നിങ്ങൾ ദൈവത്തിന്റെ കരുണയെ അനുകരിക്കുമോ?
“പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.”—എഫേസ്യർ 5:1
1. മററുള്ളവരെ അനുകരിക്കൽ നമുക്കെല്ലാം താത്പര്യമുള്ള സംഗതിയായിരിക്കേണ്ടതെന്തുകൊണ്ട്?
മിക്കയാളുകളും നൻമക്കോ തിൻമക്കോ മററുള്ളവരെ അനുകരിക്കുന്നു. നാം കൂട്ടുകൂടി ആരെ അനുകരിക്കുന്നുവോ അവർക്ക് നമ്മെ ഗണ്യമായി ബാധിക്കാൻ കഴിയും. സദൃശവാക്യങ്ങൾ 13:20ന്റെ നിശ്വസ്ത എഴുത്തുകാരൻ ഇങ്ങനെ മുന്നറിയിപ്പുനൽകി: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും, ഭോഷൻമാർക്ക് കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” അപ്പോൾ നല്ല കാരണത്തോടെ ദൈവവചനം പറയുന്നു: “നൻമയല്ലാതെ തിൻമ അനുകരിക്കരുത്. നൻമചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു.”—3 യോഹന്നാൻ 11.
2. നാം ആരെ അനുകരിക്കേണ്ടതാണ്, ഏതു വിധങ്ങളിൽ?
2 നമുക്ക് അനുകരിക്കാൻ കഴിയുന്ന സ്ത്രീപുരുഷൻമാരുടെ വിശിഷ്ടമായ ബൈബിൾദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്. (1 കൊരിന്ത്യർ 4:16; 11:1; ഫിലിപ്പിയർ 3:17) എന്നുവരികിലും നാം അനുകരിക്കേണ്ട പ്രമുഖൻ ദൈവമാണ്. എഫേസ്യർ 4:31-5:2 വരെ നാം ഒഴിവാക്കേണ്ട സ്വഭാവങ്ങളും നടപടികളും കുറിക്കൊണ്ട ശേഷം നാം “മനസ്സലിവുള്ളവരായി . . . അന്യോന്യം ക്ഷമിക്കാൻ” അപ്പോസ്തലനായ പൗലോസ് ശക്തമായി ഉപദേശിച്ചു. ഇത് മുഖ്യ ഉദ്ബോധനത്തിലേക്കു നയിച്ചു: “ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ, . . . സ്നേഹത്തിൽ നടപ്പിൻ.”
3, 4. ദൈവം തന്നേക്കുറിച്ചുതന്നെ എന്തു വർണ്ണന നൽകി, അവൻ നീതിയുള്ള ഒരു ദൈവമായിരിക്കുന്നതിനെ നാം പരിഗണിക്കേണ്ടതെന്തുകൊണ്ട്?
3 നാം അനുകരിക്കേണ്ട ദൈവത്തിന്റെ വഴികളും ഗുണങ്ങളും എന്തൊക്കെയാണ്? അവൻ തന്നേക്കുറിച്ചുതന്നെ മോശയോടു വർണ്ണിച്ച രീതിയിൽനിന്ന് അവന്റെ വ്യക്തിത്വത്തിന്റെയും പ്രവർത്തനങ്ങളുടെയും അനേകം വശങ്ങളുണ്ട്. “യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ, ആയിരം ആയിരത്തിന് ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുള്ളവനെ വെറുതെ വിടാതെ പിതാക്കൻമാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും . . സന്ദർശിക്കുന്നവൻ.”—പുറപ്പാട് 34:6, 7.
4 യഹോവ “നീതിയും ന്യായവും ഇഷ്ടപ്പെടുന്ന”വൻ ആയതുകൊണ്ട് നാം അവന്റെ വ്യക്തിത്വത്തിന്റെ ഈ വശം സുനിശ്ചിതമായി അറിയുകയും അനുകരിക്കുകയും ചെയ്യണം. (സങ്കീർത്തനം 33:5; 37:28) അവൻ സ്രഷ്ടാവും അതുപോലെതന്നെ മനുഷ്യവർഗ്ഗത്തിന്റെ പരമോന്നതന്യായാധിപതിയും നിയമദാതാവുമാകുന്നു, തന്നിമിത്തം അവൻ എല്ലാവരോടും നീതി പ്രകടമാക്കുന്നു. (യെശയ്യാവ് 33:22) അവന്റെ ജനമായിരുന്ന ഇസ്രായേലിന്റെ ഇടയിലും പിന്നീട് ക്രിസ്തീയ സഭക്കുള്ളിലും അവൻ നീതി ആവശ്യപ്പെടുകയും അതു നിർവഹിക്കപ്പെടാൻ ഇടയാക്കുകയും ചെയ്ത വിധത്തിൽ അത് വ്യക്തമായി സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
ദിവ്യനീതി നിർവഹിക്കപ്പെടുന്നു
5, 6. ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകളിൽ നീതി എങ്ങനെ പ്രകടമായിരുന്നു?
