സമാധാനം സാധ്യതകൾ എന്തെല്ലാമാണ്?
വർത്തമാനപ്പത്രശീർഷകങ്ങൾ ഉണ്ടെങ്കിലും, നമ്മിൽ മിക്കവരും തിരിച്ചറിയുന്നതുപോലെ, മനുഷ്യവർഗ്ഗം ഇപ്പോഴും യഥാർത്ഥ സമാധാനത്തിൽനിന്ന് വളരെ അകലെയാണെന്നുള്ളതാണ് സത്യം. അഫ്ഗാനിസ്ഥാനിൽനിന്നുള്ള വിദേശസൈന്യങ്ങളുടെ മാററം ആ രാജ്യത്ത് സമാധാനം കൈവരുത്തിയില്ല. ചിലതുമാത്രം പറഞ്ഞാൽ, ഫിലിപ്പൈൻസിലും സുഡാനിലും ഇസ്രായേലിലും വടക്കൻ അയർലണ്ടിലും ലെബാനോനിലും ശ്രീലങ്കയിലും ഇപ്പോഴും ഏതെങ്കിലും തരത്തിലുള്ള കുഴപ്പമുണ്ട്.
സുബുദ്ധിയുള്ള മിക്കയാളുകളും യുദ്ധത്തെക്കാൾ സമാധാനം ഇഷ്ടപ്പെടുമ്പോൾ, സമാധാനം ഇത്രയധികം തെന്നിമാറുന്നതെന്തുകൊണ്ട്? രാഷ്ട്രീയപ്രവർത്തകർ സമാധാനം കൈവരുത്തുന്നതിന് അനേകം നൂററാണ്ടുകളിൽ പല വിധങ്ങളിൽ പരിശ്രമിച്ചിരിക്കുന്നു, എന്നാൽ അവരുടെ പ്രയത്നങ്ങൾ എപ്പോഴും പരാജയപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്? നമുക്ക് ഏതാനും ദൃഷ്ടാന്തങ്ങൾ പരിശോധിച്ചുകൊണ്ട് മനസ്സിലാക്കാം.
മതത്തിലൂടെയും നിയമത്തിലൂടെയും സമാധാനം
ചിലർ റോമാസാമ്രാജ്യത്തെ സമാധാനസ്ഥാപനത്തിനുള്ള ഒരു വിജയപ്രദമായ ഉദ്യമമായി വീക്ഷിക്കുന്നു. അതിൻകീഴിൽ, സ്ഥാപിതനിയമങ്ങളുടെയും വഴക്കമുള്ള ഭരണനിർവഹണത്തിന്റെയും ഭയജനകമായ സൈന്യങ്ങളുടെയും നന്നായി രൂപകൽപ്പനചെയ്ത റോഡുകളുടെയും സമാഹാരം ഏതാനും നൂററാണ്ടുകളിലേക്ക് പശ്ചിമേഷ്യയുടെയും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ഒരു വലിയ പ്രദേശത്ത് പാകസ റൊമാനാ (റോമൻസമാധാനം) എന്നറിയപ്പെട്ടിരുന്ന ഒരു അന്തർദ്ദേശീയ സ്ഥിരത പുലർത്തിയിരുന്നു. എന്നിരുന്നാലും ക്രമേണ, റോമാസാമ്രാജ്യം ആഭ്യന്തര അഴിമതിയാലും പുറമെനിന്നുള്ള ആക്രമണങ്ങളാലും ഞെരുക്കപ്പെടുകയും റോമൻസമാധാനം തകരുകയും ചെയ്തു.
