ഞാൻ മതം മാറണമോ?
പൈലററ് ഓക്കിനാവായിലെ നാഹാ എയർപോർട്ടിൽനിന്ന് 101 യാത്രക്കാർ കയറിയ വിമാനം ഉയർത്തിക്കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. അപ്പോൾത്തന്നെ മൂന്നു കാലാവസ്ഥാനിരീക്ഷണ വിമാനങ്ങൾ അതുമായി കൂട്ടിയിടിക്കത്തക്കവണ്ണം നേരേ പാഞ്ഞുവരുന്നത് അയാൾ കണ്ടു. പയലററ് പെട്ടെന്ന് ഇടതുവശത്തേക്കു വെട്ടിക്കുകയും അങ്ങനെ ആകാശത്തിൽ ഒരു കൂട്ടിയിടി ഒഴിവാക്കിക്കൊണ്ട് തന്റെയും തന്റെ യാത്രക്കാരുടെയും ജീവൻ രക്ഷിക്കുകയുംചെയ്തു. ഒരു വടക്കൻ ജപ്പാൻ പത്രത്തിൽ റിപ്പോർട്ടുചെയ്തിരുന്ന പ്രകാരം കഷ്ടിച്ചുള്ള രക്ഷയെക്കുറിച്ചുള്ള ആ വിവരണം ജീവൻ രക്ഷിക്കുന്നതിന് ചിലപ്പോൾ കർശനമായ ഗതിമാററം ആവശ്യമായിരിക്കാമെന്ന് നന്നായി ചിത്രീകരിക്കുന്നു.
എന്നിരുന്നാലും, ഒരുവന്റെ മതം മാറുകയെന്നത് ഒരു വ്യത്യസ്തസംഗതിയാണെന്ന് അനേകർ വിചാരിക്കുന്നു. ശക്തമായ വികാരങ്ങൾ രംഗപ്രവേശംചെയ്യുന്നു. അപരിചിതമായ വഴിയേ തുടക്കമിടുന്നതിന്റെ ഭയമുണ്ട്. യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിച്ച മിസ്സിസ്സ് ററാച്ചി ഇങ്ങനെ പറഞ്ഞു: “എനിക്കറിയാവുന്ന ധാരാളമാളുകൾക്ക് മതത്തെക്കുറിച്ചും അതു പണത്തിനു കൊടുക്കുന്ന ഊന്നലിനെക്കുറിച്ചും സംശയങ്ങളുണ്ട്. എന്നാൽ യൗവനം മുതൽ എനിക്കറിയാവുന്നതും ഞാൻ കണ്ടിട്ടുള്ളതും മതപരമായ പെരുന്നാളുകളും ആചാരങ്ങളുമാണ്. ഹോജിയുടെ [ഒരു പരേതനുവേണ്ടിയുള്ള ആനുകാലികമായ അനുസ്മരണാശുശ്രൂഷ] ആത്മീയാർത്ഥത്തെക്കുറിച്ച് ഞങ്ങൾ വളരെയൊന്നും ചിന്തിക്കുന്നില്ല. ഏറെയും ബന്ധുക്കളും അയൽക്കാരുമായുള്ള ഒരു സന്തുഷ്ട സംഗമസമയമായിട്ടാണ് ഞങ്ങൾ ഹോജിയെക്കുറിച്ചു ചിന്തിക്കുന്നത്. അതെല്ലാം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, അതിലും മോശമായി, കുടുംബത്തിൽനിന്നു പുറത്താക്കപ്പെടുന്നതിനെക്കുറിച്ചുമുള്ള ചിന്ത എന്നിൽ ഭയമുളവാക്കി.” മതത്തെക്കുറിച്ചുള്ള ഈ വിചാരം നിങ്ങളുടെ സ്ഥലത്തെ ആളുകൾക്കും ഉണ്ടായിരിക്കാനിടയുണ്ട്.
മററു ഭയങ്ങളുമുണ്ട്. അനേകം സ്ഥലങ്ങളിലും ആളുകൾ മതം മാറിയാൽ ഏതോ തരത്തിലുള്ള ദിവ്യശിക്ഷ ഉണ്ടാകുമെന്നു ഭയപ്പെടുന്നു. ജപ്പാനിൽ ബൈബിൾ പഠിക്കാൻ തുടങ്ങിയ ഒരു സ്ത്രീ അവളുടെ “പൂർവികരെ അവഗണിച്ചതുകൊണ്ടാണ്” അവൾക്ക് ആരോഗ്യപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും ഉണ്ടാകുന്നതെന്നും ഒരു “വിദേശ മതം” പഠിക്കുന്നതിനാൽ അവരുടെ കോപത്തിന് പാത്രീഭൂതയായിരിക്കുകയാണെന്നും അവളോടു പറയപ്പെട്ടു.