5 ഇസ്രായേലിനെ തന്റെ ജനമായി തെരഞ്ഞെടുത്തപ്പോൾ അവർ ‘കർശനമായി അവന്റെ ശബ്ദം അനുസരിക്കുകയും തീർച്ചയായും അവന്റെ ഉടമ്പടി പാലിക്കുകയും’ ചെയ്യുമോയെന്ന് ദൈവം ചോദിച്ചു. സീനായിമലയുടെ അടിവാരത്തിൽ കൂടിവന്നപ്പോൾ, “യഹോവ പറഞ്ഞിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ സന്നദ്ധരാണ്” എന്ന് അവർ ഉത്തരം പറഞ്ഞു. (പുറപ്പാട് 19:3-8, NW) എന്തോരു ഗൗരവമുള്ള ബാദ്ധ്യത! ദൂതൻമാർ മുഖേന ദൈവം ഇസ്രായേല്യർക്ക് ഏതാണ്ട് 600 നിയമങ്ങൾ കൊടുത്തു, അവനു സമർപ്പിതരായിരുന്ന ഒരു ജനമെന്ന നിലയിൽ അവർ അത് അനുസരിക്കാൻ ഉത്തരവാദിത്വമുള്ളവരായിരുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നില്ലെങ്കിലോ? ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ ഒരു പ്രത്യേകവിദഗ്ദ്ധൻ ഇങ്ങനെ വിശദീകരിച്ചു: “ദൂതൻമാർ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കുകയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കുകയും ചെയ്തു.”—എബ്രായർ 2:2.
6 അതെ, അനുസരിക്കുകയില്ലാഞ്ഞ ഒരു ഇസ്രായേല്യനെ “ന്യായമായ പ്രതിഫലം” അഭിമുഖീകരിച്ചു, ന്യൂനതയുള്ള മനുഷ്യന്യായമല്ല, പിന്നെയോ നമ്മുടെ സ്രഷ്ടാവിൽനിന്നുള്ള ന്യായം. നിയമലംഘനത്തിന് ദൈവം വിവിധശിക്ഷകൾ വ്യവസ്ഥചെയ്തിരുന്നു. ഏററവും ഗൗരവമുള്ള ശിക്ഷ ‘ഛേദിക്കൽ’ അഥവാ വധമായിരുന്നു. അത് വിഗ്രഹാരാധന, വ്യഭിചാരം, ബന്ധുക്കളുമായുള്ള ദുർവൃത്തി, മൃഗീയത, സ്വവർഗ്ഗരതി, ശിശുബലി, കൊലപാതകം, രക്തത്തിന്റെ ദുരുപയോഗം എന്നിങ്ങനെയുള്ള ഗൗരവമുള്ള ലംഘനങ്ങൾക്ക് ബാധകമായി. (ലേവ്യപുസ്തകം 17:14; 18:6-17, 21-29) മാത്രവുമല്ല, ഏതു ദിവ്യനിയമത്തെയും മനഃപൂർവം, അനുതാപമില്ലാതെ ലംഘിക്കുന്ന ഏത് ഇസ്രായേല്യനും “ഛേദിക്കപ്പെടാൻ” കഴിയുമായിരുന്നു. (സംഖ്യാപുസ്തകം 4:15, 18; 15:30, 31) ഈ ദിവ്യനീതി നിർവഹിക്കപ്പെട്ടപ്പോൾ ഫലങ്ങൾ ഉചിതമായി ദുഷ്പ്രവൃത്തിക്കാരുടെ സന്തതികൾക്ക് അനുഭവപ്പെട്ടേക്കുമായിരുന്നു.
7. ദൈവത്തിന്റെ പുരാതന ജനത്തിന്റെ ഇടയിൽ നീതി നടപ്പിലാക്കിയതിന്റെ ചില പരിണതഫലങ്ങളേവയായിരുന്നു?
7 അങ്ങനെയുള്ള ശിക്ഷകൾ ദിവ്യനിയമം ലംഘിക്കുന്നതിന്റെ ഗൗരവത്തിന് അടിവരയിട്ടു. ദൃഷ്ടാന്തത്തിന്, ഒരു പുത്രൻ ഒരു മുഴുക്കുടിയനും ഒരു അതിഭക്ഷകനുമായിത്തീർന്നാൽ അവൻ പക്വതയുള്ള ന്യായാധിപതിമാരുടെ മുമ്പാകെ വരുത്തപ്പെടണമായിരുന്നു. അവൻ അനുതാപമില്ലാത്ത ഒരു മനഃപൂർവ ദുഷ്പ്രവൃത്തിക്കാരനാണെന്ന് അവർ കണ്ടെത്തിയാൽ മാതാപിതാക്കൾ നീതി നടപ്പാക്കുന്നതിൽ പങ്കുചേരണമായിരുന്നു. (ആവർത്തനം 21:18-21) നമ്മിൽ മാതാപിതാക്കളായിരിക്കുന്നവർക്ക് അത് ചെയ്യുക എളുപ്പമല്ലായിരുന്നുവെന്ന് സങ്കൽപ്പിക്കാൻ കഴിയും. എന്നിരുന്നാലും ദുഷ്ടത തന്റെ സത്യാരാധകരുടെ ഇടയിൽ വ്യാപിക്കാതിരിക്കാൻ അതാവശ്യമായിരുന്നുവെന്ന് ദൈവത്തിനറിയാമായിരുന്നു. (യെഹെസ്ക്കേൽ 33:17-19) “അവന്റെ വഴികളൊക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻതന്നെ” എന്ന് പറയാൻകഴിയുമായിരുന്ന ഒരുവനാലാണ് ഇത് ക്രമീകരിക്കപ്പെട്ടത്—ആവർത്തനം 32:4.
8. ക്രിസ്തീയസഭയുമായുള്ള ദൈവത്തിന്റെ ഇടപെടലുകളിൽ നീതി പ്രകടമായിരുന്നതെങ്ങനെ?
