ബൈബിളിന്റെ വീക്ഷണം
ജനപ്രീതിയാർജിച്ച ആചാരങ്ങൾ സംബന്ധിച്ച സന്തുലിത വീക്ഷണം
“എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് കുറ്റംവിധിക്കപ്പെടുകയും എന്നാൽ മറ്റെപ്പോഴെങ്കിലും മറ്റെവിടെയെങ്കിലും വെച്ച് ഒരു കർത്തവ്യമായി വീക്ഷിക്കപ്പെടുകയും ചെയ്തിട്ടില്ലാത്ത ഒരു പെരുമാറ്റച്ചട്ടവും ഉണ്ടായിരിക്കാൻ സാധ്യതയില്ല.”
മനുഷ്യന്റെ ചഞ്ചല പ്രകൃതം ഐറിഷ് ചരിത്രകാരനായ വില്ല്യം ലെക്കിയുടെ മേൽപ്പറഞ്ഞ വാക്കുകളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. യുഗങ്ങളിൽ ഉടനീളം പാലിക്കപ്പെട്ടിട്ടുള്ള ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കാര്യത്തിൽ ഇത് സത്യമായിരുന്നേക്കാം. വാസ്തവത്തിൽ, ഒരുകാലത്ത് ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതായി കരുതപ്പെട്ടിരുന്ന പല ആചാരങ്ങളും പിൽക്കാലങ്ങളിൽ കുറ്റംവിധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ അതിശയിക്കാനൊന്നുമില്ല. കാരണം, ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് എഴുതിയതുപോലെ തന്നെ, “ഈ ലോകത്തിന്റെ രൂപഭാവങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കു”കയാണ്.—1 കൊരിന്ത്യർ 7:31 പി.ഒ.സി. ബൈബിൾ.
അതേ, മനുഷ്യ സമൂഹം എപ്പോഴും പരിവർത്തനത്തിനു വിധേയമാണ്. മനോഭാവങ്ങളിലും സാമൂഹിക കീഴ്വഴക്കങ്ങളിലും ഉണ്ടാകുന്ന വലിയ വലിയ മാറ്റങ്ങളിൽ പലപ്പോഴും ഇതു പ്രതിഫലിച്ചു കാണുന്നു. ക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗം” ആയിരിക്കരുത്—അതായത്, ദൈവത്തിൽ നിന്ന് അന്യപ്പെട്ട മനുഷ്യ സമുദായത്തിൽ നിന്ന് അവർ തങ്ങളെത്തന്നെ വേർതിരിച്ചു നിറുത്തണം. അതേസമയം തന്നെ, ക്രിസ്ത്യാനികൾ ഈ “ലോകത്തിൽ” ആണ് ജീവിക്കുന്നത് എന്ന വസ്തുത ബൈബിൾ മറന്നു കളയുന്നില്ല. അവർ ലോകത്തിൽനിന്ന് ഒറ്റപ്പെട്ട് ഒരു ഏകാന്ത ജീവിതം നയിക്കണമെന്ന് അത് കൽപ്പിക്കുന്നില്ല. തന്നിമിത്തം, ആചാരങ്ങൾ സംബന്ധിച്ച് സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കുന്നത് മർമപ്രധാനമാണ്.—യോഹന്നാൻ 17:11, 14-16, NW; 2 കൊരിന്ത്യർ 6:14-17; എഫെസ്യർ 4:17-19; 2 പത്രൊസ് 2:20.
ആചാരങ്ങൾ എന്നാൽ എന്ത്?
സാമൂഹിക ജീവിതത്തിൽ ബാധകമാകുന്നതും ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ഇടയിലോ പ്രദേശത്തോ സർവസാധാരണവുമായ കീഴ്വഴക്കങ്ങളെയാണ് ആചാരങ്ങൾ എന്നു വിളിക്കുന്നത്. നാലുപേർ കൂടുന്നിടത്ത് ആളുകൾ പരസ്പരം ആദരവോടും മര്യാദയോടും കൂടി ഇടപെടത്തക്കവിധം അവരുടെ പെരുമാറ്റം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്നായിരിക്കാം ഭക്ഷണ മേശയിലെ നല്ല ശീലങ്ങളും പെരുമാറ്റമര്യാദകളും പോലുള്ള ചില ആചാരങ്ങൾ ഉടലെടുത്തത്. ഇത്തരം സാമൂഹിക മര്യാദകളെ മനുഷ്യ ബന്ധങ്ങളാകുന്ന ചക്രങ്ങൾ സുഗമമായി തിരിയാൻ ഇടയാക്കുന്ന എണ്ണയെന്നു വിശേഷിപ്പിക്കാവുന്നതാണ്.
