ശ്രേഷ്ഠാധികാരങ്ങളുടെ പങ്ക്
“അത് നിന്റെ നൻമക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാകുന്നു. എന്നാൽ നീ തിൻമചെയ്യുകയാണെങ്കിൽ ഭയപ്പെടുക.”—റോമർ 13:4.
1, 2. ക്രൈസ്തവലോകത്തിലെ അനേകർ വിപ്ലവപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
രണ്ടുവർഷം മുമ്പ് ബിഷപ്പൻമാരുടെ ലണ്ടനിലെ ഒരു സമ്മേളനം ന്യൂയോർക്ക് പോസ്ററിൽ രോഷാകുലമായ ഒരു മുഖപ്രസംഗം എഴുതപ്പെടാനിടയാക്കി. ഈ സമ്മേളനമായിരുന്നു ലാംബെത്ത് കോൺഫറൻസ്. ആംഗ്ലിക്കൻകൂട്ടായ്മയിലെ 500ൽപരം ബിഷപ്പൻമാർ അതിൽ ഹാജരായി. “മററു സകല വഴികളും അടഞ്ഞപ്പോൾ നീതി ലഭിക്കാനുള്ള ഏക മാർഗ്ഗമെന്ന നിലയിൽ സായുധപോരാട്ടത്തിന്റെ മാർഗ്ഗം തെരഞ്ഞെടുത്ത” ജനത്തെ സംബന്ധിച്ച ഗ്രാഹ്യം പ്രകടമാക്കിക്കൊണ്ട് കോൺഫറൻസ് പാസാക്കിയ പ്രമേയമായിരുന്നു രോഷം ജ്വലിപ്പിച്ചത്.
2 ഇത് ഫലത്തിൽ ഭീകരപ്രവർത്തനത്തിന്റെ അംഗീകാരമാണെന്ന് പോസ്ററ് പറയുകയുണ്ടായി. എന്നിരുന്നാലും, ബിഷപ്പൻമാർ കേവലം വളർന്നുവരുന്ന ഒരു പ്രവണതയെ പിന്തുടരുകയായിരുന്നു. അവരുടെ മനോഭാവം ആഫ്രിക്കയെ വിമോചിപ്പിക്കുന്നതിനുള്ള ഏററവും സത്വരമായ, ഏററവും തിട്ടമുള്ള, ഏററവും സുരക്ഷിതമായ, മാർഗ്ഗമായി ഗറില്ലാ യുദ്ധത്തെ ശുപാർശചെയ്ത ഘാനായിലെ കത്തോലിക്കാപുരോഹിതന്റേതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. അല്ലെങ്കിൽ “വിമോചനയുദ്ധത്തെ കഠിനമായ അറുതിയോളം” കൊണ്ടുപോകാൻ പ്രതിജ്ഞയെടുത്ത ആഫ്രിക്കൻ മെതോഡിസ്ററ്ബിഷപ്പിന്റെയോ അല്ലെങ്കിൽ ഏഷ്യയിലും സൗത്ത് അമേരിക്കയിലും സുസ്ഥാപിതഗവൺമെൻറുകൾക്കെതിരെ വിമതരോടുചേർന്ന് പോരാടിയിരിക്കുന്ന ക്രൈസ്തവലോകത്തിലെ അനേകം മിഷനറിമാരുടെയോ മനോഭാവത്തിൽനിന്ന് വ്യത്യസ്തമല്ല.
സത്യക്രിസ്ത്യാനികൾ ‘അധികാരങ്ങളോട് എതിർക്കു’ന്നില്ല
3, 4. (എ) വിപ്ലവത്തെ പ്രോൽസാഹിപ്പിക്കുന്ന നാമധേയക്രിസ്ത്യാനികൾ ഏതു തത്വങ്ങളെ ലംഘിക്കുന്നു? (ബി) യഹോവയുടെ സാക്ഷികളെസംബന്ധിച്ച് ഒരു വ്യക്തി എന്തു കണ്ടുപിടിച്ചു?
3 ഒന്നാം നൂററാണ്ടിൽ, തന്റെ അനുഗാമികളെ സംബന്ധിച്ച് “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ, അവർ ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:14) വിപ്ലവത്തെ പ്രോൽസാഹിപ്പിക്കുന്ന ഏതു നാമധേയക്രിസ്ത്യാനിയും വളരെയധികമായി ലോകത്തിന്റെ ഭാഗമാണ്. അയാൾ യേശുവിന്റെ ഒരു അനുഗാമിയല്ല; അയാൾ “ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പ്പെടുന്നു”മില്ല. (റോമർ 13:1) അയാൾ “അധികാരത്തോട് എതിർക്കുന്നവൻ ദൈവത്തിന്റെ ക്രമീകരണത്തിനെതിരായ ഒരു നില സ്വീകരിച്ചിരിക്കുന്നു; അതിനെതിരായ നില സ്വീകരിച്ചിരിക്കുന്നവർ ന്യായവിധി പ്രാപിക്കും” എന്ന അപ്പോസ്തലന്റെ മുന്നറിയിപ്പ് അനുസരിക്കുന്നത് നല്ലതാണ്.—റോമർ 13:2.
