വേറെ ആടുകളും പുതിയ ഉടമ്പടിയും
‘അന്യജാതിക്കാരെ [“പരദേശികളെ,” “NW”], ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ, ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവരും’.—യെശയ്യാവു 56:6, 7.
1. (എ) യോഹന്നാന്റെ ദർശനപ്രകാരം, യഹോവയുടെ ന്യായവിധിയുടെ കാററ് പിടിച്ചുനിർത്തപ്പെട്ടിരിക്കവേ എന്തു നിർവഹിക്കപ്പെടുന്നു? (ബി) യോഹന്നാൻ ഏതു പ്രത്യേക കൂട്ടത്തെ കാണുന്നു?
വെളിപ്പാടു പുസ്തകത്തിലെ നാലാമത്തെ ദർശനത്തിൽ, “ദൈവത്തിന്റെ യിസ്രായേലി”ൽപ്പെട്ട എല്ലാ അംഗങ്ങളെയും മുദ്രയിട്ടുകഴിയുവോളം യഹോവയുടെ ന്യായവിധിയുടെ വിനാശക്കാറ്റ് പിടിച്ചുനിർത്തപ്പെട്ടിരിക്കുന്നതായി യോഹന്നാൻ അപ്പോസ്തലൻ കണ്ടു. അബ്രാഹാമിന്റെ സന്തതിയുടെ മുഖ്യഭാഗമായ യേശുവിലൂടെ ആദ്യം അനുഗ്രഹിക്കപ്പെടുന്നത് ഇവരാണ്. (ഗലാത്യർ 6:16; ഉല്പത്തി 22:18; വെളിപ്പാടു 7:1-4) അതേ ദർശനത്തിൽത്തന്നെ, യോഹന്നാൻ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”ത്തെ കണ്ടു. “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.” (വെളിപ്പാടു 7:9, 10) ‘രക്ഷ എന്നുള്ളതു കുഞ്ഞാടിന്റെ ദാനം’ എന്നു പറയുന്നതിനാൽ, അബ്രാഹാമിന്റെ സന്തതിയിലൂടെ തങ്ങളും അനുഗ്രഹിക്കപ്പെടുന്നുവെന്നാണു മഹാപുരുഷാരം പ്രകടമാക്കുന്നത്.
2. മഹാപുരുഷാരം പ്രത്യക്ഷപ്പെട്ടതെപ്പോൾ, അതെങ്ങനെ തിരിച്ചറിയിക്കപ്പെടുന്നു?
2 ഈ മഹാപുരുഷാരം 1935-ൽ തിരിച്ചറിയിക്കപ്പെട്ടു, ഇന്ന് അവരുടെ എണ്ണം 50 ലക്ഷത്തിലേറെയാണ്. മഹോപദ്രവത്തെ അതിജീവിക്കാൻ അടയാളമിടപ്പെട്ടിരിക്കുന്നതിനാൽ, യേശു “കോലാടുകളി”ൽനിന്നു “ചെമ്മരിയാടുകളെ” വേർതിരിക്കുമ്പോൾ അതിലെ അംഗങ്ങൾ നിത്യജീവനായി വേർതിരിക്കപ്പെടും. യേശുവിന്റെ ആട്ടിൻതൊഴുത്തുകളുടെ ഉപമയിലെ “വേറെ ആടുകളി”ൽ മഹാപുരുഷാരത്തിൽപ്പെട്ട ക്രിസ്ത്യാനികൾ ഉൾപ്പെടുന്നു. അവർ പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവരാണ്.—മത്തായി 25:31-46; യോഹന്നാൻ 10:16; വെളിപ്പാടു 21:3, 4.
3. പുതിയ ഉടമ്പടിയോടുള്ള ബന്ധത്തിൽ അഭിഷിക്ത ക്രിസ്ത്യാനികളും വേറെ ആടുകളും വ്യത്യസ്തരായിരിക്കുന്നതെങ്ങനെ?
3 1,44,000 പേർക്ക് അബ്രാഹാമ്യ ഉടമ്പടിയുടെ അനുഗ്രഹം പുതിയ ഉടമ്പടിയിലൂടെ ലഭിക്കുന്നു. ഈ ഉടമ്പടിയിലെ പങ്കാളികൾ എന്നനിലയിൽ, അവർ ‘അനർഹദയയ്ക്കു കീഴിലും’ ‘ക്രിസ്തുവിന്റെ നിയമത്തിനു കീഴിലും’ വരുന്നു. (റോമർ 6:15; 1 കൊരിന്ത്യർ 9:21, NW) അതുകൊണ്ട്, ദൈവത്തിന്റെ ഇസ്രായേലിലെ 1,44,000 അംഗങ്ങൾമാത്രമേ യേശുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിൽ ചിഹ്നങ്ങളിൽ ഉചിതമായി പങ്കുപറ്റിയിട്ടുള്ളൂ. അവരുമായി മാത്രമാണ് യേശു ഒരു രാജ്യത്തിനായുള്ള ഉടമ്പടി ചെയ്തിരിക്കുന്നത്. (ലൂക്കൊസ് 22:19, 20, 29) മഹാപുരുഷാരത്തിൽപ്പെട്ടവർ പുതിയ ഉടമ്പടിയിൽ പങ്കാളികളല്ല. എന്നിരുന്നാലും, അവർ ദൈവത്തിന്റെ ഇസ്രായേലുമായി സഹവസിക്കുകയും അവരോടുകൂടെ അവരുടെ “ദേശ”ത്ത് പാർക്കുകയും ചെയ്യുന്നു. (യെശയ്യാവു 66:8) അതുകൊണ്ട് യഹോവയുടെ അനർഹദയയ്ക്കു കീഴിലും ക്രിസ്തുവിന്റെ നിയമത്തിനു കീഴിലും അവർ വരുന്നുവെന്നു പറയുന്നത് ന്യായയുക്തമാണ്. പുതിയ ഉടമ്പടിയിൽ പങ്കാളികളല്ലെങ്കിലും, അവർ അതിന്റെ ഗുണഭോക്താക്കളാണ്.