ഇത് മാനുഷപ്രയത്നങ്ങളെ സംബന്ധിച്ച ഒരു ദുഃഖസത്യം വിശദമാക്കുന്നു. പ്രത്യാശാപൂർണ്ണമായ ഒരു പ്രാരംഭതുടക്കത്തിനുശേഷം അവ സാധാരണയായി അധഃപതിക്കുന്നു. ദൈവംതന്നെ പറഞ്ഞു: “മമനുഷ്യന്റെ ഹൃദയചായ്വ് അവന്റെ ചെറുപ്പംമുതലേ ദുഷിച്ചതാണ്,” സാധാരണയായി ഈ ദുഷിച്ച ചായ്വ് അന്തിമമായി വിജയംവരിക്കുന്നു. (ഉൽപ്പത്തി 8:21) കൂടാതെ പ്രവാചകനായ യിരെമ്യാവ് ഇപ്രകാരം പറഞ്ഞു: “ഹൃദയം മറെറന്തിനേക്കാളും വഞ്ചകവും സാഹസികവും ആകുന്നു. അത് ആർക്ക് അറിയാൻ കഴിയും?” (യിരെമ്യാവ് 17:9) മനുഷ്യർ പ്രവചനാതീതരാണ്. ഒരു വ്യക്തിയുടെ നല്ല ചായ്വുകൾ മററുള്ളവരുടെ അസൂയയാലൊ സ്വാർത്ഥപരമായ അതിമോഹങ്ങളാലൊ തകിടംമറിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ ഉന്നത തത്വങ്ങളോടുകൂടിയ ഒരു ഭരണാധികാരിതന്നെ അഴിമതിക്കാരനായിത്തീർന്നേക്കാം. ഇതിന്റെ വീക്ഷണത്തിൽ മനുഷ്യർക്ക് എങ്ങനെ എന്നെങ്കിലും സമാധാനം കൊണ്ടുവരാൻ കഴിയും?
ക്രി.മു. മൂന്നാം നൂററാണ്ടിൽ സമാധാനമുണ്ടാക്കുന്നതിനുള്ള ഒരു മഹത്തായ യത്നം സംബന്ധിച്ച് ഇൻഡ്യാ ഉപഭൂഖണ്ഡത്തിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവിടെ ശക്തനായ ഭരണാധികാരിയായിരുന്ന അശോകൻ യുദ്ധത്താലും രക്തച്ചൊരിച്ചിലിനാലും ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുത്തു. രേഖയനുസരിച്ച്, പിന്നീട് അദ്ദേഹം ബുദ്ധമതതത്വങ്ങളിലേക്ക് പരിവർത്തനം ചെയ്തു. യുദ്ധത്തെ പരസ്യമായി നിരാകരിച്ചുകൊണ്ട് അദ്ദേഹം ഒരു മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് തന്റെ പ്രജകളെ സഹായിക്കുന്നതിന് രാജ്യമാസകലം ശിലാശാസന സ്മാരകങ്ങൾ ഉയർത്തി. പ്രത്യക്ഷത്തിൽ അദ്ദേഹത്തിന്റെ സാമ്രാജ്യം സമാധാനപൂർണ്ണവും സമ്പൽസമൃദ്ധവുമായിരുന്നു.
