സഹക്രിസ്ത്യാനികൾക്ക് പണം കടംകൊടുക്കൽ
പെട്രോയും കാർലോസും നല്ല സുഹൃത്തുക്കളായിരുന്നു.a അവർ സഹക്രിസ്ത്യാനികളായിരുന്നു. അവരുടെ യഥാക്രമ കുടുംബങ്ങൾ മിക്കപ്പോഴും അന്യോന്യം ഊഷ്മളമായ സഹവാസം ആസ്വദിച്ചിരുന്നു. അതുകൊണ്ട് കാർലോസിന് ബിസിനസിനുവേണ്ടി കുറെ പണം ആവശ്യമായിവന്നപ്പോൾ അയാൾക്ക് പണം കടംകൊടുക്കാമെന്ന് വാഗ്ദാനംചെയ്യാൻ കാർലോസ് മടിച്ചില്ല. “ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നതുകൊണ്ട് എനിക്ക് അതിനു വിരോധമില്ലായിരുന്നു”വെന്ന് പെഡ്രോ വിശദീകരിക്കുന്നു.
എന്നിരുന്നാലും വെറും രണ്ടു മാസം കഴിഞ്ഞപ്പോൾ കാർലോസിന്റെ ബിസിനസ് പൊട്ടുകയും പണത്തിന്റെ തിരിച്ചടക്കൽ നിന്നുപോകുകയും ചെയ്തു. കാർലോസ് കടംവാങ്ങിയിരുന്ന പണത്തിലധികവും ബിസിനസിന്റേതല്ലാത്ത കടങ്ങൾ വീട്ടാനും ഒരു ധാരാളിത്വജീവിതശൈലിയ്ക്ക് ചെലവിടാനുമാണ് ഉപയോഗിച്ചതെന്ന് മനസ്സിലാക്കിയപ്പോൾ പെഡ്രോ സംഭ്രമിച്ചുപോയി. സന്ദർശനങ്ങൾ നടത്തുകയും കത്തുകളയക്കുകയും ചെയ്ത ഒരു വർഷത്തിനുശേഷം പോലും പെഡ്രോയിക്ക് തൃപ്തിയാകുമാറ് സംഗതി പരിഹരിക്കപ്പെട്ടില്ല. ആശാഭംഗം നിമിത്തം പെഡ്രോ അധികാരികളെ സമീപിക്കുകയും തന്റെ സുഹൃത്തും ക്രിസ്തീയ സഹോദരനുമായിരുന്ന കാർലോയെ ജയിലിലാക്കിക്കുകയും ചെയ്തു.b ഇത് സ്വീകരിക്കേണ്ട ഉചിതമായ ഗതിയായിരുന്നോ? നമുക്ക് കാണാം.
പണവായ്പകൾ സംബന്ധിച്ച വിയോജിപ്പുകളും തെററിദ്ധാരണകളും ലോകമാസകലമുള്ള ആളുകളുടെ ഇടയിൽ തകർന്ന സൗഹൃദങ്ങളുടെ കൂടെക്കൂടെയുള്ള ഒരു കാരണമാണ്. ചിലപ്പോൾ അത് സഹക്രിസ്ത്യാനികളുടെ ഇടയിൽപോലും അനൈക്യത്തിന്റെ ഒരു കാരണമായിരിക്കാം. പല രാജ്യങ്ങളിലും ബാങ്ക്വായ്പകൾ കിട്ടാൻ പ്രയാസമാണ്, അതുകൊണ്ട് സാമ്പത്തികാവശ്യങ്ങളുള്ള ആളുകൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിക്കുന്നത് സാധാരണമാണ്. എന്നിരുന്നാലും പെഡ്രോയുടെയും കാർലോസിന്റെയും സങ്കടകരമായ അനുഭവം വായ്പ വാങ്ങുന്നയാളും കൊടുക്കുന്നയാളും ബൈബിൾതത്വങ്ങൾ ശ്രദ്ധാപൂർവം അനുസരിക്കാത്തപക്ഷം ഗൗരവാവഹമായ പ്രശ്നങ്ങൾ പൊന്തിവന്നേക്കാമെന്ന് ചിത്രീകരിക്കുന്നു. ആ സ്ഥിതിക്ക്, ഒരു സഹക്രിസ്ത്യാനിയോട് ഒരു വായ്പക്കുവേണ്ടി നടത്തുന്ന അപേക്ഷ കൈകാര്യംചെയ്യുന്നതിനുള്ള ഉചിതമായ മാർഗ്ഗമെന്താണ്?
