ലോകസമാധാനം—അത് യഥാർത്ഥത്തിൽ എന്തർത്ഥമാക്കും?
ദൈവത്തിന്റെ മനസ്സിലുള്ള ലോകസമാധാനത്തിൽ ഒരു ആഗോള വെടിനിർത്തലിനെക്കാൾ അഥവാ ഒരു ന്യൂക്ലിയർ സ്തംഭനാവസ്ഥയെക്കാൾ കവിഞ്ഞ ഒട്ടേറെ കാര്യങ്ങൾ അന്തർഭവിച്ചിരിക്കുന്നു. “സമാധാനം” എന്ന പദം ബൈബിൾ ഉപയോഗിച്ചിരിക്കുന്ന രീതിയിൽനിന്ന് ഇതു പ്രകടമാണ്.
ദൃഷ്ടാന്തത്തിന്, എബ്രായതിരുവെഴുത്തുകളിൽ (“പഴയനിയമം”) സമാധാനത്തിനുള്ള പദം ശാലോം എന്നാണ്. ഈ പദത്തിന്റെ ഒരു രൂപമാണ് ഉല്പത്തി 37:14ൽ ഉപയോഗിച്ചിരിക്കുന്നത്. അവിടെ ഗോത്രപിതാവായ യാക്കോബ് തന്റെ പുത്രനായ യോസേഫിനോട് ഇങ്ങനെ പറയുന്നു: “നിന്റെ സഹോദരൻമാർക്ക് സ്വൈരവും സുഖവുമോ എന്നും ആട്ടിൻപററത്തിന് സ്വൈരവും സുഖവുമോ എന്നും നോക്കി വന്ന് വസ്തുത എന്നെ അറിയിക്കണം.”a ഉല്പത്തി 41:16-ൽ ശാലോം വീണ്ടും ഉപയോഗിച്ചിരിക്കുന്നു. അവിടെ അതിന് “ക്ഷേമം” എന്നാണ് അർത്ഥകല്പന ചെയ്തിരിക്കുന്നത്.
അതുകൊണ്ട് ബൈബിൾപരമായ ഒരു അർത്ഥത്തിൽ യഥാർത്ഥ സമാധാനത്തിൽ കേവലം ശത്രുതകൾക്കുള്ള അറുതി മാത്രമല്ല, പിന്നെയോ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം എന്നിവയെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. സമാധാനം എങ്ങനെ കൈവരുത്താൻ കഴിയും എന്ന സമസ്യ പരിഹരിക്കുന്നതിന് മനുഷ്യർ അപ്രാപ്തരാണെന്ന് ഞങ്ങളുടെ 1991 ഓഗസ്ററ് 1-ലെ ലക്കം കാണിച്ചു. “സമാധാനപ്രഭു”വായ യേശുക്രിസ്തുവിനു മാത്രമേ അററുപോയ ഖണ്ഡങ്ങൾ കൂട്ടിച്ചേർത്ത് ഭൂമിയിൽ യഥാർത്ഥ സമാധാനം കൊണ്ടുവരാൻ കഴിയൂ. (യെശയ്യാവ് 9:6, 7) ദൃഷ്ടാന്തത്തിന് ആ ഒരുവന്റെ ഭരണത്തെക്കുറിച്ച് സങ്കീർത്തനം 72:7, 8-ൽ ബൈബിൾ പ്രവചിക്കുന്നതെന്തെന്ന് പരിഗണിക്കുക: “അവന്റെ നാളുകളിൽ നീതിമാൻ തഴക്കും, ചന്ദ്രൻ മേലാൽ ഇല്ലാതാകുവോളം സമാധാനസമൃദ്ധി ഉണ്ടാകും. അവന് സമുദ്രം മുതൽ സമുദ്രം വരെയും നദിമുതൽ ഭൂമിയുടെ അററങ്ങൾവരെയും പ്രജകൾ ഉണ്ടായിരിക്കും.” ചിന്തിച്ചുനോക്കൂ—ഒരു ലോകവ്യാപകമായ അളവിൽ ആരോഗ്യവും സുരക്ഷിതത്വവും ക്ഷേമവും! യാതൊരു രാഷ്ട്രീയസഖ്യത്തിനും ഇതു നിവർത്തിക്കാൻ കഴിയില്ല. ദൈവരാജ്യത്തിനുമാത്രമേ അതു കഴിയൂ, അത് ഇതിലുമധികം നേട്ടങ്ങൾ കൈവരിക്കും. ഈ ഭാവിലോകസമാധാനത്തിന്റെ പുളകമണിയിക്കുന്ന ഒട്ടേറെ പ്രാവചനിക സൂചനകൾ ബൈബിൾ നമുക്ക് പ്രദാനംചെയ്യുന്നു. നമുക്ക് അവയിൽ ചിലത് പരിചിന്തിക്കാം.