മതം ആചാരങ്ങളുടെ മേൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പലതും ഉത്ഭവിച്ചതു തന്നെ പുരാതന അന്ധവിശ്വാസങ്ങളിൽ നിന്നും ബൈബിളധിഷ്ഠിതമല്ലാത്ത മതാശയങ്ങളിൽ നിന്നും ആണ്. ഉദാഹരണത്തിന്, മരിച്ച പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിച്ചു കഴിയുന്നവർക്ക് പുഷ്പങ്ങൾ സമ്മാനിക്കുക എന്ന ആചാരം മതപരമായ അന്ധവിശ്വാസത്തിൽ നിന്ന് ഉടലെടുത്തതായിരിക്കാം.a കൂടാതെ, നീല നിറത്തിനു—ചില സ്ഥലങ്ങളിൽ മിക്കപ്പോഴും ആൺകുഞ്ഞുങ്ങളുമായി ബന്ധപ്പെടുത്തുന്നു—ഭൂതങ്ങളെ വിരട്ടിയോടിക്കാൻ കഴിയുമെന്നു കരുതിയിരുന്നു. ഒരു സ്ത്രീയുടെ വായിലൂടെ അകത്തു കടന്ന് അവളെ ബാധിക്കുന്നതിൽ നിന്നു ഭൂതങ്ങളെ തടയുന്നതിനാണ് ലിപ്സ്റ്റിക്ക് പുരട്ടിയിരുന്നതെങ്കിൽ കണ്ണേറ് തട്ടാതിരിക്കാനാണ് കണ്ണെഴുതിയിരുന്നത്. കോട്ടുവായിടുമ്പോൾ വായ് പൊത്തുക എന്ന വളരെ നിർദോഷമായ ഒരു സംഗതി പോലും മലർക്കെ തുറന്ന വായിലൂടെ ഒരുവന്റെ ആത്മാവ് പുറത്തുപോയേക്കും എന്ന ധാരണയിൽ നിന്ന് ഉടലെടുത്തതായിരിക്കാം. എന്നാൽ കാലം കടന്നു പോയതോടെ അവയുടെ ഈ മതപരമായ പരിവേഷങ്ങൾക്കു മങ്ങലേറ്റിരിക്കുന്നു. അങ്ങനെ ഇന്ന് ഇത്തരം പ്രവൃത്തികൾക്കും ആചാരങ്ങൾക്കും മതപരമായി യാതൊരു പ്രാധാന്യവും ഇല്ലാതായിരിക്കുന്നു.
ക്രിസ്ത്യാനികൾ മുഖ്യമായും ശ്രദ്ധിക്കേണ്ടത്
ഒരു പ്രത്യേക ആചാരം പിൻപറ്റണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ട സാഹചര്യം വരുമ്പോൾ, ബൈബിളിൽ വ്യക്തമാക്കിയിരിക്കുന്ന ദൈവത്തിന്റെ വീക്ഷണത്തിനായിരിക്കണം ഒരു ക്രിസ്ത്യാനി മുഖ്യമായും ശ്രദ്ധ നൽകേണ്ടത്. മുൻകാലങ്ങളിൽ, ചില സമുദായങ്ങൾ വെച്ചുപൊറുപ്പിച്ചിരുന്ന പല അനുഷ്ഠാനങ്ങളും ദൈവം കുറ്റം വിധിച്ചിരുന്നു. ഇവയിൽ ശിശുബലി, രക്തത്തിന്റെ ദുരുപയോഗം, വിവിധ ലൈംഗിക നടപടികൾ എന്നിവ ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 17:13, 14; 18:1-30; ആവർത്തനപുസ്തകം 18:10) അതുപോലെതന്നെ ഇന്നു സർവസാധാരണമായിരിക്കുന്ന ചില ആചാരങ്ങൾ വ്യക്തമായും ബൈബിൾ തത്ത്വങ്ങളോടു ചേർച്ചയിൽ ഉള്ളവയല്ല. ക്രിസ്തുമസ്സും ഈസ്റ്ററും പോലെയുള്ള മതപരമായ വിശേഷദിവസങ്ങളുമായോ ആത്മവിദ്യയുമായി ബന്ധപ്പെട്ട അന്ധവിശ്വാസപരമായ നടപടികളുമായോ ബന്ധമുള്ള ബൈബിൾ വിരുദ്ധ പാരമ്പര്യങ്ങൾ ഇതിൽ പെടുന്നു.
