നിങ്ങൾ സേവിക്കാൻ യോഗ്യനോ?
“നമ്മുടെ മതിയായ യോഗ്യത ദൈവത്തിൽനിന്നു പുറപ്പെടുന്നു.”—2 കൊരിന്ത്യർ 3:5.
1. ഏതു തരം ആളുകൾക്ക് ക്രിസ്തീയസഭയിൽ ഇടമില്ല?
യഹോവയാം ദൈവവും യേശുക്രിസ്തുവും വേലചെയ്യുന്നവരാണ്. യേശു ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവ് ഇപ്പോൾവരെ പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്, ഞാനും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.” (യോഹന്നാൻ 5:17) ജോലിചെയ്യാൻ വിസമ്മതിക്കുന്നവരെ ദൈവം അംഗീകരിക്കുന്നില്ല; അവന്റെ അംഗീകാരം മററുള്ളവരുടെമേൽ അധികാരം നേടത്തക്കവണ്ണം ഉത്തരവാദിത്തം തേടുന്നവർക്ക് ഇല്ലതാനും. ക്രിസ്തീയസഭയിൽ മടിയൻമാർക്കോ സ്വാർത്ഥ സ്ഥാനമോഹികൾക്കോ ഇടമില്ല.—മത്തായി 20:25-27; 2 തെസ്സലോനീക്യർ 3:10.
2. ക്രിസ്തീയസഭയിൽ ഉത്തരവാദിത്തം വഹിക്കുന്നതിന് ഇപ്പോൾ പുരുഷൻമാരുടെ വലിയ ആവശ്യമുള്ളതെന്തുകൊണ്ട്?
2 വിശേഷിച്ച് സത്യാരാധനയുടെ “പർവത”ത്തിലേക്ക് വളരെയധികമാളുകൾ ഒഴുകിവരുന്ന ഇക്കാലത്ത് യഹോവയുടെ സാക്ഷികൾക്ക് ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്’. (1 കൊരിന്ത്യർ 15:58; യെശയ്യാവ് 2:2-4) സഭയിൽ ഉത്തരവാദിത്തം വഹിക്കുന്നതിന് ആത്മീയമായി യോഗ്യതയുള്ള പുരുഷൻമാരുടെ വലിയ ആവശ്യമുണ്ട്. സ്വാർത്ഥ സ്ഥാനകാംക്ഷയാൽ പ്രേരിതരാകാതെ അങ്ങനെയുള്ള പുരുഷൻമാർ തങ്ങളെത്തന്നെയല്ല, യഹോവയെ ഉന്നതമാക്കുന്നു. (സദൃശവാക്യങ്ങൾ 8:13) ദൈവം ‘പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരെ വേണ്ട വിധം യോഗ്യരാക്കുന്നതുപോലെതന്നെ’ സഭാപരമായ ഉത്തരവാദിത്തങ്ങൾക്കുവേണ്ടി യോഗ്യതപ്രാപിക്കാൻ ദൈവം തങ്ങളെ സഹായിക്കുന്നുവെന്ന് അവർക്കറിയാം.—2 കൊരിന്ത്യർ 3:4-6.
3. അടിസ്ഥാനപരമായി, മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും ഉത്തരവാദിത്തങ്ങളെന്താണ്?
3 ഇന്ന്, ആദിമക്രിസ്ത്യാനികളുടെ ഇടയിലെന്നപോലെ, മൂപ്പൻമാരും ശുശ്രൂഷാദാസൻമാരുമായി സേവിക്കുന്നതിന് പുരുഷൻമാർ പരിശുദ്ധാത്മാവിനാലും യഹോവയുടെ സംഘടനാ ക്രമീകരണം മുഖേനയും നിയമിക്കപ്പെടുന്നു. (പ്രവൃത്തികൾ 20:28; ഫിലിപ്പിയർ 1:1; തീത്തോസ് 1:5) മൂപ്പൻമാർ സംരക്ഷണാത്മകമായ മേൽനോട്ടം വഹിച്ചുകൊണ്ട്, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ ആത്മീയമായി മേയിക്കുന്നു. അവർ ശുശ്രൂഷാദാസൻമാരാൽ സഹായിക്കപ്പെടുന്നു, അവരുടെ ചുമതലകളിൽ ആത്മീയമേൽനോട്ടം നേരിട്ട് ഉൾപ്പെടുന്നില്ല. (1 പത്രോസ് 5:2; പ്രവൃത്തികൾ 6:1-6 താരതമ്യപ്പെടുത്തുക.) ശുശ്രൂഷിക്കാൻ വന്ന ദൈവപുത്രനെപ്പോലെ, അങ്ങനെയുള്ള നിയമിതർ സഹവിശ്വാസികളെ സേവിക്കാൻ ആഗ്രഹിക്കുന്നു. (മർക്കോസ് 10:45) നിങ്ങൾ ഒരു ക്രിസ്തീയ പുരുഷനാണെങ്കിൽ, നിങ്ങൾക്ക് ആ ആത്മാവുണ്ടോ?
പൊതുവായുള്ള യോഗ്യതകൾ
4. സഭാപരമായ ഉത്തരവാദിത്തം ഭരമേൽപ്പിക്കപ്പെടുന്നവർക്കുവേണ്ടിയുള്ള യോഗ്യതകളുടെ ലിസ്ററുകൾ നാം പ്രത്യേകിച്ച് എവിടെ കാണുന്നു?
4 വിശേഷിച്ച് സഭാപരമായ ഉത്തരവാദിത്തം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയുള്ള വ്യവസ്ഥകൾ അപ്പോസ്തലനായ പൗലോസിനാൽ 1 തിമൊഥെയോസ് 3:1-10, 12, 13ലും തീത്തോസ് 1:5-9ലും വിവരിക്കപ്പെട്ടിരിക്കുന്നു. നാം ഈ യോഗ്യതകൾ പരിചിന്തിക്കുമ്പോൾ നാം അവയെ ലോക നിലവാരങ്ങൾക്കനുസൃതമായി വീക്ഷിക്കരുത്; യോഗ്യതകളിൽ ചിലത് മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും ബാധകമാകുന്നു. എന്നാൽ നാം അവയുടെ ഒന്നാം നൂററാണ്ടിലെ പശ്ചാത്തലത്തിലും യഹോവയുടെ ജനത്തിന്റെ ഇടയിൽ ബാധകമാകുന്നതുപോലെയും കാണേണ്ടതാണ്. ഈ വ്യവസ്ഥകളിലെ എത്തിച്ചേരൽ പൂർണ്ണത ആവശ്യപ്പെടുന്നില്ല, അങ്ങനെയാണെങ്കിൽ യാതൊരു മനുഷ്യനും യോഗ്യനാകുകയില്ല. (1 യോഹന്നാൻ 1:8) എന്നാൽ നിങ്ങൾ ഒരു ക്രിസ്തീയ പുരുഷനാണെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾ സഭാചുമതലകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ വ്യക്തിപരമായ യോഗ്യതകൾ വിശകലനംചെയ്തുകൂടേ?