വായ്പവാങ്ങുന്നതിന്റെ ചെലവു കണക്കാക്കൽ
അനാവശ്യമായ വായ്പവാങ്ങലിനെ ബൈബിൾ നിരുത്സാഹപ്പെടുത്തുന്നു. “അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്,” അപ്പോസ്തലനായ പൗലോസ് ഉദ്ബോധിപ്പിക്കുന്നു. (റോമർ 13:8) അതുകൊണ്ട് കടംവാങ്ങുന്നതിനു മുമ്പ് അങ്ങനെ ചെയ്യുന്നതിന്റെ ചെലവു കണക്കാക്കുക. (ലൂക്കോസ് 14:28 താരതമ്യപ്പെടുത്തുക.) പണം കടംവാങ്ങേണ്ടതിന്റെ ഒരു യഥാർത്ഥ ആവശ്യമുണ്ടോ? നിങ്ങളുടെ കുടുംബത്തിനുവേണ്ടി കരുതാൻതക്കവണ്ണം ഉപജീവനമാർഗ്ഗം നിലനിർത്തേണ്ടതിന്റെ സംഗതിയാണോ അത്? (1 തിമൊഥെയോസ് 5:8) അതോ ഒരളവിലുള്ള അത്യാഗ്രഹം—ഒരുപക്ഷേ കൂടുതൽ ആർഭാടമായി ജീവിക്കുന്നതിനുള്ള ഒരു ആഗ്രഹം—ഉൾപ്പെട്ടിരിക്കുന്നുവോ?—1 തിമൊഥെയോസ് 6:9, 10.
മറെറാരു ഗണ്യമായ വസ്തുത കടം വരുത്തുന്നത് ദീർഘമണിക്കൂറുകൾ ജോലി ചെയ്യാനും ഒരുപക്ഷേ യോഗങ്ങളും വയൽസേവനവും അവഗണിക്കാനും നിങ്ങളെ നിർബന്ധിതരാക്കുമോ? കൂടാതെ, മറെറാരാളുടെ പണത്തിന്റെ നഷ്ടസാദ്ധ്യത യഥാർത്ഥത്തിൽ നിങ്ങൾക്ക് വഹിക്കാവുന്നതാണോ? ബിസിനസോ ഉദ്യമമോ പരാജയപ്പെടുന്നുവെങ്കിലോ? “ദുഷ്ടൻ വായ്പവാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല” എന്ന് ഓർക്കുക.—സങ്കീർത്തനം 37:21.
