വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼ ആരെങ്കിലും മരിക്കുമ്പോൾ, ക്രിസ്ത്യാനികൾ ആ കുടുംബത്തിന് പൂക്കൾ കൊടുക്കുകയോ ശവസംസ്കാരശാലയിലേക്ക് പൂക്കൾ അയക്കുകയോ ചെയ്യുന്നത് ഉചിതമാണോ?
ചില രാജ്യങ്ങളിൽ അങ്ങനെ ചെയ്യുന്ന പതിവുണ്ട്. എന്നാൽ ശവസംസ്കാരവേളകളിൽ പുഷ്പങ്ങൾ ഉപയോഗിക്കുന്നതിന് ചിലപ്പോൾ മതപരമായ ഒരു അർത്ഥം ഉണ്ടായിരുന്നിട്ടുണ്ട്. വിശേഷിച്ച് വ്യാജമതത്തോട് സമാനമായ ബന്ധങ്ങളുള്ളതായി തോന്നിയേക്കാവുന്ന മററാചാരങ്ങളുള്ളതുകൊണ്ട് ഈ സംഗതി കുറെ വിശദമായി നമുക്ക് പരിശോധിക്കാം. മതവിജ്ഞാനകോശത്തിലെ (1987) ചില പ്രസ്താവനകൾ കുറിക്കൊള്ളുക:
“ദൈവങ്ങളോടും ദേവികളോടുമുള്ള പൂക്കളുടെ ബന്ധങ്ങളാൽ അവ വിശുദ്ധ മണ്ഡലത്തോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. വസന്തകാലത്തിന്റെയും പുഷ്പങ്ങളുടെയും റോമൻദേവിയായ ഫ്ളോറാ പുഷ്പങ്ങൾക്ക് ഭംഗിയും സൗരഭ്യവും കൈവരുത്തുന്നു . . . ഭോജ്യങ്ങളാലും പുഷ്പങ്ങളാലും . . . ദേവതകളെ പ്രസാദിപ്പിക്കുകയോ ആരാധിക്കുകയോ ചെയ്യാവുന്നതാണ്.
“മരണത്തിന്റെ കർമ്മാനുഷ്ഠാനങ്ങളോടുള്ള പുഷ്പങ്ങളുടെ ബന്ധിപ്പിക്കൽ ലോകമാസകലം നടക്കുന്നു. ഗ്രീക്കുകാരും റോമാക്കാരും മരിച്ചവരെയും അവരുടെ ശവക്കുഴികളെയും പുഷ്പങ്ങൾ കൊണ്ടു മൂടിയിരുന്നു. ജപ്പാനിൽ മരിക്കുന്ന ബുദ്ധമതക്കാരുടെ ദേഹികൾ ഒരു താമരയിൽ മേല്പോട്ട് വഹിച്ചുകൊണ്ടുപോകപ്പെടുന്നു, ശവക്കോട്ടകളിലെ ശവകുടീര ശിലകൾ കൊത്തിയെടുത്ത താമരപ്പൂക്കളിൻമേൽ സ്ഥിതിചെയ്തേക്കാം . . . താഹിതിക്കാർ മരണശേഷം മൃതദേഹത്തിനടുത്ത് പന്നച്ചെടിയിൽ പൊതിഞ്ഞ പുഷ്പചക്രങ്ങൾ വെക്കുകയും അനന്തരം വിശുദ്ധ മരണാനന്തര ജീവിതത്തിലേക്കുള്ള അതിന്റെ പ്രവേശനം എളുപ്പമാക്കാൻ ശവത്തിൻമേൽ പുഷ്പ സുഗന്ധദ്രവ്യം ഒഴിക്കുകയും ചെയ്യുന്നു . . . പവിത്ര സമയങ്ങളിൽ ധൂപത്തിന്റെയോ സുഗന്ധദ്രവ്യത്തിന്റെയോ രൂപത്തിൽ പുഷ്പങ്ങളും ഉണ്ടായിരിക്കാം.”
