സുവാർത്തയുടെ ആഗോള പ്രസിദ്ധമാക്കൽ
ദൈവരാജ്യം ഭരിക്കുന്നു! അത്യുത്തമ വാർത്തയാണിത്. അതുകൊണ്ടാണ് ലോകത്തിനു ചുററും 1989-ൽ 37,00,000ത്തിൽപരം യഹോവയുടെ സാക്ഷികൾ യേശുവിനാൽ പ്രവചിക്കപ്പെട്ട “സുവാർത്ത”യും യോഹന്നാന്റെ ദർശനത്തിലെ ദൂതനാൽ ഘോഷിക്കപ്പെട്ട “സന്തോഷവാർത്തകളും” ഉത്സാഹപൂർവം ഘോഷിച്ചത്. (മത്തായി 24:14; വെളിപ്പാട് 14:6) അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ, “അവരുടെ ശബ്ദം സർവ്വഭൂമിയിലേക്കും അവരുടെ മൊഴികൾ നിവസിതഭൂമിയുടെ അറുതികളിലേക്കും പോയി.” (റോമർ 10:18) യഥാർത്ഥത്തിൽ സകല ജനതകളിലെയും ഗോത്രങ്ങളിലെയും ഭാഷകളിലെയും ജനങ്ങളിലെയും വ്യക്തികൾ സന്തോഷപൂർവം “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുക്കാനു”ള്ള അവരുടെ ആഹ്വാനത്തിനു ചെവികൊടുത്തു.—വെളിപ്പാട് 14:7.
മേലാൽ ലൈഫ് ഇൻഷുറൻസ് ഇല്ല
ഇംഗ്ലണ്ടിലെ അങ്ങനെയുള്ള ഒരു മനുഷ്യൻ ജീവിതത്തിന്റെ അനിശ്ചിതത്വത്തിൽനിന്ന് അഹോവൃത്തി നേടിയ ഒരാൾ ആയിരുന്നു. കെൻ ഒരു ഇൻഷുറൻസ് സെയിൽസ്മാൻ ആയിരുന്നു. അയാൾ യഹോവയുടെ സാക്ഷികളുടെ ഒരു കുടുംബത്തെ സന്ദർശിച്ചപ്പോൾ അവർ അയാളോട് ഇങ്ങനെ ചോദിച്ചു: “ലൈഫ് ഇൻഷുറൻസ് ആവശ്യമില്ലാത്ത ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ?” അവർ എന്താണർത്ഥമാക്കിയത്? ബൈബിളനുസരിച്ച്, രോഗവും മരണവും ഉൾപ്പെടെ, ഇപ്പോൾ ജീവിതത്തെ വളരെ അനിശ്ചിതമാക്കുന്ന അനേകം കാര്യങ്ങൾ ദൈവരാജ്യത്തിൻകീഴിൽ മേലാൽ ഉണ്ടായിരിക്കുകയില്ല എന്നുതന്നെ.
അങ്ങനെയൊരു സംഗതി സാദ്ധ്യമാണോ? അതെ, ദൈവംതന്നെ അതു വാഗ്ദാനംചെയ്തിട്ടുണ്ട്. ദൃഷ്ടാന്തമായി, ബൈബിൾ ഇങ്ങനെ പറയുന്നു: “ദൈവം തന്നെ അവരോടുകൂടെ [മനുഷ്യവർഗ്ഗത്തോടുകൂടെ] ഇരിക്കും. അവൻ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല.” (വെളിപ്പാട് 21:3, 4) അങ്ങനെയുള്ള ഒരു മാററം വരുത്തുന്നത് എന്തായിരിക്കും? ദൈവരാജ്യം. ദൈവവചനമനുസരിച്ച് ഇത് താമസിയാതെ, “ഈ [ആധുനിക രാഷ്ട്രീയ] രാജ്യങ്ങളെയെല്ലാം തകർത്ത് അവസാനിപ്പിക്കും, അതുതന്നെ അനിശ്ചിതകാലങ്ങളോളം നിലനിൽക്കും.”—ദാനിയേൽ 2:44.
യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആഗോള പ്രസംഗപ്രസ്ഥാനത്തിൽ ഇതുപോലെയുള്ള തിരുവെഴുത്തുകൾ സഹസ്രലക്ഷക്കണക്കിനാളുകളുടെ ശ്രദ്ധയിലേക്കു വരുത്തിയിട്ടുണ്ട്. കെന്നിനേപ്പോലെയുള്ള അനേകർ ഇത് വെറും മോഹപരമായ ചിന്തയല്ലെന്ന് തിരിച്ചറിയാനിടയായി. തെളിവ് മതിയായതാണ്. ഈ ദിവ്യവാഗ്ദത്തങ്ങൾ വിശ്വാസയോഗ്യമാണ്, പെട്ടെന്നുതന്നെ നിവർത്തിക്കപ്പെടുകയും ചെയ്യും.
മാററം ഭവിച്ച ഒരു മൂല്യസംഹിത
യഹോവയുടെ സാക്ഷികൾ ദൂതന്റെ സന്തോഷകരമായ പ്രഖ്യാപനത്തെ പ്രതിദ്ധ്വനിപ്പിക്കുമ്പോൾ അവരെ ശ്രദ്ധിക്കുന്നവർ ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുക്കുന്നതിൽ കേവലം ബൈബിൾ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നതിലധികം ഉൾപ്പെടുന്നുവെന്ന് തിരിച്ചറിയാനിടയാകുന്നു. അത് അവരുടെ മുഴുവീക്ഷണത്തിനും മാററംവരുത്തുകയും ജീവിതത്തിലെ അനേകം നൈരാശ്യങ്ങളെ നീക്കംചെയ്യുകയും ചെയ്യുന്നു.
ഇതു സത്യമാണെന്ന് റഫായേലും അയാളുടെ ഭാര്യയും കണ്ടെത്തി. അവർ ആർജൻറീനായിലാണ് ജീവിക്കുന്നത്. അവർ 40ൽപരം വർഷം മുമ്പ് വിവാഹംചെയ്തപ്പോൾ കഠിനാദ്ധ്വാനംചെയ്ത് ഒരു സുരക്ഷിതഭാവിക്കുവേണ്ടി സമ്പാദിക്കുകയെന്നത് അവരുടെ മുഖ്യലക്ഷ്യമാക്കി. എന്നിരുന്നാലും, 21 വർഷം കഴിഞ്ഞ് തങ്ങളുടെ കഠിനാദ്ധ്വാനത്തിന്റേതായി അവർക്കു കാണിക്കാനുണ്ടായിരുന്നത് നിരന്തരം കേടുപോക്കൽ ആവശ്യമായിരുന്ന ഒരു ചെറിയ വീടായിരുന്നു. അവർ വിവാഹം കഴിച്ചപ്പോഴത്തേതിലും സുരക്ഷിതരാണെന്ന് മേലാൽ അവർക്കു തോന്നിയില്ല.
പിന്നീട് അവർ യഹോവയുടെ സാക്ഷികളിൽനിന്ന് സുവാർത്ത കേൾക്കുകയും മെച്ചപ്പെട്ട ധനത്തെക്കുറിച്ചും മെച്ചപ്പെട്ട സുരക്ഷിതത്വത്തെക്കുറിച്ചും പഠിക്കുകയും ചെയ്തു. യേശു തന്റെ മലമ്പ്രസംഗത്തിൽ, “പുഴുവും തുരുമ്പും തിന്നുകളയുന്നിടവും കള്ളൻമാർ ഭേദിച്ചുകടന്ന് മോഷ്ടിക്കുന്നിടവുമായ ഭൂമിയിൽ നിങ്ങൾക്കുവേണ്ടി നിക്ഷേപങ്ങൾ ശേഖരിക്കുന്നത് നിർത്തുക. പകരം, പുഴുവോ തുരുമ്പോ തിന്നാത്തിടവും കള്ളൻമാർ ഭേദിച്ചുകടന്ന് മോഷ്ടിക്കാത്തിടവുമായ സ്വർഗ്ഗത്തിൽ നിങ്ങൾക്കുവേണ്ടി നിക്ഷേപങ്ങൾ ശേഖരിക്കുക” എന്നു പറഞ്ഞപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.—മത്തായി 6:19, 20.
