ബേത്ളഹേമിനെയും ക്രിസ്മസിനെയും സംബന്ധിച്ച സത്യം എന്താണ്?
“ബേത്ളഹേം . . . അനന്തസ്നേഹത്തിന്റെ ഒരു തെളിവാണ്, അത് താഴ്മയുടെ ഒരു പാഠമാണ്.”—മരിയാ റെററീസാ പെട്രോസി, ബേത്ളഹേം എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്രി.
ബേത്ളഹേം അങ്ങനെയെന്തെങ്കിലും നിങ്ങൾക്ക് അർത്ഥമാക്കുന്നുവോ? ഒരുപക്ഷേ അങ്ങനെയായിരിക്കാം, എന്തുകൊണ്ടെന്നാൽ ലോകമാസകലം ആത്മാർത്ഥതയുള്ളവരും സമാധാനകാംക്ഷികളുമായ സഹസ്രലക്ഷക്കണക്കിനാളുകൾ വിശേഷിച്ച് ക്രിസ്മസ്കാലത്ത് ബേത്ളഹേമിലേക്ക് ആദരവോടെ നോക്കുന്നു. ഈ ചെറിയ മദ്ധ്യപൂർവ ദേശം “സമാധാനപ്രഭു”വായ യേശുക്രിസ്തുവിന്റെ ജൻമസ്ഥലമാണെന്ന് അവർക്ക് വിചാരമുണ്ട്. നൂററാണ്ടുകളിൽ തീർത്ഥാടകർ ക്രൈസ്തവലോകത്തിന്റെ അതിപരിശുദ്ധ സ്ഥലങ്ങളിലൊന്ന് സന്ദർശിക്കാൻ, ഒരുപക്ഷേ അതിനെ പൂജിക്കാൻ ഇവിടെ തടിച്ചുകൂടിയിട്ടുണ്ട്. അതാണ് ജനനസ്ഥല ഗുഹ, പാരമ്പര്യപ്രകാരമുള്ള യേശുക്രിസ്തുവിന്റെ ജനനസ്ഥലം. അത് ജനനസ്ഥല പള്ളി എന്നു വിളിക്കപ്പെടുന്ന വലിയ ചരിത്രപരമായ സംഘാതത്തിലാണ്.—യെശയ്യാവ് 9:6; മത്തായി 2:1.
യേശുവിന്റെ ജനന സാഹചര്യങ്ങളെക്കുറിച്ചുള്ള സത്യമെന്താണ്? ദൃഷ്ടാന്തത്തിന്, അവൻ എപ്പോഴാണ് ജനിച്ചത്? അവൻ യഥാർത്ഥത്തിൽ ഇപ്പോൾ ജനനസ്ഥല ഗുഹയായിരിക്കുന്നടത്താണോ ജനിച്ചത്? നിങ്ങളോ മററാരെങ്കിലുമോ അവന്റെ ജൻമസ്ഥലത്തെ പൂജിക്കണമോ?
“നാം ബേത്ളഹേമിന്റെ മർമ്മത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ചോദ്യങ്ങളും സംശയങ്ങളും വരുന്നതിനെ തടയാൻ നമുക്ക് കഴിയുകയില്ല.”—മാരിയാ റെററീസാ പെട്രോസി രചിച്ച ബേത്ളഹേം.
‘ചോദ്യങ്ങളും സംശയങ്ങളും എന്തുകൊണ്ട്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഏതായാലും, ക്രിസ്മസിനെ സംബന്ധിച്ച വിവിധ വിശ്വാസങ്ങളും ഈ വിശ്വാസങ്ങളോടു ബന്ധപ്പെട്ട സ്ഥലങ്ങളും വസ്തുതയിൽ അടിസ്ഥാനപ്പെട്ടവയാണ്. അല്ലെങ്കിൽ അങ്ങനെയാണോ?
അവൻ ജനിച്ചതെപ്പോൾ?
