“ഒരു സാംക്രമിക സമാധാനം”
“ഒരു സാംക്രമിക സമാധാനം.” “ഓ, എത്ര സമാധാനപൂർണ്ണമായ ഒരു ലോകം.” “സമാധാനം എല്ലായിടത്തും പൊട്ടിത്തെറിക്കുന്നു.” ഇവ കഴിഞ്ഞ ഒന്നുരണ്ടു വർഷമായി വായനക്കാരെ അതിശയിപ്പിച്ച വർത്തമാനപ്പത്ര ശീർഷകങ്ങളിൽപെട്ടവയാണ്. ലോകത്തിനുചുററും, മ്ലാനതയിൽനിന്നും നാശത്തിൽനിന്നും ശുഭാപ്തിവിശ്വാസത്തിലേക്കുള്ള വാർത്തകളുടെ മാററം ആശ്ചര്യകരമായിരുന്നു. എന്താണു സംഭവിച്ചുകൊണ്ടിരുന്നത്?
എടുത്തുപറയത്തക്കവിധം, കേവലം ചില മാസങ്ങൾക്കുള്ളിൽ വലിയ പല സംഘർഷങ്ങളും അവസാനിക്കുകയൊ അവയുടെ തീവ്രത കുറയുകയൊ ചെയ്തത് ദീർഘനാൾ മുമ്പായിരുന്നില്ല. ആഫ്രിക്കയിലെ അംഗോളയിൽ സമാധാനം ‘പൊട്ടിപ്പുറപ്പെട്ടു.’ മദ്ധ്യ ഏഷ്യയിൽ സോവിയററ് യൂണിയൻ അഫ്ഗാനിസ്ഥാനിൽനിന്ന് അതിന്റെ സേനയെ പിൻവലിച്ചു. മദ്ധ്യ അമേരിക്കയിൽ, നിക്കാരാഗ്വൻ ഗവൺമെൻറും കോൺട്രാ കലാപകാരികളും തമ്മിലുള്ള പോരാട്ടം ശമിച്ചു. തെക്കുകിഴക്കേ ഏഷ്യയിൽ വിയററ്നാംകാർ കമ്പൂച്ചിയായിൽനിന്ന് പിൻമാറാൻ സമ്മതിച്ചു. ഇറാനും ഇറാക്കും തമ്മിലുണ്ടായിരുന്ന രക്തദാഹിയായ യുദ്ധം അവസാനമായി വിരാമത്തിലെത്തിയപ്പോൾ മദ്ധ്യ പൗരസ്ത്യദേശത്തിൽപോലും “സാംക്രമിക സമാധാനം” എത്തിച്ചേർന്നു.
ഒരുപക്ഷേ, വൻശക്തികൾക്കിടയിലെ പുതിയ അന്തരീക്ഷം അതിലും കൂടുതൽ ശ്രദ്ധേയമായിരുന്നു. 40 വർഷത്തെ ശീതസമരത്തിനുശേഷം അനുരഞ്ജനത്തിനുള്ള ആഗ്രഹപ്രകടനങ്ങളും പരസ്പരതാൽപ്പര്യങ്ങളെ സംബന്ധിച്ച അഭിപ്രായപ്രകടനങ്ങളും സോവിയററ്യൂണിയനും ഐക്യനാടുകളും തമ്മിലുള്ള സമാധാനത്തിലേക്കുള്ള സുനിശ്ചിതമായ നീക്കങ്ങളും വിശ്വസിക്കാൻ പ്രയാസമായിരുന്നു. കൂടാതെ, ദി ഇക്കണോമിസററ പറയുന്നതനുസരിച്ച് യൂറോപ്പ് ഇപ്പോൾ അതിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏററവും ദീർഘവും തുടർച്ചയുമായ യുദ്ധരഹിത കാലഘട്ടത്തെ അടയാളപ്പെടുത്തിയിരിക്കുന്നു. സത്യമായി, സമാധാനം വാർത്തകളിൽ സ്ഥലം പിടിച്ചിരിക്കുന്നു.
അതിന്റെ അർത്ഥമെന്താണ്? രാഷ്ട്രീയനേതാക്കൾ “നമ്മുടെ കാലത്ത് സമാധാനം” കൈവരുത്തുന്നതിനുള്ള കാലത്തിന്റെ വക്കിൽ എത്തിയിരിക്കുന്നുവോ? ഈ വാക്കുകൾ അൻപത്തിരണ്ട് വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവിൽ ചേമ്പർലെയിനാൽ പ്രഖ്യാപിക്കപ്പെട്ടതാണ്. ഒരു ഹ്രസ്വകാലത്തിനുശേഷം, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവ ക്രൂരമായി വിരോധാഭാസമെന്നു തെളിഞ്ഞു. അവ ഇപ്പോൾ വളരെ കാലങ്ങൾക്കുശേഷം സത്യമായിത്തീരാൻ പോകുകയാണോ? (w90 4⁄1)