അധ്യായം 5
ബൈബിൾ യഥാർഥത്തിൽ ദൈവത്തിൽനിന്നുളളതാണോ?
1. ദൈവം തന്നേക്കുറിച്ചുതന്നെയുളള വിവരങ്ങൾ നൽകുമെന്നു വിശ്വസിക്കുന്നതു ന്യായമായിരിക്കുന്നതെന്തുകൊണ്ട്?
1 യഹോവയാം ദൈവം തന്നേക്കുറിച്ചുതന്നെയുളള വിവരങ്ങൾ നമുക്കു നൽകിയിട്ടുണ്ടോ? താൻ ചെയ്തിരിക്കുന്നതും ഇനിയും ചെയ്യാനുദ്ദേശിക്കുന്നതും അവൻ നമ്മോടു പറഞ്ഞിട്ടുണ്ടോ? തന്റെ മക്കളെ സ്നേഹിക്കുന്ന ഒരു പിതാവ് അവരോട് അനേകം കാര്യങ്ങൾ പറയുന്നു. നാം കണ്ടു കഴിഞ്ഞതനുസരിച്ച് യഹോവ തീർച്ചയായും സ്നേഹവാനായ ഒരു പിതാവാണ്.
2. (എ) യഹോവക്കു തന്നേക്കുറിച്ചുതന്നെ നമ്മോടു പയുന്നതിനുളള ഒരു നല്ല മാർഗമെന്താണ്? (ബി) ഇത് ഏതു ചോദ്യങ്ങൾ ഉദിപ്പിക്കുന്നു?
2 യഹോവക്കു ഭൂമിയുടെ പല ഭാഗങ്ങളിലും വ്യത്യസ്ത കാലഘട്ടങ്ങളിലും ജീവിക്കുന്ന മനുഷ്യരെ എങ്ങനെ വിവരങ്ങൾ ധരിപ്പിക്കാൻ കഴിയും? അവൻ ഒരു പുസ്തകം എഴുതിച്ച് എല്ലാവർക്കും ലഭ്യമാക്കുന്നതാണു വിശിഷ്ടമായ ഒരു മാർഗം. ബൈബിൾ ദൈവത്തിൽനിന്നുളള അത്തരമൊരു പുസ്തകമാണോ? ആണോയെന്നു നമുക്ക് എങ്ങനെ അറിയാം?
ബൈബിൾ പോലെ മറെറാരു പുസ്തകവുമില്ല
3. ബൈബിൾ ഒരു മികച്ച പുസ്തകമായിരിക്കുന്ന ഒരു വിധമേത്?
3 ബൈബിൾ യഥാർഥത്തിൽ ദൈവത്തിൽനിന്നുളളതാണെങ്കിൽ അത് എഴുതപ്പെട്ടിട്ടുളളതിലേക്കും അത്യന്തം മികച്ച പുസ്തകമായിരിക്കുമെന്നു നാം പ്രതീക്ഷിക്കേണ്ടതാണ്. അത് അങ്ങനെയാണോ? അതെ. അതിനു പല കാരണങ്ങളുമുണ്ട്. ഒന്നാമത്, അതിനു വളരെ പഴക്കമുണ്ട്; സകല മനുഷ്യവർഗത്തിനുംവേണ്ടിയുളള ദൈവവചനം അല്പകാലംമുമ്പ് എഴുതപ്പെട്ടതായിരിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുകയില്ല, അല്ലേ? ഏതാണ്ട്, 3,500 വർഷം മുമ്പാണ് എബ്രായഭാഷയിൽ അതിന്റെ എഴുത്താരംഭിച്ചത്. പിന്നീട്, 2,200-ൽപരം വർഷംമുമ്പു മററു ഭാഷകളിലേക്ക് അതു വിവർത്തനം ചെയ്തുതുടങ്ങി. ഇക്കാലത്തു ഭൂമിയിലെ മിക്കവാറും എല്ലാവർക്കും സ്വന്തം ഭാഷയിൽ ബൈബിൾ വായിക്കാൻ കഴിയും.
4. ഉല്പാദിപ്പിക്കപ്പെട്ട ബൈബിളുകളുടെ എണ്ണത്തെ മററു പുസ്തകങ്ങളുടേതിനോട് എങ്ങനെ താരതമ്യപ്പെടുത്താം?
4 കൂടാതെ ബൈബിളിനോളം പ്രതികൾ മറെറാരു പുസ്തകത്തിനും ഉണ്ടായിട്ടില്ല. ആയിരക്കണക്കിനു പ്രതികൾ ഉല്പാദിപ്പിക്കുന്നുവെങ്കിൽ മാത്രമേ ഒരു പുസ്തകത്തെ “ബസ്ററ് സെല്ലർ” (ഏററവും നല്ല വില്പനയുളള പുസ്തകം) എന്നു വിളിക്കുകയുളളു. എന്നാൽ ഓരോ വർഷവും ബൈബിളിന്റെ അനേക ദശലക്ഷം പ്രതികൾ അച്ചടിക്കപ്പെടുന്നുണ്ട്. നൂററാണ്ടുകളിൽ ശതകോടികൾതന്നെ നിർമിച്ചിട്ടുണ്ട്! ഭൂമിയിൽ, എത്ര ഒററപ്പെട്ടടമായിരുന്നാലും, ഒരു ബൈബിൾ കണ്ടെത്താൻ കഴിയാത്ത ഒരു സ്ഥലം ഇല്ലതന്നെ. യഥാർഥത്തിൽ ദൈവത്തിൽനിന്നുളള ഒരു പുസ്തകത്തെ സംബന്ധിച്ചു നിങ്ങൾ അതല്ലേ പ്രതീക്ഷിക്കുന്നത്?
5. ബൈബിളിനെ നശിപ്പിക്കാൻ ഏതു ശ്രമങ്ങൾ ചെയ്യപ്പെട്ടിട്ടുണ്ട്?