യേശുവിന്റെ ജനനദിവസത്തെ സംബന്ധിച്ച് മാരിയാ റെററീസാ പെട്രോസി ചോദിക്കുന്നു: “കൃത്യമായി എപ്പോഴായിരുന്നു വീണ്ടെടുപ്പുകാരൻ ജനിച്ചത്? നാം വർഷം മാത്രമല്ല, മാസവും ദിവസവും മണിക്കൂറും അറിയാൻ ആഗ്രഹിക്കുന്നു. ഗണിതശാസ്ത്രപരമായ കൃത്യത നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്നില്ല.” പുതിയ ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയാ ഇതിനെ പിന്താങ്ങുന്നു: “യേശുക്രിസ്തവിന്റെ ജനനദിവസത്തിന്റെ തീയതി ഏകദേശമായി മാത്രമേ കണക്കുകൂട്ടാൻ കഴിയൂ.” ക്രിസ്തുവിന്റെ ജനനത്തിന്റേതായി പറയുന്ന തീയതിയെക്കുറിച്ച് അത് ഇങ്ങനെ പറയുന്നു: “ഡിസംബർ 25 എന്ന തീയതി ക്രിസ്തുവിന്റെ ജനനത്തോടല്ല, പിന്നെയോ നേററാലിസ് സോളിസ് ഇൻവിക്ററി എന്ന അയനാന്തത്തിലെ റോമൻ സൂര്യോത്സവത്തോടാണ് ഒത്തുവരുന്നത്.”
അതുകൊണ്ട്, ‘യേശു ഡിസംബർ 25ന് അല്ല ജനിച്ചതെങ്കിൽ, അവൻ എപ്പോഴാണ് ജനിച്ചത്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. മത്തായി 26ഉം 27ഉം അദ്ധ്യായങ്ങളിൽനിന്ന് യഹൂദ പെസഹായുടെ കാലത്താണ് യേശു മരിച്ചതെന്ന് നാം മനസ്സിലാക്കുന്നു, അത് ക്രി.വ. 33 ഏപ്രിൽ 1ന് ആണ് തുടങ്ങിയത്. മാത്രവുമല്ല, യേശു തന്റെ ശുശ്രൂഷ തുടങ്ങിയപ്പോൾ അവന് ഏതാണ്ട് 30 വയസ്സായിരുന്നുവെന്ന് ലൂക്കോസ് 3:21-23 നമ്മെ അറിയിക്കുന്നു. അവന്റെ ഭൗമിക ശുശ്രൂഷ മൂന്നര വർഷം നീണ്ടുനിന്നതുകൊണ്ട് അവന്റെ മരണസമയത്ത് അവന് ഏതാണ്ട് 33 1⁄2 വയസ്സായിരുന്നു. ആറു മാസം കൂടെ കഴിഞ്ഞിരുന്നെങ്കിൽ അവന് പൂർണ്ണമായി 34 വയസ്സാകുമായിരുന്നു, അങ്ങനെ ഒക്ടോബർ ഏതാണ്ട് 1-ൽ വരുമായിരുന്നു. യേശു ജനിച്ചതെപ്പോഴെന്നറിയാൻ നാം പിമ്പോട്ട് എണ്ണുന്നുവെങ്കിൽ, നാം ഡിസംബർ 25ലോ ജനുവരി 6ലോ എത്തുന്നില്ല, പിന്നെയോ പൊതുയുഗത്തിനുമുമ്പ് 2 എന്ന വർഷത്തിലെ ഒക്ടോബർ ഏതാണ്ട് 1-ൽ എത്തുന്നു.