അശോകന്റെ മാർഗ്ഗമാണോ സമാധാനത്തിലേക്കുള്ള വഴി? ഖേദപൂർവം പറയട്ടെ, അല്ല. ചക്രവർത്തി മരിച്ചതോടെ അദ്ദേഹത്തിന്റെ സമാധാനവും അദ്ദേഹത്തോടൊപ്പം മരിച്ചു, അദ്ദേഹത്തിന്റെ സാമ്രാജ്യം തകരുകയും ചെയ്തു. ഒരു നല്ല ആന്തരത്തോടുകൂടിയവനും പ്രാപ്തനും ആയ ഒരു ഭരണാധിപന്റെപോലും പ്രയത്നങ്ങൾ അദ്ദേഹം മരിക്കുമെന്നുള്ളതിനാൽ ഒടുവിൽ നിഷ്ഫലമായിത്തീരുന്നു എന്ന് ഇത് ചിത്രീകരിക്കുന്നു. സഭാപ്രസംഗിയുടെ എഴുത്തുകാരൻ ഇപ്രകാരം എഴുതിയപ്പോൾ ഇതിനെ പരാമർശിച്ചു: “ഞാൻ . . . എന്റെ മുഴു കഠിനപ്രയത്നത്തെയും വെറുത്തു . . . എനിക്കു പിന്നാലെ വരുന്ന മനുഷ്യനുവേണ്ടി ഞാൻ അത് പിമ്പിൽ വിട്ടേക്കുന്നു. അവൻ ജ്ഞാനി അല്ലെങ്കിൽ മൂഢൻ ആയിരിക്കുമെന്ന് അറിയുന്ന ആരുണ്ട്? എന്നാൽ സൂര്യനുകീഴെ ഞാൻ ചെയ്തതും ഞാൻ ജ്ഞാനം പ്രകടമാക്കിയതുമായ സകല കഠിനശ്രമത്തിൻമേലും അവൻ നിയന്ത്രണം ഏറെറടുക്കും. ഇതും വ്യർത്ഥമാകുന്നു.”—സഭാപ്രസംഗി 2:18, 19.
അതെ, മമനുഷ്യന്റെ മർത്യാവസ്ഥ നിലനിൽക്കുന്ന സമാധാനം കൊണ്ടുവരുന്നതിനുള്ള അവന്റെ തരണംചെയ്യാനാവാത്ത ഒരു തടസ്സമാണ്. ഈ കാര്യം സംബന്ധിച്ച് സങ്കീർത്തനക്കാരന്റെ ബുദ്ധിയുപദേശം തീർച്ചയായും ജ്ഞാനപൂർവകമാണ്: “നിങ്ങളുടെ ആശ്രയം രക്ഷിക്കാൻ കഴിയാത്ത പ്രഭുക്കൻമാരിൽ വെക്കരുത്, ഭൗമികമമനുഷ്യന്റെ പുത്രനിലും അരുത്. അവന്റെ ആത്മാവ് പുറത്ത് പോകുന്നു, അവൻ തന്റെ നിലത്തേക്ക് തിരികെ പോകുന്നു; ആ ദിവസം അവന്റെ ചിന്തകൾ നശിക്കതന്നെ ചെയ്യുന്നു.”—സങ്കീർത്തനം 146:3, 4.
സമാധാനത്തിനു വേണ്ടിയുള്ള കൂടുതലായ ശ്രമങ്ങൾ
സമാനമായ മററു ശ്രമങ്ങൾ സമാധാനം കൈവരുത്തുന്നതിനുള്ള മമനുഷ്യന്റെ കഠിനയത്നത്തിൽ അവൻ പരാജയപ്പെടുന്നതിന്റെ കാരണം വിശദമാക്കുന്നു. ദൃഷ്ടാന്തത്തിന് പത്താം നൂററാണ്ടിൽ യൂറോപ്പിൽ ദൈവികസമാധാനം എന്നു വിളിക്കപ്പെട്ട ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. സഭാവസ്തുക്കൾ സംരക്ഷിക്കുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെട്ട അത് ഒരു വിധത്തിലുള്ള അക്രമവിരുദ്ധ ഉടമ്പടിയായി വികാസംപ്രാപിച്ച് 12-ാം നൂററാണ്ടിന്റെ മദ്ധ്യത്തോടെ യൂറോപ്പിന്റെ മിക്കഭാഗങ്ങളിലേക്കും വ്യാപിച്ചു.