വായ്പ വാങ്ങുന്നവരോട് ‘സത്യം സംസാരിക്കൽ’
അങ്ങനെയുള്ള വസ്തുതകൾ പരിഗണിച്ച ശേഷം ഒരു ബിസിനസ്വായ്പ ആവശ്യമാണെന്ന് നിങ്ങൾക്ക് പിന്നെയും തോന്നിയേക്കാം. ലൗകിക മാർഗ്ഗങ്ങളിലൂടെ അത് കിട്ടാൻ സാദ്ധ്യതയില്ലെങ്കിൽ, ഒരു സഹക്രിസ്ത്യാനിയെ സമീപിക്കുന്നത് അവശ്യം തെററല്ല, കാരണം യേശു ലൂക്കോസ് 11:5ൽ കുറിക്കൊണ്ടതുപോലെ ആവശ്യമുള്ള സമയത്ത് സുഹൃത്തുക്കളിലേക്ക് തിരിയുന്നത് സാധാരണമാണ്. എന്നിരുന്നാലും ഒരുവൻ സത്യം സംസാരിക്കാൻ ജാഗ്രത പുലർത്തേണ്ടതാണ്. (എഫേസ്യർ 4:25) സത്യസന്ധമായി ഉൾപ്പെട്ടിരിക്കുന്ന സകല കാര്യങ്ങളും—വിദൂരമെന്നു തോന്നിയേക്കാവുന്നതുപോലും ഉൾപ്പെടെ—വിശദീകരിക്കുക. തനിക്ക് ഒരു കൃത്യമായ ചിത്രം കിട്ടുന്നുവെന്ന് ഉറപ്പുവരുത്താൻ, പണം വായ്പതരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നയാൾ നിശിതമായ നിരവധി ചോദ്യങ്ങൾ ചോദിക്കുന്നുവെങ്കിൽ നീരസപ്പെടരുത്.c
ഒരു കാരണത്തിൻപേരിൽ പണം വായ്പവാങ്ങുകയും അനന്തരം മറെറാരു കാരണത്തിന് പണം ചെലവഴിക്കുകയും ചെയ്യുന്നത് സത്യംസംസാരിക്കലായിരിക്കുമോ? അല്ല. ഒരു ലാററിൻ അമേരിക്കൻ ബാങ്കർ വിശദീകരിക്കുന്നു: “ഒരു ബാങ്ക് നിങ്ങളുടെ വായ്പ റദ്ദാക്കും, നിങ്ങൾ സത്വരം നിങ്ങളുടെ കടം വീട്ടുന്നില്ലെങ്കിൽ നിങ്ങളുടെ വസ്തുക്കൾ ബലമായി കൈവശപ്പെടുത്തുന്നതിന് അവർ ഒരു കോടതിയുത്തരവ് വാങ്ങും.” പണം വായ്പ തന്നിരിക്കുന്നത് അത് ബിസിനസ്സിന്റെ ലാഭം വർദ്ധിപ്പിക്കുമെന്നുള്ള വ്യവസ്ഥയിൻമേലാണെങ്കിൽ അത് മറെറാരു ഉദ്ദേശ്യത്തിൽ ഉപയോഗിക്കുന്നത് ഫലത്തിൽ വായ്പ തിരിച്ചടക്കാൻ കഴിയുമെന്നുള്ള ഉറപ്പ് വായ്പതരുന്നയാളിൽനിന്ന് കവർന്നുകളയുകയാണ്. ഒരു സഹക്രിസ്ത്യാനിയിൽനിന്ന് വായ്പവാങ്ങുമ്പോൾ നിയമപരമായ പ്രതികാരനടപടികളെ ഭയപ്പെടാതിരുന്നേക്കാമെന്നത് സത്യംതന്നെ. എന്നിരുന്നാലും, “കടം മേടിക്കുന്നവർ കടും കൊടുക്കുന്നവനു ദാസൻ” ആകുന്നു, അയാളോടു സത്യസന്ധനായിരിക്കാൻ നിങ്ങൾക്ക് കടപ്പാടുണ്ട്.—സദൃശവാക്യങ്ങൾ 22:7.
ബിസിനസിൽ സുവർണ്ണനിയമം ബാധകമാക്കൽ
യേശു പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” (മത്തായി 7:12) നാം ഒരു സഹവിശ്വാസിയുമായി ബിസിനസിലേർപ്പെടുമ്പോൾ ഈ നിയമം പ്രാബല്യത്തിലിരിക്കുന്നത് എത്ര പ്രധാനമാണ്! ദൃഷ്ടാന്തത്തിന്, ഒരു സഹോദരൻ ഒരു വായ്പക്കുവേണ്ടിയുള്ള നിങ്ങളുടെ അപേക്ഷ നിരസിക്കുന്നുവെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? അയാൾ നിങ്ങളുടെ സൗഹൃദം തള്ളിപ്പറഞ്ഞുവെന്ന് നിങ്ങൾ വിചാരിക്കുമോ? അതോ അയാൾക്ക് ഉചിതമായി തന്റെ പണം ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടോ നിങ്ങൾ കണക്കാക്കുന്നതിനെക്കാൾ ഗൗരവതരമാണ് നഷ്ടസാദ്ധ്യതയെന്ന് കണക്കാക്കിയേക്കാമെന്നുള്ളതുകൊണ്ടോ നിങ്ങളുടെ വാഗ്ദാനത്തെ നിരസിക്കാനുള്ള അയാളുടെ അവകാശത്തെ നിങ്ങൾ മാനിക്കുമോ? പണം ഫലപ്രദമായി കൈകാര്യംചെയ്യാനുള്ള നിങ്ങളുടെ പ്രാപ്തിയെ അയാൾ സത്യസന്ധമായി ചോദ്യംചെയ്തേക്കാം. അങ്ങനെയുള്ള ഒരു കേസിൽ അയാളുടെ നിരസനം വളരെ ഉചിതമായി പ്രായോഗികവും സ്നേഹപൂർവകവുമായിരിക്കാം.—സദൃശവാക്യങ്ങൾ 27:6.
