വിശ്വാസത്യാഗികളെ ഒഴിവാക്കുക!
യൂദായുടെ ലേഖനത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ ദാസൻമാർ “ദുഷ്ടതയെ വെറുക്കുക”യും “നല്ലതിനോട് പററിനിൽക്കുകയും” വേണം. (റോമർ 12:9) ബൈബിൾ എഴുത്തുകാരനായ യൂദാ പലസ്തീനിൽനിന്ന് സാധ്യതയനുസരിച്ച് ക്രി.വ. ഉദ്ദേശം 65-ൽ അയച്ച തന്റെ ലേഖനത്തിലൂടെ മററുള്ളവരെ അതു ചെയ്യാൻ സഹായിച്ചു.
യൂദാ തന്നേത്തന്നെ “യേശുക്രിസ്തുവിന്റെ ഒരു അടിമ, എന്നാൽ യാക്കോബിന്റെ സഹോദരൻ” എന്ന് വിളിച്ചു. ഈ യാക്കോബ് തെളിവനുസരിച്ച് യേശുക്രിസ്തുവിന്റെ സുപ്രസിദ്ധനായ അർദ്ധസഹോദരനായിരുന്നു. (മർക്കോസ് 6:3; പ്രവൃത്തികൾ 15:13-21; ഗലാത്യർ 1:19) അങ്ങനെ യൂദാതന്നെയും യേശുവിന്റെ അർദ്ധസഹോദരനായിരുന്നു. എന്നിരുന്നാലും ക്രിസ്തു അപ്പോൾ സ്വർഗ്ഗത്തിൽ മഹത്വീകരിക്കപ്പെട്ട ഒരു ആത്മ വ്യക്തിയായിരുന്നതിനാൽ ഈ ജഡികബന്ധത്തെ പരാമർശിക്കുന്നത് പ്രയോജനരഹിതമാണെന്ന് അവൻ വിചാരിച്ചുകാണും. യൂദായുടെ ലേഖനം “നല്ലതിനോട് പററിനിൽക്കുന്നതിനും” വിശ്വാസത്യാഗത്തെ ഒഴിവാക്കുന്നതിനും നമ്മെ സഹായിക്കുന്ന ബുദ്ധിയുപദേശം നൽകുന്നതിൽ വളരെ ഋജുവാണ്.
“കഠിനപോരാട്ടം നടത്തുക”
ക്രിസ്ത്യാനികൾക്ക് പൊതുവിലുള്ള രക്ഷയെക്കുറിച്ച് എഴുതാൻ യൂദാ ഉദ്ദേശിച്ചെങ്കിലും അവൻ തന്റെ വായനക്കാരെ “വിശ്വാസത്തിനുവേണ്ടി കഠിനപോരാട്ടം നടത്തുന്നതിന്” പ്രേരിപ്പിക്കുന്നത് ആവശ്യമെന്ന് കണ്ടു. (വാക്യങ്ങൾ യൂദാ 1-4) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഭക്തികെട്ട ആളുകൾ സഭയിലേക്ക് കടന്നുവരികയും ദൈവത്തിന്റെ അനർഹദയയെ ‘അഴിഞ്ഞ നടത്തക്കുള്ള ഒരു ഒഴികഴിവാക്കിത്തീർക്കുകയും’ ചെയ്തുകൊണ്ടിരുന്നു. അവർ തങ്ങൾക്ക് ദൈവത്തിന്റെ നിയമങ്ങൾ ലംഘിക്കുന്നതിനും അപ്പോൾപോലും തന്റെ ജനത്തോടൊപ്പം നിൽക്കുന്നതിനും കഴിയുമെന്ന് തെററായി വിചാരിച്ചു. നമുക്ക് ഒരിക്കലും അത്തരം ദുഷ്ടമായ ന്യായവാദത്തിനു കീഴ്പ്പെടാതിരിക്കയും എന്നാൽ എല്ലായ്പ്പോഴും നീതിയെ പിൻപററുകയും യേശുവിന്റെ രക്തത്താൽ ദൈവം കരുണാപൂർവം നമ്മുടെ പാപങ്ങളെ കഴുകിക്കളഞ്ഞതിൽ നന്ദിയുള്ളവരായിരിക്കയും ചെയ്യാം.—1 കൊരിന്ത്യർ 6:9-11; 1 യോഹന്നാൻ 1:7.
നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന മുന്നറിയിപ്പുകൾ
ചില മനോഭാവങ്ങൾക്കും നടത്തക്കും ആളുകൾക്കും എതിരേ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്. (വാക്യങ്ങൾ 5-16) ഈജിപ്ററിൽനിന്ന് രക്ഷപ്പെട്ട ചില ഇസ്രായേല്യരുടെ വിശ്വാസം നഷ്ടപ്പെട്ടതിനാൽ അവർ നശിപ്പിക്കപ്പെട്ടു. തങ്ങളുടെ ഉചിതമായ സ്ഥാനം ഉപേക്ഷിച്ച ദൂതൻമാരെ “മഹാദിവസത്തിലെ ന്യായവിധിക്കുവേണ്ടി നിത്യബന്ധനങ്ങളോടെ (ആത്മീയമായ) കൂരിരുട്ടിൽ സൂക്ഷിച്ചിരിക്കുന്നു.” കടുത്ത അധാർമ്മികത സോദോമിന്റെമേലും ഗോമോറായുടെമേലും “നിത്യാഗ്നിയുടെ നീതിന്യായപരമായ ശിക്ഷ” കൈവരുത്തി. അതുകൊണ്ട് നമുക്ക് എല്ലായ്പ്പോഴും ദൈവത്തെ പ്രസാദിപ്പിക്കുകയും “ജീവന്റെ പാതയെ” ഉപേക്ഷിക്കാതിരിക്കയും ചെയ്യാം.—സങ്കീർത്തനം 16:11.
പിശാചിനെതിരെപോലും നിന്ദാപൂർവം ന്യായവിധി കൊണ്ടുവരാതിരുന്ന പ്രധാനദൂതനായ മീഖായേലിനെപ്പോലെയല്ലാതെ, ഭക്തികെട്ട മനുഷ്യർ “മഹത്വീകരിക്കപ്പെട്ടവർ”ക്കെതിരെ, തെളിവനുസരിച്ച് അഭിഷിക്ത മൂപ്പൻമാർ എന്ന നിലയിൽ ദൈവവും ക്രിസ്തുവും കുറെ മഹത്വം പ്രദാനം ചെയ്തവർക്കെതിരെ, നിന്ദാപൂർവം സംസാരിച്ചു. നമുക്ക് ദൈവദത്തമായ അധികാരത്തോട് അനാദരവ് കാണിക്കാതിരിക്കാം!
ഭക്തികെട്ട മനുഷ്യർ കയീന്റെയും ബിലയാമിന്റെയും കോരഹിന്റെയും ചീത്ത ദൃഷ്ടാന്തങ്ങൾ അനുകരിച്ചു. അവർ വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്ന പാറയോടും വെള്ളമില്ലാത്ത മേഘങ്ങളോടും പ്രയോജനപ്രദമായ യാതൊന്നും ഉൽപ്പാദിപ്പിക്കാത്ത മരിച്ച, കടപുഴകിയ വൃക്ഷങ്ങളോടും താരതമ്യം ചെയ്യാവുന്നതുപോലെ ആത്മീയമായ ഒരു ഭീഷണിയായി സ്ഥിതിചെയ്തു. ആ വിശ്വാസത്യാഗികൾ പിറുപിറുപ്പുകാരും പരാതിപറയുന്നവരും ‘തങ്ങളുടെ സ്വന്തം പ്രയോജനത്തിനുവേണ്ടി വ്യക്തികളെ പുകഴ്ത്തുന്നവരും’ ആയിരുന്നു.
ചെറുത്തുകൊണ്ടിരിക്കുക
യൂദാ അടുത്തതായി ചീത്ത സ്വാധീനങ്ങളെ ചെറുക്കുന്നതിനുള്ള ഉപദേശം നൽകി. (വാക്യങ്ങൾ 17-25) “അന്ത്യകാലത്ത്” പരിഹാസികൾ ഉണ്ടായിരിക്കും, ഇന്ന് സത്യക്രിസ്ത്യാനികൾ അവരെയും അവരുടെ അധിക്ഷേപാർഹമായ വാക്കുകളെയും സഹിക്കണം. അത്തരം ചീത്ത സ്വാധീനങ്ങളെ ചെറുത്തുനിൽക്കുന്നതിന് നാം യേശുവിന്റെ കരുണ പ്രകടമാകാൻ കാത്തിരിക്കുമ്പോൾ നാം നമ്മുടെ “ഏററവും വിശുദ്ധമായ വിശ്വാസ”ത്തിൻമേൽ നമ്മേത്തന്നെ പണിയുകയും പരിശുദ്ധാത്മാവിനാൽ പ്രാർത്ഥിക്കുകയും ദൈവത്തിന്റെ സ്നേഹത്തിൽ നിലനിൽക്കുകയും വേണം.
