വെളിച്ചത്തിലും സനേഹത്തിലും തുടർന്നു നടക്കുക
ഒന്നു യോഹന്നാനിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവ വെളിച്ചത്തിന്റെയും സ്നേഹത്തിന്റെയും ഉറവിടമാണ്. നാം ആത്മീയ വെളിച്ചത്തിനുവേണ്ടി ദൈവത്തിങ്കലേക്കു നോക്കണം. (സങ്കീർത്തനം 43:3) സ്നേഹം അവന്റെ ആത്മാവിന്റെ ഫലങ്ങളുടെ കൂട്ടത്തിലുള്ളതുമാണ്.—ഗലാത്യർ 5:22, 23.
സാധ്യതയനുസരിച്ച് എഫേസൂസിൽ വെച്ചോ അതിനടുത്തുവെച്ചോ ക്രി.വ. ഏതാണ്ട് 98-ൽ എഴുതിയ അപ്പോസ്തലനായ യോഹന്നാന്റെ ഒന്നാമത്തെ നിശ്വസ്തലേഖനത്തിൽ വെളിച്ചവും, സ്നേഹവും മററു കാര്യങ്ങളും ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. ഇത് എഴുതുന്നതിനുള്ള ഒരു പ്രമുഖ കാരണം ക്രിസ്ത്യാനികളെ വിശ്വാസത്യാഗത്തിൽനിന്ന് സംരക്ഷിക്കുകയും വെളിച്ചത്തിൽ തുടർന്നു നടക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു. നാം നമ്മുടെ സ്നേഹത്തിനും വിശ്വാസത്തിനും സത്യത്തോടുള്ള നിർമ്മലതക്കും വെല്ലുവിളികളെ നേരിടുന്നതിനാൽ ഈ ലേഖനത്തിന്റെ പരിചിന്തനം നിശ്ചയമായും നമുക്കു സഹായകമായിരിക്കും.
‘വെളിച്ചത്തിൽ നടക്കുക’
വിശ്വസ്തക്രിസ്ത്യാനികൾ ആത്മീയവെളിച്ചത്തിൽ നടക്കണമെന്ന് യോഹന്നാൻ വ്യക്തമാക്കി. (1 യോഹന്നാൻ 1:1–2:29) അവൻ ഇപ്രകാരം പറഞ്ഞു: “ദൈവം വെളിച്ചമാകുന്നു, അവനോടുള്ള ഐക്യത്തിൽ അശേഷം ഇരുട്ട് (യാതൊരു ദുഷ്ടതയോ അധാർമ്മികതയോ അസത്യമോ അവിശുദ്ധിയോ) ഇല്ല.” ആത്മാഭിഷിക്തരായ ക്രിസ്ത്യാനികൾ ‘വെളിച്ചത്തിൽ നടക്കുന്ന’തിനാൽ അവർക്ക് ദൈവത്തോടും ക്രിസ്തുവിനോടും തമ്മിൽതമ്മിലും “ഒരു പങ്കാളിത്ത”മുണ്ട്. കൂടാതെ അവർ യേശുവിന്റെ രക്തത്താൽ പാപത്തിൽനിന്ന് ശുദ്ധീകരണം പ്രാപിക്കയും ചെയ്തിരിക്കുന്നു.
നാം സ്വർഗ്ഗീയപ്രത്യാശയോടുകൂടിയ അഭിഷിക്തക്രിസ്ത്യാനികളൊ ഭൂമിയിലെ നിത്യജീവനുവേണ്ടി നോക്കിപ്പാർത്തിരിക്കുന്നവരൊ ആയിരുന്നാലും നാം ലോകത്തെയല്ല നമ്മുടെ സഹോദരൻമാരെ സ്നേഹിച്ചെങ്കിൽ മാത്രമേ യേശുവിന്റെ യാഗത്തിൽനിന്ന് തുടർന്ന് പ്രയോജനമനുഭവിക്കയുള്ളു. നാം പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന “എതിർക്രിസ്തു”വിനേപ്പോലുള്ള വിശ്വാസത്യാഗികളാൽ സ്വാധീനിക്കപ്പെടുന്നതിനെ ഒഴിവാക്കുകയും വേണം. സത്യത്തോടു പററിനിൽക്കുന്നവരും നീതി പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നവരും മാത്രമേ നിത്യജീവൻ ആസ്വദിക്കയുള്ളു എന്ന് നമുക്ക് ഒരിക്കലും മറക്കാതിരിക്കാം.
ദൈവത്തിന്റെ മക്കൾ സനേഹം പ്രകടമാക്കുന്നു
യോഹന്നാൻ അടുത്തതായി ദൈവത്തിന്റെ മക്കളെ തിരിച്ചറിയിക്കുന്നു. (3:1–4:21) ഒരു സംഗതി അവർ നീതിയായത് ചെയ്യുന്നു. അവർ ‘അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വാസം ഉണ്ടായിരിക്കണം എന്നും അന്യോന്യം സ്നേഹിക്കണം’ എന്നും ഉള്ള യഹോവയാം ദൈവത്തിന്റെ കൽപന അനുസരിക്കുന്നു.