5. അനിന്ദ്യനായിരിക്കുകയെന്നാൽ അർത്ഥമെന്ത്?
5 അനിന്ദ്യൻ; പുറത്തെ ആളുകളിൽനിന്നുള്ള നല്ല സാക്ഷ്യമുള്ളവൻ; കുററാരോപണവിമുക്തൻ. (1 തിമൊഥെയോസ് 3:2, 7, 8, 10; തീത്തോസ് 1:6, 7) നിയമിക്കപ്പെടുമ്പോഴും സേവിക്കുമ്പോഴും ശുശ്രൂഷാദാസൻമാരും മൂപ്പൻമാരും അനിന്ദ്യരായിരിക്കണം, അതായത്, കുററമില്ലാത്തവരും തെററായ നടത്തയുടെയോ ഉപദേശത്തിന്റെയോ ന്യായമായ ആരോപണം നിമിത്തം ശാസിക്കപ്പെടേണ്ടതിന്റെ ഏതെങ്കിലും ആവശ്യമില്ലാത്തവരും ആയിരിക്കണം. “കള്ളസഹോദരൻമാരോ” മററുള്ളവരോ ഉന്നയിക്കുന്ന അസത്യമായ ആരോപണങ്ങൾ ഒരു മനുഷ്യനെ നിന്ദ്യനാക്കുന്നില്ല. സഭയിൽ സേവിക്കുന്നതിൽനിന്ന് ഒരു മനുഷ്യനെ അയോഗ്യനാക്കുന്നതിന്, ഒരു ആരോപണം നിസ്സാരമായിരിക്കരുത്, അത് തിരുവെഴുത്തുപ്രമാണങ്ങൾക്കുനസൃതമായി തെളിയിക്കപ്പെടുകയും വേണം. (2 കൊരിന്ത്യർ 11:26; 1 തിമൊഥെയോസ് 5:19) സഭയിൽ നിയമിക്കപ്പെടുന്ന ഒരാൾക്ക് “നിന്ദയിലും പിശാചിന്റെ ഒരു കെണിയിലും അകപ്പെടാതിരിക്കേണ്ടതിന് പുറത്തെ ആളുകളിൽനിന്നുള്ള നല്ല സാക്ഷ്യം ഉണ്ടായിരിക്കണം.” ഒരു മനുഷ്യൻ കഴിഞ്ഞ കാലത്ത് ഏതെങ്കിലും ഗുരുതരമായ പാപം ചെയ്തെങ്കിൽ, അയാൾ ഏതു നിന്ദയും നീങ്ങത്തക്ക വിധം ദീർഘമായി നന്നായി ജീവിക്കയും തനിക്കുതന്നെ ഒരു നല്ല പേർ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ അയാളെ നിയമിക്കാൻ കഴിയൂ.
6. ഏകഭാര്യയുടെ ഭർത്താവായിരിക്കുകയെന്നാൽ അർത്ഥമെന്ത്?
6 ഏക ഭാര്യയുടെ ഭർത്താവ്. (1 തിമൊഥെയോസ് 3:2, 12; തീത്തോസ് 1:6) വിവാഹിത പുരുഷൻമാർക്കു മാത്രമേ ശുശ്രൂഷാദാസൻമാരും മൂപ്പൻമാരുമായിരിക്കാൻ കഴിയുകയുള്ളുവെന്ന് ഇതിനർത്ഥമില്ല. എന്നാൽ വിവാഹിതനെങ്കിൽ ഒരു പുരുഷന് ഏകഭാര്യയേ ഉണ്ടായിരിക്കാവൂ, അവളോട് വിശ്വസ്തനുമായിരിക്കണം. (എബ്രായർ 13:4) ഒന്നാം നൂററാണ്ടിലെ അനേകം അക്രൈസ്തവപുരുഷൻമാരെപ്പോലെ അയാൾക്ക് ഒരു ബഹുഭാര്യനായിരിക്കാവുന്നതല്ല.a
7. (എ) മൂപ്പനായിരിക്കാൻ ഒരു പുരുഷനെ യോഗ്യനാക്കുന്നത് ശാരീരികപ്രായമാണോ? (ബി) ഒരു കുടുംബത്തെ നല്ല രീതിയിൽ ഭരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നതെന്ത്?
7 കുട്ടികളെ അധീനതയിൽ നിർത്തി തന്റെ കുടുംബത്തെ നന്നായി ഭരിക്കുന്നവൻ. (1 തിമൊഥെയോസ് 3:4, 5, 12; തീത്തോസ് 1:6) മൂപ്പൻമാർക്ക് കുറഞ്ഞത് 30 വയസ്സെങ്കിലുമുണ്ടായിരിക്കണമെന്ന് ചിലർ വിചാരിച്ചേക്കാം, എന്നാൽ ബൈബിൾ ഒരു കുറഞ്ഞ പ്രായം വെക്കുന്നില്ല. എന്നിരുന്നാലും, ആ വ്യക്തി ഒരു ആത്മീയ അർത്ഥത്തിൽ പ്രായമേറിയ ഒരു പുരുഷനായി വർത്തിക്കണം. ശുശ്രൂഷാദാസൻമാരും മൂപ്പൻമാരും മക്കളുണ്ടായിരിക്കാൻതക്ക പ്രായമുള്ളവരായിരിക്കണം. വിവാഹിതനെങ്കിൽ, ഒരു പുരുഷൻ മററുള്ളിടങ്ങളിൽ ദൈവികരീതിയിൽ പ്രവർത്തിക്കുന്നുവെങ്കിലും വീട്ടിൽ ഒരു നിഷ്ഠുരനാണെങ്കിൽ അയാൾക്ക് യോഗ്യതയില്ല. ബൈബിൾതത്വങ്ങൾക്കനുസൃതമായി തന്റെ കുടുംബത്തെ ഭരിക്കുന്നതിന്റെ ബഹുമാനം അയാൾ നേടിയിരിക്കണം. അയാളുടെ ലക്ഷ്യം ഓരോ കുടുംബാംഗത്തിന്റെ കാര്യത്തിലുമുള്ള ആത്മീയ വിജയമായിരിക്കണം. ഒരു പൊതു ചട്ടം പറഞ്ഞാൽ, ഒരു പിതാവായിരിക്കുന്ന ഒരു മൂപ്പന് “വിശ്വാസികളും” നല്ല പെരുമാററമുള്ളവരുമായ ഇളയ കുട്ടികളുണ്ടായിരിക്കണം. ഒന്നുകിൽ അവർ സമർപ്പണത്തിലേക്കു പുരോഗമിക്കുന്നവരോ അല്ലെങ്കിൽ ഇപ്പോൾത്തന്നെ യഹോവയുടെ സാക്ഷികളായി സ്നാപനമേററവരോ ആണ്. തന്റെ മക്കളിൽ വിശ്വാസം കെട്ടുപണിചെയ്യാൻ അപ്രാപ്തനായ ഒരു മനുഷ്യൻ മററുള്ളവരിൽ അങ്ങനെ ചെയ്യാൻ സാദ്ധ്യതയില്ല.