‘പരദേശികളും’ ‘ദൈവത്തിന്റെ ഇസ്രായേലും’
4, 5. (എ) യെശയ്യാവു പറയുന്നപ്രകാരം, ഏതു കൂട്ടം യഹോവയെ സേവിക്കും? (ബി) യെശയ്യാവു 56:6, 7 മഹാപുരുഷാരത്തിന്റെ കാര്യത്തിൽ നിവർത്തിക്കപ്പെടുന്നതെങ്ങനെ?
4 യെശയ്യാ പ്രവാചകൻ എഴുതി: “യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ [“പരദേശികളെ,” NW], ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ, ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും.” (യെശയ്യാവു 56:6, 7) ഇസ്രായേലിൽ ‘പരദേശികൾ,’ ഇസ്രായേല്യേതരർ യഹോവയുടെ നാമത്തെ സ്നേഹിക്കുകയും ന്യായപ്രമാണ ഉടമ്പടിയുടെ വ്യവസ്ഥകൾ അനുസരിക്കുകയും ശബത്ത് കാക്കുകയും ദൈവത്തിന്റെ “പ്രാർത്ഥനാലയ”മായ ആലയത്തിൽ യാഗങ്ങൾ അർപ്പിക്കുകയും ചെയ്തുകൊണ്ട് അവനെ ആരാധിക്കുമെന്ന് ഇത് അർഥമാക്കി.—മത്തായി 21:13.
5 നമ്മുടെ നാളിൽ, ‘യഹോവയോടു ചേർന്നുവന്നിരിക്കുന്ന’ പരദേശികൾ മഹാപുരുഷാരമാണ്. ദൈവത്തിന്റെ ഇസ്രായേലുമായി സഹവസിച്ച് ഇവർ യഹോവയെ സേവിക്കുന്നു. (സെഖര്യാവ് 8:23) ദൈവത്തിന്റെ ഇസ്രായേലിനെപ്പോലെ അവർ അതേ സ്വീകാര്യ യാഗങ്ങൾതന്നെ അർപ്പിക്കുന്നു. (എബ്രായർ 13:15, 16) അവർ ദൈവത്തിന്റെ “പ്രാർത്ഥനാലയ”മായ ആത്മീയ ആലയത്തിൽ ആരാധിക്കുന്നു. (വെളിപ്പാടു 7:15 താരതമ്യം ചെയ്യുക.) അവർ വാരംതോറുമുള്ള ശബത്ത് ആചരിക്കുന്നുണ്ടോ? അഭിഷിക്തരോ വേറെ ആടുകളോ ഇതു ചെയ്യാൻ കൽപ്പിക്കപ്പെടുന്നില്ല. (കൊലൊസ്സ്യർ 2:16, 17) എന്നിരുന്നാലും, പൗലൊസ് അഭിഷിക്ത എബ്രായ ക്രിസ്ത്യാനികളോടു പറഞ്ഞു: “ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം [“ശബത്ത് വിശ്രമം,” NW] ശേഷിച്ചിരിക്കുന്നു. ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു.” (എബ്രായർ 4:9, 10) ആ എബ്രായർ “ദൈവത്തിന്റെ നീതിക്കു” തങ്ങളെത്തന്നെ കീഴ്പെടുത്തുകയും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നതിൽനിന്നു വിശ്രമിക്കുകയും ചെയ്തപ്പോൾ അവർ ഈ “ശബത്ത് വിശ്രമ”ത്തിൽ പ്രവേശിച്ചു. (റോമർ 10:3, 4) അഭിഷിക്ത വിജാതീയ ക്രിസ്ത്യാനികളും യഹോവയുടെ നീതിക്കു തങ്ങളെത്തന്നെ കീഴ്പെടുത്തിക്കൊണ്ട് അതേ വിശ്രമം ആസ്വദിക്കുന്നു. ആ വിശ്രമത്തിൽ മഹാപുരുഷാരം അവരോടു ചേരുന്നു.
6. ഇന്നു വേറെ ആടുകൾ പുതിയ ഉടമ്പടിക്കു കീഴ്പെടുന്നതെങ്ങനെ?
