ഒരു വിധവയെന്ന നിലയിൽ ഞാൻ യഥാർത്ഥമായ ആശ്വാസം കണ്ടെത്തി
ലില്ലി ആർതർ പറഞ്ഞപ്രകാരം
ഇൻഡ്യയിലെ ഊട്ടിയുടെ ഒരു ഭാഗത്ത് യഹോവയുടെ സാക്ഷികളുടെ യുവശുശ്രൂഷകരിൽ ഒരുവൻ വീടുതോറും സന്ദർശിച്ചുകൊണ്ടിരിക്കുകയായിരുന്നു. നാട്ടുനടപ്പനുസരിച്ച് അത്തരം ഒരു അപരിചിതന് വനിതകൾ കതകു തുറന്നുകൊടുക്കാറില്ല. കുറെ മണിക്കൂറുകൾക്കുശേഷം ക്ഷീണിച്ച് കുറച്ചൊക്കെ നിരുത്സാഹിതനായി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് അയാൾ തിരിഞ്ഞു. എന്നാൽ അയാൾ നിന്നു, അടുത്ത വീടു സന്ദർശിക്കാൻ എങ്ങനെയോ പ്രേരിതനായി. അയാൾക്കു കതകു തുറന്നുകൊടുത്ത വനിത വർണ്ണിക്കുന്നതനുസരിച്ച് എന്തു സംഭവിച്ചുവെന്ന് പരിചിന്തിക്കുക.
എന്റെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൈകളിലേന്തിക്കൊണ്ടും ഇരുപത്തിരണ്ടു മാസം പ്രായമുള്ള മകനെ എന്റെ അരികിൽ നിർത്തിക്കൊണ്ടും ഞാൻ കതകു തുറന്നപ്പോൾ ഒരു അപരിചിതൻ അവിടെ നിൽക്കുന്നതു കണ്ടു. തലേ ദിവസം രാത്രിയിൽ ഞാൻ അതികഠിനമായ ദുഃഖത്തിലായിരുന്നു. ആശ്വാസംതേടിക്കൊണ്ട് ഞാൻ പ്രാർത്ഥിച്ചു: “സ്വർഗ്ഗീയപിതാവേ, അങ്ങയുടെ വചനത്താൽ എന്നെ ദയവായി ആശ്വസിപ്പിക്കേണമേ.” ഇപ്പോൾ, എന്നെ അതിശയിപ്പിക്കുന്ന വിധത്തിൽ ആ അപരിചിതൻ പറഞ്ഞു: “ദൈവവചനത്തിൽനിന്ന് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ഒരു ദൂത് ഞാൻ നിങ്ങൾക്ക് കൊണ്ടുവരുകയാണ്.” നിശ്ചയമായും അയാൾ ദൈവത്താൽ അയക്കപ്പെട്ട ഒരു പ്രവാചകനാണെന്ന് എനിക്ക് തോന്നി. എന്നാൽ സഹായത്തിനുവേണ്ടി പ്രാർത്ഥിക്കാൻ എന്നെ പ്രേരിപ്പിച്ച സാഹചര്യം എന്താണ്?
ബൈബിൾസത്യങ്ങൾ പഠിക്കുന്നു
ദക്ഷിണേന്ത്യയിലെ മനോഹരമായ നീലഗിരിമലകളിലെ ഗൂഡല്ലൂർ ഗ്രാമത്തിൽ ഞാൻ 1922-ൽ ജനിച്ചു. എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ എന്റെ അമ്മ മരിച്ചു. ഒരു പ്രൊട്ടസ്ററൻറ്പുരോഹിതനായിരുന്ന എന്റെ പിതാവ് പിന്നീട് പുനർവിവാഹംചെയ്തു. ഞങ്ങൾ സംസാരിക്കാറായ ഉടനെ എന്റെ സഹോദരൻമാരെയും സഹോദരികളെയും എന്നെയും പിതാവ് പ്രാർത്ഥിക്കാൻ പഠിപ്പിച്ചു. എനിക്ക് നാലു വയസ്സുള്ളപ്പോൾ പിതാവ് തന്റെ ഡസ്ക്കിനരികിൽ ഇരുന്ന് ബൈബിൾ വായിക്കുമ്പോൾ ഞാൻ തറയിൽ ഇരുന്ന് എന്റെ സ്വന്തം ബൈബിൾ വായിക്കുമായിരുന്നു.