ഒരു സുഹൃത്ത് നിങ്ങൾക്ക് കുറെ പണം കടംതരാൻ സമ്മതിക്കുന്നുവെങ്കിൽ, വായ്പവാങ്ങിയിരിക്കുന്ന തുക എത്ര, പണം എങ്ങനെ ഉപയോഗിക്കും, വായ്പക്ക് ഏത് ആസ്തികൾ ഈട് നൽകിയിരിക്കുന്നു, അത് എങ്ങനെ, എപ്പോൾ തിരിച്ചടക്കും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾപ്പെടെ വിശദാംശങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം. ചില കേസുകളിൽ, ഒരു വക്കീലിനെക്കൊണ്ട് കരാർ എഴുതിക്കുന്നതോ പരിശോധിപ്പിക്കുന്നതോ ജ്ഞാനംപോലുമാണ്. എങ്ങനെയായാലും, ഒരു കരാറിൽ ഒപ്പിട്ടുകഴിഞ്ഞാൽ “നിങ്ങളുടെ വാക്കു ഉവ്വു ഉവ്വ് എന്നും ഇല്ല ഇല്ല എന്നും ആയിരിക്കട്ടെ.” (മത്തായി 5:37) ഒരു ബാങ്കിനോടുള്ള കടപ്പാടുപോലെ ഗൗരവമായി നിങ്ങളുടെ സ്നേഹിതനോടുള്ള കടപ്പാടിനെ കരുതുന്നതിൽ പരാജയപ്പെട്ടുകൊണ്ട് നിങ്ങളുടെ സുഹൃത്തിന്റെ സൻമനസ് കിട്ടുമെന്ന് സങ്കൽപ്പിക്കരുത്.
ജാഗ്രതയുള്ള ഉത്തമർണ്ണൻമാർ
ഒരു വായ്പക്കുവേണ്ടി നിങ്ങളെ സമീപിച്ചാലോ? അധികവും ഉൾപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ദൃഷ്ടാന്തത്തിന്, ഒരു ക്രിസ്തീയ സഹോദരൻ തന്റെ കുററംകൊണ്ടല്ലാതെ തന്നെ സാമ്പത്തികത്തകർച്ചയിൽ വന്നെത്തിയേക്കാം. നിങ്ങൾക്ക് പ്രാപ്തിയുണ്ടെങ്കിൽ ക്രിസ്തീയസ്നേഹം ‘അയാളുടെ ശരീരത്തിന്റെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ’ നിങ്ങളെ പ്രേരിപ്പിക്കും.—യാക്കോബ് 2:15, 16.
അങ്ങനെയുള്ള കേസിൽ പലിശ ചുമത്തുന്നതിനാൽ ഒരു സഹോദരന്റെ വിപത്തിനെ മുതലെടുക്കുന്നത് എത്ര സ്നേഹരഹിതമായിരിക്കും! യേശു ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിലും നൻമചെയ്യുന്നതിലും എന്തെങ്കിലും തിരികെ ആശിക്കാതെ പലിശകൂടാതെ പണം കടംകൊടുക്കുന്നതിലും തുടരുക.”—ലൂക്കോസ് 6:35; ലേവ്യർ 25:35-38 താരതമ്യംചെയ്യുക.