ഭൗതികധനത്തിന്റെ കാര്യത്തിൽ അപ്രായോഗികരായിരിക്കാൻ ബൈബിൾ നമ്മെ പഠിപ്പിക്കുന്നില്ലെന്നിരിക്കെ, അങ്ങനെയുള്ള കാര്യങ്ങളിൽ നമ്മുടെ പ്രത്യാശ അർപ്പിക്കാതിരിക്കാൻ അതു നമ്മെ ശക്തമായി ഉപദേശിക്കുകതന്നെ ചെയ്യുന്നു. (സഭാപ്രസംഗി 7:12) പകരം, ബൈബിൾ പഠിച്ചുകൊണ്ടും ദൈവേഷ്ടം മനസ്സിലാക്കിക്കൊണ്ടും ആ ഇഷ്ടംചെയ്യൽ ജീവിതത്തിലെ ഒന്നാമത്തെ സംഗതിയാക്കിക്കൊണ്ടും ആത്മീയധനം നേടാൻ നാം പ്രവർത്തിക്കണം. (മത്തായി 6:33) റഫായേലും അയാളുടെ ഭാര്യയും ഈ ആത്മീയധനം വാരിക്കൂട്ടാൻ തുടങ്ങി. അവർ ഇപ്പോൾ യഥാർത്ഥത്തിൽ ധനികരാണെന്ന് വിചാരിക്കുന്നു, അവരുടെ സാമ്പത്തികസാഹചര്യം നിമിത്തമല്ല, പിന്നെയോ ദൈവവുമായുള്ള അവരുടെ ബന്ധംനിമിത്തം. (വെളിപ്പാട് 3:17, 18) ദൈവരാജ്യത്തിന്റെ സന്ദേശം അവർക്കു വളരെ നല്ല വാർത്തയായിരുന്നു.
കുറവുകൾ പരിഹരിക്കപ്പെട്ട ഒരു വിവാഹബന്ധം
സുവാർത്തക്ക് നൻമചെയ്യാനുള്ള യഥാർത്ഥശക്തിയുണ്ട്. ദൃഷ്ടാന്തമായി, ഇംഗ്ലണ്ടിൽ ജീവിക്കുന്ന ജോൺ ബൈബിളിൽ തല്പരനായിരുന്നില്ല, എന്നാൽ അയാളുടെ ഭാര്യയും മക്കളും തല്പരരായിരുന്നു. അതുകൊണ്ട് ജോൺ കൂട്ടുകാരുമൊത്ത് കുടിച്ചുനടക്കവേ അവർ യഹോവയുടെ സാക്ഷികളോടുകൂടെ യോഗങ്ങൾക്ക് ഹാജരായിത്തുടങ്ങി. തത്ഫലമായി, അയാൾ കനത്ത കുടിയിലും പുകവലിയിലും ഒടുവിൽ ദുർമ്മാർഗ്ഗത്തിലും ഉൾപ്പെട്ടു. അവസാനം അയാൾ മറെറാരു സ്ത്രീയോടുകൂടെ പാർക്കാൻ തന്റെ ഭാര്യയെ വിട്ടുപോയി.