5 എന്നാൽ ബൈബിളിന്റെ ഈ വലിയ പ്രചാരത്തെ കൂടുതൽ പ്രമുഖമാക്കിത്തീർക്കുന്നതു ശത്രുക്കൾ അതിനെ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നുളള വസ്തുതയാണ്. എന്നാൽ ദൈവത്തിൽനിന്നുളള ഒരു പുസ്തകം പിശാചിന്റെ ഏജൻറൻമാരുടെ ആക്രമണത്തിനു വിധേയമാകുമെന്നു നാം പ്രതീക്ഷിക്കേണ്ടതല്ലേ? അതുതന്നെയാണു സംഭവിച്ചിരിക്കുന്നതും. ബൈബിൾ ചുട്ടെരിക്കൽ ഒരു കാലത്തു സാധാരണമായിരുന്നു. ബൈബിൾ വായിക്കുന്നതായി കാണപ്പെട്ടവർ മിക്കപ്പോഴും മരണശിക്ഷയനുഭവിച്ചിരുന്നു.
6. (എ) ബൈബിൾ ഏതു പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു? (ബി) തങ്ങൾക്കു വിവരങ്ങൾ എവിടെനിന്നു ലഭിച്ചുവെന്നു ബൈബിളെഴുത്തുകാർ അവകാശപ്പെടുന്നു?
6 ദൈവത്തിൽനിന്നുളള ഒരു പുസ്തകം നമ്മളെല്ലാം അറിയാനാഗ്രഹിക്കുന്ന പ്രധാന കാര്യങ്ങൾ ചർച്ചചെയ്യുമെന്നു നിങ്ങൾ പ്രതീക്ഷിക്കും. ‘ജീവൻ എവിടെനിന്ന് ഉണ്ടായി?’ ‘നാം ഇവിടെ സ്ഥിതിചെയ്യുന്നതെന്തുകൊണ്ട്?’ ‘ഭാവി എന്തു കൈവരുത്തും?’ എന്നിവ അത് ഉത്തരം നൽകുന്ന ചില ചോദ്യങ്ങളാണ്. അതിലെ വിവരങ്ങൾ യഹോവയാം ദൈവത്തിൽനിന്നുളളവയാണെന്ന് അതു വ്യക്തമായി പറയുന്നു. ഒരു ബൈബിളെഴുത്തുകാരൻ പറഞ്ഞു: “എന്നിലൂടെ സംസാരിച്ചതു യഹോവയുടെ ആത്മാവായിരുന്നു. അവന്റെ വചനം എന്റെ നാവിൻമേൽ ഉണ്ടായിരുന്നു.” (2 ശമുവേൽ 23:2) മറെറാരാൾ എഴുതി: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്.” (2 തിമൊഥെയോസ് 3:16) ബൈബിൾ ദൈവവചനമാണെന്ന് അതു സുനിശ്ചിതമായി പറയുന്നതുകൊണ്ട് അത് അങ്ങനെതന്നെയോ എന്നു പരിശോധിക്കുന്നതു ബുദ്ധിയായിരിക്കുകയില്ലേ?
ബൈബിൾ എഴുതപ്പെട്ട വിധം
7. (എ) ബൈബിൾ എഴുതിയതാർ? (ബി) അപ്പോൾ അതു ദൈവവചനമാണെന്ന് എങ്ങനെ പറയാൻ കഴിയും?
7 ‘എന്നാൽ ബൈബിൾ മനുഷ്യർ എഴുതിയതായതിനാൽ അതു ദൈവത്തിൽനിന്നുളളതായിരിക്കാൻ എങ്ങനെ കഴിയും?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ബൈബിൾ എഴുതുന്നതിൽ 40-ഓളം മനുഷ്യർ പങ്കെടുത്തുവെന്നതു സത്യം തന്നെ. പത്തു കല്പനകൾ ഒഴിച്ചുളള ബൈബിൾ ഭാഗങ്ങൾ യഥാർഥത്തിൽ എഴുതിയത് ഈ മനുഷ്യരായിരുന്നു. പത്തു കല്പനകൾ ദൈവം തന്റെ പരിശുദ്ധാത്മാവിന്റെ നേരിട്ടുളള പ്രവർത്തനത്താൽ വ്യക്തിപരമായി കല്പലകകളിൻമേൽ എഴുതി. (പുറപ്പാട് 31:18) എന്നുവരികിലും ഇത് അവർ എഴുതിയതിനെ ദൈവവചനമല്ലാതാക്കുന്നില്ല. ബൈബിൾ വിശദീകരിക്കുന്നു: “മനുഷ്യർ ദൈവാത്മാവിനാൽ നയിക്കപ്പെട്ടപ്പോൾ അവർ ദൈവത്തിൽനിന്നുളളതായി സംസാരിച്ചു.” (2 പത്രോസ് 1:21) അതെ, ആകാശങ്ങളെയും ഭൂമിയെയും സകല ജീവികളെയും സൃഷ്ടിക്കാൻ ദൈവം തന്റെ ശക്തമായ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചതുപോലെ, ബൈബിളിന്റെ എഴുത്തിനെ നയിക്കാനും അവൻ അതിനെ ഉപയോഗിച്ചു.
8, 9. ദൈവം ബൈബിൾ എങ്ങനെ എഴുതിച്ചുവെന്നു മനസ്സിലാക്കാൻ ഇന്ന് ഏതു ദൃഷ്ടാന്തങ്ങൾക്കു നമ്മെ സഹായിക്കാൻ കഴിയും?
8 ഇതിന്റെ അർഥം ബൈബിളിന് ഒരു ഗ്രന്ഥകർത്താവേ ഉളളുവെന്നാണ്—യഹോവയാം ദൈവം തന്നെ. ഒരു ബിസിനസ്സുകാരൻ ഒരു എഴുത്തെഴുതാൻ ഒരു സെക്രട്ടറിയെ ഉപയോഗിക്കുന്നതുപോലെ അവൻ വിവരങ്ങളെഴുതാൻ മനുഷ്യരെ ഉപയോഗിക്കുകയാണുണ്ടായത്. എഴുത്ത സെക്രട്ടറി എഴുതിയതായാലും അതിൽ ബിസിനസ്സുകാരന്റെ ചിന്തകളും ആശയങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് അത് അയാളുടെ എഴുത്താണ്, സെക്രട്ടറിയുടേതല്ല. അതുപോലെ ബൈബിൾ ദൈവത്തിന്റെ പുസ്തകമാണ്. അത് എഴുതാൻ ഉപയോഗിക്കപ്പെട്ട മനുഷ്യരുടേതല്ല.