ഡിസംബർമാസത്തിൽ ബേത്ളഹേമും അതിന്റെ പരിസരങ്ങളും വർഷകാല ശൈത്യാവസ്ഥക്കും മരവിപ്പിക്കുന്ന മഴകൾക്കും ചിലപ്പോൾ മഞ്ഞിനും വിധേയമാണ്. ആ കാലത്ത് ഇടയൻമാർ രാത്രിയിൽ തങ്ങളുടെ ആട്ടിൻകൂട്ടവുമായി വെളിയിൽ സ്ഥിതിചെയ്യുന്നതായി ഒരുവൻ കാണുകയില്ല. ഇത് അടുത്ത കാലത്തെ ഒരു കാലാവസ്ഥാപ്രതിഭാസമല്ല. യഹൂദാരാജാവായിരുന്ന യെഹോയാക്കീം “ഒമ്പതാം മാസത്തിൽ (നവംബർ-ഡിസംബറിനോട് ഒക്കുന്ന കിസേവ്ള്) തന്റെ മുമ്പാകെ എരിയുന്ന ഒരു നെരിപ്പോടുമായി വർഷകാല വസതിയിൽ ഇരിക്കുകയായിരുന്നു”വെന്ന് തിരുവെഴുത്തുകൾ റിപ്പോർട്ടുചെയ്യുന്നു. (യിരെമ്യാവ് 36:22) അവന് ചൂടുണ്ടായിരിക്കുന്നതിന് താപം ആവശ്യമായിരുന്നു. കൂടാതെ എസ്രാ 10:9, 13-ൽ കിസേവ്ള്മാസം “മഴപൊഴിച്ചിൽ ഉള്ള കാല”മായിരുന്നുവെന്നും “പുറത്തു നിൽക്കുക സാദ്ധ്യമല്ല” എന്നുമുള്ളതിന് വ്യക്തമായ തെളിവു നാം കണ്ടെത്തുന്നു. ഡിസംബറിൽ ബേത്ളഹേമിലെ കാലാവസ്ഥയുടെ സ്ഥിതിഗതികൾ യേശുക്രിസ്തുവിന്റെ ജനനത്തോടു ബന്ധപ്പെട്ട സംഭവങ്ങളുടെ ബൈബിൾവർണ്ണനക്ക് അനുയോജ്യമല്ല എന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു.—ലൂക്കോസ് 2:8-11.
ഏതു സ്ഥലത്ത്?
ക്രിമിയൻ യുദ്ധത്തിന്റെ (1853-56) പ്രചോദനത്തിന്റെ ഭാഗമായിരുന്ന സ്ഥലത്തെക്കുറിച്ചുള്ള ഉചിതമായ വീക്ഷണമെന്താണ്, ഒരു ലക്ഷത്തിൽപരം ഫ്രഞ്ച് പടയാളികളുടെ ജീവഹാനി വരുത്തിക്കൂട്ടിയത് ആ ‘രക്തപങ്കിലമായ പോരാട്ടം’ ആയിരുന്നല്ലോ. ആ സ്ഥാനം യഥാർത്ഥത്തിൽ യേശുക്രിസ്തുവിന്റെ ജനനസ്ഥലമായിരുന്നോ?
ആദ്യംതന്നെ, ബൈബിൾ യേശുവിന്റെ ജനനത്തിന്റെ കൃത്യസ്ഥലം പറയുന്നില്ല. മത്തായിയും ലൂക്കോസും മീഖാ 5:2-ലെ മശിഹൈകപ്രവചനത്തെ യേശുവിന്റെ ജനനം നിവർത്തിച്ചുവെന്ന് സ്ഥിരീകരിക്കുന്നു. “ആദിമകാലങ്ങൾ മുതലുള്ള ഉത്ഭവമുള്ളവനായി, ഇസ്രായേലിൽ ഭരണാധികാരിയായിത്തീരാനുള്ളവൻ” ബേത്ളഹേമിൽനിന്ന് വരുമെന്ന് മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്തായി 2:1, 5; ലൂക്കോസ് 2:4) രണ്ടു സുവിശേഷവിവരണങ്ങളും അവശ്യവിവരങ്ങൾ മാത്രമേ നൽകുന്നുള്ളു, അതായത് യേശു ബേത്ളഹേമിൽ ജനിച്ചുവെന്നും, ലൂക്കോസ് പറയുന്നതനുസരിച്ച്, ശിശു ശീലകൾ കെട്ടി ഒരു പുൽത്തൊട്ടിയിൽ കിടത്തപ്പെട്ടുവെന്നും.—ലൂക്കോസ് 2:7.
