ഒരു പുരുഷന്റെ ജോലി
“റോപാ, സപാറെറാ, കാസാ, ഇ കൊമിഡ!” ഈ വാക്കുകൾ ഒരു പുരുഷൻ തന്റെ കുടുംബത്തിനുവേണ്ടി കരുതാൻ പ്രതീക്ഷിക്കപ്പെടുന്ന നാലു അടിസ്ഥാന കാര്യങ്ങൾ പട്ടികപ്പെടുത്തുന്ന ഒരു പഴയ സ്പാനീഷ് ഗീതത്തിൽനിന്നുള്ളതാണ്: വസ്ത്രം, ചെരിപ്പ്, പാർപ്പിടം, ഭക്ഷണം എന്നിവ. ഉത്തരവാദിത്തബോധമുള്ള മിക്കപുരുഷൻമാരും ആ ഭാരം അഭിമാനത്തോടെ ചുമക്കാൻ ശ്രമിക്കുന്നു.
എന്നിരുന്നാലും, നിങ്ങൾ ഒരു കുടുംബസ്ഥനാണെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ കൂടുതൽ പ്രധാനപ്പെട്ട ആത്മീയ ആവശ്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? അതോ, നിങ്ങൾ അനേകം പുരുഷൻമാരെപ്പോലെ, ഭവനത്തിനുള്ളിലെ മതകാര്യങ്ങൾ ശ്രദ്ധിക്കുന്നുന്നത് ഒരു പുരുഷന്റെ ജോലിയല്ലെന്നു കരുതുന്നുവോ? ചില സംസ്കാരങ്ങളിൽ ദൈവത്തെയും ബൈബിളിനെയും സംബന്ധിച്ചു തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ പുരുഷൻമാർ സമയമെടുക്കാൻ പ്രതീക്ഷിക്കപ്പെടുന്നതു പോലുമില്ല.
ദൈവത്തോടുള്ള സ്നേഹവും ദിവ്യപ്രമാണങ്ങളോടുള്ള ആഴമായ വിലമതിപ്പും തന്റെ കുടുംബത്തിന്റെ മനസ്സിൽ പതിപ്പിക്കാനുള്ള ഉത്തരവാദിത്വം ദൈവവചനം വിശേഷിച്ചും ഭവനത്തിലെ പുരുഷനെ ഭരമേൽപിക്കുന്നു. ഉദാഹരണത്തിന്, എഫെസ്യർ 6:4-ൽ തിരുവെഴുത്തുകൾ ക്രിസ്തീയ പുരുഷൻമാരെ ഇവ്വണ്ണം പ്രബോധിപ്പിക്കുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.”
ചിലർ, ഈ വചനങ്ങൾ പരിചയമുള്ളവരെങ്കിലും തിരുവെഴുത്തു വിശേഷിച്ചും സംബോധനചെയ്യുന്നതു കുടുംബനാഥനായ പിതാവിനെയാണെന്നുള്ളതു പൂർണ്ണമായി വിലമതിക്കാതിരുന്നേക്കാം. ഉദാഹരണത്തിന്, സ്പാനിഷും പോർട്ടുഗീസും സംസാരിക്കുന്ന വ്യക്തികൾ എഫെസ്യർ 6:4-ലെ വചനങ്ങൾ മാതാവിനെയും പിതാവിനെയും സംബോധന ചെയ്തുകൊണ്ടാണെന്നു മനസ്സിലാക്കിയേക്കാം. ഈ ഭാഷകളിൽ “പിതാക്കൻമാർ” എന്നതിന്റെ വാക്കും “മാതാപിതാക്കൾ” എന്നതിന്റെ വാക്കും ഒന്നുതന്നെയാണ്. എന്നിരുന്നാലും, എഫെസ്യർ 6-ാം അദ്ധ്യായത്തിന്റെ 1-ാം വാക്യത്തിൽ അപ്പോസ്തലനായ പൗലോസ് “മാതാവും പിതാവും” എന്നർത്ഥമുള്ള ഗോണൂസ് എന്നതിൽനിന്നു ഗോണൂസിൻ എന്ന ഗ്രീക്കുവാക്ക് ഉപയോഗിച്ചുകൊണ്ട് മാതാവിനെയും പിതാവിനെയും പരാമർശിച്ചു. എന്നാൽ 4-ാം വാക്യത്തിൽ ഉപയോഗിച്ച ഗ്രീക്കുവാക്ക് “പിതാക്കൻമാർ” എന്നർത്ഥമുള്ള പാറേറഴ്സ് ആയിരുന്നു. അതെ, എഫെസ്യർ 6:4-ൽ പൗലൊസിന്റെ വാക്കുകൾ കുടുംബത്തിലെ പുരുഷനെ നേരിട്ട് സംബോധന ചെയ്തു.