9 മനസ്സ് സൃഷ്ടിച്ചതു ദൈവമായതുകൊണ്ട് എഴുതാനുളള വിവരങ്ങൾ നൽകുന്നതിനു തന്റെ ദാസൻമാരുടെ മനസ്സുകളുമായി സമ്പർക്കം പുലർത്താൻ തീർച്ചയായും അവനു പ്രയാസമില്ലായിരുന്നു. ഇന്നുപോലും ഒരു മനുഷ്യനു തന്റെ വീട്ടിലിരുന്നു റേഡിയോയോ ടെലിവിഷൻ സെറേറാ മുഖേന വിദൂരസ്ഥലത്തുനിന്നുളള സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയും. ശബ്ദങ്ങളും ചിത്രങ്ങളും ദൈവം സൃഷ്ടിച്ച ഭൗതികനിയമങ്ങളുടെ ഉപയോഗത്താൽ വളരെ ദൂരം സഞ്ചരിക്കുന്നു. അതുകൊണ്ട് മനുഷ്യകുടുംബം അറിയണമെന്നു യഹോവ ആഗ്രഹിച്ച വിവരങ്ങൾ എഴുതാൻ അവന്റെ സ്വർഗത്തിലെ വിദൂരസ്ഥലത്തുനിന്നു മനുഷ്യരെ നയിക്കുന്നതിന് അവനു കഴിഞ്ഞതു മനസ്സിലാക്കുക എളുപ്പമാണ്.
10. (എ) ബൈബിളിന് എത്ര പുസ്തകങ്ങളുണ്ട്, അവ ഏതു കാലഘട്ടത്തിൽ എഴുതി? (ബി) ബൈബിളിലുടനീളമുളള മുഖ്യ പ്രതിപാദ്യവിഷയമെന്ത്?
10 ഒരു അത്ഭുതകരമായ പുസ്തകം കിട്ടിയെന്നതാണു ഫലം. യഥാർഥത്തിൽ ബൈബിളിൽ 66 ചെറുപുസ്തകങ്ങൾ അടങ്ങിയിരിക്കുന്നു. “ബൈബിൾ” എന്ന പദം ബിബ്ളിയാ എന്ന ഗ്രീക്കു പദത്തിൽനിന്ന് ഉണ്ടായതാണ്. ബിബ്ലിയാ എന്ന പദത്തിന്റെ അർഥം “ചെറുപുസ്തകങ്ങൾ” എന്നാണ്. ഈ പുസ്തകങ്ങൾ അഥവാ എഴുത്തുകൾ പൊ. യു. മു. 1513 മുതൽ പൊ. യു. 98 വരെയുളള 1,600-ൽ അധികം വർഷങ്ങൾകൊണ്ടാണ് എഴുതപ്പെട്ടത്. എന്നിരുന്നാലും, ഒരൊററ ഗ്രന്ഥകർത്താവേ ഉളളുവെന്നതുകൊണ്ട് ഈ ബൈബിൾ പുസ്തകങ്ങളെല്ലാം പരസ്പരം യോജിപ്പുളളവയാണ്. ഒരേ പ്രതിപാദ്യവിഷയമാണ് ഉടനീളം കാണാവുന്നത്, അത് യഹോവയായ ദൈവം തന്റെ രാജ്യം മുഖേന നീതിയുളള അവസ്ഥകൾ തിരികെ വരുത്തുമെന്നുളളതാണ്. ദൈവത്തോടുളള മത്സരം നിമിത്തം ഒരു പറുദീസാഭവനം നഷ്ടപ്പെട്ടതെങ്ങനെയെന്ന് ആദ്യപുസ്തകമായ ഉല്പത്തി പറയുന്നു. ഭൂമി ദൈവഭരണം മുഖേന വീണ്ടും ഒരു പറുദീസാ ആക്കപ്പെടുന്നതെങ്ങനെയെന്ന് അവസാനത്തെ പുസ്തകമായ വെളിപ്പാട് വർണിക്കുന്നു.—ഉല്പത്തി 3:19, 23; വെളിപ്പാട് 12:10; 21:3, 4.
11. (എ) ബൈബിളെഴുതാൻ ഉപയോഗിക്കപ്പെട്ട ഭാഷകൾ ഏതൊക്കെയായിരുന്നു? (ബി) ബൈബിൾ ഏതു രണ്ടു മുഖ്യഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു? എന്നാൽ അവയുടെ ഐക്യത്തെ പ്രകടമാക്കുന്നത് എന്ത്?
11 ബൈബിളിന്റെ ആദ്യത്തെ 39 പുസ്തകങ്ങൾ മുഖ്യമായി എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്, വളരെ ചെറിയ ഭാഗങ്ങൾ അരാമ്യയിലും. അവസാനത്തെ 27 പുസ്തകങ്ങൾ ഗ്രീക്കിൽ എഴുതപ്പെട്ടു, യേശുവും അവന്റെ ക്രിസ്തീയാനുഗാമികളും ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ആളുകളുടെ പൊതുഭാഷ ഗ്രീക്കായിരുന്നു. ബൈബിളിന്റെ ഈ രണ്ടു പ്രധാനഭാഗങ്ങൾ ഉചിതമായി “എബ്രായ തിരുവെഴുത്തുകൾ” എന്നും “ഗ്രീക്കു തിരുവെഴുത്തുകൾ” എന്നും വിളിക്കപ്പെടുന്നു. അന്യോന്യമുളള അവയുടെ യോജിപ്പു പ്രകടമാക്കത്തക്കവണ്ണം ഗ്രീക്കു തിരുവെഴുത്തുകൾ എബ്രായ തിരുവെഴുത്തുകളിൽനിന്ന് 365-ൽ അധികം പ്രാവശ്യം ഉദ്ധരിക്കുകയും 375-ഓളം പ്രാവശ്യം അവയെ കൂടുതലായി പരാമർശിക്കുകയും ചെയ്യുന്നു.
ബൈബിൾ എല്ലാവർക്കും ലഭ്യമാക്കുന്നു
12. യഹോവ ബൈബിളിന്റെ പ്രതികൾ ഉണ്ടാക്കിച്ചതെന്തുകൊണ്ട്?