8 അനേകം നൂററാണ്ടുകൾക്കുശേഷം ദൈവം ഇസ്രായേൽ ജനതയെ ത്യജിക്കുകയും ക്രിസ്തീയസഭയെ തെരഞ്ഞെടുക്കുകയുംചെയ്തു. എന്നാൽ യഹോവക്കു മാററമുണ്ടായില്ല. അവൻ പിന്നെയും നീതിയോടു പ്രതിജ്ഞാബദ്ധമായിരുന്നു, “ദഹിപ്പിക്കുന്ന അഗ്നി” എന്ന് വർണ്ണിക്കപ്പെടാനും കഴിയുമായിരുന്നു. (എബ്രായർ 12:29; ലൂക്കോസ് 18:7, 8) അതുകൊണ്ട് അവൻ ദുഷ്പ്രവൃത്തിക്കാരെ ബഹിഷ്ക്കരിച്ചുകൊണ്ട് മുഴു സഭയിലും ദൈവികഭയം ജനിപ്പിക്കാൻ ഒരു വ്യവസ്ഥയുണ്ടായിരിക്കുന്നതിൽ തുടർന്നു. അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരായിത്തീർന്ന സമർപ്പിതക്രിസ്ത്യാനികൾ കൂട്ടായ്മയിൽനിന്ന് പുറത്താക്കപ്പെടണമായിരുന്നു.
9. പുറത്താക്കൽ എന്താണ്, അത് എന്ത് സാധിക്കുന്നു?
9 പുറത്താക്കലിൽ എന്താണുൾപ്പെട്ടിരുന്നത്? ഒന്നാം നൂററാണ്ടിൽ ഒരു പ്രശ്നം കൈകാര്യംചെയ്ത വിധത്തിൽ നാം ഒരു സാധനപാഠം കാണുന്നു. കൊരിന്തിലെ ഒരു ക്രിസ്ത്യാനി അയാളുടെ അപ്പന്റെ ഭാര്യയുമായി ദുർമ്മാർഗ്ഗത്തിലേർപ്പെടുകയും അനുതപിക്കാതിരിക്കുകയുംചെയ്തു, തന്നിമിത്തം അയാളെ സഭയിൽനിന്ന് ബഹിഷ്ക്കരിക്കാൻ പൗലോസ് നിർദ്ദേശിച്ചു. ദൈവജനത്തിന്റെ ശുദ്ധി കാക്കാൻ ഇത് ചെയ്യപ്പെടണമായിരുന്നു, എന്തെന്നാൽ “അല്പം പുളിമാവ് മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്നു.” അയാളുടെ ബഹിഷ്ക്കരണം ദൈവത്തെയും അവന്റെ ജനത്തെയും അപമാനിക്കുന്നതിൽനിന്ന് അയാളുടെ ദുഷ്ടതയെ തടയും. പുറത്താക്കപ്പെടുകയെന്ന ഗൗരവമുള്ള ശിക്ഷണം അയാൾക്ക് സുബോധം വരുമാറ് അയാളെ ഞെട്ടിക്കുകയും അയാളിലും സഭയിലും ഉചിതമായ ദൈവഭയം ജനിപ്പിക്കുകയുംചെയ്യും.—1 കൊരിന്ത്യർ 5:1-13; ആവർത്തനം 17:2, 12, 13 താരതമ്യപ്പെടുത്തുക.
10. ആരെങ്കിലും പുറത്താക്കപ്പെടുന്നുവെങ്കിൽ ദൈവദാസൻമാർ പ്രതികരിക്കേണ്ടതെങ്ങനെ?
10 ഒരു ദുഷ്ടൻ പുറത്താക്കപ്പെടുകയാണെങ്കിൽ, ക്രിസ്ത്യാനികൾക്ക് “അവനുമായി സംസർഗ്ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കുകപോലും അരുത്” എന്നതാണ് ദിവ്യകല്പന. aഅയാൾ അങ്ങനെ ദൈവനിയമത്തെ ആദരിക്കുകയും അതനുസരിച്ചു നടക്കുകയും ചെയ്യാനാഗ്രഹിക്കുന്ന വിശ്വസ്തരുമായുള്ള സാമൂഹ്യസഹവാസം ഉൾപ്പെടെയുള്ള കൂട്ടായ്മയിൽനിന്ന് ഛേദിക്കപ്പെടുന്നു. അവരിൽ ചിലർ ഒരേ കുടുംബത്തിന്റെ ഭാഗമല്ലാതെ, അടുത്ത കുടുംബത്തിനു പുറത്തെ ബന്ധുക്കളായിരിക്കാം. ആ ബന്ധുക്കൾക്ക് ഈ ദിവ്യനിർദ്ദേശം ബാധകമാക്കുന്നത് പ്രയാസമായിരിക്കാം, ഒരു ദുഷ്ടപുത്രനെ വധിക്കുന്നതിൽ പങ്കെടുക്കുന്നത് മോശൈക ന്യായപ്രമാണത്തിൻകീഴിലെ എബ്രായ മാതാപിതാക്കൻമാർക്ക് എളുപ്പമല്ലായിരുന്നതുപോലെതന്നെ. എന്നാലും, ദൈവകല്പന വ്യക്തമാണ്; അങ്ങനെ പുറത്താക്കൽ ന്യായമാണെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻകഴിയും.—1 കൊരിന്ത്യർ 5:1, 6-8, 11; തീത്തോസ് 3:10, 11; 2 യോഹന്നാൻ 9-11; 1981 സെപ്ററംബർ 15ലെ വാച്ച്ററവറിന്റെ 26-31വരെ പേജുകളും 1988 ഏപ്രിൽ 15ലേതിന്റെ 28-31വരെ പേജുകളും കാണുക.
11. ഒരു പുറത്താക്കലിനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ പ്രകടമായിരിക്കാൻ കഴിയുന്നതെങ്ങനെ?