6 കൂടാതെ, പുരാതന നാളിലെ പരദേശികൾ ന്യായപ്രമാണ ഉടമ്പടിക്കു കീഴ്പെട്ടതുപോലെ വേറെ ആടുകൾ പുതിയ ഉടമ്പടിക്കു കീഴ്പെടുന്നു. ഏതു വിധത്തിൽ? അതിൽ പങ്കാളികളായിക്കൊണ്ടല്ല, അതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കു കീഴ്പെട്ടുകൊണ്ടും അതിന്റെ ക്രമീകരണങ്ങളിൽനിന്നു പ്രയോജനം അനുഭവിച്ചുകൊണ്ടും. (യിരെമ്യാവു 31:33, 34 താരതമ്യം ചെയ്യുക.) തങ്ങളുടെ അഭിഷിക്ത സഹകാരികളെപ്പോലെ, വേറെ ആടുകൾ യഹോവയുടെ ന്യായപ്രമാണം ‘തങ്ങളുടെ ഹൃദയങ്ങളിൽ’ എഴുതിയിരിക്കുന്നു. അവർ യഹോവയുടെ കൽപ്പനകളെയും തത്ത്വങ്ങളെയും ആഴമായി ഇഷ്ടപ്പെടുകയും അവ അനുസരിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 37:31; 119:97) അഭിഷിക്ത ക്രിസ്ത്യാനികളെപ്പോലെ, അവർക്കു യഹോവയെ അറിയാം. (യോഹന്നാൻ 17:3) പരിച്ഛേദനയുടെ കാര്യമോ? പുതിയ ഉടമ്പടി ഉണ്ടാക്കുന്നതിന് ഏതാണ്ട് 1,500 വർഷംമുമ്പ്, മോശ ഇസ്രായേല്യരെ ഉദ്ബോധിപ്പിച്ചു: “നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്വിൻ.” (ആവർത്തനപുസ്തകം 10:16; യിരെമ്യാവു 4:4) നിർബന്ധിത ജഡിക പരിച്ഛേദന ന്യായപ്രമാണത്തോടൊപ്പം നീങ്ങിപ്പോയെങ്കിലും അഭിഷിക്തരും വേറെ ആടുകളും തങ്ങളുടെ ഹൃദയങ്ങളെ “പരിച്ഛേദന” കഴിക്കണം. (കൊലൊസ്സ്യർ 2:11) അവസാനം, യേശുവിന്റെ ചൊരിയപ്പെട്ട, “ഉടമ്പടിയുടെ രക്ത”ത്തിന്റെ അടിസ്ഥാനത്തിൽ യഹോവ വേറെ ആടുകളുടെ പാപം ക്ഷമിക്കുന്നു. (മത്തായി 26:28; 1 യോഹന്നാൻ 1:9; 2:2) 1,44,000-ത്തിന്റെ കാര്യത്തിലെന്നപോലെ, ദൈവം അവരെ ആത്മീയ പുത്രന്മാരായി ദത്തെടുക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ സുഹൃത്ത് എന്നനിലയിൽ അബ്രാഹാം നീതിമാനായി പ്രഖ്യാപിക്കപ്പെട്ട അർഥത്തിൽ ദൈവം തീർച്ചയായും വേറെ ആടുകളെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നുണ്ട്.—മത്തായി 25:46; റോമർ 4:2, 3; യാക്കോബ് 2:23.
7. ഇന്നു വേറെ ആടുകൾക്ക് ഏതു പ്രത്യാശ ലഭിച്ചിരിക്കുന്നു, അബ്രാഹാമിനെപ്പോലെ, ആർ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നു?
7 നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നതുമൂലം 1,44,000 പേർക്ക് സ്വർഗീയ രാജ്യത്തിൽ യേശുവിനോടൊപ്പം ഭരിക്കുന്നതിനുള്ള പ്രത്യാശയ്ക്കു വഴിതുറക്കുന്നു. (റോമർ 8:16, 17; ഗലാത്യർ 2:16) ദൈവത്തിന്റെ സുഹൃത്തുക്കളെന്ന നിലയിൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നത് വേറെ ആടുകൾക്ക് മഹാപുരുഷാരത്തിന്റെ ഭാഗമെന്ന നിലയിൽ അർമഗെദോനെ അതിജീവിച്ചുകൊണ്ടോ ‘നീതിമാന്മാരുടെ പുനരുത്ഥാന’ത്തിലൂടെയോ പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ നേടാനിടയാക്കുന്നു. (പ്രവൃത്തികൾ 24:15) അത്തരം പ്രത്യാശയുണ്ടായിരിക്കുന്നതും അഖിലാണ്ഡ പരമാധികാരിയുടെ ഒരു സുഹൃത്തായിരിക്കുന്നതും “[അവന്റെ] കൂടാരത്തിൽ ഒരു അതിഥി”യായിരിക്കുന്നതും എന്തൊരു പദവിയാണ്! (സങ്കീർത്തനം 15:1, 2, NW) അതേ, അഭിഷിക്തരും വേറെ ആടുകളും അബ്രാഹാമിന്റെ സന്തതിയായ യേശുവിലൂടെ ഒരത്ഭുതകരമായ വിധത്തിൽ അനുഗ്രഹിക്കപ്പെടുന്നു.