വ്യാജമതത്തോടുള്ള ബന്ധത്തിൽ പുഷ്പങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുള്ളതായി അറിയുന്നതിനാൽ ചില ക്രിസ്ത്യാനികൾ തങ്ങൾ ഒരു ശവസംസ്കാരത്തിന് പൂക്കൾ കൊടുക്കുകയോ അയയ്ക്കുകയോ ചെയ്യരുതെന്ന് വിചാരിച്ചിട്ടുണ്ട്. അവരുടെ വിചാരം ലൗകികാചാരങ്ങൾ ഒഴിവാക്കാനുള്ള ഒരു ആഗ്രഹത്തെയും പ്രതിഫലിപ്പിച്ചേക്കാം. കാരണം ക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണം. (യോഹന്നാൻ 15:19, NW) എന്നിരുന്നാലും, പ്രസക്തമായ ബൈബിൾവാക്യങ്ങൾക്കും പ്രാദേശിക വികാരങ്ങൾക്കും ഈ സംഗതിയോട് ഒരു ബന്ധമുണ്ട്.
പുഷ്പങ്ങൾ ജീവിച്ചിരിക്കുന്നവർക്ക് ആസ്വദിക്കുന്നതിനുള്ള ദൈവത്തിന്റെ നല്ല ദാനങ്ങളുടെ ഭാഗമാണ്. (പ്രവൃത്തികൾ 14:15-17; യാക്കോബ് 1:17) അവന്റെ സൃഷ്ട പുഷ്പഭംഗി സത്യാരാധനയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സമാഗമനകൂടാരത്തിലെ വിളക്കുതണ്ട് “ബദാംപൂക്കളും . . . പുഷ്പങ്ങളും” കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. (പുറപ്പാട് 25:31-34) ആലയത്തിലെ കൊത്തുപണികളിൽ മാലകളും പനമരങ്ങളും ഉൾപ്പെട്ടിരുന്നു. (1 രാജാക്കൻമാർ 6:18, 29, 32) വ്യക്തമായി, പുഷ്പങ്ങളുടെയും മാലകളുടെയും പുറജാതീയമായ ഉപയോഗം സത്യാരാധകർ അവയുടെ ഉപയോഗം എല്ലായ്പ്പോഴും ഒഴിവാക്കണമെന്ന് അർത്ഥമാക്കിയില്ല.
എന്നിരുന്നാലും, ശവസംസ്കാരാചാരങ്ങൾപോലെയുള്ള ആചാരങ്ങൾ പിന്തുടരുന്നതിന്റെ വിപുലതയേറിയ പ്രശ്നം സംബന്ധിച്ചെന്ത്? ബൈബിൾ അനേകം ആചാരങ്ങളെ പരാമർശിക്കുന്നുണ്ട്, ചിലത് സത്യാരാധകർക്ക് അനുചിതവും മററു ചിലത് ദൈവജനം അനുസരിക്കുന്നതുമാണ്. ഒന്നു രാജാക്കൻമാർ 18:28 ബാലാരാധകർ “അത്യുച്ചശബ്ദത്തിൽ വിളിക്കുകയും തങ്ങളേത്തന്നെ മുറിവേൽപ്പിക്കുകയും” ചെയ്യുന്ന ആചാരം ഉദ്ധരിക്കുന്നു—അത് സത്യാരാധകർ അനുസരിക്കുകയില്ലാത്ത ഒരു ആചാരമാണ്. മറിച്ച്, “വീണ്ടെടുപ്പിന്റെ അവകാശം സംബന്ധിച്ച് ഇസ്രായേലിലുണ്ടായിരുന്ന മുൻകാലങ്ങളിലെ ആചാര”ത്തിന്റെ അംഗീകാരമില്ലായ്മയെ രൂത്ത് 4:7 സൂചിപ്പിക്കുന്നില്ല
തികച്ചും മതപരമായ കാര്യങ്ങളിൽപോലും ദൈവത്തിന് സ്വീകാര്യമായ ആചാരങ്ങൾ വളർന്നുവന്നേക്കാം. ദൈവം പെസഹാചടങ്ങ് വിവരിച്ചപ്പോൾ അവൻ വീഞ്ഞിന്റെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞില്ല, എന്നാൽ ഒന്നാം നൂററാണ്ടായപ്പോഴേക്ക് വീഞ്ഞിൻ കപ്പുകളുപയോഗിക്കുന്നത് ആചാരമായിരുന്നു. ഈ മതാചാരത്തെ യേശുവും അപ്പോസ്തലൻമാരും തള്ളിക്കളഞ്ഞില്ല. അത് പ്രതിഷേധാർഹമല്ലെന്ന് അവർ കണ്ടെത്തുകയും അതനുസരിക്കുകയുംചെയ്തു.—പുറപ്പാട് 12:6-18; ലൂക്കോസ് 22:15-18; 1 കൊരിന്ത്യർ 11:25.