11 നമ്മുടെ ദൈവം കേവലം ന്യായം പാലിക്കുന്നവൻമാത്രമല്ലെന്ന് ഓർക്കുക.; അവൻ “സ്നേഹദയയിൽ സമൃദ്ധനും തെററും ലംഘനവും ക്ഷമിക്കുന്നവനും”കൂടെയാകുന്നു. (സംഖ്യാപുസ്തകം 14:18, NW) പുറത്താക്കപ്പെട്ട ഒരു വ്യക്തി ദിവ്യക്ഷമ തേടിക്കൊണ്ട് അനുതപിച്ചേക്കാമെന്ന് അവന്റെ വചനം വ്യക്തമാക്കുന്നു. അപ്പോഴെന്ത്? അയാൾ പുറത്താക്കപ്പെടുന്നതിലേക്കു നയിച്ച ദുഷ്പ്രവൃത്തിസംബന്ധിച്ച് അനുതപിക്കുന്നതായുള്ള തെളിവ് അയാൾ നൽകുന്നുണ്ടോയെന്ന് പ്രാർത്ഥനാപൂർവവും ശ്രദ്ധാപൂർവവും നിർണ്ണയിക്കുന്നതിന് പരിചയസമ്പന്നരായ മേൽവിചാരകൻമാർക്ക് അയാളുമായി കൂടിവരാവുന്നതാണ്. (പ്രവൃത്തികൾ 26:20 താരതമ്യംചെയ്യുക.) അങ്ങനെയെങ്കിൽ, അയാളെ സഭയിൽ പുനഃസ്ഥിതീകരിക്കാവുന്നതാണ്, കൊരിന്തിലെ മമനുഷ്യന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചതായി 2 കൊരിന്ത്യർ 2:6-11 സൂചിപ്പിക്കുന്നുണ്ടല്ലോ. എന്നിരുന്നാലും, ബഹിഷ്കൃതരായ ചിലർ വർഷങ്ങളായി ദൈവത്തിന്റെ സഭയിൽനിന്ന് അകന്നിരുന്നിട്ടുണ്ട്. അതുകൊണ്ട് തിരികെ വരാനുള്ള വഴികാണുന്നതിന് അവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻകഴിയുമോ?
നീതി കരുണയാൽ മയപ്പെടുത്തപ്പെടുന്നു
12, 13. നാം ദൈവത്തെ അനുകരിക്കുന്നതിൽ അവന്റെ നീതിയെ പ്രതിഫലിപ്പിക്കുന്നതിലധികം ഉൾപ്പെടേണ്ടതെന്തുകൊണ്ട്?
12 മേൽപ്രസ്താവിച്ചത് പുറപ്പാട് 34:6, 7ൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ഗുണങ്ങളുടെ ഒരു വശം മാത്രമാണ് മുഖ്യമായി കൈകാര്യംചെയ്തത്. എന്നിരുന്നാലും ആ വാക്യങ്ങൾ ദൈവത്തിന്റെ നീതിയെക്കാൾ വളരെയധികം വിവരിക്കുന്നുണ്ട്. അവനെ അനുകരിക്കാൻ ആഗ്രഹിക്കുന്നവർ നീതി നടപ്പാക്കുന്നതിൽ മാത്രമല്ല കേന്ദ്രീകരിക്കുന്നത്. നിങ്ങൾ ശലോമോൻ പണികഴിപ്പിച്ച ആലയത്തിന്റെ ഒരു മാതൃക നിർമ്മിക്കുകയാണെങ്കിൽ അതിന്റെ തൂണുകളിൽ ഒന്നിനെക്കുറിച്ചുമാത്രമേ നിങ്ങൾ പഠിക്കുകയുള്ളോ? (1 രാജാക്കൻമാർ 7:15-22) അല്ല, അത് ആലയത്തിന്റെ സ്വഭാവത്തിന്റെയും ധർമ്മത്തിന്റെയും ഒരു സന്തുലിതമായ ചിത്രം നിങ്ങൾക്ക് അശേഷം നൽകുകയില്ല. സമാനമായി, നാം ദൈവത്തെ അനുകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവന്റെ വഴികളിലും ഗുണങ്ങളിലുംപെട്ട മററുള്ളവയെയും നാം പകർത്തേണ്ട ആവശ്യമുണ്ട്, അവൻ “കരുണയും കൃപയുമുള്ളവൻ, ദീർഘക്ഷമയും മഹാദയയുമുള്ളവൻ, ആയിരം ആയിരത്തിനു ദയ പാലിക്കുന്നവൻ, അകൃത്യവും . . . ക്ഷമിക്കുന്നവൻ” എന്നിങ്ങനെയുള്ളവ.
13 കരുണയും ക്ഷമയും ദൈവത്തിന്റെ അടിസ്ഥാനഗുണങ്ങളാണ്, അവൻ ഇസ്രായേലിനോട് ഇടപെട്ട വിധത്തിൽ നാം അതു കാണുന്നുണ്ടല്ലോ. ന്യായത്തിന്റെ ദൈവം ആവർത്തിച്ചുള്ള തെററിന് അവരെ ശിക്ഷയിൽനിന്ന് ഒഴിവാക്കിയില്ല, എന്നിട്ടും അവൻ ധാരാളം കരുണയും ക്ഷമയും പ്രദർശിപ്പിച്ചു. “അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ ഇസ്രായേൽ മക്കളെയും അറിയിച്ചു. യഹോവ കരുണയും കൃപയും നിറഞ്ഞവനാകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻതന്നേ. അവൻ എല്ലായ്പ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.” (സങ്കീർത്തനം 103:7-9; 106:43-46) അതെ, നൂറുകണക്കിനു വർഷങ്ങളിലെ അവന്റെ ഇടപെടലുകളുടെ ഒരു പിന്തിരിഞ്ഞുള്ള വീക്ഷണം ആ വാക്കുകൾ സത്യമാണെന്ന് തെളിയിക്കുന്നു.—സങ്കീർത്തനം 86:15; 145:8, 9; മീഖാ 7:18, 19.
