നിങ്ങൾ എത്തിപ്പിടിക്കുന്നുവോ?
“ഏതെങ്കിലും മനുഷ്യൻ ഒരു മേൽവിചാരകന്റെ പദവി എത്തിപ്പിടിക്കുന്നുവെങ്കിൽ അയാൾ നല്ല ഒരു വേലയിൽ ആഗ്രഹമുള്ളവനാണ്.”—1 തിമൊഥെയോസ് 3:1.
1. യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഏതു ലക്ഷ്യത്തിന്റെ നിവൃത്തി മുഖ്യപ്രാധാന്യമുള്ളതാണ്?
യഹോവയുടെ സാക്ഷികൾക്ക് ഒരു ദൈവികവിധത്തിൽ നയിക്കപ്പെടുകയും നിറവേററപ്പെടുകയുംചെയ്യുന്ന ഉചിതമായ ലക്ഷ്യങ്ങളുണ്ട്. ഇത് അതിശയമല്ല, കാരണം അവരുടെ ദൈവത്തിന് ശ്രേഷ്ഠമായ ലക്ഷ്യങ്ങളുണ്ട്, തന്റെ ഉദ്ദേശ്യങ്ങൾ എല്ലായ്പ്പോഴും നിറവേററുകയും ചെയ്യുന്നു. (യെശയ്യാവ് 55:8-11) യഹോവയുടെ ദാസൻമാർ നല്ല ലക്ഷ്യമില്ലാത്തവരും തങ്ങൾക്കല്ലാതെ മററാർക്കും പ്രയോജനകരമായി യാതൊന്നും ചെയ്യാത്തവരുമായി അശ്രദ്ധജീവിതം നയിക്കുന്നവരെപ്പോലെയായിരിക്കരുത്. രാജ്യസുവാർത്ത പ്രസംഗിക്കുകയും ദൈവവചനത്തിന്റെ ജീവദായകമായ അറിവ് പങ്കുവെക്കുകയും ചെയ്യുന്ന ശ്രേഷ്ഠമായ ലക്ഷ്യം നിറവേററുന്നത് ദൈവത്തിന്റെ സാക്ഷികൾക്ക് മുഖ്യപ്രാധാന്യമുള്ള സംഗതിയാണ്.—സങ്കീർത്തനം 119:105; മർക്കോസ് 13:10; യോഹന്നാൻ 17:3.
2. ക്രിസ്തീയപുരുഷൻമാർക്കുള്ള ഏതു ലക്ഷ്യത്തെക്കുറിച്ച് പൗലോസ് 1 തിമൊഥെയോസ് 3:1ൽ പറഞ്ഞു?
2 യഹോവയുടെ സ്ഥാപനത്തിൽ ശ്രേഷ്ഠമായ മററ് ലക്ഷ്യങ്ങളുമുണ്ട്. അപ്പോസ്തലനായ പൗലോസ് പിൻവരുന്നപ്രകാരം എഴുതിയപ്പോൾ ഇവയിലൊന്ന് എടുത്തുപറഞ്ഞു: “ആ പ്രസ്താവന വിശ്വസ്തമാണ്. ഏതെങ്കിലും മനുഷ്യൻ ഒരു മേൽവിചാരകന്റെ പദവി എത്തിപ്പിടിക്കുന്നുവെങ്കിൽ അയാൾ ഒരു നല്ല വേലയിൽ ആഗ്രഹമുള്ളവനാണ്.” അങ്ങനെയുള്ള ഒരു മനുഷ്യൻ മററുള്ളവരുടെ നൻമക്കുവേണ്ടി എന്തെങ്കിലും നിർവഹിക്കാൻ ആഗ്രഹിക്കുന്നു. അയാൾ സുഖത്തിന്റെയും മഹത്വത്തിന്റെയും ഒരു ജീവിതമല്ല, പിന്നെയോ “ഒരു നല്ല വേല” ആഗ്രഹിക്കുന്നു. മറെറാരു ഭാഷാന്തരം ഇങ്ങനെ പറയുന്നു: “നേതൃത്വം കാംക്ഷിക്കുന്ന ഒരു മനുഷ്യന് പ്രശംസാർഹമായ ഒരു സ്ഥാനകാംക്ഷയാണുള്ളത് എന്ന് പറയുന്നത് വളരെ സത്യമാണ്.”—1 തിമൊഥെയോസ് 3:1, ഫിലിപ്സ്.
മൂപ്പൻമാരുടെ അപകടങ്ങൾ
3, 4. ഒരു മേൽവിചാരകനാകാൻ എത്തിപ്പിടിക്കുന്ന മനുഷ്യൻ തന്റെ ഹൃദയത്തെ കാക്കേണ്ടതെന്തുകൊണ്ട്?
3 ഒരു ക്രിസ്തീയ മേൽവിചാരകനായിരിക്കാൻ കാംക്ഷിക്കുന്ന ഒരു മനുഷ്യന് “പ്രശംസാർഹമായ ഒരു സ്ഥാനകാംക്ഷ” ഉള്ളത് ഏതു വിധത്തിലാണ്? ശരി, സ്ഥാനകാംക്ഷ ഒരു പ്രത്യേക ലക്ഷ്യം നേടുന്നതിനുള്ള ഉൽക്കടമായ ആഗ്രഹമാണ്. ശ്രേഷ്ഠവും ഹീനവുമായ അതിമോഹങ്ങളുണ്ടെന്നുള്ളത് സത്യംതന്നെ. എന്നാൽ ഒരു മനുഷ്യൻ മററുള്ളവരെ സേവിക്കാനാഗ്രഹിക്കുന്നതുകൊണ്ട് മേൽവിചാരകസ്ഥാനത്തിന് വിനീതമായി എത്തിപ്പിടിക്കുന്നുവെങ്കിൽ, അയാളുടെ സേവനം നേരായ ആന്തരങ്ങളോടെ അർപ്പിക്കപ്പെടുന്നു. അതിന് ആത്മീയ അനുഗ്രഹങ്ങളിൽ കലാശിക്കാൻ കഴിയും. എന്നാൽ അയാൾ തന്റെ ഹൃദയത്തെ കാക്കേണ്ടതുണ്ട്.—സദൃശവാക്യങ്ങൾ 4:23.