“ദൈവത്തെ സംബന്ധിച്ച അറിവ്” ഉള്ള ഒരു വ്യക്തിക്ക് യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചും അവന്റെ സ്നേഹം പ്രകടമാക്കപ്പെട്ട വിധം സംബന്ധിച്ചും അറിവുണ്ട്. ഇത് ആ വ്യക്തിയെ സ്നേഹം പ്രകടമാക്കാൻ സഹായിക്കേണ്ടതാണ്. യഥാർത്ഥത്തിൽ, “സ്നേഹമില്ലാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല, എന്തുകൊണ്ടെന്നാൽ ദൈവം സ്നേഹമാകുന്നു.” ദൈവം “തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു പ്രായശ്ചിത്ത യാഗമായി അയച്ച”പ്പോൾ ദിവ്യസ്നേഹം പ്രകടമാക്കി. യഹോവ അത്രത്തോളം നമ്മെ സ്നേഹിച്ചെങ്കിൽ നാം അന്യോന്യം സ്നേഹിക്കാൻ കടപ്പെട്ടവരായിരിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നവൻ തന്റെ ആത്മീയ സഹോദരനെയും സ്നേഹിക്കേണ്ടതാണ്.
വിശ്വാസം ‘ലോകത്തെ ജയിച്ചടക്കുന്നു’
സ്നേഹം ദൈവത്തിന്റെ മക്കളെ അവന്റെ കൽപ്പനകളെ പ്രമാണിക്കാൻ പ്രേരിപ്പിക്കുന്നു, എന്നാൽ വിശ്വാസത്താലാണ് അവർ ‘ലോകത്തെ ജയിച്ചടക്കുന്നത്.’ (5:1-21) ദൈവത്തിലും അവന്റെ വചനത്തിലും അവന്റെ പുത്രനിലും ഉള്ള വിശ്വാസംമൂലം നാം ലോകത്തിന്റെ തെററായ ചിന്തയെയും വഴികളെയും തിരസ്ക്കരിക്കുന്നതിനാലും യഹോവയുടെ കൽപനകൾ അനുസരിക്കുന്നതിനാലും നമുക്ക് ‘ലോകത്തെ ജയിച്ചടക്കുക’ സാധ്യമായിത്തീരുന്നു. ദൈവം ‘ലോകജേതാക്കൾക്ക്’ നിത്യജീവന്റെ പ്രത്യാശ പ്രദാനം ചെയ്യുകയും അവന്റെ ഇഷ്ടത്തിന് ചേർച്ചയായ അവരുടെ പ്രാർത്ഥനകൾ കേൾക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ “ദൈവത്തിൽനിന്ന് ജനിച്ച” ഏതൊരുവനും തുടർച്ചയായി പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല, അത്തരം ഒരു വ്യക്തിയുടെമേൽ സാത്താൻ തന്റെ പിടി മുറുക്കുന്നില്ല. എന്നാൽ അഭിഷിക്തരും ഭൗമികപ്രത്യാശയോടുകൂടിയ യഹോവയുടെ ദാസൻമാരും ‘മുഴുലോകവും ആ ദുഷ്ടനായവന്റെ ശക്തിയിൽ കിടക്കുന്നു’ എന്നത് ഓർമ്മിക്കണം. (w91 4⁄15)
[30-ാം പേജിലെ ചതുരം/ചിത്രം]
ഒരു പ്രസാദയാഗം: യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു പ്രസാദ യാഗമാകുന്നു [അവന്റെ അഭിഷിക്ത അനുഗാമികളുടെ], എന്നിരുന്നാലും നമ്മുടേതിനുമാത്രമല്ല, മുഴുലോകത്തിന്റേതിനും,” ശേഷിച്ച മനുഷ്യവർഗ്ഗത്തിന്റേതിനുംതന്നെ. (1 യോഹന്നാൻ 2:2) അവന്റെ മരണം “പ്രസാദ”കരമായ ഒന്നായിരുന്നു (ഗ്രീക്ക്, ഹിലാസ്മോസ്, “പ്രശമിപ്പിക്കുന്നതിനുള്ള ഒരു ഉപാധി”യെ, ഒരു “പാപപരിഹാരത്തെ” അതർത്ഥമാക്കുന്നു) എന്നാൽ ദൈവത്തിന്റെ ഭാഗത്തെ മുറിപ്പെടുത്തുന്ന വികാരത്തെ പ്രശമിപ്പിക്കുന്നു എന്ന അർത്ഥത്തിലല്ല. പകരം യേശുവിന്റെ യാഗം പൂർണ്ണ ദൈവനീതി ആവശ്യപ്പെടുന്നതിനെ പ്രശമിപ്പിക്കുന്നു അല്ലെങ്കിൽ തൃപ്തിപ്പെടുത്തുന്നു. എങ്ങനെ? ദൈവം “യേശുവിൽ വിശ്വാസമുള്ള മനുഷ്യനെ [പാരമ്പര്യപ്രകാരം പാപപൂർണ്ണനായ] നീതിമാനായി പ്രഖ്യാപിക്കുമ്പോൾ പോലും നീതിമാനായിരിക്കേണ്ടതിന്” പാപത്തെ ക്ഷമിക്കുന്നതിന് നീതിയും ന്യായവും ഉള്ള അടിസ്ഥാനം പ്രദാനംചെയ്തുകൊണ്ടുതന്നെ. (റോമർ 3:23-26; 5:12) മമനുഷ്യന്റെ പാപങ്ങൾക്കുവേണ്ടി പൂർണ്ണപൊറുതി വരുത്തേണ്ടതിനുള്ള ഉപാധി സജ്ജീകരിച്ചുകൊണ്ട് യേശുവിന്റെ യാഗം, മനുഷ്യൻ യഹോവയോടുള്ള ശരിയായ ബന്ധത്തിന്റെ പുനഃസ്ഥാപനം തേടുന്നതിനും പ്രാപിക്കുന്നതിനും പ്രസാദം വരുത്തി അല്ലെങ്കിൽ അനുകൂലമാക്കി. (എഫേസ്യർ 1:7; എബ്രായർ 2:17) നാമെല്ലാം ഇതിനുവേണ്ടി എത്രയധികം നന്ദിയുള്ളവരായിരിക്കണം!