8. ഒരു കുടുംബനാഥന് ഒരു മൂപ്പനായിത്തീരാൻ കഴിയുന്നതിനു മുമ്പ് അയാൾ എന്തു ചെയ്യാൻ പഠിക്കണം?
8 ഒരു സഭയിൽ ആത്മീയമേൽനോട്ടം പ്രദാനംചെയ്യാൻ പ്രാപ്തനായ ഒരു മൂപ്പനായിരിക്കാൻ കഴിയുന്നതിനുമുമ്പ് ഒരു കുടുംബനാഥൻ തന്റെ സ്വന്ത കുടുംബത്തെ നയിക്കാൻ പഠിക്കണം. ‘ഏതെങ്കിലും മനുഷ്യന് തന്റെ സ്വന്തം കുടുംബത്തെ ഭരിക്കാൻ അറിയാൻ പാടില്ലെങ്കിൽ, അയാൾ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കും?’ (1 തിമൊഥെയോസ് 3:5) ഒരു അവിശ്വാസിയായ ഭാര്യ ഒരു പുരുഷനെ എതിർത്തേക്കാമെന്നതു സത്യംതന്നെ. (മത്തായി 10:36; ലൂക്കോസ് 12:52) അല്ലെങ്കിൽ മറെറല്ലാ കുട്ടികളും ആത്മീയമായി നന്നായി പ്രവർത്തിക്കുമ്പോൾ അവരിലൊരാൾ ഗുരുതരമായ പാപംസംബന്ധിച്ച് കുററക്കാരനായിത്തീർന്നേക്കാം. എന്നാലും, ആ മനുഷ്യൻ തന്നിൽനിന്ന് പ്രതീക്ഷിക്കാവുന്നതെല്ലാം ചെയ്തിട്ടും, ഒരു കുടുംബാംഗം അയാളുടെ നല്ല മാർഗ്ഗനിർദ്ദേശത്തെ തള്ളിക്കളയുന്നത് അവശ്യം അയാളെ ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആയിരിക്കുന്നതിന് അയാളെ അയോഗ്യനാക്കുകയില്ല—വിശേഷിച്ച് തന്റെ കുടുംബത്തിലെ മററുള്ളവരിൽ അയാൾക്ക് ആത്മീയ വിജയം ലഭിച്ചിട്ടുണ്ടെങ്കിൽ.
9. ഒരു മൂപ്പൻ അല്ലെങ്കിൽ ഒരു ശുശ്രൂഷാദാസൻ ലഹരിപാനീയങ്ങൾ സംബന്ധിച്ച് എന്ത് ശ്രദ്ധ ചെലുത്തണം?
9 മദ്യപിച്ചു ബഹളമുണ്ടാക്കുന്നവനോ ധാരാളം വീഞ്ഞിന് അടിമപ്പെട്ടവനോ ആയിരിക്കരുത്. (1 തിമൊഥെയോസ് 3:3, 8; തീത്തോസ് 1:7) ഒരു ശുശ്രൂഷാദാസനോ ഒരു മൂപ്പനോ ലഹരിപാനീയങ്ങളിൽ ആസക്തനാകരുത്. അവയിലുള്ള ആസക്തിക്ക് മദ്യപാനബഹളങ്ങളിലേക്കോ വഴക്കുകളിലേക്കോ നയിക്കുന്ന ചിന്തകളുടെയും വികാരങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് നയിക്കാൻ കഴിയും. അയാൾ ‘ധാരാളം വീഞ്ഞിന് അടിമപ്പെടരുത്’ അല്ലെങ്കിൽ ഒരു പതിവു കുടിയനോ കനത്ത കുടിയനോ ആയിരിക്കുന്നുവെന്ന കീർത്തി ഉള്ളവനായിരിക്കരുത്. (സദൃശവാക്യങ്ങൾ 23:20, 21, 29-35) ഒരു ഇടയസന്ദർശനം അനിയന്ത്രിത മദ്യപാനാസക്തി നിമിത്തം വികലമായിത്തീരുകയാണെങ്കിൽ അത് എന്തോരു ദുരന്തമാണ്! ഒരു സഹോദരൻ ഇനി കുടിക്കുന്നുവെങ്കിൽ, അയാൾ യോഗങ്ങളിലോ ശുശ്രൂഷയിലോ മററ് വിശുദ്ധസേവനത്തിലോ പങ്കെടുക്കുമ്പോൾ അങ്ങനെ ചെയ്യരുത്.—ലേവ്യപുസ്തകം 10:8-11; യെഹെസ്ക്കേൽ 44:21.
10. പണസ്നേഹികളും സത്യസന്ധമല്ലാത്ത ആദായത്തോട് അത്യാഗ്രഹമുള്ളവരും മൂപ്പൻമാരോ ശുശ്രൂഷാദാസൻമാരോ ആയിരിക്കാൻ യോഗ്യരല്ലാത്തതെന്തുകൊണ്ട്?