14. യേശു ദൈവത്തിന്റെ കരുണാപൂർണ്ണതയെ അനുകരിച്ചുവെന്ന് അവൻ എങ്ങനെ പ്രകടമാക്കി?
14 യേശുക്രിസ്തു “[ദൈവത്തിന്റെ] മഹത്വത്തിന്റെ പ്രതിഫലനവും അവന്റെ അസ്തിത്വത്തിന്റെതന്നെ കൃത്യമായ പ്രതിനിധാനവു”മാകയാൽ അവൻ സമാനമായ കരുണയും ക്ഷമിക്കാനുള്ള സന്നദ്ധതയും പ്രകടമാക്കുമെന്ന് നാം പ്രതീക്ഷിക്കണം. (എബ്രായർ 1:3, NW) മററുള്ളവരോടുള്ള അവന്റെ പ്രവർത്തനങ്ങൾ കാണിക്കുന്നതുപോലെ അവൻ പ്രകടമാക്കി. (മത്തായി 20:30-34) ലൂക്കോസ് 15-ാം അദ്ധ്യായത്തിൽ നാം വായിക്കുന്ന അവന്റെ വാക്കുകളാൽ അവൻ കരുണക്ക് ഊന്നൽ കൊടുത്തു. അവിടെ കാണുന്ന മൂന്നു ദൃഷ്ടാന്തങ്ങൾ യേശു യഹോവയെ അനുകരിച്ചുവെന്ന് തെളിയിച്ചു, അവ നമുക്ക് മർമ്മപ്രധാനമായ പാഠങ്ങൾ നൽകുന്നു.
കാണാതെപോയതിനോടുള്ള താത്പര്യം
15, 16. ലൂക്കോസ് 15-ലെ ദൃഷ്ടാന്തങ്ങൾ നൽകാൻ യേശുവിനെ പ്രേരിപ്പിച്ചതെന്ത്?
15 ആ ദൃഷ്ടാന്തങ്ങൾ പാപികളിലുള്ള ദൈവത്തിന്റെ കരുണാപൂർവകമായ താത്പര്യത്തെ സാക്ഷ്യപ്പെടുത്തുകയും നമുക്കനുകരിക്കാനുള്ള ഒരു അനുയോജ്യമായ ചിത്രം വരച്ചുകാട്ടുകയും ചെയ്യുന്നു. ദൃഷ്ടാന്തങ്ങളുടെ രംഗവിധാനം പരിചിന്തിക്കുക: “ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ [യേശുവിന്റെ] അടുക്കൽ വന്നു. ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശൻമാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.”—ലൂക്കോസ് 15:1, 2.
16 ഉൾപ്പെട്ടിരുന്ന ആളുകളെല്ലാം യഹൂദൻമാരായിരുന്നു. പരീശൻമാരും ശാസ്ത്രിമാരും സങ്കൽപ്പമനുസരിച്ച് മോശൈകന്യായപ്രമാണത്തോടുള്ള അവരുടെ ആചാരനിഷ്ഠമായ പററിനിൽപ്പിൽ, ഒരു തരം നൈയാമിക നീതിയിൽ അഭിമാനംകൊണ്ടു. എന്നിരുന്നാലും ദൈവം അത്തരം സ്വപ്രഖ്യാപിത നീതിയോട് യോജിച്ചില്ല. (ലൂക്കോസ് 16:15) സ്പഷ്ടമായി, പറയപ്പെട്ട ചുങ്കക്കാർ റോമായിക്കുവേണ്ടി നികുതികൾ പിരിച്ചെടുത്ത യഹൂദൻമാരായിരുന്നു. അനേകർ സഹയഹൂദൻമാരിൽനിന്ന് അമിതമായി തുകകൾ ഞെക്കിപ്പിഴിഞ്ഞെടുത്തതുകൊണ്ട് ചുങ്കക്കാർ നിന്ദിതരായ ഒരു കൂട്ടമായിരുന്നു. (ലൂക്കോസ് 19:2, 8) അവർ “പാപികളോടു”കൂടെ തരംതിരിക്കപ്പെട്ടു, അവരിൽ ദുർമ്മാർഗ്ഗികൾ, വേശ്യമാർപോലും ഉൾപ്പെട്ടിരുന്നു. (ലൂക്കോസ് 5:27-32; മത്തായി 21:32) എന്നാൽ പരാതിപറഞ്ഞ മതനേതാക്കൻമാരോട് യേശു ചോദിച്ചു:
17. ലൂക്കോസ് 15ലെ യേശുവിന്റെ ഒന്നാമത്തെ ദൃഷ്ടാന്തമെന്തായിരുന്നു?
17 “നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെപോയാൽ അവൻ തൊണ്ണൂറെറാൻപതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കിനടക്കാതിരിക്കുമോ? കണ്ടുകിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്തു വീട്ടിൽവന്നു സ്നേഹിതൻമാരെയും അയല്ക്കാരെയും വിളിച്ചുകൂട്ടി: കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും. അങ്ങനെ തന്നേ മാനസാന്തരംകൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറെറാമ്പതു നീതിമാൻമാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മതനേതാക്കൾക്ക് വാങ്മയ ചിത്രം മനസ്സിലാക്കാൻ കഴിഞ്ഞു, എന്തെന്നാൽ ആടുകളും ഇടയൻമാരും ഒരു സാധാരണകാഴ്ചയായിരുന്നു. താത്പര്യപൂർവം ഇടയൻ പരിചിതമായ മേച്ചൽസ്ഥലത്ത് മേയുന്നതിന് 99 ആടുകളെയും വിട്ടിട്ട് കാണാതെപോയതിനെ തേടിപ്പോയി. അതിനെ കണ്ടെത്തുന്നതുവരെ സ്ഥിരോദ്യമം നടത്തിയശേഷം അവൻ ഭയചകിതമായ ആടിനെ ആട്ടിൻകൂട്ടത്തിന്റെ അടുക്കലേക്ക് സ്നേഹപൂർവം എടുത്തുകൊണ്ടുപോയി.—ലൂക്കോസ് 15:4-7.