ഞാൻ വളർന്നുവന്നപ്പോൾ ഒരു അദ്ധ്യാപികയായി. എനിക്ക് ഇരുപത്തൊന്നു വയസ്സായപ്പോൾ എന്റെ പിതാവ് എനിക്ക് വിവാഹം ക്രമീകരിച്ചു. ഒരു മകൻ സുന്ദറിനാലും പിന്നീട് ഒരു മകൾ രത്നയാലും എന്റെ ഭർത്താവും ഞാനും അനുഗ്രഹിക്കപ്പെട്ടു. രത്ന ജനിച്ച സമയത്തോടടുത്ത് എന്റെ ഭർത്താവ് വളരെ രോഗബാധിതനായി, പിന്നീട് പെട്ടെന്നുതന്നെ അദ്ദേഹം മരിച്ചു. 24-ാം വയസ്സിൽ രണ്ടു കൊച്ചുകുട്ടികളെ വളർത്തേണ്ട ഉത്തരവാദിത്തത്തോടെ ഞാൻ പെട്ടെന്നുതന്നെ വിധവയായി.
അനന്തരം, എന്നെ തന്റെ വചനത്തിൽനിന്ന് ആശ്വസിപ്പിക്കാൻ ഞാൻ ദൈവത്തോട് വിനീതമായി യാചിച്ചു. അടുത്ത ദിവസമാണ് യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷകൻ സന്ദർശിച്ചത്. ഞാൻ അയാളെ അകത്തേക്കു ക്ഷണിച്ചു. “ദൈവം സത്യവാൻ” പുസ്തകം സ്വീകരിച്ചു. ആ രാത്രിയിൽ ഞാൻ അത് വായിക്കുമ്പോൾ യഹോവയെന്ന നാമം ഞാൻ കണ്ടത് എനിക്ക് വളരെ അപരിചിതമായിരുന്നു. പിന്നീട് ആ ശുശ്രൂഷകൻ തിരിച്ചുവന്ന് ഇത് ദൈവനാമമാണെന്ന് എനിക്ക് കാണിച്ചുതന്നു.
ത്രിത്വം, നരകാഗ്നി എന്നിവപോലുള്ള ഉപദേശങ്ങൾ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലല്ലെന്നുംകൂടെ ഞാൻ പഠിച്ചു. ദൈവരാജ്യത്തിൻകീഴിൽ ഭൂമി ഒരു പറുദീസായായിത്തീരുമെന്നും മരിച്ച പ്രിയപ്പെട്ടവർ പുനരുത്ഥാനത്തിൽ തിരികെ വരുമെന്നും ഞാൻ പഠിച്ചപ്പോൾ എനിക്ക് പ്രത്യാശയും ആശ്വാസവും കൈവന്നു. എല്ലാററിനുമുപരിയായി എന്റെ പ്രാർത്ഥന കേൾക്കുകയും എന്റെ സഹായത്തിനെത്തുകയും ചെയ്ത സത്യദൈവമായ യഹോവയെ ഞാൻ അറിയാനും സ്നേഹിക്കാനും തുടങ്ങി.
പുതുതായി കണ്ടെത്തിയ അറിവ് പങ്കിടുന്നു
ദൈവനാമത്തോടുകൂടിയ ആ ബൈബിൾവാക്യങ്ങൾ ഞാൻ വായിക്കാതെ വിട്ടുകളഞ്ഞത് എങ്ങനെയെന്ന് ഞാൻ അതിശയിക്കാൻ തുടങ്ങി. ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ വ്യക്തമായ പ്രത്യാശ ഞാൻ കണ്ടെത്താതിരുന്നത് എന്തുകൊണ്ട്? പ്രൊട്ടസ്ററൻറ് മിഷനറിമാർ നടത്തുന്ന ഒരു സ്കൂളിൽ ഞാൻ പഠിപ്പിച്ചുകൊണ്ടിരുന്നതിനാൽ സ്കൂൾമാനേജരെ ആ വാക്യങ്ങളൊക്കെ ഞാൻ കാണിച്ചു. (പുറപ്പാട് 6:3; സങ്കീർത്തനം 37:29; 83:18; യെശയ്യാവ് 11:6-9; വെളിപ്പാട് 21:3, 4) നാം എങ്ങനെയോ അവയെ കാണാതെ വിട്ടുകളഞ്ഞുവെന്ന് ഞാൻ പറഞ്ഞു. എന്നാൽ ആശ്ചര്യമെന്നു പറയട്ടെ, അവർക്കതിഷ്ടപ്പെട്ടില്ല.