ആഗോള നിരായുധീകരണം—ദൈവത്തിന്റെ മാർഗ്ഗം!
സങ്കീർത്തനം 46:8, 9 പറയുന്നു: “വരുവിൻ ജനങ്ങളേ, യഹോവയുടെ പ്രവൃത്തികൾ കാൺമിൻ, അവൻ ഭൂമിയിൽ ആശ്ചര്യകാര്യങ്ങൾ ഭവിപ്പിച്ചിരിക്കുന്നു. അവൻ ഭൂമിയുടെ അററങ്ങളോളം യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു. അവൻ വില്ലൊടിച്ച് കുന്തം കഷണിച്ചുകളയുന്നു. രഥങ്ങളെ അവൻ തീയിലിട്ടു ചുട്ടുകളയുന്നു.” “വില്ല്,” “കുന്തം,” ‘രഥങ്ങൾ’ എന്നീ പദങ്ങളെല്ലാം ഏതു രൂപത്തിലുമുള്ള യുദ്ധായുധത്തിന്റെയോ യുദ്ധസന്നാഹത്തിന്റെയോ പ്രതീകങ്ങളാണ്. യഹോവ, ആയുധങ്ങൾ വെട്ടിച്ചുരുക്കുന്നതിനും സമ്പൂർണ്ണ നിരായുധീകരണത്തിനും ബഹുദൂരം അപ്പുറം കടന്നുചെല്ലുന്നു. ന്യൂക്ലിയർ ആയുധങ്ങളെയും പീരങ്കികളെയും ടാങ്കുകളെയും മിസൈൽ വിക്ഷേപിണികളെയും കൈബോംബുകളെയും പ്ലാസ്ററിക് സ്ഫോടകവസ്തുക്കളെയും തോക്കുകളെയും കൈത്തോക്കുകളെയും—ആഗോള സമാധാനത്തെ ഭീഷണിപ്പെടുത്തിയേക്കാവുന്ന എന്തിനെയും അവൻ ഉൻമൂലനംചെയ്യുന്നു!
പക്ഷേ ആയുധങ്ങൾ തനിയെ യുദ്ധത്തിനിടവരുത്തുന്നില്ല. സാധാരണയായി യുദ്ധത്തിന്റെ വേരുകൾ അപൂർണ്ണ മനുഷ്യരുടെ വിദ്വേഷം നിറഞ്ഞതോ അത്യാർത്തിപൂണ്ടതോ അക്രമാസക്തമോ ആയ പ്രകൃതത്തിലാണ് കുടികൊള്ളുന്നത്. (യാക്കോബ് 4:1-3 താരതമ്യംചെയ്യുക.) ആളുകളുടെ അത്തരം ദുഷിച്ച വ്യക്തിത്വലക്ഷണങ്ങൾ ഇല്ലായ്മചെയ്തുകൊണ്ട് ദൈവരാജ്യം യുദ്ധത്തിന്റെ ഈ മൂലകാരണത്തെ ആക്രമിക്കുന്നു. എങ്ങനെ? ഒരു ആഗോള വിദ്യാഭ്യാസപരിപാടിയിലൂടെ. “വെള്ളങ്ങൾ സമുദ്രത്തെത്തന്നെ മൂടുന്നതുപോലെ യഹോവയുടെ പരിജ്ഞാനത്താൽ ഭൂമി തീർച്ചയായും നിറയും.”—യെശയ്യാവ് 11:9.
