ക്രിസ്തീയാരാധന മികച്ചതായിരിക്കുന്നതിന്റെ കാരണം
എബ്രായർക്കുള്ള ലേഖനത്തിൽനിന്നുള്ള സവിശേഷാശയങ്ങൾ
യഹോവയാം ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്കയച്ചപ്പോൾ ആരാധനയുടെ മികച്ച സവിശേഷതകൾ അവതരിപ്പിച്ചു. കാരണം ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശു ദൂതൻമാരെക്കാളും പ്രവാചകനായ മോശയെക്കാളും മികച്ചവനാണ്. പുരാതന ഇസ്രായേലിലെ ലേവ്യരുടെ പൗരോഹിത്യത്തോടു താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്തുവിന്റെ പൗരോഹിത്യം വളരെ മികച്ചതാണ്. യേശുവിന്റെ ബലി മോശയുടെ ന്യായപ്രമാണത്തിൻകീഴിൽ അർപ്പിച്ചിരുന്ന മൃഗബലികളെക്കാൾ വളരെ മികച്ചതാണ്.
ഈ ആശയങ്ങൾ എബ്രായർക്കുള്ള ലേഖനത്തിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ അത് അപ്പോസ്തലനായ പൗലോസ് ക്രി.വ. ഏതാണ്ട് 61-ൽ റോമിൽവെച്ച് എഴുതി യഹൂദ്യയിലെ വിശ്വാസികൾക്ക് അയച്ചതാണ്. ആദിമകാലങ്ങൾമുതൽതന്നെ ഗ്രീക്ക് ക്രിസ്ത്യാനികളും ഏഷ്യാററിക്ക് ക്രിസ്ത്യാനികളും ഇതിന്റെ എഴുത്തുകാരൻ പൗലോസാണെന്ന് വിശ്വസിച്ചിരുന്നു. എബ്രായതിരുവെഴുത്തുകളിലുള്ള എഴുത്തുകാരന്റെ വിപുലമായ പരിചയവും യുക്തിയുക്തമായ വികസിപ്പിക്കലിന്റെ ഉപയോഗവും ഇതിനെ പിന്താങ്ങുന്നു, ഇവ രണ്ടും അപ്പോസ്തലന്റെ ലക്ഷണങ്ങളാണല്ലോ. തനിക്കെതിരായ യഹൂദമുൻവിധി നിമിത്തവും താൻ “ജനതകളുടെ ഒരു അപ്പോസ്തലനായി” അറിയപ്പെട്ടിരുന്നതുകൊണ്ടും അവൻ തന്റെ പേർ വിട്ടുകളഞ്ഞിരിക്കാം. (റോമർ 11:13) ഇപ്പോൾ എബ്രായർക്കുള്ള പൗലോസിന്റെ ലേഖനത്തിൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന പ്രകാരം ക്രിസ്ത്യാനിത്വത്തിന്റെ മികച്ച സവിശേഷതകളെ നമുക്കൊന്ന് അടുത്തു വീക്ഷിക്കാം.
ക്രിസ്തു ദൂതൻമാരെയും മോശയെയുംകാൾ മികച്ചവൻ
ദൈവപുത്രന്റെ മികച്ച സ്ഥാനം ആദ്യംതന്നെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. (എബ്രായർ 1:1–3:6) ദൂതൻമാർ അവനെ നമസ്ക്കരിക്കുന്നു. അവന്റെ രാജകീയഭരണം ദൈവത്തിൽ സ്ഥിതിചെയ്യുന്നു. അതുകൊണ്ട് പുത്രനാൽ സംസാരിക്കപ്പെട്ടതിന് നാം അസാധാരണ ശ്രദ്ധകൊടുക്കണം. തന്നെയുമല്ല, മനുഷ്യനായ യേശു ദൂതൻമാരെക്കാൾ താണവനായിരുന്നെങ്കിലും അവൻ അവരെക്കാൾ ഉയർത്തപ്പെടുകയും വരാനിരിക്കുന്ന നിവസിതഭൂമിയുടെമേലുള്ള ഭരണം കൊടുക്കപ്പെടുകയും ചെയ്തു.