എന്നാൽ, ഒരിക്കൽ ചോദ്യം ചെയ്യത്തക്ക നടപടികളുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഇന്ന് മുഖ്യമായും സാമൂഹിക മര്യാദയായി വീക്ഷിക്കപ്പെടുന്ന ആചാരങ്ങളെ സംബന്ധിച്ചെന്ത്? ഉദാഹരണത്തിന്, വിവാഹത്തോടു ബന്ധപ്പെട്ട ജനപ്രീതിയാർജിച്ച പല ആചാരങ്ങൾക്കും—മോതിരം മാറലും കേക്കു മുറിക്കലും ഉൾപ്പെടെ—സാധ്യതയനുസരിച്ച് പുറജാതീയ ഉത്ഭവമാണ് ഉള്ളത്. അതുകൊണ്ട് ക്രിസ്ത്യാനികൾ ഇവ ആചരിക്കരുത് എന്നാണോ? സമുദായത്തിലെ ഏതെങ്കിലും ആചാരത്തിന് എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് തിരുവെഴുത്തു വിരുദ്ധമായ എന്തെങ്കിലുമായി ബന്ധം ഉണ്ടായിരുന്നോ എന്ന് അറിയാനായി ക്രിസ്ത്യാനികൾ അവ ഓരോന്നും ചികഞ്ഞു പരിശോധിക്കേണ്ടതുണ്ടോ?
“കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു” എന്നു പൗലൊസ് പറയുന്നു. (2 കൊരിന്ത്യർ 3:17; യാക്കോബ് 1:25) നാം ഈ സ്വാതന്ത്ര്യം നമ്മുടെ സ്വാർഥ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഒരു ഒഴികഴിവായല്ല, മറിച്ച് തെറ്റും ശരിയും വിവേചിച്ചറിയാൻ തക്കവണ്ണം നമ്മുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. (ഗലാത്യർ 5:13; എബ്രായർ 5:14, NW; 1 പത്രൊസ് 2:16) അതുകൊണ്ട് ബൈബിൾ തത്ത്വങ്ങളുടെ വ്യക്തമായ ലംഘനം ഉൾപ്പെട്ടിട്ടില്ലാത്തപ്പോൾ യഹോവയുടെ സാക്ഷികൾ കർശനമായ നിയമങ്ങൾ വെക്കുന്നില്ല. പകരം, ഓരോ ക്രിസ്ത്യാനിയും സാഹചര്യങ്ങളെ തൂക്കിനോക്കി വ്യക്തിപരമായ ഒരു തീരുമാനം എടുക്കേണ്ടതാണ്.
മറ്റുള്ളവരുടെ ഗുണം അന്വേഷിക്കുക
അപ്പോൾ, ബൈബിൾ തത്ത്വങ്ങളുടെ നേരിട്ടുള്ള ലംഘനം ഉൾപ്പെടാത്ത ഒരു ആചാരത്തിൽ ക്രിസ്ത്യാനിക്ക് എല്ലായ്പോഴും പങ്കെടുക്കാൻ കഴിയുമെന്നാണോ ഇതിന്റെ അർഥം? അല്ല, അങ്ങനെയല്ല. (ഗലാത്യർ 5:13) ഒരു ക്രിസ്ത്യാനി സ്വന്തം ഗുണം മാത്രമല്ല ‘പലരുടെയും’ ഗുണം നോക്കണം എന്ന് പൗലൊസ് സൂചിപ്പിച്ചു. അയാൾ “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി” ചെയ്യുകയും ഇടർച്ചയ്ക്കു കാരണം ആകാതിരിക്കുകയും വേണം. (1 കൊരിന്ത്യർ 10:31-33) അതുകൊണ്ട് ദൈവാംഗീകാരം ആഗ്രഹിക്കുന്ന ഒരു വ്യക്തി തന്നോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതുണ്ട്: ‘മറ്റുള്ളവർ ഈ ആചാരത്തെ എങ്ങനെയാണു വീക്ഷിക്കുന്നത്? സമുദായം അതിന് ഉചിതമല്ലാത്ത എന്തെങ്കിലും അർഥം കൽപ്പിച്ചിട്ടുണ്ടോ? അതിൽ ഉൾപ്പെടുന്നത് ദൈവത്തിന് അപ്രീതികരമായ ആശയങ്ങളെ അല്ലെങ്കിൽ നടപടികളെ ഞാൻ അംഗീകരിക്കുന്നുവെന്ന ധാരണ ഉളവാക്കുമോ?’—1 കൊരിന്ത്യർ 9:19, 23; 10:23, 24.