അനന്തരം ഈ വേദവാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് മറെറാരു ടൗണിലായിരുന്ന പ്രിൻസിപ്പലിനു ഞാൻ എഴുതി. അവരോടു സംസാരിക്കാൻ എനിക്കൊരവസരത്തിനുവേണ്ടി ഞാൻ അപേക്ഷിച്ചു. ഇംഗ്ലണ്ടിൽനിന്നുള്ള ഒരു പ്രസിദ്ധ പുരോഹിതനായിരുന്ന അവരുടെ പിതാവ് ഇക്കാര്യം സംബന്ധിച്ച് എന്നോട് ചർച്ചചെയ്യുമെന്ന് അവർ മറുപടിനൽകി. ഈ പ്രിൻസിപ്പലിന്റെ സഹോദരൻ ഒരു പ്രധാന ബിഷപ്പായിരുന്നു.
വാദവിഷയങ്ങളും വാക്യങ്ങളുമെല്ലാം തയ്യാർചെയ്ത് എന്റെ “ദൈവം സത്യവാൻ” പുസ്തകവുമെടുത്ത് കുട്ടികളെയുംകൊണ്ട് ഞാൻ അടുത്തുള്ള പട്ടണത്തിലേക്കു പോയി. യഹോവ ആരാണെന്നും ത്രിത്വം ഇല്ലെന്നും ഞാൻ പഠിച്ചിരുന്ന മററു വിഷയങ്ങളും ഞാൻ ഉത്സാഹത്തോടെ വിവരിച്ചു. അവർ കുറെ സമയം ശ്രദ്ധിച്ചുവെങ്കിലും ഒരു വാക്കുപോലും പറഞ്ഞില്ല. അനന്തരം ഇംഗ്ലണ്ടിൽനിന്നുള്ള പുരോഹിതൻ പറഞ്ഞു: “ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം”. അയാൾ എനിക്കുവേണ്ടി പ്രാർത്ഥിച്ചു എന്നെ പറഞ്ഞയച്ചു.
തെരുവുസാക്ഷീകരണം
ഒരു ദിവസം വീക്ഷാഗോപുരം, ഉണരുക! മാസികകൾ ഉപയോഗിച്ചു തെരുവുസാക്ഷീകരണം നടത്താൻ യഹോവയുടെ സാക്ഷികളുടെ ആ ശുശ്രൂഷകൻ എന്നെ ക്ഷണിച്ചു. ഞാൻ അത് ഒരിക്കലും ചെയ്യുകയില്ലെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. വീടുതോറും പോകുകയോ തെരുവിൽ നിൽക്കുകയോ ചെയ്യുന്ന ഒരു സ്ത്രീയെക്കുറിച്ച് ഇൻഡ്യയിലെ ജനങ്ങൾ ഏററവും മോശമായി ചിന്തിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ. ഇത് അവളുടെയും അവളുടെ കുടുംബത്തിന്റെയും സൽപേരിന് നിന്ദവരുത്തുന്നതാണ്. ഞാൻ എന്റെ പിതാവിനെ ആഴമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹത്തിൻമേൽ നിന്ദവരുത്താൻ ഞാൻ ആഗ്രഹിച്ചില്ല.
എന്നാൽ ശുശ്രൂഷകൻ എന്നെ ഒരു വേദവാക്യം കാണിച്ചത് ഇങ്ങനെ പറയുന്നു: “എന്റെ മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന് നീ ജ്ഞാനിയായിരിക്കുകയും എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യുക.” (സദൃശവാക്യങ്ങൾ 27:11, ജെയിംസ്രാജാവിന്റെ ഭാഷാന്തരം) അദ്ദേഹം പറഞ്ഞു: “നീ അവന്റെയും അവന്റെ രാജ്യത്തിന്റെയും പക്ഷത്താണെന്ന് പരസ്യമായി കാണിക്കുന്നതിനാൽ നീ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാണ്.” യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ എല്ലാററിനുമുപരിയായി ഞാൻ ആഗ്രഹിച്ചതുകൊണ്ട് ഞാൻ മാസികാബാഗുമെടുത്ത് തെരുവുസാക്ഷീകരണത്തിന് അദ്ദേഹത്തിന്റെകൂടെ പോയി. ഞാൻ അത് എങ്ങനെ ചെയ്തുവെന്ന് എനിക്ക് ഇപ്പോൾ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. അത് 1946-ൽ ഞാൻ സന്ദർശിക്കപ്പെട്ട ശേഷം ഏകദേശം നാലുമാസം കഴിഞ്ഞായിരുന്നു.