12 മൂലഎഴുത്തുകൾ മാത്രമേ ലഭ്യമായിരുന്നുളളുവെങ്കിൽ എല്ലാവർക്കും എങ്ങനെ ദൈവവചനം വായിക്കാൻ കഴിയും? അതു സാധ്യമല്ല. അതുകൊണ്ടു മൂല എബ്രായ എഴുത്തുകളുടെ പകർപ്പുകൾ ഉണ്ടാക്കാൻ യഹോവ ക്രമീകരണം ചെയ്തു. (ആവർത്തനം 17:18) ദൃഷ്ടാന്തമായി എസ്രായെ “ഇസ്രായേലിന്റെ ദൈവമായ യഹോവ നൽകിയിരുന്ന മോശയുടെ നിയമത്തിന്റെ ഒരു വിദഗ്ധ പകർപ്പെഴുത്തുകാരൻ” എന്നു വിളിച്ചിരിക്കുന്നു. (എസ്രാ 7:6) കൂടാതെ ഗ്രീക്കു തിരുവെഴുത്തുകളുടെ അനേകായിരം പകർപ്പുകൾ നിർമിക്കപ്പെട്ടിട്ടുണ്ട്.
13. (എ) മിക്കയാളുകൾക്കും ബൈബിൾ വായിക്കാൻ കഴിയുന്നതിന് ആവശ്യമായിരുന്നതെന്ത്? (ബി) ബൈബിളിന്റെ ആദ്യത്തെ വിവർത്തനം ഉണ്ടായതെപ്പോൾ?
13 നിങ്ങൾ എബ്രായയോ ഗ്രീക്കോ വായിക്കുമോ? ഇല്ലെങ്കിൽ, നിങ്ങൾക്കു ബൈബിളിന്റെ ആദ്യകാലത്തെ കൈയെഴുത്തുപ്രതികൾ വായിക്കാൻ കഴികയില്ല. അവയിൽ ചിലത് ഇപ്പോഴും സ്ഥിതിചെയ്യുന്നുണ്ട്. അതുകൊണ്ട്, നിങ്ങൾക്കു ബൈബിൾ വായിക്കണമെങ്കിൽ നിങ്ങൾക്കറിയാവുന്ന ഭാഷയിൽ ആരെങ്കിലും ബൈബിൾ പരിഭാഷപ്പെടുത്തണമായിരുന്നു. ഒരു ഭാഷയിൽനിന്നു മറെറാന്നിലേക്കുളള ഈ വിവർത്തനം കൂടുതലാളുകൾ ദൈവവചനം വായിക്കുക സാധ്യമാക്കിയിരിക്കുന്നു. ദൃഷ്ടാന്തമായി, യേശു ഭൂമിയിൽ ജീവിച്ചതിന് ഏതാണ്ട് 300 വർഷംമുമ്പു മിക്കയാളുകളും ഗ്രീക്കുഭാഷ സംസാരിക്കാൻ തുടങ്ങി. അതുകൊണ്ട് പൊ. യു. മു. 280-ൽ എബ്രായ തിരുവെഴുത്തുകൾ ഗ്രീക്കിലേക്കു വിവർത്തനം ചെയ്തു തുടങ്ങി. ഈ ആദിമ വിവർത്തനം “സെപ്ററുവജിൻറ്” എന്നു വിളിക്കപ്പെട്ടു.
14. (എ) ബൈബിൾ വിവർത്തനത്തെ തടയാൻ ചില മതനേതാക്കൻമാർ പോരാടിയതെന്തുകൊണ്ട്? (ബി) അവർ പോരാട്ടത്തിൽ പരാജയപ്പെട്ടുവെന്നു തെളിയിക്കുന്നതെന്ത്?
14 പില്ക്കാലത്തു ലത്തീൻ അനേകരുടെ പൊതുഭാഷ ആയിത്തീർന്നു. അതുകൊണ്ട് ബൈബിൾ ലത്തീനിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. എന്നാൽ നൂററാണ്ടുകൾ കടന്നുപോയതോടെ ലത്തീൻ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞുവരാൻ തുടങ്ങി. മിക്കയാളുകളും അറബി, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇററാലിയൻ, ജർമൻ, ഇംഗ്ലീഷ് എന്നിങ്ങനെ മററു ഭാഷകൾ സംസാരിച്ചുതുടങ്ങി. സാധാരണക്കാരന്റെ ഭാഷയിലേക്കു ബൈബിൾ വിവർത്തനം ചെയ്യുന്നതിനെ തടയാൻ കത്തോലിക്കാ മതനേതാക്കൾ കുറെക്കാലം പോരാടി. ബൈബിൾ കൈവശമുളളവരെ അവർ സ്തംഭത്തിൽ തൂക്കി ചുട്ടെരിക്കുകപോലും ചെയ്തു. ബൈബിൾ അവരുടെ വ്യാജോപദേശങ്ങളെയും ദുരാചാരങ്ങളെയും തുറന്നുകാട്ടിയതുകൊണ്ടാണ് അവർ ഇതു ചെയ്തത്. എന്നാൽ കാലക്രമത്തിൽ ഈ മതനേതാക്കൻമാർ പോരാട്ടത്തിൽ തോററു. ബൈബിൾ അനേകം ഭാഷകളിലേക്കു വിവർത്തനം ചെയ്തു തുടങ്ങി. ധാരാളമായി വിതരണം ചെയ്യുകയും ചെയ്തു. ഇന്നു ബൈബിൾ മുഴുവനായോ ഭാഗികമായോ 1,700-ൽ പരം ഭാഷകളിൽ വായിക്കാൻ കഴിയും!
15. പുതിയ ബൈബിൾ ഭാഷാന്തരങ്ങൾ ഉണ്ടാകുന്നതു നല്ലതായിരിക്കുന്നതെന്തുകൊണ്ട്?