4 സ്ഥാനകാംക്ഷികളായ ചില ആളുകൾ മഹത്വം തേടുന്നു. മററു ചിലർ സഹമനുഷ്യരെ ഭരിക്കാൻ ആഗ്രഹിക്കുന്നു. പ്രാമുഖ്യതക്കോ അധികാരത്തിനോ ഉള്ള അത്യാഗ്രഹം, ആരോഗ്യമുള്ളതായി തോന്നിക്കുന്ന ഒരു വൃക്ഷംപോലും പിടന്നുവീഴാനിടയാക്കാൻ കഴിയുന്ന ഒരു ദ്രവിച്ച വേരുപോലെയാണ്. ഒരു ക്രിസ്ത്യാനിക്കും തെററായി പ്രേരിതമായ അത്തരം സ്ഥാനമോഹത്തിന് വിധേയനാകാൻ കഴിയും. (സദൃശവാക്യങ്ങൾ 16:18) അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “ഞാൻ സഭക്ക് ചിലത് എഴുതി, എന്നാൽ അവരുടെ ഇടയിൽ ഒന്നാം സ്ഥാനം ലഭിക്കാനിഷ്ടപ്പെടുന്ന [“സകലത്തിനും തലയായിരിക്കാൻ ആഗ്രഹിക്കുന്ന,” ഫിലിപ്സ്] ദിയത്രെഫോസ് ഞങ്ങളിൽനിന്ന് യാതൊന്നും ആദരവോടെ സ്വീകരിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ വന്നാൽ ഞങ്ങളെക്കുറിച്ച് അവൻ ദുഷ്ടവാക്കുകൾ ജല്പിച്ചുകൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന അവന്റെ പ്രവൃത്തികൾ ഞാൻ ഓർമ്മിപ്പിക്കുന്നത്. കൂടാതെ, ഈ കാര്യങ്ങളിൽ തൃപ്തിപ്പെടാതെ, അവൻതന്നെ സഹോദരൻമാരെ ആദരവോടെ സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, അവരെ സ്വീകരിക്കാനാഗ്രഹിക്കുന്നവരെ അവൻ തടസ്സപ്പെടുത്താനും സഭയിൽനിന്ന് പുറന്തള്ളാനും ശ്രമിക്കുകയും ചെയ്യുന്നു.” (3 യോഹന്നാൻ 9, 10) ദിയത്രെഫോസിന്റെ സ്ഥാനകാംക്ഷ ക്രിസ്തീയവിരുദ്ധമായിരുന്നു. അഹങ്കാരത്തിനും മററുള്ളവരുടെമേലുള്ള അധികാരത്തിനുവേണ്ടിയുള്ള അതിമോഹത്തോടുകൂടിയ യത്നത്തിനും യേശുവിന്റെ യഥാർത്ഥ അനുഗാമികളുടെ ഇടയിൽ സ്ഥാനമില്ല.—സദൃശവാക്യങ്ങൾ 21:4.
5. മേൽവിചാരകൻമാർ ഏതു മനോഭാവത്തോടെ തങ്ങളുടെ ചുമതലകൾ നോക്കണം?
5 ശരിയായ ആന്തരങ്ങളോടെ തന്റെ ചുമതലകൾ നിർവഹിക്കുന്ന ഒരു ക്രിസ്തീയമേൽവിചാരകൻ സ്വാർത്ഥപരമായ അതിമോഹങ്ങൾ പിന്തുടരുകയില്ല. അയാൾ ക്രിസ്തീയമേൽവിചാരണയാകുന്ന ഈ നല്ല വേലയെ ദൈവദത്തമായ ഒരു പദവിയായി പരിഗണിക്കുകയും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ “നിർബന്ധത്താലല്ല, മനസ്സോടെ” മേയിക്കുകയും ചെയ്യും. “സത്യസന്ധമല്ലാത്ത ആദായത്തിനുവേണ്ടിയല്ല, പിന്നെയോ ആകാംക്ഷയോടെ; ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ കർതൃത്വം നടത്തുന്നതുപോലെയുമല്ല, പിന്നെയോ ആട്ടിൻകൂട്ടത്തിന് [മാതൃക]യായിത്തീർന്നുകൊണ്ടുതന്നെ.” (1 പത്രോസ് 5:2, 3) അതെ, മേൽവിചാരകൻമാർ അഹങ്കാരം വളർത്തുന്നതിനും അധികാരദുർവിനിയോഗം നടത്താൻ ശ്രമിക്കുന്നതിനുമെതിരെ സൂക്ഷിക്കണം.
6. ഒരു മൂപ്പൻ ദൈവജനത്തിൻമേൽ കർതൃത്വം നടത്തരുതാത്തതെന്തുകൊണ്ട്?
6 ഒരു മൂപ്പൻ മററു ക്രിസ്ത്യാനികളുടെമേൽ കർതൃത്വംനടത്തരുത്, എന്തെന്നാൽ അയാൾ അവരുടെ സഹപ്രവർത്തകനാണ്, ‘അവരുടെ വിശ്വാസത്തിൻമേലുള്ള ഒരു യജമാനൻ’ അല്ല. (2 കൊരിന്ത്യർ 1:24) ചില അപ്പോസ്തലൻമാർ പ്രാമുഖ്യത തേടിയപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ജനതകളുടെ ഭരണാധിപൻമാർ അവരുടെമേൽ കർതൃത്വം നടത്തുന്നുവെന്നും മഹാൻമാർ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാം. നിങ്ങളുടെ ഇടയിലെ രീതി ഇതല്ല; എന്നാൽ നിങ്ങളുടെ ഇടയിൽ വലിയവൻ ആകാനാഗ്രഹിക്കുന്ന ഏവനും നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം, നിങ്ങളുടെ ഇടയിൽ ഒന്നാമനാകാനാഗ്രഹിക്കുന്ന ഏവനും നിങ്ങളുടെ അടിമയായിരിക്കണം. മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടാനല്ല, പിന്നെയോ ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി തന്റെ ദേഹിയെ ഒരു മറുവിലയായി കൊടുക്കാനും വന്നതുപോലെതന്നെ.” (മത്തായി 20:20-28) ഒരു മൂപ്പൻ മുഖ്യ ഇടയനല്ല, പിന്നെയോ ഉപ ഇടയൻ മാത്രമാണ്. അയാൾ ആട്ടിൻകൂട്ടത്തിൻമേൽ കർതൃത്വം നടത്തുന്നുവെങ്കിൽ, അയാൾ അഹങ്കാരത്തിന്റെ ഒരു ആത്മാവാണ് പ്രകടമാക്കുന്നത്. അയാൾ തന്റെ അഹങ്കാരപൂർവകമായ അതിമോഹങ്ങളെ വളർത്താൻ തന്നെ സഹായിക്കുന്നതിന് മററുള്ളവരെ വശീകരിച്ചാൽ പ്രത്യേകിച്ചും ഉപദ്രവംമാത്രമേ ഉണ്ടാകുകയുള്ളു. ഒരു സദൃശവാക്യം ഇങ്ങനെ പറയുന്നു: “ഹൃദയത്തിൽ അഹങ്കാരമുള്ള ഏവനും യഹോവക്കു വെറുപ്പാണ്. കൈ കൈയോടു ചേർന്നേക്കാം, എന്നാലും ഒരുവൻ ശിക്ഷയിൽനിന്ന് വിമുക്തനായിരിക്കയില്ല.”—സദൃശവാക്യങ്ങൾ 16:5.