ബൈബിളെഴുത്തുകാർ കൂടുതൽ വിശദാംശങ്ങൾ കൂട്ടിച്ചേർക്കാഞ്ഞതെന്തുകൊണ്ട്? മരിയാ റെററീസാ പെട്രോസി ഇങ്ങനെ പ്രസ്താവിക്കുന്നു: “പ്രസ്പഷ്ടമായി ഈ വിശദാംശങ്ങൾ നിരർത്ഥകമെന്ന് പരിഗണിക്കുന്നതിനാൽ സുവിശേഷകൻമാർ അവ അവഗണിക്കുന്നു.” യഥാർത്ഥത്തിൽ, തന്റെ ജനനത്തിന്റെ വിശദാംശങ്ങൾ വിശേഷാൽ അർത്ഥപൂർണ്ണമാണെന്ന് യേശു തന്നെ പരിഗണിച്ചില്ല എന്ന് തെളിവാണ്, എന്തുകൊണ്ടെന്നാൽ അവൻ തന്റെ ജനനത്തീയതിയെക്കുറിച്ചോ കൃത്യമായ ജനനസ്ഥലത്തെക്കുറിച്ചോ പറയുന്നതായി ഒരിക്കൽപോലും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ബേത്ളഹേമിൽ ജനിച്ചുവെങ്കിലും യേശു ആ സ്ഥലത്തെ തന്റെ സ്വന്തസ്ഥലമായി കരുതിയില്ല, എന്നാൽ ഗലീലാപ്രദേശം “തന്റെ സ്വന്ത പ്രദേശ”മായി പരാമർശിക്കപ്പെട്ടു.—മർക്കോസ് 6:1, 3, 4; മത്തായി 2:4, 5; 13:54.
അവൻ ഗലീലയിൽ ജനിച്ചുവെന്ന് വിചാരിച്ചുകൊണ്ട് പൊതുജനങ്ങൾ അവന്റെ ജനനസ്ഥലത്തെക്കുറിച്ച് അജ്ഞരായിരുന്നുവെന്ന് യോഹന്നാൻ 7:40-42-ന്റെ വായന പ്രകടമാക്കുന്നു: “‘ക്രിസ്തു യഥാർത്ഥത്തിൽ ഗലീലയിൽനിന്നല്ല വരുന്നത്, ആണോ?’ എന്ന് ചിലർ പറയുന്നുണ്ടായിരുന്നു.” യോഹന്നാൻ 7:41-ൽ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ദി ചർച്ച്ഓഫ് ദി നേററിവിററി, ബേത്ളഹേം ഇങ്ങനെ നിഗമനംചെയ്യുന്നു: “അങ്ങനെയുള്ള ചർച്ചകൾ ഉയർന്നുവന്നുവെന്നത് അതിൽതന്നെ ക്രിസ്തു ബേത്ളഹേമിൽ ജനിച്ചുവെന്ന വസ്തുതയെ ഖണ്ഡിക്കുന്നില്ല; എന്നാൽ കുറഞ്ഞപക്ഷം അവന്റെ കൂട്ടാളികളിൽ അനേകർക്കും അതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് തെളിയിക്കുന്നു.”
യേശുവിന്റെ സ്വന്തം ഭൗമിക ജീവിതകാലത്ത് അവൻ തന്റെ ജനനത്തിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തിയില്ലെന്ന് അത് പ്രകടമാക്കുന്നു. അവന്റെ ജനനസ്ഥാനത്തിന് ദൃഢത കൊടുക്കപ്പെട്ടില്ല. അങ്ങനെയെങ്കിൽ യോസേഫ് മറിയയുടെ പ്രസവത്തിനുവേണ്ടി അവളെ കൊണ്ടുചെന്ന സ്ഥലം നേററിവിററി ഗ്രോട്ടോ (ജനനസ്ഥല ഗുഹ) ആണെന്നുള്ള വിശ്വാസത്തിന്റെ അടിസ്ഥാനമെന്താണ്?
