വാഗ്ദത്ത ദേശത്തുനിന്നുള്ള രംഗങ്ങൾ
ഏലാ താഴ്വര—ദാവീദ് മല്ലനെ നിഗ്രഹിച്ച സ്ഥലം!
“ദാവീദ്, ഒരു കവിണയും ഒരു കല്ലും കൊണ്ട്” മല്ലനായ ഗോല്യാത്ത് എന്ന “ഫെലിസ്ത്യനെക്കാൾ ശക്തനെന്നു തെളിഞ്ഞ”തെങ്ങനെയെന്ന് വർണ്ണിക്കുന്നതിനെക്കാൾ പുളകമുണർത്തുന്ന ബൈബിൾ വിവരണങ്ങൾ ദുർല്ലഭമാണ്. (1 ശമുവേൽ 17:50) ഇത് ഏലാ താഴ്വരയിൽ വെച്ചായിരുന്നു.
ആ താഴ്വര എവിടെയാണ്, അതെങ്ങനെയിരിക്കും? ഇതറിയുന്നത്, ഇസ്രായേലിന്റെ ഭാവിരാജാവായി അഭിഷേകം ചെയ്യപ്പെട്ട ആ ബാലന്റെ പ്രശസ്തമായ വിജയത്തെ ദൃഷ്ടിപഥത്തിൽ കൊണ്ടുവരാൻ നിങ്ങളെ സഹായിക്കും. ദൈവം പിന്നീട് ദാവീദുമായി, നമുക്ക് നിത്യമായ പ്രയോജനങ്ങൾ കൈവരുത്താൻ കഴിയുന്ന ഒരു രാജ്യഉടമ്പടി ചെയ്യുകയുണ്ടായി. ഇത്, ഏലാ താഴ്വരയിൽ എന്തു സംഭവിച്ചു എന്ന് ഗ്രഹിക്കാൻ നമുക്ക് കൂടുതലായ കാരണം നല്കുന്നുണ്ട്.
ഫെലിസ്ത്യർ കനാന്റെ തീരപ്രദേശത്തായിരുന്നു ജീവിച്ചിരുന്നത്. യഹൂദ്യപർവ്വതങ്ങളുടെ (യരുശലേമിനു തെക്ക്) നിയന്ത്രണം ഇസ്രായേല്യർക്കായിരുന്നു. അപ്പോൾ സാഹചര്യം ഇങ്ങനെയായിരുന്നു—പടിഞ്ഞാറ് താഴ്ന്ന പ്രദേശത്ത് ശത്രുക്കളും കിഴക്ക് ഉയർന്ന പ്രദേശത്തായി ദൈവത്തിന്റെ ജനവും. ഇവക്ക് മദ്ധ്യെയായി ഷെപ്പേല എന്നു വിളിക്കപ്പെട്ടിരുന്ന ഒരു കലഹപ്രദേശമുണ്ടായിരുന്നു. ഫെലിസ്ത്യർക്ക് എങ്ങനെയാണ് ഇസ്രായേലിനെ ആക്രമിക്കാൻ കഴിഞ്ഞത്? സാദ്ധ്യതയുള്ള ഒരു റൂട്ട് കിഴക്കുപടിഞ്ഞാറായി കിടന്ന ഏതെങ്കിലും നദീതടം അല്ലെങ്കിൽ ചുരം ആയിരുന്നു. എന്നാൽ പ്രധാനമാർഗ്ഗം ഏലാ താഴ്വരയായിരുന്നു. ഈ താഴ്വര ഗാത്ത്, എക്രോൻ എന്നീ ഫെലിസ്ത്യനഗരങ്ങൾക്കു സമീപമുള്ള സമതലങ്ങൾ മുതൽ ഷെപ്പേലായിലൂടെ മേൽപ്പോട്ട് യെരുശലേമിനും ബെത്ലഹേമിനും 15 മൈൽ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പർവ്വതങ്ങൾവരെ വ്യാപിച്ച് കിടന്നിരുന്നു. ഈ ചിത്രം (തെക്കുകിഴക്കോട്ടുള്ള വീക്ഷണം) താഴ്വരയുടെ മുകളററം കാണിക്കുന്നു. ചക്രവാളത്തിലായി നിങ്ങൾക്ക് യഹൂദ്യപർവ്വതങ്ങൾa കാണാം.
ഈ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട്, ഫെലിസ്ത്യർ ആ വിശാലമായ താഴ്വരയിലൂടെ മേൽപോട്ട് പർവ്വതങ്ങളിലേക്ക് കയറിവന്നിരുന്നതായി സങ്കൽപ്പിക്കുക. ഇവരെ തടഞ്ഞുനിർത്താൻ, ഇസ്രായേല്യർ യഹൂദ്യയിൽ നിന്നും തെക്കുപടിഞ്ഞാറായി വന്നു. ഇവിടെ ഒരു നിശ്ചലാവസ്ഥ ഉണ്ടായി. എന്തുകൊണ്ട്? “ഫെലിസ്ത്യർ ഇപ്പുറത്തുള്ള പർവ്വതത്തിലും ഇസ്രായേല്യർ അപ്പുറത്തുള്ള പർവ്വതത്തിലും നിൽക്കുകയായിരുന്നു, ഇവർക്കു മദ്ധ്യെ ആ താഴ്വരയും.”—1 ശമുവേൽ 17:3.