7, 8. (എ) ക്രിസ്തീയ മൂപ്പൻമാർ താഴ്മയുള്ളവരായിരിക്കേണ്ടതാവശ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) താഴ്മയുള്ള ഒരു മൂപ്പന്റെ ദൃഷ്ടാന്തം നൽകുക.
7 തന്നിമിത്തം ക്രിസ്തീയമൂപ്പൻമാർ ‘ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ തങ്ങളെത്തന്നെ താഴ്ത്തണം.’ ആത്മീയമായ ഉപയോഗക്ഷമതക്ക് അഹങ്കാരം തടസ്സമാണ്, എന്തെന്നാൽ താഴ്മയുള്ളവർ മാത്രമേ ദിവ്യേഷ്ടം ചെയ്യാൻ ഹൃദയത്തിന്റെയും മനസ്സിന്റെയും ശരിയായ അവസ്ഥയിലായിരിക്കുന്നുള്ളു. “ദൈവം ഗർവികളോട് എതിർത്തുനിൽക്കുന്നു, എന്നാൽ അവൻ താഴ്മയുള്ളവർക്ക് അനർഹദയ കൊടുക്കുന്നു.” (1 പത്രോസ് 5:5, 6) അതെ, യഹോവ വിനീതഹൃദയരെ അനുഗ്രഹിക്കുന്നു. ഇവരിൽനിന്നാണ് യോഗ്യതയുള്ള പുരുഷൻമാരെ ക്രിസ്തീയ മൂപ്പൻമാരായി സേവിക്കാൻ നിയമിക്കുന്നത്.
8 യഹോവയുടെ സാക്ഷികളുടെ ആധുനികകാലത്തെ ചരിത്രം ദൈവികഭക്തിയുള്ള വ്യക്തികൾ അർപ്പിച്ച എളിയ സേവനത്തിന്റെ വിവരണങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഉദാഹരണത്തിന്, ഒരു കാലത്ത് ഒരു പിൽഗ്രിം അഥവാ സഞ്ചാരമേൽവിചാരകനായിരുന്ന ഡബ്ലിയു. ജെ. തോണിനെ പരിഗണിക്കുക. അദ്ദേഹം ശാന്തശീലനും ദീർഘകാലം ബഥേൽപ്രവർത്തകനുമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഒരു ക്രിസ്ത്യാനി ഇങ്ങനെ പറഞ്ഞു: “എന്നെ ഇന്നോളം സഹായിച്ച, തോൺസഹോദരൻ ചെയ്ത ഒരു പ്രസ്താവന ഞാൻ ഒരിക്കലും മറക്കുകയില്ല. അദ്ദേഹം പറഞ്ഞത് ഞാൻ ഉദ്ധരിക്കുന്നു, ‘ഞാൻ എന്നെക്കുറിച്ചുതന്നെ വളരെയധികമായി ചിന്തിക്കുമ്പോൾ ഞാൻ എന്നെത്തന്നെ ഒരു മൂലയിലേക്കു മാററിനിർത്തി ഇങ്ങനെ പറയുന്നു: “നീ ഒരു ചെറു മൺതരി. നിനക്ക് അഹങ്കരിക്കാൻ എന്തിരിക്കുന്നു?”’” മൂപ്പൻമാരും മററുള്ളവരും പ്രകടമാക്കേണ്ട എത്ര പ്രശംസനീയമായ ഗുണം! ഇതോർക്കുക, “താഴ്മയുടെയും യഹോവാഭയത്തിന്റെയും ഫലം ധനവും മഹത്വവും ജീവനുമാകുന്നു.”—സദൃശവാക്യങ്ങൾ 22:4.
സേവിക്കാനുള്ള ദൈവദത്തമായ ആഗ്രഹം
9. ഒരു മേൽവിചാരകനായി സേവിക്കാനുള്ള ആഗ്രഹം ദൈവദത്തമാണെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
9 ഒരു മേൽവിചാരകനായി സേവിക്കാനുള്ള ആഗ്രഹം ദൈവദത്തമാണോ? അതെ, എന്തുകൊണ്ടെന്നാൽ യഹോവക്ക് വിശുദ്ധസേവനമർപ്പിക്കാനുള്ള പ്രേരണയും ധൈര്യവും ശക്തിയും നൽകുന്നത് അവന്റെ ആത്മാവാണ്. ദൃഷ്ടാന്തത്തിന്, യേശുവിന്റെ പീഡിപ്പിക്കപ്പെട്ട അനുഗാമികൾ പ്രസംഗിക്കാനുള്ള ധൈര്യത്തിനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ എന്ത് സംഭവിച്ചു? “അവർ ഒന്നിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; അവർ എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറയുകയും ദൈവവചനം സധൈര്യം പ്രസംഗിച്ചുകൊണ്ടിരിക്കുകയും ചെയ്തു.” (പ്രവൃത്തികൾ 4:27-31) പരിശുദ്ധാത്മാവ് അങ്ങനെയുള്ള ഫലങ്ങളുളവാക്കിയതിനാൽ അതിന് എത്തിപ്പിടിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കാനും കഴിയും.
