യഹോവയോടൊത്ത് വിശ്വസ്തമായി പ്രവർത്തിക്കൽ
“ദൈവമേ, എന്റെ യൗവനം മുതൽ നീ എന്നെ പഠിപ്പിച്ചിരിക്കുന്നു, ഇപ്പോൾവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് പറഞ്ഞുകൊണ്ടുമിരിക്കുന്നു.”—സങ്കീർത്തനം 71:17.
1. വേല യഹോവയിൽനിന്നുള്ള ഒരു ദാനമാണെന്ന് നമുക്ക് പറയാൻകഴിയുന്നതെന്തുകൊണ്ട്?
വേല ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ദാനങ്ങളിലൊന്നാണ്. നമ്മുടെ ആദ്യമാതാപിതാക്കളായിരുന്ന ആദാമിനോടും ഹവ്വായോടും “ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കാ”ൻ യഹോവ പറഞ്ഞു. അത് വെല്ലുവിളിപരമായ ഒരു ജോലിനിയമനമായിരുന്നു, എന്നാൽ അവർ അതിന് തികച്ചും പ്രാപ്തരായിരുന്നു. ആവശ്യമായിരുന്ന മാനസികവും ശാരീരികവുമായ ശ്രമം അവരുടെ ഭൗമികഭവനത്തിൽ അവരോടുകൂടെ ഉണ്ടായിരുന്ന മൃഗങ്ങൾക്ക് അനുഭവപ്പെട്ട എന്തിനെക്കാളും കവിയുന്ന അവരുടെ ജീവിതസന്തോഷത്തെ വർദ്ധിപ്പിക്കുമായിരുന്നു.—ഉല്പത്തി 1:28.
2, 3. (എ) ഇന്ന് അനേകർക്ക് വേല എന്തായിത്തീർന്നിരിക്കുന്നു, എന്തുകൊണ്ട്? (ബി) ഒരു പ്രത്യേകവേല ചെയ്യുന്നതിനുള്ള എന്തവസരത്തെക്കുറിച്ച് നാം പരിചിന്തിക്കേണ്ടതുണ്ട്?
2 നമ്മുടെ അപൂർണ്ണാവസ്ഥയിൽപോലും, “നൻമ”യിൽ കലാശിക്കുന്ന “കഠിനവേല” ജ്ഞാനിയായ ശലോമോൻ എഴുതിയതുപോലെ, “ദൈവത്തിന്റെ ദാന”മാകുന്നു. (സഭാപ്രസംഗി 3:13) മനുഷ്യൻ ഇപ്പോഴും മനസ്സിന്റെയും ശരീരത്തിന്റെയും പ്രാപ്തികൾ വിനിയോഗിക്കേണ്ടയാവശ്യമുണ്ട്. ജോലി നഷ്ടപ്പെടുന്നത് വിഷാദകാരണമാണ്. എന്നിരുന്നാലും, എല്ലാ വേലകളും ആരോഗ്യപ്രദമോ പ്രയോജനകരമോ അല്ല. അനേകരെ സംബന്ധിച്ചും ജോലി കഠിനവേലയാണ്, അഹോവൃത്തി തേടുന്നതിന്റെ ആവശ്യത്തിൽനിന്ന് സംജാതമാകുന്നതാണ്.
3 എന്നിരുന്നാലും, എല്ലാവരും പങ്കെടുക്കാൻ ക്ഷണിക്കപ്പെടുന്ന യഥാർത്ഥത്തിൽ പ്രതിഫലദായകമായ ഒരു വേലയുണ്ട്. എന്നാൽ അതിൽ പങ്കെടുക്കുന്നവർക്ക് അനേകം എതിരാളികളുണ്ട്, തരണംചെയ്യാൻ അനേകം പ്രശ്നങ്ങളുമുണ്ട്. നാം ഈ വേലക്കുവേണ്ടി യോഗ്യതപ്രാപിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? നാം അത് എങ്ങനെയാണ് ചെയ്യുക? ഈ ചോദ്യങ്ങൾക്ക് ഉത്തരംപറയുന്നതിനു മുമ്പ് നമുക്ക് ആദ്യമായി ഇതു പരിചിന്തിക്കാം:
നാം ആർക്കുവേണ്ടി വേല ചെയ്യുന്നു?
4. ഏതുതരം വേല യേശുവിന് സന്തോഷവും സംതൃപ്തിയും കൈവരുത്തി?
4 “എന്റെ ആഹാരം എന്നെ അയച്ചവന്റെ ഇഷ്ടം ഞാൻ ചെയ്യുന്നതും അതു പൂർത്തിയാക്കുന്നതുമാകുന്നു”വെന്ന് യേശുക്രിസ്തു പറഞ്ഞു. (യോഹന്നാൻ 4:34) യഹോവക്കുവേണ്ടി വിശ്വസ്തമായി വേല ചെയ്തത് യേശുവിനു വളരെയധികം സന്തോഷവും സംതൃപ്തിയും കൈവരുത്തി. അത് അവന് ജീവിതത്തിൽ ഉദ്ദേശ്യം നൽകി. അവന്റെ മൂന്നര വർഷത്തെ ശുശ്രൂഷയുടെ ഒടുവിൽ അവന് സത്യസന്ധമായി അവന്റെ സ്വർഗ്ഗീയപിതാവിനോട്: “ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു, നീ എനിക്കു ചെയ്യാൻ തന്ന വേല പൂർത്തീകരിച്ചുകൊണ്ടുതന്നെ” എന്ന് പറയാൻ കഴിഞ്ഞു. (യോഹന്നാൻ 17:4) ഭൗതികാഹാരം ജീവൻ നിലനിർത്തുന്നതായിരിക്കുന്നതുപോലെ, ഒരു ആത്മീയമാനത്തോടുകൂടിയ വേലയും അങ്ങനെയാണ്. യേശു മറെറാരു സന്ദർഭത്തിൽ ഇത് ഊന്നിപ്പറഞ്ഞുകൊണ്ട് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനുവേണ്ടി നിലനിൽക്കുന്ന ആഹാരത്തിനായി പ്രവർത്തിക്കുക.” (യോഹന്നാൻ 6:27) ഇതിനു വിരുദ്ധമായി, ആത്മീയമായി ഉല്പാദനക്ഷമമല്ലാത്ത വേല വൈഫല്യത്തിലേക്കും മരണത്തിലേക്കും നയിക്കുന്നു.