4 ക്രൈസ്തവലോകത്തിലെ അനേകരിൽനിന്ന് വ്യത്യസ്തമായി, യഹോവയുടെ സാക്ഷികൾക്ക് സായുധ അക്രമവുമായി ഇടപാടുകളില്ല. യൂറോപ്പിലെ ഒരു മനുഷ്യൻ ഇതു കണ്ടുപിടിച്ചു. അയാൾ ഇങ്ങനെ എഴുതി: “മതവും രാഷ്ട്രീയവുംകൂടെ ഉളവാക്കിയിരിക്കുന്നതു കണ്ടതിനാൽ സ്ഥാപിതസാമൂഹികക്രമത്തെ തകിടംമറിക്കാൻ ഞാൻ അർപ്പിതനായി. ഞാൻ ഒരു കൂട്ടം ഭീകരപ്രവർത്തകരോടു ചേർന്ന് സകലതരം ആയുധങ്ങളും കൈകാര്യംചെയ്യാനുള്ള പരിശീലനം നേടി. ഞാൻ അനേകം സായുധകൊള്ളകളിൽ പങ്കെടുത്തു. എന്റെ ജീവൻ നിരന്തരം അപകടത്തിലായിരുന്നു. കാലം കഴിഞ്ഞതോടെ ഞങ്ങൾ പരാജയപ്പെടുന്ന ഒരു യുദ്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് തെളിഞ്ഞു. ഞാൻ ജീവിതത്തിൽ തികഞ്ഞ നിരാശപിടിപെട്ട ഭഗ്നാശനായ ഒരു മനുഷ്യനായിരുന്നു. അങ്ങനെയിരിക്കെ, ഒരു സാക്ഷി ഞങ്ങളുടെ വാതിൽക്കൽ മുട്ടി. അവർ ദൈവരാജ്യത്തെക്കുറിച്ച് എന്നോടു പറഞ്ഞു. ഇത് സമയനഷ്ടമാണെന്ന് ശഠിച്ചുകൊണ്ട് എന്റെ ഭാര്യ ശ്രദ്ധിക്കട്ടെയെന്ന് ഞാൻ നിർദ്ദേശിച്ചു. അവൾ ശ്രദ്ധിച്ചു. ഒരു ഭവനബൈബിളദ്ധ്യയനം തുടങ്ങി. ഒടുവിൽ, അദ്ധ്യയനത്തിൽ സംബന്ധിക്കാമെന്ന് ഞാൻ സമ്മതിച്ചു. മനുഷ്യവർഗ്ഗത്തെ തിൻമയിലേക്കു തള്ളിവിടുന്ന ശക്തിയെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ എനിക്കനുഭവപ്പെട്ട ആശ്വാസം വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അത്ഭുതകരമായ രാജ്യവാഗ്ദത്തം എനിക്ക് നിലനിൽക്കുന്ന പ്രത്യാശയും ജീവിതത്തിൽ ഒരു ഉദ്ദേശ്യവും നൽകിയിരിക്കുന്നു.”
5. ക്രിസ്ത്യാനികൾ സമാധാനപൂർവം ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പ്പെട്ടിരിക്കുന്നതെന്തുകൊണ്ട്, ഇത് എന്നുവരെ സത്യമായിരിക്കും?
5 ക്രിസ്ത്യാനികൾ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്ഥാനപതികൾ അഥവാ സന്ദേശവാഹകരാണ്. (യെശയ്യാവ് 61:1, 2; 2 കൊരിന്ത്യർ 5:20; എഫേസ്യർ 6:19, 20) അങ്ങനെയാകയാൽ അവർ ഈ ലോകത്തിലെ പോരാട്ടങ്ങളിൽ നിഷ്പക്ഷരായി നിലകൊള്ളുന്നു. ചില രാഷ്ട്രീയവ്യവസ്ഥിതികൾ മററുള്ളവയെക്കാൾ സാമ്പത്തികമായി കൂടുതൽ വിജയപ്രദമാണെന്ന് കാണപ്പെട്ടാലും, ചിലത് മററു ചിലതിനെക്കാൾ സ്വാതന്ത്ര്യം അനുവദിക്കുന്നുവെങ്കിലും, ക്രിസ്ത്യാനികൾ ഒരു വ്യവസ്ഥിതിയെ മറെറാന്നിനെക്കാൾ നല്ലതെന്ന നിലയിൽ പ്രോൽസാഹിപ്പിക്കുകയോ സ്ഥാനം കൊടുക്കുകയോ ചെയ്യുന്നില്ല. എല്ലാ വ്യവസ്ഥിതികളും അപൂർണ്ണമാണെന്ന് അവർക്കറിയാം. ദൈവരാജ്യം ഏറെറടുക്കുന്നതുവരെ ഇവ തുടർന്നു സ്ഥിതിചെയ്യണമെന്നുള്ളത് “ദൈവത്തിന്റെ ക്രമീകരണ”മാണ്. (ദാനിയേൽ 2:44) അതുകൊണ്ട്, ക്രിസ്ത്യാനികൾ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് മററുള്ളവരുടെ നിത്യക്ഷേമത്തെ പ്രോൽസാഹിപ്പിക്കവേ ശ്രേഷ്ഠാധികാരങ്ങൾക്ക് സമാധാനപൂർവം കീഴ്പ്പെട്ടിരിക്കുന്നു.—മത്തായി 24:14; 1 പത്രോസ് 3:11, 12.
നിയമമനുസരിക്കൽ
6. “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്നു”വെങ്കിലും അനേകം മാനുഷ നിയമങ്ങൾ നല്ലതായിരിക്കുന്നതെന്തുകൊണ്ട്?
6 ദേശീയഗവൺമെൻറുകൾ നിയമപദ്ധതികൾ ഏർപ്പെടുത്തുന്നു. ഈ നിയമങ്ങളിൽ മിക്കതും നല്ലതാണ്. “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്നു”വെന്ന വസ്തുതയുടെ വീക്ഷണത്തിൽ ഇതു നമ്മെ ആശ്ചര്യപ്പെടുത്തണമോ? (1 യോഹാന്നാൻ 5:19) വേണ്ട. യഹോവ നമ്മുടെ ആദ്യപിതാവായ ആദാമിന് ഒരു മനഃസാക്ഷി കൊടുത്തു. ശരിയും തെററും സംബന്ധിച്ച ഈ നൈസർഗ്ഗികബോധം പല വിധങ്ങളിൽ മനുഷ്യനിയമങ്ങളിൽ പ്രതിഫലിക്കുന്നു. (റോമർ 2:13-16) ഒരു പുരാതന ബാബിലോന്യ നിയമദാതാവായിരുന്ന ഹമുറാബി പിൻവരുന്നപ്രകാരം തന്റെ നിയമസംഹിതക്ക് ആമുഖമെഴുതി: “ആ സമയത്ത് [അവർ] ഹമുറാബിയായ എന്നെ, ഭക്തനും ദൈവഭയമുള്ള പ്രഭുവുമായ എന്നെ, ജനക്ഷേമത്തെ പ്രോൽസാഹിപ്പിക്കാൻ, ദേശത്ത് നീതി പ്രാബല്യത്തിലാക്കാൻ, ബലവാൻ ബലഹീനനെ ഞെരുക്കാതിരിക്കാൻ ദുഷ്ടനെയും തിൻമയെയും നശിപ്പിക്കാൻ, നിയോഗിച്ചു.”