ഭയങ്ങളെ നേരിടുന്നതിനു പ്രോൽസാഹിപ്പിക്കപ്പെട്ടു
ഞാൻ 1947-ൽ ഇൻഡ്യയുടെ കിഴക്കെ സമുദ്രതീരത്ത് മദ്രാസ് നഗരപ്രാന്തത്തിൽ അദ്ധ്യാപകജോലി സ്വീകരിച്ച് കുട്ടികളെയുംകൊണ്ട് മാറിത്താമസിച്ചു. യഹോവയുടെ സാക്ഷികളുടെ ഏകദേശം 8 പേരുടെ ഒരു കൂട്ടം നഗരത്തിൽ ക്രമമായി കൂടിവന്നിരുന്നു. ഈ യോഗങ്ങൾക്കു ഹാജരാകാൻ ഞങ്ങൾ 25 കിലോമീററർ യാത്രചെയ്യേണ്ടിയിരുന്നു. ആ കാലത്ത് ഇൻഡ്യയിൽ സാധാരണയായി സ്ത്രീകൾ തനിച്ച് യാത്രചെയ്തിരുന്നില്ല. തങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ അവർ പുരുഷൻമാരെ ആശ്രയിച്ചിരുന്നു. ഒരു ബസ്സിൽ കയറുന്നതെങ്ങനെ, ഒരു ടിക്കററ് ചോദിക്കുന്നതെങ്ങനെ, ബസ്സിൽനിന്നിറങ്ങുന്നതെങ്ങനെ എന്നീ കാര്യങ്ങൾ എനിക്കറിയാൻപാടില്ലായിരുന്നു. യഹോവയെ സേവിക്കുന്നതിനുള്ള ബാദ്ധ്യത എനിക്കുണ്ടെന്നു തോന്നി, എന്നാൽ എങ്ങനെ? അതുകൊണ്ട് ഞാൻ പ്രാർത്ഥിച്ചു: “യഹോവയാം ദൈവമേ, അങ്ങയെ സേവിക്കാതെ എനിക്ക് ജീവിക്കാൻ സാദ്ധ്യമല്ല. എന്നാൽ വീടുതോറും പോകുന്നത് ഒരു ഇൻഡ്യാക്കാരിയായ സ്ത്രീയെന്ന നിലയിൽ എനിക്ക് ഏററവും അസാദ്ധ്യമാണ്.”
ഈ സംഘട്ടനത്തിൽനിന്ന് എന്നെ വിടുവിക്കുന്നതിന് മരിക്കാൻ യഹോവ എന്നെ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നിരുന്നാലും ബൈബിളിൽനിന്ന് ചിലതു വായിക്കാൻ ഞാൻ തീരുമാനിച്ചു. യിരെമ്യാവിന്റെ പുസ്തകം ഞാൻ തുറക്കാനിടയായി, അവിടെ പ്രസ്താവിക്കുന്നത്: “ഞാൻ ഒരു ബാലനാണെന്ന് നീ പറയരുത്, ഞാൻ നിന്നെ അയക്കുന്നവരുടെ അടുത്തേക്ക് നീ പോകണം. ഞാൻ നിന്നോടു കല്പിക്കുന്ന കാര്യങ്ങളെല്ലാം നീ സംസാരിക്കണം; അവർ നിമിത്തം നീ ഭയപ്പെടരുത്, എന്തുകൊണ്ടെന്നാൽ നിന്നെ വിടുവിക്കുന്നതിന് ഞാൻ നിന്നോടുകൂടെയുണ്ട്.”—യിരെമ്യാവ് 1:7, 8.
നിശ്ചയമായും യഹോവ എന്നോടു സംസാരിക്കുന്നതായി എനിക്കു തോന്നി. അങ്ങനെ ഞാൻ ധൈര്യം പ്രാപിക്കുകയും ഉടൻതന്നെ എന്റെ തയ്യൽമെഷീന്റെ അടുത്തേക്കു പോയി മാസിക വെച്ചുകൊണ്ടുപോകുന്നതിന് ഒരു ബാഗ് തയ്ക്കുകയുംചെയ്തു. ആത്മാർത്ഥമായ പ്രാർത്ഥനക്കുശേഷം ഞാൻ തനിയെ വീടുതോറും പോയി, എന്റെ സാഹിത്യങ്ങളെല്ലാം സമർപ്പിച്ചു, ആ ദിവസംതന്നെ ഒരു ബൈബിളദ്ധ്യയനവും ആരംഭിച്ചു. എന്റെ ജീവിതത്തിൽ യഹോവക്ക് ഒന്നാംസ്ഥാനം കൊടുക്കുന്നതിന് ഞാൻ തീരുമാനിച്ചു, ഞാൻ അവനിൽ പൂർണ്ണമായ ആശ്രയവും ദൃഢവിശ്വാസവും അർപ്പിച്ചു. വാഗ്രൂപേണയുള്ള നിന്ദയുണ്ടായിരുന്നിട്ടും പരസ്യമായ പ്രസംഗവേല എന്റെ ജീവിതത്തിന്റെ നിരന്തരമായ ഒരു ഭാഗമായിത്തീർന്നു. എതിർപ്പുണ്ടായിരുന്നെങ്കിലും എന്റെ പ്രവർത്തനം ചിലരിൽ ശക്തമായ മതിപ്പുളവാക്കി.
