“നിങ്ങൾ വിശ്വാസത്തിലാണോ എന്ന പരിശോധിച്ചുകൊണ്ടിരിക്കുക”
രണ്ടു കൊരിന്ത്യരിൽ നിന്നുള്ള സവിശേഷാശയങ്ങൾ
അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികളെക്കുറിച്ചു താൽപ്പര്യമുള്ളവനായിരുന്നു. അവർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ കൊടുത്തിരുന്ന ബുദ്ധിയുപദേശത്തെ അവർ എങ്ങനെ വീക്ഷിക്കും? ആ ലേഖനം അനുതപിക്കാൻതക്കവണ്ണം കൊരിന്ത്യരെ ദുഃഖിപ്പിച്ചതായുള്ള അനുകൂല റിപ്പോർട്ടുമായി തീത്തോസ് വന്നെത്തിയപ്പോൾ അവൻ മാസിഡോണിയായിലായിരുന്നു. പൗലോസിനെ അത് എത്ര സന്തോഷിപ്പിച്ചു!—2 കൊരിന്ത്യർ 7:8-13.
ഒരുപക്ഷേ ക്രി. വ. 55-ന്റെ മദ്ധ്യത്തിനുശേഷം മാസിഡോണിയായിൽനിന്നാണ് പൗലോസ് 2 കൊരിന്ത്യർ എഴുതിയത്. ഈ ലേഖനത്തിൽ സഭയെ ശുദ്ധമായി സൂക്ഷിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അവൻ ചർച്ച ചെയ്യുകയും യഹൂദ്യയിൽ ഞെരുക്കം അനുഭവിച്ചിരുന്ന വിശ്വാസികൾക്ക് സംഭാവന കൊടുക്കാനുള്ള ആഗ്രഹം കെട്ടുപണിചെയ്യുകയും തന്റെ അപ്പോസ്തലത്വത്തിനുവേണ്ടി പ്രതിവാദം നടത്തുകയും ചെയ്തു. പൗലോസ് പറഞ്ഞതിൽ ഏറിയ പങ്കിനും ‘നാം വിശ്വാസത്തിലാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കാൻ’ നമ്മെ സഹായിക്കാൻ കഴിയും. (13:5) അതുകൊണ്ട് നമുക്ക് ഈ ലേഖനത്തിൽനിന്ന് എന്ത് മനസ്സിലാക്കാൻ കഴിയും?
ആശ്വാസത്തിന്റെ ദൈവത്തിനുവേണ്ടിയുള്ള ശുശ്രൂഷകൻ
നമ്മുടെ ഉപദ്രവങ്ങളിലെല്ലാം നമ്മെ ദൈവം ആശ്വസിപ്പിക്കുമ്പോൾ നാം മററുള്ളവരെ ആശ്വസിപ്പിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അപ്പോസ്തലൻ പ്രകടമാക്കി. (1:1–2:11) പൗലോസും അവന്റെ കൂട്ടാളികളും കഠിനസമ്മർദ്ദത്തിൻകീഴിലായിരുന്നെങ്കിലും ദൈവം അവരെ വിടുവിച്ചു. എന്നിരുന്നാലും അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളാൽ കൊരിന്ത്യർക്ക് സഹായിക്കാൻ കഴിയുമായിരുന്നു, നാം സത്യവിശ്വാസം സ്വീകരിക്കുന്ന മററുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതുള്ളതുപോലെതന്നെ. എന്നാൽ 1 കൊരിന്ത്യർ 5-ാം അദ്ധ്യായത്തിൽ പറഞ്ഞ ദുർമാർഗ്ഗിയായ മനുഷ്യനെ സംബന്ധിച്ചെന്ത്? പ്രത്യക്ഷത്തിൽ അവനെ പുറത്താക്കിയിരുന്നുവെങ്കിലും പിന്നീട് അവൻ അനുതപിച്ചിരുന്നു. കൊരിന്ത്യർ ക്ഷമിക്കുകയും സ്നേഹപൂർവം തങ്ങളുടെ ഇടയിൽ അവനെ പുനഃസ്ഥിതീകരിക്കുകയും ചെയ്തപ്പോൾ അവൻ എത്രയധികം ആശ്വസിപ്പിക്കപ്പെട്ടിരിക്കണം.