5. യേശു ചെയ്ത നല്ല വേലയെ ആർ എതിർത്തു, എന്തുകൊണ്ട്?
5 “എന്റെ പിതാവ് ഇപ്പോൾ വരെയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, ഞാനും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.” യേശു 38 വർഷമായി രോഗിയായിരുന്ന ഒരു മനുഷ്യനെ ശബത്തുദിവസം സൗഖ്യമാക്കിയതുകൊണ്ട് അവനെ വിമർശിച്ച യഹൂദൻമാരെ സംബോധനചെയ്തുകൊണ്ടാണ് അവൻ ഈ പ്രസ്താവനചെയ്തത്. (യോഹന്നാൻ 5:5-17) യേശു യഹോവയുടെ വേല ചെയ്തുകൊണ്ടിരുന്നെങ്കിലും മതവൈരികൾ ആ വസ്തുത അംഗീകരിക്കാൻ വിസമ്മതിക്കുകയും അവനെ തടയാൻ കഴിയുന്നതെല്ലാം ചെയ്യുകയുംചെയ്തു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ പിശാചായ സാത്താനെന്ന അവരുടെ പിതാവിൽനിന്നുള്ളവരായിരുന്നു. അവൻ എപ്പോഴും യഹോവയുടെ വേലയെ എതിർത്തിട്ടുള്ളവനായിരുന്നു. (യോഹന്നാൻ 8:44) സാത്താന് “നീതികെട്ട സകല ചതിയും” ഉപയോഗിച്ചുകൊണ്ട് ‘ഒരു വെളിച്ചദൂതനായി തന്നേത്തന്നെ രൂപാന്തരപ്പെടുത്താൻ’ കഴിയുന്നതുകൊണ്ട് അവന്റെ പ്രവൃത്തികളുടെ നിജസ്ഥിതി തിരിച്ചറിയാൻ നമുക്ക് ആത്മീയ വിവേചനയും വ്യക്തമായ ചിന്തയും ആവശ്യമാണ്. അല്ലാത്തപക്ഷം നാം യഹോവക്കെതിരെ പ്രവർത്തിക്കുന്നതായി നാം കണ്ടെത്തിയേക്കാം.—2 കൊരിന്ത്യർ 11:14; 2 തെസ്സലോനീക്യർ 2:9, 10.
വേലയെ എതിർക്കുന്നവർ
6. വിശ്വാസത്യാഗികൾ “വഞ്ചകൻമാരായ വേലക്കാർ” ആയിരിക്കുന്നതെന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
6 ഇന്നത്തെ ചില വിശ്വാസത്യാഗികളെപ്പോലെ, ചിലർ ക്രിസ്തീയസഭയിൽ പുതുതായി സഹവസിക്കുന്ന അംഗങ്ങളുടെ വിശ്വാസത്തിന് തുരങ്കംവെക്കാൻ അവിശ്വസ്തമായി സാത്താന്റെ ഏജൻറൻമാരായി പ്രവർത്തിക്കുകയാണ്. (2 കൊരിന്ത്യർ 11:13) സത്യോപദേശങ്ങൾക്കുള്ള അടിസ്ഥാനമായി കേവലം ബൈബിളുപയോഗിക്കുന്നതിനു പകരം, അവർ യഹോവയുടെ സാക്ഷികൾ തെളിവിന് മുഴുവനായി വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തെ ആശ്രയിക്കുന്നുവെന്ന മട്ടിൽ അതിനെ തരംതാഴ്ത്താൻ ശ്രമിക്കുന്നതിൽ കേന്ദ്രീകരിക്കുകയാണ്. എന്നാൽ സംഗതിയതല്ല. ഒരു നൂററാണ്ടിന്റെ അധികഭാഗത്തും യഹോവയേയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച സത്യം പഠിക്കാൻ കിംഗ് ജയിംസ് വേർഷനും റോമൻ കത്തോലിക്കാ ഡുവേ വേർഷനും അല്ലെങ്കിൽ തങ്ങളുടെ ഭാഷയിൽ ലഭ്യമായ ഏതു ഭാഷാന്തരങ്ങളും യഹോവയുടെ സാക്ഷികൾ ഉപയോഗിച്ചു. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും ദൈവവും അവന്റെ പുത്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒരു ചെറിയ ആട്ടിൻകൂട്ടം മാത്രം സ്വർഗ്ഗത്തിൽ പോകുന്നതിന്റെ കാരണത്തെക്കുറിച്ചുമുള്ള സത്യം ഘോഷിക്കുന്നതിന് അവർ ഈ പഴക്കമേറിയ ഭാഷാന്തരങ്ങൾ ഉപയോഗിച്ചു. തങ്ങളുടെ ലോകവ്യാപക സുവിശേഷിക്കൽവേലയിൽ യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ അനേകം ഭാഷാന്തങ്ങൾ തുടർന്നുപയോഗിക്കുന്നുണ്ടെന്നും അഭിജ്ഞരായ ആളുകൾക്കറിയാം. എന്നിരുന്നാലും, 1961 മുതൽ അവർ കാലാനുസൃതമാക്കപ്പെട്ട കൃത്യമായ വിവർത്തനത്തോടും നല്ല വായനാസൗകര്യത്തോടും കൂടിയ പുതിയലോക ഭാഷാന്തരത്തിന്റെ ഉപയോഗം കൂടുതലായി ആസ്വദിച്ചിരിക്കുന്നു.