മറെറാരു സങ്കൽപ്പം “ശാക്തിക സമനില” എന്നു വിളിക്കപ്പെടുന്നു. ഈ നയം പിൻതുടർന്നുകൊണ്ട് യൂറോപ്പ്പോലെയുള്ള രാഷ്ട്രങ്ങളുടെ ഒരു സമൂഹം സംസ്ഥാനങ്ങളുടെയിടയിൽ സൈനികബലത്തിന്റെ ഏകദേശമായ സമനില കാത്തുസൂക്ഷിക്കുന്നതിനാൽ യുദ്ധത്തെ നിരുത്സാഹപ്പെടുത്തുന്നു. ശക്തമായ ഒരു രാഷ്ട്രം ഒരു ബലഹീനരാഷ്ട്രത്തെ ഭീഷണിപ്പെടുത്തുന്നുവെങ്കിൽ, മറെറാരു ശക്തമായ രാഷ്ട്രം ആക്രമണകാരിയെ നിരുത്സാഹപ്പെടുത്തുന്നതിനുവേണ്ടി താൽക്കാലികമായി ബലഹീനരാഷ്ട്രത്തോട് സഖ്യത്തിലേർപ്പെടുന്നു. നെപ്പോളിയന്റെ യുദ്ധങ്ങളുടെ അവസാനംമുതൽ 1914-ലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽവരെ ഈ നയം യൂറോപ്യൻബന്ധങ്ങളെ നയിച്ചു.
യുദ്ധാനന്തരം, രാഷ്ട്രങ്ങൾ തങ്ങളുടെ ഭിന്നതകളെ പ്രതി യുദ്ധംചെയ്യുന്നതിനുപകരം അവ പറഞ്ഞുതീർക്കുന്നതിനുള്ള ഒരു വേദിയായി സർവരാജ്യസഖ്യം സ്ഥാപിക്കപ്പെട്ടു. സഖ്യം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രവർത്തനരഹിതമായി, എന്നാൽ യുദ്ധാനന്തരം ഇപ്പോഴും നിലനിൽക്കുന്ന ഐക്യരാഷ്ട്രങ്ങളാൽ അതിന്റെ ആത്മാവ് പുനരുജ്ജീവിപ്പിക്കപ്പെട്ടു.
എന്നിരുന്നാലും ഈ എല്ലാ യത്നങ്ങളും യഥാർത്ഥമൊ നിലനിൽക്കുന്നതൊ ആയ സമാധാനം കൈവരുത്തുന്നതിൽ പരാജയപ്പെട്ടു. ദൈവികസമാധാന പ്രസ്ഥാനം യൂറോപ്പിൽ നിലനിൽക്കെത്തന്നെ യൂറോപ്യൻമാർ രക്തദാഹത്തോടെ കുരിശുയുദ്ധങ്ങളിൽ മുസ്ലീങ്ങൾക്കെതിരെ പോരാടി. രാഷ്ട്രീയനേതാക്കൻമാർ ശാക്തികസമനിലയിലൂടെ യൂറോപ്പിൽ സമാധാനം നിലനിർത്താൻ പരിശ്രമിച്ചുകൊണ്ടിരുന്നപ്പോൾ അവർ യൂറോപ്പിനു വെളിയിലുള്ള ദേശങ്ങളിൽ യുദ്ധം ചെയ്യുകയും സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്തുകൊണ്ടിരുന്നു. സർവരാജ്യസഖ്യം രണ്ടാംലോകമഹായുദ്ധത്തെ തടയുന്നതിന് അപ്രാപ്തമായിരുന്നു, ഐക്യരാഷ്ട്രങ്ങൾ കമ്പൂച്ചിയായിലെ ദുഷ്ടമായ കൂട്ടക്കൊലകളെയൊ, കൊറിയ, നൈജീറിയാ, വിയററ്നാം, സയിരെ എന്നിവിടങ്ങളിലെ സംഘട്ടനങ്ങളെയൊ തടഞ്ഞില്ല.