പൗലോസിന്റെ വാക്കുകൾക്ക് സത്യവിശ്വാസത്തിനുവേണ്ടിയുള്ള നമ്മുടെ നിലപാടിനെ ബലിഷ്ഠമാക്കിക്കൊണ്ട് ക്രിസ്തീയശുശ്രൂഷയോടുള്ള നമ്മുടെ വിലമതിപ്പിനെ വർദ്ധിപ്പിക്കാൻ കഴിയും. (2:12–6:10) എന്തിന്, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകർ ദൈവം മുന്നണിയിൽ നിൽക്കുന്ന ഒരു “ജയോത്സവഘോഷയാത്ര”യിൽ പങ്കെടുക്കാൻ പദവിയുള്ളവരാണ്! പൗലോസിനും അവന്റെ സഹപ്രവർത്തകർക്കും തങ്ങളോടു കാണിക്കപ്പെട്ട കരുണ നിമിത്തമാണ് ശുശ്രൂഷയാകുന്ന നിക്ഷേപം ലഭ്യമായത്. അവരെപ്പോലെ ഈ കാലത്തെ അഭിഷിക്തർക്കും നിരപ്പിന്റെ ഒരു ശുശ്രൂഷയുണ്ട്. എന്നിരുന്നാലും യഹോവയുടെ സകല സാക്ഷികളും തങ്ങളുടെ ശുശ്രൂഷയാൽ മററുള്ളവരെ സമ്പന്നരാക്കുന്നു.
വിശുദ്ധിയെ തികക്കുകയും ഉദാരരായിരിക്കുകയും ചെയ്യുക
ക്രിസ്തീയ ശുശ്രൂഷകർ യഹോവാഭയത്തിൽ വിശുദ്ധിയെ തികക്കണമെന്ന് പൗലോസ് പ്രകടമാക്കുന്നു. (6:11–7:16) നാം വിശ്വാസത്തിൽ ഉറച്ചുനിൽക്കണമെങ്കിൽ നാം അവിശ്വാസികളുമായി അമിക്കപ്പെടുന്നത് ഒഴിവാക്കണം. നാം ജഡികവും ആത്മീയവുമായ മാലിന്യത്തിൽനിന്നും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. കൊരിന്ത്യർ ദുർമ്മാർഗ്ഗിയായ ദുഷ്പ്രവൃത്തിക്കാരനെ സഭയിൽനിന്ന് പുറത്താക്കിക്കൊണ്ട് ശുദ്ധീകരണ നടപടി സ്വീകരിച്ചു. തന്റെ ഒന്നാമത്തെ ലേഖനം രക്ഷക്കുവേണ്ടി അനുതപിക്കാൻ തക്കവണ്ണം അവരെ ദുഃഖിപ്പിച്ചതിൽ പൗലോസ് സന്തോഷിച്ചു.
ദൈവഭയമുള്ള ശുശ്രൂഷകർക്ക് തങ്ങളുടെ ഔദാര്യത്തിന് പ്രതിഫലം കിട്ടുന്നുവെന്നും നാം മനസ്സിലാക്കുന്നു. (8:1–9:15) ഞെരുക്കമുള്ള “വിശുദ്ധൻമാർ”ക്കുവേണ്ടിയുള്ള സംഭാവനകളെ സംബന്ധിച്ച് പൗലോസ് മാസിഡോണിയാക്കാരുടെ നല്ല ദൃഷ്ടാന്തം എടുത്തുപറഞ്ഞു. അവർ തങ്ങളുടെ പ്രാപ്തിക്കതീതമായി ഉദാരരായിരുന്നു. കൊരിന്ത്യരുടെ ഭാഗത്തും അത്തരം ഔദാര്യം കാണാൻ അവൻ ആശിച്ചു. അവരുടെ കൊടുക്കൽ—നമ്മുടെയും—ഹൃദയപൂർവകമായിരിക്കണം, എന്തുകൊണ്ടെന്നാൽ “ഒരു സന്തുഷ്ടദാതാവിനെ ദൈവം സ്നേഹിക്കുകയും” സകലതരം ഔദാര്യത്തിനും തന്റെ ജനത്തെ സമ്പന്നരാക്കുകയും ചെയ്യുന്നു.