10 ഒരു പണസ്നേഹിയോ സത്യസന്ധമല്ലാത്ത ആദായത്തോട് അത്യാഗ്രഹമുള്ളവനോ അല്ല. (1 തിമൊഥെയോസ് 3:3, 8; തീത്തോസ് 1:7) പണസ്നേഹികൾ ആത്മീയ അപകടത്തിലാണ്, “അത്യാഗ്രഹമുള്ള ആളുകൾ” ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല. അതുകൊണ്ട്, അങ്ങനെയുള്ള പുരുഷൻമാർ മൂപ്പൻമാരോ ശുശ്രൂഷാദാസൻമാരോ ആയിരിക്കാൻ യോഗ്യരായിരിക്കുന്നില്ല. (1 കൊരിന്ത്യർ 6:9, 10; 1 തിമൊഥെയോസ് 6:9, 10) “സത്യസന്ധമല്ലാത്ത” എന്നു വിവർത്തനംചെയ്തിരിക്കുന്ന ഗ്രീക്ക് മൂലപദത്തിന്റെ അർത്ഥം അടിസ്ഥാനപരമായി “അപമാനകരമായ” എന്നാണ്, “ആദായം” എന്നു വിവർത്തനംചെയ്തിരിക്കുന്നത് ഏതു തരം ലാഭത്തെയോ പ്രയോജനത്തെയോ പരാമർശിക്കുന്നു. (ഫിലിപ്പിയർ 1:21; 3:4-8) തീർച്ചയായും, ദൈവത്തിന്റെ “ആടുകളോട്” വഞ്ചനാപരമായി പെരുമാറുമെന്നു സൂചിപ്പിക്കുന്ന സ്വഭാവത്തോടുകൂടിയ ഒരു മനുഷ്യൻ സഭാപരമായ ഉത്തരവാദിത്തത്തിന് യോഗ്യനല്ല. (യെഹെസ്ക്കേൽ 34:7-10; പ്രവൃത്തികൾ 20:33-35; യൂദാ 16) ഒരിക്കൽ നിയമിക്കപ്പെടുന്ന ഒരു മനുഷ്യനെ ഫണ്ടുകൾ ഭരമേൽപ്പിച്ചേക്കാമെന്നും പണത്തിൽ കുറെ മോഷ്ടിക്കാൻ പരീക്ഷിക്കപ്പെട്ടേക്കാമെന്നും നാം തിരിച്ചറിയുമ്പോൾ ശുപാർശചെയ്യുന്നതിലെ ജാഗ്രതയുടെ ആവശ്യം വർദ്ധിക്കുന്നു.—യോഹന്നാൻ 12:4-6.
11. “പുതുതായി പരിവർത്തനംചെയ്ത ഒരു മനുഷ്യൻ” സഭാപരമായ ഉത്തരവാദിത്തത്തിനുവേണ്ടി ശുപാർശചെയ്യപ്പെടാൻ പാടില്ലാത്തതെന്തുകൊണ്ട്?
11 പുതുതായി പരിവർത്തനംചെയ്തവനല്ല; യോഗ്യത സംബന്ധിച്ച് പരീക്ഷിക്കപ്പെട്ടവൻ. (1 തിമൊഥെയോസ് 3:6, 10) പുതുതായി സ്നാപനമേററ ഒരു വ്യക്തിക്ക് താൻ വിശ്വസ്തമായി നിയമിതചുമതലകൾ നോക്കുമെന്ന് തെളിയിക്കാൻ സമയം കിട്ടിയിട്ടില്ല. അയാൾക്ക് ക്ലേശിതരോടുള്ള അനുകമ്പയോ സഹാരാധകരെ സഹായിക്കാനുള്ള ജ്ഞാനമോ ഇല്ലായിരിക്കാം, മററുള്ളവരെ തുച്ഛീകരിക്കുകപോലും ചെയ്തേക്കാം. അതുകൊണ്ട് ഒരു ശുശ്രൂഷാദാസനായിട്ടും വിശേഷാൽ ഒരു മൂപ്പനായിട്ടും ശുപാർശചെയ്യപ്പെടുന്നതിനുമുമ്പ് ഒരു മനുഷ്യൻ “യോഗ്യതസംബന്ധിച്ച് പരീക്ഷിക്ക”പ്പെടണം. നല്ല വിവേചനയുടെയും വിശ്വാസ്യതയുടെയും തെളിവു നൽകുകയും വേണം. ഈ പരീക്ഷിക്കലിന് നിശ്ചിതസമയം നൽകുന്നില്ല, വ്യക്തികൾക്ക് ആത്മീയ വളർച്ചയുടെ നിരക്കിൽ വ്യത്യസ്തതയുണ്ട്. എന്നാൽ “അഹങ്കാരത്താൽ ചീർത്ത് പിശാചിന്റെമേൽ ഉച്ചരിക്കപ്പെട്ട ന്യായവിധിയിൽ അകപ്പെടാതിരിക്കാൻ” മൂപ്പൻമാർ ഒരു പുതിയ മനുഷ്യനെ പെട്ടെന്ന് ശുപാർശചെയ്യരുത്. ആ മനുഷ്യൻ ആദ്യം ക്രിസ്തുതുല്യമായ താഴ്മ പ്രകടമാക്കട്ടെ.—ഫിലിപ്പിയർ 2:5-8.
ശുശ്രൂഷാദാസൻമാരുടെമേൽ പ്രകാശംചൊരിയുന്നു
12. ശുശ്രൂഷാദാസൻമാർക്കുവേണ്ടി പട്ടികപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ അവർ മാത്രം എത്തിച്ചേരേണ്ടതാണോ?
12 ശുശ്രൂഷാദാസൻമാർക്കുവേണ്ടി ചില വ്യവസ്ഥകൾ പട്ടികപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, മൂപ്പൻമാരും അങ്ങനെയുള്ള വ്യവസ്ഥകളിലെത്തുന്നില്ലെങ്കിൽ അവർ സേവിക്കാൻ യോഗ്യരായിരിക്കയില്ല. ഒരു ക്രിസ്തീയ പുരുഷനെന്ന നിലയിൽ നിങ്ങൾ ഈ കാര്യങ്ങളിൽ യോഗ്യതപ്രാപിച്ചിരിക്കുന്നുവോ?
13. ഗൗരവമുള്ളവനായിരിക്കുകയെന്നാലർത്ഥമെന്ത്?
13 ഗൗരവമുള്ളവൻ. (1 തിമൊഥെയോസ് 3:8) ഒരു ശുശ്രൂഷാദാസനായി സേവിക്കാൻ യോഗ്യനാകുന്ന മനുഷ്യൻ ഉത്തരവാദിത്തത്തെ നിസ്സാരമായി കരുതരുത്. അയാൾ ആദരവുനേടുന്ന വിധത്തിൽ മാന്യമായി പെരുമാറേണ്ടതാണ്. ചിലപ്പോഴൊക്കെയുള്ള തമാശ സ്വീകാര്യമാണെങ്കിലും അയാൾ നിരന്തരം കളിമട്ടിൽ പ്രവർത്തിക്കുകയാണെങ്കിൽ അയാൾ യോഗ്യനായിരിക്കയില്ല.