പെട്രോസി നിർവ്യാജമായി സമ്മതിക്കുന്നു: “ഗ്രോട്ടോ ബേത്ളഹേമിന്റെ പരിസരങ്ങളിൽ സ്ഥിതിചെയ്യുന്ന നിരവധി സ്വാഭാവിക ഗുഹകളിൽ ഒന്നായിരുന്നോ അതോ ഒരു സത്രത്തിൽ ഒരു കാലിത്തൊഴുത്തായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു ശിലാ നിലവറ ആയിരുന്നോ എന്ന് സുനിശ്ചിതമായി അറിയുക സാദ്ധ്യമല്ല. എന്നിരുന്നാലും, 2-ാം നൂററാണ്ടിന്റെ ആദ്യ പകുതിവരെ പിന്നോട്ടുപോകുന്ന പാരമ്പര്യം വ്യക്തമാണ്; അത് ഒരു ഗുഹാ കാലിത്തൊഴുത്താണ്.”—ഇററാലിക്സ് ഞങ്ങളുടേത്.
കേവലം പാരമ്പര്യം
ഏതെന്ന് കൃത്യമായി പറയാതെ യേശു ഒരു ഗുഹയിലാണ് ജനിച്ചതെന്ന് ആദ്യമായി അവകാശപ്പെട്ടത് ക്രി.വ. രണ്ടാം നൂററാണ്ടിലെ ജസ്ററിൻ മാർട്ടറായിരുന്നുവെന്ന് മരിയാ റെററീസാ പെട്രോസിയും ആർ. ഡബ്ലിയൂ. ഹാമിൽററനും ബേത്ളഹേമിന്റെ ചരിത്രത്തിന്റെ മററു വിവിധ വിദ്യാർത്ഥികളും സൂചിപ്പിക്കുന്നു. ജസ്ററിൻ മാർട്ടറുടെ പ്രസ്താവനയെ സംബന്ധിച്ച് ഹാമിൽററൻ ഇങ്ങനെ നിഗമനംചെയ്യുന്നു. “ഇത് ക്ഷണികമായ ഒരു പ്രസ്താവനയാണ്, സെൻറ് ജസ്ററിന്റെ മനസ്സിൽ ഒരു പ്രത്യേക ഗുഹ, അതിലേറെ അവൻ ഇപ്പോഴത്തെ ജനനസ്ഥല ഗുഹയെ പരാമർശിക്കുകയായിരുന്നുവെന്ന് സങ്കൽപ്പിക്കുന്നത് ഒരൊററ പദത്തിന്റെ തെളിവിനെ വളരെയധികം ഊന്നിപ്പറയുകയായിരിക്കും.”
ഒരു അടിക്കുറിപ്പിൽ ഹാമിൽററൻ ഇങ്ങനെ എഴുതുന്നു: “ഏതാണ്ട് അതേ കാലഘട്ടത്തിൽ എഴുതപ്പെട്ട ‘യാക്കോബിന്റെ പുസ്തകം’ അഥവാ ‘പ്രോട്ടെവൻഗേലിയം’ എന്ന അപ്പോക്രിഫാ പുസ്തകത്തിൽ കാണപ്പെടുന്ന ജനനസ്ഥല വിവരണവും ഒരു ഗുഹയെ അവതരിപ്പിക്കുന്നു, എന്നാൽ ബേത്ളഹേമിലേക്കുള്ള വഴിയുടെ പാതി ദൂരത്തിൽ കിടക്കുന്നതായി അതിനെ വർണ്ണിക്കുന്നു. കഥക്ക് ഏതെങ്കിലും ചരിത്ര മൂല്യം ഉള്ളടത്തോളം, ഈ പാരമ്പര്യം ഏതെങ്കിലും ഒരു സ്ഥാനത്തോട്, തീർച്ചയായും ജനനസ്ഥല ഗുഹയോട്, ബന്ധപ്പെടുത്തപ്പെട്ടിരുന്നില്ലെന്ന് സൂചിപ്പിക്കുന്നു.”