ഉപേക്ഷണനടപടികൾക്കു തുടക്കമിട്ടു. എന്നാൽ സുവാർത്തയുടെ പഠനത്തിൽനിന്ന് ക്രിസ്തീയപെരുമാററം പഠിച്ചിരുന്ന തന്റെ ഭാര്യ തന്നോടു പിന്നെയും മര്യാദാപൂർവം പെരുമാറുന്നതായി കണ്ടതിൽ ജോൺ അതിശയിച്ചു. എന്തുകൊണ്ടെന്ന് ജോണിനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഉപേക്ഷണം അന്തിമമാകുന്നതിനു മൂന്ന് ആഴ്ചകൾക്കുമുമ്പ് ജോണിന്റെ ഭാര്യയുടെ ക്രിസ്തീയപെരുമാററത്തിനു ഫലം കിട്ടി. അയാൾ തന്റെ നടത്ത സംബന്ധിച്ച് യഥാർഥ പശ്ചാത്താപം പ്രകടമാക്കി. ഉപേക്ഷണനടപടികൾ നിർത്തിവെച്ചു. ജോൺതന്നെ ഇപ്പോൾ സുവാർത്ത പരിശോധിക്കുകയും യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിക്കുകയുംചെയ്തു. ഇപ്പോൾ അയാളും ഒരു ക്രിസ്ത്യാനിയാണ്, തന്റെ ഭാര്യയോടൊത്ത് രാജ്യത്തിന്റെ സുവാർത്ത മററുള്ളവരോട് പറഞ്ഞുകൊണ്ടുമിരിക്കുന്നു.
തകർന്നുകൊണ്ടിരിക്കുന്ന കുടുംബമൂല്യങ്ങളുടെ ഈ നാളുകളിൽ, അനേകർക്ക് ബൈബിളധിഷ്ഠിത സുവാർത്തക്ക് നൽകാനുള്ള സഹായം ആവശ്യമാണ്. പെറുവിലെ യഹോവയുടെ സാക്ഷികളിലൊരാൾ ഒരു വിമാനയാത്രാവേളയിൽ ഒരു ആർമി കേണലിന്റെ അടുത്താണിരുന്നത്. അവർ ഒരു സംഭാഷണത്തിലേർപ്പെട്ടു. കേണൽ തന്റെ ഭാര്യ മയക്കുമരുന്നിൽ ആസക്തയാണെന്നും പ്രായക്കുറവുള്ള ഒരു മനുഷ്യനുവേണ്ടി തന്നെ ഉപേക്ഷിക്കാൻപോകുകയാണെന്നുമുള്ള വസ്തുത ഉൾപ്പെടെ തന്റെ കുടുംബക്കുഴപ്പങ്ങൾ കുടഞ്ഞിടാൻതുടങ്ങി. കുടുംബകാര്യങ്ങൾ സംബന്ധിച്ച് ബൈബിൾ നല്ല സാരവത്തായ ബുദ്ധിയുപദേശം നൽകുന്നുണ്ടെന്നും തന്റെ സ്വന്തം കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ അവ വ്യക്തിപരമായി തന്നെ സഹായിച്ചുവെന്നും സാക്ഷി നയപൂർവം അയാൾക്കു കാണിച്ചുകൊടുത്തു.—എഫേസ്യർ 5:21–6:4.
കേണൽ സാക്ഷിയുടെ ആശ്വാസവാക്കുകൾക്കായി അയാൾക്ക് നന്ദികൊടുക്കുകയും തന്റെ സുവാർത്ത സംബന്ധിച്ച പരിജ്ഞാനം വിപുലപ്പെടുത്താൻകഴിയത്തക്കവണ്ണം വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾക്ക് വരിസംഖ്യ അടക്കുകയുംചെയ്തു. പിന്നീട്, സാക്ഷി വിമാനത്തിൽനിന്ന് ഇറങ്ങിപ്പോയപ്പോൾ ഒരു യുവദമ്പതികൾ ദ്രുതഗതിയിൽ അയാളോടൊപ്പമെത്തുകയും അയാളുമായി സംസാരിക്കട്ടെയെന്നു ചോദിക്കുകയുംചെയ്തു. “ഞങ്ങൾ താങ്കളുടെ മുമ്പിൽത്തന്നെ ഇരിക്കുകയായിരുന്നു, ആ മനുഷ്യനുമായുള്ള താങ്കളുടെ സംസാരം ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ആ മാസികകൾക്കു വരിസംഖ്യനൽകാൻ ഞങ്ങളും ആഗ്രഹിക്കുന്നു” എന്ന് അവർ പറഞ്ഞു. അവരും ജീവിതത്തെ മെച്ചപ്പെടുത്താൻ കഴിയുന്ന സുവാർത്ത മനസ്സിലാക്കാൻ ആഗ്രഹിച്ചു.