“യഹോവയാൽ പഠിപ്പിക്കപ്പെട്ടവ”രായിത്തീരുന്നതോടെ മനുഷ്യരാശി ഭിന്നതക്കോ ശത്രുതക്കോ നിന്ദക്കോ ഉള്ള ഒരു അടിസ്ഥാനമായി മേലാൽ വർഗ്ഗവ്യത്യാസങ്ങളെ കാണുകയില്ല. (യോഹന്നാൻ 6:45) “ദൈവം മുഖപക്ഷമുള്ളവനല്ല,” ഭൂമിയിലെ നിവാസികൾ അവന്റെ നിഷ്പക്ഷതയെ പ്രതിഫലിപ്പിക്കുകയുംചെയ്യും. (പ്രവൃത്തികൾ 10:34) രാഷ്ട്രീയ അതിർവരമ്പുകളെ ഇല്ലായ്മചെയ്തുകൊണ്ട് ദേശീയ സംഘട്ടനങ്ങൾക്കുള്ള ഏതു സാദ്ധ്യതയെയും കൂടെ രാജ്യം ഇല്ലായ്മചെയ്യും. ‘സമുദ്രം മുതൽ സമുദ്രം വരെയും ഭൂമിയുടെ അററങ്ങളോളവും’ എല്ലാവരും ക്രിസ്തുവിന്റെ ഭരണത്തോടുള്ള തങ്ങളുടെ സന്നദ്ധതയും നന്ദിയും നിറഞ്ഞ കൂറ് പ്രഖ്യാപിക്കും.—സങ്കീർത്തനം 72:8.
അത്തരം സമാധാനം നിലനിൽക്കുന്നതിന് രാജ്യം മനുഷ്യചരിത്രത്തിലെ ഏററവും വലിയ വിഭാഗീയശക്തിയെ—വ്യാജമതത്തെ—ഇല്ലായ്മചെയ്യും. (സെഫന്യാവ് 2:11) ഏകസത്യദൈവത്തിന്റെ ആരാധനയിൽ മനുഷ്യവർഗ്ഗം ഏകീകരിക്കപ്പെടും. (യെശയ്യാവ് 2:2, 3) ഒരു ലോകവ്യാപകസാഹോദര്യം നിലനിൽക്കും!
ഭവനതലത്തിൽ സമാധാനം
ആക്ഷേപങ്ങളും വ്രണപ്പെടുത്തുന്ന വാക്കുകളും ഭീഷണികളും നിരന്തരം വർഷിക്കുന്ന ഒരു പോർക്കളമാണ് സ്വകാര്യഭവനങ്ങളെങ്കിൽ ലോകസമാധാനംകൊണ്ടെന്തു പ്രയോജനം? ഇന്ന് ഒട്ടധികം കുടുംബങ്ങളെ സംബന്ധിച്ച് സ്ഥിതി ഇങ്ങനെയാണ്. മററു കുടുംബങ്ങൾ കനത്ത നിശബ്ദതയുടെ മറയ്ക്കു പിമ്പിൽ അവരുടെ രൂഢമൂലമായ വിരോധങ്ങൾ മറച്ചുപിടിക്കുന്നു.