പ്രത്യക്ഷത്തിൽ വ്യാജോപദേഷ്ടാക്കളുടെ റോളിൽ ഭക്തികെട്ട മനുഷ്യർ ചിലരിൽ സംശയങ്ങൾ ഉളവാക്കി. (2 പത്രോസ് 2:1-3 താരതമ്യം ചെയ്യുക.) സംശയാലുക്കൾക്ക് എന്താണാവശ്യമായിരുന്നത്? എന്തിന്, നിത്യനാശമാകുന്ന “തീയിൽ”നിന്ന് വലിച്ചെടുക്കപ്പെടുന്നതിന് ആത്മീയസഹായം! (മത്തായി 18:8, 9) എന്നാൽ ഭക്തിയുള്ളവർ ആ വിധിയെ ഭയപ്പെടേണ്ടയാവശ്യമില്ല, എന്തുകൊണ്ടെന്നാൽ യഹോവ പാപത്തിൽ “ഇടറിപ്പോകുന്ന”തിൽനിന്നും വിശ്വാസത്യാഗികൾക്കു വരാൻപോകുന്ന നാശത്തിൽനിന്നും അവരെ സംരക്ഷിക്കും. (w91 4⁄15)
[32-ാം പേജിലെ ചതുരം]
മറഞ്ഞുകിടക്കുന്ന പാറകൾ: യൂദാ സഹ ക്രിസ്ത്യാനികൾക്ക് ‘അവരുടെ സ്നേഹസദ്യകളിൽ വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്ന പാറകളെ’ക്കുറിച്ച് മുന്നറിയിപ്പുനൽകി. (യൂദാ 12) വിശ്വാസികളോട് സ്നേഹം നടിച്ചുകൊണ്ട് അത്തരം വിശ്വാസത്യാഗികൾ കപ്പലുകളെ തകർക്കുന്നതിനും നീന്തൽകാരെ കീറുന്നതിനും കൊല്ലുന്നതിനും കഴിയുന്ന വെള്ളത്തിനടിയിലെ കൂർത്ത പാറകൾപോലെയായിരുന്നു. സ്നേഹസദ്യകൾ ഭൗതികസമൃദ്ധിയുള്ള ക്രിസ്ത്യാനികൾ ദരിദ്രരായ സഹക്രിസ്ത്യാനികളെ ക്ഷണിച്ചു നടത്തിയിരുന്ന വിരുന്നുകളായിരുന്നിരിക്കാം. സഭാപിതാവായിരുന്ന ക്രിസോസ്ററം (ക്രി.വ. 347?-407) ഇപ്രകാരം പറഞ്ഞു: “അവരെല്ലാം ഒരു പൊതുവായ സദ്യയിൽ കൂടിവന്നു: ധനികർ സാധനസാമഗ്രികൾ കൊണ്ടുവന്നു, ദരിദ്രരും ഒന്നുമില്ലാതിരുന്നവരും ക്ഷണിക്കപ്പെട്ടു. അവരെല്ലാവരും പൊതുവായി ഒത്തൊരുമിച്ച് സദ്യയുണ്ണുകയും ചെയ്തു.” ആദിമ സ്നേഹസദ്യകളുടെ സ്വഭാവം എന്തുതന്നെയായിരുന്നാലും യൂദായുടെ മുന്നറിയിപ്പ് വിശ്വസ്തരെ ആത്മീയ മരണം കൈവരുത്താൻ കഴിഞ്ഞിരുന്ന വിശ്വാസത്യാഗികളെ, ‘മറഞ്ഞുകിടക്കുന്ന പാറകളെ’ ഒഴിവാക്കാൻ സഹായിച്ചു. ക്രിസ്ത്യാനികൾ സ്നേഹസദ്യകൾ നടത്താൻ കൽപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇന്ന് അവർ അവ നടത്തുന്നുമില്ലെങ്കിലും, യഹോവയുടെ ജനം തീർച്ചയായും ഞെരുക്കത്തിന്റെ സമയങ്ങളിൽ പരസ്പരം ഭൗതികമായി സഹായിക്കുകയും സന്തോഷകരമായ സഹവാസം ആസ്വദിക്കയും ചെയ്യുന്നു.