ക്രിസ്തീയ സ്വാതന്ത്ര്യത്തിൽ ഉറച്ചു നിൽക്കുക
ഗലാത്യരിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവ സ്വാതന്ത്ര്യത്തിന്റെ ദൈവമാകുന്നു. (2 കൊരിന്ത്യർ 3:17) “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന് അവന്റെ പുത്രനായ യേശു പറഞ്ഞു. (യോഹന്നാൻ 8:32) ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് സ്വാതന്ത്ര്യത്തിന്റെ സുവാർത്ത പ്രസംഗിച്ചു.—റോമർ 6:18; 8:21.
പൗലോസ് ആ സ്വാതന്ത്ര്യദായകമായ സന്ദേശം പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഒന്നാമത്തെ മിഷനറിപര്യടനവേളയിൽ (ക്രി.വ. 47-48) ഗലാത്യയിലെ (ഏഷ്യാമൈനറിലുള്ള ഒരു റോമാപ്രവിശ്യ) സഭകൾ സ്ഥാപിച്ചു. ക്രിസ്ത്യാനികളിൽനിന്ന് പരിച്ഛേദന ആവശ്യപ്പെടുന്നില്ലെന്നുള്ള ഭരണസംഘത്തിന്റെ തീരുമാനം ഗലാത്യർക്ക് അറിയാമായിരുന്നു. (പ്രവൃത്തികൾ 15:22-29) എന്നാൽ യഹൂദമതവാദികൾ അവർ പരിച്ഛേദന ഏൽക്കണമെന്ന് ശഠിച്ചുകൊണ്ട് അവരെ വീണ്ടും അടിമത്തത്തിലാക്കാൻ ശ്രമിക്കയായിരുന്നു. അതുകൊണ്ട് പൗലോസ് ക്രി.വ. 50-52നോടടുത്ത് കൊരിന്തിൽനിന്നോ സിറിയൻ അന്ത്യോക്യയിൽനിന്നോ ഗലാത്യർക്കെഴുതിയ ലേഖനത്തിൽ ക്രിസ്തീയ സ്വാതന്ത്ര്യത്തെ ഊന്നിപ്പറഞ്ഞു. ഉദാഹരണത്തിന്, “സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വാതന്ത്രരാക്കി. അതുകൊണ്ട് ഉറച്ചുനിൽക്കുക, അടിമനുകത്തിൽ വീണ്ടും കുടുങ്ങിപ്പോകാൻ നിങ്ങളെത്തന്നെ അനുവദിക്കരുത്” എന്ന് അവൻ പറഞ്ഞു.—ഗലാത്യർ 5:1.
പൗലോസ് തന്റെ അപ്പോസ്തലത്വത്തിനുവേണ്ടി പ്രതിവാദിക്കുന്നു
തന്റെ അപ്പോസ്തലത്വം “യേശുക്രിസ്തുവിലൂടെയും ദൈവത്തിലൂടെയും” ആണെന്ന് പൗലോസ് ആദ്യംതന്നെ പ്രകടമാക്കി. (1:1–2:14) ഒരു വെളിപ്പാടുനിമിത്തം പൗലോസ് (ബർന്നബാസിനോടും തീത്തോസിനോടും കൂടെ) പരിച്ഛേദനപ്രശ്നത്തിൻപേരിൽ യെരുശലേമിലേക്ക് പോയി. അവിടെ യാക്കോബും കേഫാവും (പത്രോസും) യോഹന്നാനും, അവൻ ജനതകൾക്കായുള്ള ഒരു അപ്പോസ്തലനായി അധികാരപ്പെടുത്തപ്പെട്ടിരുന്നതായി തിരിച്ചറിഞ്ഞു. പിന്നീട് പത്രോസ് യെരുശലേമിൽനിന്നുള്ള യഹൂദക്രിസ്ത്യാനികളെ ഭയപ്പെടുക നിമിത്തം വിജാതീയ വിശ്വാസികളിൽനിന്ന് വിട്ടുനിന്നപ്പോൾ പൗലോസ് അവനെ ശാസിച്ചു.
എങ്ങനെ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നു?
യേശുക്രിസ്തുവിലെ വിശ്വാസത്താൽമാത്രമേ ഏതൊരാൾക്കും നീതിമാനായി പ്രഖ്യാപിക്കപ്പെടാൻ കഴിയുകയുള്ളു എന്നുള്ള ശക്തമായ ആശയം അപ്പോസ്തലൻ സ്ഥാപിച്ചു. (2:15–3:29) ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, പിന്നെയോ വിശ്വാസത്തോടെ സുവാർത്ത സ്വീകരിച്ചതുനിമിത്തമാണ് ഗലാത്യർക്കു ദൈവാത്മാവു ലഭിച്ചത്. അബ്രാഹാമിന്റെ യഥാർത്ഥപുത്രൻമാർക്ക് വിശ്വാസമുണ്ട്, എന്നാൽ “ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ” തങ്ങളെത്തന്നെ നീതിമാൻമാരെന്നു തെളിയിക്കാൻ ശ്രമിക്കുന്നവർ “ഒരു ശാപത്തിൻകീഴാകുന്നു.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർക്ക് പൂർണ്ണമായി ന്യായപ്രമാണം അനുസരിക്കാൻ സാദ്ധ്യമല്ല. യഥാർത്ഥത്തിൽ, ന്യായപ്രമാണം ലംഘനങ്ങളെ പ്രകടമാക്കി, അത് “ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു ശിശുപാലകൻ” ആയിരുന്നു.