7. (എ) തന്നിൽ വിശ്വാസം അവകാശപ്പെടുന്ന അനേകരെ യേശു തള്ളിപ്പറയുന്നതെന്തുകൊണ്ട്? (ബി) 1 യോഹന്നാൻ 4:1-ലെ ബുദ്ധിയുപദേശം അനുസരിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
7 തന്നിൽ വിശ്വാസം അവകാശപ്പെടുന്ന അനേകരെ താൻ തള്ളിപ്പറയുമെന്ന് യേശു പറഞ്ഞു. അവർ തന്റെ നാമത്തിൽ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും “അനേകം വീര്യപ്രവൃത്തികൾ ചെയ്യുകയും” ചെയ്തേക്കാമെന്ന് അവൻ സമ്മതിച്ചു. എന്നാലും അവൻ അവ “അധർമ്മ”പ്രവൃത്തികളായിട്ടാണ് തിരിച്ചറിയിക്കുന്നത്. (മത്തായി 7:21-23) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ അവന്റെ സ്വർഗ്ഗീയപിതാവിന്റെ ഇഷ്ടം ചെയ്യുന്നില്ല, യഹോവയാം ദൈവത്തെ സംബന്ധിച്ചടത്തോളം വിലയില്ലാത്തവരുമാണ്. അസാധാരണവും അത്ഭുതകരമെന്നു തോന്നിക്കുന്നതുപോലുമായ പ്രവൃത്തികൾ പ്രധാന വഞ്ചകനായ സാത്താനിൽനിന്ന് ഇപ്പോഴും ഉത്ഭവിച്ചേക്കാം. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം 60ൽപരം വർഷം കഴിഞ്ഞ് തന്റെ ഒന്നാമത്തെ പൊതുലേഖനം എഴുതിക്കൊണ്ട് അപ്പോസ്തലനായ യോഹന്നാൻ ക്രിസ്ത്യാനികൾ “ഏതു നിശ്വസ്തമൊഴിയും വിശ്വസിക്കരു”തെന്നും “എന്നാൽ നിശ്വസ്തമൊഴികൾ ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നുവോയെന്ന് കാണാൻ അവയെ പരിശോധിക്ക”ണമെന്നും ബുദ്ധിയുപദേശിച്ചു. നാം അതുതന്നെ ചെയ്യേണ്ടതുണ്ട്.—1 യോഹന്നാൻ 4:1.
പ്രതിഫലരഹിതമായ പ്രവൃത്തികൾ
8. ജഡത്തിന്റെ പ്രവൃത്തികളെക്കുറിച്ച് നാം എങ്ങനെ വിചാരിക്കണം?
8 നാം ആത്മീയമായി ഉല്പാദകമല്ലാത്ത പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിലും നമ്മുടെ അദ്ധ്വാനങ്ങൾ വീഴ്ചഭവിച്ച ജഡത്തിന്റെ മോഹങ്ങളെ തുടർന്നു പോഷിപ്പിക്കുന്നുവെങ്കിൽ അവ വിലയില്ലാത്തവയാണ്. നാം “ദുർന്നടത്തയുടെ പ്രവൃത്തികളിലും കാമങ്ങളിലും വീഞ്ഞിന്റെ അമിതത്വങ്ങളിലും മാത്സര്യങ്ങളിലും നിയമവിരുദ്ധ വിഗ്രഹാരാധനയിലും . . . ജനതകളുടെ ഇഷ്ടം” വേണ്ടത്ര ദീർഘമായി ചെയ്തുവെന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു. (1 പത്രോസ് 4:3, 4) തീർച്ചയായും ഇപ്പോൾ സമർപ്പിതക്രിസ്ത്യാനികളായിരിക്കുന്ന എല്ലാവരും അങ്ങനെയുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നുവെന്ന് ഇതിനർത്ഥമില്ല. എന്നാൽ അങ്ങനെ ചെയ്തിട്ടുള്ളവരുടെ മനോഭാവം അവരുടെ ആത്മീയ ദർശനം വികസിച്ചതോടെ സത്വരം മാറിയിരിക്കണമെന്ന് അത് അർത്ഥമാക്കുകതന്നെ ചെയ്യുന്നു. അവരുടെ പരിവർത്തനം നിമിത്തം ലോകം അവരെക്കുറിച്ച് ദുഷിച്ചു സംസാരിക്കും. അതു പ്രതീക്ഷിക്കേണ്ടതാണ്. എന്നിരുന്നാലും, അവർ യഹോവയുടെ സേവനത്തിൽ വിശ്വസ്തവേലക്കാരായിത്തീരുന്നതിന് മാററം വരുത്തിയേ തീരൂ.—1 കൊരിന്ത്യർ 6:9-11.
9. ഒരു ഓപ്പറാ ഗായികയായി പരിശീലിക്കാൻ തുടങ്ങിയ സാക്ഷിയുടെ അനുഭവത്തിൽനിന്ന് നാം എന്തു പഠിക്കുന്നു?