ചില ശവസംസ്കാരാചാരങ്ങൾ സംബന്ധിച്ചും അങ്ങനെതന്നെയാണ്. ഈജിപ്ററുകാർ ആചാരപ്രകാരം മരിച്ചവർക്ക് സുഗന്ധവർഗ്ഗമിട്ടിരുന്നു. വിശ്വസ്ത ഗോത്രപിതാവായിരുന്ന യോസേഫ് സ്വതവേ ‘ഇത് പുറജാതിയാചാരമാണ്, അതുകൊണ്ട് എബ്രായരായ നാം അത് ഒഴിവാക്കേണ്ടതാണ്’ എന്നു പറഞ്ഞ് പ്രതികരിച്ചില്ല. പകരം, “തന്റെ അപ്പന്ന് സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസൻമാരായ വൈദ്യൻമാരോടു കല്പിച്ചു,” പ്രസ്പഷ്ടമായി യാക്കോബിനെ വാഗ്ദത്തനാട്ടിൽ അടക്കംചെയ്യാൻ കഴിയേണ്ടതിനുതന്നെ. (ഉല്പത്തി 49:29–50:3) പിന്നീട് യഹൂദൻമാർ വ്യത്യസ്ത ശവസംസ്കാരാചാരങ്ങൾ വളർത്തിയെടുത്തു, മൃതദേഹം കുളിപ്പിക്കുകയും മരണദിവസംതന്നെ സംസ്ക്കരിക്കുകയും ചെയ്യുന്നതുപോലെ. ആദിമ ക്രിസ്ത്യാനികൾ അങ്ങനെയുള്ള യഹൂദാചാരങ്ങൾ സ്വീകരിച്ചു.—പ്രവൃത്തികൾ 9:37.
എന്നിരുന്നാലും, ഒരു ശവസംസ്ക്കാരാചാരത്തിന് അമർത്ത്യദേഹിയിലുള്ള വിശ്വാസംപോലെയുള്ള ഒരു മതപരമായ തെററിൽ അധിഷ്ഠിതമായ ഒരു അർത്ഥമുള്ളതായി വീക്ഷിക്കപ്പെടുന്നുവെങ്കിലോ? ചിലർ “മരണശേഷം മൃതദേഹത്തിനടുത്ത് പന്നച്ചെടിയിൽ പൊതിഞ്ഞ പുഷ്പചക്രങ്ങൾ വെക്കുകയും അനന്തരം വിശുദ്ധ മരണാനന്തരജീവിതത്തിലേക്കുള്ള അതിന്റെ പ്രവേശനം എളുപ്പമാക്കാൻ ശവത്തിൻമേൽ പുഷ്പ സുഗന്ധദ്രവ്യം ഒഴിക്കുകയും ചെയ്യുന്നു”വെന്ന് ഓർക്കുക. അങ്ങനെയുള്ള ഒരു ആചാരമുണ്ടെന്നുള്ള വസ്തുത ദൈവജനം സമാനമായ എന്തിനെയും വർജ്ജിക്കണ്ടതാണെന്ന് അർത്ഥമാക്കുന്നില്ല. യഹൂദൻമാർ “വിശുദ്ധ മരണാനന്തരജീവിതത്തിൽ” വിശ്വസിച്ചില്ലെന്നിരിക്കെ, അവർ “യേശുവിന്റെ ശരീരമെടുത്തു യഹൂദൻമാർ ശവമടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീല പൊതിഞ്ഞുകെട്ടി.”—യോഹന്നാൻ 12:2-8; 19:40.