തീർച്ചയായും, നേതൃത്വമെടുക്കാൻ കുടുംബത്തിൽ ഒരു പുരുഷനില്ലെങ്കിൽ അപ്പോൾ സ്ത്രീ ഈ ഉത്തരവാദിത്വം കയ്യേൽക്കണം. യഹോവയുടെ സഹായത്തോടെ അനേകം അമ്മമാർ തങ്ങളുടെ മക്കളെ ശിക്ഷണത്തിലും യഹോവയുടെ മാനസിക ക്രമവൽക്കരണത്തിലും വിജയകരമായി വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. എന്നിരുന്നാലും, ഒരു ക്രിസ്തീയ പുരുഷൻ ഉണ്ടെങ്കിൽ ആയാൾ നേതൃത്വമെടുക്കണം. അയാൾ ഈ ഉത്തരവാദിത്വം അവഗണിക്കുന്നെങ്കിൽ കുടുംബത്തിൽ ശേഷമുള്ളവർക്ക് ആത്മീയപോഷണത്തിന്റെ ഒരു നല്ല കാര്യപരിപാടി നിലനിർത്തിക്കൊണ്ടുപോകുന്നതു വളരെ പ്രയാസമായിരിക്കും. അത്തരത്തിലുള്ള ഒരു പുരുഷൻ ഈ അവഗണനക്ക് യഹോവയോടു കണക്കുതീർക്കേണ്ടവനാണ്.
ക്രിസ്തീയ സഭയിലെ മേൽവിചാരകൻമാർക്കും ശുശ്രൂഷാദാസൻമാർക്കും വെച്ചിരിക്കുന്ന തിരുവെഴുത്തു യോഗ്യതകളിൽ ഈ സംഗതിയിലുള്ള യഹോവയുടെ വിചാരങ്ങൾ സുവ്യക്തമാണ്. ബൈബിൾ എടുത്തുപറയുന്നു, അത്തരം ഒരു സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നയാൾ “സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?”—1 തിമൊഥെയൊസ് 3:4, 5, 12; തീത്തൊസ് 1:6.
തന്റെ മക്കളുടെ ആത്മീയക്ഷേമത്തിനുവേണ്ടി കുടുംബസ്ഥനായ ഒരു പുരുഷൻ ഉല്ലാസങ്ങളും വ്യക്തിപരമായ സുഖവും ബലികഴിക്കാൻ സന്നദ്ധനായിരിക്കണം. തന്റെ മക്കളോടുകൂടെ ക്രമമായി ന്യായമായ ഒരളവിൽ സമയം ചെലവഴിക്കാൻ കഴിയേണ്ടതിനു ചിലപ്പോൾ അയാൾ മററു പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയം വെട്ടിച്ചുരുക്കേണ്ടതായി വന്നേക്കാം. (ആവർത്തനം 6:6, 7) എന്നുവരികിലും, അയാൾ ദൈവദത്തമായ ഈ ഉത്തരവാദിത്വം മറ്റുള്ളവർക്കു കയ്യൊഴിഞ്ഞുകൊടുക്കുകയില്ല. തന്റെ കുട്ടികളോടുള്ള അയാളുടെ സ്നേഹവും അവരിലുള്ള താത്പര്യവും, വസ്ത്രവും ചെരിപ്പും പാർപ്പിടവും ഭക്ഷണവും കൊടുക്കുന്നതിന് അതീതമായി പോകുന്നു.
കുട്ടികളെ “ശിക്ഷണത്തിലും യഹോവയുടെ മാനസിക ക്രമവൽക്കരണത്തിലും” വളർത്തിക്കൊണ്ടുവരുന്നത് ഒരു വെല്ലുവിളിതന്നെയാണ്. അതുകൊണ്ടാണ് പ്രാഥമിക ഉത്തരവാദിത്വം പുരുഷന്റേതായിരിക്കുന്നത്. ക്രിസ്തീയ പിതാവു തന്റെ ജോലി നന്നായി നിർവഹിക്കുമ്പോൾ അയാൾക്ക് ദൈവഭയമുള്ള തന്റെ മക്കളെ യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമായി വീക്ഷിക്കാൻ കഴിയും. സങ്കീർത്തനക്കാരനോടൊപ്പം അയാൾക്ക് ഇപ്രകാരം പറയാൻ കഴിയും: “വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ.”—സങ്കീർത്തനം 127:4, 5. (w92 9/1)