10. (എ) ഒരു ക്രിസ്തീയ പുരുഷൻ എത്തിപ്പിടിക്കാതിരുന്നേക്കാവുന്നതിന്റെ ഒരു കാരണമെന്ത്? (ബി) ദൈവം നമുക്ക് ഒരു സേവനപദവി നൽകുന്നുവെങ്കിൽ, നമുക്ക് എന്തിന് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
10 ഒരു പക്വതയുള്ള ക്രിസ്ത്യാനി എത്തിപ്പിടിക്കാതിരുന്നേക്കാവുന്നത് എന്തുകൊണ്ടാണ്? അയാൾ ഒരു ആത്മീയ മനുഷ്യനായിരുന്നേക്കാം, എന്നാൽ അപര്യാപ്തനാണെന്ന് വിചാരിച്ചേക്കാം. (1 കൊരിന്ത്യർ 2:14, 15) തീർച്ചയായും നമ്മുടെ പരിമിതികൾ നമുക്കറിയാവുന്നതിനാൽ നമുക്ക് നമ്മേക്കുറിച്ചുതന്നെ എളിയ ഒരു വീക്ഷണമാണുണ്ടായിരിക്കേണ്ടത്. (മീഖാ 6:8) ഒരു പ്രത്യേക ഉത്തരവാദിത്വത്തിന് ഏററവും യോഗ്യതയുള്ളത് നമുക്കാണെന്ന് ധിക്കാരപൂർവം വിചാരിക്കാതെ “ജ്ഞാനം എളിയവരോടുകൂടെയാണ്” എന്ന് ഓർക്കുന്നത് നല്ലതാണ്. (സദൃശവാക്യങ്ങൾ 11:2) എന്നാൽ ദൈവം നമുക്ക് ഒരു സേവനപദവി നൽകുന്നുവെങ്കിൽ അതു നിറവേററുന്നതിനുള്ള ശക്തി അവൻ നൽകുമെന്നും നാം തിരിച്ചറിയണം. പൗലോസ് പറഞ്ഞതുപോലെ: “എനിക്ക് ബലം പ്രദാനംചെയ്യുന്നവൻ ഹേതുവായി സകലത്തിനും എനിക്ക് ശക്തിയുണ്ട്.”—ഫിലിപ്പിയർ 4:13.
11. ബുദ്ധിയുപദേശം കൊടുക്കാൻ തനിക്ക് വേണ്ടത്ര ജ്ഞാനമില്ലെന്ന് വിചാരിക്കുന്നതിനാൽ എത്തിപ്പിടിക്കാത്ത ഒരു ക്രിസ്ത്യാനിക്ക് എന്തു ചെയ്യാൻ കഴിയും?
11 ബുദ്ധിയുപദേശം കൊടുക്കുന്നതിന് വേണ്ടത്ര ജ്ഞാനം തനിക്കില്ലെന്ന് വിചാരിക്കുന്നതുകൊണ്ട് ഒരു ക്രിസ്ത്യാനി എത്തിപ്പിടിക്കാതിരുന്നേക്കാം. ശരി, ദൈവവചനത്തിന്റെ കൂടുതൽ ഉത്സുകനായ ഒരു പഠിതാവായിരുന്നുകൊണ്ട് ഒരുപക്ഷേ അയാൾക്ക് ജ്ഞാനം നേടാൻ കഴിയും. തീർച്ചയായും അയാൾ ജ്ഞാനത്തിനുവേണ്ടി പ്രാർത്ഥിക്കണം. യാക്കോബ് ഇങ്ങനെ എഴുതി: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോട് യാചിച്ചുകൊണ്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ അവൻ സകലർക്കും ഉദാരമായും ശകാരിക്കാതെയും കൊടുക്കുന്നു; അത് അവന് കൊടുക്കപ്പെടും. എന്നാൽ അയാൾ അശേഷം സംശയിക്കാതെ വിശ്വാസത്തോടെ യാചിച്ചുകൊണ്ടിരിക്കട്ടെ, എന്തെന്നാൽ സംശയിക്കുന്നവൻ അങ്ങുമിങ്ങും കാററടിച്ചു പായിക്കപ്പെടുന്ന കടലിലെ ഒരു തിരമാല പോലെയാണ്. യഥാർത്ഥത്തിൽ, ആ മനുഷ്യൻ യഹോവയിൽനിന്ന് എന്തെങ്കിലും തനിക്കു കിട്ടുമെന്ന് സങ്കൽപ്പിക്കാതിരിക്കട്ടെ; അയാൾ തന്റെ എല്ലാ വഴികളിലും അസ്ഥിരനായി തീരുമാനശേഷിയില്ലാത്ത ഒരു മനുഷ്യനാകുന്നു.” (യാക്കോബ് 1:5-8) പ്രാർത്ഥനക്കുത്തരമായി, ന്യായം വിധിക്കുമ്പോൾ നൻമതിൻമകൾ വിവേചിക്കാൻ ശലോമോനെ പ്രാപ്തനാക്കിയ “ജ്ഞാനവും വിവേകവുമുള്ള ഒരു ഹൃദയം” ദൈവം അവനു കൊടുത്തു. (1 രാജാക്കൻമാർ 3:9-14) ശലോമോന്റെ ദൃഷ്ടാന്തം പ്രത്യേകമായിരുന്നു. എന്നാൽ സഭാപരമായ ഉത്തരവാദിത്തം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന പുരുഷൻമാർക്ക് ഉത്സുകമായ പഠനത്താലും ദൈവസഹായത്താലും മററുള്ളവരെ നീതിപൂർവം ബുദ്ധിയുപദേശിക്കാൻ കഴിയും. “യഹോവതന്നെ ജ്ഞാനം കൊടുക്കുന്നു; അവന്റെ വായിൽനിന്ന് പരിജ്ഞാനവും വിവേചനയും ഉണ്ട്.”—സദൃശവാക്യങ്ങൾ 2:6.
12. ഉത്ക്കണ്ഠനിമിത്തം ഒരു മനുഷ്യൻ എത്തിപ്പിടിക്കുന്നില്ലെങ്കിൽ അയാളെ എന്തിന് സഹായിക്കാൻ കഴിയും?
