സുവിശേഷങ്ങളുടെ വാഷിംഗ്ടൺ കോഡക്സ്
ഈജിപ്ററിലെ ജിസായിൽ, 1906 ഡിസംബറിൽ, സമ്പന്നനായ ഒരു അമേരിക്കൻ വ്യവസായിയും കലാശേഖരണം നടത്തുന്നയാളുമായ ചാൾസ് എൽ. ഫ്രീയർ, അലി എന്നു പേരുണ്ടായിരുന്ന ഒരു അറബിവ്യാപാരിയിൽനിന്ന് കുറെ പഴയ കൈയെഴുത്തുപ്രതികൾ വാങ്ങി. അവ സോഹാഗിനടുത്തുള്ള ഒരു വൈററ് മൊണാസ്റററിയിൽനിന്നാണെന്ന് അലി പറയുകയുണ്ടായി. എന്നാൽ അവ നൈൽ ഡൽററായിലുള്ള ജിസായിലെ മൂന്നാമത്തെ പിരമിഡിനടുത്തുള്ള മുന്തിരിശുശ്രൂഷകന്റെ സന്യാസിമഠത്തിന്റെ ശൂന്യശിഷ്ടങ്ങളിൽ കണ്ടെത്തപ്പെട്ടിരിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്നു തോന്നുന്നു.
ഫ്രീയറിന് മൂന്ന് കൈയെഴുത്തു പ്രതികളും “ബഹിർഭാഗം പശപോലെ കട്ടിയായിപ്പോയതും ഉടയുന്നതുമായ ഒരു കറുത്ത, ജീർണ്ണിച്ച ചർമ്മലിഖിത പിണ്ഡവും” കൊടുക്കപ്പെട്ടു. ഇതിന് ഏതാണ്ട് 6.5 ഇഞ്ച് നീളവും 4.5 ഇഞ്ച് വീതിയും 1.5 ഘനവും ഉണ്ടായിരുന്നു. കൈയെഴുത്തുപ്രതികളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ് അത് വിൽക്കപ്പെട്ടത്, അതിന്റെ ഏതെങ്കിലും സാങ്കൽപ്പിക മൂല്യം നിമിത്തമായിരുന്നില്ല. ശകലങ്ങളായിത്തീർന്ന താളുകളുടെ ഉറഞ്ഞുപോയ പിണ്ഡം വേർപെടുത്തിയെടുക്കുന്നത് ശ്രമകരവും കേടുവരുത്താവുന്നതുമായ ഒരു പ്രവർത്തനമായിരുന്നു. എന്നാൽ ഒടുവിൽ അവയിൽ 84 എണ്ണം വെളിപ്പെടുത്തപ്പെട്ടു, എല്ലാം പൗലോസിന്റെ ലേഖനങ്ങളുടെ ക്രി.വ. അഞ്ചാമത്തെയോ ആറാമത്തെയോ നൂററാണ്ടിലെ ഒരു കോഡക്സിൽനിന്നുള്ളത്.
ശേഷിച്ച മൂന്ന് കൈയെഴുത്തുപ്രതികളിലൊന്ന് ആവർത്തനം, യോശുവ എന്നീ പുസ്തകങ്ങളുടേതായിരുന്നു. മറെറാന്ന് ഗ്രീക്ക് സെപ്ററുവജിൻറു ഭാഷാന്തരത്തിലെ സങ്കീർത്തനങ്ങളുടേതായിരുന്നു. എന്നിരുന്നാലും മൂന്നാമത്തെയും ഏററവും പ്രധാനപ്പെട്ടതുമായത് സുവിശേഷങ്ങളുടെ ഒരു കൈയെഴുത്തുപ്രതിയായിരുന്നു.
ഈ ഒടുവിൽ പറഞ്ഞ കൈയെഴുത്തുപ്രതിക്ക് നേർത്ത ചർമ്മത്തിന്റെ 187 താളുകളുണ്ട്, മിക്കതും ചെരിഞ്ഞ ഗ്രീക്ക് വലിയക്ഷരങ്ങളിലുള്ള ലിഖിതമടങ്ങിയ ആട്ടിൻതുകൽ. ചിഹ്നനം അപൂർവമാണ്, എന്നാൽ പദപ്രയോഗങ്ങൾക്കിടയിൽ കൂടെക്കൂടെ ചെറിയ ഇടകളുണ്ട്. കൈയെഴുത്തുപ്രതികളുടെ അരികുകളെല്ലാം വല്ലാതെ ദ്രവിച്ചിരുന്നു. എന്നാൽ എഴുത്തിന്റെ അധികഭാഗവും സംരക്ഷിക്കപ്പെട്ടിരുന്നു. അത് പിന്നീട് വാഷിംഗ്ടൺ ഡി.സി.യിലെ സ്മിതോണിയൻ ഇൻസ്ററിററ്യൂട്ടിലെ ഫ്രീയർ ആർട്ട് ഗാലറിക്ക് സമ്മാനിക്കപ്പെട്ടു. സുവിശേഷങ്ങളുടെ വാഷിംഗ്ടൺ കോഡക്സ് എന്നു വിളിക്കപ്പെട്ട അതിന് “ഡബ്ലിയൂ” എന്ന തിരിച്ചറിയൽ അക്ഷരം കൊടുക്കപ്പെട്ടു.
