംകൂറിയിട്ടുണ്ട്. അവയെല്ലാം, ഈ പുസ്തകം മനുഷ്യനെക്കാൾ ഉയർന്ന ഒരു ഉറവിൽനിന്നുള്ളതാണെന്നു ചിന്തിക്കുന്ന കോടിക്കണക്കിനു വായനക്കാരെ ബോധ്യപ്പെടുത്തിയിരിക്കുന്നു.a
എന്നാൽ ബൈബിളിന്റെ എഴുത്തിനെ ദൈവം എത്ര കർശനമായി നയിച്ചു? അവൻ ബൈബിൾ പദാനുപദം ഉച്ചരിച്ചെന്നു ചിലർ പറയുന്നു. ബൈബിളിൽ കാണുന്ന ആശയങ്ങളെ മാത്രമാണ് അവൻ നിശ്വസ്തമാക്കിയത്, വാക്കുകളെയല്ലെന്ന് മറ്റുചിലർ. എന്നാൽ വാസ്തവത്തിൽ, ഒരു വിധത്തിൽ മാത്രമല്ല നിശ്വസ്തമാക്കൽ നടന്നത്, കാരണം ദൈവം “നമ്മുടെ പൂർവപിതാക്കൻമാരോട് പ്രവാചകൻമാർ മുഖാന്തരം വിവിധ വിധങ്ങളിൽ” സംസാരിച്ചു. (എബ്രായർ 1:1, NW; 1 കൊരിന്ത്യർ 12:6 താരതമ്യം ചെയ്യുക.) ബൈബിൾ എഴുതിയ ഏതാണ്ട് 40 മാനുഷ എഴുത്തുകാരോട് ദൈവം സംസാരിച്ച വിധങ്ങൾ നാം അടുത്ത ലേഖനത്തിൽ പരിശോധിക്കും.
[അടിക്കുറിപ്പുകൾ]
a കൂടുതലായ വിവരത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 53-4, 98-161 പേജുകൾ കാണുക.