12 ഒരളവിലുള്ള ഉത്ക്കണ്ഠ എത്തിപ്പിടിക്കുന്നതിൽനിന്ന് ഒരു മനുഷ്യനെ പിന്നോക്കം നിർത്തിയേക്കാം. ഒരു മൂപ്പനായിരിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം വഹിക്കാൻ താൻ അപ്രാപ്തനാണെന്ന് അയാൾ വിചാരിച്ചേക്കാം. പൗലോസ്പോലും ഇങ്ങനെ സമ്മതിച്ചു: “അനുദിനം എന്റെമേൽ പാഞ്ഞുകയറുന്നത്, സകല സഭകളെയുംകുറിച്ചുള്ള ഉത്ക്കണ്ഠ, ഉണ്ട്.” (2 കൊരിന്ത്യർ 11:28) എന്നാൽ ഉത്ക്കണ്ഠ അനുഭവപ്പെടുമ്പോൾ എന്തു ചെയ്യണമെന്ന് അപ്പോസ്തലന് അറിയാമായിരുന്നു, എന്തെന്നാൽ അവൻ ഇങ്ങനെ എഴുതി: “യാതൊന്നിനെക്കുറിച്ചും ഉത്ക്കണ്ഠപ്പെടരുത്, എന്നാൽ എല്ലാററിലും നന്ദിപ്രകടനത്തോടെ പ്രാർത്ഥനയാലും അഭ്യർത്ഥനയാലും നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക; സകല ചിന്തയെക്കാളും മികച്ചുനിൽക്കുന്ന ദൈവസമാധാനം ക്രിസ്തുയേശു മുഖേന നിങ്ങളുടെ ഹൃദയങ്ങളെയും മാനസികശക്തികളെയും കാക്കും.” (ഫിലിപ്പിയർ 4:6, 7) അതെ, പ്രാർത്ഥനക്കും ദൈവത്തിലുള്ള ആശ്രയത്തിനും ഉത്ക്കണ്ഠ അകററുന്നതിന് സഹായിക്കാൻ കഴിയും.
13. ഒരു മനുഷ്യൻ എത്തിപ്പിടിക്കുന്നതുസംബന്ധിച്ച് വ്യാകുലപ്പെടുന്നുവെങ്കിൽ അയാൾക്ക് എങ്ങനെ പ്രാർത്ഥിക്കാവുന്നതാണ്?
13 അല്പം ഉത്ക്കണ്ഠ തങ്ങിനിൽക്കുന്നുവെങ്കിൽ, എത്തിപ്പിടിക്കുന്നതുസംബന്ധിച്ച് വ്യാകുലപ്പെടുന്ന ഒരു മനുഷ്യന് ദാവീദ് പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കാവുന്നതാണ്: “ദൈവമേ, എന്നെ പരിശോധിക്കുകയും എന്റെ ഹൃദയത്തെ അറിയുകയും ചെയ്യേണമേ. എന്നെ പരീക്ഷിക്കുകയും എന്റെ ഉത്ക്കണ്ഠാജനകമായ ചിന്തകൾ അറിയുകയും എന്നിൽ വേദനാജനകമായ ഏതെങ്കിലും വഴി ഉണ്ടോയെന്ന് കാണുകയും അനിശ്ചിതകാല മാർഗ്ഗത്തിൽ എന്നെ നയിക്കുകയും ചെയ്യേണമേ.” (സങ്കീർത്തനം 139:23, 24) നമ്മുടെ “ഉത്ക്കണ്ഠാജനകമായ” അഥവാ “ആശങ്കാകുലമായ” ചിന്തകളുടെ സ്വഭാവമെന്തുതന്നെയായിരുന്നാലും നമുക്ക് ആത്മീയ പുരോഗതി വരുത്താൻ കഴിയത്തക്കവണ്ണം അവയെ നേരിടുന്നതിന് നമ്മെ സഹായിക്കാൻ ദൈവത്തിനു കഴിയും. (ദി ന്യൂ ഇൻറർനാഷനൽ വേർഷൻ കാണുക.) മറെറാരു സങ്കീർത്തനത്തിൽ അത് നന്നായി പ്രസ്താവിച്ചിരിക്കുന്നു: “‘എന്റെ പാദം തീർച്ചയായും ഇടറും’ എന്നു ഞാൻ പറഞ്ഞപ്പോൾ, യഹോവേ, നിന്റെ സ്വന്തം സ്നേഹദയ എന്നെ പുലർത്തിക്കൊണ്ടിരുന്നു. എന്റെ ഉത്ക്കണ്ഠാജനകമായ ചിന്തകൾ എന്റെ ഉള്ളിൽ അനേകമായിത്തീർന്നപ്പോൾ നിന്റെ സ്വന്തം ആശ്വാസങ്ങൾ എന്റെ ദേഹിയെ ലാളിച്ചുതുടങ്ങി.”—സങ്കീർത്തനം 94:18, 19.
യഹോവയുടെ ഇഷ്ടപ്രകാരം സന്തോഷത്തോടെ സേവിക്കുക
14. എത്തിപ്പിടിക്കാത്ത ഒരു മനുഷ്യൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കേണ്ടതെന്തുകൊണ്ട്?
14 ഉത്ക്കണ്ഠയോ അപര്യാപ്തതയുടെ തോന്നലുകളോ പ്രേരണയുടെ കുറവോ നിമിത്തം ഒരു ക്രിസ്തീയ പുരുഷൻ എത്തിപ്പിടിക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ ദൈവാത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നത് തീർച്ചയായും ഉചിതമാണ്. യേശു ഇങ്ങനെ പറഞ്ഞു: “ദുഷ്ടരാണെങ്കിലും, നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങൾ കൊടുക്കാൻ നിങ്ങൾക്കറിയാമെങ്കിൽ, തന്നോടു ചോദിക്കുന്നവർക്ക് സ്വർഗ്ഗസ്ഥനായ ദൈവം പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും!” (ലൂക്കോസ് 11:13) സമാധാനവും ആത്മനിയന്ത്രണവും ആത്മാവിന്റെ ഫലങ്ങളിൽപ്പെട്ടവയാകയാൽ ഉത്ക്കണ്ഠയേയോ അപര്യാപ്തതയുടെ വിചാരങ്ങളെയോ നേരിടുന്നതിന് ഈ ആത്മാവിന് നമ്മെ സഹായിക്കാൻ കഴിയും.—ഗലാത്യർ 5:22, 23.