14. (എ) ഇരുവാക്കുകാരനല്ലാതിരിക്കുകയെന്നാൽ അർത്ഥമെന്താണ്? (ബി) ഒരു ശുദ്ധമനഃസാക്ഷി എന്താവശ്യമാക്കിത്തീർക്കുന്നു?
14 ഇരുവാക്കുകാരനല്ല; ഒരു ശുദ്ധമനഃസാക്ഷി ഉള്ളവൻ. (1 തിമൊഥെയോസ് 3:8, 9) ശുശ്രൂഷാദാസൻമാരും (മൂപ്പൻമാരും) സത്യസന്ധരായിരിക്കണം, കുശുകുശുപ്പുകാരോ കാപട്യംകാണിക്കുന്നവരോ ആയിരിക്കരുത്. അവർ ഇരുവാക്കുകാരായിരിക്കരുതാത്തതിനാൽ അവർ കപടഭാവത്തിൽ ഒരാളോട് ഒരു കാര്യവും മറെറാരാളോട് അതിനു കടകവിരുദ്ധവും പറയരുത്. (സദൃശവാക്യങ്ങൾ 3:32; യാക്കോബ് 3:17) ഈ പുരുഷൻമാർ വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെ ശക്തരായ പിന്തുണക്കാരായി “വിശ്വാസത്തിന്റെ പാവനരഹസ്യം ശുദ്ധ മനഃസാക്ഷിയിൽ പിടിച്ചുകൊള്ളുന്നവരും” ആയിരിക്കണം. അങ്ങനെയുള്ള ഒരു മമനുഷ്യന്റെ മനഃസാക്ഷി അയാൾ നേരുള്ളവനാണെന്നും ഹീനമോ മലിനമോ ആയ യാതൊന്നും ചെയ്തുകൊണ്ടിരിക്കുന്നില്ലെന്നും ദൈവമുമ്പാകെ സാക്ഷ്യംവഹിക്കേണം. (റോമർ 9:1; 2 കൊരിന്ത്യർ 1:12; 4:2; 7:1) സത്യത്തോടും ദൈവികതത്വങ്ങളോടും പററിനിൽക്കാത്തപക്ഷം ആരും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കാൻ യോഗ്യനാകുന്നില്ല.
മൂപ്പൻമാരുടെ യോഗ്യതകളുടെമേൽ തെളിച്ചം
15. ഇപ്പോൾ ആരുടെ യോഗ്യതകൾ പരിശോധിക്കപ്പെടുന്നു, ഇവയിൽ വിശേഷിച്ച് എന്തുൾപ്പെട്ടിരിക്കുന്നു?
15 ചില യോഗ്യതകൾ വിശേഷാൽ മൂപ്പൻമാർക്ക് ബാധകമാകുന്നു, ഇടയൻമാരും ഉപദേഷ്ടാക്കൻമാരുമെന്ന നിലയിലുള്ള അവരുടെ വേലയെ കൈകാര്യംചെയ്യുകയും ചെയ്യുന്നു. ഒരു ക്രിസ്തീയ പുരുഷനെന്ന നിലയിൽ, നിങ്ങൾ ഈ വ്യവസ്ഥകളിലെത്തുന്നുണ്ടോ?
16. (എ) മിതശീലനായിരിക്കാൻ ആവശ്യമായിരിക്കുന്നതെന്ത്? (ബി) ഒരു മൂപ്പന് ആത്മനിയന്ത്രണം പാലിക്കാൻ എങ്ങനെ കഴിയും?
16 മിതശീലൻ; ആത്മനിയന്ത്രണമുള്ളവൻ. (1 തിമൊഥെയോസ് 3:2; തീത്തോസ് 1:8) ഒരു മൂപ്പൻ ദുശ്ശീലങ്ങൾക്ക് അടിമപ്പെടാതെ മിതശീലനായിരിക്കണം. അയാൾ പീഡാനുഭവങ്ങളെ അഭിമുഖീകരിക്കുമ്പോൾ, സങ്കീർത്തനക്കാരനെപ്പോലെ പ്രാർത്ഥിക്കുന്നുവെങ്കിൽ സമനില പാലിക്കാൻ ദൈവം അയാളെ സഹായിക്കും: “എന്റെ ഹൃദയത്തിന്റെ ദുഃഖങ്ങൾ പെരുകിയിരിക്കുന്നു; എന്റെമേലുള്ള സമ്മർദ്ദങ്ങളിൽനിന്ന് എന്നെ പുറത്തുകൊണ്ടുവരേണമേ.” (സങ്കീർത്തനം 25:17) ഒരു മേൽവിചാരകൻ ദൈവാത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും ആത്മനിയന്ത്രണം ഉൾപ്പെടെയുള്ള അതിന്റെ ഫലം പ്രകടമാക്കുകയും ചെയ്യണം. (ലൂക്കോസ് 11:13; ഗലാത്യർ 5:22, 23) ചിന്തകളെയും സംസാരത്തെയും പ്രവർത്തനങ്ങളെയും നിയന്ത്രണത്തിൽനിർത്തുന്നത് അയാൾ സഭക്കുവേണ്ടി ആത്മീയ മാർഗ്ഗനിർദ്ദേശം കൊടുക്കുമ്പോൾ അമിതത്വങ്ങൾ ഒഴിവാക്കുന്നതിന് ഒരു മൂപ്പനെ പ്രാപ്തനാക്കുന്നു.
17. സുബോധമുണ്ടായിരിക്കുന്നതിൽ എന്താണുൾപ്പെട്ടിരിക്കുന്നത്?
17 സുബോധമുള്ളവൻ. (1 തിമൊഥെയോസ് 3:2) ഒരു മൂപ്പൻ സുബോധമുള്ളവനും വിവേകമുള്ളവനും ജ്ഞാനിയുമായിരിക്കണം. അയാൾ ഉദ്ദേശ്യമുള്ളവനും സംസാരത്തിലും പ്രവൃത്തികളിലും യുക്തിബോധമുള്ളവനുമായിരിക്കണം. വിനീതവും സമനിലയോടുകൂടിയതുമായ അയാളുടെ ചിന്ത ദൈവികജ്ഞാനത്തിലും യഹോവയുടെ വചനത്തിലെ ആരോഗ്യാവഹമായ ഉപദേശങ്ങളിലും അധിഷ്ഠിതമാണ്. അയാൾ അതിന്റെ ഒരു ഉത്സുകനായ പഠിതാവായിരുന്നേ തീരൂ.—റോമർ 12:3; തീത്തോസ് 2:1.