15 വർഷങ്ങൾ കടന്നുപോയതോടെ ബൈബിളിന്റെ അനേകം വ്യത്യസ്ത വിവർത്തനങ്ങൾ ഒരേ ഭാഷയിൽത്തന്നെ ഉളവാക്കപ്പെട്ടു. ദൃഷ്ടാന്തത്തിന്, ഇംഗ്ലീഷിൽത്തന്നെ ഡസൻ കണക്കിനു ബൈബിൾ ഭാഷാന്തരങ്ങളുണ്ട്. എന്തുകൊണ്ട്? ഒന്നു പോരേ? കൊളളാം, പല വർഷങ്ങൾകൊണ്ടു ഭാഷയ്ക്കു വലിയ മാററമുണ്ടാകും. നിങ്ങൾ വളരെ പഴയ ബൈബിൾ ഭാഷാന്തരങ്ങളും പുതിയ ഭാഷാന്തരങ്ങളും തമ്മിൽ താരതമ്യപ്പെടുത്തുന്നുവെങ്കിൽ നിങ്ങൾ ഭാഷയിലെ മാററങ്ങൾ കാണും. അവയെല്ലാം ഒട്ടുമിക്കപ്പോഴും ഒരേ ആശയം നൽകുന്നുവെന്നിരിക്കെ, ആധുനിക നാളുകളിൽ അച്ചടിച്ചിരിക്കുന്ന വിവർത്തനങ്ങൾ പൊതുവേ മനസ്സിലാക്കാൻ കൂടുതൽ എളുപ്പമാണെന്നു നിങ്ങൾ കണ്ടെത്തും. അതുകൊണ്ട് പുതിയ ബൈബിൾ ഭാഷാന്തരങ്ങളുളളതിൽ നമുക്കു നന്ദിയുളളവരായിരിക്കാൻ കഴിയും. കാരണം അവ ഇക്കാലത്തു മനസ്സിലാക്കാൻ എളുപ്പമുളള സാധാരണ ഭാഷയിൽ ദൈവവചനത്തെ ലഭ്യമാക്കുന്നു.
ബൈബിളിനു മാററമുണ്ടായിട്ടുണ്ടോ?
16. ബൈബിളിനു മാററം വരുത്തിയിട്ടുണ്ടെന്നു ചിലർ വിശ്വസിക്കുന്നതെന്തുകൊണ്ട്?
16 എന്നാൽ ‘ബൈബിളെഴുത്തുകാർക്കു ദൈവത്തിൽനിന്നു ലഭിച്ച അതേ വിവരങ്ങൾതന്നെയാണ് ഇന്നു നമ്മുടെ ബൈബിളുകളിൽ ഉളളതെന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ബൈബിൾ പുസ്തകങ്ങൾ നൂറുകണക്കിനും ആയിരക്കണക്കിനുംപോലും വർഷങ്ങളിൽ പകർത്തിയെഴുതുകയും വീണ്ടും പകർത്തിയെഴുതുകയും ചെയ്തപ്പോൾ തെററുകൾ കടന്നു കൂടിയിട്ടില്ലേ? ഉവ്വ്, എന്നാൽ ഈ തെററുകൾ കണ്ടുപിടിക്കുകയും ബൈബിളിന്റെ ആധുനിക ഭാഷാന്തരങ്ങളിൽ തിരുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യം ബൈബിളെഴുതിയവർക്കു ദൈവം പ്രദാനം ചെയ്ത അതേ വിവരങ്ങൾതന്നെയാണ് ഇന്നും അതിലുളളത്. ഇതിന് എന്തു തെളിവുണ്ട്?
17. ബൈബിളിനു മാററം വരുത്തിയിട്ടില്ലെന്നുളളതിന് എന്തു തെളിവുണ്ട്?
17 ആയിരത്തിത്തൊളളായിരത്തിനാല്പത്തിയേഴിനും 1955-നുമിടക്ക് ചാവുകടൽ ചുരുളുകൾ എന്നറിയപ്പെടുന്നവ കണ്ടുപിടിക്കപ്പെട്ടു. ഈ പഴയ ചുരുളുകളിൽ എബ്രായ തിരുവെഴുത്തുകളിലെ പുസ്തകങ്ങളുടെ പകർപ്പുകൾ ഉൾപ്പെടുന്നുണ്ട്. അവ യേശു ജനിക്കുന്നതിന് 100 മുതൽ 200 വർഷം മുമ്പു മുതലുളളവയാണ്. ചുരുളുകളിലൊന്നു യെശയ്യായുടെ പുസ്തകത്തിന്റെ ഒരു പകർപ്പാണ്. ഇതു കണ്ടുപിടിക്കുന്നതിനു മുൻപ് എബ്രായയിൽ ലഭ്യമായിരുന്ന യെശയ്യാവിന്റെ പുസ്തകത്തിന്റെ ഏററവും പഴക്കംചെന്ന പകർപ്പ് യേശു ജനച്ചതിനു ശേഷം 1,000-ത്തോളം വർഷം കഴിഞ്ഞ് ഉണ്ടാക്കിയിരുന്ന ഒന്നായിരുന്നു. യെശയ്യാവിന്റെ ഈ രണ്ടു പകർപ്പുകൾ താരതമ്യപ്പെടുത്തി നോക്കിയപ്പോൾ അവയിൽ വളരെ നിസ്സാരമായ വ്യത്യാസങ്ങളേ ഉണ്ടായിരുന്നുളളു. അവയിൽ മിക്കതും അക്ഷരവിന്യാസത്തിലുളള നിസ്സാര വ്യത്യാസങ്ങൾ ആയിരുന്നു! അതിന്റെ അർഥം 1,000-ത്തിൽപരം വർഷങ്ങളിലെ പകർത്തിയെഴുത്തിൽ യഥാർഥ മാററമൊന്നും ഉണ്ടായില്ലെന്നാണ്!
18. (എ)പകർപ്പെഴുത്തുകാരുടെ തെററുകൾ എങ്ങനെ തിരുത്തപ്പെട്ടിരിക്കുന്നു? (ബി) ഗ്രീക്കു തിരുവെഴുത്തുകളുടെ കൃത്യതയെക്കുറിച്ച് എന്തു പറയാൻ കഴിയും?
18 എബ്രായ തിരുവെഴുത്തുകളുടെ വിവിധ ഭാഗങ്ങളുടെ 1,700-ൽപരം പുരാതന പകർപ്പുകൾ ലഭ്യമാണ്. വളരെ പഴയ ഇത്രയേറെ പകർപ്പുകൾ ശ്രദ്ധാപൂർവം പരിശോധിച്ചു താരതമ്യം ചെയ്യുന്നതിനാൽ പകർപ്പെഴുത്തുകാർ വരുത്തിയ ചുരുക്കം ചില തെററുകൾപോലും കണ്ടുപിടിച്ചു തിരുത്താൻ കഴിയും. കൂടാതെ ഗ്രീക്കു തിരുവെഴുത്തുകളുടെ വളരെ പഴക്കമുളള ആയിരക്കണക്കിനു പകർപ്പുകളുണ്ട്. അവയിൽ ചിലതിനു യേശുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും കാലത്തോടടുത്ത പഴക്കമുണ്ട്. അങ്ങനെ സർ ഫ്രെഡറിക് കെനിയൻ പറഞ്ഞ പ്രകാരം “തിരുവെഴുത്തുകൾ എഴുതപ്പെട്ടതുപോലെതന്നെ ശരിയായി നമുക്കു കിട്ടിയിട്ടുണ്ടെന്നുളളതിൽ സംശയത്തിനുളള അവസാനത്തെ അടിസ്ഥാനവും ഇപ്പോൾ നീക്കപ്പെട്ടിരിക്കുന്നു.”—ബൈബിളും പുരാവസ്തുശാസ്ത്രവും, പേജുകൾ 288, 289.