ക്രിസ്ത്യാനികൾ ബൈബിൾപരമായ സത്യത്തിന് വിരുദ്ധമായ നടപടികൾ ഒഴിവാക്കണം. (2 കൊരിന്ത്യർ 6:14-18) എന്നിരുന്നാലും, എല്ലാത്തരം വസ്തുക്കൾക്കും ഡിസൈനുകൾക്കും നടപടികൾക്കും ഏതെങ്കിലും കാലത്തോ സ്ഥലത്തോ ഒരു വ്യാജ വ്യാഖ്യാനം കൊടുക്കപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ തിരുവെഴുത്തുവിരുദ്ധ ഉപദേശങ്ങളോട് ബന്ധിക്കപ്പെട്ടിട്ടുണ്ട്. വൃക്ഷങ്ങൾ ആരാധിക്കപ്പെട്ടിട്ടുണ്ട്, ഹൃദയത്തിന്റെ ആകൃതി പവിത്രമായി വീക്ഷിക്കപ്പെട്ടിട്ടുണ്ട്, പുറജാതീയചടങ്ങുകളിൽ സുഗന്ധധൂപം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികൾ ഒരിക്കലും സുഗന്ധധൂപം ഉപയോഗിക്കരുതെന്നോ യാതൊരു അലങ്കരണത്തിലും വൃക്ഷങ്ങൾ ഉപയോഗിക്കരുതെന്നോ ഹൃദയത്തിന്റെ ആകൃതിയുള്ള ആഭരണങ്ങൾ ഉപയോഗിക്കരുതെന്നോ ഇതിനർഥമുണ്ടോ?a ഇത് സാധുവായ ഒരു നിഗമനമല്ല.
ഒരു യഥാർത്ഥ ക്രിസ്ത്യാനി ഇതു പരിചിന്തിക്കണം: ഒരു ആചാരത്തിന്റെ അനുസരണം ഞാൻ തിരുവെഴുത്തുവിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും സ്വീകരിച്ചിരിക്കുന്നതായി മററുള്ളവർക്കു സൂചിപ്പിക്കുമോ? കാലഘട്ടത്തിനും സ്ഥലത്തിനും ഉത്തരത്തെ സ്വാധീനിക്കാൻ കഴിയും. ഒരു ആചാരത്തിന് (അല്ലെങ്കിൽ ഡിസൈനിന്) സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഒരു വ്യാജമത അർത്ഥം ഉണ്ടായിരുന്നിരിക്കാം അല്ലെങ്കിൽ ഒരു വിദൂരരാജ്യത്ത് അങ്ങനെയൊരർത്ഥം ഉണ്ടായിരിക്കാം. എന്നാൽ സമയം കളയുന്ന ഗവേഷണത്തിൽ ഏർപ്പെടാതെ നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ ജീവിക്കുന്നടത്തെ പൊതു വീക്ഷണം എന്താണ്?’—1 കൊരിന്ത്യർ 10:25-29 താരതമ്യംചെയ്യുക.
ഒരു ആചാരത്തിന് (അല്ലെങ്കിൽ കുരിശുപോലെയുള്ള ഒരു ഡിസൈനിന്) തെററായ ഒരു മതപരമായ അർത്ഥമുണ്ടെന്നുള്ളത് സുവിദിതമാണെങ്കിൽ, അത് ഒഴിവാക്കുക. അങ്ങനെ ക്രിസ്ത്യാനികൾ ഒരു കുരിശിന്റെയൊ ഒരു ചുവന്ന ഹൃദയത്തിന്റെയോ ആകൃതിയിൽ പുഷ്പങ്ങൾ അയക്കുകയില്ല, അതിന് മതപരമായ അർത്ഥമുണ്ടെന്ന് വീക്ഷിക്കപ്പെടുന്നുവെങ്കിൽ. അല്ലെങ്കിൽ ഒരു ശവസംസ്കാരവേളയിൽ അല്ലെങ്കിൽ ഒരു ശവക്കുഴിക്കൽ പുഷ്പങ്ങൾ ഉപയോഗിക്കുന്നതിന് മതപരമായ അർത്ഥത്തോടുകൂടിയ എന്തെങ്കിലും ഔപചാരിക രീതിയുണ്ടായിരിക്കാം. ക്രിസ്ത്യാനി