യേശുക്രിസ്തു മോശയെക്കാളും മികച്ചവനാണ്. എങ്ങനെ? ശരി, മോശ ഇസ്രായേല്യ ദൈവഭവനത്തിൽ ഒരു ശുശ്രൂഷകൻ മാത്രമായിരുന്നു. എന്നിരുന്നാലും, യഹോവ ആ മുഴു ഭവനത്തിൻമേലും അഥവാ ദൈവജനത്തിന്റെ ആ സഭയുടെമേൽ യേശുവിനെ നിയമിച്ചു.
ക്രിസ്ത്യാനികൾ വിശ്രമത്തിലേക്കു പ്രവേശിക്കുന്നു
അപ്പോസ്തലൻ അടുത്തതായി ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുക സാദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. (3:7–4:13) ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് വിടുവിക്കപ്പെട്ട ഇസ്രായേല്യർ അനുസരണമില്ലാത്തവരും വിശ്വാസഹീനരുമായിരുന്നതിനാൽ അതിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ നാം ദൈവത്തിൽ വിശ്വാസമർപ്പിക്കുകയും അനുസരണപൂർവം ക്രിസ്തുവിനെ പിന്തുടരുകയുമാണെങ്കിൽ, നമുക്ക് ആ വിശ്രമത്തിൽ പ്രവേശിക്കാൻ കഴിയും. അപ്പോൾ, കേവലം ഒരു പ്രതിവാരശബത്ത് അനുഷ്ഠിക്കുന്നതിനു പകരം നാം സകല സ്വാർത്ഥപ്രവൃത്തികളിൽനിന്നുമുള്ള വിശ്രമം ലഭിക്കുന്നതിന്റെ മികച്ച അനുഗ്രഹം ദിവസവും ആസ്വദിക്കും.
ദൈവത്തിന്റെ വിശ്രമത്തിലേക്കുള്ള പ്രവേശനം അവന്റെ വചനത്തിലെ ഒരു വാഗ്ദാനമാണ്. ആ വചനം “ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മുർച്ചയേറിയതും ദേഹിയെയും ആത്മാവിനെയുംപോലും പിളർക്കുന്നതുവരെ തുളച്ചുകയറുന്നതുമാണ്.” അത് ആന്തരങ്ങളെയും മനോഭാവങ്ങളെയും വിവേചിക്കുന്നതിന്, ജഡികമോഹങ്ങളെയും മാനസികസ്വഭാവത്തെയും വേർപെടുത്തുന്നതിന്, തുളച്ചുചെല്ലുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. (റോമർ 7:25 താരതമ്യപ്പെടുത്തുക) നമ്മുടെ “ദേഹി”യോടുകൂടെ അഥവാ ഒരു വ്യക്തിയായുള്ള ജീവനോടുകൂടെ ഒരു ദൈവികമായ “ആത്മാവും” അഥവാ സ്വഭാവവുമുണ്ടെങ്കിൽ നമുക്ക് ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കാൻ കഴിയും.