വലിയ പാപപരിഹാര ദിവസം
8. ന്യായപ്രമാണത്തിൻ കീഴിലെ പാപപരിഹാര ദിവസ യാഗങ്ങളാൽ എന്തു മുൻനിഴലാക്കപ്പെട്ടു?
8 പുതിയ ഉടമ്പടിയെക്കുറിച്ചു ചർച്ചചെയ്യവേ, ന്യായപ്രമാണ ഉടമ്പടിക്കു കീഴിലെ വാർഷിക പാപപരിഹാര ദിവസത്തെക്കുറിച്ച് പൗലൊസ് വായനക്കാരെ ഓർമിപ്പിച്ചു. ആ ദിവസം, പുരോഹിത ലേവ്യഗോത്രത്തിനും 12 പുരോഹിതേതര ഗോത്രങ്ങൾക്കുംവേണ്ടി വെവ്വേറെ യാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു. ഇത് സ്വർഗീയ പ്രത്യാശയുള്ള 1,44,000 പേർക്കും ഭൗമിക പ്രത്യാശയുള്ള ലക്ഷക്കണക്കിനാളുകൾക്കും പ്രയോജനംചെയ്യുന്ന യേശുവിന്റെ വലിയ യാഗത്തെ മുൻനിഴലാക്കുന്നുവെന്ന് ദീർഘനാളായി വിശദമാക്കിയിട്ടുണ്ട്.a പാപപരിഹാര ദിവസത്തിന്റെ നിവൃത്തിയിൽ, പുതിയ ഉടമ്പടിക്കു കീഴിലെ വലിയ പാപപരിഹാര ദിവസത്തിൽ യേശുവിന്റെ ബലിയുടെ പ്രയോജനങ്ങൾ ലഭിക്കുമെന്നു പൗലൊസ് പ്രകടമാക്കി. ഈ വലിയ ദിവസത്തിലെ മഹാപുരോഹിതനെന്ന നിലയിൽ, മനുഷ്യവർഗത്തിന് ‘എന്നേക്കുമുള്ള വീണ്ടെടുപ്പ്’ ലഭിക്കുന്നതിന് പാപപരിഹാരയാഗമായി യേശു തന്റെ പൂർണതയുള്ള ജീവൻ നൽകി.—എബ്രായർ 9:11-24.
9. പുതിയ ഉടമ്പടിയിലായിരുന്നുകൊണ്ട് എബ്രായ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എന്തു പുൽകാൻ സാധിച്ചു?
9 ഒന്നാം നൂറ്റാണ്ടിലെ അനേകം എബ്രായ ക്രിസ്ത്യാനികളും അപ്പോഴും “[മോശൈക]ന്യായപ്രമാണതല്പരന്മാർ” ആയിരുന്നു. (പ്രവൃത്തികൾ 21:20) അതുകൊണ്ട് ഉചിതമായിത്തന്നെ പൗലൊസ് അവരെ ഓർമിപ്പിച്ചു: “അതുനിമിത്തം ആദ്യനിയമത്തിലെ [“ആദ്യ ഉടമ്പടിയിലെ,” NW] ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു [യേശു] പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.” (എബ്രായർ 9:15) പുതിയ ഉടമ്പടി എബ്രായ ക്രിസ്ത്യാനികളെ തങ്ങളുടെ പാപാവസ്ഥ തുറന്നുകാട്ടിയിരുന്ന പഴയ ഉടമ്പടിയിൽനിന്നു മോചിപ്പിച്ചു. പുതിയ ഉടമ്പടിഹേതുവായി, അവർക്കു “നിത്യസ്വർഗീയാവകാശത്തിന്റെ വാഗ്ദത്തം” പുൽകാൻ സാധിച്ചു.
10. അഭിഷിക്തരും വേറെ ആടുകളും ദൈവത്തോടു നന്ദി പറയുന്നതെന്തിന്?
10 “പുത്രനിൽ വിശ്വസിക്കുന്ന ഏവനും” മറുവിലയാഗത്തിൽനിന്നു പ്രയോജനം അനുഭവിക്കും. (യോഹന്നാൻ 3:16, 36) പൗലൊസ് പറഞ്ഞു: “ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.” (എബ്രായർ 9:28) ഇന്ന്, യേശുവിനെ ആത്മാർഥമായി അന്വേഷിക്കുന്നത് ദൈവത്തിന്റെ ഇസ്രായേലിലെ ശേഷിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളും നിത്യാവകാശമുള്ള, ദശലക്ഷക്കണക്കിനാളുകൾ ഉൾപ്പെട്ട മഹാപുരുഷാരവുമാണ്. രണ്ടുകൂട്ടരും പുതിയ ഉടമ്പടിക്കും വലിയ പാപപരിഹാര ദിവസവും സ്വർഗീയ അതിവിശുദ്ധസ്ഥലത്തെ മഹാപുരോഹിതനായ യേശുവിന്റെ ശുശ്രൂഷയും ഉൾപ്പെടെ പുതിയ ഉടമ്പടിയുമായി ബന്ധപ്പെട്ട ജീവദായക അനുഗ്രഹങ്ങൾക്കും ദൈവത്തോടു നന്ദി പറയുന്നു.