18. ക്രമമുണ്ടായിരിക്കുന്നതിന് ഒരു മൂപ്പനിൽ എന്താവശ്യമാണ്?
18 ക്രമമുള്ളവൻ. (1 തിമൊഥെയോസ് 3:2) ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഗ്രീക്ക് പദം 1 തിമൊഥെയോസ് 2:9ൽ “നന്നായി ക്രമീകരിക്കപ്പെട്ട” എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു മൂപ്പന് യോഗ്യവും നല്ല ക്രമീകരണമുള്ളതുമായ ജീവിതമാതൃക ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, അയാൾ സമയനിഷ്ഠയുള്ളയാളായിരിക്കണം. പ്രത്യക്ഷത്തിൽ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ രേഖസൂക്ഷിക്കലിനെ ഒരു വലിയ പോയിൻറാക്കിയില്ല. ഇന്നത്തെ ഒരു മേൽവിചാരകൻ ഒരു വിദഗ്ദ്ധകണക്കെഴുത്തുകാരനോ ക്ലർക്കോ ആയിരിക്കേണ്ടതില്ല. ശുശ്രൂഷാദാസൻമാർ ആവശ്യപ്പെട്ടിരിക്കുന്ന ഈ കാര്യങ്ങൾ നോക്കിയേക്കാം. എന്നാൽ “ക്രമമുള്ളവൻ” എന്ന ഗ്രീക്ക് പദത്തിന് നല്ല പെരുമാററത്തെ സൂചിപ്പിക്കാൻ കഴിയും. ഒരു മനുഷ്യൻ അനിയന്ത്രിതനോ ക്രമംകെട്ടവനോ ആണെങ്കിൽ തീർച്ചയായും അയാൾ ഒരു മൂപ്പനായിരിക്കാൻ യോഗ്യനായിരിക്കയില്ല.—1 തെസ്സലോനീക്യർ 5:14; 2 തെസ്സലോനീക്യർ 3:6-12; തീത്തോസ് 1:10.
19. മൂപ്പൻ അതിഥിപ്രിയനായതുകൊണ്ട് അയാൾ എന്ത് ചെയ്യുന്നു?
19 അതിഥിപ്രിയൻ. (1 തിമൊഥെയോസ് 3:2; തീത്തോസ് 1:8) ഒരു മൂപ്പൻ ‘അതിഥിപ്രിയത്തിന്റെ ഗതി പിന്തുടരുന്നു.’ (റോമർ 12:13; എബ്രായർ 13:2) “അതിഥിപ്രിയൻ” എന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരീയാർത്ഥം “അപരിചിതരോട് പ്രിയമുള്ളവൻ” എന്നാണ്. അങ്ങനെ, അതിഥിപ്രിയനായ മൂപ്പൻ പുതിയവരെ ക്രിസ്തീയയോഗങ്ങളിലേക്ക് സ്വാഗതംചെയ്യുന്നു, ഭൗതികാഭിവൃദ്ധിയുള്ളവരോട് കാണിക്കുന്ന അതേ താത്പര്യം ദരിദ്രരിലും കാണിച്ചുകൊണ്ടുതന്നെ. അയാൾ ക്രിസ്ത്യാനിത്വത്തിന്റെ താത്പര്യങ്ങളെ പ്രതി സഞ്ചരിക്കുന്നവരോട് അതിഥിപ്രിയം കാട്ടുകയും “ദൈവത്തിനു യോഗ്യമായ ഒരു വിധത്തിൽ” അവരെ യാത്രയയയ്ക്കുകയും ചെയ്യുന്നു. (3 യോഹന്നാൻ 5-8) തീർച്ചയായും, ഒരു മൂപ്പൻ സഹവിശ്വാസികളുടെ ആവശ്യങ്ങളനുസരിച്ചും തന്റെ സാഹചര്യങ്ങൾ അനുവദിക്കുന്നതനുസരിച്ചും വിശേഷിച്ച് സഹവിശ്വാസികളോട് അതിഥിപ്രിയം കാട്ടുന്നു.—യാക്കോബ് 2:14-17.
20. ഒരു മൂപ്പൻ ഏതു വിധങ്ങളിൽ പഠിപ്പിക്കാൻ യോഗ്യനായിരിക്കണം?
20 പഠിപ്പിക്കാൻ യോഗ്യൻ. (1 തിമൊഥെയോസ് 3:2) ഒരു ആത്മീയ ഉപദേഷ്ടാവെന്ന നിലയിലുള്ള ഒരു മൂപ്പന്റെ പ്രാപ്തി മാനസികപ്രാപ്തിയിൽനിന്നോ ലൗകികജ്ഞാനത്തിൽനിന്നോ കൈവരുന്നില്ല. (1 കൊരിന്ത്യർ 2:1-5, 13) അയാൾ “ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ പ്രബോധിപ്പിക്കാനും എതിർപറയുന്നവരെ ശാസിക്കാനും പ്രാപ്തനായിരിക്കേണ്ടതിന് തന്റെ പഠിപ്പിക്കൽ കല [അഥവാ രീതി] സംബന്ധിച്ച് വിശ്വസ്തവചനത്തോട് ദൃഢമായി പററിനിൽക്കുന്നതു”കൊണ്ടാണ് അത് കൈവരുന്നത്. (തീത്തോസ് 1:9; പ്രവൃത്തികൾ 20:18-21, 26, 27 താരതമ്യം ചെയ്യുക.) അയാൾ ‘അനുകൂലപ്രകൃതമില്ലാത്തവരെ സൗമ്യതയോടെ പഠിപ്പിക്കാൻ’ പ്രാപ്തനായിരിക്കണം. (2 തിമൊഥെയോസ് 2:23-26) ഒരു മൂപ്പൻ സഭയിലെ ഏററവും നല്ല പരസ്യപ്രസംഗകനല്ലെങ്കിൽപ്പോലും അയാൾ ബൈബിൾ പഠിക്കുന്നവർതന്നെയായ വിശ്വാസികളെ പഠിപ്പിക്കാനും ബുദ്ധിയുപദേശിക്കാനുമുള്ള സാമർത്ഥ്യമുണ്ടായിരിക്കത്തക്കവണ്ണം ദൈവവചനത്തിന്റെ നല്ല പഠിതാവായിരിക്കണം. (2 കൊരിന്ത്യർ 11:6) അയാൾ ദൈവികജീവിതം നയിക്കാൻ കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കുന്ന “ആരോഗ്യാവഹമായ പഠിപ്പിക്കൽ” പ്രദാനംചെയ്യാൻ യോഗ്യനായിരിക്കണം.—തീത്തോസ് 2:1-10.