ഉറച്ചുനിൽക്കുക!
ക്രിസ്തു തന്റെ മരണത്താൽ ന്യായപ്രമാണത്തിൻകീഴുള്ളവരെ മോചിപ്പിച്ചു. എന്നാൽ തന്റെ അനുഗാമികൾ ക്രിസ്തീയ സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കണം. (4:1-6:18) അതുകൊണ്ട് ഒരു അടിമനുകം സ്വീകരിക്കാൻ തങ്ങളെ പ്രേരിപ്പിക്കാൻ ശ്രമിക്കുന്ന ആരെയും ഗലാത്യർ ചെറുത്തുനിൽക്കണമായിരുന്നു. തന്നെയുമല്ല, അവർ തങ്ങളുടെ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്താതെ “ജഡത്തിന്റെ പ്രവൃത്തികളെ” വർജ്ജിക്കുകയും ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുകയും ചെയ്യണമായിരുന്നു. അവരെ ന്യായപ്രമാണത്തിന്റെ അടിമത്തത്തിലേക്കു വരുത്താൻ ശ്രമിക്കുന്നവർ “ജഡത്തിൽ ഒരു പ്രസാദാത്മക പ്രകൃതം പ്രകടമാക്കാ”നും പീഡനം ഒഴിവാക്കാനും ഒരു പ്രശംസാകാരണമുണ്ടാക്കാനും ആഗ്രഹിച്ചു. എന്നിരുന്നാലും, പരിച്ഛേദനയോ അഗ്രചർമ്മമോ അല്ല കാര്യമായിട്ടുള്ളതെന്ന് പൗലോസ് പ്രകടമാക്കി. എന്നാൽ “ഒരു പുതിയ സൃഷ്ടി പ്രാധാന്യമുള്ളതാണ്.” ആ പുതിയ സൃഷ്ടിയിൽപെട്ട ആത്മീയ ഇസ്രായേലിൻമേൽ സമാധാനവും കരുണയും ഉണ്ടായിരിക്കാൻ അവൻ പ്രാർത്ഥിച്ചു.
ഗലാത്യർക്കുള്ള പൗലോസിന്റെ ലേഖനം അവരെ ആത്മീയമായി അടിമപ്പെടുത്താൻ ശ്രമിക്കുന്നവരെ ചെറുത്തുനിൽക്കാൻ അവരെ സഹായിച്ചു. അത് ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കാനും ക്രിസ്തീയസ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കാനും നമ്മെയും സഹായിക്കട്ടെ. (w90 11/15)
[30-ാം പേജിലെ ചതുരം/ചിത്രം]
ചൂടടയാളങ്ങൾ: “ആരും എനിക്കു കുഴപ്പം സൃഷ്ടിക്കാതിരിക്കട്ടെ, എന്തെന്നാൽ ഞാൻ എന്റെ ശരീരത്തിൽ യേശുവിന്റെ ഒരു അടിമയുടെ ചൂടടയാളങ്ങൾ വഹിക്കുന്നു” എന്ന് പൗലോസ് എഴുതി. (ഗലാത്യർ 6:17) ചില പുരാതന പുറജാതികളുടെയിടയിൽ അടിമകളുടെ ഉടമകളെ സൂചിപ്പിക്കാൻ അവരെ ചൂടു വെച്ചു പൊള്ളിച്ചിരുന്നു. വിവിധ ചിത്രണങ്ങൾ അവരുടെ മാംസത്തിൽ പൊള്ളിച്ചുണ്ടാക്കുകയൊ ആലേഖനം ചെയ്യുകയൊ ചെയ്തിരുന്നു. പൗലോസിന്റെ ക്രിസ്തീയസേവനം നിമിത്തം അവന്റെ ശരീരത്തിൽ ഏൽപ്പിക്കപ്പെട്ട അനേകം ശാരീരിക ദണ്ഡനങ്ങൾ, ക്രിസ്തുവിനുവേണ്ടി പീഡിപ്പിക്കപ്പെട്ടവനും അവന്റെ വകയുമായ ഒരു വിശ്വസ്ത അടിമ ആണ് താനെന്ന തന്റെ അവകാശവാദത്തെ സാക്ഷ്യപ്പെടുത്തുന്ന ചില പാടുകൾ അവശേഷിപ്പിച്ചിരുന്നു. (2 കൊരിന്ത്യർ 11:23-27) പൗലോസ് പരാമർശിച്ച “ചൂടടയാളങ്ങൾ” ഇവയായിരുന്നിരിക്കാം, അല്ലെങ്കിൽ ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കിക്കൊണ്ടും തന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടും ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ താൻ നയിച്ച ജീവിതത്തെക്കുറിച്ച് അവൻ ചിന്തിക്കുകയായിരുന്നിരിക്കാം.
[ചിത്രം]
റോമൻ അടിമകൾ തങ്ങളുടെ യജമാനൻമാരെ സേവിക്കാൻ നിർബ്ബന്ധിക്കപ്പെട്ടിരുന്നു, എന്നാൽ പൗലോസ് യേശുക്രിസ്തുവിന്റെ സന്നദ്ധനും സന്തോഷവാനുമായ ഒരു അടിമയായിരുന്നു