വിശുദ്ധ സേവനത്തിൽ തിരക്കുള്ളവർ
11. യേശുവിന്റെ ബലിയിലൂടെ ശുദ്ധീകരിക്കപ്പെട്ട മനസ്സാക്ഷിയുമായി അഭിഷിക്തരും വേറെ ആടുകളും സസന്തോഷം എന്തു ചെയ്യുന്നു?
11 എബ്രായർക്കുള്ള ലേഖനത്തിൽ, പഴയ ഉടമ്പടിക്കു കീഴിലെ പാപയാഗങ്ങളുമായുള്ള താരതമ്യത്തിൽ പുതിയ ഉടമ്പടി ക്രമീകരണത്തിലെ യേശുവിന്റെ ശ്രേഷ്ഠതയുള്ള യാഗമൂല്യം പൗലൊസ് ഊന്നിപ്പറഞ്ഞു. (എബ്രായർ 9:13-15) യേശുവിന്റെ മെച്ചപ്പെട്ട യാഗം ‘ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നമ്മുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി ശുദ്ധീകരിക്കാൻ’ പ്രാപ്തമാണ്. എബ്രായ ക്രിസ്ത്യാനികളുടെ കാര്യത്തിൽ ‘നിർജ്ജീവപ്രവൃത്തികളി’ൽ “പഴയ ഉടമ്പടിക്കു കീഴിലെ ലംഘനങ്ങ”ളും (NW) ഉൾപ്പെട്ടിരുന്നു. ഇന്ന് ക്രിസ്ത്യാനികളുടെ കാര്യത്തിൽ, ഇപ്പോൾ യഥാർഥ അനുതാപം തോന്നുന്നതും ദൈവം ക്ഷമിച്ചിട്ടുള്ളതുമായ അവരുടെ കഴിഞ്ഞകാല പാപങ്ങൾ അവയിൽ ഉൾപ്പെടുന്നു. (1 കൊരിന്ത്യർ 6:9-11) ശുദ്ധീകരിക്കപ്പെട്ട മനസ്സാക്ഷിയോടെ, അഭിഷിക്ത ക്രിസ്ത്യാനികൾ “ജീവനുള്ള ദൈവത്തെ ആരാധി”ക്കുന്നു. അങ്ങനെതന്നെ മഹാപുരുഷാരവും ചെയ്യുന്നു. “കുഞ്ഞാടിന്റെ രക്തത്തിൽ” തങ്ങളുടെ മനസ്സാക്ഷിയെ ശുദ്ധീകരിച്ച് അവർ ദൈവത്തിന്റെ വലിയ ആത്മീയ ആലയത്തിൽ “രാപ്പകൽ അവനെ ആരാധിക്കുന്നു.”—വെളിപ്പാടു 7:14, 15.
12. “വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയ”മുണ്ടെന്നു നാം പ്രകടമാക്കുന്നതെങ്ങനെ?
12 അതിനുപുറമേ, പൗലൊസ് പറഞ്ഞു: “നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.” (എബ്രായർ 10:22) “വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം” ഉണ്ടെന്നു നമുക്കെങ്ങനെ പ്രകടമാക്കാനാകും? പൗലൊസ് എബ്രായ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “[സ്വർഗീയ] പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:23-25) നമ്മുടെ വിശ്വാസം സജീവമാണെങ്കിൽ, നാം ‘നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കു’കയില്ല. സ്നേഹത്തിനും സൽപ്രവൃത്തികൾക്കും നമ്മുടെ സഹോദരങ്ങളെ ഉത്സാഹിപ്പിക്കാനും അവരാൽ ഉത്സാഹിതരാകാനും ഭൗമികമോ സ്വർഗീയമോ ആയ നമ്മുടെ പ്രത്യാശയെ പരസ്യമായി പ്രഖ്യാപിക്കുന്ന മർമപ്രധാനമായ വേലയ്ക്കായി ബലിഷ്ഠമാക്കപ്പെടാനും നാം ആഹ്ലാദിക്കും.—യോഹന്നാൻ 13:35.
“നിത്യമായ ഉടമ്പടി”
13, 14. ഏതെല്ലാം വിധങ്ങളിലാണ് പുതിയ ഉടമ്പടി നിത്യമായിരിക്കുന്നത്?