താഴ്വരയുടെ ഏതു ഭാഗത്താണ് കൃത്യമായി ഇത് സംഭവിച്ചതെന്ന് നമുക്ക് അറിയില്ലെങ്കിലും താഴെ വലത്തുള്ള കുന്നിൽ ഫെലിസ്ത്യർ നിന്നിരുന്നതായി ഒന്നു ദൃഷ്ടിപഥത്തിൽ കൊണ്ടു വരിക. അതിനു കുറുകെ ആ തവിട്ടുനിറത്തിലുള്ള വയലിനപ്പുറമുള്ള കുന്നിൻമേലായിരിക്കും ശൗലിന്റെ സൈന്യം നിന്നിരുന്നത്. ഇരുസൈന്യങ്ങളിലും ആരും തന്നെ താഴോട്ടിറങ്ങി, താഴ്വര കടന്ന്, എതിർസൈന്യത്തെ അതിന്റെ ഉയർന്നതും പ്രതിരോധപരമായി സുരക്ഷിതവുമായ സ്ഥാനത്ത് കയറി ആക്രമിക്കാൻ തുനിഞ്ഞില്ല. അതിന്റെ ഫലമായി ഉണ്ടായിരുന്ന നിശ്ചലാവസ്ഥ ഒരു മാസത്തിലധികം നീണ്ടു നിന്നു. എന്താണ് അതിന് വിഘ്നം വരുത്തുമായിരുന്നത്?
ഒരു ദ്വന്ദ്വയുദ്ധത്തിലൂടെ ഈ പ്രശ്നത്തിന് ഒരു തീരുമാനം വരുത്താൻ ആവശ്യപ്പെട്ട് ശൗലിന്റെ സൈന്യത്തെ അധിക്ഷേപിച്ചുകൊണ്ട് ഒമ്പതടിയിലധികം ഉയരമുള്ള ഒരു ഫെലിസ്ത്യ യുദ്ധവീരനായ ഗോല്യാത്ത് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും താഴ്വരയിൽ വന്നു നിൽക്കുമായിരുന്നു. എന്നാൽ ഒരു ഇസ്രായേല്യനും അവന് ഉത്തരം കൊടുക്കാൻ ധൈര്യപ്പെട്ടില്ല. ഒടുവിൽ, ദാവീദ് എന്നു പേരായ ഒരു ആട്ടിടയബാലൻ സൈന്യത്തിലുള്ള തന്റെ സഹോദരൻമാർക്ക് ആഹാരവുമായി ബേത്ലഹേമിൽ നിന്നു വന്നു ചേർന്നു. ആ നിന്ദാകരമായ വെല്ലുവിളിയോടുള്ള അവന്റെ പ്രതികരണമെങ്ങനെയായിരുന്നു? “ജീവനുള്ള ദൈവത്തിന്റെ യുദ്ധനിരകളെ അധിക്ഷേപിക്കാൻ തക്കവണ്ണം ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ?” (1 ശമുവേൽ 17:4-30) ദാവീദിന് യഹോവയുടെ സാക്ഷികളുടെ 1990ലെ വാർഷികവാക്യത്തിൽ പ്രകടമാക്കപ്പെട്ടിരിക്കുന്ന വീക്ഷണം വ്യക്തമായുണ്ടായിരുന്നു: “നല്ല ധൈര്യശാലിയായി ‘യഹോവ എന്റെ സഹായി ആകുന്നു’ എന്നു പറയുക.”—എബ്രായർ 13:6; സങ്കീർത്തനം 56:11; 118:6.
നിരായുധനും യുദ്ധപരിശീലനം ഇല്ലാത്തവനുമാണെങ്കിലും ഈ ബാലൻ ഭയങ്കരനായ ഗോല്യാത്തിനെ നേരിടാൻ ഒരുക്കമാണെന്ന് കേട്ടപ്പോൾ രാജാവായ ശൗൽ തന്റെ പടച്ചട്ട അവന് കൊടുത്തു. ദാവീദ് അത് തിരസ്ക്കരിച്ചു, പകരം തന്റെ കൈവശമുള്ള ആടിടയന്റെ വടിയും തോലു കൊണ്ടുള്ള ഒരു കവിണയും താൻ ആ താഴ്വരയിൽ നിന്ന് കണ്ടെടുത്ത അഞ്ചു കല്ലുകളും കൊണ്ട് ആ മല്ലനെതിരെ പോകാൻ അവൻ തയ്യാറായിരുന്നു. ആ കല്ലുകൾ എങ്ങനെയുള്ളവയായിരുന്നു? അവ മുന്തിരിങ്ങയുടെയോ ഒലിവിന്റെയോ വലിപ്പത്തിലുള്ള മിനുസമുള്ള വെറും കല്ലുകളായിരിക്കാൻ സാദ്ധ്യതയില്ല. 2 മുതൽ 3 വരെ ഇഞ്ച് വ്യാസമുള്ള ഒരു ചെറിയ ഓറഞ്ചിന്റെ വലിപ്പമുള്ള കവിണക്കല്ലുകൾ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഒരു കവിണക്കാരന് അത്തരമൊരു കല്ല് മണിക്കൂറിൽ 100 മുതൽ 150 മൈൽ വരെ വേഗതയിൽ എറിയാൻ കഴിയും.
