ഭാഗം 4
ദൈവം തന്റെ ഉദ്ദേശ്യങ്ങൾ നമ്മെ അറിയിക്കുന്നു
1, 2. ആത്മാർത്ഥമായി ചോദിക്കുന്നവർക്കു ദൈവം ഉത്തരങ്ങൾ നൽകുന്നുവെന്നു നാം എങ്ങനെ അറിയുന്നു?
സ്നേഹവാനായ ഒരു ദൈവം തന്നെ അന്വേഷിക്കുന്ന ആത്മാർത്ഥതയുളളവർക്കു തന്റെ ഉദ്ദേശ്യം തീർച്ചയായും വെളിപ്പെടുത്തുന്നു. അവിടുന്ന് കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്, എന്നതുപോലുളള ചോദ്യങ്ങൾക്കു ജിജ്ഞാസുക്കളായ മനുഷ്യർക്ക് അവിടുന്ന് ഉത്തരങ്ങൾ നൽകുകതന്നെ ചെയ്യുന്നു.
2 ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “നീ അവനെ [ദൈവത്തെ] അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും.” “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു.” “യഹോവയായ കർത്താവു പ്രവാചകൻമാരായ തന്റെ ദാസൻമാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”—1 ദിനവൃത്താന്തം 28:9; ദാനീയേൽ 2:28; ആമോസ് 3:7.
ഉത്തരങ്ങൾ എവിടെയാണ്?
3. ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ടെന്ന് നമുക്കെവിടെ കണ്ടെത്താൻ കഴിയും?
3 ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ട്, അവിടുന്ന് അതു സംബന്ധിച്ച് എന്തു ചെയ്യും എന്നതുപോലുളള ചോദ്യങ്ങളുടെ ഉത്തരങ്ങൾ നമ്മുടെ പ്രയോജനത്തിനുവേണ്ടി അവിടുന്ന് നിശ്വസ്തതനൽകിയ രേഖയിൽ കണ്ടെത്തുന്നു. ആ രേഖ അവിടത്തെ വചനമായ വിശുദ്ധ ബൈബിളാകുന്നു. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുളളതു ആകുന്നു.”—2 തിമൊഥെയൊസ് 3:16, 17.
4, 5. ബൈബിളിനെ അതുല്യമായ ഒരു പുസ്തകമാക്കിത്തീർക്കുന്നതെന്ത്?
4 ബൈബിൾ സത്യമായും അതുല്യമായ ഒരു പുസ്തകമാകുന്നു. അതിൽ മനുഷ്യചരിത്രത്തിന്റെ അത്യന്തം കൃത്യതയുളള രേഖ അടങ്ങിയിരിക്കുന്നു, അതു മമനുഷ്യന്റെ സൃഷ്ടിക്ക് അപ്പുറത്തേക്കുപോലും പിമ്പോട്ടു പോകുന്നു. അതു കാലോചിതവുമാണ്, എന്തെന്നാൽ അതിലെ പ്രവചനങ്ങൾ നമ്മുടെ കാലത്തെയും തൊട്ടടുത്ത ഭാവിയിലെയും സംഭവങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.
5 മറെറാരു പുസ്തകത്തിനും ചരിത്രകൃത്യതക്കുളള അത്തരം സാക്ഷ്യപത്രങ്ങൾ ഇല്ല. ദൃഷ്ടാന്തത്തിന്, ചിരസമ്മതരായ പുരാതന എഴുത്തുകാരുടെ ഏതാനും കയ്യെഴുത്തു പ്രതികളേ സ്ഥിതിചെയ്യുന്നുളളു. എന്നാൽ ബൈബിളിന്റെ അനേകം കയ്യെഴുത്തുപ്രതികൾ സ്ഥിതിചെയ്യുന്നുണ്ട്, ചിലതു ഭാഗികവും ചിലതു പൂർണ്ണവുമാണ്: എബ്രായ തിരുവെഴുത്തുകളുടെ (“പഴയനിയമ”ത്തിന്റെ 39 പുസ്തകങ്ങൾ) ഏതാണ്ട് 6,000-വും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ (“പുതിയനിയമ”ത്തിന്റെ 27 പുസ്തകങ്ങൾ) ഏതാണ്ട് 13,000-വും തന്നെ.
6. ബൈബിൾ ഇന്ന് അടിസ്ഥാനപരമായി ദൈവം അതിനു നിശ്വസ്തത നൽകിയപ്പോഴത്തെ അതേ അവസ്ഥയിൽതന്നെയാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
6 ബൈബിളിനു നിശ്വസ്തത നൽകിയ സർവ്വശക്തനായ ദൈവം ആ കയ്യെഴുത്തു പ്രതികളിൽ അതിന്റെ മൂലപാഠത്തിന്റെ നിർമ്മലത കാത്തുസൂക്ഷിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തി. അതുകൊണ്ട് ഇന്നത്തെ നമ്മുടെ ബൈബിളുകൾ സാക്ഷാൽ ആദിമ നിശ്വസ്ത എഴുത്തുകളെപ്പോലെ തന്നെയാണ്. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ചില കയ്യെഴുത്തുപ്രതികൾ അതിന്റെ ആദിമ എഴുത്തുനടന്ന കാലശേഷം ഒരു നൂറുവർഷത്തിനുളളിലേതാണെന്നുളളത് ഇതു വിലമതിക്കാൻ നമ്മെ സഹായിക്കുന്ന മറെറാരു ഘടകമാണ്. പുരാതന ലൗകിക എഴുത്തുകാരുടെ ഇപ്പോഴും സ്ഥിതിചെയ്യുന്ന ഏതാനും കയ്യെഴുത്തുപ്രതികൾ ആദിമ എഴുത്തുകാർ ജീവിച്ചിരുന്നതിനു പല നൂററാണ്ടുകൾക്കുളളിലേതായിരിക്കുന്നതു വിരളമാണ്.