13 1,44,000-ത്തിലെ അവസാനത്തെ വ്യക്തിയും സ്വർഗീയ പ്രത്യാശ സാക്ഷാത്കരിച്ചുകഴിയുമ്പോൾ എന്തു സംഭവിക്കും? പുതിയ ഉടമ്പടിയുടെ പ്രയുക്തത അവസാനിക്കുമോ? ആ സമയത്ത്, ദൈവത്തിന്റെ ഇസ്രായേലിൽപ്പെട്ട ആരും ഭൂമിയിൽ ശേഷിക്കുന്നുണ്ടാകില്ല. ഉടമ്പടിയിലെ എല്ലാ പങ്കാളികളും യേശുവിനോടുകൂടെ “[അവന്റെ] പിതാവിന്റെ രാജ്യത്തി”ലായിരിക്കും. (മത്തായി 26:29) എന്നാൽ എബ്രായർക്കുള്ള ലേഖനത്തിലെ പൗലൊസിന്റെ വാക്കുകൾ നാം അനുസ്മരിക്കുകയാണ്: ‘സമാധാനത്തിന്റെ ദൈവം നിത്യനിയമത്തിന്റെ [“നിത്യമായ ഉടമ്പടിയുടെ,” പി.ഒ.സി. ബൈ.] രക്തത്താൽ ആടുകളുടെ വലിയ ഇടയനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തി.’ (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) (എബ്രായർ 13:20; യെശയ്യാവു 55:3) ഏതർഥത്തിലാണ് പുതിയ ഉടമ്പടി നിത്യമായിരിക്കുന്നത്?
14 ഒന്നാമതായി, ന്യായപ്രമാണ ഉടമ്പടിയിൽനിന്നു വ്യത്യസ്തമായി ഇതൊരിക്കലും നീക്കംചെയ്യപ്പെടുകയില്ല. രണ്ടാമതായി, യേശുവിന്റെ രാജത്വത്തെപ്പോലെ, അതിന്റെ പ്രവർത്തനഫലങ്ങൾ ശാശ്വതമാണ്. (1 കൊരിന്ത്യർ 15:27, 28-മായി ലൂക്കൊസ് 1:33 താരതമ്യം ചെയ്യുക.) സ്വർഗീയ രാജ്യത്തിന് യഹോവയുടെ ഉദ്ദേശ്യത്തിൽ ഒരു ശാശ്വത സ്ഥാനമുണ്ട്. (വെളിപ്പാടു 22:5) മൂന്നാമതായി, വേറെ ആടുകൾ പുതിയ ഉടമ്പടി ക്രമീകരണത്തിൽനിന്നു പ്രയോജനം നേടുന്നത് തുടരും. ക്രിസ്തുവിന്റെ ആയിരംവർഷ വാഴ്ചക്കാലത്ത്, ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ വിശ്വസ്ത മനുഷ്യർ “[യഹോവയുടെ] ആലയത്തിൽ രാപ്പകൽ അവനെ ആരാധി”ച്ചുകൊണ്ടിരിക്കും. യേശുവിന്റെ “ഉടമ്പടിയുടെ രക്ത”ത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമിച്ച അവരുടെ കഴിഞ്ഞകാല പാപങ്ങൾ യഹോവ മേലാൽ അനുസ്മരിക്കുകയില്ല. അവർ യഹോവയുടെ സുഹൃത്തുക്കളെന്ന നിലയിൽ, നീതിനിഷ്ഠമായ നില ആസ്വദിക്കുന്നതിൽ തുടരും, അവന്റെ നിയമം അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കും.
15. പുതിയ ലോകത്തിലെ തന്റെ ഭൗമികാരാധകരുമായുള്ള യഹോവയുടെ ബന്ധം വർണിക്കുക.
15 അപ്പോൾ ഈ മനുഷ്യദാസരെക്കുറിച്ച് ‘അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമാണ്’ എന്ന് യഹോവയ്ക്കു പറയാൻ കഴിയുമോ? കഴിയും. “അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) (വെളിപ്പാടു 21:3) അവർ ‘വിശുദ്ധന്മാരുടെ പാളയം,’ അതായത് യേശുക്രിസ്തുവിന്റെ സ്വർഗീയ മണവാട്ടിയായ “പ്രിയനഗര”ത്തിന്റെ ഭൗമിക പ്രതിനിധികൾ ആയിത്തീരും. (വെളിപ്പാടു 14:1; 20:9; 21:2) യേശുവിന്റെ ചൊരിയപ്പെട്ട “ഉടമ്പടിയുടെ രക്ത”ത്തിലുള്ള അവരുടെ വിശ്വാസത്താലും സ്വർഗീയ രാജാക്കന്മാരും പുരോഹിതന്മാരും—ഭൂമിയിലായിരുന്നപ്പോൾ ദൈവത്തിന്റെ ഇസ്രായേലായിരുന്നവർ—ആയവരോടുള്ള അവരുടെ കീഴ്പെടലിനാലുമാണ് ഇതെല്ലാം സാധ്യമായിത്തീരുന്നത്.—വെളിപ്പാടു 5:10.
16. (എ) ഭൂമിയിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുന്നവരെ ഏതെല്ലാം പ്രത്യാശകൾ കാത്തിരിക്കുന്നു? (ബി) ആയിരം വർഷത്തിന്റെ അവസാനം ഏതെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?