9 യഹോവ നമ്മുടെ ആസ്വാദനത്തിനുവേണ്ടി അനേകം ദാനങ്ങൾ നൽകിയിട്ടുണ്ട്, അവയിൽ പെടുന്നതാണ് സംഗീതം. എന്നിരുന്നാലും “മുഴു ലോകവും” സാത്താനാകുന്ന “ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്ന”തിനാൽ അതിൽ സംഗീതലോകവും ഉൾപ്പെടുകയില്ലേ? (1 യോഹന്നാൻ 5:19) അതെ, സംഗീതത്തിന് കുടിലമായ ഒരു കെണിയായിരിക്കാൻ കഴിയും, സിൽവാനാ അതു കണ്ടുപിടിച്ചു. ഫ്രാൻസിൽ ഒരു ഓപ്പറാ ഗായികയായി പരിശീലിക്കാനുള്ള അവസരം അവൾക്കു കിട്ടി. “യഹോവയെ സേവിക്കാനുള്ള ശക്തമായ ആഗ്രഹം എനിക്ക് അപ്പോഴുമുണ്ടായിരുന്നു,” അവൾ വിശദീകരിക്കുന്നു. “ഞാൻ സഹായ പയനിയറിംഗ് ആസ്വദിക്കുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ഈ രണ്ടു കാര്യങ്ങളെയും പൊരുത്തപ്പെടുത്താൻ ഞാൻ ആശിച്ചിരുന്നു. എന്നാൽ എന്റെ ജീവിതവൃത്തി പിന്തുടരുന്നതിൽ എനിക്കഭിമുഖീകരിക്കേണ്ടിയിരുന്ന ആദ്യസംഗതി ദുർമ്മാർഗ്ഗമായിരുന്നു. ആദ്യം ഞാൻ എന്റെ കൂട്ടാളികളുടെ അധാർമ്മികസംസാരത്തോടും ദൃഷ്ടാന്തത്തോടും ചേർന്നുപോകാഞ്ഞപ്പോൾ അവർ എന്നെ അകളങ്കലാഘവം പുലർത്തുന്നവളായി വീക്ഷിച്ചു. പിന്നീട് ദുഷിച്ച ചുററുപാട് എന്നെ തഴമ്പിപ്പിക്കാൻ തുടങ്ങി, യഹോവ വെറുക്കുന്ന കാര്യങ്ങളെ ഞാൻ പൊറുക്കാനിടയാക്കിക്കൊണ്ടുതന്നെ. എന്റെ ഗാനാലാപത്തിൽനിന്ന് ഒരു മതമുളവാക്കാൻ എന്റെ അദ്ധ്യാപകരിലൊരാൾ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. വേദിയിൽ ഞാൻ ആക്രമണകാരിയാകാനും മറെറല്ലാവരെക്കാളും ഞാൻ ശ്രേഷ്ഠയാണെന്നു വിചാരിക്കാനും ഞാൻ പഠിപ്പിക്കപ്പെട്ടു. ഇതെല്ലാം എന്നെ വളരെ അസ്വസ്ഥയാക്കി. ഒടുവിൽ, എനിക്ക് ഒരു പ്രത്യേക ഗാനാലാപപരീക്ഷക്ക് ഒരുങ്ങണമായിരുന്നു. ഞാൻ ഏതു മാർഗ്ഗത്തിൽ പോകണമെന്ന് എനിക്ക് വ്യക്തമാക്കിത്തരാൻ ഞാൻ യഹോവയോടു പ്രാർത്ഥിച്ചു. ഞാൻ നന്നായി പാടുകയും ഉറപ്പുതോന്നുകയുംചെയ്തെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരിൽ ഞാനില്ലായിരുന്നു. തുടർന്ന് എന്തുകൊണ്ടായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി—പരീക്ഷക്കു വളരെനാൾമുമ്പേ ഫലങ്ങൾ മുൻനിശ്ചയിക്കപ്പെട്ടിരുന്നു. എന്റെ പ്രാർത്ഥനക്ക് ഒരു വ്യക്തമായ ഉത്തരം കിട്ടി, ഓപ്പറാവേദി വിട്ട് വീടുകളിൽ പഠിപ്പിക്കാൻ പോകുന്നതിന് ഞാൻ തീരുമാനിച്ചു.” ഈ സഹോദരി പിന്നീട് ഒരു ക്രിസ്തീയസഭയിലെ മൂപ്പനെ വിവാഹംകഴിച്ചു. അവിടെ ഇരുവരും ഇപ്പോൾ രാജ്യതാത്പര്യങ്ങൾ പുരോഗമിപ്പിക്കുന്നതിന് വിശ്വസ്തമായി സേവിക്കുന്നു.
10. യോഹന്നാൻ 3:19-21ലെ യേശുവിന്റെ വാക്കുകളിൽനിന്ന് നിങ്ങൾ എന്തു നിഗമനംചെയ്യുന്നു?