എന്നാൽ ഒരു ബിസിനസിന് പണം മുടക്കാൻവേണ്ടിയോ ഒരു വായ്പക്ക് ജാമ്യം നിൽക്കാനോ മാത്രം നിങ്ങളോട് അപേക്ഷിക്കുന്നുവെങ്കിലോ? സാധാരണയായി, അങ്ങനെയുള്ള കാര്യങ്ങളെ സാമ്പത്തിക മുതൽമുടക്കുകളെന്ന നിലയിൽ സമീപിക്കുന്നതാണ് ഏററവും നല്ലത്. ബൈബിൾ വ്യക്തമായി ജാഗ്രതക്കു പ്രോൽസാഹിപ്പിക്കുന്നു, ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ട്: “കൈയടിക്കുന്നവരുടെ ഇടയിൽ, വായ്പകൾക്ക് ജാമ്യം നിൽക്കുന്നവരുടെ ഇടയിൽ പ്രവേശിക്കരുത്.”—സദൃശവാക്യങ്ങൾ 22:26.
വാസ്തവമതാകയാൽ, നിങ്ങൾക്ക് മുതൽ മുടക്കാൻ യഥാർത്ഥത്തിൽ നിർവാഹമുണ്ടോയെന്ന് ആദ്യം തീരുമാനിക്കണം. ബിസിനസ് പരാജയപ്പെടുന്നുവെങ്കിൽ അല്ലെങ്കിൽ വായ്പവാങ്ങുന്നയാൾ കൃത്യസമയത്ത് വായ്പ തിരിച്ചടക്കാൻ അപ്രാപ്തനാണെങ്കിൽ അതു നിങ്ങൾക്ക് സാമ്പത്തികത്തകർച്ച വരുത്തുമോ? വായ്പകൊടുക്കാൻ നിങ്ങൾക്ക് കഴിവുണ്ടായിരിക്കുകയും ലാഭമുണ്ടാക്കുകയും ചെയ്യുമെങ്കിൽ നിങ്ങളുടെ വായ്പക്ക് ന്യായമായ പലിശ ചുമത്തിക്കൊണ്ട് ലാഭത്തിൽ പങ്കുപററാൻ നിങ്ങൾക്ക് അവകാശമുണ്ട്. (ലൂക്കോസ് 19:22, 23 താരതമ്യപ്പെടുത്തുക.) സദൃശവാക്യങ്ങൾ 14:15 മുന്നറിയിപ്പുനൽകുന്നു: “അനുഭവപരിചയമില്ലാത്ത ഏവനും ഏതു വാക്കിലും വിശ്വാസമർപ്പിക്കുന്നു, എന്നാൽ ബുദ്ധിമാൻ തന്റെ ചുവടുകളെ പരിഗണിക്കുന്നു.” സാധാരണഗതിയിൽ സമർത്ഥരായ ചില ബിസിനസുകാർ സഹക്രിസ്ത്യാനികളുമായി ബിസിനസിലേർപ്പെടുമ്പോൾ ജാഗ്രത വെടിഞ്ഞിട്ടുണ്ട്. ഉയർന്ന പലിശവീതങ്ങളുടെ ആകർഷണം ബുദ്ധിശൂന്യമായ മുതൽമുടക്കിലേക്ക് ചിലരെ ആകർഷിച്ചിട്ടുണ്ട്, അതിൽ അവർക്ക് പണവും സഹക്രിസ്ത്യാനികളുമായുള്ള സൗഹൃദവും നഷ്ടപ്പെട്ടിരിക്കുന്നു.