18. ലൂക്കോസ് 15ലെ യേശുവിന്റെ രണ്ടാമത്തെ ദൃഷ്ടാന്തത്തിൽ പ്രദീപ്തമാക്കപ്പെട്ടതുപോലെ, സന്തോഷമുദിപ്പിച്ചതെന്ത്?
18 യേശു രണ്ടാമതൊരു ദൃഷ്ടാന്തംകൂടെ കൂട്ടിച്ചേർത്തു: “അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെപോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതു കണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ? കണ്ടുകിട്ടിയാൽ സ്നേഹിതിമാരെയും അയല്ക്കാരിത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് ദൈവദൂതൻമാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോസ് 15:8-10) ദ്രഹ്മ ഒരു കൂലിക്കാരന്റെ ഒരു ദിവസത്തെ വേതനത്തോടടുത്ത മൂല്യമുള്ളതായിരുന്നു. ആ സ്ത്രീയുടെ നാണയം പാരമ്പര്യാവകാശപ്രകാരമുള്ള ഒരു വസ്തു ആയിരുന്നിരിക്കാം, അല്ലെങ്കിൽ ആഭരണമാക്കിയ ഒരു കൂട്ടത്തിന്റെ ഭാഗമായിരുന്നിരിക്കാം. അതു നഷ്ടപ്പെട്ടപ്പോൾ അവൾ ആ നാണയം കണ്ടുപിടിക്കാൻ തീവ്രമായി അന്വേഷിച്ചു. പിന്നീട് അവളും അവളുടെ സ്നേഹിതിമാരും സന്തോഷിച്ചു. ഇത് ദൈവത്തെസംബന്ധിച്ച് നമ്മോട് എന്തു പറയുന്നു?
സ്വർഗ്ഗീയ സന്തോഷം—എന്തിനെപ്രതി?
19, 20. ലൂക്കോസ് 15ലെ യേശുവിന്റെ ആദ്യത്തെ രണ്ട് ദൃഷ്ടാന്തങ്ങൾ പ്രാഥമികമായി ആരെക്കുറിച്ചായിരുന്നു, അവ ഏതു കേന്ദ്ര ആശയം സ്ഥാപിച്ചു?
19 ഈ രണ്ടു ദൃഷ്ടാന്തങ്ങൾ യേശുവിനെക്കുറിച്ചുള്ള വിമർശനത്തോടുള്ള പ്രതികരണമായി പറഞ്ഞതായിരുന്നു, അവൻ ചില മാസങ്ങൾക്കുമുമ്പ് തന്നേത്തന്നെ തന്റെ ആടുകൾക്കുവേണ്ടി തന്റെ ദേഹിയെ കൊടുക്കുന്ന “നല്ല ഇടയൻ” ആയി തിരിച്ചറിയിച്ചിരുന്നു. (യോഹന്നാൻ 10:11-15) എന്നിരുന്നാലും, ഈ ദൃഷ്ടാന്തങ്ങൾ പ്രഥമമായി യേശുവിനെക്കുറിച്ചായിരുന്നില്ല. ശാസ്ത്രിമാരും പരീശൻമാരും പഠിക്കേണ്ട ആവശ്യമുണ്ടായിരുന്ന പാഠങ്ങൾ ദൈവത്തിന്റെ മനോഭാവത്തെയും വഴികളെയും കേന്ദ്രീകരിച്ചിരുന്നു. അങ്ങനെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ സന്തോഷമുണ്ടെന്ന് യേശു പറഞ്ഞു. ആ മതഭക്തർ യഹോവയെ സേവിക്കുന്നതായി അവകാശപ്പെട്ടു, എന്നാൽ അവർ അവനെ അനുകരിക്കുന്നില്ലായിരുന്നു. മറിച്ച്, യേശുവിന്റെ കരുണാപൂർവകമായ വഴികൾ അവന്റെ പിതാവിന്റെ ഇഷ്ടത്തെ പ്രതിനിധാനംചെയ്തു.—ലൂക്കോസ് 18:10-14; യോഹന്നാൻ 8:28, 29; 12:47-50; 14:7-11.
20 നൂറിൽ പെട്ട ഒരെണ്ണം സന്തോഷത്തിന്റെ അടിസ്ഥാനമായിരുന്നെങ്കിൽ, പത്തിൽ ഒരു നാണയം കൂടുതലായി അങ്ങനെയായിരുന്നു. ഇന്നുപോലും നമുക്ക് നാണയം കണ്ടെത്തുന്നതിനെ പ്രതി സന്തോഷിക്കുന്ന സ്ത്രീകളുടെ വികാരങ്ങൾ അറിയാൻകഴിയും! ഇവിടെയും “ദൈവദൂതൻമാർ” “മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച്” യഹോവയോടൊത്തു സന്തോഷിക്കുന്നു. “മാനസാന്തരപ്പെടുന്ന” എന്ന അന്തിമവാക്ക് കുറിക്കൊള്ളുക. ഈ ദൃഷ്ടാന്തങ്ങൾ യഥാർത്ഥത്തിൽ അനുതപിക്കുന്ന പാപികളെക്കുറിച്ചായിരുന്നു. രണ്ടും അവരുടെ അനുതാപം നിമിത്തം സന്തോഷിക്കുന്നതിന്റെ ഔചിത്യത്തെ ഊന്നിപ്പറഞ്ഞതായി നിങ്ങൾക്ക് കാണാൻകഴിയും.