മൂന്നാം നൂററാണ്ടിലെ മത എഴുത്തുകാരായിരുന്ന ഓറിജനും യൂസേബിയസും അന്ന് അറിയപ്പെട്ടിരുന്ന പാരമ്പര്യത്തെ ഒരു പ്രത്യേക സ്ഥാനത്തോട് ബന്ധിപ്പിക്കുന്നു. ഹാമിൽററൻ ഇങ്ങനെ ന്യായവാദംചെയ്യുന്നു: “കഥ ഒരു പ്രത്യേക ഗുഹയോട് ബന്ധപ്പെട്ടുകഴിഞ്ഞാൽ അത് അലയാനിടയാകുകയില്ലായിരുന്നു; ക്രി.വ. 200നു ശേഷം ഉടനെ സന്ദർശകർക്ക് കാണിച്ചുകൊടുക്കപ്പെട്ട ഗുഹ ഇപ്പോഴത്തെ ജനനസ്ഥല ഗുഹയോട് സർവസമമായിരുന്നുവെന്ന് നിഗമനം ചെയ്യുന്നത് സുരക്ഷിതമാണ്.”
യെരൂശലേം നഗരത്തിനും പരിസരങ്ങൾക്കും ചുററുമുള്ള നടപ്പുകൾ (1842) എന്ന തന്റെ പുസ്തകത്തിൽ ഡബ്ലിയൂ. എച്ച്. ബാർട്ട്ലററ് ഈ ഗുഹയെ സംബന്ധിച്ച് സന്ദേഹിക്കുന്നു: “ഇതാണ് നമ്മുടെ രക്ഷകന്റെ ജനനസ്ഥലമെന്നുള്ള പാരമ്പര്യം ഗണ്യമായ പുരാതനത്വമുള്ളതും സമീപത്തുള്ള ഒരു അറയിൽ ജീവിക്കുകയും മരിക്കുകയും ചെയ്ത സെൻറ് ജെറോം പറയുന്നതുമാണെങ്കിലും ഈ സ്ഥലം സാദ്ധ്യതക്ക് വിരുദ്ധമാണ്, പലസ്തീനിൽ ചിലപ്പോഴൊക്കെ ഗുഹകൾ കാലിത്തൊഴുത്തുകളായി ഉപയോഗിക്കാറുണ്ടെങ്കിലും അങ്ങനെയുള്ള ഒരു ഉദ്ദേശ്യത്തിൽ ഉപയോഗിക്കാൻ സൗകര്യമില്ലാത്ത വിധം ഇത് ഏറെ ആഴമുള്ളതാണ്; കൂടാതെ, എടുത്തുപറയത്തക്ക തിരുവെഴുത്തുസംഭവങ്ങളുടെ രംഗങ്ങളെ ഒരുപക്ഷേ ഗുഹാസ്ഥാനങ്ങളുടെ ഗാംഭീര്യം നിമിത്തം അവയിൽ സ്ഥിരപ്പെടുത്താനുള്ള സന്യാസിമാരുടെ പ്രവണതയെ നാം കണക്കിലെടുക്കുമ്പോൾ ഈ സ്ഥാനത്തിനെതിരായ സങ്കല്പം മിക്കവാറും അന്തിമമായി കാണപ്പെടുന്നു.”
ലഭ്യമായ ചരിത്രത്തെളിവിൽനിന്നും, അതിലും പ്രധാനമായി, യേശുവോ അവന്റെ ശിഷ്യൻമാരോ അവന്റെ ജനനസ്ഥലത്തിന് യാതൊരു പ്രാധാന്യവും കൊടുത്തില്ലെന്നുള്ള തിരുവെഴുത്തുവസ്തുതയിൽനിന്നും നമുക്ക് എന്ത് നിഗമനംചെയ്യാൻ കഴിയും? മഹാനായ കോൺസ്ററൻറയ്നിന്റെ അമ്മയായിരുന്ന ഹെലനാ രാജ്ഞി ക്രി.വ. 326-ാം വർഷത്തിൽ ജൻമസ്ഥലപള്ളിയുടെ സ്ഥാനം നിശ്ചയിച്ചപ്പോൾ ‘നീണ്ട പാരമ്പര്യത്തോടുള്ള ബന്ധം’ എന്ന നിലയിൽ ഹാമിൽററൻ ഉദ്ധരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അവർ അങ്ങനെ ചെയ്തതെന്ന് തെളിവാണ്. അത് ചരിത്രപരമോ ബൈബിൾപരമോ ആയ തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.