ബാങ്കുകാർ ഒരു വായ്പ എത്ര നഷ്ടസാദ്ധ്യതയുള്ളതായിരിക്കാമെന്ന് വിലയിരുത്തുന്നതിൽ കൂടെക്കൂടെ മൂന്ന് ഘടകങ്ങൾ പരിഗണിക്കുന്നുവെന്നത് കൗതുകകരമാണ്: (1) വായ്പ ആവശ്യപ്പെടുന്നയാളിന്റെ സ്വാഭാവം, (2) തിരിച്ചടക്കാനുള്ള അയാളുടെ കഴിവ്, (3) അയാളുടെ ബിസിനസ് ലൈനിൽ പ്രാബല്യത്തിലിരിക്കുന്ന അവസ്ഥകൾ. നിങ്ങൾ കഠിനാദ്ധ്വാനംചെയ്തുണ്ടാക്കിയ പണം ആർക്കെങ്കിലും കടംകൊടുക്കുന്നതിനെക്കുറിച്ച് പരിചിന്തിക്കുമ്പോൾ കാര്യങ്ങൾ സമാനമായി വിലയിരുത്തുന്നത് “പ്രായോഗികജ്ഞാനം” പ്രകടമാക്കുകയായിരിക്കുകയില്ലേ?—സദൃശവാക്യങ്ങൾ 3:21.
ദൃഷ്ടാന്തത്തിന്, പണം ആവശ്യപ്പെടുന്ന സഹോരന്റെ പ്രശസ്തി എന്താണ്? അയാൾ ആശ്രയയോഗ്യനും വിശ്വാസയോഗ്യനുമാണോ അതോ മുൻപിൻ നോക്കാത്തവനും അസ്ഥിരനുമാണോ? (1 തിമൊഥെയോസ് 3:7 താരതമ്യപ്പെടുത്തുക) അയാൾ തന്റെ ബിസിനസ് വിപുലപ്പെടുത്താനാഗ്രഹിക്കുന്നുവെങ്കിൽ, അയാൾ ഈ ഘട്ടം വരെ വിജയപ്രദമായി അതു നടത്തിയിട്ടുണ്ടോ? (ലൂക്കോസ് 16:10) ഇല്ലെങ്കിൽ, അയാളുടെ പണം കൈകാര്യംചെയ്യുന്നതിലുള്ള പ്രായോഗികസഹായം കൊടുക്കുന്നതായിരിക്കാം ദുർവിനിയോഗം ചെയ്തേക്കാവുന്ന പണം അയാൾക്ക് വായ്പ കൊടുക്കുന്നതിനെക്കാൾ ഒടുവിൽ കൂടുതൽ സഹായകരം.
മറെറാരു ഘടകം തിരിച്ചടക്കാനുള്ള സഹോദരന്റെ കഴിവായിരിക്കും. അയാളുടെ വരുമാനം എന്താണ്? അയാൾക്ക് എന്തു കടങ്ങളുണ്ട്? അയാൾ നിങ്ങളോട് തുറന്നുപറയുന്നത് ന്യായയുക്തം മാത്രമാണ്. എന്നിരുന്നാലും, അപ്പോഴും ക്രിസ്തീയ സ്നേഹം പ്രബലപ്പെട്ടിരിക്കണം. ദൃഷ്ടാന്തത്തിന്, സഹോദരന്റെ വിൽക്കാവുന്ന ആസ്തികൾകൊണ്ട് കടത്തിന് ഈട് വാങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഒരു വായ്പക്ക് ഈടായി ഒരു മമനുഷ്യന്റെ ഉപജീവനമാർഗ്ഗമോ അയാളുടെ അടിസ്ഥാനസ്വത്തുക്കളോ ബലമായി കൈവശപ്പെടുത്തുന്നതിനെ മോശൈകന്യായപ്രമാണം കുററം വിധിച്ചു. (ആവർത്തനം 24:6, 10-12) അതുകൊണ്ട് താൻ ഒരു സഹോദരന്റെ വിൽക്കാവുന്ന ആസ്തികളുടെ തുകയുടെ പകുതിവരെ മാത്രമേ കടംകൊടുക്കുകയുള്ളുവെന്ന് ഒരു തെക്കെ അമേരിക്കൻ സഹോദരൻ പറയുന്നു. “അയാളുടെ പണിയായുധങ്ങളോ അയാളുടെ വീടോ വിൽക്കാവുന്ന ആസ്തികളായി ഞാൻ കരുതുന്നില്ല. ഞാൻ തീർച്ചയായും എന്റെ സഹോദരനെ വഴിയാധാരമാക്കാനും എന്റെ പണം തിരികെകിട്ടാൻ അയാളുടെ വീട് ബലമായി കൈവശപ്പെടുത്താനും ഞാൻ ആഗ്രഹിക്കുകയില്ല” എന്ന് അയാൾ വിശദീകരിക്കുന്നു.