നിരവധി വർഷങ്ങൾക്കുശേഷം ഞാനും എന്റെ മകളും വീടുതോറുമുള്ള പ്രസംഗവേലക്കായി മദ്രാസിൽ ചെന്നപ്പോൾ ഇത് ഉദാഹരിക്കപ്പെട്ടു. ഹൈക്കോർട്ടിലെ ഒരു ജഡ്ജിയായ ഒരു ഹിന്ദു മഹാനുഭാവൻ എന്റെ പ്രായത്തെ തെററിദ്ധരിച്ച് പറഞ്ഞു: “നീ ജനിക്കുന്നതിനു മുമ്പുതന്നെ എനിക്ക് ഈ മാസികകളെക്കുറിച്ചറിയാം! മുപ്പതു വർഷം മുമ്പ് ഒരു സ്ത്രീ മൗണ്ട്റോഡിൽ നിന്നുകൊണ്ട് നിരന്തരം ഇവ നൽകിയിരുന്നു.” അദ്ദേഹം ഒരു വരിസംഖ്യ തന്നു.
മറെറാരു ഭവനത്തിൽ ഒരു ബ്രാഹ്മണൻ, ജോലിയിൽനിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥൻ, ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചുകൊണ്ടു പറഞ്ഞു: “അനേകം വർഷങ്ങൾക്കുമുമ്പ് ഒരു വനിത മൗണ്ട്റോഡിൽ നിന്നുകൊണ്ട് വീക്ഷാഗോപുരം വിതരണം ചെയ്യുമായിരുന്നു. അവരോടുള്ള ബഹുമാനാർത്ഥം നിങ്ങൾ നൽകുന്നവ ഞാൻ സ്വീകരിക്കാം.” ഇവർ രണ്ടു പേരും പരാമർശിച്ച വനിത ഞാനായിരുന്നുവെന്നറിഞ്ഞ് ഞാൻ പുഞ്ചിരിച്ചു.
ശക്തീകരിക്കപ്പെടുകയും അനുഗ്രഹിക്കപ്പെടുകയുംചെയ്യുന്നു
ഞാൻ യഹോവക്ക് എന്നേത്തന്നെ സമർപ്പിച്ചിരിക്കുന്നുവെന്ന് ഞാൻ ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തിയത് 1947 ഒക്ടോബറിലായിരുന്നു. ആ കാലത്ത് തമിഴ് സംസാരിക്കുന്ന വനിതാസാക്ഷിയായി സംസ്ഥാനത്ത് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ വിശ്വസ്തരും കർമ്മോൽസുകരുമായ ശതക്കണക്കിന് തമിഴ് വനിതകൾ ഇന്ന് യഹോവയുടെ സാക്ഷികളായിട്ടുണ്ട്.
ഞാൻ സ്നാപനമേററശേഷം എല്ലാവശങ്ങളിൽനിന്നും എതിർപ്പുണ്ടായി. എന്റെ സഹോദരൻ എഴുതി: “നീ സകല അന്തസ്സും ഔചിത്യവും കളഞ്ഞുകുളിച്ചിരിക്കുന്നു.” ഞാൻ ജോലിചെയ്തിരുന്ന സ്കൂളിൽനിന്നും സമുദായത്തിൽനിന്നുംകൂടെ എനിക്കെതിർപ്പുണ്ടായി. എന്നിരുന്നാലും നിരന്തരമുള്ള ആത്മാർത്ഥമായ പ്രാർത്ഥനയാൽ ഞാൻ യഹോവയോട് പൂർവാധികം അടുത്തു പററിനിന്നു. ഞാൻ അർദ്ധരാത്രിയിൽ ഉണർന്നെഴുന്നേൽക്കുമെങ്കിൽ ഉടൻതന്നെ ഞാൻ മണ്ണെണ്ണവിളക്കു കൊളുത്തി പഠിക്കുമായിരുന്നു.