ഇത് ക്രിസ്തുവിന്റെ ജനനത്തിന്റെ യഥാർത്ഥ സ്ഥലം അറിയപ്പെടുന്നില്ലെന്നുള്ള കൂടുതലായ നിഗമനത്തിലേക്കു നയിക്കുന്നു. അതുകൊണ്ട് വിശ്വസ്തർ ജനനസ്ഥല ഗുഹപോലെയുള്ള സ്ഥലങ്ങളിലേക്ക് തീർത്ഥാടനം നടത്തുകയും അവയെ പൂജിക്കുകയും ചെയ്യണമെന്നുള്ളത് യുക്തിയുക്തമാണോ? തീർച്ചയായും ക്രിസ്ത്യാനികളോട് അങ്ങനെയുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ യേശുതന്നെ ഈ കടപ്പാടിനെക്കുറിച്ച് അല്ലെങ്കിൽ അവന്റെ ഭാഗത്തെ അങ്ങനെയുള്ള ആഗ്രഹമെങ്കിലും ശിഷ്യൻമാരെ അറിയിക്കുകയില്ലായിരുന്നോ? മനുഷ്യവർഗ്ഗലോകം വായിക്കാൻവേണ്ടി അത് ദൈവവചനമാകുന്ന ബൈബിളിൽ രേഖപ്പെടുത്തുകയില്ലായിരുന്നോ? വിശുദ്ധ തിരുവെഴുത്തുകളിൽ അങ്ങനെയുള്ള തെളിവുകൾ പ്രമുഖമായി കാണപ്പെടാത്തതിനാൽ യേശു സ്മർത്തവ്യമായി പരിഗണിച്ചതെന്താണെന്ന് നാം അന്വേഷിക്കുന്നത് നല്ലതാണ്.
നാം എത്ര അന്വേഷിച്ചാലും, തലമുറകളിലെല്ലാം തന്റെ ശിഷ്യൻമാർ അനുസ്മരിക്കേണ്ടിയിരുന്ന ഏക അവസരം അവന്റെ ബലിമരണത്തിന്റേതാണെന്നേ നാം കണ്ടെത്തുകയുള്ളു. അവൻ തന്റെ ശിഷ്യൻമാരോടുകൂടെ അവസാനത്തെ പെസഹാ ആഘോഷിച്ച ശേഷം താമസിയാതെ അവൻ വസന്തത്തിൽ മരിച്ചു. ആ അവസരത്തിൽ മാററ്സോത്ത് പോലെയുള്ള പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ഉപയോഗിച്ച് ഒരു പ്രതീകാത്മക ഭക്ഷണം ആസ്വദിക്കാൻ അവൻ തന്റെ വിശ്വസ്ത ശിഷ്യൻമാരെ നയിച്ചു. ഈ ലളിതമായ ചടങ്ങ് ആദ്യം ക്രി.വ. 33 ഏപ്രിൽ 1ന് നടന്നു. “എന്റെ ഓർമ്മക്കായി ഇത് ചെയ്തുകൊണ്ടിരിക്കുക” എന്ന് അവൻ അതിനെക്കുറിച്ച് കല്പിച്ചു.—ലൂക്കോസ് 22:19, 20.
യേശുവിൽനിന്നുതന്നെയുള്ള ഈ കല്പനയോടുള്ള അനുസരണത്തിൽ, ലോകമാസകലമുള്ള യഹോവയുടെ സാക്ഷികൾ ക്രിസ്തുവിന്റെ ബലിമരണത്തിന്റെ സ്മാരകം വാർഷികമായി ആഘോഷിക്കുന്നു. അവർ യരൂശലേമിലെ ഒരു മാളികമുറിയിൽ ഏതെങ്കിലും പ്രത്യേകസ്ഥലത്ത് ഈ ക്രിസ്തീയ കൂടിവരവ് നടത്തുന്നില്ല, എന്തുകൊണ്ടെന്നാൽ യേശു അങ്ങനെ നിഷ്ക്കർഷിച്ചില്ല. എന്നാൽ ലോകത്തുടനീളം അവർ തങ്ങളുടെ രാജ്യഹാളുകളിലും തങ്ങളുടെ പ്രദേശത്തെ അനുയോജ്യമായ മററു യോഗസ്ഥലങ്ങളിലും സമ്മേളിക്കുന്നു. അടുത്ത ആഘോഷം 1992 ഏപ്രിൽ 17ന് സൂര്യാസ്തമയശേഷം നടക്കുന്നതായിരിക്കും. നിങ്ങളുടെ വീടിനോട് ഏററവും അടുത്ത യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ഹാജരാകാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.