മതം മാറുന്നതിൽനിന്ന് ആളുകളെ തടയുന്ന മറെറാരു ഭയം ഒരു ഇണയേയോ മാതാപിതാക്കളെയോ അപ്രീതിപ്പെടുത്തുന്നതിന്റെ ഭയമാണ്. അനേകം പൗരസ്ത്യരാജ്യങ്ങളിൽ മാതാപിതാക്കളോടുള്ള ഭക്തി വിശേഷാൽ പ്രധാനമാണെന്നു കരുതപ്പെടുന്നു. അങ്ങനെയുള്ള രാജ്യങ്ങളിൽ ഒരു പുതിയ ഭാര്യ അവൾ വിവാഹിതയാകുന്ന കുടുംബത്തിന്റെ മതവീക്ഷണങ്ങളെ പിന്താങ്ങാൻ സാധാരണയായി പ്രതീക്ഷിക്കപ്പെടുന്നു. വധൂവരൻമാർ വിശേഷാൽ മതഭക്തിയുള്ളവരല്ലെങ്കിൽപോലും കുടുംബവുമായി ഒരു നല്ല ബന്ധം പുലർത്തുന്നതും മതപരമായ നില മാററമില്ലാതെ തുടരുന്നതും അങ്ങേയററം പ്രധാനമാണെന്നു കരുതപ്പെടുന്നു. ഒരു “കുടുംബയോഗ”ത്തിൽ ശക്തമായ സമ്മർദ്ദമുണ്ടായതിനെ തുടർന്ന് ഒരു യുവ ദമ്പതിമാർ തങ്ങളുടെ ബൈബിൾ പഠനം നിർത്തി. “അടിസ്ഥാനപരമായി ഞങ്ങൾക്ക് മാനുഷഭയമുണ്ടായിരുന്നു”വെന്ന് ഭർത്താവ് വിശദീകരിക്കുന്നു. അയാൾ പിന്നീട് പഠനം വീണ്ടും തുടങ്ങി. “ഞങ്ങൾ ഞങ്ങളുടെ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ അനുസരിക്കേണ്ടതാണെന്ന് വിചാരിച്ചു. ഞങ്ങൾ മതം മാറിക്കൊണ്ട് അവരെ മുറിപ്പെടുത്താൻ ആഗ്രഹിച്ചില്ല.”
അനേകർ മതം മാറുന്നതിനെ ഭയപ്പെടുന്നതിന്റെ മറെറാരു കാരണം ഇത് ഓർമ്മിപ്പിക്കുന്നു: വ്യത്യസ്തരായി വീക്ഷിക്കപ്പെടുന്നതിന്റെ സാർവജനീനമായ അനിഷ്ടം. മേൽപ്പറഞ്ഞ കുടുംബത്തിൽ ബൈബിൾപഠനം നിർത്തുന്നതിന് മാതാപിതാക്കൾ യുവദമ്പതികളോട് പറഞ്ഞ കാരണങ്ങളിലൊന്ന് തങ്ങളുടെ മക്കൾ വ്യത്യസ്തരായി വീക്ഷിക്കപ്പെടുന്നതിനോ സമുദായപ്രവർത്തനങ്ങളിൽനിന്ന് ഭ്രഷ്ടരാകുന്നതിനോ അവർ ആഗ്രഹിക്കുന്നില്ലെന്നുള്ളതായിരുന്നു.
അതുകൊണ്ട് ഞാൻ മതം മാറണമോയെന്ന ചോദ്യത്തിൽ ശക്തമായ ഭയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. തന്നിമിത്തം അനേകർ തത്വശാസ്ത്രപരമായ ഒരു വീക്ഷണം പുലർത്തുന്നു: ഒരുവന്റെ മതം ഏതെന്നുള്ളതിൽ യഥാർത്ഥത്തിൽ കഴമ്പില്ല, ഉണ്ടോ? എല്ലാ മതങ്ങളും ഒരേ പർവതശിഖരത്തിലേക്കു നയിക്കുന്ന വ്യത്യസ്ത വഴികൾ മാത്രമല്ലയോ? മതത്തിന്റെ കാര്യത്തിൽ അവർ പഴമൊഴിയിലെ മൂന്ന് കുരങ്ങൻമാരെപ്പോലെ ദോഷം കാണുന്നില്ല, ദോഷം കേൾക്കുന്നില്ല, ദോഷം പറയുന്നില്ല.
എന്നാൽ ചിലർ തങ്ങളുടെ മതം മാറിയിട്ടുണ്ട്. എന്തുകൊണ്ട്? പലരേസംബന്ധിച്ചും അത് തങ്ങളുടെ പരമ്പരാഗത മതാശയങ്ങളും ആചാരങ്ങളും നിലനിർത്തുമ്പോൾത്തന്നെ ആരോഗ്യപരമോ സാമ്പത്തികമോ ആയ സത്വര പ്രയോജനങ്ങൾ വാഗ്ദാനംചെയ്ത മറെറാരു മതത്തിൽ ചേരുന്ന സംഗതിയായിരുന്നു. എന്നാൽ മററു ചിലരേസംബന്ധിച്ച്, യഥാർത്ഥവും സമ്പൂർണ്ണവുമായ ഒരു മാററമുണ്ടായിരുന്നു. ‘എന്നിരുന്നാലും, എന്റെ മതം മാറുന്നതിന് യഥാർത്ഥത്തിൽ മതിയായ കാരണങ്ങൾ ഉണ്ടോ’യെന്ന് നിങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുന്നുണ്ടായിരിക്കും. ‘മാറുന്നതിന് ചിലർക്കു മനസ്സുണ്ടായിരുന്നതെന്തുകൊണ്ട്? ഒരു മാററത്തിന് എന്റെ ജീവിതത്തിൻമേൽ യഥാർത്ഥമായ ഒരു ഫലമുണ്ടായിരിക്കാൻ കഴിയുമോ?’ ഉത്തരങ്ങൾക്കുവേണ്ടി അടുത്ത ലേഖനം പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. (w88 6/1)
[3-ാം പേജിലെ ചിത്രം]
തങ്ങളുടെ പരമ്പരാഗത മാതാചാരങ്ങളോടു പററിനിൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്?