അതുകൊണ്ട് യഥാർത്ഥ സമാധാനത്തിൽ ഗാർഹികമായ പ്രശാന്തിയും ഉൾപ്പെടേണ്ടതുണ്ട്. രാജ്യത്തിന്റെ വിദ്യാഭ്യാസപരിപാടിയുടെ കീഴിൽ ഭർത്താക്കൻമാരും ഭാര്യമാരും പരസ്പരം സ്നേഹാദരങ്ങളോടെ ഇടപെടുന്നതിന് പഠിപ്പിക്കപ്പെടുന്നു. (കൊലോസ്യർ 3:18, 19) കുട്ടികൾ ‘തങ്ങളുടെ മാതാപിതാക്കൻമാരോട് സകലത്തിലും അനുസരണമുള്ളവരായിരിക്കുന്നതിന്’ പഠിപ്പിക്കപ്പെടും. (കൊലോസ്യർ 3:20) മാതാപിതാക്കളെ വിഷമിപ്പിക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്യുന്ന മത്സരികളായ കൗമാരപ്രായക്കാർ ഉണ്ടായിരിക്കയില്ല. അനുസരണമായിരിക്കും പ്രമാണം. സഹകരണം ചട്ടവും. കുട്ടികളെ കാണുക ഉല്ലാസവും അവർ അടുത്തുണ്ടായിരിക്കുക ഒരു ആനന്ദവും ആയിരിക്കും.
സാമ്പത്തികസമ്മർദ്ദങ്ങൾ ഇന്ന് മാതാപിതാക്കൾ ഇരുവരും ലൗകികതൊഴിലിന്റെ ഭാരിച്ച ചുമട് എടുക്കാനിടയാക്കുന്നതോടെ കുടുംബസംഘർഷങ്ങൾ വളരെ രൂക്ഷമാകുന്നു. പക്ഷേ ക്രിസ്തുവിന്റെ ഭരണത്തിൻകീഴിൽ ഞെരുക്കുന്ന സാമ്പത്തികഭാരങ്ങളിൽ—പെരുത്ത വാടക, ഉയരുന്ന പണയചെലവുകൾ, കയറിക്കൊണ്ടിരിക്കുന്ന നികുതികൾ തൊഴിലില്ലായ്മ എന്നിവയിൽ—നിന്ന് കുടുംബങ്ങൾ ആശ്വാസം അനുഭവിക്കും. ധന്യവും വെല്ലുവിളി പകരുന്നതുമായ ജോലികൾ ധാരാളമുണ്ടായിരിക്കും. ആരുംതന്നെ ഭവനരഹിതരായിരിക്കേണ്ടിവരുകയില്ല. യെശയ്യാവ് 65:21-23-ലെ പ്രവചനം ഈ യാഥാർത്ഥ്യങ്ങളെ സവിശേഷമായി അവതരിപ്പിക്കുന്നതെങ്ങനെയെന്ന് കുറിക്കൊള്ളുക: “അവർ തീർച്ചയായും വീടുകളെ പണിതു പാർക്കും . . . അവർ പണിയുകയും മറെറാരാൾ പാർക്കുകയും എന്നു വരികയില്ല; അവർ നടുകയും മററാരെങ്കിലും തിന്നുകയും എന്നു വരികയില്ല. . . . തങ്ങളുടെ സ്വന്ത കൈകളുടെ പ്രവൃത്തി എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ തികവോളം ആസ്വദിക്കും. അവർ വെറുതെ അദ്ധ്വാനിക്കുകയില്ല. ആപത്തിനായി ജനിപ്പിക്കുകയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ, അവരോടുകൂടെയുള്ള അവരുടെ സന്താനങ്ങളും അങ്ങനെയല്ലോ.”