7. ആരെങ്കിലും നിയമം ലംഘിക്കുന്നുവെങ്കിൽ, ആർക്ക് അയാളെ ശിക്ഷിക്കാനുള്ള അധികാരമുണ്ട്, എന്തുകൊണ്ട്?
7 തങ്ങളുടെ നിയമങ്ങളുടെ ഉദ്ദേശ്യം സമാനമാണെന്ന് മിക്ക ഗവൺമെൻറുകളും പറയും: പൗരൻമാരുടെ ക്ഷേമവും സമുദായത്തിലെ സൽക്രമവും പ്രോൽസാഹിപ്പിക്കുകയെന്നതുതന്നെ. അതുകൊണ്ട്, കൊലപാതകവും മോഷണവും പോലെയുള്ള സാമൂഹ്യവിരുദ്ധപ്രവൃത്തികൾക്ക് അവർ ശിക്ഷകൽപ്പിക്കുന്നു, വേഗപരിധികളും പാർക്കിംഗ് നിയമങ്ങളും പോലെയുള്ള നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ നിയമങ്ങളെ മനഃപൂർവം ലംഘിക്കുന്ന ഏവനും അധികാരത്തിനെതിരായ നില സ്വീകരിക്കുന്നു, “ന്യായവിധി പ്രാപിക്കുകയും ചെയ്യും.” ആരിൽനിന്നുള്ള ന്യായവിധി? അവശ്യം ദൈവത്തിൽനിന്നുള്ള ന്യായവിധി ആയിരിക്കുകയില്ല. ന്യായവിധി എന്ന് ഇവിടെ ഭാഷാന്തരം ചെയ്തിരിക്കുന്ന ഗ്രീക്ക്പദത്തിന് യഹോവയിൽനിന്നുള്ള ന്യായവിധിക്കുപകരം സാമൂഹിക നടപടികളെ പരാമർശിക്കാൻ കഴിയും. (1 കൊരിന്ത്യർ 6:7 താരതമ്യപ്പെടുത്തുക.) ആരെങ്കിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെങ്കിൽ, അയാളെ ശിക്ഷിക്കാനുള്ള അധികാരം ശ്രേഷ്ഠാധികാരങ്ങൾക്കുണ്ട്.
8. ഒരു അംഗം ഗൗരവമുള്ള ഒരു കുററകൃത്യം ചെയ്യുന്നുവെങ്കിൽ സഭ എങ്ങനെ പ്രതിവർത്തിക്കും?
8 യഹോവയുടെ സാക്ഷികൾക്ക് മനുഷ്യാധികാരങ്ങളെ എതിർക്കാത്തതിന്റെ സൽക്കീർത്തിയുണ്ട്. സഭയിലെ ഒരു വ്യക്തി നിയമം ലംഘിക്കുകതന്നെ ചെയ്യുന്നുവെങ്കിൽ, നിയമപരമായ ശിക്ഷയെ ഒഴിഞ്ഞുപോകാൻ സഭ അയാളെ സഹായിക്കുകയില്ല. ആരെങ്കിലും മോഷ്ടിക്കുകയോ കൊലചെയ്യുകയോ അപകീർത്തിപ്പെടുത്തുകയോ നികുതിവെട്ടിപ്പുനടത്തുകയോ ബലാൽസംഗം നടത്തുകയോ വഞ്ചിക്കുകയോ നിയമവിരുദ്ധ മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ നിയമപരമായ അധികാരത്തെ എതിർക്കുകയോ ചെയ്യുന്നുവെങ്കിൽ അയാൾ സഭയിൽനിന്നുള്ള കഠിനമായ ശിക്ഷണത്തെ അഭിമുഖീകരിക്കും—ലൗകികാധികാരികളാൽ ശിക്ഷിക്കപ്പെടുമ്പോൾ പീഡിപ്പിക്കപ്പെടുകയാണെന്ന് അയാൾ വിചാരിക്കരുത്.—1 കൊരിന്ത്യർ 5:12, 13; 1 പത്രോസ് 2:13-17, 20.
ഒരു ഭയവിഷയം
9. നിയമവിരുദ്ധഘടകങ്ങളാൽ ഭീഷണിപ്പെടുത്തപ്പെടുമ്പോൾ ക്രിസ്ത്യാനികൾക്ക് ഉചിതമായി എന്തിനെ ആശ്രയിക്കാം?
9 “എന്തെന്നാൽ ഭരിക്കുന്നവർ സൽപ്രവൃത്തിക്കല്ല, പിന്നെയോ ദുഷ്പ്രവൃത്തിക്ക് ഒരു ഭയവിഷയമാകുന്നു. അപ്പോൾ, നീ അധികാരത്തെ ഭയപ്പെടാതിരിക്കാനാഗ്രഹിക്കുന്നുവോ? നൻമ ചെയ്തുകൊണ്ടിരിക്കുക, നിനക്ക് അതിൽനിന്ന് പ്രശംസയുണ്ടാകും” എന്നു പറഞ്ഞുകൊണ്ട് പൗലോസ് ശ്രേഷ്ഠാധികാരങ്ങളെക്കുറിച്ചുള്ള തന്റെ ചർച്ച തുടരുന്നു. (റോമർ 13:3) അധികാരിയിൽനിന്നുള്ള ശിക്ഷയെ ഭയപ്പെടേണ്ടത് വിശ്വസ്തരായ ക്രിസ്ത്യാനികളല്ല, പിന്നെയൊ ദുഷ്പ്രവൃത്തിക്കാരാണ്, ‘ദുഷ്പ്രവൃത്തികൾ,’ കുററകൃത്യങ്ങൾ, ചെയ്യുന്നവരാണ്. അങ്ങനെയുള്ള നിയമരഹിതഘടകങ്ങളാൽ ഭീഷണിപ്പെടുത്തപ്പെടുമ്പോൾ യഹോവയുടെ സാക്ഷികൾക്ക് ഉചിതമായി പൊലീസ് സംരക്ഷണമോ പട്ടാള സംരക്ഷണമോ അധികാരിയിൽനിന്ന് സ്വീകരിക്കാവുന്നതാണ്.—പ്രവൃത്തികൾ 23:12-22.