മികച്ച പൗരോഹിത്യവും ഉടമ്പടിയും
അടുത്തതായി പൗലോസ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെയും പുതിയ ഉടമ്പടിയുടെയും ശ്രേഷ്ഠത പ്രകടമാക്കുന്നു. (4:14-10:31) പാപരഹിതനായ യേശുക്രിസ്തുവിന് പാപപൂർണ്ണരായ മനുഷ്യരോട് സഹാനുഭൂതിയുണ്ട്, എന്തുകൊണ്ടെന്നാൽ അവൻ നമ്മേപ്പോലെ എല്ലാ കാര്യത്തിലും പരിശോധിക്കപ്പെട്ടവനാണ്. തന്നെയുമല്ല, ദൈവം അവനെ “മെൽക്കീസേദക്കിന്റെ രീതിപ്രകാരം എന്നേക്കുമുള്ള ഒരു പുരോഹിതനായി” നിയമിച്ചിരിക്കുകയാണ്. ലേവ്യ മഹാപുരോഹിതൻമാരിൽനിന്നു വ്യത്യസ്തമായി, യേശുവിന് നശിപ്പിക്കാവുന്നതല്ലാത്ത ജീവനുണ്ട്, തന്നിമിത്തം അവന്റെ രക്ഷണ്യവേലയിൽ അവന് പിൻഗാമികൾ ആവശ്യമില്ല. അവൻ മൃഗബലികളർപ്പിക്കേണ്ടതില്ല, എന്തുകൊണ്ടെന്നാൽ അവൻ തന്റെ പാപരഹിതമായ അതിശ്രേഷ്ഠശരീരം അർപ്പിച്ചിരിക്കുന്നു, തന്റെ രക്തത്തിന്റെ മൂല്യവുമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്തിരിക്കുന്നു.
യേശുവിന്റെ രക്തത്താൽ പ്രാബല്യത്തിലാക്കപ്പെട്ട പുതിയ ഉടമ്പടി ന്യായപ്രമാണ ഉടമ്പടിയെക്കാൾ ശ്രേഷ്ഠമാണ്. പുതിയ ഉടമ്പടിയിൽപെട്ടവർക്ക് ദൈവനിയമം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്, പാപമോചനം അനുഭവിക്കുകയും ചെയ്യുന്നു. (യിരെമ്യാവ് 31:31-34) ഇതിനുള്ള നന്ദി തങ്ങളുടെ പ്രത്യാശയെക്കുറിച്ചു പരസ്യപ്രഖ്യാപനം നടത്താനും സഹവിശ്വാസികളുമായി സമ്മേളിക്കാനും അവരെ പ്രേരിപ്പിക്കുന്നു. അവരിൽ നിന്നു വ്യത്യസ്തമായി മനഃപൂർവ പാപികൾക്ക് മേലാൽ പാപങ്ങൾക്കുവേണ്ടി യാതൊരു യാഗവും ഇല്ല.
വിശ്വാസം ജീവത്പ്രധാനം!
അതിശ്രേഷ്ഠമായ പുതിയ നിയമത്തിൽനിന്ന് പ്രയോജനം അനുഭവിക്കുന്നതിന് നമുക്ക് വിശ്വാസം ആവശ്യമാണ്. (മത്തായി 10:32–12:29) യഹോവ വാഗ്ദത്തം ചെയ്തതു നമുക്കു ലഭിക്കണമെങ്കിൽ നമുക്ക് സഹിഷ്ണുതയും ആവശ്യമാണ്. സഹിച്ചുനിൽക്കുന്നതിനുള്ള ഒരു പ്രോൽസാഹനമെന്ന നിലയിൽ നമുക്കു ചുററും ക്രിസ്തീയപൂർവ സാക്ഷികളുടെ ഒരു ‘വലിയ മേഘ’മുണ്ട്. എന്നിരുന്നാലും, വിശേഷിച്ച് കഷ്ടമനുഭവിച്ചപ്പോഴത്തെ യേശുവിന്റെ കുററമററ ഗതിയെ നാം അടുത്തു പരിചിന്തിക്കേണ്ടതാണ്. നമുക്ക് നേരിടാൻ ദൈവമനുവദിക്കുന്ന ഏതു കഷ്ടപ്പാടും ഒരർത്ഥത്തിൽ നീതിയെന്ന സമാധാനഫലം വിളയിക്കാൻ കഴിയുന്ന ശിക്ഷണമായി വീക്ഷിക്കാൻ കഴിയും. യഹോവയുടെ വാഗ്ദത്തങ്ങളുടെ വിശ്വസനീയത “ദൈവികഭയാദരവോടെ” അവനു വിശുദ്ധസേവനമർപ്പിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ വർദ്ധിപ്പിക്കേണ്ടതാണ്.