നഗരജീർണ്ണതയുടെ കാഴ്ചകളോ ശബ്ദകോലാഹലങ്ങളോ ദുർഗ്ഗന്ധങ്ങളോ നിങ്ങളെ ആക്രമിക്കാനില്ലാത്ത ഒരു പരിസ്ഥിതിയിൽ ജീവിക്കുന്നതിനെ ഒന്നു വിഭാവനചെയ്യുക! നന്നായി കൃഷിചെയ്ത് വകഞ്ഞൊതുക്കി ചെത്തിവെടിപ്പാക്കിയ ഹരിതാഭമായ ഭൂപ്രദേശത്ത്—നിങ്ങളുടെ പ്രദേശത്ത് ജീവിക്കുന്നതൊന്ന് ഊഹിക്കുക. അത്യാനന്ദം പകരുമാറ് വെടിപ്പും ശുദ്ധിയുമുള്ള വായു ശ്വസിക്കുന്നതൊന്ന് ആലോചിച്ചുനോക്കുക. ആധുനിക നാഗരികതയുടെ പരുക്കൻ ശബ്ദകോലാഹലമല്ല, പിന്നെയോ ഇമ്പകരമായ പ്രകൃതിസ്വരങ്ങൾ കേൾക്കുന്നതിനെ ഭാവനയിൽ കാണുക. സത്യമാണ്, ചില ഭാഗ്യവാൻമാർ ഈ കാര്യങ്ങൾ ഒരു ചെറിയ അളവിൽ ഇപ്പോൾത്തന്നെ ആസ്വദിക്കുന്നുണ്ടായിരിക്കാം. പക്ഷേ ദൈവരാജ്യത്തിൻകീഴിൽ സമാധാനസ്വച്ഛമായ ജീവിതാവസ്ഥകൾ എല്ലാവരും ആസ്വദിക്കും. അവിടെ ദരിദ്രരോ വിശക്കുന്നവരോ ക്ലേശമനുഭവിക്കുന്നവരോ ഉണ്ടായിരിക്കയില്ല.—സങ്കീർത്തനം 72:13, 14, 16.
“ദുഷ്ടൻമാരെ സംബന്ധിച്ചോ, അവർ ഛേദിക്കപ്പെടും” എന്ന് ബൈബിൾ വീണ്ടും വാഗ്ദത്തംചെയ്യുന്നു. (സദൃശവാക്യങ്ങൾ 2:22) അതിന്റെ അർത്ഥം അക്രമത്തിന്റെ ഉച്ചാടനമെന്നാണ്. നിങ്ങളുടെ ഏററവും ഇളയ കുട്ടി കളിക്കാൻ പുറത്തിറങ്ങിയാൽ ഇരുളിൽ പതിയിരിക്കുന്ന ശിശുദ്രോഹികളെയോ തട്ടിക്കൊണ്ടുപോക്കുകാരെയോ നിയന്ത്രണംവിട്ടു പാളുന്ന, കുടിച്ചു മത്തരായ ഡ്രൈവർമാർ ഓടിക്കുന്ന കാറുകളെയോ അല്ലെങ്കിൽ മയക്കുമരുന്നുഭ്രാന്തു പിടിച്ചലയുന്ന ചെറുപ്പക്കാരുടെ സംഘങ്ങളെയോ ഓർത്ത് നിങ്ങൾ വ്യാകുലപ്പെടേണ്ടിവരുകയില്ല. നിങ്ങളുടെ കുട്ടികൾ വെളിയിൽ തികഞ്ഞ സ്വൈരതയിലും സുരക്ഷിതത്വത്തിലും കളിക്കും.
സമാധാനവും നിങ്ങളുടെ വ്യക്തിപരമായ ക്ഷേമവും
ഒടുവിൽ, വ്യക്തിപരമായ ക്ഷേമത്തിന്റെ സംഗതിയുണ്ട്. പറുദീസായവസ്ഥകൾ പോലും അർബുദത്തിന്റെ അതിവേദനയോ സന്ധിവാതത്തിന്റെ നൊമ്പരങ്ങളോ ശമിപ്പിക്കുകയില്ല. അതുകൊണ്ട് യഥാർത്ഥ സമാധാനത്തിൽ രോഗം, അസുഖം, മരണം, എന്നിവയുടെ ദൂരീകരണം ഉൾപ്പെടുന്നു. ഈ കാര്യം സാദ്ധ്യമാണോ? ഭൂമിയിലായിരിക്കുമ്പോൾ യേശുക്രിസ്തു മാനുഷവ്യാധികളുടെമേലുള്ള തന്റെ മേധാവിത്വം ആവർത്തിച്ചു പ്രകടമാക്കി. (മത്തായി 8:14-17) സ്വർഗ്ഗത്തിലെ തന്റെ സർവോത്തമസ്ഥാനത്തുനിന്ന് ഭൂവ്യാപകമായ അത്ഭുതങ്ങൾ ചെയ്യാൻ അവൻ പ്രാപ്തനായിരിക്കും! ബൈബിൾ ഇങ്ങനെ വാഗ്ദാനംചെയ്യുന്നു: “ആ കാലത്ത് കുരുടൻമാരുടെ കണ്ണ് തുറന്നുവരും, ബധിരൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. ആ കാലത്ത് മുടന്തൻ മാനിനെപ്പോലെ ചാടിക്കയറും, ഊമന്റെ നാവ് ഉല്ലസിച്ച് ഘോഷിക്കുകയും ചെയ്യും.”—യെശയ്യാവ് 33:24; 35:5, 6.