ഒടുവിൽ, നിങ്ങൾ വസിക്കുന്നടത്തെ പൊതു ബിസിനസ് അവസ്ഥകൾ പ്രായോഗികമായി പരിഗണിക്കണം. മനുഷ്യർ “പണസ്നേഹികളും . . . വിശ്വാസപാതകികളു”മായിരിക്കുന്ന “അന്ത്യനാളുകളി”ലാണ് നാം ജീവിക്കുന്നത്. (2 തിമൊഥെയോസ് 3:1-4, NW) നിങ്ങളുടെ സ്നേഹിതനും സഹോദരനും സത്യസന്ധനായിരിക്കാമെന്നിരിക്കെ, അയാളുടെ പങ്കുകാരും തൊഴിലാളികളും പതിവുകാരും അങ്ങനെയല്ലായിരിക്കാം. ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ അയാൾക്ക് കൈക്കൂലിയെയും കള്ളംപറയലിനെയും ആശ്രയിക്കാവുന്നതല്ല—അയാളുടെ മത്സരികൾ തങ്ങളുടെ ഗുണത്തിനുവേണ്ടി ഉപയോഗിച്ചേക്കാവുന്ന തന്ത്രങ്ങളാണവ. ‘സമയത്തിന്റെയും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളുടെയും’ കെടുതികളും പരിഗണിക്കപ്പെടേണ്ടതാണ്. (സഭാപ്രസംഗി 9:11) ചരക്കുകളുടെ വില പെട്ടെന്ന് താണേക്കാം. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന് ഒരു ബിസിനസിനെ തകർക്കാനോ നിങ്ങളുടെ വായ്പയുടെ മൂല്യത്തെ തുടച്ചുനീക്കാനോ കഴിയും. മോഷണവും അപകടങ്ങളും സർവനശീകരണപ്രവണതയും പരിക്കുകളും ബിസിനസിന്റെ അസന്തുഷ്ടമായ യാഥാർത്ഥ്യങ്ങളാണ്. നിങ്ങൾ തീരുമാനംചെയ്യുമ്പോൾ ഈ വശങ്ങളെല്ലാം പരിചിന്തിക്കണം.
പരാജയം
ചിലപ്പോൾ, എല്ലാ മുൻകരുതലുകളുമെടുത്താലും ഒരു ക്രിസ്ത്യാനിക്ക് കേവലം തന്റെ വായ്പ തിരിച്ചടക്കാൻ കഴിയാതെവരുന്നു. തന്റെ ഉത്തമർണ്ണനുമായി നിരന്തരം ആശയവിനിമയംചെയ്യാൻ സുവർണ്ണനിയമം അയാളെ പ്രേരിപ്പിക്കണം. ഒരുപക്ഷേ കുറേ കാലത്തേക്ക് ചെറിയ തുകകളേ അടക്കാൻ സാദ്ധ്യമാകൂ. എന്നിരുന്നാലും, തന്റെ കടപ്പാടുകൾ നിറവേററുന്നതിന് യഥാർത്ഥ ത്യാഗങ്ങൾ സഹിക്കുന്നതിൽനിന്ന് നാമമാത്ര പണമടവുകൾ ഒരു ക്രിസ്ത്യാനിക്ക് ഒഴിവുകൊടുക്കുന്നുണ്ടെന്ന് അയാൾ വിചാരിക്കരുത്. (സങ്കീർത്തനം 15:4) ഒരു ക്രിസ്ത്യാനിയായ ഉത്തമർണ്ണനും സ്നേഹം പ്രകടമാക്കാനുള്ള കടപ്പാടുണ്ട്. തന്നോട് വഞ്ചനാപരമായി ഇടപെട്ടുവെന്ന് അയാൾ വിചാരിക്കുന്നുവെങ്കിൽ, അയാൾക്ക് മത്തായി 18:15-17ലെ തത്വം ബാധകമാക്കാവുന്നതാണ്.