മാററം ഭവിച്ച ഒരു ജീവിതം
കൂടാതെ, ബൈബിളധിഷ്ഠിത സുവാർത്ത ആളുകൾക്കു മാററംവരുത്തുന്നു. അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ, “ദൈവവചനം ജീവനുള്ളതും ശക്തി പ്രയോഗിക്കുന്നതുമാകുന്നു.” (എബ്രായർ 4:12) ഗ്രീസ്, മാസിഡോണിയായിലെ ഒരു മനുഷ്യനെക്കുറിച്ച് ഇതു സത്യമായിരുന്നു. ബൈബിളനുസരിച്ച് ദൈവത്തിന്റെ പേർ യഹോവയെന്നാണെന്നറിഞ്ഞപ്പോൾ അയാൾ ഞെട്ടിപ്പോയി. അതുകൊണ്ട് അയാളെ എത്രയും വേഗം യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽവരുത്താൻ അയാൾ ഒരു സുഹൃത്തിനോടാവശ്യപ്പെട്ടു. സാക്ഷികളുമായി രണ്ടു ചർച്ചകൾക്കു ക്രമീകരണംചെയ്യപ്പെട്ടു, ഓരോന്നും ഏതാണ്ട് നാലു മണിക്കൂർ നീണ്ടു. ആ ചെറുപ്പക്കാരൻ പിന്നീട് ബൈബിളിന്റെ ക്രമമായ ഒരു അദ്ധ്യയനത്തിലേർപ്പെട്ടു, അതിൽ ആദ്യത്തേത് വെളുപ്പിന് രണ്ടു മണി വരെ നീണ്ടു!
ആ ആദ്യ അദ്ധ്യയനംമുതൽതന്നെ ചെറുപ്പക്കാരൻ ബൈബിൾപ്രമാണങ്ങളോടു തന്റെ ജീവിതത്തെ സത്വരം അനുരൂപപ്പെടുത്തി. അയാൾ യഹോവയുടെ സാക്ഷികളോടൊത്ത് ആരാധനക്കുള്ള യോഗങ്ങളിൽ ഹാജരായി, സ്രഷ്ടാവിനെ വളരെയധികം സ്നേഹിക്കാനിടയാകുകയും ചെയ്തു. ക്രമത്തിൽ യഹോവ അയാളെ അനുഗ്രഹിച്ചു. അയാളുടെ ബൈബിളദ്ധ്യയനത്തിന്റെ ആദ്യവാരത്തിൽത്തന്നെ അയാൾ തന്റെ നീണ്ട മുടി വെട്ടിച്ചു. രണ്ടാം വാരത്തിൽ ആവേശംകൊള്ളിക്കുന്ന കൂട്ടാളികളെ തേടി കഫേകളിലും ഡിസ്ക്കോകളിലും പോകുന്നതു നിർത്തി. മൂന്നാം വാരത്തിൽ അയാൾ തന്റെ ഒടുവിലത്തെ സിഗരററും വലിച്ചെറിഞ്ഞു. രണ്ടു മാസം അദ്ധ്യയനം നടത്തിയശേഷം അയാൾ രാജ്യത്തിന്റെ സുവാർത്ത മററുള്ളവരോടു പറയുന്നതിൽ സാക്ഷികളോടു ചേർന്നു. അതെ, യഹോവയുടെ സാക്ഷികൾ ഭൂമിയിൽ തന്റെ ഭാഗത്തേക്ക് സുവാർത്ത എത്തിച്ചതിൽ അയാൾ സന്തുഷ്ടനായിരുന്നു.