മാനുഷയാതനകൾക്കെതിരെയുള്ള ക്രിസ്തുവിന്റെ പോരാട്ടം അവിടംകൊണ്ടവസാനിക്കുകയില്ല. “ദൈവം അവന്റെ സകല ശത്രുക്കളെയും അവന്റെ പാദപീഠമാക്കുവോളം അവൻ രാജാവായി വാഴേണ്ടതുണ്ട്. അവസാനശത്രുവായിട്ട് മരണത്തെ ഇല്ലായ്മചെയ്യേണ്ടിയിരിക്കുന്നു.” (1 കൊരിന്ത്യർ 15:25, 26) ഇതിന്റെ അർത്ഥം തുടക്കംമുതൽക്കേ മനുഷ്യവർഗ്ഗത്തിന്റെമേൽ മരണം വരുത്തിവെച്ച എല്ലാ ദുരിതങ്ങളെയും ഇല്ലായ്മചെയ്യുകയെന്നാണ്. യേശുതന്നെ വിശദീകരിച്ചതുപോലെ “സ്മാരകക്കല്ലറകളിലുള്ളവരെല്ലാം [ക്രിസ്തുവിന്റെ] ശബ്ദംകേട്ട് പുറത്തുവരാനുള്ള നാഴികവരുന്നു.” (യോഹന്നാൻ 5:28, 29) യാതനയിൽ ജീവിച്ചു മരിച്ച എണ്ണമററ ദശലക്ഷങ്ങൾക്ക് ആസന്നമായ ലോകസമാധാനത്തിൽ പങ്കുപററാനുള്ള അവസരമുണ്ടായിരിക്കും.
നിങ്ങൾ അതിൽ പങ്കുപററുമോ? ഇതു സംബന്ധിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളെക്കുറിച്ച് അധികം പഠിക്കാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ പ്രേരിപ്പിക്കുന്നു.b ലോകസമാധാനപ്രത്യാശ അവഗണിക്കാനാവാത്ത വിധം അത്യന്തം പുളകപ്രദവും അത്യന്തം യഥാർത്ഥവുമാണ്. ദൈവത്തിന്റെ വചനം പഠിക്കുന്നതിനും ബാധകമാക്കുന്നതിനും നിങ്ങൾ സ്വയം പ്രയത്നിച്ചാൽ “സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും”—നിത്യമായി!—ഫിലിപ്പിയർ 4:9. (w90 4⁄15)
[അടിക്കുറിപ്പുകൾ]
a അക്ഷരാർത്ഥത്തിൽ, “നിന്റെ സഹോദരൻമാരുടെ സമാധാനവും ആട്ടിൻകൂട്ടത്തിന്റെ സമാധാനവും കാണുക.”
b ഈ മാസികയുടെ പ്രസാധകർക്കെഴുതിയാൽ ഒരു സൗജന്യ കുടുംബബൈബിളദ്ധ്യയനം ക്രമീകരിക്കാം.
[5-ാം പേജിലെ ചിത്രം]
യഹോവ “ഭൂമിയുടെ അററത്തോളം” യുദ്ധങ്ങളെ നിർത്തൽ ചെയ്യും
[കടപ്പാട്]
USAF Official Photo
[6-ാം പേജിലെ ചിത്രം]
പരസ്പരം സമാധാനത്തോടെ പെരുമാറാൻ ഭാര്യാ ഭർത്താക്കൻമാർ പഠിപ്പിക്കപ്പെടുന്നു