19. (എ) ബൈബിളിനോടു കൂട്ടിച്ചേർക്കാനുളള ശ്രമത്തിന്റെ ഒരു ദൃഷ്ടാന്തമേത്? (ബി) ചില ബൈബിൾ ഭാഷാന്തരങ്ങളിൽ കാണുന്ന 1 യോഹന്നാൻ 5:7 ബൈബിളിലുളളതല്ലെന്നു നാം എങ്ങനെ അറിയുന്നു?
19 ദൈവവചനത്തിനു മാററം വരുത്താൻ ശ്രമം ചെയ്തിട്ടില്ലെന്ന് ഇതിനർഥമില്ല. ചില ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ശ്രദ്ധേയമായ ഒരു ഉദാഹരണമാണ് 1 യോഹന്നാൻ 5:7. 1611-ലെ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ അതിങ്ങനെ വായിക്കപ്പെടുന്നു: “സ്വർഗത്തിൽ സാക്ഷ്യം വഹിക്കുന്ന മൂവരുണ്ട്; പിതാവും വചനവും പരിശുദ്ധാത്മാവും. ഈ മൂന്നും ഒന്നാണ്.” എന്നാൽ ഈ വാക്കുകൾ ബൈബിളിന്റെ വളരെ പഴക്കമുളള പകർപ്പുകളിലൊന്നും കാണുന്നില്ല. ത്രിത്വോപദേശത്തെ പിന്താങ്ങാൻ ശ്രമിച്ച ആരോ കൂട്ടിച്ചേർത്തതാണവ. ഈ വാക്കുകൾ യഥാർഥത്തിൽ ദൈവവചനത്തിന്റെ ഭാഗമല്ലെന്നു വ്യക്തമാണെന്നുളളതുകൊണ്ടു തിരുത്തൽ വരുത്തി. അടുത്ത കാലത്തെ ബൈബിളുകളിൽ ഈ വാക്കുകളില്ല.
20. ബൈബിൾ ഒരു ശുദ്ധമായ രൂപത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
20 അതുകൊണ്ട് ആദ്യം എഴുതപ്പെട്ടപ്പോൾ ഉണ്ടായിരുന്ന വിവരങ്ങളല്ല ഇപ്പോൾ ബൈബിളിൽ ഉളളത് എന്നു പറയുന്ന ഏവനും വസ്തുതകൾ അറിവില്ല. തന്റെ വചനത്തെ പകർപ്പെഴുത്തുകാർ വരുത്തിയ തെററുകളിൽനിന്നു മാത്രമല്ല, അതിനോടു കൂട്ടിച്ചേർക്കാനുളള മററുളളവരുടെ ശ്രമങ്ങളിൽനിന്നും സംരക്ഷിക്കുന്നതിൽ യഹോവയാം ദൈവം ശ്രദ്ധിച്ചിട്ടുണ്ട്. തന്റെ വചനം ഇന്നത്തെ നമുക്കുവേണ്ടി ശുദ്ധമായ രൂപത്തിൽ സൂക്ഷിക്കപ്പെടുമെന്നുളള ദൈവത്തിന്റെ വാഗ്ദത്തം ബൈബിളിൽത്തന്നെയുണ്ട്.—സങ്കീർത്തനം 12:6, 7; ദാനിയേൽ 12:4; 1 പത്രോസ് 1:24, 25; വെളിപ്പാട് 22:18, 19.
ബൈബിൾ യഥാർഥത്തിൽ സത്യമാണോ?
21. യേശു ദൈവവചനത്തെ വീക്ഷിച്ചതെങ്ങനെ?
21 യേശുക്രിസ്തു ദൈവത്തോടുളള പ്രാർഥനയിൽ “നിന്റെ വചനം സത്യമാകുന്നു” എന്നു പറഞ്ഞു. (യോഹന്നാൻ 17:17) എന്നാൽ വസ്തുതകൾ ഇതിനെ പിന്താങ്ങുന്നുവോ? ബൈബിൾ ശ്രദ്ധാപൂർവം പരിശോധിക്കുമ്പോൾ അതു യഥാർഥത്തിൽ സത്യമാണെന്നു നാം കണ്ടെത്തുന്നുവോ? ബൈബിൾ പഠിച്ചിട്ടുളള ചരിത്രവിദ്യാർഥികൾ മിക്കപ്പോഴും അതിന്റെ കൃത്യതയിൽ അതിശയിച്ചുപോകാറുണ്ട്. സ്ഥിരീകരിക്കാൻ കഴിയുന്ന കൃത്യമായ പേരുകളും വിശദാംശങ്ങളുമാണു ബൈബിളിലടങ്ങിയിരിക്കുന്നത്. ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
22-25. ബൈബിളിൽ യഥാർഥചരിത്രം അടങ്ങിയിരിക്കുന്നുവെന്നു തെളിയിക്കുന്ന ചില ദൃഷ്ടാന്തങ്ങളേവ?
22 ഈജിപ്ററിലെ കാർനക്കിലുളള ഈ ക്ഷേത്രചുവരിലെ ചിത്രങ്ങളും എഴുത്തും നോക്കുക. അവ ഏതാണ്ട് 3,000 വർഷം മുമ്പു ശലോമോന്റെ പുത്രനായ രഹോബയാമിന്റെ ഭരണകാലത്തു ശീശക്ക്ഫറവോൻ യഹൂദാരാജ്യത്തിൻമേൽ നേടിയ വിജയത്തെക്കുറിച്ചാണു പറയുന്നത്. ബൈബിളും ഇതേ സംഭവത്തെക്കുറിച്ചുതന്നെ പറയുന്നു.—1 രാജാക്കൻമാർ 14:25, 26.