15. സേവനപദവികൾക്ക് തങ്ങളെത്തന്നെ ലഭ്യമാക്കാൻ പ്രേരണയുടെ അഭാവമുള്ളവരെ ഏതു തരം പ്രാർത്ഥനക്ക് സഹായിക്കാൻ കഴിയും?
15 പ്രേരണയുടെ അഭാവത്തെ സംബന്ധിച്ചെന്ത്? സ്നാപനമേററ ക്രിസ്ത്യാനികളെന്ന നിലയിൽ, ദൈവത്തിന്റെ ഇഷ്ടം നമ്മേക്കൊണ്ട് ചെയ്യിക്കാൻ നാം പ്രാർത്ഥിക്കേണ്ടതുണ്ട്. ദാവീദ് ഇങ്ങനെ യാചിച്ചു: “യഹോവേ, നിന്റെ സ്വന്തം വഴികൾ എന്നെ അറിയിക്കേണമേ . . . നിന്റെ സത്യത്തിൽ എന്നെ നടത്തുകയും എന്നെ പഠിപ്പിക്കുകയും ചെയ്യേണമേ.” (സങ്കീർത്തനം 25:4, 5) ഇതുപോലെയുള്ള പ്രാർത്ഥനകൾ ഒരു തെററായ പാത ഒഴിവാക്കാൻ നമ്മെ സഹായിക്കും. എത്തിപ്പിടിക്കുന്നതിനുള്ള പ്രേരണയുടെ അഭാവം നമുക്കുണ്ടെങ്കിൽ സമാനമായ ഒരു രീതിയിൽ നമുക്ക് പ്രാർത്ഥിക്കാൻ കഴിയും. സേവനപദവികൾ സ്വീകരിക്കുന്നതിന് നമുക്കാഗ്രഹമുണ്ടാക്കുന്നതിന് നമുക്ക് യഹോവയോട് അപേക്ഷിക്കാൻ കഴിയും. യഥാർത്ഥത്തിൽ, നാം ദൈവാത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും അതിന്റെ നടത്തിപ്പിന് വഴങ്ങുകയും ചെയ്യുന്നുവെങ്കിൽ, നമുക്ക് സേവനപദവികൾ വാഗ്ദാനംചെയ്യപ്പെടുന്നുവെങ്കിൽ നാം നമ്മേത്തന്നെ ലഭ്യമാക്കുമെന്നുള്ളതിന് സംശയമില്ല. ഏതായാലും, ദൈവദാസൻമാർ യാതൊരു വിധത്തിലും അവന്റെ ആത്മാവിനോട് എതിർത്തുനിൽക്കാൻ ആഗ്രഹിക്കുകയില്ല.—എഫേസ്യർ 4:30.
16. സഭാപരമായ ഉത്തരവാദിത്തത്തെ എത്തിപ്പിടിക്കാൻ ഏതു മനോഭാവം ശക്തമായ പ്രേരണ നൽകുന്നു?
16 “ക്രിസ്തുവിന്റെ മനസ്സ്” ഉള്ളപ്പോൾ, ദിവ്യേഷ്ടംചെയ്യുന്നതിൽ നാം സന്തോഷം കണ്ടെത്തുന്നു. (1 കൊരിന്ത്യർ 2:16) യേശുവിന് സങ്കീർത്തനക്കാരന്റെ അതേ മനോഭാവമാണുണ്ടായിരുന്നത്, അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ ദൈവമേ, നിന്റെ ഇഷ്ടംചെയ്യാൻ ഞാൻ പ്രമോദിച്ചിരിക്കുന്നു, നിന്റെ നിയമം എന്റെ അന്തർഭാഗങ്ങളിലുണ്ട്.” (സങ്കീർത്തനം 40:8) “നോക്കൂ! നിന്റെ ഇഷ്ടംചെയ്യാൻ ഞാൻ വരുന്നു” എന്ന് ക്രിസ്തു പറഞ്ഞു. അത് ദണ്ഡനസ്തംഭത്തിലെ മരണത്തോളമായിരുന്നു. (എബ്രായർ 10:9, 10) യഹോവയുടെ സേവനത്തിൽ സാദ്ധ്യമായതെല്ലാം ചെയ്യാനുള്ള ആഗ്രഹം സഭാപരമായ ഉത്തരവാദിത്തങ്ങൾ എത്തിപ്പിടിക്കാനുള്ള ശക്തമായ പ്രേരണ നൽകുന്നു.
ഭാവിയിലേക്കു നോക്കുക
17. (എ) ഒരിക്കൽ ചെയ്തിരുന്നതുപോലെ, പൂർണ്ണമായി ഇപ്പോൾ സേവിക്കുന്നില്ലാത്ത പുരുഷൻമാർ നിരുത്സാഹപ്പെടരുതാത്തതെന്തുകൊണ്ട്? (ബി) എല്ലാററിലും വലിയ പദവി എന്താണ്?
17 മുമ്പ് പ്രധാനപ്പെട്ട സഭാചുമതലകൾ വഹിച്ചിരുന്ന ചിലർക്ക് ആരോഗ്യപ്രശ്നങ്ങളാലോ മററു കാരണങ്ങളാലോ ഇപ്പോൾ അങ്ങനെയുള്ള പദവികളില്ല. അവർ നിരുത്സാഹിതരാകരുത്. മേലാൽ മുമ്പത്തെപ്പോലെ പൂർണ്ണമായി സേവിക്കാൻ പ്രാപ്തരല്ലാത്ത അനേകം വിശ്വസ്ത മനുഷ്യർ ഇപ്പോഴും നിർമ്മലതാപാലകരെന്ന നിലയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നമുക്കറിയാം. (സങ്കീർത്തനം 25:21) തീർച്ചയായും, താഴ്മയോടെ ദീർഘകാലമായി മൂപ്പൻമാരായിരിക്കുന്നവർക്ക് മൂപ്പൻമാരുടെ സംഘത്തിൽ സ്ഥിതിചെയ്തുകൊണ്ട് തങ്ങളുടെ അനുഭവപരിചയത്തെ തുടർന്ന് ലഭ്യമാക്കാൻ കഴിയും. പ്രായത്താലോ വൈകല്യങ്ങളാലോ പ്രതിബന്ധമുണ്ടെങ്കിലും അവർ സ്ഥാനമൊഴിയേണ്ടതില്ല. അതേസമയം, യഹോവയുടെ ഓരോ സാക്ഷിയും ദൈവത്തിന്റെ വിശുദ്ധനാമത്തെ ഉയർത്തിപ്പിടിക്കുന്നവനെന്ന നിലയിൽ, ‘അവന്റെ രാജത്വത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുക’യെന്ന എല്ലാററിലുംവച്ച് അതിവിശിഷ്ടമായ പദവിയെ വിലമതിക്കട്ടെ.—സങ്കീർത്തനം 145:10-13.