ഞാൻ ശക്തയാക്കപ്പെട്ടതിനാൽ മററുള്ളവരെ ആശ്വസിപ്പിക്കുന്നതിനും സഹായിക്കുന്നതിനും ഞാൻ മെച്ചപ്പെട്ട ഒരു സ്ഥാനത്തായിരുന്നു. ഞാൻ ബൈബിളദ്ധ്യയനം നടത്തിയ ഒരു പ്രായമുള്ള ഹൈന്ദവസ്ത്രീ യഹോവയുടെ ആരാധനക്കായി ഒരു ഉറച്ച നില സ്വീകരിച്ചു. അവർ മരിച്ചപ്പോൾ ആ കുടുംബത്തിലെ മറെറാരു സ്ത്രീ പറഞ്ഞു: “അവർ അന്ത്യംവരെ ആരാധിക്കാൻ തെരഞ്ഞെടുത്ത ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു ഞങ്ങളെ ഏററവും സന്തുഷ്ടരാക്കിയ സംഗതി.”
ഞാൻ അദ്ധ്യയനം നടത്തിയിരുന്ന മറെറാരു സ്ത്രീ ഒരിക്കലും പുഞ്ചിരിച്ചിരുന്നില്ല. അവരുടെ മുഖത്ത് എല്ലായ്പ്പോഴും ഉത്ക്കണ്ഠയും സങ്കടവും പ്രതിഫലിച്ചിരുന്നു. എന്നാൽ യഹോവയെപ്പററി അവരെ പഠിപ്പിച്ച ശേഷം, യഹോവക്ക് നമ്മുടെ പ്രശ്നങ്ങൾ അറിയാവുന്നതുകൊണ്ടും നമ്മെ അവൻ കരുതുന്നതുകൊണ്ടും അവനോടു പ്രാർത്ഥിക്കാൻ ഞാൻ അവരെ പ്രോൽസാഹിപ്പിച്ചു. അടുത്ത ആഴ്ചയിൽ അവരുടെ മുഖം പ്രകാശിച്ചിരുന്നു. ആ സമയത്തായിരുന്നു അവർ ആദ്യമായി പുഞ്ചിരിച്ചതായി കാണപ്പെട്ടത്. “ഞാൻ യഹോവയോട് പ്രാർത്ഥിക്കുന്നുണ്ട്,” “എനിക്ക് മനസ്സിലും ഹൃദയത്തിലും സമാധാനമുണ്ട്” എന്ന് അവർ വിശദീകരിച്ചു. അവർ യഹോവക്ക് ജീവിതം സമർപ്പിക്കുകയും നിരവധി പ്രയാസങ്ങളുണ്ടായിരുന്നിട്ടും വിശ്വസ്തയായി നിലനിൽക്കുകയുംചെയ്തു.
ഉത്തരവാദിത്തങ്ങൾ സമീകരിക്കുന്നു
സംരക്ഷിക്കുന്നതിന് രണ്ടു കൊച്ചു കുട്ടികളുള്ളപ്പോൾ, ഒരു പയനിയറായി യഹോവയെ മുഴുസമയവും സേവിക്കണമെന്നുള്ള എന്റെ ആഗ്രഹത്തിന്റെ സാക്ഷാത്ക്കാരം മിക്കവാറും അസാദ്ധ്യമാണെന്ന് എനിക്കു തോന്നി. എന്നിരുന്നാലും അപ്പോൾ ബൈബിൾസാഹിത്യങ്ങൾ തമിഴിലേക്ക് വിവർത്തനംചെയ്യുന്നതിനുള്ള ഒരു പുതിയ സേവനമാർഗ്ഗം തുറക്കുകയും അതിന് ഒരാൾ ആവശ്യമായിത്തീരുകയുംചെയ്തു. യഹോവയുടെ സഹായത്താൽ ആ നിയമനം നിർവഹിക്കാൻ ഞാൻ പ്രാപ്തയായിത്തീർന്നു, അതേസമയം ഒരു അദ്ധ്യാപികയായി ലൗകികജോലി ചെയ്യുകയും കുട്ടികളെ വളർത്തുകയും എന്റെ വീട്ടുജോലികൾ ചെയ്യുകയും എല്ലാ യോഗങ്ങൾക്കും ഹാജരാകുകയും വയൽസേവനത്തിൽ പങ്കെടുക്കുകയുംചെയ്തു. അവസാനം എന്റെ കുട്ടികൾ വളർന്ന് പ്രായമായപ്പോൾ ഞാൻ ഒരു പ്രത്യേകപയനിയറായി. ഈ പദവി കഴിഞ്ഞ 33 വർഷമായി ഞാൻ ആസ്വദിച്ചുകൊണ്ടിരിക്കുന്നു.