10 യേശു ഇങ്ങനെ പറഞ്ഞു: “ദുഷ്ടകാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവൻ വെളിച്ചത്തെ വെറുക്കുന്നു, തന്റെ പ്രവൃത്തികൾ ശാസിക്കപ്പെടാതിരിക്കേണ്ടതിന് വെളിച്ചത്തിലേക്കു വരുന്നതുമില്ല.” നേരെ മറിച്ച്, “സത്യമായത് ചെയ്യുന്നവൻ തന്റെ പ്രവൃത്തികൾ ദൈവത്തിന് ചേർച്ചയായി ചെയ്യപ്പെട്ടതായി പ്രത്യക്ഷമാക്കപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു.” (യോഹന്നാൻ 3:19-21) യഹോവയുടെ ഇഷ്ടത്തിനും ഉദ്ദേശ്യത്തിനും അനുയോജ്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്തോരനുഗ്രഹമാണ്! എന്നാൽ അത് വിജയകരമായി ചെയ്യുന്നതിന് നാം എല്ലായ്പ്പോഴും നമ്മുടെ പ്രവൃത്തികൾ ദൈവവചനത്തിന്റെ വെളിച്ചത്തിൽ സൂക്ഷ്മപരിശോധന നടത്തപ്പെടാൻ അനുവദിക്കേണ്ടതാണ്. നാം ഒരിക്കലും പ്രായാധിക്യമുള്ളവരല്ല, നമ്മുടെ ജീവിതരീതിക്ക് മാററംവരുത്താനും യഹോവയുടെ പ്രയോജനകരമായ സേവനം ഏറെറടുക്കാനുള്ള ക്ഷണം സ്വീകരിക്കാനും പാടില്ലാത്തവണ്ണം സമയം വൈകിപ്പോയിട്ടില്ല.
ഇന്ന് “സൽപ്രവൃത്തികൾ” ചെയ്യൽ
11. അനേകർ “സൽപ്രവൃത്തികൾ” എന്ന നിലയിൽ എന്തു ചെയ്തുകൊണ്ടിരിക്കുന്നു, അങ്ങനെയുള്ളവക്ക് വൈഫല്യത്തിലേക്ക് നയിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
11 ഇന്ന് പ്രയോജനകരമായ വേല നമ്മുടെ കാലങ്ങളുടെ അടിയന്തിരതയെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ആത്മാർത്ഥതയുള്ള അനേകമാളുകൾ മിക്കപ്പോഴും പൊതു മനുഷ്യവർഗ്ഗത്തിനുവേണ്ടിയോ പ്രത്യേകം ഒരു ലക്ഷ്യത്തിനുവേണ്ടിയോ ചെയ്യപ്പെടുന്ന “സൽപ്രവൃത്തികൾ” എന്നു വർണ്ണിക്കപ്പെടുന്നതിനോടു യോജിക്കുകയും അവയിൽ തിരക്കോടെ ഏർപ്പെടുകയുംചെയ്യുന്നു. എന്നിരുന്നാലും, ഇത്തരം വേല എത്ര വിഫലമായിരിക്കാൻ കഴിയും! ബ്രിട്ടനിൽ, കാഫോഡ് (വിദേശവികസനത്തിനായുള്ള കത്തോലിക്കാഫണ്ട്) അതിന്റെ ക്ഷാമാശ്വാസപ്രസ്ഥാനം സംബന്ധിച്ച് റിപ്പോർട്ടുചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നാലു വർഷം മുമ്പ് . . . ദുരിതാശ്വാസ സഹായത്തിനായി ദശലക്ഷക്കണക്കിന് പൗണ്ട് സ്വരൂപിക്കുകയുണ്ടായി. ആയിരക്കണക്കിന് ജീവൻ രക്ഷിക്കപ്പെട്ടു. ഇപ്പോൾ ആ ജീവിതങ്ങൾ ഒരിക്കൽകൂടെ അപകടത്തിലായിരിക്കുകയാണ്. . . എന്നാൽ എന്തുകൊണ്ട്? എന്തു കുഴപ്പം പററി?” ദീർഘകാല പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെട്ടില്ലെന്നും “മനുഷ്യവികാസത്തിന് അത്യാവശ്യമായിരുന്ന പണം പോരാട്ടത്തിന് (ആഭ്യന്തരസമരം) ഇന്ധനമേകാൻ ഉപയോഗിക്കപ്പെട്ടിരിക്കുന്നുവെന്നും” കാഫോഡ് പത്രിക വിശദീകരിക്കുന്നു. നിസ്സംശയമായി, സമാനമായ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ധർമ്മസ്ഥാപനങ്ങൾ ഇതുപോലെയുള്ള വികാരങ്ങൾ പ്രതിദ്ധ്വനിപ്പിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ട്.
12. ഇന്ന് ലോകത്തെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമെന്താണ്?
12 ക്ഷാമം ഒരു അടിയന്തിരപ്രശ്നമാണ്. ഇന്നത്തെ ക്ഷാമത്തിന്റെയും യുദ്ധത്തിന്റെയും ദുരന്തങ്ങൾ ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസാനത്തിലേക്കു വിരൽചൂണ്ടുന്ന യേശുക്രിസ്തുവിന്റെ പ്രവചനത്തെ നിവർത്തിക്കുന്നതായി തിരിച്ചറിയിക്കുന്നതാരാണ്? (മത്തായി 24:3, 7) ഈ സംഭവങ്ങളെ വെളിപ്പാട് എന്ന ബൈബിൾ പുസ്തകത്തിൽ 6-ാം അദ്ധ്യായത്തിൽ ഭംഗ്യന്തരേണ വരച്ചുകാണിച്ചിരിക്കുന്ന നാലു കുതിരക്കാരുടെ സവാരിയോട് ബന്ധിപ്പിക്കുന്ന തെളിവ് ആരാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്? പൂർവാപരയോജിപ്പോടെ, യഹോവയുടെ സാക്ഷികൾ ഈ പത്രികയിൽ വിശ്വസ്തമായി അങ്ങനെ ചെയ്തിരിക്കുന്നു. എന്തുകൊണ്ട്? നിലനിൽക്കുന്ന ഏതെങ്കിലും പരിഹാരം രൂപപ്പെടുത്തുന്നത് മമനുഷ്യന്റെ എത്തുപാടിനതീതമാണെന്ന് കാണിക്കാൻ. ലോകപ്രശ്നങ്ങൾ സംബന്ധിച്ച് ക്രിസ്ത്യാനികൾ ഉദാസീനരാണെന്ന് ഇതിനർത്ഥമില്ല. അശേഷമില്ല. അവർ സഹാനുഭൂതിയുള്ളവരാണ്, ദുരിതമകററാൻ തങ്ങളാൽ കഴിയുന്നതെല്ലാം അവർ ചെയ്യും. എന്നാലും, ദിവ്യമായ ഇടപെടൽ കൂടാതെ ലോകപ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടുകയില്ലെന്നുള്ള വസ്തുതയെ അവർ യാഥാർത്ഥ്യബോധത്തോടെ അഭിമുഖീകരിക്കുന്നു. ഈ ലോകത്തിന്റെ ഭരണാധികാരിയായി തുടരാൻ സാത്താൻ അനുവദിക്കപ്പെടുന്നടത്തോളം കാലം, ദരിദ്രരെപ്പോലെ, ഈ പ്രശ്നങ്ങളും നിലനിൽക്കും.—മർക്കോസ് 14:7; യോഹന്നാൻ 12:31.