16 ഭൂമിയിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുന്ന മരിച്ചവരുടെ കാര്യമോ? (യോഹന്നാൻ 5:28, 29) അബ്രാഹാമിന്റെ സന്തതിയായ യേശുവിലൂടെ ‘തങ്ങളെത്തന്നെ അനുഗ്രഹിക്കാൻ’ അവരും ക്ഷണിക്കപ്പെടും. (ഉല്പത്തി 22:18, NW) യഹോവയ്ക്കു ശുശ്രൂഷ ചെയ്യുകയും സ്വീകാര്യമായ യാഗങ്ങൾ അർപ്പിക്കുകയും അവന്റെ പ്രാർഥനാലയത്തിൽ വിശുദ്ധസേവനത്തിലേർപ്പെടുകയും ചെയ്തുകൊണ്ട് അവർ യഹോവയുടെ നാമത്തെ സ്നേഹിക്കേണ്ടിവരും. അപ്രകാരം ചെയ്യുന്നവർ ദൈവത്തിന്റെ വിശ്രമത്തിലേക്കു പ്രവേശിക്കും. (യെശയ്യാവു 56:6, 7) ആയിരംവർഷത്തിന്റെ അവസാനത്തോടെ, എല്ലാ വിശ്വസ്തരും യേശുക്രിസ്തുവിന്റെയും അവന്റെ 1,44,000 സഹപുരോഹിതന്മാരുടെയും ശുശ്രൂഷയിലൂടെ മാനുഷിക പൂർണതയിലേക്കു വരുത്തപ്പെട്ടിരിക്കും. അവർ നീതിമാന്മാർ ആയിരിക്കും, അല്ലാതെ ദൈവത്തിന്റെ സുഹൃത്തുക്കളെന്ന നിലയിൽ നീതിനിഷ്ഠരായി കേവലം പ്രഖ്യാപിക്കപ്പടുകയായിരിക്കില്ല. പാപത്തിൽനിന്നും ആദാമിൽനിന്ന് അവകാശപ്പെടുത്തിയ മരണത്തിൽനിന്നും പൂർണമായും സ്വതന്ത്രരായി അവർ ‘ജീവനിലേക്കും വരും.’ (വെളിപ്പാടു 20:5; 22:2, NW) അതെന്തൊരു അനുഗ്രഹമായിരിക്കും! നമ്മുടെ ഇന്നത്തെ കാഴ്ചപ്പാടിൽ, യേശുവിന്റെയും 1,44,000-ത്തിന്റെയും പൗരോഹിത്യവേല അപ്പോൾ പൂർത്തീകരിക്കപ്പെടുമെന്നു തോന്നുന്നു. വലിയ പാപപരിഹാര ദിവസത്തിന്റെ അനുഗ്രഹങ്ങൾ പൂർണമായും ബാധകമാക്കപ്പെട്ടിരിക്കും. കൂടാതെ, യേശു “രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.” (1 കൊരിന്ത്യർ 15:24) മനുഷ്യവർഗത്തിന് ഒരു അവസാന പരിശോധനയുണ്ടായിരിക്കും, തുടർന്ന് സാത്താനും അവന്റെ ഭൂതങ്ങളും എന്നേക്കുമായി നശിപ്പിക്കപ്പെടും.—വെളിപ്പാടു 20:7, 10.
17. നമുക്കു ലഭിക്കാനിരിക്കുന്ന സന്തോഷത്തിന്റെ വീക്ഷണത്തിൽ, നാം ഓരോരുത്തരും എന്തു ചെയ്യാൻ ദൃഢചിത്തരായിരിക്കണം?
17 അപ്പോൾ ആരംഭിക്കുന്ന അത്യന്തം രസകരമായ യുഗത്തിൽ “നിത്യമായ ഉടമ്പടി”ക്ക് എന്തെങ്കിലും പങ്കുണ്ടെങ്കിൽത്തന്നെ, അതെന്തായിരിക്കും? അതു നമുക്കു പറയാനാകില്ല. നമുക്കിപ്പോൾ ആവശ്യമുള്ളതെല്ലാം യഹോവ വെളിപ്പെടുത്തിയിട്ടുണ്ട്. അതു നമ്മെ വിസ്മയഭരിതരാക്കുന്നു. ഒന്നാലോചിച്ചുനോക്കൂ—“പുതിയ ആകാശ”ത്തിന്റെയും “പുതിയ ഭൂമി”യുടെയും ഭാഗമെന്ന നിലയിൽ നിത്യജീവൻ! (2 പത്രൊസ് 3:13) ആ വാഗ്ദാനം അവകാശപ്പെടുത്തുന്നതിനുള്ള നമ്മുടെ ആഗ്രഹത്തെ ക്ഷയിപ്പിക്കാൻ യാതൊന്നിനെയും അനുവദിക്കരുത്. ഉറച്ചുനിൽക്കുന്നത് എളുപ്പമല്ലായിരിക്കാം. പൗലൊസ് പറഞ്ഞു: “ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്കു ആവശ്യം.” (എബ്രായർ 10:36) ഓർക്കുക, നേരിടേണ്ടിവരുന്ന ഏതൊരു പ്രശ്നവും തരണംചെയ്യേണ്ടതായ ഏതൊരു എതിർപ്പും നമുക്കു ലഭിക്കാനിരിക്കുന്ന സന്തോഷവുമായുള്ള താരതമ്യത്തിൽ അപ്രധാനമാണ്. (2 കൊരിന്ത്യർ 4:17) അതുകൊണ്ടു നമ്മിലാരും “നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തി”ലാകാതിരിക്കട്ടെ. മറിച്ച് നമുക്ക് “വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തി”ലാണെന്നു തെളിയിക്കാം. (എബ്രായർ 10:39) നമുക്ക് ഉടമ്പടികളുടെ ദൈവമായ യഹോവയിൽ പൂർണമായി ആശ്രയിക്കാം. അതു നമ്മുടെ നിത്യാനുഗ്രഹത്തിൽ കലാശിക്കും.