അതും ഒഴിവാക്കണം. എന്നാൽ ഒരു ശവസംസ്കാരത്തിങ്കൽ കേവലം ഒരു ബൊക്കേ കൊടുക്കുകയോ ആശുപത്രിയിൽ കിടക്കുന്ന ഒരു സുഹൃത്തിന് പുഷ്പങ്ങൾ കൊടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കപ്പെടേണ്ട ഒരു മതപരമായ പ്രവൃത്തിയാണെന്ന് വീക്ഷിക്കപ്പെടണമെന്നല്ല പറയുന്നത്.b
മറിച്ച്, പൂക്കൾ കൊടുക്കുന്ന ആചാരം വിപുലവ്യാപകമാണ്, ഉചിതമായ ഒരു ദയയായി വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. പുഷ്പങ്ങൾക്ക് കുറെ ഭംഗിക്ക് സംഭാവനചെയ്യാൻ കഴിയും, ദുഃഖകരമായ ഒരു അവസരത്തെ കൂടുതൽ ഉല്ലാസകരമാക്കാനും കഴിയും. അവ സഹതാപത്തിന്റെയും താത്പര്യത്തിന്റെയും ഒരു ഔദാര്യപ്രവർത്തനമായിരിക്കാനും കഴിയും. മററു ചിലടങ്ങളിൽ രോഗികൾക്കോ ദുഃഖിതർക്കോ ഒരു ഭക്ഷണം കൊടുക്കുന്നതുപോലെയുള്ള ഒരു ഉദാരപ്രവൃത്തിയാൽ അങ്ങനെയുള്ള വികാരം പ്രകടമാക്കുന്നതായിരിക്കാം ആചാരം. (ഡോർക്കാസ് മററുള്ളവരിൽ അല്ലെങ്കിൽ മററുള്ളവർക്കുവേണ്ടി താത്പര്യം പ്രകടമാക്കിയതുകൊണ്ട് അവളോട് തോന്നിയ പ്രിയം ഓർമ്മിക്കുക. [പ്രവൃത്തികൾ 9:36-39]) അങ്ങനെ ചെയ്യുന്നത് വ്യാജവിശ്വാസങ്ങളോട് വ്യക്തമായി ബന്ധിക്കപ്പെടാത്തപ്പോൾ യഹോവയുടെ സാക്ഷികളിൽ ചിലർക്ക് ആശുപത്രിയിൽ കിടക്കുന്ന ഒരു സുഹൃത്തിന് അല്ലെങ്കിൽ ഒരു മരണാവസരത്തിൽ ഉല്ലാസപ്രദമായ പൂക്കൾ കൊടുക്കുന്ന പതിവുണ്ട്. അവർ കൂടുതലായി പ്രായോഗികമായ പ്രവൃത്തികളാൽ വ്യക്തിപരമായി തങ്ങളുടെ താത്പര്യവും വികാരങ്ങളും പ്രകടമാക്കിയേക്കാം.—യാക്കോബ് 1:27; 2:14-17. (w91 10/15)
[അടിക്കുറിപ്പുകൾ]
a പുറജാതികൾ പണ്ടുമുതൽ തങ്ങളുടെ ചടങ്ങുകളിൽ പുഷ്പധൂപം ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ ദൈവജനം സത്യാരാധനയിൽ സുഗന്ധധൂപം ഉപയോഗിക്കുന്നത് തെററായിരുന്നില്ല. (പുറപ്പാട് 3:1, 7, 8; 37:29; വെളിപ്പാട് 5:8) 1976 ഡിസംബർ 22ലെ എവേക്കിൽ “അവ വിഗ്രഹാരാധനാപരമായ അലങ്കാരങ്ങൾ ആണോ?” എന്നതും കാണുക.
b കുടുംബത്തിന്റെ ആഗ്രഹങ്ങളും പരിഗണിക്കപ്പെടണം, കാരണം ചിലർ പൂക്കൾ അയക്കാൻ ആഗ്രഹിക്കുന്ന ആരും അതിനുപകരം സഭക്ക് അല്ലെങ്കിൽ ഒരു പ്രത്യേക ധർമ്മസ്ഥാപനത്തിന് ഒരു സംഭാവന കൊടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.