10. യഹോവയുടെ സാക്ഷികൾക്ക് അധികാരത്തിൽനിന്ന് ‘പ്രശംസ ലഭിച്ചിരിക്കുന്നത്’ എങ്ങനെ?
10 ശ്രേഷ്ഠാധികാരത്തിന്റെ നിയമമനുസരിക്കുന്ന ക്രിസ്ത്യാനിയോട് പൗലോസ് പറയുന്നു: “നിനക്ക് അതിൽനിന്ന് പ്രശംസയുണ്ടാകും.” ഇതിന്റെ ഒരു ദൃഷ്ടാന്തമെന്ന നിലയിൽ, ബ്രസീലിൽ തങ്ങളുടെ ഡിസ്ത്രിക്ററ് കൺവെൻഷനുശേഷം യഹോവയുടെ സാക്ഷികൾക്ക് കിട്ടിയ ചില എഴുത്തുകൾ പരിചിന്തിക്കുക. ഒരു മുനിസിപ്പൽ സ്പോർട്ട്സ്ഡിപ്പാർട്ടുമെൻറ് ചാൻസലറിൽനിന്ന്: “നിങ്ങളുടെ സമാധാനപൂർവകമായ നടത്ത ഏററവും ഉയർന്ന പ്രശംസ അർഹിക്കുന്നു. ഇന്നത്തെ അസ്വസ്ഥമായ ലോകത്തിൽ ഇത്രയേറെ ആളുകൾ ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നുവെന്നറിയുന്നത് ആശ്വാസകരമാണ്.” ഒരു സ്റേറഡിയത്തിന്റെ ഡയറക്റററിൽനിന്ന്: “വളരെ വലിയ സംഖ്യ ഹാജരായിട്ടും കുററമററ സംഘാടനം നിമിത്തം സമ്മേളനത്തെ കളങ്കപ്പെടുത്താൻ യാതൊരു സംഭവവും രേഖപ്പെടുത്തപ്പെട്ടില്ല.” ഒരു മേയറുടെ ഓഫീസിൽനിന്ന്: “നിങ്ങളുടെ ക്രമത്തെയും അത്ഭുതകരവും സ്വതഃപ്രേരിതവുമായ ശിക്ഷണത്തെയും അഭിനന്ദിക്കാൻ ഞങ്ങൾ ഈ അവസരം ഉപയോഗിക്കുകയാണ്. ഭാവി സമ്മേളനങ്ങളിൽ ഞങ്ങൾ നിങ്ങൾക്ക് സകല വിജയവും നേരുന്നു.”
11. സുവാർത്താപ്രസംഗം ഏതെങ്കിലും പ്രകാരത്തിൽ ഒരു ദുഷ്പ്രവൃത്തിയാണെന്ന് പറയാൻ കഴിയാത്തതെന്തുകൊണ്ട്?
11 “സൽപ്രവൃത്തി” എന്ന പദം ശ്രേഷ്ഠാധികാരങ്ങളുടെ നിയമങ്ങളോടുള്ള അനുസരണത്തിന്റെ പ്രവൃത്തികളെ പരാമർശിക്കുന്നു. കൂടാതെ, മനുഷ്യനാലല്ല, ദൈവത്താൽ കല്പിക്കപ്പെട്ട നമ്മുടെ പ്രസംഗവേല ഒരു ദുഷ്പ്രവൃത്തിയല്ല—ഇത് രാഷ്ട്രീയാധികാരങ്ങൾ അംഗീകരിക്കേണ്ട ഒരു പോയിൻറാണ്. അത് പ്രതികരിക്കുന്നവരുടെ ധാർമ്മികസ്വഭാവത്തെ ഉന്നമിപ്പിക്കുന്ന ഒരു പൊതുജനസേവനമാണ്. അതുകൊണ്ട്, ശ്രേഷ്ഠാധികാരങ്ങൾ മററുള്ളവരോടു പ്രസംഗിക്കാനുള്ള നമ്മുടെ അവകാശത്തെ സംരക്ഷിക്കുമെന്നാണ് നമ്മുടെ പ്രത്യാശ. സുവാർത്താപ്രസംഗത്തെ നിയമപരമായി സ്ഥാപിക്കാൻ പൗലോസ് അധികാരങ്ങളോട് അഭ്യർത്ഥിച്ചു. (പ്രവൃത്തികൾ 16:35-40; 25:8-12; ഫിലിപ്പിയർ 1:7) അടുത്ത കാലത്ത് ഈസ്ററ് ജർമ്മനിയിലും ഹംഗറിയിലും പോളണ്ടിലും റുമേനിയായിലും ബനൈനിലും മ്യാൻമാറിലും (ബർമ്മ) യഹോവയുടെ സാക്ഷികൾ തങ്ങളുടെ വേലക്ക് നിയമപരമായ അംഗീകാരംനേടാൻ ശ്രമിക്കുകയും നേടുകയുംചെയ്തു.
“അത് ദൈവത്തിന്റെ ശുശ്രൂഷകനാകുന്നു”
12-14. ശ്രേഷ്ഠാധികാരങ്ങൾ (എ) ബൈബിൾകാലങ്ങളിൽ (ബി) ആധുനികകാലങ്ങളിൽ ദൈവത്തിന്റെ ശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുള്ളതെങ്ങനെ?
12 ലൗകികാധികാരത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട് പൗലോസ് തുടരുന്നു: “അത് നിന്റെ നൻമക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാകുന്നു. എന്നാൽ നീ തിൻമചെയ്യുകയാണെങ്കിൽ ഭയപ്പെടുക: എന്തെന്നാൽ അത് വാൾ വഹിക്കുന്നത് ഉദ്ദേശ്യമില്ലാതെയല്ല; എന്തെന്നാൽ അത് ദൈവത്തിന്റെ ശുശ്രൂഷകനാകുന്നു, തിൻമചെയ്തുകൊണ്ടിരിക്കുന്നവന്റെമേൽ ക്രോധം പ്രകടിപ്പിക്കാനുള്ള ഒരു പ്രതികാരകൻതന്നെ.”—റോമർ 13:4.