അതെ, ഇന്നേവരെ രാജ്യതന്ത്രജ്ഞരുടെ ഏററവും മെച്ചപ്പെട്ട സമാധാനശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ഭരണകർത്താക്കൾക്ക് മരണത്താലും തങ്ങളുടെതന്നെയും മററുള്ളവരുടെയും മാനുഷപരാജയങ്ങളാലുമുള്ള പ്രതിബന്ധം നിമിത്തം നിലനിൽക്കുന്ന സമാധാനം കൈവരുത്താൻ കേവലം അറിയാൻപാടില്ല. എന്നിരുന്നാലും വാസ്തവമതല്ലെന്നിരുന്നാൽപോലും, രാജ്യതന്ത്രജ്ഞൻമാർക്ക് സമാധാനം കൈവരുത്താൻ കഴിയുകയില്ല. എന്തുകൊണ്ടില്ല? യഥാർത്ഥത്തിൽ ഭയങ്കരമായ മറെറാരു തടസ്സം നിമിത്തം.
സമാധാനത്തെ തടയുന്ന ഒരു നിഗൂഢ ശക്തി
ബൈബിൾ ഇപ്രകാരം പറയുമ്പോൾ ഈ തടസ്സത്തെ സംബന്ധിച്ച് സംസാരിക്കുന്നു: “മുഴുലോകവും ദുഷ്ടനായവന്റെ കീഴിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ആ ദുഷ്ടൻ നമ്മെക്കാൾ വളരെയധികം ശക്തനായ, മനുഷാതീതനായ ആത്മ സൃഷ്ടിയായ പിശാചായ സാത്താനാണ്. ആരംഭമുതൽ സാത്താൻ മത്സരത്തിലും ഭോഷ്കുപറച്ചിലിലും കൊലപാതകത്തിലും ഉൾപ്പെട്ടിട്ടുണ്ട്. (ഉൽപ്പത്തി 3:1-6; യോഹന്നാൻ 8:44) ഗൂഢമെങ്കിലും ലോകകാര്യങ്ങളിലെ അവന്റെ ശക്തമായ സ്വാധീനത്തെ മററു നിശ്വസ്ത എഴുത്തുകാരും സാക്ഷ്യപ്പെടുത്തുന്നു. പൗലോസ് അവനെ “ഈ വ്യവസ്ഥിതിയുടെ ദൈവം,” “വായുവിന്റെ അധികാരത്തിന്റെ ഭരണാധിപൻ” എന്നിങ്ങനെ വിളിച്ചു. (2 കൊരിന്ത്യർ 4:4; എഫേസ്യർ 2:2) യേശു അവനെ ഒന്നിലധികം പ്രാവശ്യം “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നു വിളിച്ചു.—യോഹന്നാൻ 12:31; 14:30; 16:11.
ലോകം സാത്താന്റെ അധീനത്തിൽ കിടക്കുന്നതിനാൽ മാനുഷ രാജ്യതന്ത്രജ്ഞൻമാർ നിലനിൽക്കുന്ന സമാധാനം കൊണ്ടുവരുന്നതിന് യാതൊരു സാധ്യതയുമില്ല. അതിന്റെ അർത്ഥം സമാധാനം ഒരിക്കലും കൈവരുകയില്ലെന്നാണോ? ആർക്കെങ്കിലും മനുഷ്യവർഗ്ഗത്തെ സമാധാനത്തിലേക്ക് നയിക്കാൻ കഴിയുമോ? (w90 4⁄1)
[5-ാം പേജിലെ ആകർഷകവാക്യം]
ഒരു ഭരണാധിപൻ എത്രതന്നെ ജ്ഞാനിയും ഉന്നത തത്വങ്ങൾ ഉള്ളവനും ആയിരുന്നാലും ഒടുവിൽ അയാൾ മരിക്കുന്നു, മിക്കപ്പോഴും കഴിവുകുറഞ്ഞവരും തത്വദീക്ഷ കുറവുള്ളവരും സ്ഥാനം ഏറെറടുക്കുന്നു
[6-ാം പേജിലെ ആകർഷകവാക്യം]
സമാധാനത്തിനുള്ള ഏററവും വലിയ ഒററപ്പെട്ട തടസ്സം പിശാചായ സാത്താനാണ്
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. National Archives photo