യേശുവിന്റെ കല്പന അനുസരിച്ച്, ഈ പ്രധാനപ്പെട്ട ആഘോഷത്തിന് ഹാജരാകുന്നതിന്, നിങ്ങൾ യെരൂശലേമിലേക്കോ ബേത്ളഹേമിലേക്കോ യാത്രചെയ്യേണ്ടതില്ല. യേശുവോ അവന്റെ ശിഷ്യൻമാരോ ക്രിസ്തീയാരാധനയുടെ മുഖ്യസംഗതികളായി സ്ഥലങ്ങൾക്ക് പ്രാധാന്യമാരോപിച്ചില്ല. മറിച്ച്, ശമര്യയിലെ ഒരു പർവതമായ ഗരീസിമിൽ തന്റെ ആരാധന കേന്ദ്രീകരിച്ച ഒരു ശമര്യക്കാരിസ്ത്രീയോട് യേശു ഇങ്ങനെ പറഞ്ഞു: “സ്ത്രീയേ എന്നെ വിശ്വസിക്കുക. നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ പർവതത്തിലോ യെരൂശലേമിലോ അല്ലാത്ത നാഴിക വരുന്നു. എന്നിരുന്നാലും, സത്യാരാധകർ പിതാവിനെ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കുന്ന നാഴിക വരുന്നു, അത് ഇപ്പോഴാണുതാനും, എന്തുകൊണ്ടെന്നാൽ തീർച്ചയായും തന്നെ ആരാധിക്കാൻ പിതാവ് അങ്ങനെയുള്ളവരെ അന്വേഷിക്കുകയാണ്.”—യോഹന്നാൻ 4:21, 23.
പിതാവിനെ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കുന്നവർ ബേത്ളഹേം പോലെയുള്ള പ്രത്യേകസ്ഥാനങ്ങളെയോ പ്രതിമകൾ പോലെയുള്ള വസ്തുക്കളെയോ തങ്ങളുടെ ആരാധനയിൽ ആശ്രയിക്കുന്നില്ല. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “നമുക്ക് ശരീരത്തിൽ നമ്മുടെ ഭവനമുണ്ടായിരിക്കെ, നാം കർത്താവിൽനിന്ന് വിട്ടുനിൽക്കുന്നു, എന്തെന്നാൽ നാം കാഴ്ചയാലല്ല, വിശ്വാസത്താലാണ് നടക്കുന്നത്.”—2 കൊരിന്ത്യർ 5:6, 7.
എന്നിരുന്നാലും, ഒരുവന് ദൈവത്തിന് സ്വീകാര്യമായ ഒരു രീതിയിൽ എങ്ങനെ അവനെ ആരാധിക്കാൻ കഴിയുമെന്ന് നിങ്ങൾ ഇപ്പോഴും ചിന്തിച്ചേക്കാം. അടുത്ത പ്രാവശ്യം യഹോവയുടെ സാക്ഷികളിൽ ഒരാൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ വരുമ്പോൾ ദയവായി അയാളോട് ചോദിക്കുക. (w90 12⁄15)
[22-ാം പേജിലെ ചിത്രം]
വർഷകാലത്ത്, ബേത്ളഹേമിനടുത്തുള്ള ഭൂഭാഗത്ത് മഞ്ഞ് പുതഞ്ഞേക്കാം. ഇടയൻമാർ തങ്ങളുടെ ആടുകളുമായി പുറത്ത് ഉറങ്ങുമോ?
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[23-ാം പേജിലെ ചിത്രം]
ബേത്ളഹേമിലെ ജനനസ്ഥല പള്ളിയും അതിലെ ഭൂഗർഭ ഗുഹയും
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[കടപ്പാട്]
Garo Nalbandian