പൗലോസ്—കരുതലുള്ള ഒരു അപ്പോസ്തലൻ
നാം ശുശ്രൂഷകരെന്ന നിലയിൽ യഹോവയുടെ സേവനത്തിൽ എന്തെങ്കിലും നിർവഹിക്കുമ്പോൾ നമുക്ക് നമ്മിൽത്തന്നെയല്ല യഹോവയിൽ പ്രശംസിക്കാം. (10:1–12:13) എങ്ങനെയായാലും “ദൈവത്താൽ ശക്തമായ” ആത്മീയ ആയുധങ്ങൾകൊണ്ടു മാത്രമേ നമുക്ക് വ്യാജന്യായവാദങ്ങളെ തകിടം മറിക്കാൻ കഴികയുള്ളു. കൊരിന്ത്യരുടെയിടയിലെ ആത്മപ്രശംസക്കാരായിരുന്ന “അതിവിശിഷ്ട അപ്പോസ്തലൻമാർക്ക്” ക്രിസ്തുവിന്റെ ശുശ്രൂഷകനെന്ന നിലയിൽ പൗലോസിന്റെ സഹിഷ്ണുതയുടെ രേഖക്ക് ഒപ്പമെത്താൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും താൻ അമിതമായി പ്രശംസിക്കാതിരിക്കാൻ ദൈവം അവന്റെ “ജഡത്തിലെ മുള്ളിനെ”—ഒരുപക്ഷേ മോശമായ കാഴ്ചയെ അല്ലെങ്കിൽ കള്ളയപ്പോസ്തലൻമാരെ—നീക്കം ചെയ്തില്ല. പൗലോസ് “ക്രിസ്തുവിന്റെ ശക്തി” ഒരു കൂടാരംപോലെ തന്റെമേൽ നിൽക്കേണ്ടതിന് ഏതായാലും തന്റെ ദൗർബല്യങ്ങളിലേ പ്രശംസിക്കുമായിരുന്നുള്ളു. വിശ്വാസത്തിൽ ഉറച്ചുനിന്ന ഒരു മനുഷ്യനെന്ന നിലയിൽ അവൻ അതിവിശിഷ്ട അപ്പോസ്തലൻമാരേക്കാൾ താണവനാണെന്ന് തെളിഞ്ഞില്ല. പൗലോസ് “സകല സഹിഷ്ണുതയാലും അടയാളങ്ങളാലും അതിശയങ്ങളാലും വീര്യപ്രവൃത്തികളാലും” അവരുടെ ഇടയിൽ ഉളവാക്കിയ അപ്പോസ്തലത്വത്തിന്റെ തെളിവുകൾ കൊരിന്ത്യർ കണ്ടിരുന്നു.
ഒരു ശുശ്രൂഷകനും ഒരു അപ്പോസ്തലനുമെന്ന നിലയിൽ പൗലോസിന് തന്റെ സഹവിശ്വാസികളുടെ താൽപ്പര്യങ്ങൾ ഹൃദയത്തിലുണ്ടായിരുന്നു, നമുക്കും അതാവശ്യമാണ്. (12:14-13:14) അവൻ ‘അവരുടെ ദേഹികൾക്കുവേണ്ടി അത്യന്തം സന്തോഷത്തോടെ പൂർണ്ണമായും ചെലവിടും.’ എന്നാൽ കൊരിന്തിൽ എത്തിച്ചേരുമ്പോൾ ജഡത്തിന്റെ പ്രവൃത്തികൾ സംബന്ധിച്ച് അനുതപിച്ചിട്ടില്ലാത്ത ചിലരെ താൻ കണ്ടേക്കുമെന്ന് പൗലോസ് ഭയപ്പെട്ടു. അതുകൊണ്ട് അവരെല്ലാം വിശ്വാസത്തിലാണോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കാൻ അവൻ ബുദ്ധിയുപദേശിക്കുകയും അവർ “യാതൊരു തെററും ചെയ്യാതിരിക്കാൻ” പ്രാർത്ഥിക്കയും ചെയ്തു. ഉപസംഹാരമായി, സന്തോഷിക്കാനും യഥാസ്ഥാനപ്പെടാനും ആശ്വസിപ്പിക്കപ്പെടാനും യോജിപ്പിൽ ചിന്തിക്കാനും സമാധാനത്തിൽ ജീവിക്കാനും അവൻ അവരെ പ്രോത്സാഹിപ്പിച്ചു. നമുക്കും എത്ര നല്ല ബുദ്ധിയുപദേശം!