21. ലൂക്കോസ് 15ലെ യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽനിന്ന് നാം ഏതു പാഠം പഠിക്കണം?
21 ന്യായപ്രമാണത്തിന്റെ ഉപരിപ്ലവമായ അനുസരണത്തിൽ മോടി തോന്നിയ, വഴിതെററിക്കപ്പെട്ടിരുന്ന ആ മതനേതാക്കൾ ദൈവം “കരുണയും കൃപയുമുള്ളവൻ. . . . അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ” ആയിരിക്കുന്നതിനെ അവഗണിച്ചു. (പുറപ്പാട് 34:6, 7) ദൈവത്തിന്റെ വഴികളുടെയും വ്യക്തിത്വത്തിന്റെയും ഈ വശത്തെ അവർ അനുകരിച്ചിരുന്നെങ്കിൽ അവർ അനുതപിച്ച പാപികളോടുള്ള യേശുവിന്റെ കരുണയെ വിലമതിക്കുമായിരുന്നു. നമ്മേസംബന്ധിച്ചെങ്ങനെ? നാം ഈ പാഠം കാര്യമായി എടുക്കുകയും ബാധകമാക്കുകയും ചെയ്യുന്നുണ്ടോ? ശരി, യേശുവിന്റെ മൂന്നാമത്തെ ദൃഷ്ടാന്തം ശ്രദ്ധിക്കുക.
അനുതാപവും കരുണയും പ്രവർത്തനത്തിൽ
22. ചുരുക്കത്തിൽ, ലൂക്കോസ് 15ൽ യേശു മൂന്നാമത്തെ ഒരു ദൃഷ്ടാന്തമായി എന്തു നൽകി?
22 ഇത് മിക്കപ്പോഴും മുടിയനായ പുത്രന്റെ ദൃഷ്ടാന്തമെന്നു വിളിക്കപ്പെടുന്നു. എന്നിരുന്നാലും അതു വായിക്കുമ്പോൾ ചിലർ അതിനെക്കുറിച്ച് ഒരു പിതാവിന്റെ സ്നേഹത്തിന്റെ ഉപമയെന്ന് വിചാരിക്കുന്നതെന്തുകൊണ്ടെന്ന് നിങ്ങൾക്ക് കാണാൻകഴിയും. അത് ഒരു കുടുംബത്തിലെ ഇളയ പുത്രനെക്കുറിച്ചു പറയുന്നു, അവൻ തന്റെ പിതാവിൽനിന്ന് അവന്റെ അവകാശം വാങ്ങുന്നു. (ആവർത്തനം 21:17 താരതമ്യപ്പെടുത്തുക.) ഈ പുത്രൻ ഒരു വിദൂരദേശത്തേക്കു പോകുന്നു, അവിടെ അവൻ ദുർമ്മാർഗ്ഗജീവിതത്തിൽ സകലവും ധൂർത്തടിക്കുന്നു, പന്നികളെ തീററുന്ന ജോലിയിൽ ഏർപ്പെടേണ്ടിവരുന്നു, പന്നികളുടെ തീററിക്കുവേണ്ടി വിശക്കുകപോലുംചെയ്യുന്നു. ഒടുവിൽ അവന് സുബോധംതോന്നുകയും വീട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയുംചെയ്യുന്നു, ഒരു കൂലിപ്പണിക്കാരനായി പിതാവിനുവേണ്ടി പണിചെയ്യാനെങ്കിലും സാധിച്ചിരുന്നെങ്കിൽ. അവൻ വീടിനോടടുക്കുമ്പോൾ, അവന്റെ പിതാവ് അവനെ സ്വാഗതംചെയ്യുന്ന ക്രിയാത്മകനടപടി സ്വീകരിക്കുന്നു, ഒരു വിരുന്നുപോലും നടത്തുന്നു. വീട്ടിൽ ജോലിചെയ്തുകഴിഞ്ഞിരുന്ന മൂത്ത പുത്രൻ കാണിക്കപ്പെട്ട കരുണയിൽ നീരസപ്പെടുന്നു. എന്നാൽ മരിച്ചവനായിരുന്ന പുത്രൻ ഇപ്പോൾ ജീവിക്കുന്നതുകൊണ്ട് അവർ സന്തോഷിക്കേണ്ടതാണെന്ന് പിതാവ് പറയുന്നു.—ലൂക്കോസ് 15:11-32.
23. മുടിയനായ പുത്രന്റെ ദൃഷ്ടാന്തത്തിൽനിന്ന് നാം എന്തു പഠിക്കണം?