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ഒരു പുതിയ ഭൂമിയിലേക്കുള്ള അതിജീവനം എന്ന പുസ്തകത്തിന്റെ 13-ാം അധ്യായം കാണുക.
നിങ്ങൾ മനസ്സിലാക്കിയോ?
□ അഭിഷിക്ത ക്രിസ്ത്യാനികൾക്കുപുറമേ, അബ്രാഹാമിന്റെ സന്തതിയിലൂടെ ആർ അനുഗ്രഹിക്കപ്പെടുന്നു?
□ പുതിയ ഉടമ്പടിയിലൂടെ അനുഗ്രഹിക്കപ്പെടുന്നതിൽ, വേറെ ആടുകൾ പഴയ ഉടമ്പടിക്കു കീഴിലെ മതപരിവർത്തിതരെപ്പോലെയായിരിക്കുന്നതെങ്ങനെ?
□ വലിയ പാപപരിഹാര ദിവസ ക്രമീകരണത്തിൽ വേറെ ആടുകൾ അനുഗ്രഹിക്കപ്പെടുന്നതെങ്ങനെ?
□ പൗലൊസ് പുതിയ ഉടമ്പടിയെ “നിത്യമായ ഉടമ്പടി”യെന്നു വിളിച്ചതെന്തുകൊണ്ട്?
[21-ാം പേജിലെ ചതുരം]
ആലയത്തിലെ വിശുദ്ധസേവനം
മഹാപുരുഷാരം അഭിഷിക്ത ക്രിസ്ത്യാനികളുമൊത്ത് യഹോവയുടെ വലിയ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ ആരാധിക്കുന്നു. (വെളിപ്പാടു 7:14, 15; 11:2) അവർ വിജാതീയർക്കായുള്ള ഒരു പ്രാകാരത്തിലാണെന്നു നിഗമനംചെയ്യാൻ യാതൊരു കാരണവുമില്ല. യേശു ഭൂമിയിലായിരുന്നപ്പോൾ, ആലയത്തിൽ വിജാതീയർക്കായി ഒരു പ്രാകാരമുണ്ടായിരുന്നു. എന്നാൽ, ശലോമോന്റെയും യെഹെസ്കേലിന്റെയും ആലയങ്ങളുടെ ദിവ്യനിശ്വസ്ത രൂപമാതൃകകളിൽ വിജാതീയർക്കായി ഒരു പ്രാകാരത്തിനു വ്യവസ്ഥയില്ലായിരുന്നു. ശലോമോന്റെ ആലയത്തിൽ, ഇസ്രായേല്യരും മതപരിവർത്തിതരും സ്ത്രീപുരുഷന്മാരും ഒരുമിച്ച് ആരാധിച്ചിരുന്ന ഒരു ബാഹ്യപ്രാകാരം ഉണ്ടായിരുന്നു. ഇതാണു മഹാപുരുഷാരം വിശുദ്ധസേവനം അർപ്പിക്കുന്നതായി യോഹന്നാൻ കണ്ട ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരത്തിന്റെ പ്രാവചനിക മാതൃക.
എന്നിരുന്നാലും, വലിയ യാഗപീഠം സ്ഥിതിചെയ്തിരുന്ന ആന്തരിക പ്രാകാരത്തിൽ പുരോഹിതന്മാരും ലേവ്യരും മാത്രമേ പ്രവേശിച്ചിരുന്നുള്ളൂ; വിശുദ്ധ സ്ഥലത്ത് പുരോഹിതന്മാർ മാത്രവും അതിവിശുദ്ധ സ്ഥലത്ത് മഹാപുരോഹിതൻമാത്രവുമാണ് പ്രവേശിച്ചിരുന്നത്. ആന്തരിക പ്രാകാരവും വിശുദ്ധ സ്ഥലവും ഭൂമിയിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ അനുപമമായ ആത്മീയാവസ്ഥയെ മുൻനിഴലാക്കുന്നതായി മനസ്സിലാക്കിയിരിക്കുന്നു. അതിവിശുദ്ധസ്ഥലം അഭിഷിക്ത ക്രിസ്ത്യാനികൾക്കു തങ്ങളുടെ സ്വർഗീയ മഹാപുരോഹിതനോടൊപ്പം അമർത്ത്യ ജീവൻ ലഭിക്കുന്നിടമായ സ്വർഗത്തെ ചിത്രീകരിക്കുന്നു.—എബ്രായർ 10:19, 20.
[23-ാം പേജിലെ ചിത്രം]
ലഭിക്കാനിരിക്കുന്ന സന്തോഷത്തിന്റെ വീക്ഷണത്തിൽ, നമുക്കു “വിശ്വസിച്ചു ജീവരക്ഷ പ്രാപി”ക്കാം