18. (എ) ഒരു മൂപ്പനോ ശുശ്രൂഷാദാസനോ നീക്കംചെയ്യപ്പെടുന്നുവെങ്കിൽ, എന്താവശ്യമായിരിക്കാം? (ബി) നീക്കം ചെയ്യപ്പെട്ട ഒരു മൂപ്പൻ ഏതു നല്ല മനോഭാവം പ്രകടമാക്കി?
18 നിങ്ങൾ ഒരു കാലത്ത് ഒരു മൂപ്പനോ ഒരു ശുശ്രൂഷാദാസനോ ആയിരുന്നിട്ട് ഇപ്പോൾ ആ പദവിയിൽ സേവിക്കുന്നില്ലെങ്കിൽ, ദൈവം ഇപ്പോഴും നിങ്ങൾക്കുവേണ്ടി കരുതുന്നുവെന്നും ഒരുപക്ഷേ ഭാവിയിൽ അപ്രതീക്ഷിതമായ ഏതെങ്കിലും പദവികൾ അവൻ നിങ്ങൾക്ക് നൽകുമെന്നും ഉറപ്പുണ്ടായിരിക്കുക. (1 പത്രോസ് 5:6, 7) നിങ്ങൾ കുറെ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ, ഒരു തെററു സമ്മതിക്കാനും ദൈവസഹായത്താൽ അത് പരിഹരിക്കാനും മനസ്സുള്ളവനായിരിക്കുക. മൂപ്പൻമാർ എന്ന നിലയിൽനിന്ന് നീക്കം ചെയ്യപ്പെട്ട ചിലർ ഒരു ക്രിസ്തീയവിരുദ്ധ മനോഭാവം സ്വീകരിച്ചിട്ടുണ്ട്. ചുരുക്കം ചിലർ നിഷ്ക്രിയരായിത്തീർന്നിരിക്കുന്നു, അല്ലെങ്കിൽ സത്യത്തിൽനിന്ന് വീണുപോയിരിക്കുന്നു. എന്നാൽ ഒരു നല്ല ആത്മാവു പ്രകടമാക്കിയിട്ടുള്ളവരെപ്പോലെയായിരിക്കുന്നത് എത്ര ജ്ഞാനപൂർവകമാണ്! ഉദാഹരണത്തിന്, വർഷങ്ങളായി സെൻട്രൽ അമേരിക്കയിൽ സേവിച്ചിരുന്ന ഒരു മൂപ്പൻ നീക്കംചെയ്യപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞാൻ ദീർഘകാലം വിലപ്പെട്ടതായി കരുതിയിരുന്ന പദവി നഷ്ടപ്പെട്ടതിൽ ഞാൻ വ്രണിതനാകുന്നുണ്ട്. എന്നാൽ സഹോദരൻമാർ എന്നെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതു വിധത്തിലും ഞാൻ കഠിനവേല ചെയ്യാനും എന്റെ സേവനപദവികൾ വീണ്ടെടുക്കാൻ ശ്രമിക്കാനും പോകുകയാണ്.” കാലക്രമത്തിൽ, ഈ സഹോദരന് വീണ്ടും ഒരു മൂപ്പനായി സേവിക്കുന്നതിന് പദവി ലഭിച്ചു.
19. ഒരു മൂപ്പനോ ശുശ്രൂഷാദാസനോ എന്ന നിലയിൽനിന്ന് നീക്കംചെയ്യപ്പെട്ടിരിക്കുന്ന ഒരു സഹോദരന് ഏത് ഉചിതമായ ബുദ്ധിയുപദേശം കൊടുക്കപ്പെടുന്നു?
19 ഒരു മൂപ്പന്റെയോ ശുശ്രൂഷാദാസന്റെയോ പദവിയിൽനിന്ന് നിങ്ങൾ നീക്കംചെയ്യപ്പെട്ടെങ്കിൽ, അപ്പോൾ വിനീതമായ ഒരു ആത്മാവു നിലനിർത്തുക. ഭാവിപദവികൾക്ക് നിങ്ങളെ അയോഗ്യനാക്കുന്ന ഒരു പിണക്കമനോഭാവം ഒഴിവാക്കുക. ദൈവികമായ ഒരു മനോഭാവം ആദരവു നേടുന്നു. നിരുത്സാഹപ്പെടുന്നതിനു പകരം, യഹോവ നിങ്ങളുടെ ശുശ്രൂഷയെ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തെ എങ്ങനെ അനുഗ്രഹിക്കുന്നുവെന്ന് വിചിന്തനംചെയ്യുക. നിങ്ങളുടെ കുടുംബത്തെ ആത്മീയമായി കെട്ടുപണിചെയ്യുകയും രോഗികളെ സന്ദർശിക്കുകയും ദുർബലരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുക. എല്ലാററിനുമുപരിയായി, യഹോവയുടെ സാക്ഷികളിലൊരുവനെന്ന നിലയിൽ ദൈവത്തെ സ്തുതിക്കുകയും സുവാർത്ത ഘോഷിക്കുകയും ചെയ്യുന്ന പദവിയെ വിലപ്പെട്ടതായി കരുതുക.—സങ്കീർത്തനം 145:1, 2; യെശയ്യാവ് 43:10-12.
20. മൂപ്പൻമാരുടെ ഒരു സംഘത്തിന് ഒരു മുൻ മേൽവിചാരകനെയോ ശുശ്രൂഷാദാസനെയോ സഹായിക്കാൻ കഴിഞ്ഞേക്കാവുന്നതെങ്ങനെ?