ഏററവും വലിയ മൂല്യമുള്ള വേല
13. ഇന്നത്തെ ഏററവും അടിയന്തിരമായ വേല എന്താണ്, അത് ആർ ചെയ്യുന്നു?
13 ഇന്നത്തെ ഏററവും അടിയന്തിരമായ ആവശ്യം യഹോവയാം ദൈവത്തിന്റെ രാജ്യം സകല ലോകഗവൺമെൻറുകളെയും മാററി ദൈവഭയമുള്ള ആളുകൾ കാംക്ഷിക്കുന്ന ആശ്വാസം കൈവരുത്തുമെന്നുള്ള സുവാർത്ത പ്രസംഗിക്കുകയെന്നതാണ്. (ദാനിയേൽ 2:44; മത്തായി 24:14) യേശുക്രിസ്തു സ്വർഗ്ഗീയരാജ്യത്തിന്റെ പ്രസംഗത്തെ തന്റെ ജീവിതത്തിലെ പ്രധാന ഉദ്ദേശ്യമാക്കി, അവന്റെ പ്രസംഗം പലസ്തീൻ ദേശത്തായി പരിമിതപ്പെടുത്തിയെങ്കിലും. ഇന്ന് ഈ പ്രസംഗത്തിന്റെ വ്യാപ്തി ലോകവ്യാപകമാണ്, യേശു പറഞ്ഞിരുന്നതുപോലെതന്നെ. (യോഹന്നാൻ 14:12; പ്രവൃത്തികൾ 1:8) ദൈവവേലയിൽ ഒരു ചെറിയ പങ്കെങ്കിലും ലഭിക്കുന്നത് അതുല്യമായ ഒരു പദവിയാണ്. ഒരു കാലത്ത് സുവാർത്താപ്രസംഗകരാകുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ലാഞ്ഞ പുരുഷൻമാരും സ്ത്രീകളും പ്രായമുള്ളവരും ചെറുപ്പക്കാരും ഒരുപോലെ ഇന്ന് യഹോവയുടെ സാക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്ന സുവിശേഷിക്കൽവേലയുടെ മുൻപന്തിയിലുണ്ട്. നോഹയേയും അവന്റെ കുടുംബത്തെയുംപോലെ, അവർ ദൈവനിയോഗത്തിൻകീഴിൽ, തന്നിമിത്തം ദൈവത്തിന്റെ ശക്തിയിൽ, ഈ വ്യവസ്ഥിതിയുടെ അവസാനത്തിന്റെ ഒരു നാന്ദിയായി വിശ്വസ്തമായി ദൈവവേല ചെയ്യുകയാണ്.—ഫിലിപ്പിയർ 4:13; എബ്രായർ 11:7.
14. പ്രസംഗം ജീവരക്താകരവും അതേസമയം ഒരു സംരക്ഷണവുമായിരിക്കുന്നതെങ്ങനെ?
14 ഈ അവസാനനാളുകളിലെ യഹോവയുടെ സാക്ഷികളാലുള്ള സാക്ഷീകരണവേല, ശ്രദ്ധിക്കുന്നവരും തങ്ങൾ കേൾക്കുന്ന സുവാർത്തക്കനുസരിച്ച് പ്രവർത്തിക്കുന്നവരുമായവർക്ക് ജീവരക്താകരമാണ്. (റോമർ 10:11-15) അത് പ്രസംഗിക്കുന്നവർക്ക് ഒരു സുരക്ഷിതത്വവും കൂടെയാണ്. നമുക്ക് സ്വന്തമായുള്ളതിനെക്കാൾ വലിയ പ്രശ്നങ്ങളുള്ള ആളുകളെ സഹായിക്കുന്നതിൽ ആത്മാർത്ഥമായി തത്പരരായിരിക്കുന്നതിനാൽ നാം നമുക്കുണ്ടായിരിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് അമിതമായി ഉത്ക്കണ്ഠപ്പെടാൻ സാദ്ധ്യത കുറവാണ്. അധഃപതിച്ചുകൊണ്ടിരിക്കുന്ന നിലവാരങ്ങളോടുകൂടിയ ഈ ലോകം നാം അതിന്റെ വഴികളോട് അനുരൂപപ്പെടാനാവശ്യപ്പെടുമെന്ന് നാം തിരിച്ചറിയുന്നു. അതുകൊണ്ട് നമ്മുടെ പ്രസംഗസമയത്ത് നമ്മുടെ മനസ്സുകളെ ദൈവത്തിന്റെ ചിന്തകൾകൊണ്ടു നിറക്കുന്നത് വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതിനെക്കാളധികം ചെയ്യുന്നു; അത് നമ്മുടെ ഉത്തമതാത്പര്യങ്ങൾക്കനുഗുണമാണ്. ഒരു സാക്ഷി പറഞ്ഞതുപോലെ: “ഞാൻ കണ്ടുമുട്ടുന്ന ആളുകൾക്ക് മാററംവരുത്താൻ ഞാൻ ശ്രമിക്കുന്നില്ലെങ്കിൽ എനിക്ക് മാററം വരുത്താൻ അവർക്ക് കഴിയും!”—2 പത്രോസ് 2:7-9 താരതമ്യപ്പെടുത്തുക.