ഇരുസൈന്യങ്ങളുടെയും പൂർണ്ണദൃഷ്ടിയിൽ ആ താഴ്വരയിൽ എന്ത് സംഭവിച്ചു എന്ന് നിങ്ങൾ വായിച്ചിരിക്കും, സംശയമില്ല. ദാവീദ് ഇങ്ങനെ ഉദ്ഘോഷിച്ചു: “നീ എന്റെ നേരെ വാളും വേലും കുന്തവുമായി വരുന്നു, ഞാനോ നിനക്കെതിരെ, നീ അധിക്ഷേപിച്ച ഇസ്രായേല്യയുദ്ധനിരകളുടെ ദൈവമായ സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ നാമവുമായി വരുന്നു.” എന്നിട്ട് യഹോവ അവന് വിജയം നൽകി. ആ ബാലൻ ഒരു കല്ലെടുത്ത് അതിശക്തമായി തന്റെ കവിണ ചുഴററി. അത് ഗോല്യാത്തിന്റെ നെററിയിൽ ആഴ്ന്നിറങ്ങുകയും അവനെ കൊല്ലുകയും ചെയ്തു. എന്നിട്ട് ആ ആട്ടിടയൻ ഓടിക്കയറിച്ചെന്ന് ആ മല്ലന്റെ തന്നെ വാളുകൊണ്ട് അവന്റെ തല അറുക്കുകയും ചെയ്തു.—1 ശമുവേൽ 17:31-51.
ദൈവത്തിലുള്ള ദാവീദിന്റെ വിശ്വാസത്താലും ആശ്രയത്താലും പ്രോൽസാഹിതരായി, ഇസ്രായേല്യർ മനസ്സിടിഞ്ഞവരായ തങ്ങളുടെ എതിരാളികളുടെ മേൽ ചാടിവീഴുകയും താഴോട്ട് ഷെപ്പേലായിലൂടെ തിരികെ ഫെലിസ്ത്യ വരെ അവരെ പിൻതുടരുകയും ചെയ്തു.—1 ശമുവേൽ 17:52, 53.
യഹൂദ്യയിൽ ഉണ്ടായിരിക്കുമായിരുന്ന ആഹ്ലാദഘോഷത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുക! പർവ്വതങ്ങളിലുണ്ടായിരുന്ന ദൈവജനത്തിന് ഹെബ്രോന് സമീപമുള്ള ഒരു സ്ഥാനത്ത് നിന്നുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന ആധുനിക ദൃശ്യത്തിലേപ്പോലെ, പടിഞ്ഞാറോട്ട് താഴെ ഏലാ താഴ്വരയിലേക്കും ഷെപ്പേലായിലേക്കും നോക്കുവാൻ കഴിഞ്ഞു. ഒരു ബദാംവൃക്ഷത്തിന്റെ വെളുത്ത പുഷ്പങ്ങൾ കാൺമാൻ മനോഹരമാണ്. എന്നാൽ, ദൈവത്തിന്റെ ശത്രുക്കളുടെ മേലുള്ള ഒരു വിജയത്തിന്റെ മനോഹാരിത അതിലേറെ അഴകാർന്നതായിരുന്നു. ഇസ്രായേല്യസ്ത്രീകൾക്ക് ഇങ്ങനെ നന്നായി പറയാൻ കഴിഞ്ഞു: “ശൗൽ തന്റെ ആയിരങ്ങളെ കൊന്നു, ദാവീദ് തന്റെ പതിനായിരങ്ങളെയും.” ഏലാ താഴ്വരയിൽ വെച്ച് അവൻ കൊന്ന മല്ലൻ ഉൾപ്പെടെ.—1 ശമുവേൽ 18:7. (w90 1/1)
[അടിക്കുറിപ്പ്]
a ഇതേ ചിത്രം വലിപ്പത്തിൽ യഹോവയുടെ സാക്ഷികളുടെ 1990ലെ കലണ്ടറിൽ ഉണ്ട്. കവർ പേജിലെ ഭൂപടത്തിൽ അതിന്റെ സ്ഥാനവും കാണിക്കുന്നു.
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.