23 ചില ശാസ്ത്രിമാരും പരീശൻമാരും തങ്ങൾ ഇളയ പുത്രനെപ്പോലെയായിരുന്ന പാപികൾക്കു വിരുദ്ധമായി മൂത്ത പുത്രനോടു താരതമ്യപ്പെടുത്തപ്പെടുകയാണെന്ന് വിചാരിച്ചിരിക്കാം. എന്നിരുന്നാലും അവർ ദൃഷ്ടാന്തത്തിന്റെ മുഖ്യ ആശയം ഗ്രഹിച്ചോ? നാം ഗ്രഹിക്കുന്നുണ്ടോ? അത് കരുണാസമ്പന്നനായ നമ്മുടെ സ്വർഗ്ഗീയപിതാവിന്റെ ഒരു പ്രമുഖഗുണത്തെ, ഒരു പാപിയുടെ ഹൃദയംഗമമായ അനുതാപത്തിന്റെയും പരിവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ ക്ഷമിക്കുന്നതിനുള്ള അവന്റെ സന്നദ്ധതയെ, പ്രദീപ്തമാക്കുന്നു. അനുതാപമുള്ള പാപികളുടെ വീണ്ടെടുപ്പിങ്കലെ സന്തോഷത്തോടെ പ്രതികരിക്കാൻ അത് ശ്രോതാക്കളെ പ്രേരിപ്പിക്കേണ്ടതായിരുന്നു. അങ്ങനെയാണ് ദൈവം കാര്യങ്ങളെ വീക്ഷിക്കുന്നതും പ്രവർത്തിക്കുന്നതും, അവനെ അനുകരിക്കുന്നവർ അതുപോലെ ചെയ്യുന്നു.—യെശയ്യാവ് 1:16, 17; 55:6, 7.
24, 25. ദൈവത്തിന്റെ ഏതു വഴികൾ അനുകരിക്കാൻ നാം ശ്രമിച്ചുകൊണ്ടിരിക്കണം?
24 വ്യക്തമായും, നീതി ദൈവത്തിന്റെ സകല വഴികളിലും പ്രകടമാണ്, തന്നിമിത്തം യഹോവയെ അനുകരിക്കാൻ ആഗ്രഹിക്കുന്നവർ നീതിയെ വിലമതിക്കുകയും പിന്തുടരുകയുംചെയ്യുന്നു. അവന്റെ കരുണയും സ്നേഹവും വലുതാണ്. യഥാർത്ഥ അനുതാപത്തെ അടിസ്ഥാനപ്പെടുത്തി ക്ഷമിക്കാനുള്ള ഒരു സന്നദ്ധതയാൽ അവൻ ഇതു പ്രകടമാക്കുന്നു. അപ്പോൾ, നാം ക്ഷമിക്കുന്നവരായിരിക്കുന്നതിനെ നാം ദൈവത്തെ അനുകരിക്കുന്നതിനോടു പൗലോസ് ബന്ധപ്പെടുത്തിയത് ഉചിതമാണ്. “ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ. ആകയാൽ, പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. . . . സ്നേഹത്തിൽ നടപ്പിൻ”.—എഫേസ്യർ 4:32–5:2.
25 സത്യക്രിസ്ത്യാനികൾ യഹോവയുടെ നീതിയെയും അതുപോലെതന്നെ അവന്റെ കരുണയെയും ക്ഷമിക്കാനുള്ള അവന്റെ സന്നദ്ധതയെയും പകർത്താൻ ദീർഘമായി ശ്രമിച്ചിട്ടുണ്ട്. നാം അവനെ എത്രയധികം അറിയുന്നുവോ അത്രയധികം എളുപ്പമായിരിക്കണം നാം അവനെ ഈ കാര്യങ്ങളിൽ അനുകരിക്കുന്നത്. എന്നിരുന്നാലും, പാപത്തിന്റെ ഒരു ഗതി പിന്തുടർന്നതുകൊണ്ട് ന്യായമായി കഠിന ശിക്ഷണം കിട്ടിയ ഒരു വ്യക്തിക്ക് ഇത് എങ്ങനെ ബാധകമാക്കാം? നമുക്ക് കാണാം. (w91 4/15)
[അടിക്കുറിപ്പ്]
a “ബഹിഷ്ക്കരണം അതിന്റെ ഏററവും സാമാന്യമായ അർത്ഥത്തിൽ ഒരു കാലത്ത് ഒരു കൂട്ടത്തിന്റെ നല്ല നിലയിലുള്ള അംഗങ്ങളായിരുന്നവർക്ക് ആ കൂട്ടം അതിന്റെ അംഗത്വത്തിന്റെ പദവികൾ കരുതിക്കൂട്ടി നിഷേധിക്കുന്ന പ്രവൃത്തിയാണ്. . . . ബഹിഷ്ക്കരണം ക്രിസ്തീയ യുഗത്തിൽ ഒരു മതസമുദായം അതിലെ കുററക്കാർക്ക് കൂദാശകളും സഭാപരമായ ആരാധനയും സാദ്ധ്യതയനുസരിച്ച് ഏതുതരം സാമൂഹ്യസമ്പർക്കവും നിഷേധിക്കുന്ന ഒരു നിഷ്ക്കാസന പ്രവർത്തനത്തെ പരാമർശിക്കാനിടയായി.”—ദി ഇൻറർനാഷനൽ സ്ററാൻഡേർഡ് ബൈബിൾ എൻസൈക്ലോപ്പീഡിയാ. (ഇംഗ്ലീഷ്)
നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?
◻ ഇസ്രായേൽ സഭയിലും ക്രിസ്തീയസഭയിലും ദൈവത്തിന്റെ നീതി എങ്ങനെ പ്രകടമായി?
◻ നാം ദൈവത്തിന്റെ നീതിക്കു പുറമേ അവന്റെ കരുണയെയും അനുകരിക്കേണ്ടതെന്തുകൊണ്ട്?
◻ ലൂക്കോസ് 15-ാം അദ്ധ്യായത്തിലെ ദൃഷ്ടാന്തങ്ങൾ പറയാൻ കാരണമെന്തായിരുന്നു, അവ നമ്മെ എന്തു പാഠങ്ങൾ പഠിപ്പിക്കേണ്ടതാണ്?
[22, 23 പേജുകളിലെ ചിത്രം]
Plain of er-Raha before Mount Sinai (left background)
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[21-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Garo Nalbandian
[24-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Garo Nalbandian