സുന്ദറും രത്നയും കൊച്ചുകുട്ടികളായിരിക്കുമ്പോൾത്തന്നെ യഹോവയോടുള്ള സ്നേഹം അവരുടെ മനസ്സിൽ പടിപടിയായി കടത്താനും അവരുടെ ജീവിതത്തിന്റെ ഓരോ വശത്തും അവന്റെ താത്പര്യം എല്ലായ്പ്പോഴും ഒന്നാമതു വെക്കുന്നതിനുമുള്ള ഒരു ആഗ്രഹം അവരിൽ വളർത്താനും ഞാൻ ശ്രമിച്ചു. അവർ ഉണർന്നെഴുന്നേൽക്കുമ്പോൾ ഒന്നാമത് സംസാരിക്കേണ്ടതും ഉറങ്ങാൻപോകുമ്പോൾ അവസാനമായി സംസാരിക്കേണ്ടതും യഹോവയോടാണെന്നും അവർ അറിഞ്ഞു. സ്കൂൾ-ഗൃഹപാഠം നിമിത്തം ക്രിസ്തീയയോഗങ്ങൾക്ക് ഹാജരാകാൻ തയ്യാറാകുന്നതോ വയൽസേവനത്തിൽ പങ്കെടുക്കുന്നതോ അവഗണിക്കാൻ പാടില്ലെന്ന് അവർ മനസ്സിലാക്കി. അവരുടെ വിദ്യാഭ്യാസം ഏററവും നന്നായി നിർവഹിക്കാൻ ഞാൻ അവരെ പ്രോൽസാഹിപ്പിച്ച അതേസമയം അവരുടെ ജീവിതത്തിലെ ഏററവും പ്രധാന സംഗതിയായി അവർ അതിനെ കരുതുമെന്ന് ഭയന്ന് അവർക്ക് ഉയർന്ന ഗ്രേഡ് കിട്ടാൻ വേണ്ടി പഠിക്കാൻ ഞാൻ ഒരിക്കലും അവരെ നിർബന്ധിച്ചിട്ടില്ല.
അവർ സ്നാപനമേററശേഷം അവധിക്കാലങ്ങൾ അവർ പയനിയർസേവനത്തിനായി ഉപയോഗിച്ചു. എനിക്കുണ്ടായിരുന്നതുപോലെ ഭീരുത്വമോ ലജ്ജയോ ഇല്ലാതെ ധൈര്യശാലിയായിരിക്കാൻ രത്നയെ ഞാൻ പ്രോൽസാഹിപ്പിച്ചു. അവളുടെ ഹൈസ്കൂൾ വിദ്യാഭ്യാസവും വാണിജ്യപരമായ പരിശീലനവും കഴിഞ്ഞപ്പോൾ അവൾ പയനിയർപ്രവർത്തനം ആരംഭിച്ചു, പിന്നീട് ഒരു പ്രത്യേകപയനിയറായിത്തീരുകയുംചെയ്തു. തക്കസമയത്ത് അവൾ ഒരു സഞ്ചാരമേൽവിചാരകനായിരുന്ന റിച്ചാർഡ് ഗബ്രിയേലിനെ വിവാഹംചെയ്തു. അദ്ദേഹം ഇപ്പോൾ വാച്ച്ററവർ സൊസൈററിയുടെ ഇൻഡ്യയിലെ ബ്രാഞ്ച് കമ്മിററി കോഓർഡിനേറററായി സേവനം അനുഷ്ഠിച്ചുവരുന്നു. അവരും അവരുടെ മകൾ അബീഗയിലും ഇൻഡ്യാബ്രാഞ്ചിൽ മുഴുസമയസേവനം അനുഷ്ഠിച്ചുവരുന്നു, അവരുടെ കൊച്ചു മകനായ ആൻഡ്രൂ സുവാർത്തയുടെ ഒരു പ്രസാധകനാണ്.
സുന്ദറിന് 18 വയസ്സായപ്പോൾ അവൻ യഹോവയുടെ സാക്ഷികളുമായുള്ള സഹവാസം എങ്ങനെയോ നിർത്തിയത് എന്റെ ഹൃദയത്തെ വേദനിപ്പിച്ചു. തുടർന്നുവന്നത് കഠിനവേദനയുള്ള വർഷങ്ങളായിരുന്നു. ഞാൻ അവനെ വളർത്തിക്കൊണ്ടുവന്നതിൽ എന്തെല്ലാം കുററങ്ങളുണ്ടായിരുന്നാലും അവയെല്ലാം എന്നോടു ക്ഷമിക്കാനും സുന്ദർ മടങ്ങിവരത്തക്കവണ്ണം അവനെ സുബോധത്തിലേക്കു തിരിച്ചുവരുത്താനും ഞാൻ യഹോവയോട് തുടർന്ന് അപേക്ഷിച്ചു. എന്നാൽ, കാലക്രമത്തിൽ, എന്റെ പ്രത്യാശയെല്ലാം നഷ്ടപ്പെട്ടു. പിന്നീട് 13 വർഷം കഴിഞ്ഞ് അവൻ വന്ന് എന്നോട് പറഞ്ഞു: “ഉത്ക്കണ്ഠപ്പെടരുത് മമ്മീ, ഞാൻ ശരിയായി വന്നുകൊള്ളാം.”