23 മോവാബ്യശിലയും കാണുക. ഫ്രാൻസിലെ പാരീസിലുളള ലൂർ കാഴ്ചബംഗ്ലാവിൽ മൂലശില കാണാവുന്നതാണ്. മോവാബിലെ മേശാരാജാവ് ഇസ്രായേലിനെതിരെ മത്സരിച്ചതിനെക്കുറിച്ചാണ് അതിലെ എഴുത്ത്. ഈ സംഭവവും ബൈബിളിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.—2 രാജാക്കൻമാർ 1:1; 3:4-27.
24 ശീലോഹാം കുളവും യരുശലേമിലെ 1,749 അടി (533 മീററർ) നീളമുളള ഒരു ജലതുരങ്കത്തിന്റെ വാതിലുമാണ് ഇവിടെ ഏററവും വലതുവശത്തു കാണുന്നത്. യരുശലേമിൽ അടുത്തകാലത്തു സന്ദർശനം നടത്തിയ അനേകർ ഈ തുരങ്കത്തിലൂടെ നടന്നിട്ടുണ്ട്. അതിന്റെ അസ്തിത്വം ബൈബിൾ സത്യമാണെന്നുളളതിന്റെ കൂടുതലായ തെളിവാണ്. എങ്ങനെ? എന്തുകൊണ്ടെന്നാൽ ആക്രമിക്കാൻ വന്ന ഒരു സൈന്യത്തിൽനിന്നു ജലവിതരണത്തെ സംരക്ഷിക്കാൻ ഹിസ്കിയാവു രാജാവ് 2,500-ൽപരം വർഷംമുമ്പു നിർമിച്ചതാണ് ഈ തുരങ്കമെന്നു ബൈബിൾ വിശദീകരിക്കുന്നു.—2 രാജാക്കൻമാർ 20:20; 2 ദിനവൃത്താന്തങ്ങൾ 32:2-4, 30.
25 ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിൽ ഒരു സന്ദർശകനു നബോണീഡസ് ക്രോണിക്കിൾ കാണാൻ കഴിയും. അതിന്റെ ഒരു പകർപ്പാണ് വലതുവശത്തു കാണുന്നത്. അതു പുരാതന ബാബിലോന്റെ വീഴ്ചയെ വർണിക്കുന്നു. ബൈബിളും അതു വർണിക്കുന്നുണ്ട്. (ദാനിയേൽ 5:30, 31) എന്നാൽ അന്നു ബാബിലോൻ രാജാവായിരുന്നതു ബേൽശസ്സറായിരുന്നുവെന്നു ബൈബിൾ പറയുന്നു. എന്നാൽ നബോണീഡസ് ക്രോണിക്കിൾ ബേൽശസ്സറിനെക്കുറിച്ചു പറയുന്നുപോലുമില്ല. യഥാർഥത്തിൽ ഒരുകാലത്ത് അറിയപ്പെട്ടിരുന്ന പുരാതന എഴുത്തുകളിലെല്ലാം പറഞ്ഞിരുന്നത് നബോണീഡസ് ബാബിലോനിലെ അവസാനത്തെ രാജാവായിരുന്നു എന്നാണ്. അതുകൊണ്ട് ബൈബിൾ സത്യമല്ലെന്നു പറയുന്ന ചിലർ ബേൽശസ്സർ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്നും ബൈബിൾ തെററാണെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ നബോണീഡസിന്റെ ഒരു പുത്രനും ആ കാലത്തു ബാബിലോനിൽ തന്റെ പിതാവിന്റെ സഹഭരണാധികാരിയുമായി ബേൽശസ്സറെ തിരിച്ചറിയിക്കുന്ന പുരാതന എഴുത്തുകൾ അടുത്ത കാലത്തു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്! അതെ, ഒട്ടേറെ ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നപ്രകാരം, ബൈബിൾ യഥാർഥത്തിൽ സത്യമാണ്.
26. ബൈബിൾ ശാസ്ത്രീയമായി ശരിയാണെന്നുളളതിന് എന്തു തെളിവുണ്ട്?
26 എന്നിരുന്നാലും, ബൈബിളിലടങ്ങിയിരിക്കുന്നതു സത്യമായ ചരിത്രം മാത്രമല്ല. അതു പറയുന്നത് എല്ലാം സത്യമാണ്. അതു ശാസ്ത്രകാര്യങ്ങളെ പരാമർശിക്കുമ്പോഴൊക്കെ അത് അതിശയകരമായി കൃത്യതയുളളതാണ്. രണ്ടു ദൃഷ്ടാന്തങ്ങൾ മാത്രം പറയാം. ഭൂമിക്ക് ഏതോ ദൃശ്യമായ താങ്ങുണ്ടെന്നും അത് ഒരു രാക്ഷസനെപ്പോലെ എന്തോ ഒന്നിന്റെമേലാണു സ്ഥിതിചെയ്യുന്നതെന്നും പുരാതനകാലങ്ങളിൽ പൊതുവേ വിശ്വസിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ശാസ്ത്രീയതെളിവിനോടു പൂർണയോജിപ്പിൽ ദൈവം “ഭൂമിയെ ശൂന്യത്തിൻമേൽ തൂക്കുന്നു”വെന്നു ബൈബിൾ റിപ്പോർട്ടുചെയ്യുന്നു. (ഇയ്യോബ് 26:7) കഴിഞ്ഞകാലത്ത് അനേകർ വിശ്വസിച്ചിരുന്നതുപോലെ, ഭൂമി പരന്നതാണെന്നു പറയാതെ, ദൈവം “ഭൂമിയുടെ വൃത്തത്തിൻമീതെ വസിക്കുന്നു”വെന്നാണു ബൈബിൾ പറയുന്നത്.—യെശയ്യാവ് 40:22.
27. (എ) ബൈബിൾ ദൈവത്തിൽനിന്നാണെന്നുളളതിന്റെ ഏററം ശക്തമായ തെളിവെന്ത്? (ബി) എബ്രായ തിരുവെഴുത്തുകൾ ദൈവപുത്രനെക്കുറിച്ച് ഏതു കാര്യങ്ങൾ സത്യമായി മുൻകൂട്ടിപ്പറഞ്ഞു?