20 ഒരു മുൻ മേൽവിചാരകനോ ഒരു ശുശ്രൂഷാദാസനോ സ്വമേധയാ പദവി ഉപേക്ഷിക്കുന്നുവെങ്കിൽ പോലും നീക്കംചെയ്യൽ സമ്മർദ്ദമുളവാക്കിയേക്കാമെന്ന് മൂപ്പൻമാരുടെ സംഘം തിരിച്ചറിയണം. ആ സഹോദരൻ പുറത്താക്കപ്പെടാതിരിക്കുകയും എന്നാൽ അയാൾ വിഷാദമഗ്മനനാണെന്ന് മൂപ്പൻമാർ കാണുകയും ചെയ്യുന്നുവെങ്കിൽ, അവർ സ്നേഹപൂർവകമായ ആത്മീയ സഹായം കൊടുക്കേണ്ടതാണ്. (1 തെസ്സലോനീക്യർ 5:14) സഭയിൽ അയാളുടെ ആവശ്യമുണ്ടെന്ന് തിരിച്ചറിയാൻ അവർ അയാളെ സഹായിക്കേണ്ടതാണ്. ബുദ്ധിയുപദേശം ആവശ്യമായിവന്നുവെങ്കിൽപോലും, താഴ്മയും നന്ദിയുമുള്ള ഒരു മനുഷ്യന് സഭയിൽ കൂടുതലായ സേവനപദവികൾ ലഭിക്കുന്നതിന് വളരെ ദീർഘിച്ച കാലം വേണ്ടിവരില്ലായിരിക്കാം.
21. സേവനപദവികൾക്കുവേണ്ടി ആർ കാത്തിരുന്നു, അവക്കുവേണ്ടി ഇന്ന് കാത്തിരിക്കുന്നവരോട് എന്ത് നിർദ്ദേശിക്കപ്പെടുന്നു?
21 നിങ്ങൾ എത്തിപ്പിടിക്കുന്നുവെങ്കിൽ, കൂടുതലായ സേവനപദവികൾ ലഭിക്കുന്നതിന് നിങ്ങൾ കുറെ കാലം കാത്തിരിക്കണമായിരിക്കാം. അക്ഷമനാകരുത്. ഇസ്രായേല്യരെ ഈജിപ്ഷ്യൻ അടിമത്വത്തിൽനിന്ന് സ്വതന്ത്രരാക്കിയപ്പോൾ ദൈവം മോശയെ ഉപയോഗിക്കുന്നതിനു മുമ്പ് മോശ 40 വർഷം കാത്തിരുന്നു. (പ്രവൃത്തികൾ 7:23-36) മോശയുടെ പിൻഗാമിയായി ഉപയോഗിക്കപ്പെടുന്നതിനുമുമ്പ്, യോശുവാ മോശയുടെ ശുശ്രൂഷകനായി ദീർഘകാലം സേവിച്ചു. (പുറപ്പാട് 33:11; സംഖ്യാപുസ്തകം 27:15-23) ഇസ്രയേലിന്റെ സിംഹാസനത്തിൽ അവരോധിക്കപ്പെടുന്നതിനു മുമ്പ് ദാവീദ് കുറെക്കാലം കാത്തിരുന്നു. (2 ശമുവേൽ 2:7; 5:3) പ്രത്യക്ഷത്തിൽ പത്രോസും യോഹന്നാൻ മർക്കോസും ശുദ്ധീകരണത്തിന്റെ കാലഘട്ടങ്ങൾക്കു വിധേയമായി. (മത്തായി 26:69-75; യോഹന്നാൻ 21:15-19; പ്രവൃത്തികൾ 13:13; 15:36-41; കൊലോസ്യർ 4:10) അതുകൊണ്ട് ഇപ്പോൾ നിങ്ങൾക്ക് സഭാചുമതലകൾ ഇല്ലെങ്കിൽ കൂടുതൽ അനുഭവപരിചയം നേടുന്നതിനാൽ കരുപ്പിടിപ്പിക്കപ്പെടുന്നതിന് നിങ്ങളെ യഹോവ അനുവദിക്കുകയായിരിക്കാം. എങ്ങനെയായാലും, നിങ്ങൾ എത്തിപ്പിടിക്കുമ്പോൾ ദൈവസഹായം തേടുക. അവൻ നിങ്ങൾക്ക് കൂടുതലായ സേവനപദവികൾ നൽകി അനുഗ്രഹിച്ചേക്കാം. അതിനിടയിൽ, സഭാപരമായ ഉത്തരവാദിത്തത്തിന് യോഗ്യതപ്രാപിക്കാൻ ഉത്സുകമായി ശ്രമിക്കുകയും ദാവീദിന്റെ ആത്മാവ് പ്രകടമാക്കുകയും ചെയ്യുക, അവൻ ഇങ്ങനെയാണ് പ്രഖ്യാപിച്ചത്: “എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും; സകല ജഡവും അവന്റെ വിശുദ്ധനാമത്തെ അനിശ്ചിതകാലം, എന്നേക്കുംതന്നെ, വാഴ്ത്തട്ടെ.”—സങ്കീർത്തനം 145:21. (w90 9⁄1)
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ ക്രിസ്തീയ മൂപ്പൻമാർ ഏതപകടങ്ങൾക്കെതിരെ ജാഗരിക്കണം?
◻ ഉത്ക്കണ്ഠയോ അപര്യാപ്തയുടെ തോന്നലുകളോ നിമിത്തം എത്തിപ്പിടിക്കാത്തവരെ സഹായിക്കാൻ എന്തിനു കഴിയും?
◻ സഭാപരമായ ഉത്തരവാദിത്തത്തിന് തന്നേത്തന്നെ ലഭ്യമാക്കാൻ ഒരു വ്യക്തിയെ എന്തിന് പ്രേരിപ്പിക്കാൻ കഴിയും?
◻ മുൻ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ഏതു മനോഭാവത്തോടെ ഭാവിയിലേക്ക് നോക്കണം?
[11-ാം പേജിലെ ചിത്രം]
ഡബ്ലിയു. ജെ. തോൺ താഴ്മയുള്ള ഒരു മൂപ്പനെന്ന നിലയിൽ നല്ല മാതൃക വെച്ചു
[13-ാം പേജിലെ ചിത്രം]
യേശുവിനെപ്പോലെ, നിങ്ങൾ യഹോവയുടെ സേവനത്തിൽ സാദ്ധ്യമായതെല്ലാം ചെയ്യാൻ സന്നദ്ധനാണോ?