പരിശോധിച്ചുകൊണ്ടിരിക്കുക
അങ്ങനെ കൊരിന്ത്യർക്കുള്ള പൗലോസിന്റെ രണ്ടാമത്തെ ലേഖനം നാം വിശ്വാസത്തിലാണോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. അവന്റെ വാക്കുകൾ തീർച്ചയായും മററുള്ളവരെ ആശ്വസിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കണം, നമ്മുടെ കഷ്ടപ്പാടിലെല്ലാം ദൈവം നമ്മെ ആശ്വസിപ്പിക്കുന്നതുപോലെതന്നെ. ക്രിസ്തീയ ശുശ്രൂഷയെക്കുറിച്ച് അപ്പോസ്തലൻ പറഞ്ഞത് നാം യഹോവാഭയത്തിൽ വിശുദ്ധിയെ തികക്കവെ വിശ്വസ്തതയോടെ ശുശ്രൂഷ നിറവേററാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
പൗലോസിന്റെ ബുദ്ധിയുപദേശത്തിന്റെ ബാധകമാക്കൽ നമ്മെ കൂടുതൽ ഉദാരമതികളും സഹായതൽപ്പരരും ആക്കിയേക്കാം. എന്നിരുന്നാലും അവന്റെ വാക്കുകൾ നമ്മിൽത്തന്നെയല്ല യഹോവയിൽ പ്രശംസിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. അവ സഹവിശ്വാസികളോടുള്ള നമ്മുടെ സ്നേഹനിർഭരമായ താൽപ്പര്യത്തെ വർദ്ധിപ്പിക്കേണ്ടതാണ്. തീർച്ചയായും രണ്ടു കൊരിന്ത്യരിലെ ഈ ആശയങ്ങൾക്കും മററുള്ളവക്കും ‘നാം വിശ്വാസത്തിലാണോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കാൻ’ നമ്മെ സഹായിക്കാൻ കഴിയും. (w90 9/15)
[30-ാം പേജിലെ ചതുരം/ചിത്രം]
യഹോവയുടെ മഹത്വത്തെ പ്രതിഫലിപ്പിക്കുക: മോശ സാക്ഷ്യപലകകളുമായി സീനായിമലയിൽനിന്ന് ഇറങ്ങി വന്നപ്പോൾ ദൈവം അവനോട് സംസാരിച്ചിരുന്നതുകൊണ്ട് അവന്റെ മുഖം രശ്മികൾ പ്രസരിപ്പിച്ചു. (പുറപ്പാട് 34:29, 30) പൗലോസ് ഇതിനെക്കുറിച്ച് സൂചിപ്പിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: “നമ്മളെല്ലാം കണ്ണാടികൾപോലെ യഹോവയുടെ തേജസ്സിനെ മറനീക്കിയ മുഖങ്ങളോടെ പ്രതിഫലിപ്പിക്കവേ ആത്മാവായ യഹോവയാൽ ചെയ്യപ്പെടുന്നതുപോലെതന്നെ കൃത്യമായി മഹത്വത്തിൽനിന്ന് മഹത്വത്തിലേക്ക് അതേ പ്രതിച്ഛായയായി രൂപാന്തരപ്പെടുന്നു.” (2 കൊരിന്ത്യർ 3:7-18) പുരാതന കൈക്കണ്ണാടികൾ ഓടോ ചെമ്പോ പോലെയുള്ള ലോഹങ്ങൾ കൊണ്ട് നിർമ്മിക്കപ്പെടുകയും നല്ല പ്രതിഫലന തലങ്ങൾ ഉണ്ടായിരിക്കത്തക്കവണ്ണം അത്യധികം