സഭയോടൊത്തു പ്രവർത്തിക്കൽ
15. ഇന്ന് ഉപ ഇടയൻമാരുടെമേൽ എന്ത് ഉത്തരവാദിത്തങ്ങൾ സ്ഥിതിചെയ്യുന്നു, 1 തിമൊഥെയോസ് 3:1ന്റെ വീക്ഷണത്തിൽ സഭയിലെ പുരുഷാംഗങ്ങൾ എങ്ങനെ വിചാരിക്കണം?
15 പുതിയ താത്പര്യക്കാർ സഭയിലേക്കു വരുമ്പോൾ, അവർ വലിയ ഇടയനായ യഹോവയാം ദൈവത്തിന്റെയും അവന്റെ നല്ല ഇടയനായ യേശുക്രിസ്തുവിന്റെയും പരിപാലനത്തിൻകീഴിലാണ് വരുന്നത്. (സങ്കീർത്തനം 23:1; യോഹന്നാൻ 10:11) ഈ സ്വർഗ്ഗീയ ഇടയൻമാർ ആട്ടിൻകൂട്ടത്തിന്റെ വിശ്വസ്തരായ ഉപ ഇടയൻമാരാൽ ഇവിടെ ഭൂമിയിൽ പ്രതിനിധാനംചെയ്യപ്പെടുന്നു, സഭക്കുള്ളിൽ നിയമിതരായിരിക്കുന്ന പുരുഷൻമാരാൽത്തന്നെ. (1 പത്രോസ് 5:2, 3) അങ്ങനെയുള്ള ഒരു സ്ഥാനം വഹിക്കുന്നത് ഈ അന്ത്യനാളുകളിൽ വിലതീരാത്ത ഒരു പദവിയാണ്. ഇടയൻമാരുടെ വേല ഭാരിച്ചതാണ്, സഭയിൽ പഠിപ്പിക്കുന്നതിൽ നേതൃത്വംവഹിക്കുന്നതും സുവിശേഷിക്കലും മാത്രമല്ല ആത്മീയ ഇരപിടിയൻമാരിൽനിന്നും നാം ജീവിക്കുന്ന ലോകത്തിലെ കൊടുങ്കാററുസമാനമായ അന്തരീക്ഷത്തിലെ ആഘാതങ്ങളിൽനിന്നും ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതും ഉൾപ്പെടുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തീയസഭയുടെ അംഗങ്ങളുടെ ആത്മീയക്ഷേമത്തിൽ ശ്രദ്ധിക്കുന്നതിന് സഹായിക്കുന്നതിനെക്കാൾ പ്രയോജനകരമായ വേലക്കായി സഭയിലെ പുരുഷാംഗങ്ങൾക്ക് എത്തിപ്പിടിക്കാൻകഴികയില്ല.—1 തിമൊഥെയോസ് 3:1; യെശയ്യാവ് 32:1, 2 താരതമ്യപ്പെടുത്തുക.
16. ക്രിസ്തീയ ഇടയൻമാർ ഏതു വിധങ്ങളിൽ പരസ്പരം പൂരകമായിരിക്കുന്നു?
16 ഏതായാലും, അങ്ങനെയുള്ള ഇടയൻമാർ ആട്ടിൻകൂട്ടത്തിലെ ശേഷിച്ചവരെപ്പോലെ വ്യത്യസ്തവ്യക്തിത്വങ്ങളും ദൗർബല്യങ്ങളുമുള്ള മനുഷ്യരാണെന്ന് നാം ഒരിക്കലും മറക്കരുത്. ഒരാൾ ഇടയവേലയുടെ ചില വശങ്ങളിൽ മികച്ചുനിൽക്കുമ്പോൾ മറെറാരാളുടെ വരങ്ങൾ ഒരു വ്യത്യസ്തകോണത്തിൽ സഭക്ക് പ്രയോജനംചെയ്തേക്കാം. ക്രിസ്തീയ മൂപ്പൻമാർ എന്ന നിലയിലുള്ള അവരുടെ വേലകൾ സഭയെ ബലവത്താക്കാൻ അന്യോന്യം പൂരകമായിരിക്കുന്നു. (1 കൊരിന്ത്യർ 12:4, 5) മത്സരത്തിന്റെ ഒരു ആത്മാവ് അവരുടെ ഇടയിൽ ഒരിക്കലും പ്രവേശിക്കരുത്. അവർ തങ്ങളുടെ സകല പരിചിന്തനങ്ങളിലും തീരുമാനങ്ങളിലും യഹോവയുടെ അനുഗ്രഹവും മാർഗ്ഗദർശനവും തേടിക്കൊണ്ട് അവനോടുള്ള പ്രാർത്ഥനയിൽ “വിശ്വസ്ത കരങ്ങൾ ഉയർത്തിക്കൊണ്ട്” രാജ്യതാത്പര്യങ്ങളെ സംരക്ഷിക്കാനും പുരോഗമിപ്പിക്കാനും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.—1 തിമൊഥെയോസ് 2:8.