13 ദേശീയാധികാരങ്ങൾ ചില സമയങ്ങളിൽ പ്രത്യേക വിധങ്ങളിൽ ദൈവത്തിന്റെ ശുശ്രൂഷകനായി സേവിച്ചിട്ടുണ്ട്. കോരേശ് ബാബിലോണിൽനിന്ന് മടങ്ങിവന്ന് ദൈവത്തിന്റെ ആലയം പുനർനിർമ്മിക്കാൻ യഹൂദൻമാരെ ആഹ്വാനംചെയ്തപ്പോൾ അങ്ങനെ ചെയ്യുകയുണ്ടായി. (എസ്രാ 1:1-4; യെശയ്യാവ് 44:28) ആ ആലയത്തിന്റെ പുനർനിർമ്മാണത്തിനുവേണ്ടി അർത്ഥഹ്ശഷ്ടാവ് ഒരു സംഭാവനയുമായി എസ്രായെ അയച്ചപ്പോഴും പിന്നീട് അവൻ യരൂശലേമിന്റെ മതിലുകൾ പുനർനിർമ്മിക്കാൻ നെഹെമ്യാവിനെ നിയോഗിച്ചപ്പോഴും അവൻ ദൈവത്തിന്റെ ശുശ്രൂഷകനായിരുന്നു. (എസ്രാ 7:11-26; 8:25-30; നെഹെമ്യാവ് 2:1-8) റോമൻ ശ്രേഷ്ഠാധികാരം പൗലോസിനെ യരൂശലേമിലെ ജനക്കൂട്ടത്തിൽനിന്ന് വിടുവിക്കുകയും കപ്പൽചേതത്തിന്റെ സമയത്ത് അവനെ രക്ഷിക്കുകയും റോമായിൽ അവന് സ്വന്തം വീടുണ്ടായിരിക്കാൻ ക്രമീകരിക്കുകയും ചെയ്തപ്പോൾ അങ്ങനെ സേവിക്കുകയാണുണ്ടായത്.—പ്രവൃത്തികൾ 21:31, 32; 28:7-10, 30, 31.
14 സമാനമായി, ആധുനികകാലങ്ങളിലും ലൗകികാധികാരങ്ങൾ ദൈവത്തിന്റെ ശുശ്രൂഷകനായി സേവിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, 1959-ൽ കാനഡായിലെ സുപ്രീം കോടതി ക്യൂബെക്കിൽ രാജ്യദ്രോഹപരവും അപകീർത്തികരവുമായ ദൂഷണം പ്രസിദ്ധപ്പെടുത്തിയതായി ആരോപിക്കപ്പെട്ട യഹോവയുടെ സാക്ഷികളിലൊരാൾ കുററക്കാരനല്ലെന്ന് വിധിച്ചു—അങ്ങനെ ക്യൂബെക്കിലെ പ്രധാനമന്ത്രിയായിരുന്ന മോറിസ് ഡ്യൂപ്ലെസിസിന്റെ മുൻവിധിക്കെതിരായിത്തന്നെ.
15. അധികാരങ്ങൾ ഏതു പൊതുവിധത്തിൽ ദൈവത്തിന്റെ ശുശ്രൂഷകൻ ആയിരിക്കുന്നു, ഇത് അവർക്ക് ഏതവകാശം കൊടുക്കുന്നു?
15 കൂടാതെ, ദൈവരാജ്യം ഉത്തരവാദിത്തം ഏറെറടുക്കുന്നതുവരെ പൊതുക്രമം സംരക്ഷിച്ചുകൊണ്ട് ദേശീയഗവൺമെൻറുകൾ ഒരു പൊതുവിധത്തിൽ ദൈവത്തിന്റെ ശുശ്രൂഷകനായി സേവിക്കുന്നു. പൗലോസ് പറയുന്നപ്രകാരം ഈ ലക്ഷ്യത്തിൽ അധികാരം “വാൾ വഹിക്കുന്നു,” ശിക്ഷകൊടുക്കാനുള്ള അധികാരത്തെയാണ് വാൾ പ്രതീകപ്പെടുത്തുന്നത്. സാധാരണയായി, ഇതിൽ തടവിലാക്കലോ പിഴയോ ഉൾപ്പെടുന്നു. ചില രാജ്യങ്ങളിൽ അതിൽ വധശിക്ഷയും ഉൾപ്പെട്ടേക്കാം.a മറിച്ച്, അനേകം ജനതകൾ മരണശിക്ഷ വേണ്ടെന്ന് നിശ്ചയിച്ചിരിക്കുന്നു, അതും അവരുടെ അവകാശമാണ്.
16. (എ) അധികാരം ദൈവത്തിന്റെ ശുശ്രൂഷകനായിരിക്കുന്നതിനാൽ ദൈവദാസൻമാരിൽ ചിലർ എന്തു ചെയ്യുന്നത് ഉചിതമാണെന്ന് പരിഗണിച്ചിരിക്കുന്നു? (ബി) ഒരു ക്രിസ്ത്യാനി ഏതുതരം ജോലി സ്വീകരിക്കുകയില്ല, എന്തുകൊണ്ടില്ല?
16 ശ്രേഷ്ഠാധികാരങ്ങൾ ദൈവത്തിന്റെ ശുശ്രൂഷകനാണെന്നുള്ള വസ്തുത ദാനിയേലിനും മൂന്ന് എബ്രായർക്കും നെഹെമ്യാവിനും മോർദ്ദഖായിക്കും ബാബിലോന്യഗവൺമെൻറിലും പേർഷ്യൻ ഗവൺമെൻറിലും ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞതെന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു. അവർക്ക് അങ്ങനെ ദൈവജനത്തിന്റെ നൻമക്കുവേണ്ടി സംസ്ഥാനത്തിന്റെ അധികാരത്തോട് അഭ്യർത്ഥിക്കാൻ കഴിഞ്ഞു. (നെഹെമ്യാവ് 1:11; എസ്ഥേർ 10:3; ദാനിയേൽ 2:48, 49; 6:1, 2) ഇന്നും ചില ക്രിസ്ത്യാനികൾ ഗവൺമെൻറ് സേവനത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ അവർ ലോകത്തിൽനിന്ന് വേർപെട്ടവരാകയാൽ അവർ രാഷ്ട്രീയകക്ഷികളിൽ ചേരുകയോ രാഷ്ട്രീയപദവികൾ തേടുകയോ രാഷ്ട്രീയസംഘടനകളിൽ നയരൂപീകരണസ്ഥാനങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല.