മിനുസപ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണാടികൾ പോലെ അഭിഷിക്തർ യേശുക്രിസ്തുവിൽനിന്ന് തങ്ങളിലേക്കു പ്രകാശിക്കുന്ന ദൈവമഹത്വത്തെ പ്രതിഫലിപ്പിക്കുന്നു, യഹോവയുടെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്ന പുത്രനാൽ വഹിക്കപ്പെടുന്ന ‘പ്രതിച്ഛായയായി അവരെ തുടർച്ചയായി രൂപാന്തരപ്പെടുത്തി’ക്കൊണ്ടുതന്നേ. (2 കൊരിന്ത്യർ 4:6; എഫേസ്യർ 5:1) പരിശുദ്ധാത്മാവിനാലും തിരുവെഴുത്തുകളാലും ദൈവം അവരിൽ തന്റെ സ്വന്തം ഗുണങ്ങളുടെ ഒരു പ്രതിഫലനമായ “പുതിയ വ്യക്തിത്വം” സൃഷ്ടിക്കുന്നു. (എഫേസ്യർ 4:24; കൊലോസ്യർ 3:10) നമ്മുടെ പ്രത്യാശ സ്വർഗ്ഗീയമായാലും അല്ലെങ്കിൽ അത് ഭൗമികമായാലും നമുക്ക് ആ വ്യക്തിത്വം പ്രദർശിപ്പിക്കുകയും നമ്മുടെ ശുശ്രൂഷയിൽ ദൈവമഹത്വത്തെ പ്രതിഫലിപ്പിക്കുന്ന പദവിയെ വിലമതിക്കുകയും ചെയ്യാം.
[31-ാം പേജിലെ ചതുരം/ചിത്രം]
“നീതിയുടെ ആയുധങ്ങൾ”: പൗലോസും അവന്റെ കൂട്ടുകാരും ദൈവത്തിന്റെ ശുശ്രൂഷകരായി തങ്ങളേത്തന്നെ ശുപാർശചെയ്ത ഒരു വിധം “വലത്തും ഇടത്തും നീതിയുടെ ആയുധങ്ങൾ” ധരിക്കുന്നതായിരുന്നു. (2 കൊരിന്ത്യർ 6:3-7) വലതുകൈ വാൾ പ്രയോഗിക്കാനും ഇടതുകൈ പരിച പിടിക്കാനും ഉപയോഗിക്കപ്പെട്ടു. എല്ലാ വശങ്ങളിലുംനിന്ന് ആക്രമിക്കപ്പെട്ടിട്ടും പൗലോസും അവന്റെ സഹപ്രവർത്തകരും ആത്മീയയുദ്ധം നടത്തത്തക്കവണ്ണം സായുധരായിരുന്നു. കൊരിന്ത്യസഭ ക്രിസ്തുവിനോടുള്ള ഭക്തിയിൽനിന്ന് അകററപ്പെടാതിരിക്കാൻ വ്യാജോപദേഷ്ടാക്കൻമാർക്കും “അതിവിശിഷ്ട അപ്പോസ്തലൻമാർക്കും” എതിരായിട്ടാണ് ആ യുദ്ധം നടത്തപ്പെട്ടത്. പൗലോസ് പാപപൂർണ്ണമായ ജഡത്തിന്റെ ആയുധങ്ങളായ സൂത്രത്തെയൊ വഞ്ചനയെയൊ കൗശലത്തെയൊ ആശ്രയിച്ചില്ല. (2 കൊരിന്ത്യർ 10:8-10; 11:3, 12-14; 12:11, 16) എന്നാൽ ഉപയോഗിക്കപ്പെട്ട “ആയുധങ്ങൾ” നീതിനിഷ്ഠമൊ ന്യായയുക്തമൊ ആയിരുന്നു, അവ സകല ആക്രമണങ്ങൾക്കുമെതിരെ സത്യാരാധനയെ പുരോഗമിപ്പിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു. യഹോവയുടെ സാക്ഷികൾ അതേ ഉദ്ദേശ്യത്തിൽ അങ്ങനെയുള്ള “നീതിയുടെ ആയുധങ്ങൾ” ഉപയോഗിക്കുന്നു.