തടവിൽ സുവാർത്ത
ജയിലഴികൾ പോലും സുവാർത്തക്ക് തടസ്സമല്ല. സ്പെയിനിൽ ഒരു യുവാവ് സായുധകൊള്ളയും മററു കുററകൃത്യങ്ങളും നിമിത്തം നീണ്ട തടവുശിക്ഷ അനുഭവിക്കുകയാണ്. എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾക്ക് അയാളോട് സുവാർത്ത പറയാൻകഴിഞ്ഞു. ബൈബിൾ സന്ദേശം അയാളുടെ വീക്ഷണത്തെ പൂർണ്ണമായും മാററിമറിച്ചു. യഹോവ അയാൾക്ക് ‘ശക്തി പകർന്നു’.—ഫിലിപ്പിയർ 4:13.
ഈ വ്യവസ്ഥിതിയിലെ തന്റെ ശിഷ്ടകാലം തന്റെ മുൻനടത്ത നിമിത്തം ജയിലഴികൾക്കുള്ളിൽത്തന്നെ ചെലവഴിക്കേണ്ടതുണ്ട് എന്ന് ജോസ് പറയുന്നു. എന്നാൽ അയാൾ ഇപ്പോൾ സ്നാപനമേററ ഒരു ക്രിസ്ത്യാനിയാണ്. അയാളുടെ ഭാര്യ അയാൾക്ക് ദൃഢമായ പിന്തുണ കൊടുക്കുന്നു. അവൾ അവരുടെ ഇളയ കുട്ടിയെ ക്രിസ്തീയമായി വളർത്താൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ, ജോസ് ജയിൽചുവരുകൾക്കു വെളിയിൽ താമസിക്കുന്നവർക്ക് സമീപിക്കാൻ പ്രയാസമുള്ള സഹതടവുപുള്ളികൾക്ക് സുവാർത്ത പങ്കുവെക്കുന്നു. ഇപ്പോൾ അയാളുടെ തടവറയിലെ കൂട്ടുപുള്ളിയും സ്നാപനമേററ ഒരു ക്രിസ്ത്യാനിയാണ്.
ഇവ യഹോവയുടെ സാക്ഷികളുടെ ആഗോള പ്രസംഗപ്രസ്ഥാനത്തിന്റെ ഫലങ്ങൾ പ്രകടമാക്കുന്ന ചുരുക്കം ചില ദൃഷ്ടാന്തങ്ങൾ മാത്രമാണ്. സത്യത്തിൽ, അദൃശ്യദൂതനാൽ ഘോഷിക്കപ്പെടുന്ന സുവാർത്ത “ഭൂമിയിൽ വസിക്കുന്നവരോടും, സകല ജനതയോടും ഗോത്രത്തോടും ഭാഷയോടും ജനത്തോടും സന്തോഷവാർത്തകളെന്ന നിലയിൽ” യഹോവയുടെ സാക്ഷികൾ പ്രതിദ്ധ്വനിപ്പിച്ചിരിക്കുന്നു.
അതാണ് അത്യുത്തമവാർത്ത, അതു മനുഷ്യവർഗ്ഗത്തിന്റെ പ്രത്യാശയാണ്. അതു ശ്രദ്ധിക്കാൻ ഞങ്ങൾ നിങ്ങളെ ശക്തമായി ഉപദേശിക്കുകയാണ്. ഇംഗ്ലണ്ടിലെ കെന്നിനെയും ജോണിനെയും പോലെ, ആർജൻറീനായിലെ റഫായേലിനെയും അയാളുടെ ഭാര്യയെയുംപോലെ, സ്പെയിനിലെ ജോസിനെപ്പോലെ, മററ് ആയിരമായിരംപേരെ പോലെ, “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുക്കാൻ” എല്ലാവരെയും പ്രോൽസാഹിപ്പിക്കുന്നതിൽ ഞങ്ങൾ ദൂതനോടു ചേരുകയാണ്, “എന്തുകൊണ്ടെന്നാൽ അവനാലുള്ള ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു, തന്നിമിത്തം ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും ഉണ്ടാക്കിയവനെ ആരാധിക്കുക.”—വെളിപ്പാട് 14:7. (w90 1⁄1)