21. (എ) ഒരു മൂപ്പൻ ഒരു തല്ലുകാരനല്ലെന്ന് പറയാൻകഴിയുന്നതെന്തുകൊണ്ട്? (ബി) ന്യായബോധമുള്ളവനായിരിക്കുകയെന്നാൽ അർത്ഥമെന്ത്? (സി) വഴക്കാളിയല്ലാതിരിക്കുകയെന്നാലർത്ഥമെന്ത്?
21 ഒരു തല്ലുകാരനല്ല, എന്നാൽ ന്യായബോധമുള്ളവൻ, വഴിക്കാളിയല്ല. (1 തിമൊഥെയോസ് 3:3; തീത്തോസ് 1:7) സമാധാനപ്രിയനാകയാൽ ഒരു മൂപ്പൻ ആളുകളെ ശാരീരികമായി പ്രഹരിക്കുകയോ അസഭ്യമോ മുറിപ്പെടുത്തുന്നതോ ആയ സംസാരത്താൽ അവരെ ദണ്ഡിപ്പിക്കുകയോ ചെയ്യുന്നില്ല. (2 കൊരിന്ത്യർ 11:20 താരതമ്യപ്പെടുത്തുക.) (അയാൾ “മദ്യപിച്ചു ബഹളമുണ്ടാക്കുന്നവൻ” അല്ല എന്ന മുൻ പ്രസ്താവന മിക്കപ്പോഴും ശണ്ഠയിലേക്കു നയിക്കുന്ന മദ്യദുരുപയോഗത്തെ ഒഴിവാക്കുന്നുവെന്ന് പ്രകടമാക്കുന്നു.) “ന്യായബോധമുള്ളവനും” (അല്ലെങ്കിൽ “വഴങ്ങുന്നവൻ”) അധികാരമത്തില്ലാത്തവനും പ്രസാദിപ്പിക്കാൻ പ്രയാസമില്ലാത്തവനുമായിരിക്കുന്നതിനാൽ അയാൾ നിസ്സാരകാര്യങ്ങളെ പ്രശ്നമാക്കുന്നില്ല. (1 കൊരിന്ത്യർ 9:12; ഫിലിപ്പിയർ 4:5; 1 പത്രോസ് 2:18) ഒരു മൂപ്പൻ വഴക്കാളിയോ കലഹക്കാരനോ അല്ലാത്തതിനാൽ, അയാൾ ശണ്ഠകളെ ഒഴിവാക്കുന്നു, “കോപപ്രവണതയില്ലാത്തവനു”മായിരിക്കുന്നു.—തീത്തോസ് 3:2; യാക്കോബ് 1:19, 20.
22. ഒരു മൂപ്പൻ തന്നിഷ്ടക്കാരനായിരിക്കരുത് എന്ന വസ്തുതയാൽ എന്ത് സൂചിപ്പിക്കപ്പെടുന്നു?
22 തന്നിഷ്ടക്കാരനല്ല. (തീത്തോസ് 1:7) അക്ഷരീയമായി, ഇതിന്റെ അർത്ഥം “സ്വയം പ്രസാദിപ്പിക്കാത്തവൻ” എന്നാണ്. (2 പത്രോസ് 2:10 താരതമ്യപ്പെടുത്തുക.) ഒരു മൂപ്പൻ ശാഠ്യക്കാരനായിരിക്കാതെ തന്റെ പ്രാപ്തികളെക്കുറിച്ച് എളിയ വീക്ഷണം കൈക്കൊള്ളണം. താൻ മറേറതൊരുവനെക്കാളും മെച്ചമായി കാര്യങ്ങൾ ചെയ്യുന്നുവെന്ന് വിചാരിക്കാതെ അയാൾ വിനീതമായി മററുള്ളവരുമായി ഉത്തരവാദിത്തം പങ്കുവെക്കുകയും ഉപദേഷ്ടാക്കളുടെ ബഹുത്വത്തെ വിലമതിക്കുകയും ചെയ്യുന്നു.—സംഖ്യാപുസ്തകം 11:26-29; സദൃശവാക്യങ്ങൾ 11:14; റോമർ 12:3, 16.
23. (എ)“ഒരു നൻമപ്രിയനെ” നിങ്ങൾ എങ്ങനെ നിർവചിക്കും? (ബി) നീതിമാനായിരിക്കുകയെന്നാലർത്ഥമെന്ത്?
23 ഒരു നൻമപ്രിയൻ; നീതിമാൻ. (തീത്തോസ് 1:8) ഒരു മൂപ്പനായി യോഗ്യതപ്രാപിക്കാൻ ഒരു മനുഷ്യൻ നൻമയെ സ്നേഹിക്കുകയും നീതിമാനായിരിക്കുകയും വേണം. ഒരു നൻമപ്രിയൻ യഹോവയുടെ ദൃഷ്ടിയിൽ നല്ലതായതിനെ സ്നേഹിക്കുകയും ദയാപരവും സഹായകവുമായ പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്നു, മററുള്ളവരിലെ നൻമയോട് വിലമതിപ്പും പ്രകടമാക്കുന്നു. (ലൂക്കോസ് 6:35; പ്രവൃത്തികൾ 9:36, 39; 1 തിമൊഥെയോസ് 5:9, 10 താരതമ്യപ്പെടുത്തുക.) നീതിമാനായിരിക്കുകയെന്നാൽ ദൈവനിയമങ്ങളോടും പ്രമാണങ്ങളോടും അനുരൂപപ്പെടുകയെന്നാണർത്ഥം. അങ്ങനെയുള്ള ഒരു മനുഷ്യൻ, മററുള്ളവയുടെ കൂട്ടത്തിൽ, നിഷ്പക്ഷനായിരിക്കുകയും നീതിനിഷ്ഠവും നിർമ്മലവും നല്ലതുമായ കാര്യങ്ങൾ മനസ്സിൽ കരുതിക്കൊള്ളുകയും ചെയ്യുന്നു. (ലൂക്കോസ് 1:6; ഫിലിപ്പിയർ 4:8, 9; യാക്കോബ് 2:1-9) നൻമ ന്യായം ആവശ്യപ്പെടുന്നതിനതീതമായി പോകുന്നതിനാൽ അത് നീതിയിൽനിന്ന് വ്യത്യസ്തമാകയാൽ ഒരു നൻമപ്രിയൻ തന്നിൽനിന്ന് ആവശ്യപ്പെടുന്നതിലധികം മററുള്ളവർക്കുവേണ്ടി ചെയ്യുന്നു.—മത്തായി 20:4, 13-15; റോമർ 5:7.