ഈ ചർമ്മലിഖിതം നാലാം നൂററാണ്ടിന്റെ ഒടുവിലത്തേതോ അഞ്ചാം നൂററാണ്ടിന്റെ പ്രാരംഭത്തിലേതോ ആണെന്ന് നിർണ്ണയിക്കപ്പെട്ടിരിക്കുന്നു, തന്നിമിത്തം സൈനായ്ററിക്ക്, വത്തിക്കാൻ, അലക്സാണ്ട്രിയൻ എന്നീ പ്രധാനപ്പെട്ട മൂന്നെണ്ണത്തിന് വളരെ പിന്നിലുള്ളതല്ല. സുവിശേഷങ്ങൾ (നഷ്ടപ്പെട്ടുപോയ രണ്ടു താളുകൾ ഒഴിച്ച് പൂർണ്ണം) മത്തായി, യോഹന്നാൻ, ലൂക്കോസ്, മർക്കോസ് എന്നിങ്ങനെ പാശ്ചാത്യം എന്നു വിളിക്കപ്പെടുന്ന ക്രമത്തിലാണ്.
കൈയെഴുത്തുപ്രതിയുടെ വായന പാഠ മാതൃകകളുടെ ഒരു അപൂർവ മിശ്രിതത്തെ വെളിപ്പെടുത്തുന്നു, ഓരോന്നും വലിയ തുടർച്ചയായ വിഭാഗങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെടുന്നു. ഓരോ വ്യത്യസ്ത പാഠ മാതൃകയോടുകൂടിയ പല കൈയെഴുത്തുപ്രതികളുടെ ഇപ്പോഴും സ്ഥിതിചെയ്യുന്ന ശകലങ്ങളിൽനിന്ന് പകർത്തപ്പെട്ടതാണ് അതെന്നു തോന്നുന്നു. ഇത് ക്രി.വ. 303-ാമാണ്ടിലെ ഡയക്ലീഷ്യൻ ചക്രവർത്തിയാലുള്ള ക്രിസ്ത്യാനികളുടെ പെട്ടെന്നുണ്ടായ പീഡനംവരെ പിന്നോട്ടുപോയേക്കാം എന്ന് പ്രൊഫസ്സർ എച്ച്.എ. സാണ്ടേഴ്സ് സൂചിപ്പിക്കുകയുണ്ടായി. ചക്രവർത്തിയുടെ കല്പനയാൽ തിരുവെഴുത്തുകളുടെ സകല പ്രതികളും പരസ്യമായി ദഹിപ്പിക്കപ്പെടാൻ ആജ്ഞാപിക്കപ്പെട്ടു. ആ കാലത്ത് കുറെ കൈയെഴുത്തുപ്രതികൾ ഒളിച്ചുവെക്കപ്പെട്ടുവെന്ന് നാം ചരിത്രരേഖകളിൽനിന്ന് ഗ്രഹിക്കുന്നു. അറിയപ്പെടാത്ത ഒരു വ്യക്തി ദശാബ്ദങ്ങൾക്കുശേഷം വിവിധ കൈയെഴുത്തുപ്രതികളുടെ ശേഷിച്ച ഭാഗങ്ങൾ പകർത്തി വാഷിംഗ്ടൺ കോഡക്സിന്റെ പാഠം ഉളവാക്കിയതായി തോന്നുന്നു. പിന്നീട് ഏതോ സമയത്ത് യോഹന്നാന്റെ ആദ്യ ക്വയർ (യോഹന്നാൻ 1:1 മുതൽ 5:11 വരെ) നഷ്ടപ്പെടുകയും ക്രി.വ. ഏഴാം നൂററാണ്ടിൽ വീണ്ടും എഴുതപ്പെടേണ്ടിവരുകയുംചെയ്തു.
പാഠത്തിൽ കൗതുകകരമായ ചില വ്യത്യാസങ്ങളും അസാധാരണവും എന്നാൽ പൂർണ്ണമായി വിശ്വസിക്കപ്പെടാത്തതുമായ മർക്കോസ് 16-ാം അദ്ധ്യായത്തിലെ ഒരു കൂട്ടിച്ചേർപ്പുമുണ്ട്, ഒരുപക്ഷേ അത് മാർജിനിലെ ഒരു കുറിപ്പായി ഉളവായതായിരിക്കാം. ഈ കൈയെഴുത്തുപ്രതിയുടെ പ്രത്യേക മൂല്യം സ്ഥിതിചെയ്യുന്നത് പഴയ ലത്തീൻ, സിറിയക്ക് ഭാഷാന്തരങ്ങളുമായുള്ള അതിന്റെ ബന്ധത്തിലാണ്. അത് നന്നായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് മെഴുകുതിരിയുടെ മെഴുകുതുള്ളികൾ വീണുണ്ടായ പാടുകൾ സൂചിപ്പിക്കുന്നു.
പീഡനവും എതിർപ്പും കാലത്തിന്റെ കെടുതികളും ഉണ്ടായിരുന്നിട്ടും ബൈബിൾ അനേകം കൈയെഴുത്തുകളുടെ രൂപത്തിൽ നമുക്കുവേണ്ടി അത്ഭുതകരമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. സത്യമായി, “യഹോവയുടെ വചനങ്ങൾ എന്നേക്കും നിലനിൽക്കുന്നു.”—1 പത്രോസ് 1:25; യെശയ്യാവ് 40:8. (w90 5/1)
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of Freer Gallery of Art, Smithsonian Institution