വിശ്വാസത്തിന്റെ ആവശ്യം
17. ഏതു സാഹചര്യങ്ങൾ അധികാരത്തോട് എതിർക്കാൻ ചില അക്രൈസ്തവരെ പ്രേരിപ്പിച്ചേക്കാം?
17 അധികാരം അഴിമതിയെ അല്ലെങ്കിൽ മർദ്ദനത്തെപ്പോലും പൊറുക്കുന്നുവെങ്കിലെന്ത്? ക്രിസ്ത്യാനികൾ മെച്ചമെന്നു തോന്നുന്ന മറെറാരധികാരത്തെ പകരം കൊണ്ടുവരാൻ ശ്രമിക്കണമോ? ശരി, ഗവൺമെൻറിന്റെ അനീതിയും അഴിമതിയും പുതുതൊന്നുമല്ല. ഒന്നാം നൂററാണ്ടിൽ റോമാസാമ്രാജ്യം അടിമത്തം പോലെയുള്ള അനീതികളുടെനേരെ കണ്ണടച്ചു. അത് അഴിമതിക്കാരായ ഉദ്യോഗസ്ഥൻമാരെയും പൊറുത്തു. വഞ്ചകരായിരുന്ന നികുതിപിരിവുകാരെക്കുറിച്ചും നീതികെട്ട ന്യായാധിപനെക്കുറിച്ചും കൈക്കൂലി ആഗ്രഹിച്ച ഒരു നാടുവാഴിയെക്കുറിച്ചും ബൈബിൾ പറയുന്നു.—ലൂക്കോസ് 3:12, 13; 18:2-5; പ്രവൃത്തികൾ 24:26, 27.
18, 19. (എ) ഗവൺമെൻറ്ഉദ്യോഗസ്ഥൻമാരുടെ ഭാഗത്ത് അപമര്യാദകളോ അഴിമതിയൊ ഉണ്ടെങ്കിൽ ക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കുന്നു? (ബി) ഒരു ചരിത്രകാരനാലും അടിയിലത്തെ ചതുരത്താലും സൂചിപ്പിക്കപ്പെടുന്നപ്രകാരം ക്രിസ്ത്യാനികൾ വ്യക്തികളുടെ ജീവിതത്തെ മെച്ചപ്പെടുത്തിയിട്ടുള്ളതെങ്ങനെ?
18 ക്രിസ്ത്യാനികൾക്ക് അന്ന് അങ്ങനെയുള്ള അപമര്യാദകൾക്കറുതിവരുത്തുന്നതിന് ശ്രമിക്കാമായിരുന്നു, എന്നാൽ അവർ അതു ചെയ്തില്ല. ദൃഷ്ടാന്തത്തിന്, പൗലോസ് അടിമത്തത്തിന് അറുതിവരുത്തണമെന്ന് പ്രസംഗിച്ചില്ല, തങ്ങളുടെ അടിമകളെ വിട്ടയക്കാൻ അവൻ അടിമകളുടെ ക്രിസ്ത്യാനികളായ ഉടമകളോട് പറഞ്ഞില്ല. പകരം, അന്യോന്യം ഇടപെടുമ്പോൾ ക്രിസ്തീയ സഹാനുഭൂതി പ്രകടമാക്കാൻ അവൻ അടിമകളെയും അടിമകളുടെ ഉടമകളെയും ബുദ്ധിയുപദേശിച്ചു. (1 കൊരിന്ത്യർ 7:20-24; എഫേസ്യർ 6:1-9; ഫിലേമോൻ 10-16; കൂടാതെ 1 പത്രോസ് 2:18ഉം കാണുക.) അതുപോലെതന്നെ, ക്രിസ്ത്യാനികൾ വിപ്ലവപ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടില്ല. അവർ “സമാധാനത്തിന്റെ സുവാർത്ത” പ്രസംഗിക്കുന്നതിൽ വളരെ തിരക്കുള്ളവർ ആയിരുന്നു. (പ്രവൃത്തികൾ 10:36) ക്രി.വ. 66ൽ ഒരു റോമാസൈന്യം യരൂശലേമിനെ ഉപരോധിക്കുകയും പിന്നീട് പിൻമാറുകയും ചെയ്തു. മത്സരികളായിരുന്ന നഗരത്തിന്റെ സംരക്ഷകരോടുകൂടെ നിൽക്കാതെ എബ്രായക്രിസ്ത്യാനികൾ യേശുവിന്റെ മാർഗ്ഗനിർദ്ദേശമനുസരിച്ചുകൊണ്ട് ‘പർവ്വതങ്ങളിലേക്ക് ഓടിപ്പോയി.’—ലൂക്കോസ് 21:20, 21.
19 ആദിമക്രിസ്ത്യാനികൾ നിലവിലിരുന്ന കാര്യാദികളോടൊത്തു ജീവിക്കുകയും ബൈബിൾതത്വങ്ങളനുസരിക്കാൻ സഹായിച്ചുകൊണ്ട് വ്യക്തികളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പഴയ റോമൻലോകം എന്ന തന്റെ പുസ്തകത്തിൽ ചരിത്രകാരനായ ജോൺ ലോർഡ് ഇങ്ങനെ എഴുതി: “ബാഹ്യമായി ജനപ്രീതിയുണ്ടായിരുന്ന സ്ഥാപനങ്ങളെയോ ഗവൺമെൻറിനെയോ നിയമങ്ങളെയോ മാററുന്നതിനുപകരം, ക്രിസ്ത്യാനിത്വത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ചതായി അവകാശപ്പെട്ടവരെ നല്ല മനുഷ്യരാക്കുന്നതിലായിരുന്നു ക്രിസ്ത്യാനിത്വത്തിന്റെ യഥാർത്ഥ വിജയങ്ങൾ.” ക്രിസ്ത്യാനികൾ ഇന്ന് വ്യത്യസ്തമായി പ്രവർത്തിക്കണമോ?