17. (എ) നമുക്ക് ഏതു കടപ്പാടുണ്ട്? (ബി) നാം നമ്മുടെ കടപ്പാട് വേണ്ടപോലെ നിർവഹിക്കുന്നതിന് നാം ഏതു കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്?
17 സാത്താന്റെ സാമ്രാജ്യത്തിന്റെ അവസാനം അടുത്തുവരുമ്പോൾ പ്രസംഗവേല ഇപ്പോൾ വർദ്ധിതമായി അടിയന്തിരമായിക്കൊണ്ടിരിക്കുകയാണ്. യഹോവയാം ദൈവത്തിന്റെ വചനത്തിലെ സത്യം ലഭിച്ചിരിക്കുന്നതിനാൽ അവന്റെ സാക്ഷികളെന്ന നിലയിൽ നമുക്ക് സകല അവസരങ്ങളിലും സുവാർത്ത പരത്തുന്നതിനുള്ള ഒരു കടപ്പാടുണ്ട്. ചെയ്യാനുള്ള വേല അവസാനത്തോളം നമ്മെ തിരക്കിൽനിർത്തുന്നതിന് മതിയായതിൽ കവിഞ്ഞതാണ്. നാം ഒരിക്കലും സുഖവാദപരമായ അധാർമ്മിക ഉല്ലാസതേട്ടത്താൽ വ്യതിചലിപ്പിക്കപ്പെടുന്നതിനോ ധനാശക്തിയാൽ ഭാരപ്പെടുന്നതിനോ നമ്മേത്തന്നെ അനുവദിക്കരുത്. നാം സാങ്കൽപ്പികചിന്തയിലോ വാക്കുകളെക്കുറിച്ചുള്ള വാദപ്രതിവാദത്തിലോ ഉൾപ്പെടരുത്, എന്തെന്നാൽ അത് പ്രയോജനരഹിതവും സമയം കൊല്ലുന്നതുമാണെന്ന് തെളിഞ്ഞേക്കാം. (2 തിമൊഥെയോസ് 2:14; തീത്തോസ് 1:10; 3:9) “കർത്താവേ, നീ ഈ കാലത്ത് യിസ്രായേലിന് രാജ്യം പുനഃസ്ഥാപിക്കുന്നുണ്ടോ?”യെന്ന് ശിഷ്യൻമാർ യേശുവിനോടു ചോദിച്ചപ്പോൾ അവൻ ചെയ്യാനുള്ള പ്രധാനപ്പെട്ട വേലയിലേക്ക് അവരുടെ ചിന്തയെ വീണ്ടും തിരിച്ചുവിട്ടു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “നിങ്ങൾ യെരുശലേമിലും മുഴുയഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗത്തോളവും എന്റെ സാക്ഷികളായിരിക്കും.” ആ നിയോഗം ഇന്നോളം പ്രാബല്യത്തിലുണ്ട്.—പ്രവൃത്തികൾ 1:6-8.
18. യഹോവയോടൊത്തു പ്രവർത്തിക്കുന്നത് വളരെ പ്രതിഫലദായകമായിരിക്കുന്നതെന്തുകൊണ്ട്?
18 യഹോവയോടൊത്തുള്ള വേല, അവന്റെ ഇന്നത്തെ ലോകവ്യാപകസഭയോടൊത്തുള്ള പ്രസംഗം, സന്തുഷ്ടിയും സംതൃപ്തിയും നമ്മുടെ ജീവിതത്തിന് യഥാർത്ഥ ഉദ്ദേശ്യവും കൈവരുത്തുന്നു. അത് യഹോവയെ സ്നേഹിക്കുന്ന ഓരോരുത്തനും അവനോടുള്ള ഭക്തിയും വിശ്വസ്തതയും പ്രകടമാക്കാനുള്ള ഒരു അവസരമാണ്. അനേകം വശങ്ങളോടുകൂടിയ ഈ വേല ഒരിക്കലും ആവർത്തിക്കപ്പെടുകയില്ല. നിത്യജീവന്റെ പ്രത്യാശ വ്യക്തമായി മുന്നിൽ നിർത്തിക്കൊണ്ട് “ദൈവികഭയത്തോടും ആദരവോടുംകൂടെ ദൈവത്തിന് വിശുദ്ധസേവനമർപ്പിക്കുന്നതിൽ” നമുക്ക് വിശ്വസ്തതയോടെ തുടരാം, അവന്റെ സ്തുതിക്കും നമ്മുടെ സ്വന്തം രക്ഷക്കുംവേണ്ടിത്തന്നെ.—എബ്രായർ 12:28. (w90 8⁄15)
നിങ്ങളുടെ ഉത്തരം എന്താണ്?
◻ ഏതു വേലയിൽനിന്ന് യേശുവിന് സന്തോഷവും സംതൃപ്തിയും ലഭിച്ചു?
◻ ആർ യഹോവയുടെ വേലയെ എതിർക്കുന്നു, എന്തുകൊണ്ട്?
◻ ലൗകിക “സൽപ്രവൃത്തികളും” ദൈവരാജ്യസുവാർത്തയുടെ പ്രസംഗവും തമ്മിൽ എങ്ങനെ തുലനംചെയ്യപ്പെടുന്നു?
[24-ാം പേജിലെ ചിത്രം]
പ്രസംഗിക്കുന്നതിനു പുറപ്പെട്ടുപോകാൻ യേശു തന്റെ ശിഷ്യൻമാരെ നിയോഗിച്ചു