തുടക്കത്തിൽ പറഞ്ഞ കേസിലെ പെഡ്രോ ചെയ്തതുപോലെ, ലൗകിക അധികാരികളെ ഉൾപ്പെടുത്തുന്നത് അപൂർവമായേ ബുദ്ധിപൂർവകമായിരിക്കുകയുള്ളു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറയുന്നു: “നിങ്ങളിൽ ഒരുത്തന്നു മറെറാരുത്തനോട് ഒരു കാര്യമുണ്ടെങ്കിൽ വിശുദ്ധൻമാരുടെ മുമ്പാകെയല്ല, അഭക്തരുടെ മുമ്പിൽ വ്യവഹാരത്തിനു പോകുവാൻ തുനിയുന്നുവോ? . . . ഇങ്ങനെ സഹോദരൻമാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽത്തന്നെ. നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതുതന്നേ പോരായ്മയാകുന്നു; അതിനു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏററുകൊള്ളാത്തതു എന്തു?”—1 കൊരിന്ത്യർ 6:1-7.
ഒരു ലൗകികകോടതിയിലോ ഒരു ഗവൺമെൻറ് ഏജൻസിയാലോ തീർപ്പ് ആവശ്യമാക്കിത്തീർക്കുന്നതായി തോന്നുന്ന, അവിശ്വാസികളായ പങ്കാളികളും ലൗകിക സപ്ലയർമാരും അല്ലെങ്കിൽ ഇൻഷുറൻസ് കാര്യങ്ങളും ഉൾപ്പെടുന്ന ചില സാഹചര്യങ്ങളുണ്ട്. എന്നാൽ മിക്ക കേസുകളിലും തിരിച്ചടക്കാൻ കഴിയാത്ത ഒരു വായ്പയുടെ പേരിൽ ഒരു സഹോദരനെ ശിക്ഷിക്കുന്നതു കൈവരുത്തുന്ന ലജ്ജക്ക് സഭയെ വിധേയമാക്കുന്നതിനെക്കാൾ മെച്ചം കുറെ സാമ്പത്തികനഷ്ടം ഒരു ക്രിസ്ത്യാനി സഹിക്കുന്നതാണ്.
മിക്ക കേസുകളിലും അങ്ങനെയുള്ള ദാരുണമായ പരിണതഫലങ്ങൾ ഒഴിവാക്കാൻ കഴിയും. എങ്ങനെ? ഒരു സഹോദരന് വായ്പ കൊടുക്കുകയോ അയാളിൽനിന്ന് വായ്പ വാങ്ങുകയോ ചെയ്യുന്നതിനുമുമ്പ് സാദ്ധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക. ജാഗ്രതയും ജ്ഞാനവും പ്രകടമാക്കുക. എല്ലാററിലുമധികമായി, ബിസിനസ് കാര്യങ്ങൾ ഉൾപ്പെടെ “നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ.”—1 കൊരിന്ത്യർ 16:14. (w91 10/15)
[അടിക്കുറിപ്പുകൾ]
a പേരുകൾ മാററിയിരിക്കുകയാണ്.
b ചില രാജ്യങ്ങളിൽ പാപ്പരത്വവും വായ്പ തിരിച്ചടയ്ക്കുന്നതിലുള്ള വീഴ്ചവരുത്തലും ഇപ്പോഴും സാധാരണയായി തടവിലാക്കലിൽ കലാശിക്കുന്നു.
c ചിലർ ചെറിയ തുകകൾ അനേകം ഉത്തമർണ്ണൻമാരിൽനിന്ന് വാങ്ങുന്നു. ആകമാനമുള്ള സാഹചര്യത്തിന്റെ മുഴു വസ്തുതകളും കിട്ടാത്തതിനാൽ ഓരോ ഉത്തമർണ്ണനും വായ്പവാങ്ങിയ ആൾക്ക് തിരിച്ചടക്കാൻ അനായാസം സാധിക്കുമെന്ന് വിചാരിച്ചേക്കാം.