സംസ്ഥാനം സഹായിക്കാത്തപ്പോൾ
20, 21. (എ) ഒരു ലൗകികാധികാരം നൻമക്കുവേണ്ടിയുള്ള ദൈവശുശ്രൂഷകനായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതെങ്ങനെ? (ബി) സംസ്ഥാനത്തിന്റെ കൂട്ടുത്തരവാദിത്തത്തോടെ പീഡിപ്പിക്കപ്പെടുമ്പോൾ യഹോവയുടെ സാക്ഷികൾ എങ്ങനെ പ്രതികരിക്കണം?
20 സെൻട്രൽ ആഫ്രിക്കയിലെ ഒരു രാജ്യത്ത് 1972 സെപ്ററംബറിൽ യഹോവയുടെ സാക്ഷികൾക്കെതിരെ ദുഷ്ടമായ പീഡനം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിനാളുകളുടെ വസ്തുക്കൾ കൊള്ളയടിക്കപ്പെട്ടു. പ്രഹരങ്ങളും ദണ്ഡനവും കൊലയും ഉൾപ്പെടെ മററു ക്രൂരകൃത്യങ്ങൾക്കും അവർ വിധേയരാക്കപ്പെട്ടു. ശ്രേഷ്ഠാധികാരം സാക്ഷികളെ സംരക്ഷിക്കാനുള്ള ചുമതല നിറവേററിയോ? ഇല്ല! പകരം, ഈ നിരുപദ്രവകാരികളായ ക്രിസ്ത്യാനികൾ സുരക്ഷിതത്വത്തിനുവേണ്ടി അയൽരാജ്യങ്ങളിലേക്ക് ഓടിപ്പോകാൻ നിർബന്ധിതരാക്കിക്കൊണ്ട് അത് അക്രമത്തെ പ്രോൽസാഹിപ്പിക്കുകയായിരുന്നു.
21 യഹോവയുടെ സാക്ഷികൾ അങ്ങനെയുള്ള പീഡകർക്കെതിരെ കുപിതരായി എഴുന്നേൽക്കേണ്ടതല്ലേ? അല്ല. ക്രിസ്ത്യാനികൾ യേശുവിനെ അനുകരിച്ചുകൊണ്ട് വിനീതമായി പ്രവർത്തിക്കുകയും അങ്ങനെയുള്ള അവമാനങ്ങൾ ക്ഷമാപൂർവം സഹിക്കുകയും വേണം: “അവൻ കഷ്ടതയനുഭവിച്ചപ്പോൾ ഭീഷണിപ്പെടുത്തിയില്ല, എന്നാൽ നീതിപൂർവം വിധിക്കുന്നവങ്കൽ തന്നേത്തന്നെ ഭരമേൽപ്പിച്ചുകൊണ്ടിരുന്നു.” (1 പത്രോസ് 2:23) ഗത്സമേനതോട്ടത്തിൽവെച്ച് യേശു അറസ്ററ്ചെയ്യപ്പെട്ടപ്പോൾ ഒരു വാളുമായി തന്റെ സംരക്ഷണത്തിനെത്തിയ ഒരു ശിഷ്യനെ അവൻ ശകാരിച്ചുവെന്ന് അവർ ഓർക്കുന്നു. പിന്നീട് അവൻ പൊന്തിയോസ് പീലാത്തോസിനോട് ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്റെ സേവകർ ഞാൻ യഹൂദൻമാർക്ക് വിട്ടുകൊടുക്കപ്പെടാതിരിക്കാൻ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം, അതായിരിക്കുന്നതുപോലെ, ഈ ഉറവിൽനിന്നുള്ളതല്ല.”—യോഹന്നാൻ 18:36; മത്തായി 26:52; ലൂക്കോസ് 22:50, 51.
22. ആഫ്രിക്കയിലെ ചില സാക്ഷികൾ കഠിനപീഡനം അനുഭവിച്ചപ്പോൾ ഏതു നല്ല ദൃഷ്ടാന്തം വെച്ചു?
22 യേശുവിന്റെ മാതൃക മനസ്സിൽപിടിച്ചുകൊണ്ട് ആ ആഫ്രിക്കൻ സാക്ഷികൾ പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കാനുള്ള ധൈര്യം പ്രകടമാക്കി: “യാതൊരുത്തരോടും തിൻമക്കു പകരം തിൻമചെയ്യരുത്. സകല മനുഷ്യരുടെയും ദൃഷ്ടിയിൽ നല്ല കാര്യങ്ങൾ പ്രദാനംചെയ്യുക. സാദ്ധ്യമെങ്കിൽ, നിങ്ങളെ ആശ്രയിച്ചിരിക്കുന്നടത്തോളം, സകല മനുഷ്യരോടും സമാധാനത്തിലായിരിക്കുക. പ്രിയരെ, നിങ്ങൾതന്നെ പ്രതികാരം ചെയ്യരുത്, എന്നാൽ ക്രോധത്തിന് ഇടംകൊടുക്കുക; എന്തുകൊണ്ടെന്നാൽ ‘പ്രതികാരം എന്റേതാണ്; ഞാൻ പകരംവീട്ടും എന്ന് യഹോവ പറയുന്നു’ എന്ന് എഴുതപ്പെട്ടിരിക്കുന്നു.” (റോമർ 12:17-19; എബ്രായർ 10:32-34 താരതമ്യപ്പെടുത്തുക.) നമ്മുടെ ആഫ്രിക്കൻ സഹോദരൻമാർ ഇന്ന് നമുക്കെല്ലാം എത്ര ഉത്തേജകമായ ദൃഷ്ടാന്തമാണ്! അധികാരം മാന്യമായി പെരുമാറാൻ വിസമ്മതിക്കുമ്പോൾ പോലും സത്യക്രിസ്ത്യാനികൾ ബൈബിൾതത്വങ്ങൾ കൈവിടുന്നില്ല.
23. ഏതു ചോദ്യങ്ങൾ ചർച്ചചെയ്യപ്പെടാൻ അവശേഷിക്കുന്നു?