നിർദോഷമെന്നു പൊതുവെ വീക്ഷിക്കപ്പെടുന്ന ചില ആചാരങ്ങൾ ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമായ രീതിയിലായിരിക്കാം ചില പ്രദേശങ്ങളിൽ ആചരിക്കപ്പെടുന്നത്. ഉദാഹരണത്തിന്, ചില പ്രത്യേക സന്ദർഭങ്ങളിൽ പൂക്കൾ നൽകുന്നതിന് ബൈബിൾ പഠിപ്പിക്കലുകൾക്കു ചേർച്ചയിലല്ലാത്ത എന്തെങ്കിലും പ്രത്യേക അർഥം ഉണ്ടായിരിക്കാം. അതുകൊണ്ട് ഒരു ക്രിസ്ത്യാനി മുഖ്യമായും എന്തിനാണു ശ്രദ്ധ നൽകേണ്ടത്? ഒരു പ്രത്യേക ആചാരത്തിന്റെ ഉത്ഭവം പരിശോധിക്കേണ്ടത് ഉണ്ടായിരിക്കാമെങ്കിലും, ചില സന്ദർഭങ്ങളിൽ നാം ജീവിക്കുന്ന സ്ഥലത്തെ ആളുകൾക്ക് അത് ഇപ്പോൾ എന്ത് അർഥമാക്കുന്നു എന്നു പരിശോധിക്കുന്നതാണു കൂടുതൽ പ്രധാനം. ഒരു ആചാരത്തിന്, വർഷത്തിന്റെ ഏതെങ്കിലും സമയത്ത് അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ, തിരുവെഴുത്തു വിരുദ്ധമോ മറ്റേതെങ്കിലും വിധത്തിൽ ഉചിതമല്ലാത്തതോ ആയ ഒരു ധ്വനി ഉണ്ടെങ്കിൽ ക്രിസ്ത്യാനികൾ വിവേകപൂർവം ആ സമയത്ത് അതിൽനിന്നു വിട്ടുനിൽക്കും.
സൂക്ഷ്മ പരിജ്ഞാനത്തോടും സകല വിവേകത്തോടും കൂടെ, ക്രിസ്ത്യാനികൾ തങ്ങളുടെ സ്നേഹത്തിൽ മേൽക്കുമേൽ വർധിച്ചുവരുന്നതിന് പൗലൊസ് പ്രാർഥിച്ചു. ജനപ്രീതിയാർജിച്ച ആചാരങ്ങൾ സംബന്ധിച്ച് സന്തുലിതമായ ഒരു വീക്ഷണം നിലനിർത്തുക വഴി ക്രിസ്ത്യാനികൾ “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തുകയും അങ്ങനെ കുറ്റമറ്റവരും മറ്റുള്ളവരെ ഇടറിക്കാത്തവരും” ആയിത്തീരുകയും ചെയ്യുന്നു. (ഫിലിപ്പിയർ 1:9, 10, NW) അതേസമയം, അവർ തങ്ങളുടെ “ന്യായയുക്തത സകല മനുഷ്യരും അറിയാൻ” ഇടയാക്കുകയും ചെയ്യും.—ഫിലിപ്പിയർ 4:5, NW.
[അടിക്കുറിപ്പ്]
a ചില നരവംശശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, ജീവിച്ചിരിക്കുന്നവരെ ശല്യപ്പെടുത്താതിരിക്കാൻ മരിച്ചവർക്ക് പൂച്ചെണ്ടുകൾ അർപ്പിച്ചിരുന്ന സമയങ്ങൾ ഉണ്ടായിരുന്നു.
[26-ാം പേജിലെ ചിത്രങ്ങൾ]
ചില പുരാതന ആചാരങ്ങൾക്ക്—കോട്ടുവായിടുമ്പോൾ വായ് പൊത്തുക, മരിച്ച പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിച്ചു കഴിയുന്നവർക്കു പുഷ്പങ്ങൾ സമ്മാനിക്കുക എന്നിങ്ങനെയുള്ളവയ്ക്ക്—ആദ്യമുണ്ടായിരുന്ന പരിവേഷം ഇപ്പോഴില്ല