27 എന്നാൽ ബൈബിൾ യഥാർഥത്തിൽ ദൈവത്തിൽ നിന്നാണെന്നുളളതിന്റെ ഏററവും വലിയ തെളിവു ഭാവി മുൻകൂട്ടിപ്പറയുന്നതു സംബന്ധിച്ച അതിന്റെ കുററമററ രേഖയാണ്. മനുഷ്യരുടെ യാതൊരു പുസ്തകവും സംഭവിക്കുന്നതിനുമുൻപ് ചരിത്രം കൃത്യമായി റിപ്പോർട്ടു ചെയ്യുന്നില്ല; എന്നിരുന്നാലും ബൈബിൾ അതു ചെയ്യുന്നു. അത് അത്തരം കൃത്യമായ പ്രവചനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. അതെ, യഥാർഥത്തിൽ മുൻകൂട്ടി എഴുതപ്പെട്ട ചരിത്രംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഇവയിൽ അത്യന്തം ശ്രദ്ധേയമായ ചിലതു ദൈവപുത്രന്റെ ഭൂമിയിലേക്കുളള വരവു സംബന്ധിച്ചുളളതാണ്. ഈ വാഗ്ദത്തം ചെയ്യപ്പെട്ടവൻ ബേത്ത്ളഹേമിൽ ജനിക്കുമെന്നും അവൻ ഒരു കന്യകയിൽ ജനിക്കുമെന്നും അവനെ 30 വെളളിക്കാശിന് ഒററിക്കൊടുക്കുമെന്നും അവൻ പാപികളോടുകൂടെ എണ്ണപ്പെടുമെന്നും അവന്റെ അസ്ഥികളൊന്നും ഒടിക്കപ്പെടുകയില്ലെന്നും അവന്റെ അങ്കികൾക്കുവേണ്ടി ചീട്ടിടുമെന്നും ശതക്കണക്കിനു മററു വിശദാംശങ്ങളും എബ്രായ തിരുവെഴുത്തുകൾ നൂറുകണക്കിനു വർഷംമുമ്പു കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു.—മീഖാ 5:2; മത്തായി 2:3-9; യെശയ്യാവ് 7:14; മത്തായി 1:22, 23; സെഖര്യാവ് 11:12, 13; മത്തായി 27:3-5; യെശയ്യാവ് 53:12; ലൂക്കോസ് 22:37, 52; 23:32, 33; സങ്കീർത്തനം 34:20; യോഹന്നാൻ 19:36; സങ്കീർത്തനം 22:18; മത്തായി 27:35.
28. (എ) ഇതുവരെ നിവൃത്തിയേറാത്ത ബൈബിൾ പ്രവചനങ്ങളും നിവൃത്തിയേറുമെന്നു നമുക്കു വിശ്വസിക്കാവുന്നതെന്തുകൊണ്ട്? (ബി) ബൈബിളിന്റെ തുടർച്ചയായ പഠനം നിങ്ങളെ എന്തു ബോധ്യപ്പെടുത്തും?
28 ഈ പുസ്തകത്തിന്റെ ഒന്നാമത്തെ അധ്യായത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, ഈ പഴയ വ്യവസ്ഥിതി താമസിയാതെ അവസാനിക്കുമെന്നും നീതിയുളള പുതിയ ഒരു വ്യവസ്ഥിതി തൽസ്ഥാനത്തു വരുമെന്നുംകൂടെ ബൈബിൾ മുൻകൂട്ടിപ്പറയുന്നു. (മത്തായി 24:3-14; 2 പത്രോസ് 3:7, 13) ഇനിയും നിവർത്തിക്കാനുളള അത്തരം പ്രവചനങ്ങളിൽ നമുക്കാശ്രയിക്കാമോ? ശരി, ഒരാൾ നൂറുപ്രാവശ്യം നിങ്ങളോടു സത്യം പറഞ്ഞുവെങ്കിൽ അയാൾ പുതിയ ഒരു കാര്യം നിങ്ങളോടു പറയുമ്പോൾ നിങ്ങൾ പെട്ടെന്ന് അയാളെ സംശയിക്കുമോ? അയാൾക്കു തെററുപററിയതായി ഒരിക്കലും നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ ഇപ്പോൾ അയാളെ സംശയിച്ചുതുടങ്ങുമോ? അത് എത്ര ന്യായരഹിതമായിരിക്കും! അതുപോലെ, ദൈവം ബൈബിളിൽ വാഗ്ദത്തം ചെയ്യുന്ന യാതൊന്നിനെയും സംശയിക്കാൻ നമുക്കു കാരണമില്ല. അവന്റെ വചനത്തെ വിശ്വസിക്കാൻ കഴിയും! (തീത്തോസ് 1:2) ബൈബിൾ തുടർന്നു പഠിക്കുന്നതിനാൽ അതു യഥാർഥത്തിൽ ദൈവത്തിൽനിന്നുളളതാണെന്നു വസ്തുതകളാൽ നിങ്ങൾക്കും പൂർവാധികം ബോധ്യപ്പെടും.
[49-ാം പേജിലെ ചിത്രം]
ഒട്ടൊക്കെ, ഒരു ബിസിനസ്സുകാരൻ ഒരു എഴുത്തെഴുതാൻ ഒരു സെക്രട്ടറിയെ ഉപയോഗിക്കുന്നതുപോലെ ബൈബിൾ എഴുതാൻ ദൈവം മനുഷ്യരെ ഉപയോഗിച്ചു
[50-ാം പേജിലെ ചിത്രം]
ചില മതനേതാക്കൻമാർ സാധാരണക്കാരിൽനിന്നു ബൈബിൾ മറച്ചുവെക്കാൻ പോരാടി, അതു കൈവശം വച്ചവരെ സ്തംഭത്തിൽ ചുട്ടെരിക്കുകപോലും ചെയ്തു
[52, 53 പേജുകളിലെ ചിത്രം]
യെശയ്യാവിന്റെ ചാവുകടൽ ചുരുൾ
[54, 55 പേജുകളിലെ ചിത്രം]
ഈജിപ്ററിലെ കാർനക്കിലുളള ക്ഷേത്രചുവർ
മോവാബ്യ ശില
നബോണീഡസ് ക്രോണിക്കിൾ
ഹിസ്കിയാവിന്റെ തുരങ്കത്തിന്റെ വാതിലും ശീലോഹാം കുളവും