ഉദ്ബോധനങ്ങളോടെ പൗലോസ് ഉപസംഹരിക്കുന്നു. (13:1-25) വിശ്വാസം സഹോദരസ്നേഹം പ്രകടമാക്കാനും അതിഥിപ്രിയമുള്ളവരായിരിക്കാനും കഷ്ടപ്പെടുന്ന സഹവിശ്വാസികളെ ഓർക്കാനും വിവാഹത്തെ മാന്യമായി കരുതാനും “ഇപ്പോഴുള്ള വസ്തുക്കളിൽ തൃപ്തരായിരിക്കാനും” നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. സഭയിൽ നേതൃത്വമെടുക്കുന്നവരുടെ വിശ്വാസത്തെ നാം അനുകരിക്കുകയും അവരെ അനുസരിക്കുകയും വേണം. തന്നെയുമല്ല, നാം വിശ്വാസത്യാഗം ഒഴിവാക്കണം, യേശു വഹിച്ച നിന്ദ വഹിക്കണം, “എല്ലായ്പ്പോഴും ദൈവത്തിന് സ്തുതിയാഗം അർപ്പിക്കണം,” നൻമ ചെയ്യുന്നതിൽ തുടരുകയും വേണം. അങ്ങനെയുള്ള നടത്തയും സത്യ ക്രിസ്ത്യാനിത്വത്തിന്റെ മികച്ച സവിശേഷതകളിൽപെട്ടവയാണ്. (w91 1⁄1)
[12-ാം പേജിലെ ചതുരം/ചിത്രം]
വിവിധ സ്നാപനങ്ങൾ: ഇസ്രായേലിന്റെ സമാഗമനകൂടാരത്തിലെ ആരാധനയുടെ സവിശേഷതകൾക്ക് “ഭക്ഷണപാനീയങ്ങളോടും വിവിധ സ്നാപനങ്ങളോടും” മാത്രമേ ബന്ധമുണ്ടായിരുന്നുള്ളു. (എബ്രായർ 9:9, 10) ഈ സ്നാപനങ്ങൾ മോശൈകന്യായപ്രമാണം ആവശ്യപ്പെട്ട അനുഷ്ഠാനപരമായ കഴുകലുകളായിരുന്നു. അശുദ്ധമാക്കപ്പെട്ട പാത്രങ്ങൾ കഴുകപ്പെട്ടിരുന്നു. ആചാരപരമായ ശുദ്ധീകരണത്തിൽ ഒരുവന്റെ വസ്ത്രങ്ങൾ കഴുകുന്നതും കുളിക്കുന്നതും ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 11:32; 14:8, 9; 15:5) പുരോഹിതൻമാർ കുളിച്ചിരുന്നു. ദഹനയാഗങ്ങളോടു ബന്ധപ്പെട്ടവയെല്ലാം വെള്ളത്തിൽ കഴുകിയിരുന്നു. (പുറപ്പാട് 29:4; 30:17-21; ലേവ്യപുസ്തകം 1:13; 2 ദിനവൃത്താന്തങ്ങൾ 4:6) എന്നാൽ വിവിധ സ്നാപനങ്ങളിൽ ‘കപ്പുകളും കുടങ്ങളും ചെമ്പുപാത്രങ്ങളും സ്നാപനപ്പെടുത്തുന്നത്’ ഉൾപ്പെട്ടിരുന്നില്ല. മശിഹാ വന്നെത്തിയ സമയമായപ്പോഴേക്ക് ചില യഹൂദൻമാർ ഈ ആചാരങ്ങൾ നടത്തിയിരുന്നു. എബ്രായർ 9:10 യോഹന്നാൻ സ്നാപകൻ നടത്തിയ ജലനിമജ്ജനത്തെയോ ക്രിസ്ത്യാനികളെന്ന നിലയിൽ ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തെ ലക്ഷ്യപ്പെടുത്തുന്നവരുടെ സ്നാപനത്തെയോ പരാമർശിക്കുന്നുമില്ല.—മത്തായി 28:19, 20; മർക്കോസ് 7:4; ലൂക്കോസ് 3:3.