ദൈവത്തിന്റെ സമ്മാനം
7. ബൈബിളിന്റെ പ്രചാരം എത്ര വ്യാപകമാണ്?
7 ചരിത്രത്തിൽ ഏററവുമധികം വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന പുസ്തകം ബൈബിളാണ്. ഏതാണ്ട് 300 കോടി പ്രതികൾ അച്ചടിച്ചിട്ടുണ്ട്. മറെറാരു പുസ്തകവും അതിന്റെ അടുത്തെങ്ങും എത്തുന്നില്ല. ബൈബിളോ അതിന്റെ ഭാഗങ്ങളോ ഏതാണ്ട് 2,000 ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. അങ്ങനെ, നമ്മുടെ ഗ്രഹത്തിലെ ജനസംഖ്യയുടെ 98 ശതമാനത്തിനും ബൈബിൾ ലഭ്യമാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.
8-10. ബൈബിൾ നമ്മുടെ പരിശോധന അർഹിക്കുന്നതിന്റെ ചില കാരണങ്ങൾ ഏവ?
8 ദൈവത്തിൽനിന്നുളളതായി അവകാശപ്പെടുന്നതും പ്രാമാണികതയുടെ ബാഹ്യവും ആന്തരികവുമായ സകല തെളിവുകളുമുളളതും ആയ ഒരു പുസ്തകം തീർച്ചയായും നമ്മുടെ പരിശോധന അർഹിക്കുന്നതാണ്.a അതു ജീവിതത്തിന്റെ ഉദ്ദേശ്യവും ലോകാവസ്ഥകളുടെ അർത്ഥവും ഭാവി എന്തു കരുതിവെച്ചിരിക്കുന്നുവെന്നും വിശദീകരിക്കുന്നു. മറെറാരു പുസ്തകത്തിനും അതു ചെയ്യാൻ കഴികയില്ല.
9 അതേ, ബൈബിൾ മനുഷ്യകുടുംബത്തിനുളള ദൈവത്തിന്റെ സന്ദേശമാണ്. ഏകദേശം 40 മനുഷ്യർ എഴുത്തു നിർവ്വഹിച്ചപ്പോൾ അവിടുന്ന് തന്റെ പ്രവർത്തനനിരതമായ ശക്തിയെ അഥവാ ആത്മാവിനെ ഉപയോഗിച്ച് അതിന്റെ എഴുത്തിനെ നയിച്ചു. അങ്ങനെ ദൈവം തന്റെ വചനമായ വിശുദ്ധ ബൈബിളിലൂടെ നമ്മോടു സംസാരിക്കുന്നു. അപ്പോസ്തലനായ പൗലോസ് എഴുതി: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മമനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നെ കൈക്കൊണ്ടു.”—1 തെസ്സലൊനീക്യർ 2:13.
10 ഐക്യനാടുകളുടെ 16-ാമത്തെ പ്രസിഡൻറായിരുന്ന ഏബ്രഹാം ലിങ്കൺ ബൈബിളിനെ, “ദൈവം മനുഷ്യനു നൽകിയിട്ടുളളതിലേക്കും ഏററവും മികച്ച സമ്മാനം . . .” എന്നു വിളിച്ചു. “അതില്ലായിരുന്നെങ്കിൽ നാം തെററും ശരിയും അറിയില്ലായിരുന്നു.” അങ്ങനെയെങ്കിൽ, കഷ്ടപ്പാട് എങ്ങനെ തുടങ്ങി, ദൈവം അത് അനുവദിച്ചതെന്തുകൊണ്ട്, അതു സംബന്ധിച്ച് അവിടുന്ന് എന്തു ചെയ്യും എന്നീ കാര്യങ്ങൾ സംബന്ധിച്ച് ഈ അതിശ്രേഷ്ഠസമ്മാനം നമ്മോട് എന്തു പറയുന്നു?
[അടിക്കുറിപ്പുകൾ]
a ബൈബിളിന്റെ പ്രാമാണികത സംബന്ധിച്ച കൂടുതൽ വിശദമായ വിവരത്തിന് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി 1989-ൽ പ്രസിദ്ധീകരിച്ച ദ ബൈബിൾ—ഗോഡ്സ് വേഡ് ഓർ മാൻസ്? എന്ന പുസ്തകം കാണുക.
[10-ാം പേജിലെ ചിത്രം]
ദൈവനിശ്വസ്തമായ ബൈബിൾ മനുഷ്യകുടുംബത്തിനുളള അവിടത്തെ സന്ദേശമാണ്