താമസിയാതെ ആത്മീയപക്വതയുള്ളവനായിത്തീരാൻ സുന്ദർ പ്രത്യേക ശ്രമം നടത്തി. അവൻ യഹോവയുടെ സാക്ഷികളുടെ ഒരു സഭയുടെ മേൽവിചാരകനായി ചുമതല ഏൽക്കത്തക്ക അളവിൽ പുരോഗമിച്ചു. പിന്നീട് ഒരു പയനിയറായിത്തീരുന്നതിന് നല്ല ശമ്പളം ലഭിച്ചുകൊണ്ടിരുന്ന ജോലി അവൻ ഉപേക്ഷിച്ചു. ഇപ്പോൾ ഇൻഡ്യയുടെ തെക്കുഭാഗത്തുള്ള ബാംഗ്ലൂരിൽ ഈ വേലയിൽ അവനും അവന്റെ ഭാര്യ എസ്തേറും പ്രവർത്തിച്ചുവരുന്നു.
ആയുഷ്പര്യന്തം നിലനിൽക്കുന്ന ആശ്വാസം
അനേകവർഷങ്ങളായി കഷ്ടങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നതിന് യഹോവ എന്നെ അനുവദിച്ചതിന് ഞാൻ മിക്കപ്പോഴും അവന് നന്ദി നൽകിയിട്ടുണ്ട്. അത്തരം അനുഭവങ്ങളില്ലാതെ യഹോവയുടെ നൻമ, അവന്റെ കരുണ, അവന്റെ കരുതലിന്റെയും പ്രത്യേകസ്നേഹത്തിന്റെയും പ്രകടനങ്ങൾ എന്നിവ ഇത്രത്തോളം അനുഭവിക്കുന്നതിനുള്ള വിലയേറിയ പദവി എനിക്ക് ലഭിക്കുമായിരുന്നില്ല. (യാക്കോബ് 5:11) “പിതാവില്ലാത്ത ബാലനും വിധവക്കുംവേണ്ടി”യുള്ള യഹോവയുടെ കരുതലും പരിചരണവും ബൈബിളിൽനിന്ന് വായിക്കുന്നത് ഹൃദയോഷ്മളമാണ്. (ആവർത്തനം 24:19-21) എന്നാൽ യഹോവയുടെ കരുതലും ശ്രദ്ധയും യഥാർത്ഥമായി അനുഭവിക്കുന്നതിന്റെ സന്തോഷത്തെയും ആശ്വാസത്തെയും മററു യാതൊന്നിനോടും താരതമ്യപ്പെടുത്താൻ സാദ്ധ്യമല്ല.
സമ്പൂർണ്ണമായ ആശ്രയവും ദൃഢവിശ്വാസവും യഹോവയിൽ വെയ്ക്കാൻ ഞാൻ പഠിച്ചു. എന്റെ സ്വന്ത വിവേകത്തിൽ ഊന്നാതെ എന്റെ എല്ലാ വഴികളിലും ഞാൻ യഹോവയെ ശ്രദ്ധിക്കുന്നു. (സങ്കീർത്തനം 43:5; സദൃശവാക്യങ്ങൾ 3:5, 6) ഒരു യുവ വിധവയെന്ന നിലയിൽ ഞാൻ യഹോവയുടെ വചനത്തിൽനിന്ന് ആശ്വാസത്തിനായി അവനോടു പ്രാർത്ഥിച്ചു. ഇപ്പോൾ, 69-ാം വയസ്സിൽ, ബൈബിൾ ഗ്രഹിച്ചതിലും അതിന്റെ ബുദ്ധിയുപദേശം ബാധകമാക്കിയതിലും ഞാൻ അളവററ ആശ്വാസം കണ്ടെത്തിയിരിക്കുന്നുവെന്ന് എനിക്ക് യഥാർത്ഥമായി പറയാൻ കഴിയും. (w91 2⁄1)
[26-ാം പേജിലെ ചിത്രം—ലില്ലി ആർതർ സഹോദരി]
[27-ാം പേജിലെ ചിത്രം]
ലില്ലി ആർതർ തന്റെ കുടുംബാംഗങ്ങളോടൊത്ത്