23 എന്നാൽ സത്യക്രിസ്ത്യാനികളിൽനിന്ന് ശ്രേഷ്ഠാധികാരങ്ങൾക്ക് എന്ത് പ്രതീക്ഷിക്കാൻ കഴിയും? അവർക്ക് ന്യായമായി ഉന്നയിക്കാവുന്ന ആവശ്യങ്ങൾക്ക് എന്തെങ്കിലും പരിമിതികളുണ്ടോ? ഇത് അടുത്ത ലേഖനത്തിൽ പരിചിന്തിക്കപ്പെടും. (w90 11⁄1)
[അടിക്കുറിപ്പ്]
a പുരാതന യിസ്രായേലിലെ ദിവ്യദത്തമായിരുന്ന നിയമസംഹിതയിൽ ഗൗരവമുള്ള കുററകൃത്യങ്ങൾക്ക് വധശിക്ഷ ഉൾപ്പെടുത്തിയിരുന്നു.—പുറപ്പാട് 31:14; ലേവ്യപുസ്തകം 18:29; 20:2-6; സംഖ്യാപുസ്തകം 35:30.
നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുമോ?
◻ ഒരു വ്യക്തിക്ക് ശ്രേഷ്ഠാധികാരങ്ങൾക്ക് ‘എതിരായ ഒരു നില സ്വീകരിക്കാൻ’ കഴിയുന്ന ചില വിധങ്ങളേവ?
◻ ഗവൺമെൻറ് അധികാരത്തെസംബന്ധിച്ച “ദൈവത്തിന്റെ ക്രമീകരണ”മെന്താണ്?
◻ ഏതു വിധങ്ങളിലാണ് അധികാരങ്ങൾ “ഒരു ഭയവിഷയ”മായിരിക്കുന്നത്?
◻ എങ്ങനെയാണ് മനുഷ്യഗവൺമെൻറുകൾ “ദൈവത്തിന്റെ ശുശ്രൂഷകൻ” ആയിരിക്കുന്നത്?
[19-ാം പേജിലെ ചതുരം]
ഒരു പൊലീസ് ചീഫിൽനിന്നുള്ള ഒരു കത്ത്
“മിനാസ് ജറേയ്സ് സംസ്ഥാനത്തെ പൊതുജനസേവനം” എന്ന പദവിമുദ്രകൾ വഹിക്കുന്ന ഒരു കത്ത് ബ്രസീലിലെ വാച്ച് ററവർ സൊസൈററിയുടെ ബ്രാഞ്ചാഫീസിൽ വന്നു. അത് കോങ്ക്വിസ്ററാ പട്ടണത്തിലെ പൊലീസ് ചീഫിൽനിന്നുള്ളതായിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ? കത്ത് വിശദമാക്കട്ടെ. അതിങ്ങനെ പ്രസ്താവിക്കുന്നു:
“ഡിയർ സർ:
“ഈ കത്തിലൂടെ എന്നെ പരിചയപ്പെടുത്തുന്നതിന് സന്തോഷമുണ്ട്. ഏകദേശം മൂന്നു വർഷമായി ഞാൻ മിനാസ് ജറേയ്സിലെ കോങ്ക്വിസ്ററാ പട്ടണത്തിലെ പൊലീസ് ചീഫാണ്. ജോലിയിൽ ഞാൻ എപ്പോഴും മനഃസാക്ഷിപൂർവം പ്രവർത്തിക്കാൻ ശ്രമിക്കുന്നു. എന്നാൽ ജയിലിൽ സമാധാനം നിലനിർത്തുന്നതിൽ എനിക്ക് പതിവായി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ചില ജോലികളിൽ പരിശീലനം കൊടുത്തിട്ടും അന്തേവാസികൾ അസ്വസ്ഥരാണ്.
“കുറെ മാസങ്ങൾക്കുമുമ്പ് സെനോർ ഒ—ഞങ്ങളുടെ പട്ടണത്തിൽ വന്ന് യഹോവയുടെ സാക്ഷികളിലൊരാളായി തന്നേത്തന്നെ പരിചയപ്പെടുത്തി. അയാൾ തടവുപുള്ളികളിൽ ചിലരോട് ബൈബിൾ പ്രസംഗിക്കാൻ തുടങ്ങുകയും അവരെ വായിക്കാനും എഴുതാനും പഠിപ്പിക്കുകയും ശുചിത്വത്തിന്റെയും സാമൂഹികവൈദഗ്ദ്ധ്യങ്ങളുടെയും അടിസ്ഥാനതത്വങ്ങൾ കാണിച്ചുകൊടുക്കുകയും വിശുദ്ധബൈബിളിനെക്കുറിച്ച് അവരോടു പറയുകയുംചെയ്തു. ഈ പ്രസംഗകന്റെ പ്രവർത്തനരീതി അർപ്പണബോധവും സ്നേഹവും ആത്മത്യാഗവും പ്രകടമാക്കി. അന്തേവാസികളുടെ പെരുമാററം പെട്ടെന്നുതന്നെ ഗണ്യമായി മെച്ചപ്പെട്ടു, നിരീക്ഷകർക്ക് വിസ്മയവും വിലമതിപ്പുംതോന്നി.
“ഞങ്ങളുടെ ജയിലിൽ സംഭവിച്ചതിന്റെ വീക്ഷണത്തിൽ, വിലപ്പെട്ട ഈ പ്രസംഗകൻ ഞങ്ങളുടെ സമുദായത്തിൽ ചെയ്ത നല്ല വേലയോടുള്ള ഞങ്ങളുടെ വിലമതിപ്പ് ഔദ്യോഗികമായി വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഗവൺമെൻറ് അധികാരത്തെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “നൻമ ചെയ്തുകൊണ്ടിരിക്കുക, നിനക്ക് അതിൽനിന്ന് പ്രശംസയുണ്ടാകും.” (റോമർ 13:3) മേൽ പ്രസ്താവിച്ച കേസിൽ ഇത് തീർച്ചയായും സത്യമാണ്. ശിക്ഷാവ്യവസ്ഥക്ക് വർഷങ്ങളിൽ ചെയ്യാൻ കഴിയാഞ്ഞത് സുവാർത്ത മാസങ്ങൾകൊണ്ടു സാധിച്ചുവെന്നത് ദൈവവചനത്തിന്റെ രൂപാന്തരശക്തിക്ക് എന്തോരു സാക്ഷ്യമാണ്!—സങ്കീർത്തനം 19:7-9.