24. വിശ്വസ്തനായിരിക്കുന്നതിന് എന്താവശ്യമാണ്?
24 വിശ്വസ്തൻ. (തീത്തോസ് 1:8) ഒരു മൂപ്പനായിരിക്കാൻ യോഗ്യനായ മനുഷ്യൻ ദൈവത്തോടുള്ള അഭഞ്ജമായ വിശ്വസ്തത പുലർത്തുകയും തന്റെ നിർമ്മലത എങ്ങനെ പരിശോധിക്കപ്പെട്ടാലും ദിവ്യനിയമത്തോടു പററിനിൽക്കുകയും ചെയ്യുന്നു. യഹോവ തന്നിൽനിന്ന് പ്രതീക്ഷിക്കുന്നത് അയാൾ ചെയ്യുന്നു. ഇതിൽ ഒരു വിശ്വസ്ത രാജ്യഘോഷകനായി സേവിക്കുന്നത് ഉൾപ്പെടുന്നു.—മത്തായി 24:14; ലൂക്കോസ് 1:74, 75; പ്രവൃത്തികൾ 5:29; 1 തെസ്സലോനീക്യർ 2:10.
യോഗ്യതകളിലെത്തിച്ചേരൽ
25. ഇപ്പോൾ ചർച്ചചെയ്തുകഴിഞ്ഞ യോഗ്യതകൾ ആരിൽനിന്ന് ആവശ്യപ്പെടുന്നവയാണ്, അങ്ങനെയുള്ള യോഗ്യതകൾ എങ്ങനെ പ്രാപിക്കാൻ കഴിയും?
25 ഇപ്പോൾ ചർച്ചചെയ്തുകഴിഞ്ഞ യോഗ്യതകളിൽ മിക്കതിലും ഉൾപ്പെട്ടിരിക്കുന്നത് യഹോവയുടെ ഓരോ സാക്ഷിയിൽനിന്നും ആവശ്യപ്പെട്ടിരിക്കുന്നതും ഓരോരുത്തരുടെയും പഠനത്തിൻമേലും ശ്രമത്തിൻമേലും നല്ല സഹവാസത്തിൻമേലും പ്രാർത്ഥനയിൻമേലുമുള്ള ദൈവത്തിന്റെ അനുഗ്രഹത്തിലൂടെ പ്രാപ്യവുമായ കാര്യങ്ങളാണ്. വ്യക്തികൾ ചില ഗുണങ്ങളിൽ മററുള്ളവയെ അപേക്ഷിച്ച് കൂടുതൽ ശക്തരായിരിക്കാം. എന്നാൽ ശുശ്രൂഷാദാസൻമാരും മൂപ്പൻമാരും തങ്ങളുടെ പ്രത്യേക പദവിക്കുവേണ്ടി ന്യായമായ അളവിൽ സകല യോഗ്യതകളിലും എത്തിച്ചേരേണ്ടതാണ്.
26. ക്രിസ്തീയപുരുഷൻമാർ സഭാപരമായ ഉത്തരവാദിത്തത്തിനുവേണ്ടി തങ്ങളെത്തന്നെ ലഭ്യമാക്കുന്നതെന്തുകൊണ്ട്?
26 സകല യഹോവയുടെ സാക്ഷികളും ദൈവസേവനത്തിൽ സാദ്ധ്യമായതെല്ലാം ചെയ്യാൻ ആഗ്രഹിക്കണം. ഈ ആത്മാവ് സഭാഉത്തരവാദിത്തത്തിനുവേണ്ടി തങ്ങളേത്തന്നെ ലഭ്യമാക്കാൻ ക്രിസ്തീയപുരുഷൻമാരെ പ്രേരിപ്പിക്കുന്നു. നിങ്ങൾ സമർപ്പിതനും സ്നാപനമേററവനുമായ ഒരു പുരുഷനാണോ? ആണെങ്കിൽ, എത്തിപ്പിടിക്കുകയും സേവിക്കാൻ യോഗ്യതപ്രാപിക്കുന്നതിന് സകല ശ്രമവും ചെയ്യുകയും ചെയ്യുക! (w90 9⁄1)
[അടിക്കുറിപ്പ്]
a മാർച്ച് 15, 1983-ലെ വാച്ച്ററവർ, പേജ് 29 കൂടെ കാണുക, “തിരുവെഴുത്തുപരമായ വിവാഹമോചനം” എന്ന ഉപതലക്കെട്ടിൻകീഴിൽ.
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ സഭാപരമായ ഉത്തരവാദിത്തം സ്വീകരിക്കുന്നതിന് സ്നാപനമേററ പുരുഷൻമാരുടെ വലിയ ആവശ്യം ഇപ്പോഴുള്ളതെന്തുകൊണ്ട്?
◻ ശുശ്രൂഷാദാസൻമാർ എത്തിച്ചേരേണ്ട ചില യോഗ്യതകളേവ?
◻ മൂപ്പൻമാർ എത്തിച്ചേരേണ്ട യോഗ്യതകളിൽ ചിലതേവ?
◻ ഒരു മൂപ്പൻ തന്റെ കുടുംബത്തെ നന്നായി ഭരിക്കാൻ അറിഞ്ഞിരിക്കേണ്ടതെന്തുകൊണ്ട്?
◻ സഭാപരമായ ചുമതലകൾക്ക് തങ്ങളെത്തന്നെ ലഭ്യമാക്കാൻ ക്രിസ്തീയപുരുഷൻമാരെ പ്രേരിപ്പിക്കുന്നതെന്ത്?
[16, 17 പേജുകളിലെ ചിത്രം]
മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും തങ്ങളുടെ കുടുംബങ്ങളെ ബൈബിൾ തത്വങ്ങളനുസരിച്ച് ഭരിക്കണം